Monday, April 28, 2014

കടല്‍

കടലെന്ന് വിളിച്ചത് നീയായത് കൊണ്ട് മാത്രം,
തിരകളില്ലാതെ
ഈ കണ്ണുകളെ ഞാന്‍ കടലാക്കാം..

Thursday, April 24, 2014

പരസ്യപ്പെടുത്താത്ത പരിഭവങ്ങള്‍

ഇടയ്ക്കിടെ അടുക്കളയിലെ
ഏതെങ്കിലും പാത്രത്തിലോ
സ്ലാബിലോ
കൊഴിഞ്ഞു വീഴും
ഒരു പൊടി പരിഭവം
ഉപ്പുള്ള , ഒരു കുഞ്ഞു തുള്ളി

അതിന് എന്‍റെ മാത്രം ഭാഷയാണ്‌
നിനക്ക് അത് മനസ്സിലായിരുന്നെങ്കില്‍
എന്ന് ഞാന്‍ കൊതിക്കും..
പക്ഷെ എന്‍റെ മാത്രമായ ഭാഷ
നിനക്ക് മനസ്സിലാവാതിരിക്കുന്നതില്‍
തെറ്റു പറയാനാവില്ലല്ലോ..

എന്‍റെ നെറുകയില്‍ പതിഞ്ഞ
ആ മഴവിരലുകളില്‍ നിന്നും
നീ എപ്പോഴോ
നിന്‍റെ ലോകത്തിന്‍റെ ,
എന്റേതു കൂടിയായ
നിന്‍റെ ചുമതലകളിലേയ്ക്ക്
തോര്‍ന്നുപോയിരിക്കുന്നു

നിന്നെയോര്‍ത്താല്‍
ഉള്ളില്‍ നിറഞ്ഞിരുന്ന
ചിത്രശലഭങ്ങള്‍ ഏതോ
വസന്തത്തില്‍
തറഞ്ഞു പോയിരിക്കുന്നു..
തൊട്ടടുത്തു നില്‍ക്കുന്ന
ഏറ്റവും ദൂരമുള്ള
ദൂരമാണ് നീയെന്ന്‍
മനസ്സ് പറയുന്നു..

നമ്മുടെ
ഭാവി, കുട്ടികള്‍
അവരുടെ പഠിത്തം
ഓഫീസ്,
സ്കൂള്‍
സ്വന്തം വീട്,
സ്ഥലം ,
വീട്ടിലെ സാധനങ്ങള്‍
ജോലി,
ഇത്യാദി പ്രാരാബ്ദങ്ങളുടെ
ഇടയിലെവിടെയോ
കിടന്നു ഞെരിയുന്നുണ്ട്
ഒരു പെണ്ണും
ഒരു കൂട്ടം
കുഞ്ഞു പരാതികളും

കാലമിട്ട വലിയ പാലത്തിലൂടെ
ഇടയ്ക്കിടെ നമുക്ക് ഒന്ന്
തിരിച്ചു നടന്നുനോക്കേണ്ടേ ?
അവിടെ
എനിക്ക് മാത്രമായി
ഒന്നുമുണ്ടായിരുന്നില്ല
നിനക്ക് മാത്രമായി
ഒന്നുമുണ്ടായിരുന്നില്ല
നമ്മുടെ ഭാഷയ്ക്ക് അതിരുകളോ
അളവുകളോ ഉണ്ടായിരുന്നില്ല

തിരികെ നടന്നു ചെന്ന്
ഒന്ന് നുള്ളിയെടുത്തു
കൊണ്ട് വരാമോ,
കൊഴിഞ്ഞുപോയ
ശലഭച്ചിറകുകള്‍ ??
നിന്‍റെ
ഒരു നോട്ടത്തില്‍ ,
ഒരു വാക്കില്‍ ,
എന്നിലേയ്ക്ക് പറന്നു വന്നിരുന്ന
ഒരു നൂറു ശലഭങ്ങളെ
ഇനിയും നിനക്ക്
തിരികെ കൊണ്ടുവരാനാവുമോ ?

Wednesday, April 23, 2014

നീലിച്ച ആഗ്രഹം

നീലിച്ചു നീലിച്ചു
നിന്നിലുറങ്ങാന്‍ ഞാനൊരു
നീലാകാശത്തിന്‍
മഴമുത്താവട്ടെ

Tuesday, April 22, 2014

ചൂട് തണുപ്പിലേയ്ക്കും.. തണുപ്പ് ഇല്ലായ്മയിലേയ്ക്കും..:

മാമരം കോച്ചുന്ന
തണുപ്പില്‍
മരവിക്കുന്ന സമയം
ഭൂമി,
അതിന്‍റെ ഇളം ചൂട് കൊണ്ട്
ഉറങ്ങാതെ, അമ്മയെപ്പോലെ
നമ്മെ പുതപ്പിക്കും..

ആകാശത്തു നിന്നും
ഭൂമിയിലേയ്ക്ക്
ആരോ വിത്തുകള്‍
പാകി നിറുത്തിയിട്ടുണ്ടാവും
വിറങ്ങലിച്ചു പോയ
ഓര്‍മ്മയിലൂടെ
വേരാഴ്ന്ന്‍ചെന്ന്
ഒരു ജന്മത്തെ
തിരികെ കൂട്ടിക്കൊണ്ട് വരാന്‍..

പരിഭവിച്ചു പറന്നു പോയ
ഉയിരും കാത്ത്
ശരീരം തനിച്ചു കിടക്കുo
അപ്പോള്‍,
ഞരമ്പിലൂടെ ഒരു പൂവള്ളി
നക്ഷത്രങ്ങളിലേയ്ക്ക് വളരും..

നടന്നതും
വീണതും
പിടിച്ചെണീപ്പിച്ചു നടത്തിയതുമായ
ഓരോ വഴിയിലും
ഓരോ ഇല കൊഴിയും
ഓരോ ഇലയിലും
ഓരോ കണ്ണീരുണ്ടാവും..
ആരുടേതെന്ന്
ആര്‍ക്കും അറിയില്ല

പാടി
വീണ്ടും പാടി
വീണ്ടും വീണ്ടും
വീണ്ടും പാടിയിട്ടും
മറക്കാത്ത ,
വിട്ടു പോവാത്ത
ഗാനങ്ങളുടെ വരികള്‍
തവിട്ടു നിറത്തില്‍ നിശ്ശബ്ദമായി
ചില്ലയോട് ചേര്‍ന്നിരിക്കും..
എന്നിട്ട് അതിലേ പോകുന്ന
ഓരോ പക്ഷിയെയും
തിരികെ വിളിച്ച്
പാട്ട് മൂളി കൊടുക്കും

നെഞ്ചിന്‍റെ ഭാഗത്തായി
ഉറഞ്ഞു പോയൊരു
ചുവപ്പ് ശേഷിക്കുന്നതിനെ
കാലം
ഉമ്മ വച്ചു ചൂടാക്കി
ഒരു കൊടും വേനലില്‍
ചില്ലകളിലാകെ വിതറും..

അത് വഴി നടന്നു പോകുന്ന
എല്ലാ നിഴലിലേയ്ക്കും
അത് വഴി കടന്നു പോകുന്ന
എല്ലാ രാത്രിയിലേയ്ക്കും
അത് വഴി പറന്നു പോകുന്ന
എല്ലാ ദിവസത്തിലേയ്ക്കും
ഓര്‍മ്മകള്‍ കൊഴിയും.. 
പിന്നെ ഇല്ലാതാവും..

ഈ ഭൂമിയുടെ
പ്രതലത്തിലാകെനമ്മള്‍
കാറ്റാവും
തിരയാവും
മണ്ണാവും
പൂവാകും 
പുല്ലാവും
മഴയാവും
ഓരോ "ഞാനും"
അങ്ങിനെ ഇല്ലാതാവും...

Saturday, April 19, 2014

ഒരു സ്നേഹിതന് വേണ്ടി..

കുമളിയില്‍ ജനിച്ചു വളര്‍ന്ന്, പ്രാഥമിക പഠനം അവിടെ
തന്നെ പൂര്‍ത്തിയാക്കി , സി എം ഐ സന്യാസസമൂഹത്തില്‍നിന്നും ഒരു വര്‍ഷം മൂന്നു മാസം മുന്‍പ് ,പൌരോഹിത്യo സ്വീകരിച്ച Fr.ജെയ്സണ്‍ ചാക്കോ എന്ന വ്യക്തിയെ എനിക്കറിയാവുന്നത്, എല്ലാവരെയും ചിരിപ്പിക്കാന്‍ മാത്രം അറിയാവുന്ന, മിടുക്കനായ ഒരു വിദ്യാര്‍ഥി എന്ന നിലയ്ക്കാണ്.അതിലുപരി തമാശക്കാരനായ , നല്ലൊരു മനുഷ്യന്‍ എന്ന നിലയിലാണ്.കണ്ണീരോടെ അദ്ദേഹത്തിനു വിട പറയുന്ന ഒരു ഗ്രാമത്തിനു വേണ്ടിയും, ഇപ്പോഴും ഈ വാര്‍ത്ത വിശ്വസിക്കാനാവാത്ത ഒരു കുടുംബത്തിനും, ഒരു പറ്റം സ്നേഹിതര്‍ക്കും വേണ്ടിയാണ് ഞാനീ വരികള്‍ കുറിക്കുന്നത്.

ഒരു നിമിഷം മുന്‍പ്
ഒരു നാഴിക മുന്‍പ്,
ഒരായിരം പ്രകാശമണ്ഡലങ്ങള്‍
വിടര്‍ത്തിനിന്നത്
മരണത്തിന്‍റെ ഒരു വിളിക്കപ്പുറo
അണയാന്‍ കാത്തുനിന്നൊരു
തിരിയായിരുന്നോ ??

ബാക്കി വച്ചുപോയ
നൂറു നൂറു ചിരികളാല്‍
നീ ഞങ്ങളുടെ ഓര്‍മ്മയില്‍
ഇതാ തണുത്തുറഞ്ഞുകിടക്കുന്നു..
ഒരു ജന്മം കൊണ്ട് തുന്നിയെടുത്ത
വിശുദ്ധിയുടെ നിന്‍റെ പട്ടുകുപ്പായത്തില്‍
ഞങ്ങളുടെ കണ്ണീര്‍പ്പൂക്കള്‍
വാടാതെ തൂവുന്നു..

കാണുമ്പോഴെല്ലാം തന്നുപോയ
സ്നേഹവും വാക്കുകളും
തിരികെ വന്ന് നോവിക്കുകയാണ് ..
ആകാശത്തിനും നക്ഷത്രങ്ങള്‍ക്കും മീതെ,
പ്രിയപ്പെട്ട കൂട്ടുകാരാ ,
നിലാവായി നീ തെളിയുമ്പോള്‍
നീ നടന്നു പോയ
ഓരോ നടകളും നിന്നെയോര്‍ക്കും..

ചില നക്ഷത്രങ്ങള്‍ അങ്ങിനെയാണ്..
ഇരുളിലും പകലിലും
പ്രകാശിച്ചു നില്‍ക്കും..
ഈ ഭൂമി മുഴുവന്‍ നിലാവ് പരത്തും..
പെട്ടെന്ന് , ആരോടും പറയാതെ,
ആരാരും അറിയാതെ,
ഒരു വലിയ ചോദ്യത്തിലൂടെ
എങ്ങോട്ടേയ്ക്കോ പറന്നു പോകും..
ലോകമാകെ,
ഒരു ഇരുളില്‍ നിശ്ചലമാകും ..

ചിലപ്പോഴെങ്കിലും ചില സത്യങ്ങള്‍
മിഥ്യയായിരുന്നെങ്കിലെന്ന്‍
വീണ്ടും ആശിച്ചുപോവുകയാണ്...
ദു:സ്വപ്നത്തില്‍ നിന്നുണരുമ്പോള്‍
ഒരു വിളിക്കപ്പുറo
നീ എവിടെയെങ്കിലുമുണ്ടായിരുന്നെങ്കിലെന്ന്‍
വീണ്ടും പ്രാര്‍ഥിക്കുകയാണ്.. !!

Friday, April 11, 2014

കാഴ്ച്ച

നമ്മളുറങ്ങുകയും
ഉണരുകയും ചെയ്യുന്നു
ഉറങ്ങുമ്പോള്‍
സകലതും ഇരുട്ടാവുകയും,
ലോകം മുഴുവന്‍
ശൂന്യമാവുകയും ചെയ്യുന്നു.

ഉറക്കത്തില്‍നിന്നും
കണ്ണുകള്‍ തുറക്കുന്ന നേരം
വീണ്ടും , പഴയത് പോലെ
ചിത്രശലഭങ്ങള്‍ നിറങ്ങളിലൂടെ
ചിറകു വിരിച്ചു പറക്കും..

ഒരുപക്ഷെ, ഇന്നലെ
ഉറങ്ങാന്‍ കിടന്നപ്പോഴുണ്ടായിരുന്ന,
പൂക്കള്‍, അതേ നിറങ്ങളില്‍ത്തന്നെ
വിരിഞ്ഞു നില്‍ക്കുകയോ
കൂടുതല്‍ പൂക്കള്‍ വിരിയുകയോ
അതുമല്ലെങ്കില്‍,
മുഴുവന്‍ പൂക്കളും
കൊഴിയുകയോ ചെയ്യ്തിട്ടുണ്ടാവും

നമ്മളത് കാണുകയോ
കാണാതെ പോവുകയോ ചെയ്യും
ഉണര്‍ന്നിരിക്കുമ്പോള്‍
ഈ പ്രപഞ്ചമാകെ നമുക്കുവേണ്ടി
നൃത്തം വച്ചു തുടങ്ങും

നമ്മുടെ കാഴ്ച്ചക്കുവേണ്ടി
നമ്മുടെ ശ്രദ്ധക്കുവേണ്ടി
ഈ ലോകം മുഴുവന്‍
ഒരു വേശ്യയെ പോലെ
അണിഞ്ഞൊരുങ്ങി
നമ്മെ പല രീതിയില്‍
നമ്മെ ആകര്‍ഷിക്കും

ഒന്നിനും വഴങ്ങാതെ
അല്ലെങ്കില്‍ എല്ലാറ്റിനും വഴങ്ങി,
നമ്മള്‍ വീണ്ടും വീണ്ടും
ഉറങ്ങുകയും ഉണരുകയും ചെയ്യും.
അത്ര തന്നെ.

പക്ഷെ രാവും പകലും
വെളിച്ചം തിരസ്കരിക്കുന്ന
ചിലരുടെ ,
ആകാശത്തിന്‍റെ
നിത്യമായ പിണക്കത്തെക്കുറിച്ചാണ്
ഇപ്പോള്‍ ഞാന്‍ പറയുന്നത്

അവര്‍ക്ക് വേണ്ടി
അണിഞ്ഞൊരുങ്ങാന്‍ ഒന്നുമില്ല.
അവരുടെ ആകാശം കറുത്തതാണ്‌
ഭൂമി കറുത്തതാണ്‌
പൂക്കള്‍ കറുത്തതാണ്‌
പകലുകള്‍ കറുത്തതാണ്‌

കല്ലും മണ്ണും വാതിലും
സൂര്യനും മഴയും പുഴയും പുല്ലും
നീയും ഞാനോമൊക്കെ
കറുത്തതാണ്‌

നമ്മുടെയീ ലോകം കറുത്ത് കറുത്ത്
അവരുടെ കണ്ണിലേയ്ക്കു
കുത്തിയൊഴുകും
നമ്മളവരെ
കണ്ണുപൊട്ടന്മാര്‍ എന്ന് വിളിക്കും

കറുപ്പിന്‍റെ ആഴത്തിലാഴത്തില്‍
ഈ കണ്ണുപൊട്ടന്മാര്‍
പണിതുകൂട്ടി വച്ചിരിക്കുന്ന
ലോകത്തിന് ഏഴുനിറങ്ങളല്ല.
കോടാനുകോടി നിറങ്ങളാണ്

എണ്ണമില്ലാത്ത വര്‍ണ്ണങ്ങളുടെ
എകാതിപധിയെയാണ്
കാഴ്ച്ചയുടെ ഏഴു നിറങ്ങള്‍
ഭിക്ഷ ലഭിച്ച പൊട്ടന്മാരായ നമ്മള്‍
കണ്ണുപൊട്ടനെന്നു വിളിക്കുന്നത്‌.

Thursday, April 10, 2014

മാഞ്ഞു മാഞ്ഞ്

ഏറ്റം നിശ്ശബ്ദമായും 
അതിലേറെ ക്രൂരമായും 
നിന്നില്‍ 
ഞാന്‍ ഇല്ലാതാവുന്നു..