കഴിഞ്ഞ ജന്മത്തില്‍ എനിക്ക്
ഒരു ചിത്രകാരനോട്
പ്രണയമായിരുന്നു.
അയാള്‍ വരക്കുമ്പോഴെല്ലാം
ഞാനൊരു ശില്‍പ്പമായിരുന്നു.
കണ്ണിമ ഒന്ന് ചിമ്മാതിരുന്നത് ,
കാറ്റ് വന്നിക്കിളിയിടുമ്പോള്‍ പോലും
മുടിയിഴ ഒന്ന് പാറാതിരുന്നത്
അയാളോടുള്ള
പ്രേമത്തിനാലാണ്.
മണിക്കൂറുകളും ഞാനുo
ക്യാന്‍വാസ്സിനു മുന്നില്‍
നില്‍ക്കും.
അയാള്‍
മഞ്ഞയിലൂടെയും
കറുപ്പിലൂടെയും
പച്ചയിലൂടെയും ഒഴുകിനടക്കും.
പ്രേമത്തിന്‍റെ ഒറ്റവര്‍ണ്ണത്തില്‍
ഒറ്റ വേഗത്തില്‍
ഒരേ ദിശയില്‍
ദൃഷ്ടി പായിച്ച്
ഞാന്‍ നിര്‍ജ്ജീവമാകും
ഓരോ പടവും വരച്ചു തീരുമ്പോഴുള്ള
അയാളുടെ
കണ്ണിലെ നിലാവ് ഞാന്‍ പുതച്ചു.
ഓരോ പടവും വരച്ചുതീരുമ്പോഴുള്ള
അയാളുടെ നെഞ്ചിലെ
തിര ഞാന്‍ കാതോര്‍ത്തു.
ഓരോ പടവും വരച്ചു തീരുമ്പോഴുള്ള
അയാളുടെ ചുണ്ടിലെ
സൂര്യോദയം ഞാന്‍ കുടിച്ചു.
ഓരോ പടവും വരച്ചു തീരുമ്പോള്‍
അയാളുടെ കയ്യിലെ കടല്‍വിരിവില്‍
ഞാന്‍ എന്നെ മൂടിവച്ചു.
ഓരോ പടവും വരച്ചു തീരുമ്പോള്‍
അയാളുടെ വിരലറ്റങ്ങളിലെ പൂക്കളെ
ഞാനുമ്മ വച്ചു.
എന്നെ അയാള്‍ പല നിറങ്ങള്‍
ഉടുപ്പിക്കുന്നതും ,
ഓരോ ചിത്രത്തിലും
എന്‍റെ കണ്ണുകള്‍
നക്ഷത്രമാവുന്നതും കണ്ടു.
ശരീരത്തിന്‍റെ എല്ലാ മടക്കുകളിലും
പ്രേമത്തിന്‍റെ നെല്‍പ്പാടങ്ങള്‍
അയാള്‍ വരച്ചെടുത്തു.
എന്‍റെ ആകാശത്തിലെ ഓരോ
മേഘങ്ങളിലും അയാളുടെ
ചായങ്ങള്‍
കിളികളായി പറക്കുന്നുണ്ടായിരുന്നു.
എന്‍റെ വലത്തെ കവിളില്‍
ആമ്പലുകള്‍ വിടരുന്നതും
അതില്‍
സൂര്യനസ്തമിക്കുന്നതും
എങ്ങിനെയെന്ന്‍
അദ്ഭുതത്തോടെ ഞാന്‍ നോക്കി.
പൂന്തോട്ടത്തിലെത്തിയ കുട്ടിയെ പോലെ
വിരിഞ്ഞു നില്‍ക്കുന്ന
ഓരോ നിറത്തെയും
ഇറുത്തെടുത്തു ചൂടി.
അയാള്‍ വരയ്ക്കുമ്പോള്‍
നിശ്ചലയാവുന്ന എന്നെ
കൊടുങ്കാറ്റാക്കി ഭൂമിയുടെ
ഓരോ മുഴക്കങ്ങളിലേയ്ക്കും
പറത്തിവിട്ടു.
അയാളും ഞാനും തമ്മിലുള്ള
മഴവില്‍പ്പാലം
വെയിലിലും മഴയിലും ചിരിച്ചുനിന്നു.
കഴിഞ്ഞ ജന്മത്തില്‍ എനിക്ക്
ഒരു ചിത്രകാരനോട്
പ്രണയമായിരുന്നു.
അയാളെന്നെ ആകാശവും
ഭൂമിയും കടലും
കൊടുങ്കാറ്റുമാക്കി..