Saturday, August 31, 2013

കടം

ഒരു ചിത്രകാരന് ഞാന്‍
ഇന്നീ കണ്ണുകള്‍ കടം
കൊടുത്തിരിക്കുകയാണ് ,
നീള്‍ക്കണ്ണുകളുടെ തീരത്ത്‌
കണ്ണീരിന്‍റെ ഉപ്പുകാറ്റ്കൊണ്ട് ,
ആഴത്തിന്‍റെ അലകളിലേയ്ക്ക്
കവിതകള്‍ എറിഞ്ഞ്‌
ഈ രാത്രി നീ വെളുപ്പിക്കുക ..
പുലരുമ്പോള്‍
ചക്രവാളങ്ങളില്‍ ഉദിച്ചുയരുന്ന
ഒരു പൊന്‍പഴത്തിനെ പറിച്ചെടുത്ത്
നീയെന്‍റെ നെറ്റിത്തടത്തില്‍ പതിക്കണം.. 

വാഹനാപകടം

വഴിയില്‍ വീണ്
ചോരയില്‍ പിടയുന്നുണ്ട്
അവസാനശ്വാസം വലിക്കുന്നുണ്ട്
നോവില്‍ പുളയുന്നുണ്ട് ചിലര്‍

നമുക്ക് തിടുക്കം
കാരണഭൂതനായ ബസ്
കത്തിക്കുക എന്നതാണല്ലോ
മറ്റെന്ത് നോക്കാന്‍ ??

കണ്ണും മൂക്കും
ജീവനുമുള്ള വാഹനം
സ്വയം കത്തി,
ചെയ്യ്ത തെറ്റിന് പാശ്ചാത്തപിക്കുന്നു ..

ബസ്‌ കത്തിയെരിയുമ്പോള്‍
വഴിയില്‍ ജീവനു വേണ്ടിപ്പിടഞ്ഞവര്‍
സമാധാനത്തോടെ എഴുന്നേല്‍ക്കുന്നു
"പ്രശ്നം അവിടെ കഴിഞ്ഞു !!"

വിശ്വാസികള്‍

ചിലയിടങ്ങളില്‍
വിഗ്രഹങ്ങള്‍ കരയും ,
കണ്ണീരും പനിനീരും
രക്തവും കണ്ണില്‍നിന്നൊഴുകും ..
ചിലയിടങ്ങളില്‍
ചില വിഗ്രഹങ്ങള്‍
നിന്ന നില്‍പ്പില്‍നിന്നും മാറും ,
മൂര്‍ത്തികള്‍ പാല്‍ കുടിക്കും ..
അദ്ഭുതങ്ങള്‍ തന്നെ ..
പിറ്റേന്ന് മുതല്‍
പുണ്യസ്ഥലങ്ങള്‍ തേടി
വിശ്വാസികള്‍ ഘോഷയാത്ര തുടങ്ങും ..
വിശ്വാസം തന്നെ എല്ലാം .. !!

പഠനം

ഒരു ചുംബനച്ചൂടിലേയ്ക്ക്
കരഞ്ഞുകൊണ്ട് പിറന്നു ..
ജീവിതം മുഴുവനെടുത്തു
മൌനത്തെക്കുറിച്ച് പഠിക്കാന്‍ ..
ഒടുവിലൊരു മൌനത്തിന്‍റെ
വേരുകള്‍ തേടി
മണ്ണിനെ ആലിംഗനം ചെയ്തു.. 

സിറിയയുടെ രോദനം

വീടിനരികിലൂടെ
ഒരു പുഴ..
അതില്‍ ഇന്നലെ കണ്ട
അയല്‍ക്കാരന്‍റെ രക്തം
നിസംഗമായൊഴുകുന്നു..
പണ്ടൊരിക്കല്‍
തുള്ളിക്കളിച്ചു നടന്നിരുന്ന
നഗരവീഥികളില്‍
കൊയ്യ്തിട്ട തലകളും
ചങ്ക് ചിതറിയ ശവങ്ങളും
കളിപ്പാട്ടങ്ങള്‍ പോലെ
അനക്കമറ്റ്..
ശവങ്ങള്‍ക്കിടയില്‍ സ്വന്തം
കുഞ്ഞിനെയൊരുനോക്ക് കൂടി
കണ്ണോടു ചേര്‍ക്കാന്‍
വാവിട്ടു കരയുന്ന
ഒരു നൂറമ്മമാര്‍,..
തോക്കിന്‍ മുനയിലെ
അവസാനത്തെ പിടച്ചിലും
തേടുന്നുണ്ടാവും
പ്രിയപ്പെട്ട കണ്ണുകള്‍.. !,!
പുതുമഴ കഴിഞ്ഞ മുറ്റത്തെ
ഈയല്‍കൂന പോലെ
ചോരചൊരിച്ചിലിന്നവസാനം
ഒരു കുന്നു മനുഷ്യര്‍.. ,
അല്ല ! ഇന്നലെ മനുഷ്യരായിരുന്നവര്‍.. !!,,,
അന്തരീക്ഷത്തില്‍
ചോര മണക്കുന്നു ..
ക്രൂരത നാറുന്നു..
സിറിയ ,
നിന്‍റെ മുഖം ഇനിയൊരിക്കല്‍
എന്‍റെ നാട് സ്വീകരിക്കരുത്..
അതിനു മുന്‍പേ
മണ്ണോടടിഞ്ഞിരിക്കണം നമ്മള്‍.. 

Friday, August 30, 2013

വീണുവറ്റാന്‍

സ്വീകരിച്ചിരുന്നെങ്കില്‍ നിന്നിലൊരു
കടലായേനെ ഞാന്‍..
തിരസ്കരിച്ചതിനാല്‍
ഒരു കണ്ണീര്‍മഴയാവുകയാണ് ..
നിന്‍റെ മണ്ണില്‍ വീണു വറ്റാന്‍... മാത്രം...

വ്യത്യസ്ഥത

കുറിഞ്ഞി പൂക്കുന്ന
ചുവന്ന സന്ധ്യയിലേയ്ക്ക്
ആരും കാണാതെ ചാഞ്ഞ്
പൊട്ടിക്കരയുന്ന
ആകാശച്ചരിവുപോലെയും
ചില ഹൃദയങ്ങള്‍ ..

Thursday, August 29, 2013

ചോരപ്പൂക്കള്‍

ഒരായിരം മനസ്സുകളില്‍ ഒരേ കാര്യങ്ങള്‍ വിരിയുകയും ഒരൊറ്റ വിരല്‍ മാത്രം അതെഴുതുകയും ചെയ്യുന്നു... ഏതു ഹൃദയമാണോ കൂടുതല്‍ നോവുന്നത് , ആ വിരലുകള്‍ ഹൃദയം തൊട്ടെഴുതുന്നു ചില ചോരപ്പൂക്കളെക്കുറിച്ച് ...

ഭക്തി

നഗരങ്ങള്‍ തോറും
കൂണുകള്‍ പോലെ
ദേവാലയങ്ങള്‍ .. !
സ്വര്‍ണ്ണത്തിലും
വെള്ളിയിലും കുളിച്ച്
ദൈവങ്ങള്‍ അരങ്ങില്‍
കൈകള്‍ വിരിച്ചു നില്‍ക്കുന്നു !
പാദത്തിങ്കല്‍ ഭക്തരെ
ഉറ്റു നോക്കിക്കൊണ്ട്
നേര്‍ച്ചപ്പെട്ടികള്‍
അത്യാഗ്രഹത്തോടെ വളരുന്നു...
ചില കീശകള്‍
കുടവയറുകള്‍ പോലെയും..  !!
അതിനു ചുറ്റിലും
കറുത്തതും വെളുത്തതുമായ
മനസ്സുകളുടെ
പ്രാര്‍ഥനാജപങ്ങള്‍ ..
തോട്ടപ്പുറം നാറിയൊരു
ഓടയുടെ വക്കത്ത്
പട്ടിണിപ്പാവങ്ങള്‍ വ്യഭിചരിക്കുന്നു !
ചോരക്കുഞ്ഞുങ്ങള്‍ അലമുറയിടുന്നു !
അവരുടെ ദൈവത്തെ
ദേവാലയത്തില്‍ തളച്ചിട്ടിരിക്കുകയാണത്രെ.. 

മൌനം


നമ്മെ പൊതിഞ്ഞു നില്‍ക്കുന്നത് എന്‍റെ മൌനമോ അതോ നിന്‍റെയോ ? ഇതിനെ ഞാന്‍ എന്ത് പേരാണ് വിളിക്കേണ്ടത് ? പ്രണയമെന്നോ നോവെന്നോ ? കനത്തു മൂടിക്കെട്ടിനില്‍ക്കുന്ന കരിമേഘക്കാട്ടില്‍ നിന്നും എന്നാണ് നീ എന്‍റെ മരുവിലേയ്ക്ക് കോരിച്ചൊരിയുന്നത് എന്ന ചോദ്യമാണ്  മനസ്സ് നിറയെ !

തേടി നടന്നപ്പോഴൊക്കെ എന്‍റെ തീരത്തുനിന്നും ദൂരേയ്ക്കു ദൂരേയ്ക്ക് പാറിപ്പറന്നു പോയെങ്കിലും നിന്‍റെ ആത്മാവെന്നും അദൃശ്യമായ് എനിക്ക് ചുറ്റും  , എന്‍റെ കണ്ണീരില്‍ വീണു തിളയ്ക്കുന്നുണ്ടെന്ന് മനസ്സിലാക്കുവാനായില്ലെങ്കില്‍ എന്‍റെ വാക്കുകളും ചുടുചാരവും തമ്മിലെന്തു വ്യത്യാസം ? ഒരു ചെറുതോണിയിലോ
ഒരു നേര്‍ത്ത ഗാനത്തിലോ മുറിഞ്ഞു പോകാവുന്ന ദൂരമാണ് നമുക്കിടയിലുള്ളത്.

ഒരേ കടലിന്‍റെ രണ്ടുതീരങ്ങളില്‍നിന്നും ഒരേ നിലാവിലേയ്ക്ക് കണ്ണുംനട്ട്, നാമിരുവരും ചിന്തിക്കുന്നത് ഒരേ വാക്കുകള്‍ തന്നെയല്ലേ .. ?? എന്‍റെ കണ്ണുകളില്‍ നിന്‍റെതു വന്നു പതിക്കുന്ന മൌനമാണ് ഇന്നും ഞാന്‍ കാത്തിരിക്കുന്നത്‌..... !!, .. !

തീവണ്ടി


ഒരേ പുഴയെ പലതായ് മുറിച്ച്
പാളത്തിന്‍റെ നെഞ്ചിലൂടെ
അലറിക്കൊണ്ടൊരു
തീവണ്ടി പോകുന്നു..
എത്ര മനസ്സുകളുടെ
ചിന്തകള്‍ വീണ്
ഒളങ്ങള്‍ ജനിക്കുന്നു അങ്ങ് താഴെ..
കരിങ്കല്‍പ്പാറകള്‍ തുരന്നും
മരങ്ങളെയും മനുഷ്യരെയും
ഓര്‍മ്മകകള്‍ക്ക്  പിന്നിലാക്കിയും ,
ഞാന്‍ മാത്രമുള്ളോരു
തീവണ്ടി പായുന്നു
കാലത്തിനു കുറുകെ..
വെറുതെ പുകതുപ്പിക്കൊണ്ട് ..

Tuesday, August 27, 2013

ഒരു പിന്‍വിളി

ഒരു വാക്കിന്‍റെ
ഏറിനാല്‍, ഉടഞ്ഞു വീഴുന്ന 
മൌനത്തിന്‍ ചീട്ടുകൊട്ടാരം ..
നിന്നിലേയ്ക്കുറ്റു നോക്കി
തകരാന്‍ കാത്തുനില്‍ക്കുന്ന
എന്‍റെ ചിന്തകളുടെ
ചീട്ടുകൊട്ടാരം .. !!

മാവ്

മാമ്പൂക്കള്‍ മുറ്റമാകെ
കൊഴിഞ്ഞും  നിരന്നും...
എത്ര മാമ്പഴങ്ങള്‍ കൊതിയോടെ
എനിക്കു ചെന്നെടുക്കാന്‍,
കാലം മടിയില്‍ സൂക്ഷിക്കുന്നു ..
എത്ര യുഗങ്ങളിലേയ്ക്ക്
ചിറകുവിരിച്ചു പറക്കാന്‍
ഒരഗ്നികുണ്ഡം കരുതിവച്ചിരിക്കുന്നു
മുറ്റത്തെ ആ മാവിന്നുള്ളില്‍ ... !

ഞെട്ടറ്റ ഇലയുടെ ഗദ്ഗതം

വെറുതെയെങ്കിലും
കാറ്റില്‍ മെല്ലെ
തല ചായ്ച്ചു നോക്കുന്നു ഞാന്‍
കിളിയൊഴിഞ്ഞ കൂട്ടിലേയ്ക്ക്‌
പഴയൊരു മഴപ്പക്ഷിയുടെ
കുറുകല്‍ കേള്‍ക്കാന്‍ ..
ഒരു തൂവല്‍ സ്പര്‍ശമറിയാന്‍... !,..!
ഇനിയൊഴുകുന്നു,
ഹേമന്തത്തിന്‍റെ
ഉറഞ്ഞ മറവിയിലേയ്ക്ക് ..
നിന്നില്‍ നിന്നും
ശൂന്യതയിലേയ്ക്ക്...

മേഘത്തോട്

നീയൊന്നു പെയ്യുവാന്‍ കാത്തിരിക്കുകയാണ് ഒരു വേഴാമ്പല്‍ക്കുരുന്നിന്‍റെ വേനല്‍ക്കനവ്‌ ... നോക്കി നോക്കി കൊതിപ്പിച്ചിട്ടും മുഖം കറുപ്പിച്ചു പരിഭവിച്ചിട്ടും ഒന്ന് നീ ആര്‍ത്തലച്ചു പെയ്യാന്‍ മടിക്കുന്നതെന്തേ ...

Monday, August 26, 2013

തുറക്കാതെ സൂക്ഷിക്കുന്ന മുറി

ആയിരമറകളുള്ള കൊട്ടാരത്തില്‍
ഒരു മുറി തുറക്കാതെ സൂക്ഷിക്കുന്നു
അവിടെയാണ് ഞാന്‍
എനിക്കുള്ളതെല്ലാം കാത്തുവച്ചിരിക്കുന്നത്
ഇടയ്ക്കിടെ മാത്രം
ആരും കാണാതെ
കടന്നു ചെന്ന്
ഓര്‍മ്മകളുടെ കനല്‍ക്കാറ്റു കൊള്ളും
നഷ്ടങ്ങളുടെ പൊടിക്കാറ്റിലിരിക്കും
കണ്ണീരിന്‍റെ കടല്‍ത്തീരത്ത്
വെറുതെ വിരലോടിക്കും ..
എവിടെയൊക്കെ ചെന്നാലും
എത്ര പൂക്കള്‍ വിരിഞ്ഞെങ്കിലും
ഞാനെന്നും ആ മുറിയുടെ ചിന്തയിലാണ്..
മറ്റാരും തുറക്കാത്ത
എന്‍റെ ഇന്നലെകളുടെ മാറാലകൂടിയ മുറി..എളിയ കടപ്പാട്


ബ്ലോഗ്‌ തുടങ്ങീട്ടു  ഇത്‌ അഞ്ചാം വര്‍ഷം . ആദ്യത്തെ രണ്ടു വര്‍ഷത്തോളം അനാഥമായി കിടന്ന എന്‍റെ മനസ്സാണ്  ബ്ലോഗ്‌., ഇന്നും ആരൊക്കെയോ വന്നും പോയും ഇരിക്കുന്നു..

ആരുടെ ബ്ലോഗ്‌ വായിച്ചിട്ടാണ് തുടങ്ങിയത് എന്ന് ചോദിച്ചാല്‍ , സത്യം പറയാല്ലോ... മനു നെല്ലായയുടേത് തന്നെ.. !!

ഞാന്‍ 2008ല്‍ ഓര്‍ക്കുട്ടില്‍, നന്ദിതയുടെ അനാഥമായി ക്കിടന്ന ഒരു ഗ്രൂപ്പിലാണ് കവിതയുടെ ആദ്യാക്ഷരങ്ങള്‍ കുറിച്ചത് !! അന്നും അവിടെ മനു നെല്ലായ ഉണ്ടായിരുന്നു !! പരസ്പരം മിണ്ടാതെ കമന്റാതെ വെറുതെ പൊട്ടത്തരം എഴുതി തകര്‍ത്തു. അവിടെയാണ് ഞാന്‍ ആദ്യമായി മനുസ്മൃതികള്‍ കണ്ടത്.

പിന്നെ എപ്പോഴോ ഓര്‍ക്കുട്ട് വിട്ടു.. വര്‍ഷങ്ങള്‍ക്കു ശേഷം ഇവിടെ വീണ്ടും കണ്ടുമുട്ടി... കവയിത്രി എന്ന ഔദ്യോഗിക നാമo നിശാഗന്ധിയിലൂടെ ലഭിച്ചപ്പോള്‍, എന്നെ അക്ഷരങ്ങളുടെ വെളിച്ചത്തിലേയ്ക്കു നടത്തിയ സഹോദരിയെ സ്മരിച്ചു.

രണ്ടാം പുസ്തകമായ വേനല്‍പ്പൂക്കളില്‍ മനു അവതാരിക എഴുതാന്‍ എന്തുകൊണ്ടും യോഗ്യനായിരുന്നു. കാരണം എന്‍റെ എഴുത്തു തുടങ്ങിയപ്പോഴും , ഇന്ന് തുടരുമ്പോഴും സാക്ഷിയായി അദ്ദേഹമുണ്ട്‌....,.. !!

ഇന്നും എന്‍റെ ബ്ലോഗില്‍ എത്ര എഴുതിക്കൂട്ടിയാലും ഒരു കവിത പോലും വിടാതെ വായിച്ച് എന്നെ പ്രോത്സാഹിപ്പിക്കുന്ന ഒരാളാണ് അജിത്തേട്ടന്‍ . അത് കൊണ്ട് തന്നെ, ആ ആശംസകള്‍ ഏതെങ്കിലും ദിവസം കാണാതായാല്‍ എനിക്ക് വിഷമമാണ്.

അജിത്തെട്ടന്റെ കൂടെ കൂടിയവരാണ്‌ ആരെന്നോ എന്തെന്നോ അറിയാത്ത സൌഗന്ധികം എന്ന പേരുള്ള വ്യക്തിയും, പിന്നെ സി വി തങ്കപ്പന്‍ ചേട്ടനും... ഇത് വരെ ഒരു നന്ദി പോലും പറഞ്ഞിട്ടില്ല എങ്കിലും പ്രിയപ്പെട്ടവരേ, നിങ്ങള്‍ നല്‍കുന്ന ആശംസകളാണ് പലപ്പോഴും വീണ്ടും എഴുതുവാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.

വല്ലപ്പോഴുമെങ്കിലും എന്‍റെ നിശാഗന്ധിയുടെ സൌരഭ്യം തേടി ഇവിടെ എത്തുന്ന ഓരോ വ്യക്തിക്കും എന്‍റെ ഒരായിരം നന്ദി.

എന്‍റെ വാക്കുകളിലൂടെ എന്നെ സ്നേഹിക്കുന്നവരെ ഞാന്‍ എന്ന വ്യക്തിയെ കണ്ടു സ്നേഹിക്കുന്നവരെക്കാള്‍ ഞാന്‍ പ്രിയപ്പെട്ടവരായി കരുതുന്നു..

നന്ദി... എന്നെ വായിക്കുന്ന.. എന്‍റെ വാക്കുകളെ സ്നേഹിക്കുന്ന എന്‍റെ പ്രിയപ്പെട്ടവര്‍ക്ക് .. ഒരിക്കല്‍ക്കൂടി ... !!

Sunday, August 25, 2013

മഞ്ഞപ്പക്ഷി

ഒരു പുലരിയില്‍
കുന്നുകയറി വന്ന
ഒരായിരം ചിറകുള്ള
മഞ്ഞപ്പക്ഷിയെ പ്രണയിച്ച്
നൂറു നൂറു സൂര്യകാന്തികള്‍ ... 

കണ്ടെത്താനാവാതെ

നിന്നെ തേടി ഞാന്‍
നക്ഷത്രങ്ങള്‍ക്കിടയിലെ
പ്രകാശത്തിലൂടെ ... !
നീയോ..
എന്‍റെ നെഞ്ചിലെ
ഇരുള്‍ച്ചിമിഴില്‍
കണ്ണ് പൊത്തിക്കളിക്കുന്നു .. !

പലപ്പോള്‍

ഒരേ ഭൂമിയുടെ
പല മുഖങ്ങള്‍ ..
ചിലത് ചോര ചിന്തുന്നു..
ചിലത് പൂക്കള്‍ വിടര്‍ത്തുന്നു ...
നീലിച്ചു മൂകമായ് കിടക്കുന്നു ..
പച്ച പുതച്ചും നില്‍ക്കുന്നു..
എന്‍റെ മനസ്സ് പോലെയാണ് പ്രപഞ്ചം ..
പല ഭാവങ്ങളില്‍
പല രൂപങ്ങളില്‍
പലപ്പോഴും... 

പോസ്റ്റ്‌ബോക്സുകള്‍


വഴിയോരങ്ങളില്‍ ചിലയിടത്ത്
ഇന്നും കാണാം തുരുമ്പിച്ചു തുടങ്ങിയ 
പോസ്റ്റ്‌ബോക്സുകള്‍ .. 
ഇതിനിടയിലെപ്പോഴോ
മെയിലുകളും
ഫോണ്‍കോളുകളും
അനാഥമാക്കിയ പ്രണയലേഖനങ്ങളും
സ്നേഹസന്ദേശങ്ങളും ..
ഓരോ  പോസ്റ്റ്‌ബോക്സുകളും
ഉദരത്തില്‍ ചുമന്നിട്ടുണ്ടാവും
ഒട്ടേറെ രാത്രികളുടെ
തീവ്രമായ കണ്ണീരും ,
വിറയാര്‍ന്ന വിരലുകളുടെ
ചേലില്ലാത്ത കൈപ്പടയും ,
അമ്മമനസുകളും
പുത്രദു:ഖങ്ങളും ..
ഡിലീറ്റ് ചെയ്യപ്പെടുന്ന മെയിലുകള്‍ ,
ഇഗ്നോര്‍ ചെയ്യപ്പെടുന്ന ചാറ്റുകള്‍,
എങ്കിലും...
ചിലരൊക്കെ ഇപ്പോഴും കാത്തുവച്ചിട്ടുണ്ടാവും
ചിതലരിക്കാത്ത
ഈറനിറങ്ങാത്ത
കത്തുകളിലെ
സുവര്‍ണ്ണാക്ഷരങ്ങള്‍.. ..
പൊട്ടിച്ചു നോക്കാതെ കിടപ്പുണ്ടാവും
എവിടെയൊക്കെയോ
നെഞ്ചുരുക്കി പൊതിഞ്ഞയച്ച
രക്തവര്‍ണ്ണമുള്ള അക്ഷരങ്ങള്‍ ..
രണ്ടു രൂപയുടെ സ്റ്റാമ്പ്
അഞ്ചു രൂപയുടെ ഇന്‍ലന്‍ഡ്‌,
അതില്‍ വിലമതിക്കാനാവാത്ത
എത്ര ലോകങ്ങള്‍..
എത്ര പറുദീസകള്‍.....,
ആരും വായിക്കാതെ
പൊടിതിന്നുകിടക്കുന്ന പുസ്തകങ്ങള്‍
ആരാരും കാണാതെ
ഉള്ളില്‍ സൂക്ഷിക്കുന്ന
സപ്തവര്‍ണ്ണങ്ങളുള്ള പ്രണയം ..
ചോദ്യങ്ങള്‍ക്കും
പരിഭവങ്ങള്‍ക്കും മറുപടിക്കായ്
ഇന്നും അനാഥമായി കാത്തു കിടക്കുന്നു
ചില പോസ്റ്റുബോക്സുകള്‍.... !,...!

തോരുമ്പോള്‍

തോരാതെ നീ പെയ്യ്തിട്ടും
തീരാത്ത ദാഹത്തോടെ
പ്രാണന്‍ കുതിരുന്നു ...
ഇനിയെനിക്ക് മഴയാവണം
നിന്നോട് ചേര്‍ന്ന് തോരണം ..
അവിടെയാണ് പ്രണയസാഫല്യം.. !!

അതിരുകള്‍ തകര്‍ത്ത്

നീ പോയ്‌ പോയാല്‍
എന്‍റെ പ്രണയം നിറയ്ക്കാന്‍
ഒരാകാശാമോ
ഒരു കടലോ
ഒരു ജന്മമോ തീരെ മതിയാവില്ല...
അതിരുകളും
അളവുകളും കടന്ന്
ഹൃദയം തകര്‍ത്ത്
നിന്നിലേയ്ക്കൊഴുകുന്ന
ഞാന്‍ ... 

മന്ദാരപ്പൂമരം

തൊടിയിലെ
എന്‍റെ മന്ദാരപ്പൂമരച്ചോട്ടില്‍
കൈക്കുമ്പിള്‍ നിറയെ
കുഞ്ഞിച്ചിരികള്‍ വാരിക്കൂട്ടി
ഇന്നും നില്‍ക്കുന്നു
കുറേ ബാല്യങ്ങള്‍.. !!....., ....!
അത് നോക്കി
നിറകണ്ണുകളോടെ
എന്‍റെ ഓര്‍മ്മകള്‍
ഇന്നലെകളിലൂടെ സഞ്ചരിക്കുന്നു .. 

പ്രതീക്ഷിക്കാതിരുന്ന ദൂരം

ഒരു വടിയുടെ ചൂട് പേടിച്ച്
പണ്ട് ഞാന്‍
പാദങ്ങള്‍ വെള്ളിത്തില്‍
പൂഴ്ത്തിവച്ച് പഠിച്ചെടുത്ത
അറ്റ്ലസിലെ പലവിധ നിറമുള്ള
ലോകങ്ങളിലൂടെ ഇന്ന് ഞാന്‍
പദമൂന്നി നടക്കുന്നു ...
അന്ന് വായിച്ച
നിറങ്ങള്‍ പലയിടത്തും മങ്ങിയിരിക്കുന്നു ..
ചിലയിടങ്ങളില്‍ ചോരചുവപ്പും .. !
വായിച്ചറിഞ്ഞതില്‍ നിന്നും
യാഥാര്‍ത്യത്തിലേയ്ക്ക്
ഇത്ര ദൂരമോ ??

മഞ്ചാടിച്ചുവപ്പുകള്‍

ഇന്നും
ആ പഴയ തകരപ്പെട്ടിയില്‍
കാത്തു വച്ചിട്ടുണ്ട്
നിന്‍റെ ഓര്‍മ്മകളെ...
ഒരറ തുറന്നാല്‍ മതി
ഓര്‍ത്തെടുക്കാന്‍
എത്രയെത്ര മഞ്ചാടിചുവപ്പുകളാണ് ... 

പ്രണയം പുല്‍കും വേളയില്‍

നനയാന്‍ ഞാന്‍ കാത്തുനില്‍ക്കുന്നു
നീ ചേര്‍ത്തുവച്ച മഴത്തുള്ളികളില്‍ ..
പൂക്കാന്‍ ഞാന്‍ നോറ്റിരിക്കുന്നു
നീ വന്നു തഴുകുന്ന വസന്തങ്ങളില്‍ ..
ചിതറാന്‍ ഞാന്‍ തപിച്ചിരിക്കുന്നു
നീ ഇന്നെഴുതുന്ന കാവ്യങ്ങളില്‍ ..
പ്രണയമേ പ്രണയമേ...
നിന്‍റെ കരലാളനയില്‍ ഇന്നെനിക്കു
മോക്ഷം ... അനന്തതയിലെയ്ക്ക് ..
അമര്‍ത്യതയിലേയ്ക്ക് ... 

സ്വരം

എന്‍റെ ഉള്‍ക്കിടിലങ്ങള്‍ക്കും
നിന്‍റെ വാക്കുകള്‍ക്കും
ഒരേ സ്വരമാണ്..
ഓര്‍മ്മകളുടെയും
നോവിന്‍റെയും..

ശേഖരണം

എത്രയോ മണല്‍ക്കൂടാരങ്ങളാണ്
മനസ്സില്‍ തകര്‍ന്നടിഞ്ഞുകിടക്കുന്നത്
ഓരോന്നിലും
എന്‍റെ സ്വപ്നങ്ങളും .. !
പ്രിയപ്പെട്ട കടലേ,
നിന്‍റെ അജ്ഞാതമായ നിലവറകളില്‍
എന്‍റെ പാതി ഹൃദയം തന്നെ
ശേഖരിക്കപ്പെട്ടിരിക്കുന്നുവല്ലോ.. !

ആഴം കാത്തിരിക്കുന്നത്

ഉയരത്തിലേക്ക് പറക്കുംതോറും
ചിറകുകള്‍ക്ക് കീഴിലെ
ആഴം കാത്തിരിക്കുന്നു ,
ഒരു അസ്ത്രത്തിന്‍ മൂര്‍ച്ചയെ ..
പിന്നെയൊരു വേര്‍പെട്ട ജീവനെ .. 

ബാല്യം

പ്രിയപ്പെട്ട അമ്മെ ,
ആ സാരിത്തുമ്പിന്‍റെ പിന്നില്‍
ഒളിഞ്ഞു നില്‍ക്കുന്ന
എന്‍റെ ബാല്യത്തെ
ഒരിക്കല്‍ കൂടി
തിരിച്ചു നല്‍കാനാവുമോ ??
ആര്‍ക്കുമാര്‍ക്കും കൊടുക്കാതെ
മടിക്കുത്തില്‍
കാത്തുസൂക്ഷിച്ച
പേരയ്ക്കാപഴങ്ങള്‍
ഒരു വട്ടം കൂടി നീട്ടുമോ
കുഞ്ഞിക്കൈകളിലേയ്ക്ക് ... ??
കാത്തു നില്‍ക്കാമോ
സ്കൂള്‍വിട്ടു ഞാന്‍ വന്നാല്‍
വാരിത്തരുവാന്‍
ജന്മപുണ്യമാം
ചോറുഉരുളകള്‍ നീട്ടിക്കൊണ്ട് ??
ഹാ .. അമ്മെ
എനിക്കറിയാം ആ മനസ്സിന്‍റെ
മുറ്റത്ത് തളരാതെ ഓടിനടക്കുന്ന
കുഞ്ഞുകുട്ടിയാണ് ഞാനിന്നുമെന്ന്.. !!

കൌമാരം

ആ പഴയപാടവരമ്പത്തൂടെ
കാറ്റുപോലെ ഒഴുകിനടന്നിരുന്ന
ഒരു പാവാടക്കാരിയെ
പിന്നീടൊരിക്കല്‍
ഞാന്‍ വീണ്ടും കണ്ടു
പത്രത്തിന്‍റെ ചരമക്കോളത്തിലെ
കൊടുംകാറ്റു പായുന്ന
റെയില്‍വേ ട്രാക്കില്‍ ..
ആരുടെ അടഞ്ഞ കണ്ണുകളിലേയ്ക്കാണ്
അന്നവള്‍ പ്രണയവുമായ്‌
ഓടിക്കയറാന്‍ ശ്രമിച്ചത് ??

വിടവാങ്ങല്‍


ഒരിക്കല്‍ കൂടി
ഇവിടെയിരിക്കാം നമുക്ക്
കൈകോര്‍ത്തുപിടിച്ച്
തോളോട് തോള്‍ചേര്‍ന്ന്
ഇനി നീ എനിക്കൊപ്പമെന്നാണ് ?
നിന്‍റെ ഹൃദയം
എന്‍റെ ഓര്‍മ്മകളില്‍
ഇനിയെന്നും മിടിക്കും ..
പ്രിയേ നിന്‍റെ
വാര്‍മുടിച്ചുരുളിന്‍ ഗന്ധമെന്‍റെ
പ്രാണനില്‍ എന്നും
നോവോടെ വാസനിക്കും ..
നിറമാര്‍ന്ന പ്രണയജാലകത്തില്‍നിന്നും
ഓര്‍മ്മകളുടെ പുറംതോടിലെയ്ക്ക്
നൂണുകയറും മുന്‍പേ
ഒരു മാത്ര
ഒരു വേളകൂടി
നിന്‍റെ കണ്ണുകളില്‍
എന്നെത്തന്നെ
പ്രതിഷ്ഠിക്കണമെന്ന് മനസ്സ് ...
ഈ നിമിഷങ്ങള്‍
അസ്ത്രങ്ങള്‍ പോലെ
കണ്ണിലും ചെതനയിലും
ഞാന്‍ തറച്ചുവയ്ക്കുകയാണ് ..
ആ വേദനയിലൂടെ
ദിവസങ്ങള്‍ നീങ്ങണം ..
ആരുമറിയാതെ
ആരാരും അറിയാതെ പോകുന്ന
എന്‍റെ സ്വകാര്യദുഖമാണ് നീ ..
ഉത്തരം തേടിയെയെത്താത്ത
അനശ്വരമായൊരു
ചോദ്യചിഹ്നമായി നീ
ഇന്ന് മുതല്‍ എന്നില്‍ ...
നിന്‍റെ നിഴല്‍
എന്‍റെ അരങ്ങില്‍ നിന്നും
പൂര്‍ണ്ണമായി മായുമ്പോള്‍
ഞാന്‍ മരിച്ചെന്നു കരുതുക ...
പിന്തിരിഞ്ഞു നോക്കാതിരിക്കുക ..
നിന്‍റെ ലോകം ഇനിയെത്ര വിശാലമാണ് ..
എങ്കിലും
എന്നെങ്കിലും നീ തിരികെ ,
എന്നിലേയ്ക്ക് നടക്കുകയാണെങ്കില്‍
ഒരു റാന്തല്‍ത്തിരി വെളിച്ചത്തില്‍
നിന്നെ മാത്രമോര്‍ത്ത്,
ഞാനുണ്ടാവും ഇതാ ഇവിടെ ...
അത് വരേയ്ക്കും
പ്രിയപ്പെട്ടവളെ
നിനക്ക് വിട..
ഈ സ്നേഹപ്പന്തല്‍
നിനക്കായ് എന്നുമുണ്ടാവും..

ഇടയിലൊരു സമുദ്രത്തോളം ദൂരം

പാദങ്ങളില്‍ മുള്ളുതറഞ്ഞതും
ചോര പൊടിയുന്നതുമറിയാതെ
ഒറ്റനക്ഷത്രത്തെ നോക്കി
എന്‍റെ രാവുകള്‍
ഇരുള് ചവുട്ടി നടക്കുകയാണ്
കടലെന്ന ഗോവണി കടന്നാല്‍
എന്‍റെ താരകത്തിനൊപ്പമെത്തും പോലും...
എന്നെ കാത്തുനില്‍ക്കുന്നത്
ഇരമ്പിപ്പായുന്ന കടല്‍ക്കാറ്റും
വാ പിളര്‍ന്നു വരുന്ന സ്രാവുകളും
പിന്നെ... കടലാഴങ്ങളും ..
നീന്താനറിയാത്തവള്‍ കടലുതാണ്ടുമ്പോഴും
എന്‍റെ നക്ഷത്രം ചിരിയോടെ നോക്കിനില്‍ക്കും
ഒരു കൈ നീട്ടി തൊടാതെ ..
ഒന്ന് ചുംബിക്കാതെ ...
ഒടുവില്‍ ഞാനുമൊരു നക്ഷത്രമാവും..
പിന്നീടാരും ആ പഴയ
ഒറ്റനക്ഷത്രത്തെ കാണില്ല.. !!

ഭ്രാന്ത്

ഇന്നലെയും
ഇന്നും നാളെയും
നീയും ഞാനും
നിങ്ങളുo
മനസ്സില്‍ നിന്നും
മായുന്ന നിമിഷം
ശൂന്യതയുടെ ,
ശബ്ധമില്ലായ്മയുടെ
ആ നിമിഷത്തെ നിങ്ങള്‍
ഭ്രാന്തെന്ന് വിളിക്കുന്നെങ്കില്‍,
എനിക്കിഷ്ടം
ഭ്രാന്തിയാകുവാനാണ് ... !!

Saturday, August 24, 2013

നിന്‍റെ നിധി

അരണ്ട നിയോണ്‍ വെളിച്ചത്തില്‍
നക്ഷത്രഹോട്ടലുകളില്‍
രാവുകള്‍
ആടിത്തിമിര്‍ക്കുകയും
തെറ്റുന്ന നടകളില്‍
പണസഞ്ചിയുടെ ഭാരത്തില്‍
മുഖം പൂഴ്ത്തി
തളര്‍ന്നുറങ്ങുകയും
കാലമാം സൌഹൃദം
കാലില്‍ വിഷം തീണ്ടിയപ്പോള്‍
വേച്ചു വേച്ച്
തെറ്റുകളിലേയ്ക്ക് നടക്കുകയും
ചെയ്യ്തപ്പോള്‍
അമ്മയെന്ന പുണ്യത്തില്‍ നിന്നും
അവരുടെ പുഞ്ചിരിയെന്ന
അമൃതില്‍നിന്നും
എത്ര ദൂരം നീ സഞ്ചരിച്ചു ?
നീയുറങ്ങാതെ കരഞ്ഞപ്പോഴൊക്കെയും
അവരുറങ്ങാതെ
നിനക്കൊപ്പം വിലപിച്ചിരുന്നു ..
വിയര്‍പ്പു വിറ്റ് നിന്നെയൂട്ടി ..
നിന്‍റെ ചിറകുകളില്‍ ഊര്‍ജ്ജം നിറച്ചു ..
നീ പറന്നുയര്‍ന്നു .. !!
പിന്നീടൊരിക്കലും അവരുറങ്ങിയില്ല
നിന്‍റെ ഒരു വാക്കിന്‍റെ ഭിക്ഷക്കായ്
കാത്തിരുന്ന അമ്മയുണ്ടായിരുന്നു നിനക്ക്..
ഒരു നോക്ക് കാണുവാനാവാതെ
ഒരു സ്പര്‍ശനത്തില്‍
സാന്ത്വനിപ്പിക്കാതെ
നിന്‍റെ പേര് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ്
ഒരമ്മയുടെ ചലനമറ്റു ആഴ്ചകള്‍ക്ക് മുന്‍പ്..
ഇന്നലെ ഞങ്ങള്‍ നിന്‍റെയൊരു
നിധികണ്ടെടുത്തു ..
പക്ഷെ നീയത് കാണാതെ പോയി..
എപ്പോഴോ അത് നിന്‍റെ മനസ്സിന്‍റെ
ദുര്‍ഗന്ധം മാത്രമായി മാറിയിരുന്നു .. 

കവിത നുരയുമ്പോള്‍

എന്‍റെ പാനപാത്രത്തിലെ
ശീതപാനീയത്തില്‍
കവിതയുടെ ലഹരി പതയുന്നു
ഉടലിന്‍റെ നിറത്തിനും
നിറയുന്ന മാംസത്തിനുമുള്ളില്‍
തപ്തമായ ഹൃദയവും
സ്നേഹിക്കുന്ന ആത്മാവുമുണ്ട്
അനാഥമാകുന്ന വാക്കുകള്‍
ഇഴഞ്ഞും നുഴഞ്ഞും നടക്കുന്ന
എന്‍റെ സിരകളില്‍
ഒരു വേള നിന്‍റെ വിരല്‍ത്തുമ്പുകള്‍ക്ക്
കടന്നുവരുവാന്‍ സാധിക്കുമോ ??
ദൂരേയ്ക്ക് നടക്കുന്ന നിന്‍റെ പാദങ്ങള്‍
എന്നിലേയ്ക്ക് , എന്‍റെ ഉള്ളിലേയ്ക്ക്
തിരികെ വരുമോ ??

പ്രതികാരം

കാതോര്‍ത്തിരിക്കൂ നീ ,
മേഘപ്പെയ്ത്തിനൊപ്പം
എന്‍റെ ഗര്‍ജ്ജനങ്ങള്‍
കര്‍ണ്ണങ്ങള്‍ ,തുരന്നു
കയറുന്നൊരു നാളിനായ്..

കണ്‍പാര്‍ത്തിരിക്കൂ
രാത്രിയില്‍ ചങ്ക് തകര്‍ന്നു
ചോരുന്ന ആകാശച്ചെരുവില്‍നിന്നും
നിന്നിലേക്ക്‌ നീളുന്ന
ഒരു വാള്‍മുനയ്ക്കായ് ..

കാത്തിരിക്കൂ
കടലില്‍ കനല്‍ വിരിച്ച്
സൂര്യമുഖത്തുനിന്നും
നിന്നിലേക്ക്‌ ഞാനൊരു
താണ്ഡവമാടി വരും ...

ഒരു പൂവിതളിന്‍റെ ജന്മത്തില്‍നിന്നും
പകയുടെ ചൂളയിലേയ്ക്കെന്നെ
എറിഞ്ഞുവീഴ്ത്തിയത് നീയാണ്
ഇനിയൊരൂഴം നിനക്കില്ല
കനലില്‍ വീണു ചിറകെരിയുമ്പോള്‍
നീയെന്നെ ഓര്‍ക്കുക... 

കടല്‍മണലിലെ ചിത്രങ്ങള്‍

 
തീരത്തുനിന്നും
വലിച്ചിഴച്ചുകൊണ്ട് പോകുന്ന
വിരല്‍ത്തുമ്പുകളുടെ
ചില ഏകാന്തചിത്രങ്ങള്‍ ..
കടലാഴത്തിലേയ്ക്ക് മുങ്ങിത്താഴുന്ന,
വിരസതയുടെ നെഞ്ചത്ത്
വിരിഞ്ഞുനിന്ന നക്ഷത്രത്തിളക്കം ..

സമാധാനം

മരക്കുരിശിന്‍റെ
ചോട്ടില്‍  ,
താഴികക്കുടത്തിന്‍റെ
നിഴലില്‍ ,
ഒരു ചന്ദ്രക്കലയുടെ
നിറവില്‍
പ്രാര്‍ത്ഥനകളുടെ
ഉള്ളുരുക്കo !
ഏതൊക്കെയോ
വിചിത്രവും അദൃശ്യവുമായ
തരംഗങ്ങള്‍
പേരറിയാത്ത പാതകളിലൂടെയെത്തി
മനസ്സില്‍ കയറിക്കൂടുന്നു...
പിന്നീടാരോക്കെയോ പറയുന്നു
"മനസ്സിന് നല്ല സമാധാനം"

Friday, August 23, 2013

പുനര്‍ജ്ജന്മം

ചിലര്‍ മരിച്ചതിനു ശേഷം
ആരുടെയൊക്കെയോ ഹൃദയത്തില്‍
പുനര്‍ജ്ജനിക്കുമത്രേ..
ആരാണ് എന്‍റെ ആഴത്തിലെ
അറയില്‍
നോവായ്‌ പിറവിയെടുത്തത്...
ആരാണ് എന്നില്‍ നിത്യവും
പാട്ടുകള്‍ ഉണര്‍ത്തുന്നത് ..
ആരാണെന്‍റെ തൂവലുകളില്‍
ചോര ചിന്തുന്നത്‌ ??
ആരുടെ കഥകളാണ്
സ്വപ്നങ്ങളെ പോലെ
മനസ്സില്‍ നിറയുന്നത് ??
ഒരിക്കല്‍ ഞാനും
പുനര്‍ജ്ജനിക്കുമായിരിക്കും..
അന്നോളം ഈ നോവില്‍ പാടും ...

ബാക്കി

പൂക്കള്‍ നിറയെ വിരിഞ്ഞു നിന്നിരുന്ന
താഴ്വാരത്തിലേയ്ക്കാണ്
മനസ്സില്‍ നിന്നും നീയൊരു കാറ്റ്പോലെ
പാഞ്ഞു പോയത് ..
പെരുകുന്ന ഉഷ്ണത്തിന്‍റെ
കൂറ്റന്‍  അഗ്നിപര്‍വ്വതങ്ങള്‍
നിന്നെ വിഴുങ്ങിയപ്പോള്‍
കണ്ണുപൊത്തി വിതുമ്പിയ
നിലാവുകളാണ് എന്നില്‍ ബാക്കി.. 

രാവിലും പകലിലും

ഒരു ചേമ്പിലത്തുമ്പില്‍
തുളുമ്പാനൊരുങ്ങി നില്‍ക്കുന്ന
പ്രപഞ്ചം ..
ഒരു പുഴയില്‍
പലതായ് നുറുങ്ങി വീഴുന്ന
നിലാവെളിച്ചം ...
ഇടയിലെവിടെയോ
വിരിഞ്ഞുനിന്നൊരു
നിശാപുഷ്പം ... 

തിരുമുറിവ്

ഉണങ്ങാത്ത ഒരു മുറിവ്
സദാ കവിതയൊഴുകുന്ന
എന്‍റെ പ്രണയത്തിരുമുറിവ് ..
എന്‍റെ ഏകാന്തത
എന്‍റെ ഭ്രാന്ത്
എന്‍റെ തീരാവേദന
പിന്തുടരുകയാണല്ലോ നീ
പിടിവിടാതെ ,
എന്‍റെ ഹൃദയത്തെ
ചവുട്ടിനില്‍ക്കുകയാണല്ലോ നീ
ഇനിയും മരിക്കാതെ
ഇനിയും മറക്കാതെ
ഞാന്‍ ഇതാ ഇവിടെ... 

പ്രാര്‍ഥിച്ചതും സാധിച്ചതും

നിന്‍റെ മനസ്സില്‍
എനിക്കുവേണ്ടി തീര്‍ത്ത കല്ലറയില്‍
ഓര്‍മ്മയുടെ ഇളം മഞ്ഞപ്പൂക്കള്‍
ഉതിര്‍ന്നു വീഴുന്നത്
ഞാനറിയുന്നു...
ഓരോ പൂവിലും
നിന്‍റെ കണ്ണില്‍നിന്നും
ഉരുകി വീണ
അഗ്നിയുടെ തുള്ളികള്‍ ,
അവയെന്‍റെ തണുപ്പിലേയ്ക്ക്
ഇരച്ചു കയറുന്നു..
ഹാ നിന്‍റെ ചൂടിലുറങ്ങാന്‍
എത്രയധികം കാത്തിരുന്നു ഞാന്‍ ...
ഇതാ ഇന്ന്..
സ്വപ്നസാക്ഷാത്കാരം...

Thursday, August 22, 2013

പൂക്കള്‍

കാത്തിരുന്നിട്ടും പൂക്കാതിരുന്ന
പ്രിയപ്പെട്ട ചെടിയില്‍
ഇന്നു  നിറയെ നക്ഷത്രപ്പൂക്കള്‍ !
സ്വപ്നപ്പൂക്കള്‍ ... !!

വരണ്ട പുഴയുടെ ഓര്‍മ്മയില്‍


വീടിന്‍റെ അരികിലെ
വറ്റിയ പുഴയുടെ
വരണ്ട മണലില്‍
ഓര്‍മ്മകളിലെ കളിവള്ളങ്ങള്‍
പുതഞ്ഞുകിടക്കുന്നു ...
ഒഴുക്കിലെവിടെയോ
മുങ്ങിത്താണ ഒരു ബാല്യവും ...
ഓരോ മഴയിലും മനസ്സ് നിറയെ
കടലാസ്സു തോണികളൊരുക്കി
വയ്ക്കുന്ന
തീരവുമാണ് മനസ്സ്നിറയെ ... 

മതവും മനുഷ്യനും

മതത്തിന്‍റെ കറുപ്പുതുണിയാല്‍
കണ്ണ് മൂടിക്കെട്ടയവര്‍
മനസ്സില്‍ പന്തം കൊളുത്തി
ലോകം കത്തിച്ചുചാമ്പലാക്കുന്നു ..
നന്മ വെന്തുമരിക്കുന്നു !!

അപരിചിതരായ പരിചിതര്‍

മനസ്സിനെ മെല്ലെ വന്നു തൊടുന്ന
ഇലയനക്കങ്ങളാണ്
ചില മുഖങ്ങള്‍... ...
ആദ്യകാഴ്ച്ചയിലേ,
പൂര്‍വ്വജന്മ പരിചയം തോന്നിക്കുന്ന
അപരിചിതരായ ചിലര്‍...

കുഴല്‍വിളി

മുളം തണ്ടുകളെ ചുംബിച്ച്
ദൂരേയ്ക്കു ദൂരേയ്ക്ക് മറയുന്ന കാറ്റ് ...
തിരികെ വരുന്നതും
വീണ്ടും തഴുകിയുണര്‍ത്തുന്നതും കാത്ത്
നിശ്ശബ്ദമായ ഹൃദയത്തിലെ
നോവിന്‍ ഗാനം ...

Wednesday, August 21, 2013

ക്ലാവ് പിടിക്കാതെ

മറക്കാന്‍ കൊതിക്കുന്നതാണ്
ഓര്‍മ്മകളില്‍
ഉയര്‍ന്നും തിളങ്ങിയും
എന്നും കുടികൊള്ളുന്നത്‌ .. 

വായിക്കാതെ പോവരുത് നീ

തുന്നിചേര്‍ത്തു വച്ചിട്ടുണ്ട്
നിനക്കായ്‌ ഞാനൊരു കവിത
നീ വായിക്കും മുന്‍പത്
രക്തം ചിന്താതിരുന്നെങ്കില്‍.. ... ,
ഒരു വാക്കെങ്കിലും
നീ വായിച്ചിരുന്നെങ്കില്‍... ...!!

പ്രകൃതിയുടെ പ്രണയം

ദൂരെ മലയിടുക്കുകള്‍ക്കപ്പുറം
ചുവന്നു തുടുത്തൊരു സന്ധ്യ
രാവിന്‍റെ വരവ്
നാണത്തോടെ കാത്തിരിക്കുന്നു ...
ഇരുളില്‍ ലയിച്ച്
തമ്മില്‍ പുണര്‍ന്ന്
ഒന്നായ് തീരാന്‍ ... 

ഒന്നില്‍ നിന്നും മറ്റൊന്നിലേയ്ക്ക്

കരളിലെ മഞ്ഞുരുകി
കണ്ണിലൂടൊരു നീര്‍ച്ചാല്‍
അനര്‍ഗ്ഗളം
മറ്റേതോ ഹൃദയത്തിലേയ്ക്ക് 

കടലിലേയ്ക്ക്

ഒരു പുഴയുടെ
പല വേരുകള്‍
ഒരായിരം വഴികളിലൂടെ
വറ്റിയും പിന്നെ
വീണ്ടും തുളുമ്പിയും തുള്ളിയും
ഒരേ ലക്ഷ്യത്തിലേയ്ക്ക്
നൂറു നൂറു പരിഭവങ്ങളോടെ... 

പ്രിയപ്പെട്ടത്


ഒരു ദേശാടനപ്പക്ഷിയുടെ
ചിറകേറി വരുന്നു
ഏതോ വസന്തത്തിലെ
പ്രിയപ്പെട്ട പൂമണം..
കടലുകള്‍ കടന്നുപറന്നപ്പോഴും
പ്രകൃതി കവരാതെ
എനിക്കായ് കാത്തുവച്ച
നാടിന്‍റെ ഇലഞ്ഞിപ്പൂമണം... 

Tuesday, August 20, 2013

പിടയുന്ന പ്രാണന്‍

ചില്ലുപാത്രം പോലെ
നീയെന്‍റെ മനസ്സിന്‍റെ തണുത്ത തറയില്‍
വീണുടഞ്ഞിരിക്കുന്നു ..
ഹൃദയഭിത്തി തുളച്ചിറങ്ങിയ
കുപ്പിചില്ലുകളില്‍
പ്രാണന്‍ പിടയുന്നു .. 

മനസ്സിലെ ഓണക്കാലം

ചുവന്ന പൂക്കള്‍
എത്രയെത്ര പാടങ്ങളിലാണ്
മനസ്സില്‍ പൂവിട്ടു നില്‍ക്കുന്നത് ..
താഴ്വാരങ്ങളാകെ ശലഭച്ചിറകുകള്‍
പാറിപ്പറക്കുന്നു ..
ഉള്ളിലാകെ ആരോയോ കാത്തൊരു
പൊന്നോണക്കാലം...
നിറയെ നിറങ്ങളുടെ പ്രണയകാലം ...

അറിഞ്ഞിരുന്നെങ്കില്‍..

ഓരോ നിമിഷവും
സര്‍വ്വശക്തിയുമെടുത്തു നീ പെയ്യുമ്പോള്‍
അടുത്ത നിമിഷം എന്നെ കാത്തിരിക്കുന്നത്
ഈ ജീവനെടുക്കാന്‍ പോരുന്ന
മലവെള്ളപ്പാച്ചിലാകുമെന്ന്
ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍.....

ഊന്നുവടി

മൃദുലമായി ചെത്തി മിനുക്കിയ ആരുകള്‍
പോളിഷ് ചെയ്യ്ത് ഒതുക്കി ഒരുക്കി
ഉമ്മറപ്പടിയില്‍ വച്ചിരുന്നു ഒരു ഊന്നുവടി..
മുത്തച്ഛന്‍റെ ബലിഷ്ടമായ
ശരീരത്തോട് ചേര്‍ന്ന് കുറെയേറെ നാള്‍
തൊടിയിലും മുറ്റത്തും
വേച്ചു വേച്ചു നടന്നു
വീടിനോട് ചേര്‍ന്ന്
മുത്തച്ഛന്‍ കത്തി,ചാരമായപ്പോള്‍
വാതിലോടു ചേര്‍ന്ന്
ചാരിത്തളര്‍ന്നിരുന്ന ഇരുപ്പാണ്..
കാലങ്ങളോളം ഉണരാതെ..
എന്നാണ് ആരാണ് എപ്പോഴാണ്
മുത്തച്ഛന്‍ ചാരമായ്ത്തീര്‍ന്ന
മാവിന്‍ ചോട്ടിലേയ്ക്ക്
ആ പഴയ സഹചാരിയെയും
വലിച്ചെറിഞ്ഞതെന്നറിയില്ല..
ഞാനോ നീയോ തളരുമ്പോള്‍
കൂടെ നടത്താമായിരുന്നു ...

നമ്മള്‍ മറന്നത്

ആണ്ടുകള്‍ക്ക് മുന്‍പ്
വാനിലുയര്‍ന്ന അഹിംസാമന്ത്രങ്ങള്‍
ഇതിനിടയിലെപ്പൊഴോ
മാഞ്ഞും മറന്നും പോയിരിക്കുന്നു
അസ്ത്രങ്ങള്‍ക്കും
വടിവാളിനും
പകയ്ക്കും നടുവില്‍
കീഴടങ്ങിയ നമുക്കിടയിലെവിടെ നിന്നോ
ആരും കേള്‍ക്കാതെ പോകുന്നൊരു നിലവിളി..
"ഹേ റാം"

Monday, August 19, 2013

സ്നേഹപൂര്‍വ്വം

മഴമുത്തുകള്‍കൊണ്ട്  മനസ്സ് നിറച്ച
ഒരു മനുഷ്യജന്മം ..
പൂവിന്‍റെ ഹൃത്തില്‍ നിന്നും
വര്‍ഷമേഘക്കുഞ്ഞുങ്ങളെ
ക്യാമറക്കണ്ണുകളിലേയ്ക്ക്
ഒപ്പിയെടുത്ത ഒരാള്‍ ..
ഓരോ മഴക്കാലത്തെയും
ശേഖരിച്ച് നനയാതെ
ഭാവിയിലേയ്ക്ക് ലാമിനേറ്റ്
ചെയ്യ്തു വച്ച കലാകാരന്‍ ..
മഴച്ചിത്രങ്ങള്‍ മനസ്സ് നിറയ്ക്കുമ്പോള്‍
മഴയോടൊപ്പം മറഞ്ഞ
വിക്ടറിന് സ്നേഹപൂര്‍വ്വം ...

നീയെന്ന എന്‍റെ ലോകം


എന്‍റെ രാവും നിലാവും
ചക്രവാളവും നീയായിരിക്കെ
പകലും പ്രകാശവും
സൂര്യനും നീയല്ലാതെ മറ്റാരാവും .. !!
എന്‍റെ പ്രണയം പൊള്ളുമ്പോള്‍
അതിനുള്ളില്‍ ഉരുകാതെ
നീന്താന്‍
നിനക്കല്ലാതെ മറ്റാര്‍ക്കാണാവുക ?
എന്നിലെ പ്രണയത്തിന്‍റെ
തണല്‍മരങ്ങള്‍ പൂക്കുമ്പോള്‍
അതിന്‍റെ ചോട്ടിലിരുന്ന്
എന്‍റെ കണ്ണുകളിലേയ്ക്ക്
ഏറെ നേരം നോക്കിക്കൊണ്ട്‌
കവിത കൊഴിക്കുന്ന കാറ്റാവാന്‍
നിനക്കല്ലാതെ മറ്റാര്‍ക്കാവും ??
തുള്ളി തോരാതെ
എന്‍റെ പ്രണയാകാശം
നിന്നിലേയ്ക്ക് ചോര്‍ന്നുവീഴുമ്പോള്‍
കുളിരാതെ തളരാതെ
ഈ മഴക്കാലത്തെ,
മടിയില്‍ ചേര്‍ത്തു വയ്ക്കുന്ന
കടലാവാന്‍
നിനക്കേ സാധിക്കൂ...
എന്‍റെ ലോകം നീയാണ്...
നിന്നെക്കൂടാതെ മറ്റെന്താണ്
എനിക്കുള്ളത് ??

രാത്രിയുടെ വരവ്

പല വഴികളായി പിരിയുന്ന
സന്ധ്യായാമങ്ങള്‍... ..
പല ചില്ലകളിലായ് ഒളിക്കുന്ന
പകല്‍ച്ചിറകുകള്‍ !!
റാന്തല്‍വിളക്കിന്‍
തുമ്പില്‍ തൂങ്ങിയാടുന്ന
സന്ധ്യാശോഭ ..
മാളങ്ങളില്‍ നിന്നും
പുറത്തേയ്ക്കെത്തി നോക്കുന്ന
രാവിന്‍ ഇരുള്‍ക്കുഞ്ഞുങ്ങള്‍ ..
പൂമൊട്ടുകള്‍ക്കുള്ളില്‍നിന്നും
രാത്രി പുറത്തേയ്ക്കിഴയുന്നു... 

കാതോര്‍ത്ത്

നീലപ്പുതപ്പിനുള്ളിലെ
നിശബ്ധമായ അലമുറകള്‍ക്ക്
കാതോര്‍ത്ത്,
തീരത്ത് ഒരു എകാതാന്ത... !

വാക്കിലെ നോവ്‌

നൂല് പൊട്ടിയ
മാലയിലെ ചിതറി വീഴുന്ന
മുത്തുകള്‍ പോലെ
വാക്കുകള്‍ ...
പൊട്ടിനുറുങ്ങിയ
ഹൃദയത്തില്‍നിന്നും
ചിതറുന്ന
നോവുകള്‍..... ............................

ലക്ഷ്യം

തന്‍റെ ചിറകുകള്‍
ചെന്നെത്തേണ്ട ലോകങ്ങളുടെ
ഭൂപടമൊരുക്കുകയാണ്
പച്ചിലയുടെ
കമ്പിളിപ്പുഴുക്കള്‍ 

മഹത്വം

മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോയവന്
അല്പനേരം അഭയം നല്‍കിയ
കള്ളിമുള്‍ച്ചെടിയുടെ ജന്മം പോലും
എത്രയോ മഹത്തരം !

Sunday, August 18, 2013

അന്നില്‍ നിന്നും ഇന്നിലേയ്ക്ക്പൊടിക്കുഞ്ഞില്‍ നിന്നും
സ്കൂള്‍കുട്ടിയുടെ യൂണിഫോമിലേയ്ക്കുള്ള
നിറം മാറ്റത്തില്‍ നഷ്ടപ്പെട്ടു തുടങ്ങിയ
അമ്മിഞ്ഞമണവും
തുമ്പി ചിറകുകളും
കാട്ടരുവികളും ...

കണക്കിന്‍റെ കുടുക്കില്‍ നിന്നും
കോളേജിന്‍റെ മാസ്മരികതയിലേയ്ക്കുള്ള
ചുവടുവയ്പ്പില്‍ ,
നഷ്ടമായ വീടും
അമ്മയുടെ ചിരി നിറച്ച ഇലച്ചോറും
ചെമ്പകമരങ്ങളും ...

മെസ്സിന്‍റെ മടുപ്പില്‍ നിന്നും
മൌനം നിറച്ച കണ്ണുകളുടെ 
പ്രണയത്തിലേയ്ക്കു 
ചിതറി പെയ്യ്തപ്പോള്‍
നഷ്ടമായ സൌഹൃദക്കണ്ണികളും
പുസ്തകക്കെട്ടുകളും ..

ചുടുവേനല്‍ ചിന്തകളില്‍നിന്നും
സ്വപ്‌നങ്ങള്‍ തളിരിട്ട
ഒറ്റപ്പെട്ട തുറമുഖങ്ങളില്‍ നിന്നും ,
മഞ്ഞച്ചരടിന്‍റെ അതിര്‍വരമ്പുകളില്‍
കാലം കൊണ്ടെത്തിച്ചപ്പോള്‍ നഷ്ടമായതിനെക്കാളുപരി
നേടിയത്, ചുംബനം പൂക്കുന്ന ഒരു സ്നേഹച്ചെടിയാണ്  ..

കുഞ്ഞുങ്ങള്‍ പറക്കമുറ്റിയകന്ന മുറ്റത്ത്,
കൈവിടാതെ ഒപ്പം നടന്ന സ്നേഹം,
ചാണകം മെഴുകിയ തറയില്‍ തണുത്തുറഞ്ഞ്
നിറങ്ങള്‍ പൊതിഞ്ഞുകിടന്നപ്പോള്‍
നഷ്ടമായത്, പാതിജീവനും ,പകലുകളും
സകല സൗന്ദര്യവുമാണ്...
പടിയില്‍ തനിയെ വെള്ളയുടുത്ത്
ഇന്നിരിക്കുമ്പോള്‍
ഓര്‍മ്മകള്‍ നീളുകയാണ്
നഷ്ടമായ ഓരോ ദിവസത്തെയും
കണ്ണുകളുടെ നനവിലേയ്ക്ക് പറിച്ചുനടുവാന്‍ ..
ഓര്‍മ്മകള്‍ എത്തിപ്പെടാത്ത ഇന്നലെകളില്ല... !!

മുത്തുകള്‍

തീരം കാത്തിരിപ്പുണ്ട്‌
ആഴത്തിലുറങ്ങുന്ന
മുത്തിനായ്..!
എത്ര തേടിയാലും
വഴുതി മാറും..
സ്വന്തമായ സ്വപ്നങ്ങളില്‍നിന്നും
തനിയെ ഉണര്‍ന്ന്
ചിലപ്പോള്‍
തീരത്തെ തേടിയെത്തും
ചില മുത്തുകള്‍.. !!

ചിത്രം

ഓര്‍മ്മകളുടെ മടിയില്‍
നനഞ്ഞു കുതിര്‍ന്നിരുന്നാലും
എന്‍റെ കണ്ണുകളിലേയ്ക്ക്
ഇമ ചിമ്മാതെ നോക്കിച്ചിരിക്കുന്ന
ചിത്രമുണ്ട് ...
അമൂര്‍ത്തമായ ഒരു നിമിഷത്തെ
ചിരിയുടെ പാരമ്യത്തില്‍
നീയറിയാതെ മനസ്സില്‍
പകര്‍ത്തിയ ഒരു ചിത്രം ..

Saturday, August 17, 2013

ശബ്ദമില്ലാത്ത പിന്‍വിളി

എന്‍റെ അനാഥമായ
കുഴിമാടത്തിനുമേല്‍
വന്നു പതിക്കുന്ന
ഞെട്ടറ്റ ഉണക്കിലയില്‍ പോലും
ഞാന്‍ കാതോര്‍ത്തിരിക്കുന്നു ,
നിന്‍റെ നേര്‍ത്ത ചുണ്ടുകളുടെ ലാളന ...
ഹാ...
അറിയാതെ പെയ്യ്‌തു പോയ രാമഴയില്‍
അല്ലെങ്കിലൊരു കാറ്റിന്‍റെ വിളിയില്‍
നീ വഴി മാറി എന്നെ തിരയുന്നുവോ ??

ക്ഷണം

നടന്ന ദൂരങ്ങളും
കരഞ്ഞ കടലുകളും
എഴുതിയ വാക്കുകളും
ചീന്തിയ കടലാസ്സുകളും
എന്നെന്നേയ്ക്കുമായി
മറന്നേക്കുക.. !

എഴുതിത്തളര്‍ന്നിട്ടും
കരഞ്ഞു കലങ്ങിയിട്ടും
വായിക്കപ്പെടാതെ പോയ
വരികളില്‍
നീ വീണ്ടും
ഉടക്കി നില്‍ക്കുവതെന്ത് ??

വിരല്‍ത്തുമ്പില്‍
ഒട്ടിയ തൂലികയോ ?
വിരലറുക്കുക..
വേദന വിരലില്‍ മാത്രം !!
ഹൃദയത്തിന്‍റെ
നീറ്റല്‍ നിലയ്ക്കുമല്ലോ !!

അക്ഷരങ്ങള്‍ക്കുള്ളിലെ
ഇരുണ്ട കോണില്‍
മനസ്സ് പ്രകാശിക്കുന്നുവെന്നോ ??
നീ മാത്രം അറിയുന്ന
നീ മാത്രം അനുഭവിക്കുന്ന
നിന്നെ മാത്രം വഴി നടത്തുന്ന
ശോഭ നിനക്ക് ആവശ്യമോ ??

നിന്‍റെ പ്രകാശത്തില്‍ നിന്നും
എന്‍റെ താമസ്സിലേയ്ക്കുള്ള യാത്രയ്ക്ക്
ഞാന്‍ നിനക്ക് സമ്മാനിക്കുന്നത് ..
എന്‍റെ ഒരായുസ്സാണ് .. !!
അതില്‍പ്പരം നിനക്കെന്താണ് വേണ്ടത് ??

മിന്നാമിനുങ്ങുകള്‍

അമാവാസിയിലും
ജാലകവിരിപ്പുകളില്‍
ഇന്നലെയുടെ നിലാവിന്‍റെ
കണങ്ങള്‍ തിളങ്ങുന്നു..
എന്‍റെ സ്വപ്നക്കൂട്ടിലേയ്ക്ക്
വെളിച്ചം വിതരിക്കൊണ്ടേ ... !!

ട്രാഫിക്‌ ലൈറ്റുകള്‍

നിമിഷങ്ങളു ടെ
ചുവന്ന പ്രകാശത്തില്‍ ,
തിരിഞ്ഞു നോക്കാന്‍ പോലും
തോന്നാത്ത  അലസതയില്‍ ,
കണ്ണില്‍ കയറിക്കൂടുന്നത്
കാത്തിരുന്നിട്ടും
തേടിയെത്താതിതിരുന്ന
പച്ചപ്പിന്‍റെ ഇടവേളയില്ലാത്ത
ഒഴുക്കിനെ മുറിപ്പെടുത്തിയ
മഞ്ഞച്ച കുഞ്ഞിന്‍റെ
രൂക്ഷമായ വരവിനോടുള്ള
അമര്‍ഷമാണ്‌  .. 

കിനാപ്പൂക്കള്‍


എവിടെയാണ് പൂക്കള്‍ പൂക്കാത്തത് ??
പുഴയിലും പുഴയോരത്തും
കാട്ടിലും മേട്ടിലും
തെരുവിലും നഗരവീഥിയിലും
മരുഭൂമിയിലും മഞ്ഞിലും... !
എന്തിനേറെ എന്‍റെ
ചിന്തകളില്‍ പോലും പൂക്കാറുണ്ട്
ചില കാട്ടുവള്ളികള്‍..:;
അനുവാദമില്ലാതെ
സ്നേഹിക്കപ്പെടുന്ന
വര്‍ണ്ണങ്ങളാണ് പൂക്കള്‍... !!
അനുവാദം കാത്തുനില്‍ക്കാതെ
കൊഴിയുന്ന കിനാവ്‌ പോലെയും ... !!

Friday, August 16, 2013

കുഞ്ഞുമഴവില്ല്

തൊട്ടിലിലാടുന്ന
അമ്മിഞ്ഞ മണമുള്ള ചെഞ്ചുണ്ടില്‍
നൂറു സ്വപ്നത്തിരകള്‍
മഴവില്ല് വിടര്‍ത്തുന്നു ..
ദിവസങ്ങളുടെ ആയത്തില്‍
മാഞ്ഞു മാഞ്ഞു പോകുന്ന
സപ്തവര്‍ണ്ണങ്ങള്‍ ..

കൈക്കുമ്പിളിലെ തടാകം

കൈവെള്ളയിലെ തടാകത്തില്‍
കണ്ണാടി നോക്കുന്ന സ്മൃതിയുടെ
കിനാഗോളങ്ങള്‍......
കടവിന്‍റെ കണ്ണീര്‍ കിനാവില്‍
കടലോളം നൊമ്പരത്തരികള്‍ 

നിശബ്ദസൌന്ദര്യം

എനിക്ക് ജീവിക്കേണ്ടത്
ആകാശപ്പരപ്പായോ ..
നീളുന്ന സംഗീതമായോ അല്ല ..
പൂക്കുന്ന ചില്ലയിലെ
പാടുന്ന കുയിലോ
നിറങ്ങള്‍ ചാര്‍ത്തുന്ന
വസന്തമായോ അല്ല ..
കവിതയായോ
നിലാവായോ  നിഴലായോ  അല്ല..
നിങ്ങളുടെ മനസ്സിലേയ്ക്ക്
അരിച്ചിറങ്ങുന്ന
മൌനത്തിന്‍റെ
ഒറ്റയടിപാതയായാണ്‌ ... 

എന്‍റെ നക്ഷത്രമേ ...

നിനക്കറിയാമോ
അലറിക്കരയുന്ന കടലിനും ,
തീച്ചൂടുള്ള കവിതകള്‍ക്കും
കനല്‍ വിതയ്ക്കുന്ന
വിരഹത്തിനുമൊപ്പം,
നീയും എന്‍റെ കണ്‍കോണിലെ
നീര്‍മണിക്കുള്ളില്‍
കയറിപ്പറ്റിയിരിക്കുന്നു...
ദൂരെയെന്നും തിളങ്ങിനില്‍ക്കുന്ന
എന്‍റെ സ്വര്‍ണ്ണതാരമേ ... 

രാത്രിമഴ പോലെയീ ജീവിതം

ഓരോ രാത്രിയില്‍ നിന്നും
പിടഞ്ഞെണീക്കുന്ന
സ്വപ്നത്തിന്‍റെ നീറ്റല്‍.. !!
ഓരോ പുലരിയില്‍ നിന്നും
കുടഞ്ഞു കളയുന്ന
ഓര്‍മ്മകളുടെ തുള്ളികള്‍..
മനസ്സിന്‍റെ ആകാശത്ത്
കൊഴിയാന്‍ കാത്തുകിടക്കുന്ന
ചിന്താഭാരം... 

സത്യാഗ്രഹങ്ങള്‍ ...

അന്നത് ഉപ്പുസത്യാഗ്രഹം
ഇന്നത്‌ ഉള്ളിസത്യാഗ്രഹം
ഇതിനിടയില്‍ ചൂട്പകരാന്‍
സോളാര്‍ സത്യാഗ്രഹവും.. !
എവിടെയൊക്കെ ആര് നേടി ??

ദിവസേന

സ്വപ്നങ്ങളില്‍ പച്ചപ്പും
ഹൃദയത്തില്‍ വെണ്മയും
കുപ്പായത്തില്‍ കുങ്കുമവും
കലര്‍ന്നവര്‍
സ്വാതന്ത്ര്യഗീതം പാടുന്നു ...
വയറു കൊട്ടിയും
പാട്ടയടിച്ചും ..
ഭാഷാന്തരങ്ങള്‍ കടന്ന്... !!
വെറുമൊരു ദിവസമല്ല ...
ദിവസേന പോലും... !

പ്രണയപൂക്കള്‍

നെഞ്ചിലൊരു പിടി ചോരപ്പൂക്കള്‍
തൂവുന്നു പ്രണയം...
കണ്ണിലൊരു കുന്ന് ഓര്‍മ്മപ്പൂക്കള്‍
വിരിക്കുന്നു പ്രണയം ...

Monday, August 12, 2013

ഒരു പൂവിന്‍റെ ചാരുത

മുറ്റത്ത് ഒരു പൂവ് മാത്രം
വിടര്‍ന്നു നില്‍ക്കുന്നു
ഒരു ഓണക്കാലം മുഴുവന്‍
വരവേല്‍ക്കാന്‍ പോരുന്ന
ചാരുതയോടെ ... 

മൌനത്തിലെ നോവുന്ന കഥകള്‍

നിന്‍റെ മൌനത്തിന്‍റെ വിശാലതയില്‍
ഞാന്‍ വായിച്ചെടുക്കുന്ന കഥകള്‍,കവിതകള്‍..
എല്ലാം നോവാണ്..
നിന്‍റെ മൌനം
എന്‍റെ ഹൃദയത്തെ മുറിപ്പെടുത്തുന്നത്
നാവിന്‍റെ അനുവാദത്തോടെയോ ?? 

ചിത്രകാരന്‍റെ കാമുകി ...

നീ വരച്ചുകൂട്ടുന്ന
ചില അവ്യക്തമായ
ഒരു ച്ഛായയിലേയ്ക്ക്
ഒതുങ്ങിക്കൂടുന്ന
എന്‍റെ വലിയ ലോകം ...
അവിടെ..
നിന്‍റെ വിരലുകള്‍ തൊടുന്ന
വര്‍ണ്ണങ്ങളില്‍
ഞാന്‍ ഇല്ലാതാവുകയാണ്..
അഥവാ..
പുനര്‍ജ്ജനിക്കുകയാണ് .. 

കണ്ടു തീരാത്ത സ്വപ്‌നങ്ങള്‍

പുലര്‍ന്നിട്ടും കണ്ണുതുറക്കാതെ
കാണുന്ന സ്വപ്നത്തില്‍
നടന്നു തീരാതെ ,
ഒരു വട്ടം കൂടി
രാത്രി സമ്മാനിച്ച ചില
അപൂര്‍വ്വ നിമിഷങ്ങളില്‍കൂടി നടക്കാന്‍
പലപ്പോഴും മനസ്സ് തിടുക്കം കൂട്ടാറുണ്ട് .. 

ബാക്കി വയ്ക്കുന്നത്

എനിക്കായൊരുപിടി മണ്ണിന്‍റെ മറവും
ഒരു പിടിപ്പൂക്കളുടെ ചാരുതയും
കാലം കാത്തുവച്ചിരിക്കുന്നു ..
അതിൽ പുതച്ചുറങ്ങുമ്പോൾ
കവിത ചുരക്കുന്ന
എന്‍റെയീ ഹൃദയം എവിടെയാവും ??
നിന്‍റെ ഓര്‍മ്മകള്‍ എവിടെയാവും ??
ആരൊക്കെയോ വായിച്ചു പോകുന്ന
വരികള്‍ക്കിടയില്‍
എന്‍റെയൊരു കണ്ണീര്‍ മാത്രം
ബാക്കിയുണ്ടാവും ..
നീ തന്ന അക്ഷയമായ ഒന്ന്... 

Sunday, August 11, 2013

വേനലിന്‍റെ ഗുല്‍മോഹര്‍

വേനല്‍ത്തലപ്പില്‍
തൂങ്ങിനില്‍ക്കുന്നൊരു
ഗുല്‍മോഹറിന്‍
തിളയ്ക്കുന്ന നെഞ്ചകം ... !!

പ്രവാസം

ദൂരെയൊരു
ഈറന്‍കൂരയ്ക്കുള്ളിലെ
കണ്ണുകളുടെ തിളക്കം
കിനാവുകണ്ട്,
മണല്‍പ്പരപ്പിന്‍റെ തിളപ്പില്‍
ഒരു മഴനൊമ്പരം ...
മനസ്സുകളില്‍ വേര്‍പാടിന്‍റെ
കനത്ത പൊള്ളല്‍ ...

കാമുകന്മാരുടെ കാത്തിരിപ്പ്

ഭദ്രമായി പൂട്ടിയ വാതിലിന്‍ പടികളില്‍
പച്ചവെളിച്ചവും കത്തിച്ച് കാത്തുകിടപ്പുണ്ടാവും
ഉണ്ണാതെ, ഉറങ്ങാതെ ...
ചില കാമുകന്മാര്‍ ... !!
വരുന്ന ഒരായിരം നോട്ടിഫിക്കേഷനിലൊന്നില്‍
അവളുടെ വാതില്‍ തുറക്കണേ എന്ന്
നോമ്പു നോറ്റിരിപ്പുണ്ടാവും
ചില കാമുകന്മാര്‍ ... !!
നിനിയാതൊരു ദിവസം
പ്രൊഫൈല്‍ ചിത്രത്തിലതാ
ഇടിമിന്നല്‍ പോലെ
ചങ്കുതുളച്ചുകയറുന്നൊരു
കല്യാണഫോട്ടോ ... !!
പിന്നെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളെ
പഴിപറഞ്ഞ് ,
ജീവിതം ഡീആക്റ്റിവെയിറ്റ് ചെയ്യ്തു കളയും
ചില നിരാശാകാമുകന്മാര്‍ ... !!

നനയുന്ന കവിതയില്‍ ജ്വലിക്കുന്ന അക്ഷരo

ഓരോ തവണ
കവിത കരയുമ്പോഴും
താളുകള്‍ നനയുമ്പോഴും
അക്ഷരങ്ങളിലെ തീ
നാളങ്ങളോടെ ജ്വലിക്കും ..
അതിനു ചുറ്റും നൃത്തം ചെയ്യ്ത്
ചിറകുരുകി വീഴുന്ന
ചിന്തകളില്‍ നീയുമുണ്ട് .. !!

മറവിക്കാരി മറക്കാത്തത്

കടയില്‍ പോയാല്‍ ,
വാങ്ങാന്‍ പോയ സാധനവും
ആശുപത്രിയില്‍ പോയാല്‍ ,
വാങ്ങിയ  മരുന്നും
പള്ളിയില്‍ പോയാല്‍
കുടയും ,
സ്കൂളില്‍ പോയാല്‍
പേനയും,
സ്ഥിരമായി മറന്നുവയ്ക്കുന്ന
മറവിക്കാരിയായ ഞാന്‍
നിന്നെ മാത്രമെന്താണ്
മറക്കാന്‍ ശ്രമിച്ചിട്ടും
മറക്കാതെ കൂടെ കൊണ്ടു നടക്കുന്നത് ??


മനസ്സിലാവാത്തത്

എന്‍റെ ആത്മാവിന്‍റെ അടിത്തട്ടു വരെ
എത്തിപ്പെടുവാന്‍
നീ തിരഞ്ഞെടുത്ത പാതയേതാണ് ??
ഒരു കടലിരമ്പം മുഴുവന്‍ പേറുന്ന
ശംഖു പോലെ
എന്‍റെയുള്ളു മുഴുവന്‍
സംഗീതം നിറച്ച്
അതിലേയ്ക്ക് അലിഞ്ഞു ചേരുവാന്‍
നിനക്കെങ്ങനെ സാധിച്ചു ?? 

കൌമാരക്കാരന്‍റെ പ്രതീക്ഷ

വെറുതേ ചില സമയങ്ങളില്‍
ഫോണിന്‍റെ ശൂന്യമായ
വാള്‍പ്പേപ്പറിലേയ്ക്ക്
നോക്കിയിരിക്കും ...
എന്നെങ്കിലുമൊരിക്കല്‍
എന്‍റെ നോക്കും നിനവും
രണ്ടായി പിളര്‍ന്ന്
ഞാന്‍ കാത്തിരിക്കുന്ന പേരതില്‍
തെളിയുമായിരിക്കും ..
എങ്കിലും എന്‍റെ
പ്രതീക്ഷകളെ കണ്ണീരൂട്ടി വളര്‍ത്തുന്ന
നിന്‍റെ പേരെന്താണ് ??
ഒരുപക്ഷെ
നീയുമിതുപോലെ
മറ്റൊരു കോണില്‍,
ഒരുപക്ഷെ എന്‍റെ തൊട്ടടുത്ത്
എന്നെയും കാത്തിരിക്കയാണോ ?? 

ഞാന്‍ ഇല്ലാതാവുമ്പോഴും

നിന്‍റെ കയ്യിലുള്ള എന്‍റെ ചിത്രത്തില്‍
മറവിയുടെ തീ ആളിക്കത്തുന്നുണ്ട് ..
അതിലേയ്ക്ക്
ചിറകുകള്‍ മുഴുവനായ് വിരിച്ച്,
കണ്ണുകളടച്ച്‌ പറന്നുകയറുവാന്‍
വെമ്പല്‍കൊള്ളുകയാണ്
എന്‍റെ പ്രാണന്‍ .. !
നിന്‍റെ ജീവനില്‍
ഞാന്‍ ചിതയായി കെടുമ്പോള്‍ ,
ഇന്നും
എന്നില്‍ നീ
പ്രകാശമായ് കത്തിപ്പടരുകയാണ് ...
പകലില്‍ സൂര്യനും
നിദ്രയില്‍ നിലാവുമാവുകയാണ് ... !! 

തൂങ്ങിച്ചത്തവനോട്

ഇന്ന് മാത്രമാണ്
വേലിക്കപ്പുറത്തുനിന്നും
പറമ്പിലേയ്ക്ക് ചാഞ്ഞു നിന്ന
പേരറിയാത്ത വലിയ മരം പൂത്തത് ..
വെളുമ്പന്‍ പൂക്കള്‍ ചൂടിനിന്ന മരത്തില്‍
ചോര നിറമുള്ള സ്വപ്നങ്ങളെ
തൂക്കികൊന്നത്
ആരോടുള്ള പകതീര്‍ക്കലായിരുന്നു ?
ഹൃദയം തച്ചുടച്ച
അവളോടോ ?
അതോ
തോറ്റെന്നുള്ള
സ്വയം ബോധ്യപ്പെടുത്താലോ ? 

Saturday, August 10, 2013

ചിലര്‍

വെയില്‍ തളര്‍ന്നുറങ്ങുന്ന
ഉണക്കിലകളുടെ മറവിലൂടെ
ഒന്നുമറിയാതെ ഇഴയുന്ന
വിഷസര്‍പ്പത്തെപ്പോലെ
ചിലര്‍ ജീവിതത്തിന്‍റെ
ഓരം ചേര്‍ന്ന് നടക്കുന്നു ..
കണ്ടിട്ടും കാണാതെ..
അറിഞ്ഞിട്ടും അറിയാതെ ... !!

ആഘോഷം

ആഘോഷങ്ങള്‍
ആര്‍പ്പുവിളിക്കുമ്പോള്‍ ,
അങ്ങകലെ തെരുവിന്‍റെയോരത്തും
വിശപ്പിന്‍റെ
ആരവം കേട്ടിട്ടുണ്ടോ !
ആഘോഷമെന്താണെന്ന്
അവര്‍ക്കുമറിയാം !
അത്താഴത്തിന് മുഴുവന്‍
വയറും നിറയുന്ന
അപൂര്‍വ്വം ചില ദിവസങ്ങളുടെ
അകമഴിഞ്ഞ ആനന്ദമാണത്രെ !

ആശുപത്രിയെന്ന ലോകം

ആശുപത്രി
ഒരു ചെറിയ ലോകമാണ്..
ഒരു ഭിത്തിയുടെ വേര്‍തിരിവില്‍ ,
ഒരേ നിമിഷം മരണവും ജനനവും !
ചിലരുടെ തലച്ചോറില്‍
പുഴുവരിച്ചിറങ്ങുമ്പോള്‍
മരണം അടുത്തുനിന്ന്
പൊട്ടിചിരിക്കും ..
മറ്റു ചിലരുടെ ഹൃദയത്തിലേയ്ക്ക്
ജീവവായു കയറ്റി വിട്ട്
ആഘോഷിക്കും..
ആനന്ദത്തിനും
ആഹ്ലാദത്തിനും
അലമുറകള്‍ക്കും
ആവലാതികള്‍ക്കും നടുവില്‍
ഞാനെന്നോ നീയെന്നോ പേരുള്ള
നേര്‍ത്തൊരു ഭിത്തി മാത്രം ..
അവിടെയുമിവിടെയുമായി
വെരുകുകളെപ്പോലെ ,
വിധിയുടെ സ്റെതസ്കോപ്പുo തൂക്കി
മനുഷ്യരൂപങ്ങള്‍ ,
നിമിത്തങ്ങള്‍ ... !!

മൌനം

ഏകാന്തതയുടെ
നോവുന്ന നിമിഷങ്ങളില്‍
ഉള്ളിന്‍റെ ഉള്ളില്‍
സംഗീതം പോലെ നിറയുന്ന,
ഓരോ പ്രാര്‍ഥനയിലും
ഉള്ളു നിറയ്ക്കുന്ന ,
ഓരോ സ്വപ്നത്തെയും
മൂടിപുതപ്പിക്കുന്ന ,
മരണത്തിലും മരിക്കാത്ത 
പ്രണയമാണ് മൌനം 

പല രൂപങ്ങളുള്ള പ്രണയം

ഒന്നാം വർഷത്തെ
ആദ്യ മാസം
കോളേജ് വരാന്തയുടെ
ഏതോ ഒരു തൂണിൻചോട്ടിൽ
വിരസമായി നിന്ന
നിരാശനായൊരു കുട്ടിയിൽനിന്നും
രണ്ടു നീളൻ
കണ്ണുകളുടെ വിചിത്രമായ
കാന്തശക്തിയിലേയ്ക്ക്
അവനെ തൂക്കിയെടുത്തുകൊണ്ട്
പോയവളുടെ രൂപമാണ്
പ്രണയത്തിന് .. !!
ജീവിതത്തിന്‍റെ നീളന്‍ താളുകളില്‍
ആദ്യമായ് വായിച്ചെടുത്ത പ്രണയം !!
ചൊലമരങ്ങളില്‍
അതുവരെ കാണാത്ത
പൂക്കള്‍ വിടര്‍ന്നപ്പൊഴും,
ഒഴുക്കുകളില്‍
ചേലൊത്ത പ്രതിബിംബങ്ങള്‍
ചലിക്കാതെ നില്‍ക്കാന്‍ തുടങ്ങിയപ്പൊഴും ,
പനിനീര്‍പ്പൂക്കളില്‍
ഹൃദയത്തിന്‍റെ ചുവപ്പ്
കട്ടപിടിച്ചു തുടങ്ങിയപ്പൊഴും
ഏകാകിയായിരുന്ന ബാലന്‍റെ
തീവ്രമായ വികാരങ്ങളില്‍
തീനാളങ്ങള്‍ പടര്‍ന്നപ്പൊഴും
പ്രണയത്തിന്
വിശദീകരണങ്ങളില്ലായിരുന്നു .. !!
ലൈബ്രറിയുടെ
ആളൊഴിഞ്ഞ കോണില്‍
പുസ്തകം തുറന്ന്
ആകാശം നോക്കിയിരുന്നപ്പോള്‍
കണ്‍മുന്‍പിലൂടെ
മഴയായ് കടന്നു പോയ പ്രണയം ..
വാകചോട്ടില്‍
പൊള്ളിക്കിടക്കുന്ന
സൂര്യനാളങ്ങളെനോക്കി
മണിക്കൂറുകള്‍ നിസംഗമായി
കടന്നുപോയപ്പോള്‍
ഒരു ചിരി നിറയെ
തണല്‍ വിരിച്ച് വന്നതും
പ്രണയമായിരുന്നു...
ആള്‍ക്കൂട്ടത്തിലും
ആരവങ്ങളിലും
തന്നെ മാത്രം വന്നു തൊടുന്ന
നോട്ടങ്ങളും പ്രണയമായിരുന്നു ...
മുഴുഭ്രാന്തിന്‍റെ ,
വിചിത്രമായ ഉന്മാദത്തിന്‍റെ
അനുഭൂതിയിലേയ്ക്ക്
പറിച്ചുനടപ്പെടുമ്പോള്‍
പ്രണയത്തിന്‍റെ നനഞ്ഞ ചുണ്ടുകള്‍
അവന്‍റെചുണ്ടുകള്‍കൊണ്ട്‌
അള്ളിപ്പിടിച്ചിരുന്നു ...
പിന്നെയെന്നോ
അതേ വരാന്തയില്‍
അതേ തൂണിന്‍ചുവട്ടിലൂടെ
കൈകള്‍ വീശാതെ
കണ്ണുകള്‍ കൊണ്ട് മാടിവിളിക്കാതെ
ഹൃദയം ഹൃദയത്തെ പൊതിയാതെ
തലകുനിഞ്ഞു പോയതും
പ്രണയത്തിന്‍റെ മറ്റൊരു ഭാവമായിരുന്നു ..
കോളേജിലെ അവസാന വര്‍ഷo
തുരുമ്പിക്കാതെ തിളങ്ങുന്ന
വാള്‍മുനയില്‍
ഹൃദയo കൊളുത്തിപ്പോകുമ്പോള്‍
ഇനിയെന്നും ഓര്‍മ്മയില്‍
തെളിയുന്ന ചുംബനങ്ങളുടെ
നിഴലിനും പ്രണയത്തിന്‍റെ രൂപമാണ് .... 

Friday, August 9, 2013

അച്ഛനും കുഞ്ഞും

കുഞ്ഞുവിരല്‍ത്തുമ്പുകള്‍
അച്ഛന്റെ മാറിലൂടെ ,
മുടിയിഴകളിലൂടെ
ആദ്യാക്ഷരങ്ങള്‍
എഴുതുന്നു ...
അളവറ്റ സ്നേഹത്തിന്‍റെ ,
കടലോളം വാത്സല്യത്തിന്‍റെ
കണ്ണുകള്‍ കുഞ്ഞുമേനിയെ
വാരിപ്പുണരുന്നു ... 

ഒഴുകാത്ത പുഴ

മറവിക്കടലിലേയ്ക്ക്
ഒഴുകുവാന്‍ കൊതിക്കുകയാണ്
നെഞ്ചില്‍ കെട്ടിനില്‍ക്കുന്ന
എന്‍റെ ഓര്‍മ്മപ്പുഴ... !!

മോര്‍ച്ചറി കാവല്‍ക്കാരന്‍

തിളങ്ങുന്ന മേശകളില്‍
ശവങ്ങള്‍ നിരന്നുകിടക്കുന്നു
വിഷം കുടിച്ചവന്‍റെ
നീല ശരീരത്തിന്‍റെ
നിലച്ച സ്പന്ദനം.
ചതഞ്ഞരഞ്ഞ മറ്റൊരുവന്‍റെ
കൂട്ടിക്കെട്ടിയ
കുടലും ഉടലും.
പ്രണയം കാര്‍ന്നു തിന്ന
വേറൊരുത്തന്‍റെ  കരളില്‍
കട്ടകെട്ടിക്കിടക്കുന്ന ലഹരി
ദേഹങ്ങളിങ്ങനെ
മരച്ചും മലച്ചും
പ്ലാസ്റ്റിക്‌ സുരക്ഷയില്‍
പൂജ്യം ഡിഗ്രി തണുപ്പില്‍
തീയിന്‍ വേവും
മണ്ണിന്‍ ചൂടും
നോക്കിക്കിടക്കുന്നു !
ചിലര്‍ മൂക്കു പൊത്തുന്നു
ചിലരാവട്ടെ പൊട്ടിക്കരയുന്നു
സ്ഥിരം കാഴ്ചകളില്‍
നിസംഗതയോടെ ഒരാള്‍ മാത്രം .. !
പടിക്കലൂടെ മരണം
മണിയടിച്ചു കൊണ്ട് പായുന്നു
അടുത്ത ഭാരത്തിനായി
ഒഴിഞ്ഞ മേശകള്‍ കൈകള്‍വിരിക്കുന്നു,
ജീവിക്കാനായ്
മരണത്തിനു കാവല്‍ നില്‍ക്കുന്ന
മനുഷ്യന്  ,
മരണത്തോട് ഇപ്പോള്‍
മമത മാത്രമാണ് ..

മഴയോട്

ഇന്നലെ ഉറക്കത്തിന്‍റെ താഴ്ച്ചയിലേയ്ക്കുള്ള
അവസാന നടയും ഞാന്‍ ഇറങ്ങിയതിനുശേഷം
കിനാവിന്‍ പടിക്കലെ
കനല്‍ കെടുത്താന്‍
എന്‍റെ ജനാലമേല്‍ തലതല്ലിവിളിച്ചു
നീ കരഞ്ഞുവെന്ന് ആരൊക്കെയോ പറഞ്ഞു
നിന്നെയേറെ പ്രണയിച്ചിട്ടും ,
വന്നു കരഞ്ഞുവിളിച്ചപ്പോള്‍
ഞാനറിയാതെ പോയതിനാലാണോ
ഇന്നു ഞാനുണര്‍ന്നപ്പോഴേയ്ക്കും
പ്രിയപ്പെട്ടവരുടെ നിലവിളികളില്‍ ഉരുള്‍പ്പൊട്ടിയിറങ്ങിയത് ... ??
കണ്ണുകളില്‍നിന്നും  നീ
നോവുപോലെ പെയ്യ്തുപോയത് ??

വിജയകരമായ യുദ്ധങ്ങള്‍

ഇന്ത്യക്കാരിയാണെങ്കിലും രാഷ്ട്രഭാഷ അറിയില്ല എന്നത് വലിയൊരു പോരായ്മയായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെ, പഠിച്ചിരുന്ന കാലത്ത്, ഏറ്റവും കൂടുതല്‍ ഉഴപ്പിയ ഒരു മണിക്കൂറാണ് ഹിന്ദി ക്ലാസ്സ്‌. ;സിജി, ഷിജി,സജിത, എന്നീ ടീച്ചര്‍മാര്‍ മാറി മാറി പഠിപ്പിച്ചെങ്കിലും ഞാന്‍ ഒരിക്കലും കരയേറാത്ത ഒരു വിഷയമായിരുന്നു ഹിന്ദി. 


ഒരു കാലത്ത് എന്‍റെ സ്കൂളില്‍ പഠിച്ച ആരും മറക്കാത്ത ഒരു മുഖമായിരുന്നു മനോജ്‌ എന്ന അദ്ധ്യാപകന്‍റെത്.വെളുത്ത് മെലിഞ്ഞ്, കാറ്റില്‍ പറക്കുന്ന സില്‍ക്ക് മുടിയുമായി വരുന്ന മനോജ്‌സര്‍.,എല്ലാറ്റിനുമുപരി അദ്ദേഹത്തിന്‍റെ കയ്യിലെ നീളന്‍വടി അദ്ദേഹം പഠിപ്പിച്ച ഒരു കുട്ടിയും മറക്കില്ല. ഒരു പക്ഷെ അദ്ദേഹം എന്നെ ഒരു വര്‍ഷം കൂടി ഹിന്ദി പഠിപ്പിച്ചിരുന്നെങ്കില്‍, ആ വടിയുടെ വീശല്‍ ഓര്‍ത്തു ഞാന്‍ ഇന്നു പള പളാ എന്ന് ഞാന്‍ ഹിന്ദിയും പറഞ്ഞു നടന്നേനെ. എന്‍റെ ഗതികേടിന്, അദ്ദേഹം ഒരു വര്‍ഷം മാത്രം ഞങ്ങളെ ഹിന്ദി പഠിപ്പിച്ചത്തിനു ശേഷം മറ്റൊരു സ്കൂളിലേയ്ക്ക് സ്ഥലം മാറി.   അടിയുടെ നോവ്‌ ആരും ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും , അദ്ദേഹത്തെ എല്ലാവരും കണ്ണീരോടെയാണ്  യാത്ര അയച്ചത്. എന്‍റെ മനസ്സില്‍ മാത്രം ഞാന്‍ സന്തോഷത്തിന്‍റെ  നൂറു പടക്കം പൊട്ടിച്ച് ആ സ്ഥലംമാറ്റം ആഘോഷിച്ചു. ഇന്ന് അതോര്‍ത്ത് ഞാന്‍ വ്യസനിക്കുന്നു.


മനോജ്‌ സാറിന്‍റെ ക്ലാസ്സില്‍ അവിടെയും ഇവിടെയുമായി കേട്ടുപരിചയം മാത്രമുള്ള കുറേ വാക്കുകളും പിന്നെ മലയാളത്തിലും ഹിന്ദിയിലും പൊതുവായി ഉപയോഗിക്കുന്ന കുറേ വാക്കുകളും ഉള്ളതിനാല്‍ ഒരിക്കലും തോല്‍ക്കാതെ അത്യാവശ്യം നല്ല മാര്‍ക്കോടെ തന്നെ ഞാന്‍ സ്കൂള്‍ സമയത്തൊക്കെ തടിതപ്പി. അങ്ങനെ അഞ്ചു മുതല്‍ പത്തു വരെ എങ്ങിനെയൊക്കെയോ ഒരു വിധം ഹിന്ദി ക്ലാസ്സില്‍ ഉറക്കം തൂങ്ങിയും , നോട്ടു ബുക്കിന്‍റെ പിന്നില്‍ പടങ്ങള്‍ വരച്ചും തള്ളിനീക്കി. ആ പടം വരയെങ്കിലും ഞാന്‍ നന്നായി ചെയ്യ്തിരുന്നെങ്കില്‍... എന്ന് ആഗ്രഹിച്ചുപോവുകയാണ്.

പ്ലസ്‌ ടുവില്‍ ഹിന്ദിയോ  മലയാളമോ , ഇതില്‍ ഒന്ന് മതി. അതില്‍ പരം സന്തോഷം എനിക്കെന്താണ് വേണ്ടത്. ഏതു വിഷയമാണ് ഞാന്‍ എടുത്തത് എന്ന് ഇത് വായിക്കുന്നവര്‍ക്ക് ഇപ്പോള്‍ സംശയം ഉണ്ടാവില്ലല്ലോ. മലയാളമെടുത്ത് ഞാന്‍ തകര്‍ത്തു. ഹിന്ദി എന്ന ഭാഷയെ പിന്നീടൊരിക്കലും തിരിഞ്ഞു നോക്കിയിട്ടില്ല ഞാന്‍.., അതൊന്നും പഠിച്ചിട്ട് എനിക്കൊരു ഗുണവും ഇനിയൊരിക്കലും ഉണ്ടാവില്ല എന്ന ഭാവമായിരുന്നു . പ്ലസ്‌ ടു കഴിഞ്ഞ് ഏതാനം ദിവസങ്ങള്‍ക്കുശേഷം, ദൈവം സഹായിച്ച് സ്വപ്നം കണ്ടു നടന്നിരുന്ന ജോലി ലഭിച്ച് ഞാന്‍ വിദേശത്തേയ്ക്ക് പറന്നു. 


ഞാന്‍ ദുബായില്‍ എത്തിയ ഉടനെ, സ്ഥലങ്ങളൊക്കെ പഠിച്ചു വരുന്നതിനു മുന്‍പ് ഷോപ്പിംഗ്‌ മാളില്‍ നിന്നും എന്‍റെ ഫ്ലാറ്റിലേയ്ക്ക് പോകുവാന്‍ വേണ്ടി , ടാക്സിയില്‍ തനിയെ കേറി. കോര്‍ണിഷ് എന്നാണ് സ്ഥലത്തിന്‍റെ പേര് എന്നറിയാം. പക്ഷെ എന്‍റെ ഗതികേടിന് പല ഇടങ്ങളിലായ് പല കോര്‍ണിഷുകള്‍ ഉള്ളതിനാല്‍ , പാകിസ്ഥാനി ഡ്രൈവര്‍ "ഏതു കോര്‍ണിഷ്" എന്ന ഭാവത്തില്‍ എന്നെ നോക്കി. ഇതിനു മുന്‍പ് , ഒന്ന് രണ്ടു തവണ കൂട്ടുകാരുടെ കൂടെ ടാക്സിയില്‍ കയറിയപ്പോള്‍ അവരുടെ വായില്‍നിന്നും ഒരു  വാക്ക് ഞാന്‍ പഠിച്ചുവച്ചിരുന്നു. ഊഹിക്കാനുള്ള കഴിവില്‍  ഞാന്‍ വളരെ മിടുക്കിയായതിനാല്‍ സ്വാഭാവികമായും "ആ വാക്ക്" കോര്‍ണിഷ് എന്ന ഞാന്‍ താമസിക്കുന്ന സ്ഥലത്തെ മനസ്സിലാക്കി കൊടുക്കുക എന്നൂഹിച്ച്, ധൈര്യമായി ഒട്ടും സംശയംമില്ലാതെ ഡ്രൈവറോട് പറഞ്ഞു, "സീതാ ജാവോ"!!! എന്നെ വല്ലാതോന്നു നോക്കിയിട്ട് അയാള്‍ വണ്ടി നേരെ വിട്ടു, ഒന്ന് രണ്ടു തവണ അയാള്‍ തിരിഞ്ഞു നോക്കിയപ്പോള്‍, ഞാന്‍ മനസ്സില്‍ വിചാരിച്ചു , "ഇയാള്‍ എന്തിനാണാവോ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നത്. ഇയാള്‍ക്കെന്താ ഞാന്‍ പറഞ്ഞത് മനസ്സിലായില്ലാന്നുണ്ടോ." സ്വപ്നത്തില്‍ പോലും കരുതിയില്ല ഞാന്‍ കഷ്ടപ്പെട്ട് ഓര്‍ത്തിരുന്ന സുന്ദരമായ വാക്കിനു പിന്നില്‍ ഇങ്ങനെയൊരു അര്‍ത്ഥമുണ്ടായിരുന്നെന്ന്.

അല്‍പ ദൂരം പോയതിനു ശേഷമാണ് മനസ്സിലായത്‌ ഡ്രൈവര്‍ എന്നെ ചതിച്ചിരിക്കുന്നു. എന്നെ വേറെ എവിടെയ്ക്കോ കൊണ്ടുപോവുകയാണയാള്‍. , പിന്നെ ഒട്ടും സംശയിച്ചില്ല. ഫോണ്‍ എടുത്ത്‌ എന്റെ ഒരു കൂട്ടുകാരിയെ വിളിച്ചു. "എന്‍റെ പോന്നു മോളെ, ഞാന്‍ അര മണിക്കൂറായി ടാക്സിയില്‍ കയറിയിട്ട്. ഇതു വരെ പരിചയം ഉള്ള ഒന്നും  വഴിയില്‍ കണ്ടില്ല,ഇയാള്‍ എന്നെ വേറെ എവിടേയ്ക്കോ കൊണ്ടുപോവുകയാണ്. ഇനി ഞാന്‍ എന്താ ചെയ്യാ ? "

സംഭവം കേട്ടപ്പൊഴേ അവള്‍ക്കു കാര്യം മനസ്സിലായി എന്നു തോന്നുന്നു. ഉടനെ ഡ്രൈവർടെ കൈയ്യിൽ ഫോണ്‍ കൊടുക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ തമ്മില്‍ എന്തോ സംസാരിച്ചു. അമര്‍ഷത്തോടെ എന്നെ നോക്കിക്കൊണ്ട്‌ അയാള്‍ ഫോണ്‍ തിരികെ തന്നു. ഒരു വിധത്തില്‍ ഞാന്‍ തിരികെ ഫ്ലാറ്റിലെത്തി. കമ്പനി തരുന്ന ഫ്ലാറ്റ് ആയതു കൊണ്ട്, ഞങ്ങള്‍ എല്ലാവരും ഒരേ കോമ്പൌണ്ടിലെ അടുത്തടുത്ത ഫ്ലാറ്റുകളിലായിരുന്നു താമസിച്ചിരുന്നത്. ഞാന്‍ ചെല്ലുന്നതും കാത്ത് എന്‍റെ തൊട്ടടുത്ത ഫ്ലാറ്റില്‍ താമസിച്ചിരുന്ന എന്‍റെ കൂട്ടുകാരി നില്‍പ്പുണ്ടായിരുന്നു.കൂടെ മറ്റുള്ളവരും.

ഉള്ളിലെ ദേഷ്യം കടിച്ചമര്‍ത്തിയെങ്കിലും മുഖം വാട്ടി ഞാന്‍ അവരുടെ അടുത്തേയ്ക്ക് ചെന്നു. അപ്പോഴും ഞാന്‍ പറഞ്ഞ വാക്കിന്‍റെ അര്‍ത്ഥം എനിക്കറിയില്ലായിരുന്നു. ഡ്രൈവറുടെ തെറ്റാണെന്നാണ്‌ ഞാന്‍ അവരെ കാണുന്നത് വരെ കരുതിയിരുന്നത്. 
പിന്നീടാണ്  ഞാന്‍ സംഭവങ്ങളുടെ കിടപ്പുവശം അറിയുന്നത്.
"ഹിന്ദി അറിയാന്‍ മേലാത്ത നിന്നെയൊക്കെ ആരാ പെണ്ണെ എയര്‍ഹോസ്റ്റസാക്കിയത് ?? " അവളെന്നെ കളിയാക്കി. 
എന്നിട്ട് ചോദിച്ചു , "ആട്ടെ, നീയെന്താ ഡ്രൈവറോട് പറഞ്ഞത്. " 
-"സീതാ ജാവോന്ന്" അല്പം ജാള്യതയോടെ ഞാന്‍ പറഞ്ഞു.
പിന്നെയൊരു കൂട്ടച്ചിരി.

ഹാ ! എനിക്ക് മാത്രമല്ലേ അറിയൂ , എങ്ങനെയാണ് എന്‍റെ ജീവിതത്തിലെ ആദ്യത്തെ ഇന്റര്‍വ്യൂ പാസായതെന്ന്. വെറും നാട്ടിന്‍പുറത്തുകാരിയായ ഞാന്‍  പാസ്‌പോര്‍ട്ടോ , എയര്‍ഹോസ്റ്റസിനു വേണ്ട  മറ്റു ഗുണഗണങ്ങളോ ഇല്ലാതെ, ആദ്യത്തെ ഇന്റര്‍വ്യൂവിന് കോഴിക്കോടു വച്ച്, പങ്കെടുക്കുന്നു. വീടിന്‍റെ മുന്‍പിലൂടെ പച്ചപ്പു കാണാന്‍ നടക്കുന്ന സായിപ്പുമ്മാരുടെ ഇംഗ്ലീഷ് കേട്ടും, അവരുടെ മുന്‍പേ രാജാവായി നടന്ന് കാടും മേടുമൊക്കെ കാണിച്ചും കിട്ടിയ അല്പം ഇംഗ്ലീഷ് ജ്ഞാനം മാത്രമാണ് ആകെയുള്ള കൈമുതല്‍. , എന്തിരുന്നാലും മനസ്സില്‍ നിറയെ നേടണം, പറക്കണം എന്ന വാശി എന്നെ മുന്‍പോട്ടു നയിച്ചു. അവിടെ വച്ചാണ്, രാഷ്ട്രഭാഷ പഠിക്കാത്ത എനിക്ക്  ആദ്യമായി തിരിച്ചടി കിട്ടുന്നത്. എന്നെക്കാളും മിടുക്കരായ ഒരുപാട് ഫ്രാങ്ക്ഫിന്‍ കുട്ടികള്‍ നിരന്നിരുന്നു. ഞാന്‍ മാത്രം ഒരുപാട് അപാകതകളോടെ തലയുയര്‍ത്തി അവര്‍ക്കിടയില്‍ ഒന്നും പുറത്തു കാണിക്കാതെയിരുന്നു. കിട്ടില്ല എന്നുറപ്പായതിനാല്‍ സഭാകമ്പo എന്‍റെ അടുത്തുകൂടെ പോലും പോയില്ല. അപ്പോഴാണ്‌ ഇന്റര്‍വ്യൂ നടക്കുന്ന ഹാളില്‍നിന്നും ഒരാള്‍ പുറത്തിറങ്ങി, എന്‍റെ ചങ്കുതുളയ്ക്കുന്ന ഒരു ചോദ്യം ചോദിച്ചത്  , "ഇകൂട്ടത്തില്‍ ഹിന്ദി അറിയില്ലാത്ത ആരെങ്കിലും ഉണ്ടോ " എന്ന്. സത്യസന്ധരായ ഒരുപാട് പേര്‍, അറിയില്ലാത്തത് തുറന്നു സമ്മതിച്ചു. എനിക്കത് സമ്മതിക്കാന്‍ തോന്നിയില്ല. കുമളിയില്‍ നിന്നും കോഴിക്കോട് വരെ വളരെ കഷ്ടപ്പെട്ട് എത്തിയിട്ട് ഈ ഹിന്ദിയുടെ പേരില്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കുകപോലും ചെയ്യാതെ പോവുക സാധ്യമല്ല. എന്തായാലും ഹിന്ദി അറിയില്ലാത്തവരൊക്കെ പുറത്തായി. വീണ്ടും ഹിന്ദി അറിയാവുന്നവരുടെ നീണ്ട നിരയില്‍ ഞാന്‍ തലയുയര്‍ത്തി ഇരുന്നു.

എന്‍റെ ഊഴം വന്നു. ഒരുപാട് ഘട്ടങ്ങളായുള്ള ഇന്റര്‍വ്യൂവിന്‍റെ ഒരു ഘട്ടത്തില്‍ വച്ച്, എന്‍റെ നേര്‍ക്കൊരു ചോദ്യം വീണു. "ഹിന്ദിയില്‍ സ്വയം ഒന്നു  പരിചയപ്പെടുത്തൂ."
-"ഈശ്വരാ ഇവര്‍ക്കൊക്കെ ഇത് എന്തിന്‍റെ കേടാ , ഞാന്‍ ഇനി എന്ത് ചെയ്യും" എന്ന് മനസ്സില്‍ പറഞ്ഞ്, പോയാല്‍ പോകട്ടെ എന്ന് കരുതി ഞാന്‍ തുടങ്ങി.
"മേരാ നാം ജിലു ഹെ, മേരാ പരിവാര്‍ കുമളി മേം ഹേ, കുമിളി കേരളാ മേം ഹേ, കേരളാ ഇന്ത്യ മേം ഹേ, ഭാരത്‌ മാതാ കീ ജയ് ! "
ഒട്ടും ഭയക്കാതെയുള്ള എന്‍റെ പൊട്ടത്തരം ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന പന്ത്രണ്ട് അറബികള്‍ക്കും നന്നേ ഇഷ്ടപ്പെട്ടു. എന്‍റെ ഭാഗ്യത്തിന് അക്കൂട്ടത്തില്‍ ആര്‍ക്കും ഹിന്ദി അറിയില്ലായിരുന്നു.

അതാണ്‌ എന്‍റെ ഇന്റര്‍വ്യൂ കഥ. പാസ്‌പോര്‍ട്ടില്ലാതെ, ഇതുവരെ ഒരു വിമാനം നേരില്‍ കണ്ടിട്ടില്ലാത്ത ഞാന്‍ ആദ്യമായി ഒരു വിമാനത്തില്‍ കാലുകുത്തിയത് അതിലെ ജീവനക്കാരിയായി തന്നെയാണ്.

അതിനു ശേഷം ഹിന്ദിയുടെ വഞ്ചന എന്നെ പിടികൂടിയത് ടാക്സിയില്‍ വച്ചാണ്. അന്ന് തുടങ്ങിയതാണ്‌ എന്‍റെ ആത്മാര്‍ത്ഥമായുള്ള ഹിന്ദി പഠനം. പക്ഷെ അന്ന് മനോജ്‌സാറിന്‍റെ വടിയുടെ ചൂട് പേടിച്ചു ഞാന്‍ പഠിച്ചതില്‍ കൂടുതല്‍ ഒന്നും ഇപ്പോഴും ഞാന്‍ പഠിച്ചിട്ടില്ല. അനര്‍ഗളനിര്‍ഗളമായി ഒഴുകുന്ന ഗസലുകളോടും , മറ്റു സുന്ദരമായ ഹിന്ദി ഗാനങ്ങളോടും അടങ്ങാനാവാത്ത ഭ്രമമാണ് എന്നുള്ളതൊക്കെ വാസ്ഥവം തന്നെ. പക്ഷെ, അതിലെ ഒരു വാക്കു പോലും മനസ്സിലാവാറില്ല എന്നതും മറ്റൊരു സത്യം. ഹിന്ദി സിനിമകള്‍ കാണാന്‍ എന്‍റെ കൂടെ സുഹൃത്തുക്കള്‍ ആരും ഇരിക്കാറില്ല എന്നത് മറ്റൊരു വേദനിപ്പിക്കുന്ന സത്യം. കൂടെയിരുന്നാല്‍ പിന്നെ ഞാന്‍ അവരെ എന്റെ ഒഫീഷ്യല്‍ ട്രാന്‍സ്ലേറ്റര്‍ ആക്കും എന്നത് അവര്‍ക്കും എനിക്കും മാത്രം അറിയാവുന്ന കാര്യം.

ഇപ്പോള്‍ ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ ഹിന്ദി അറിയണം എന്ന നിയമം ഇല്ലെങ്കിലും, ഓരോ ഫ്ലൈറ്റിലും, അതിലെ ജീവനക്കാരെ പരിചയപ്പെടുത്തുന്ന ഒരു ഏര്‍പ്പാടുണ്ട്‌..., "മലയാളം" എന്ന് പറയാന്‍ പലരുടെയും നാവു വഴങ്ങാത്തത് കൊണ്ടും, പലരും അങ്ങനെയൊരു ഭാഷ കേട്ടിട്ടില്ലാത്തതു കൊണ്ടും ഇന്ത്യന്‍ എന്ന നിലയില്‍ ഹിന്ദി തീര്‍ച്ചയായും അറിയും എന്ന അമിത പ്രതീക്ഷകൊണ്ടും എന്നെ ഹിന്ദി അറിയാവുന്ന ആളായി യാത്രക്കാര്‍ക്ക് പരിചയപ്പെടുത്തും. ഊറിയ ചിരിയോടെ എന്‍റെ ഉള്ളിലെ ഹിന്ദിക്കാരി അവിടെയും തല ഉയര്‍ത്തിനില്‍ക്കും. എന്നെങ്കിലും ഏതെങ്കിലും യാത്രക്കാര്‍ക്ക് എന്നോട് ഹിന്ദിയില്‍ വല്ലതും ചോദിക്കാനോ പറയാനോ തോന്നരുതേ എന്നു മാത്രമേ ഈ  പാവം മലയാളിക്ക്  ആഗ്രഹിക്കാന്‍ പറ്റൂ. 

Thursday, August 8, 2013

പണ്ടത്തെ ചില ഓര്‍മ്മകള്‍

കത്തിക്കാതെ ഇന്നും കൂട്ടിവച്ചിട്ടുണ്ട്
നിന്‍റെ പ്രണയം പെയ്യ്ത ലേഖനങ്ങള്‍...,
ചിതലരിച്ച അഗ്രങ്ങലെങ്കിലും
ഓരോ താളിനും നടുവില്‍
ആര്‍ക്കും തൊടാനാവാതെ
കത്തി നില്‍ക്കുന്ന പ്രണയസൂര്യന്‍ ...
എത്ര മൂടി വച്ചാലും
മനസ്സിലേയ്ക്ക് ഇടയ്ക്കിടെ
തുളച്ചുകയറുന്ന ചുവന്നപ്രകാശം
ഓര്‍മ്മകളെ പൊള്ളിക്കും ...

കവിയുടെ ആഗ്രഹവും യാഥാര്‍ഥ്യവും

ഓരോ പുലരിയും വിടരുന്നത്
തന്‍റെ കവിതയിലേയ്ക്കാണെങ്കിലെന്ന്
ഓരോ കവിയും ആഗ്രഹിക്കുന്നു ...
ഓരോ വസന്തവും പടര്‍ന്നുകയറുന്നത്
തന്‍റെ ചിന്തകളിലേയ്ക്കെങ്കിലെന്ന്
ഓരോ കവിയും കൊതിക്കുന്നു..
ഓരോ മഞ്ഞും പൊതിഞ്ഞുപിടിക്കുന്നത്‌
തന്റെ വരികളെങ്കിലെന്ന്
ഓരോ കവിയും സ്വപ്നം കാണുന്നു..
എങ്കിലും
ഹൃദയത്തിലേയ്ക്ക് ഉന്നം വയ്ക്കുന്നതെല്ലാം
അമ്പുകളാണെന്നും,
കവിതകളില്‍നിന്നും
ഊറിയിറങ്ങാന്‍ പോകുന്നത്
തന്‍റെ നോവുകളാണെന്നും,
അക്ഷരങ്ങളുടെ മുനകളാണ്
തന്നെ കവിയാക്കുന്നതെന്നും
ഓരോ കവിയും മനസ്സിലാക്കുന്നു .. !! 

മഴ നനയാത്ത കവിത

കല്‍പ്പടവുകളും
കായലോരങ്ങളും
കണ്ണുകളും
കിനാവും
നനച്ചിടുന്നു  ഓര്‍മ്മകളില്‍
മഴക്കാലം ... !
നെഞ്ചിന്നോരം ചേര്‍ന്നുനിന്ന്
എന്‍റെ ഏതു കവിതയാണ്
മഴ നനയാത്തത് ??
കൈക്കുമ്പിളിലും
മനസ്സിൻ ചെപ്പിലും
നിറച്ചുവയ്ക്കാറുണ്ട്
ഓരോ മഴ പെയ്യുമ്പോഴും
ഇത്തിരി തുള്ളികൾ ഞാൻ !
ഇനിയെന്നാണ്
ഞാനൊരു മഴയായ് പെയ്യുക ?

നിശാപുഷ്പങ്ങള്‍

രാത്രി മുഴുവന്‍
നിലാവിനെ നോക്കി
പുഞ്ചിരിച്ച പൂക്കള്‍
പകലില്‍ കൂമ്പിനിന്ന്
കണ്ണീര്‍ തൂവാറുണ്ട് !
ഓരോ ദിവസവും
മാഞ്ഞും തേഞ്ഞും തീരുന്ന
നിലാവിനെ ഓര്‍ത്തോ ?
അതിനും മുന്‍പേ
കൊഴിഞ്ഞു വീഴേണ്ട
സ്വന്തം
വിധിയെ കരുതിയോ ?

ആളൊഴിഞ്ഞ മുറി

എന്നും കേള്‍ക്കാറുണ്ടായിരുന്നു
അടുത്ത മുറിയിലെ
വാതിലിനു പിന്നിലെ
അജ്ഞാതനായ പരിചിതന്‍റെ
സംഭാഷണങ്ങള്‍ ..
പതുങ്ങിയും
മുഴങ്ങിയും
ചിതറിയും
മുറിഞ്ഞും... !
ഇന്ന് ചുമരിലെ ഘടികാരത്തിന്‍റെ
നിശ്ശബ്ധമായ ഓരോ മിടിപ്പും
ആരെയോ തേടുന്നു ... !
പൊട്ടിച്ചിരിക്കാറുള്ള
പരാതി പറയാറുള്ള
ഇതുവരെ കാണാത്ത
സഹയാത്രികനും പോയിരിക്കുന്നു..
ഒഴിഞ്ഞ മുറിയുടെ ശൂന്യതയുടെ
പ്രതിബിംബങ്ങള്‍
അടഞ്ഞ വാതിലിനു പിന്നില്‍
കൊഞ്ഞനം കുത്തുന്നു.. 

നിനക്ക് മാത്രം സാധിക്കുന്നത്

അന്ധനായവന്‍
പ്രകാശത്തിനായ് ഭ്രാന്തമായി
കൊതിക്കുന്നത് പോലെ ,
നിന്‍റെ ദീപ്തമായ
കണ്ണുകള്‍ക്ക് വേണ്ടി,
എന്‍റെ ഹൃദയം വാശിപിടിക്കുന്നു ..
ഈ ദിവസങ്ങളുടെ
കനത്ത കരിവാളിപ്പിലേയ്ക്ക്
നിനക്ക് മാത്രമേ
അദ്ഭുതമാവാന്‍ സാധിക്കൂ ..
നിനക്ക് മാത്രമേ
എന്റെ ഹൃദയഭിത്തികള്‍ തുരന്ന്
ജീവന്‍ നിറയ്ക്കുവാനാകൂ ... 

വിളക്കുകണ്ണുകള്‍

വിളക്കുകണ്ണുകള്‍ തുറന്നിരിക്കുന്നു ...
കണ്ണെത്താദൂരത്തുനിന്നും ,
തന്നിലേയ്ക്ക്
എരിഞ്ഞുതീരുന്ന സൂര്യനു വേണ്ടി ...
തന്നില്‍ പ്രകാശിക്കുന്ന
ലോകത്തിനു വേണ്ടി .. 

ചിതയൊഴുകുമ്പോള്‍

തീരത്തു നിന്നും
നിറമിഴികളോടെ
പ്രാര്‍ഥനകളും സ്മൃതികളും
കൈകൂപ്പി യാത്രയാക്കുന്ന 
ഓളങ്ങളിലൊരു കുംഭം നിറയെ
ജീവന്‍റെ തിരുശേഷിപ്പുകള്‍
കടലിന്‍റെ പ്രശാന്തതയില്‍
ശാന്തി തേടി ... !
കഴിഞ്ഞൊരു ദിവസത്തെ വേനലില്‍ വാടിയവര്‍
പിന്നൊരു വസന്തത്തില്‍ പൂത്തുലഞ്ഞവര്‍
ഇന്നിതാ പൊടിഞ്ഞും
പിന്നെ അലിഞ്ഞും
ലക്ഷ്യമില്ലാത്ത അദൃശ്യമായ്
തനിയെ .... !!

Wednesday, August 7, 2013

സ്വാതന്ത്ര്യം

നെഞ്ചിന്‍ ചൂടിനാല്‍
അടവച്ചുണര്‍ത്തിയ
നിന്‍റെ പ്രണയത്തൂവലുകളെ 
ഉള്ളിലെ സ്വര്‍ണ്ണക്കൂട്ടില്‍നിന്നും
പറത്തിവിടുകയാണ്
മേഘങ്ങളുടെ
ഈറന്‍പടലത്തിലേയ്‌ക്കെത്തുമ്പോള്‍
യാത്രാമൊഴിയുമായ്
തിരികെ നോക്കാതിരിക്കുക ..
ഈ പ്രാണന്‍റെ ഗീതകം
അപ്പോഴേയ്ക്കും നിലച്ചിരിക്കും..

നോവുന്ന കവിത

ഓരോ ചിന്തയ്ക്കും
വിത്തിന്‍റെ രൂപമുണ്ട് ...
ഏതെങ്കിലുമൊരു മഴയില്‍
മുളപൊട്ടാന്‍ അത് മനസ്സില്‍
കാത്തുകിടക്കും ...
ഒരു വാക്കിന്‍റെയോ നോക്കിന്‍റെയോ
ഇടവഴിയിലൂടെ
കണ്ണീര്‍മഴ പതുങ്ങിയെത്തുമ്പോള്‍,
തലയുയര്‍ത്തുന്ന കവിതയുടെ പച്ചപ്പ്‌ ... !
മനസ്സിന്‍റെ തീക്ഷ്ണമായ വേനലില്‍
നീറി നീറി നീറി ,
വാക്കുകള്‍
മനസ്സ് നനച്ചു കവിതയാക്കും .. !! 

Tuesday, August 6, 2013

നീ പറയേണ്ടത്

നീ തീര്‍ത്ത ഈ ചിതയില്‍ മാംസമുരുകി മനമുരുകി ദഹിക്കപ്പെടാതെ മരിക്കാതെ നൊന്ത് നൊന്ത് ഞാന്‍ എത്രകാലം ?

ഒരോര്‍മ്മ

ഗൃഹാതുരത്വം നിറഞ്ഞ പച്ചപ്പില്‍
അടിക്കടി എനിക്കേറ്റം പ്രിയപ്പെട്ട
കോടമഞ്ഞു പെയ്യാറുണ്ട് ..
ഇലകളുടെ നേര്‍ത്ത രോമങ്ങളില്‍
ഒട്ടിയ നീര്‍മുത്തുകള്‍
കൈവിരല്‍ത്തുമ്പുകള്‍ സ്വന്തമാക്കി
സൂര്യന് നേരെ നീട്ടുമായിരുന്നു
സ്നേഹപൂര്‍വ്വം
എന്‍റെ വിരല്‍ത്തുമ്പില്‍
അഭയം കണ്ടെത്തുന്ന പ്രഭാതസൂര്യന്‍ ... !

ജീവിതം കൊണ്ടുള്ള മരണത്തിന്‍റെ ഉത്തരം

ഒരു അലമുറയിലേയ്ക്കുള്ള
നടപ്പാതയാണ് ജീവിതം ...
ഒരു മരവിപ്പിലേയ്ക്കുള്ള
വാതിലാണ് ജീവിതം ...
എല്ലാം മറന്നും
എല്ലാം വെടിഞ്ഞും
യാത്രാമൊഴിയില്ലാത്ത
പിരിഞ്ഞു പോകല്‍ ..
ഒരു പേമാരിയുടെ തോര്‍ച്ച ...
മരണത്തിനും
ജീവിതത്തിനും
എത്രയെത്ര ഭാവങ്ങള്‍ ...

പ്രകൃതിയുടെ വിദ്യാലയം

വൃദ്ധനും
വിഡ്ഢിയും
മുടന്തനും
സമ്പന്നനും
ചിത്രകാരിയും
കവിയും
വേശ്യയും
പിഞ്ചുകുഞ്ഞും
പുരോഹിതനും
കറുമ്പനും
സിനിമാനടിയും
ഒരേ തോതില്‍
ഒരേയളവില്‍ അലിഞ്ഞുചേര്‍ന്ന
ശ്മശാനത്തിലെ മണ്ണില്‍
പിച്ചിയും ജമന്തിയും
റോസും കാക്കപ്പൂവും
ഭേദങ്ങളില്ലാതെ
വകതിരിവില്ലാതെ
പൂത്തുലഞ്ഞു നില്‍ക്കുന്നു !
പ്രകൃതിയുടെ വിദ്യാലയങ്ങളില്‍
സര്‍വ്വേശ്വരന്‍
ഒരുമിക്കാന്‍ മാത്രമാണ്
സ്നേഹിക്കാന്‍ മാത്രമാണ്
അഭ്യസിപ്പിച്ചിട്ടുള്ളത്‌ പോലും !

കലഹം

കലഹം മാറണമെങ്കില്‍
രോഗം മൂക്കുന്ന
മഴയുള്ള പാതിരാത്രിയില്‍
ശത്രുവിന്‍റെ അരികില്‍
ഒറ്റപ്പെട്ടു പോകണം .. !! 

നിങ്ങളാല്‍ മാറ്റാനാവാത്ത ഞാനെന്ന വെറും ഞാന്‍

ചിലരുടെ കണ്ണേറുകളില്‍
പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് !
മറ്റുചിലരുടെ നാവിന്‍തുമ്പില്‍വച്ച് ,
മുറിവുകള്‍ ആഴ്ന്നിട്ടുണ്ട് !
ഏതൊക്കെയോ പെണ്‍പറച്ചിലുകളില്‍
ചൂളി നിന്നിട്ടിട്ടുണ്ട് !
പല ചോദ്യങ്ങളില്‍
തളര്‍ന്നിരുന്നിട്ടുണ്ട് !
ആരുടെയൊക്കെയോ മനക്കോട്ടകളില്‍
നഗ്നയാക്കപ്പെട്ടിട്ടുണ്ട് !
അവരുടെ അഭ്യൂഹങ്ങളില്‍
ആട്ടിന്‍തൊലണിഞ്ഞിട്ടുണ്ട് !
ആരുടെയൊക്കെയോ ഹൃദയങ്ങളില്‍
ഞാന്‍ ദാരുണമായ് കൊല്ലപ്പെട്ടിട്ടുണ്ട് ..
എല്ലാം കഴിഞ്ഞിട്ടും
ഞാന്‍ ,ഞാന്‍ മാത്രമാണ് ..
ആര്‍ക്കാണ് എന്നെ
ഞാനല്ലാതാക്കാന്‍ കഴിയുക ?? 

Monday, August 5, 2013

അനന്തതയിലേയ്ക്കൊഴുകുന്ന പുഴ

ഒരു പുഴ
ചിരിച്ചും കരഞ്ഞും
നിറഞ്ഞും വറ്റിയും
ഒഴുകുന്നുണ്ട് നെഞ്ചില്‍ ..
ഏതൊക്കെയോ വേരുകളെ
കുളിര്‍പ്പിച്ചും
ചുംബിച്ചും
കടലെന്ന ഇല്ലായ്മയിലേയ്ക്കുള്ള
വഴി തിരഞ്ഞുകൊണ്ടൊഴുകുന്ന
ജീവിതമെന്ന പുഴ ... 

Sunday, August 4, 2013

സൌഹൃദത്തിനായ്

മറക്കാത്ത സൌഹൃദങ്ങള്‍ക്ക് ,
മരിക്കാത്ത താളുകളില്‍
സ്മൃതിയുടെ കൈപ്പട... !!

ഓര്‍മ്മമുറി

മാംസം തുളഞ്ഞുകയറുന്ന 
ഒരു ഓര്‍മ്മയിലാണെന്‍റെ   
കവിതാമുറി ... 
വേദന നിറയുമ്പോള്‍ 
അലറിവിളിക്കുകയും 
പൊട്ടിക്കരയുകയും 
ചെയ്യുവാന്‍ ഞാന്‍ 
കണ്ടെത്തിയ രഹസ്യ മുറി ...

മൌനത്തില്‍ നോവുന്ന കവിത

മൌനത്തിലാണ് 
വാക്കുകളുടെ ചരടുപൊട്ടി 
ഏതോ നൊമ്പരത്തില്‍ 
പാമ്പുകളിഴയുംപോലെ 
നെഞ്ചില്‍ കവിത ഇഴയുന്നത്‌ .. 
പ്രണയമേ, 
നീ തന്ന മുറിവുകള്‍ നിറയെ 
മൌനം കിനിയുന്നു ....

ഓണക്കാലം

കര്‍ക്കിടകരാത്രികളുടെ
നിലാപെയ്യ്ത്തില്‍
സ്വര്‍ണ്ണം വാരിയണിഞ്ഞ്
ഭൂമിമണവാട്ടിയുടെ  പിന്നില്‍
പൂക്കാലം
നാണിച്ചു നില്‍ക്കുന്നു ... 

Saturday, August 3, 2013

കീറി മുറിക്കുന്ന നീ

ചൂണ്ടയില്‍ തൊണ്ട കുരുങ്ങിപ്പറിഞ്ഞിട്ടും
ആഴങ്ങളിലേയ്ക്ക് നീന്താന്‍ ശ്രമിക്കുന്ന
മീന്‍കുഞ്ഞാവാറുണ്ട് ചിലപ്പോഴൊക്കെ !
ജീവനുള്ള ഓരോ നിമിഷവും
നിന്‍റെ ഓര്‍മ്മകള്‍
എന്‍റെ നെഞ്ചിനെ കുരുക്കിട്ട്
വലിച്ചു കീറുകയാണ്...
എന്നിട്ടും നിന്‍റെ ചിന്തകളെ
മുറുക്കെപ്പിടിച്ചുകൊണ്ട്
ഞാന്‍ ജീവിക്കാന്‍ ശ്രമിക്കുകയാണ് ... !

സിനിമകള്‍

ഇപ്പോഴും നനഞ്ഞു കുതിര്‍ന്ന ധാവണിത്തുമ്പ്
കയ്യില്‍ തിരുകിപ്പിടിച്ചിട്ടുണ്ട് ഞാന്‍ ..
വിധിയുടെ കൈപ്പടയില്‍
കാലം തിരക്കഥകളെഴുതി പൊട്ടിച്ചിരിക്കും
ഇടയ്ക്കിടെ എന്‍റെ മുന്‍പിലെ
ചെറിയ സ്ക്രീനില്‍ ..
അതെന്താണ് ചില കഥകള്‍,
വെറും കഥകള്‍ മാത്രമാവാത്തത് ?
വെറും കെട്ടുകഥകള്‍ എന്ന്
സ്വയം വിശ്വസിപ്പിക്കാനാവാത്തത് ...
എവിടെയൊക്കെയോ അവര്‍
അഭിനയിച്ചു തകര്‍ക്കുന്നത്
എന്‍റെ ജീവിതമായാത്കൊണ്ടോ ??

(ചിത്രശലഭം എന്ന സിനിമ ഒരിക്കല്‍ മാത്രമാണ് ഞാന്‍ കണ്ടത്, ഓര്‍മ്മയില്‍ നോവുകള്‍ കുരുക്കുന്നതിനൊക്കെ ഏറെ മുന്‍പ്.. പക്ഷെ വീണ്ടും ഒരിക്കല്‍കൂടി ആ സിനിമ കാണണം എന്ന് മനസ്സു പറഞ്ഞു. 2007 മുതല്‍ അന്വേഷിച്ചു നടന്നെങ്കിലും കിട്ടിയില്ല. അവസാനം 2013ല്‍, ഇന്ന് ഞാന്‍ വീണ്ടും കണ്ടു, ജയറാമും ബിജു മേനോനും മത്സരിച്ചഭിനയിച്ച അതേ സിനിമ. എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതപ്പെട്ടിരിക്കുന്നു, ഇന്നെന്‍റെ കണ്ണുകളില്‍ നീര്‍ക്കുടങ്ങള്‍ നിറയ്ക്കാന്‍ വേണ്ടി ഒരു തിരക്കഥ.
ബ്രദര്‍ ... എന്നുള്ള ആ വിളി പോലും എന്നെപ്പോലുള്ള നിസ്സാരമായ മനസ്സുകള്‍ക്ക് താങ്ങാനാവാത്ത ഒരു വേദന പടര്‍ത്തും. 2009 ന് മുന്‍പ്‌ ഒരിക്കല്‍ പോലും ഞാന്‍ എഴുതിയിരുന്നില്ല .എങ്കിലും എന്‍റെ മനസ്സില്‍ ഉണ്ടാകേണ്ടിയിരുന്ന മാറ്റം നേരത്തെ തന്നെ തീരുമാനിക്കപ്പെട്ടിരുന്നു എന്ന് തെളിയിക്കും പോലെ ആ ചലച്ചിത്രത്തിലെ കാതലായ കവിതാഭാഗം എന്‍റെ മനസ്സില്‍ കാലങ്ങളെത്ര തറച്ചുകിടന്നിരുന്നു. "ദേഹമാകും വസ്ത്രം മാറി ദേഹി തുടരുന്നു യാത്ര... "  കെ.ബി മധു എന്ന സംവിധായകന്‍റെ ഈ ചിത്രം എന്‍റെ ജീവിതത്തെ വല്ലാതെ തൊട്ടിരിക്കുന്നു... )

നിലാവിലെ പ്രണയം

എന്‍റെ ചിരിത്തുമ്പുകളില്‍
പ്രാണനൊളിപ്പിച്ചപ്പോഴൊക്കെ
നിന്നെ ഞാന്‍ പ്രണയിക്കുകയായിരുന്നു
മണ്ണും വിണ്ണും മൂലോകങ്ങളും
നമുക്കായ് നിലാവ് പൊഴിക്കട്ടെ,
ഒരിക്കലും നിലയ്ക്കാതെ നമ്മുടെ പ്രണയം
യുഗങ്ങളിലേയ്ക്ക്
ഒഴുകിക്കൊണ്ടേയിരിക്കട്ടെ ... 

മരണം

പെരുവിരലിലേയ്ക്ക് തണുത്ത സൂചികള്‍
ആഴ്ന്നിറങ്ങുന്ന ഒരു നിമിഷമുണ്ട്‌ ...
പിന്നെയത് പാദം മുഴുവന്‍ കരണ്ട് കരണ്ട്
മുകളിലേയ്ക്ക് അരിച്ചുകയറും ...
മുഴുവന്‍ ശരീരവും
തണുത്തു വിറങ്ങലിച്ച സൂചികളാഴുമ്പോള്‍ ,
ആരൊക്കെയോ അലറി വിളിക്കുന്നത്‌ കേള്‍ക്കാം ...
അലമുറകളെ തോല്‍പ്പിച്ച്,
പിന്നെ ചെവികളുo നിശ്ശബ്ദരാവും !
ചൂടുള്ള കണ്ണുനീരിന്
മരവിച്ച ശരീരത്തിലേയ്ക്ക്
വീണുടയാന്‍മാത്രമേ സാധിക്കൂ ...
കണ്ണുകളില്‍ ഇരുളിനും
തണുപ്പിന്‍റെ നീണ്ട തേറ്റകള്‍ക്കുമൊപ്പം
ഒരു തരിമ്പു കണ്ണീരുമുണ്ടാവും..!
അവിടെയാണ് നമ്മള്‍ യാത്ര തുടങ്ങുക ...
അനന്തതയിലേയ്ക്കുള്ള യാത്ര ...
കത്തിച്ച നിലവിളക്കുകള്‍ക്കും ,
മുഴങ്ങുന്ന മന്ത്രങ്ങള്‍ക്കും നടുവിലൂടെ
നഗ്നമായി ഒരു തണുപ്പ് മാത്രം
കടന്നു പോകും ...
അവിടെ...
അവിടെയാണ് നമ്മള്‍ അന്യരാവുക ... 

ചില പെണ്ണുങ്ങള്‍

തുടക്കം മുതല്‍ ഒടുക്കം വരെ അവള്‍...,
അവള്‍ക്കെ ആവാന്‍ സാധിക്കൂ ..
നീ കൊതിച്ചതും ചിന്തിച്ചതും...
എങ്കിലും ഇടയ്ക്കിടെ മാത്രം
ചില ഇടവേളകളുടെ സൌജന്യത്തില്‍ അവളെ കാണാതാവും ...
അപ്പോള്‍ മാത്രം വീടിന്‍റെ ഏതോ ഒരു കോണില്‍
അടക്കിപ്പിടിച്ചൊരു തേങ്ങല്‍ കേള്‍ക്കാം ..
എവിടെയോ മറന്നു വച്ച ഒരു സ്വപ്നത്തിന്‍റെ
തുള്ളികളും കാണാമവിടെ ... 

അമ്മയുടെ ഓര്‍മ്മ

പനിച്ചു പൊള്ളുന്ന ശരീരം
ആരുമെത്തിനോക്കാത്ത
വിജനമായൊരു മരുഭൂമി കണക്കെ കിടന്നപ്പോഴാണ്‌
അമ്മയുടെ നിലാത്തണലും
ആ വിരല്‍ത്തുമ്പിലെ മഴച്ചിറകുകളും
മനസ്സിലേയ്ക്ക് ആദ്യമായ് എത്തിനോക്കിയത് ...
മറന്നു പോയിരുന്നു
കൂടെയുണ്ടായിരുന്നപ്പോഴൊക്കെ
ആ വിരലുകള്‍ ചുംബിക്കാന്‍ ,
ആ പുഞ്ചിരിയെ സ്നേഹിക്കാന്‍ ... 

സന്ധ്യകള്‍

ചില സന്ധ്യകള്‍ കുങ്കുമം ചാര്‍ത്താറില്ല ,
മേഘപ്പൂക്കള്‍ ചൂടി,
മുഖം കറുപ്പിച്ച്,
ഭൂമിയുടെ മാറില്‍ ആലംബമറ്റു കിടക്കും ...
ഏതൊക്കെയോ ഭ്രാന്തന്‍ മനസ്സുകളില്‍
കവിതകള്‍ ഊറിയിറങ്ങും ...

നീ എത്തുവോളം

ഒരു വൈകുന്നെരത്തിന്‍റെ വിളുമ്പില്‍
നിന്നെയും കാത്തു നിന്നതോര്‍ക്കുന്നുണ്ട് ...
കാത്തിരിപ്പിന്‍റെ നീളം
അസ്തമയവും, പുലരിയും ,
ഋതുക്കളും , കാലങ്ങളും കടന്നു...
നിന്നെ തേടി നടന്നില്ല..
പരിഭവം പാടിയില്ല ..
കാത്തു നില്‍ക്കുക മാത്രം ചെയ്യ്തു ...
ഇന്നും അതു തന്നെ ചെയ്യുന്നു ... 

അതിരുകള്‍

ചെമ്പരത്തിയിലും
കൊങ്ങിണിയിലും
തുടങ്ങിയ
അതിര്‍വരമ്പുകളാണ് ,
അതിനപ്പുറവും സൌഹൃദങ്ങള്‍
വള്ളികളായി വളര്‍ന്നിരുന്നു ... !

പിന്നെയെപ്പൊഴോ മുള്ളുകളും
കുപ്പിച്ചില്ലുകളും കരിങ്കൽച്ചീളുകളും
കൂർത്തുനിൽക്കാൻ തുടങ്ങി ,
അതിർവരമ്പുകളിൽ !
അന്നും അവിടെയും ഇവിടെയുമായി
സൌഹൃദങ്ങൾ വളർന്നു .. !

ഇന്ന്, മാനംമുട്ടെ
കോണ്‍ക്രീറ്റ് മതിലുകൾക്കുള്ളിൽ
അതിര്‍ത്തികള്‍ ,
അതിനുള്ളില്‍
വാഗ്വാദങ്ങള്‍, പൊട്ടലുകള്‍, ചീറ്റലുകള്‍... !!
ഇതിനിടയിലെവിടെയോ
ബന്ധങ്ങള്‍ വേരറ്റുപോയിരുന്നു ... !!

ദക്ഷിണമൂര്‍ത്തിസ്വാമിക്ക്..

പാട്ടിന്‍റെ പാലാഴിയിലേയ്ക്ക്
എന്നെന്നേയ്ക്കുമായ് മറഞ്ഞ
വൈഭവത്തിനു മുന്‍പില്‍
ഒരുപിടി പ്രാര്‍ഥനാപുഷ്പങ്ങള്‍ ..
ത്രിസന്ധ്യകള്‍
കുങ്കുമപ്പൂക്കള്‍ വീണ്ടും
വാരിവിതറുമ്പോള്‍
വാതില്‍പഴുതുകള്‍ക്കപ്പുറം
അങ്ങെന്നോ കരുതിവച്ചു പോയ
ഈണങ്ങള്‍ ഉരുവിടുന്ന
തലമുറകളുണ്ടാവും...
ദക്ഷിണമൂര്‍ത്തിസ്വാമിക്ക് പ്രണാമം  !!

Friday, August 2, 2013

ഒരേ അഭയം തേടി

ഓരോ നിമിഷവും ഓരോ വേദനയാവുന്നു
ഓരോ വേദനയും വാക്കുകളാകുന്നു ..
അക്ഷരമാലയില്‍ അഭയം
തേടുകയാണ് ഞാന്‍ ...
അറുത്തിട്ട വന്മരകൊമ്പില്‍ലെ
നനഞ്ഞ പക്ഷിക്കുഞ്ഞിന്‍റെ
ചൂടിനായുള്ള അലച്ചില്‍ പോലെ ...
വറ്റിയ തടാകത്തിലെ
അവസാനതുള്ളി ജലത്തിനായ്‌
മത്സ്യത്തിന്‍റെ  പിടച്ചില്‍ പോലെ ..  

പറയാന്‍ ബാക്കിവയ്ക്കുന്നത്

ഭ്രാന്തിന്‍റെയും മരണത്തിന്‍റെയും
ഇടയിലുള്ള കണ്ണീരെന്ന
നൂല്‍പ്പാലത്തിലൂടെ നടക്കുമ്പോള്‍
പ്രാണന്‍ കാഴ്ച്ചയില്‍ നിന്നും
മറയുന്നത് പോലെ ... !
ജീവിതത്തെ വാരിപുണരാന്‍
കൊതിച്ച എന്നെ
മരണത്തോടിത്രമാത്രം വലിച്ചടുപ്പിച്ച
എന്‍റെ പ്രണയമേ ,
നിനക്കു നന്ദി... !

ആസ്സഹനീയമായത്

ഒരു കവിതയുടെ തുമ്പില്‍ തൂങ്ങി
മരണത്തിന്‍റെ
ചുഴികളിലേയ്ക്കിറങ്ങി
ശ്വാസം കിട്ടാതെ
എനിക്ക്പിടഞ്ഞില്ലാതാവണം..
ഈ വേദനയെ സ്നേഹിച്ചു ഞാന്‍ മടുത്തു ...
ഈ നോവില്‍ സന്തോഷം കണ്ടെത്തി
ഞാന്‍ തളര്‍ന്നു ...
നീയില്ലാത്ത ഈ വേദന
അസ്സഹനീയം തന്നെ ... 

മൌനം

ഓരോ നീണ്ട മൌനത്തിലും 
ഒരായിരം യാത്രാമൊഴികള്‍ 
ഒരായിരം മരണങ്ങള്‍....
എണ്ണിയാലൊടുങ്ങാത്ത നൊമ്പരപ്പൂക്കള്‍

മണികിലുക്കം

അസ്തമയത്തിലേയ്ക്ക് നടക്കുന്ന
കിഴവിപ്പശുവിന്‍റെ കഴുത്തില്‍
പണ്ടാരോ കെട്ടിത്തൂക്കിയ
ചെറിയ മണി
ഇടയ്ക്കിടെ ഒച്ചയിടും !
ആരെയോ
തിരികെ വിളിക്കും പോലെ..

തല തടവിയും,
വയറു തലോടിയും,
പൈക്കിടാവിനെ കാട്ടിയും,
പാല്‍ ചുരത്തിച്ച് ,
അത് പിഴിഞ്ഞെടുത്തപ്പോള്‍
കഴുത്തിലാരോ തൂക്കിയ
പഴയ മണി .. !

വാളിന്‍റെ മൂര്‍ച്ചയിലേയ്ക്ക്
പുകയുന്ന കണ്ണുകള്‍
നിശ്ശബ്ദമായ് , നിഷ്കളങ്കമായ് നീളുന്നു..
പുലരും മുന്‍പേ
മരണവും ഇരുട്ടും
ഭയമില്ലാതെ നിറയേണ്ട
രണ്ടു വൃദ്ധനേത്രങ്ങള്‍ .. !

നാറുന്ന ഓടയുടെ വക്കിലെ
വഴിയിലൂടെ ചീറിപ്പായുന്ന
വണ്ടിയുടെ ചില്ലിലൂടെ
ഏതോ മുഖം തെളിഞ്ഞു കാണുന്നു
കഴുത്തില്‍ മുറുകിയ കയറിനൊപ്പം
നിലയ്ക്കാതെ മണികിലുങ്ങുന്നു ...!
വാക്കുകളറിയാത്ത അവശമായ ഒരു മൂളല്‍
തൊണ്ടയില്‍ കുരുങ്ങിനില്‍ക്കുന്നു .. !

പിറ്റേന്ന്
ഊണുമേശയുടെ സമൃദ്ധിയില്‍
കൈകള്‍ തിരക്കുകൂട്ടുമ്പോള്‍ ,
ആരുടെയൊക്കെയോ
ഹൃദയഭിത്തിയില്‍ അജ്ഞാതമായൊരു
നോവിന്‍റെ മണികിലുക്കം ..
പെരില്ലാത്തൊരു നോവ്‌.. ....!

നീപോലുമറിയാതെ നിനക്കായ്‌

ഓര്‍മ്മയുടെ ഒരായിരം ഗുല്‍മോഹറുകള്‍ 
മെത്തവിരിപ്പിട്ട താഴ്വാരങ്ങളില്‍ 
നഗ്നപാദനായ് നടക്കുമ്പോഴും ,
ചിരവിരഹത്തിന്‍റെ നോവില്‍ 
പൂത്തുകൊഴിഞ്ഞ ചോരപ്പൂക്കള്‍ 
എന്‍റെ ഹൃദയത്തിലേതെന്ന്
നീ മാത്രം അറിഞ്ഞില്ല ... 
വീണ്ടും ദൂരങ്ങള്‍ നടക്കൂ ... 
നിനക്കായ്‌ ഞാന്‍ 
കാത്തുവച്ചിരിക്കുന്നു ,
കണ്ണീര്‍പൂക്കളുടെ ഒരു ലോകം ...
നിന്‍റെ പാദങ്ങള്‍
ഇനിയുമതറിയാതിരിക്കട്ടെ... 

നീയില്ലെന്നറിയാമായിരുന്നിട്ടും

ചിലപ്പോള്‍ മാത്രം കണ്ണീര്‍ത്തുള്ളികള്‍
മരവിച്ച നിലത്തു വീണുടയും,
ആരുമില്ലാത്തപ്പോള്‍ മാത്രം
കൈയിലെ തൂവാലയില്‍നിന്നും
പുഴപോലൊഴുകും ..
ഹൃദയത്തില്‍ നിന്‍റെ ഓര്‍മ്മകള്‍
വക്കു പൊട്ടിച്ചു പുറത്തേയ്ക്ക്...
അറിയാത്ത വഴികളിലൂടെ
നിന്നെ തേടി ... 

സര്‍വ്വവും

ഇന്നലെയുടെ ചതുപ്പില്‍ ഞാന്‍ 
പലതായ് നുറുങ്ങിക്കിടക്കുകയാണ്,
നീയില്ലാത്ത ഇന്നിലേയ്ക്ക് 
കൂടിച്ചേരുവാന്‍ എനിക്കാവില്ല ... 
എത്ര ശ്രമിച്ചാലും 
നീന്‍റെ കരവലയത്തില്‍നിന്നും ,
നിന്‍റെ ബന്ധനത്തില്‍നിന്നും 
വഴുതിമാറി ,
മറ്റൊരു ലോകത്തിലേയ്ക്ക് 
കണ്ണുകള്‍ തുറക്കാന്‍ 
ഞാന്‍ അശക്തയാണ് ... 
നിന്നിലാണെന്‍റെ ജനനം ..
നിന്നിലാണെന്‍റെ ജീവിതം ...
നീയാണെന്‍റെ നിത്യത ...
പിന്നെ മരണം മാത്രം 
നിന്നിലല്ലാതാകുവതെങ്ങനെ ??

Thursday, August 1, 2013

ആനുകൂല്യം

കരിമഷിയുടെ സൌന്ദര്യരേഖകള്‍
കവിഞ്ഞൊഴുകാന്‍ പാടില്ല
ചില കണ്ണുകള്‍ക്ക്‌ !
സ്പര്‍ശനo മുള്ളുകള്‍ പോലെയും
ചുംബനങ്ങള്‍ ഇരുമ്പ്
പഴുപ്പിച്ചത് പോലയുമാണ് ... !
എങ്കിലും
വിയര്‍പ്പിന്‍റെ നോട്ടുകളില്‍ കിടന്നു
പുളയുമ്പോള്‍
ചുണ്ടുകളില്‍ പരിഭവം പാടില്ല ..
ഉള്ളില്‍ ആദിയുടെ നെരിപ്പോടാണെങ്കിലും
നോട്ടങ്ങൾക്ക്‌ തീവ്രത കുറയരുത്‌ .. !
സ്വപ്നങ്ങൾക്ക് നിറങ്ങളില്ലാത്ത
ചില പിറവികളിങ്ങനെയും .. !
ദിവസങ്ങളുടെ ഭാരം ചുമലിൽ
വഹിക്കുന്നവർക്ക് ,
സമൂഹം വേശ്യ എന്ന് പേരുവിളിച്ചാലും
തിരിഞ്ഞു നിന്ന് പ്രതികരിക്കേണ്ടതില്ല ..
അരക്കെട്ടിൽ കിലുങ്ങുന്ന തുട്ടുകൾക്ക്
ചുരുക്കും ചില ചുണ്ടുകളുടെ
പുഞ്ചിരിയുടെ ആനുകൂല്യം ലഭിക്കും ... 

ചില കാത്തിരിപ്പുകള്‍

കുളിര്‍ മഴ പോലെയും ,
കനല്‍ക്കാട് പോലെയും
നിലാത്തണല്‍ പോലെയും 
നെടുവീര്‍പ്പുകള്‍പ്പോലെയും 
എന്നെപ്പോലെയും 
ചില കാത്തിരിപ്പുകള്‍.......
കണ്ണിന്‍റെ ആഴങ്ങളില്‍ നിന്നും
തീരത്തിന്‍റെ ആര്‍ദ്രത തേടിനീങ്ങിയ
മുത്തിനെയും കാത്ത്‌
കടലിന്‍റെ വ്യര്‍ഥമായ കാത്തിരിപ്പ് ...