Sunday, October 13, 2013

ഉന്മാദാകാശം

ചാരിയിട്ട
പുകമുറിയായി പതിഞ്ഞുകിടന്ന
 മനസ്സിലേയ്ക്ക്
മഴവില്ലിന്‍റെ കഥകള്‍
പറയാന്‍
കയറിവന്നതുകൊണ്ടല്ല,
തിരസ്കൃത യൗവ്വനത്തിന്‍റെ
മടുപ്പിക്കുന്ന
ഏകാന്തതയിലേയ്ക്ക് ക്ഷണമില്ലാതെ
കയറി വന്നത് കൊണ്ടാണ് ..

ഓരോ വര്‍ണ്ണവും
കോരിയൊഴിച്ച്
ഈ കറുപ്പിലാകെ സ്വപ്നങ്ങള്‍
നിറഞ്ഞപ്പോള്‍
അതില്‍ വിരലുകളാഴത്തി
സ്വന്തം പേരെഴുതിയുറപ്പിച്ചതുകൊണ്ടുമല്ല ,
മായാതിരുന്ന കറകളെ
ഏതോ ഇന്ദ്രജാലത്താൽ
നീ
മാരിവില്ലാക്കി മാറ്റിയത് കൊണ്ടാണ് ...

എന്‍റെ ചുണ്ടുകളുടെ
നനവുതേടി
നിന്‍റെ ഇളംകാറ്റെത്തിയതുകൊണ്ടല്ല ,
എന്‍റെ പൂമണം നിന്നിലൂടെ മാത്രം അറിഞ്ഞതുകൊണ്ടാണ് ..

ആരും കാണാത്ത നദി പോലെ
ഒഴുകിയും
ആരാരും നനയാത്ത മഴപോലെ
പെയ്യ്തും
കാലം തെറ്റിയും നിലവിട്ടും
അലഞ്ഞിരുന്ന വിചാരങ്ങളെ
നീയെന്ന അച്ചുതണ്ടോട് ചേര്‍ത്തുവച്ച്
പ്രകാശിപ്പിച്ചതുകൊണ്ട്...

ശൂന്യഹൃദയചഷകത്തിലേയ്ക്ക്
ലഹരി നുരയ്ക്കുന്ന
ഒരായിരം കടലുകള്‍
നിറച്ചതുകൊണ്ട്...

എന്റെ പ്രിയപ്പെട്ടവനെ ....
മരണം മരവിച്ചു കയറുംമുന്‍പേ
നീയെന്ന പകലിനെ
ഞാന്‍
എന്ന ഇരുട്ട്
മിന്നൽപിണറിനെ യെന്നപോലെ
ഭ്രാന്തമായി
സ്വീകരിക്കുകയാണ്


ഇനി
ഓര്‍മ്മകളുടെ
അറ്റത്തുനിന്നും പറഞ്ഞുതുടങ്ങാം

നീ പകൽ കൊണ്ട്
എന്റെ രാത്രികളെ
ഉന്മാദിയാക്കിയ കഥ  !!

2 comments:

  1. പ്രണയത്തിന്റെ കഥപറയുന്ന വളരെ മനോഹരമായ വരികൾ

    നല്ല കവിത

    ശുഭാശംസകൾ.....

    ReplyDelete