Thursday, January 24, 2013

ബന്ധനം

എത്ര വട്ടം തനിയെ പോവാനൊരുങ്ങിയതാണ് ,
വിരല്‍ത്തുമ്പുകള്‍  തൂവലുകളും 
കരങ്ങള്‍ ചിറകുകളുമാക്കിയും
കണ്ണെത്താ ദൂരത്തോളം
അലസമൊരു നിശ്വാസം പോലെ
കാറ്റിനോട് ചേര്‍ന്ന്
മേഘങ്ങള്‍ക്കിടയിലെ കുറുക്കുവഴികളിലൂടെ
ആരെയും പിന്തിരിഞ്ഞു നോക്കാതെ
അമ്മയുടെ നിറകണ്ണുകളില്‍
വിറകൊണ്ടു വീഴാതെ ..
സ്വപ്നത്തില്‍ നിന്നും പിടഞ്ഞെണീറ്റ്
നൊമ്പരപ്പെടാതെ ...
അലിഞ്ഞലിഞ്ഞില്ലാതാവാന്‍ !
യാത്രയെന്നും മുടങ്ങും
പടിയിറങ്ങാന്‍ സമ്മതിക്കാതെ
വിരലുകള്‍ ബന്ധിക്കപ്പെട്ട്
എന്നുമെന്നുമിങ്ങനെയൊരു
പുസ്തകത്താളില്‍ ... ! 

Monday, January 21, 2013

ഉറങ്ങാതെ .... !

നിലാവില്‍ തിളങ്ങുന്ന നടവഴികള്‍ നീളെ
ഭൂമി ഇരുളു പുതച്ചു കിടക്കുന്നു !
നക്ഷത്രങ്ങള്‍ പൂക്കളായ് കൊഴിഞ്ഞും ,
സ്വപ്‌നങ്ങള്‍ മയക്കത്തില്‍ സ്വര്‍ഗ്ഗംകടന്നും
രാമഴയില്‍ പ്രണയംകുടിച്ച് മദിക്കുന്ന
ഒറ്റനക്ഷത്രത്തിന്‍ കണ്‍മുനയിലെ
തീപ്പൊരിപാറുന്ന നോട്ടങ്ങള്‍
കടം കൊണ്ടും ,
ഈ രാത്രി ഞാനുണര്‍ന്നിരിക്കട്ടെ !
പകലുകളുടെ ചാരത്തില്‍ നിന്നുമൊരു
കുളിരുള്ള രാവിന്‍റെ തൊട്ടിലില്‍
ഉറങ്ങാതെ .... !

Saturday, January 19, 2013

ജന്മം

 എഴുതിത്തുടങ്ങിയ ദിവസമായിരുന്നു
എന്റെ മരണം !
നിത്യതയിലെയ്ക്കുള്ള
എന്‍റെ പുനര്‍ജ്ജനനവും !
നോവുമ്പോഴും
കേഴുമ്പോഴും
പുഞ്ചിരിക്കുമ്പോഴും
കൈത്തലത്തിലെ തൂലികയില്‍
ഉള്ളിലെ മഷിയില്‍
വിടരാന്‍ വെമ്പുന്ന വരികളിലാണ്
എന്‍റെ പാതിജന്മം ! 

Friday, January 18, 2013

ചില കവികളും കവിതകളും

പറഞ്ഞു തീര്‍ക്കാനാവാത്ത
മുഴുമിക്കാനാവാത്ത
ഇന്നും തീരാതെ നീളുന്ന
ചില നൊമ്പരചൂടുള്ള കഥകളത്രെ
കവിതയുടെ രഹസ്യം !
ഉന്മത്തമാണ് കവിമനസ്സ് ,
സിരകളില്‍ തിമിര്‍ത്താടുന്ന
ഇന്നലെയുടെ പ്രേതങ്ങളെ
ആവാഹിച്ചതാണ് കവിതകള്‍ !
ആഴത്തിലൊന്നിറങ്ങി നോക്കണം
പിന്നെ ഒരുനാളും
രക്ഷയില്ലാതെ ചില വരികളുടെ
കയങ്ങളില്‍പെട്ടു പോകും നമ്മള്‍ ! 

മറുപടിയുടെ ഭാഷ

മറുപടിയൊന്നെന്‍റെ പക്കലില്ല
മഷി നിറച്ച പേനയും
വ്യഥനിറഞ്ഞ വാക്കുകളും
അനക്കമില്ലാത്ത മുറിയില്‍
എന്നെയും കാത്തിരിക്കുകയാണ് !
എന്തെഴുതണം ഞാന്‍ ?
അന്തമില്ലാത്ത ആഴിപോല്‍നീണ്ട
കണ്ണീരിന്‍ ഭാഷയോ ?
ആവോളം കുത്തിനോവിക്കാന്‍
പോരുന്ന കൂരമ്പിന്‍ ഭാഷയോ ?
അകവും പുറവും മൂടിയ
അലസമായ ഇരുളിന്‍ ഭാഷയോ ??
എന്താണിനിയുo ഞാനെഴുതേണ്ടത് ?
തീര്‍ഥാടനം പോലെ
തളര്‍ന്നു നീങ്ങുന്ന
ദിനരാത്രങ്ങള്‍ക്കു മുന്‍പില്‍
പകച്ചുനില്‍ക്കുകയാണ് ഞാന്‍ !
മിന്നലിന്‍റെ ഒരു തുണ്ട്
വെളിച്ചത്തിലേയ്ക്ക് .... !! 

Wednesday, January 16, 2013

ചരിത്രം

പരമ്പരാഗത ലിഖിതങ്ങളില്‍
കുറിച്ചിട്ടതും
കരിങ്കല്‍പ്പാറകളിലെ
കൊത്തുപണികളും
താളിയോലകളിലെ
മുദ്രകളുമൊന്നുമായിരുന്നില്ല
ചരിത്രമെനിക്ക് !
നഗ്നപാദയായ്‌ നടന്നുതീര്‍ത്ത
ചരല്‍വഴികളും
ചരമക്കോളത്തിലെ
സ്നേഹിതന്‍റെ നിസംഗതയും
പ്രണയത്തില്‍ പൊതിഞ്ഞ
ചുടുചുംബനങ്ങളും
പിന്നെയുള്ള കണ്ണീരാല്‍ കുതിര്‍ന്ന
വിടവാങ്ങലുകളും
ഏകാന്തതയിലെ
നിശബ്ദമായ ഭാഷയുടെ
ഇരുണ്ട ഭൂഖണ്ഡങ്ങളും
എവിടെയൊക്കെയോ
ചിതറിപ്പോയ ബന്ധങ്ങളുടെ
യാത്രാമൊഴികളുമൊക്കെയായിരുന്നു
എന്‍റെ ജീവിതചരിത്രം !
കലണ്ടറിന്‍ താളുകള്‍
തീവണ്ടിവേഗത്തില്‍ മറിയുമ്പോള്‍
ഓരോ ദിവസവും
ചരിത്രങ്ങളാവുന്നു !
ഇനിയുമെത്രയോ കാഴ്ച്ചകള്‍
എനിക്ക് മുന്‍പിലദൃശ്യരായ്
പൊട്ടിച്ചിരിക്കുന്നു !

Tuesday, January 15, 2013

നീ...

അലകളൊന്നുമില്ലാത്ത തടാകത്തിലെ
മൂകതയില്‍ ,
കാറ്റ് വരച്ച ചിത്രം പോലെയാണ് 
നീയെന്‍റെയുള്ളില്‍ !
ചില രാവുകളിലെ സ്വപ്നങ്ങളില്‍
നിന്‍റെ കണ്ണുകള്‍ തീര്‍കുന്ന മായാജാലത്തില്‍
എത്രയോ സാഗരസംഗമങ്ങള്‍ !
പകലുകള്‍ക്ക്‌ നിറമേറുന്ന
അപൂര്‍വ്വയാമങ്ങളാണ്
നിന്‍റെ പ്രണയം ..
നിന്റെ തലോടല്‍ ..
നിന്‍റെ ഗാനങ്ങള്‍ ...
നീ... !!

Monday, January 14, 2013

പിച്ചിചീന്തും മുന്‍പ്

മേനി വളരും മുന്‍പ് ,
കനലില്‍ വീഴും മുന്‍പ് ,
ഭ്രാന്തിന്‍ ചിറകരിയാന്‍ കുഞ്ഞേ,
നിന്‍ നെഞ്ചിലൊരു
വാള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ ...!
കണ്ണുകള്‍ക്ക് തീതുപ്പാനായിരുന്നെങ്കില്‍ ! 

കൂടിക്കാഴ്ച

പേമാരി തോര്‍ന്ന ശാന്തതയില്‍ 
നനവുള്ള വരാന്തയില്‍ 
ആവി പറക്കുന്ന ചായയുംകൊണ്ട് 
തനിച്ചിരുന്നെഴുതിയ കവിതയിലായിരുന്നു 
ആദ്യമായ് നിന്നെ ഞാന്‍ കണ്ടത് !

വഴികള്‍ക്കൊടുവില്‍

നിന്നെയും കാത്തുനിന്ന
മണ്‍വരിപ്പാതകകളില്‍നിന്നും
ഇത്രത്തോളം നടന്നകന്നിരിക്കുന്നു ഞാന്‍ !
ഒരു ജന്മത്തിന്‍റെ ദൈര്‍ഘ്യം ,
ഒരോര്‍മ്മയുടെ വേഗത്തില്‍ !

മഴയെത്ര പെയ്തിട്ടും
മായാത്ത ചുവര്‍ചിത്രങ്ങള്‍
മനസ്സിന്‍റെ ഭിത്തിയില്‍  !
കണ്ണെത്താദൂരത്തോളം
നമ്മള്‍ കോറിയിട്ട വരകള്‍ , ചിരികള്‍ !

എത്ര ചോദിച്ചിട്ടും ഉത്തരം തരാത്ത
ഒരേ ചോദ്യത്തിന്‍റെ ഒരായിരം മുഖങ്ങള്‍
പൊടിതട്ടാതെ , നിഴലിനോപ്പം നടക്കുന്നു !
നിന്നോടിനി ചോദിക്കവയ്യല്ലോ ...
ചോദ്യങ്ങളിനി എനിക്കൊപ്പം മണ്ണോടു ചേരട്ടെ !

നിലാവുദിക്കാത്ത കറുത്ത പാതകളിത്ര
നടന്നു തീര്‍ത്തത് നീയില്ലാത്ത തീരം തേടിയാണ് !
നേര്‍ത്തൊരു മിന്നലായ് ഇന്നും
നീ എവിടെ നിന്നോ എത്തിനോക്കുന്നതെന്തിനാണ് ?
എല്ലാ വഴികള്‍ക്കുമൊടുവില്‍ നീയാണ് ...!
വഴികളെല്ലാം നിന്നിലേയ്ക്കാണ് ! 

കൂടൊഴിഞ്ഞ വിജനത

നെഞ്ചിന്‍ ചൂടില്‍ നിന്നും 
ഗഗനവീഥിയിലേയ്ക്ക് പിരിഞ്ഞകലുന്ന 
പറക്കമുറ്റിയ ചിറകുകളെ നോക്കി 
നെടുവീര്‍പ്പെടുന്ന ഇലയനക്കങ്ങളുടെ 
ഗാനമായിരുന്നോ വിരഹം ?

കാലമേറെക്കഴിയുമ്പോള്‍ 
ചെഞ്ചുണ്ടത്തൊരു ഞാവല്‍പ്പഴക്കുലയടര്‍ത്തി,
കാറ്റിനോടും , കടലിനോടും മത്സരിച്ചെത്തുന്ന 
കരുതലുള്ള അമ്മക്കിളിയുടെ 
പഴക്കമേറിയ തൂവലുകളിലായിരുന്നോ കാരുണ്യം ?

ഇനി വരാമെന്ന് പറയാതെ ,
വഴിതെറ്റിവന്നൊരു സഞ്ചാരിയെപ്പോലെ 
തീരങ്ങളിനിയും ദൂരങ്ങളിനിയും 
ചിറകടിച്ചുയരുന്ന മറവിയുടെ 
കാല്‍പ്പാടുകളാഴുന്നതാണോ വേദന ?

എത്രയെത്ര പൂക്കാലങ്ങളും ,അടവച്ചുണര്‍ത്തലുകളും ,
എത്രയെത്ര കളകൂജനങ്ങളും കിളിക്കൂടുകളും ,
എത്രയെത്ര പ്രതീക്ഷകളും വിജനതകളും  !!
ഒടുവിലെല്ലാം അഗ്നിക്ക് ഭരമേല്‍പ്പിച്ചുള്ള 
കീഴടങ്ങലായിരുന്നോ  ജീവിതം ?? 

Saturday, January 12, 2013

ചില കാത്തിരിപ്പുകള്‍

പണ്ടോരിടവപ്പാതിയിലെന്‍റെ
സ്വപ്നങ്ങളിലേയ്ക്ക് 
ചിറകുനനഞ്ഞു കൂടേറിയ രണ്ട് 
നക്ഷത്രകണ്ണുകളുണ്ടായിരുന്നു ...
ഏതോ രാവിന്‍റെ വിമൂകതയില്‍ 
എന്‍റെ ജനലഴികള്‍ പിന്നിട്ട് 
വാനം തേടിപ്പറന്നൊരു സ്മൃതി !

മറ്റൊരു കുളിരാര്‍ന്ന പുലരിയില്‍ 
നെറ്റിമേലൊരു ചൂടാര്‍ന്ന ചുംബനം തന്ന് 
നെഞ്ചിന്‍റെ അഗാധതകള്‍ തേടിപോയൊരു 
മഞ്ഞുതുള്ളിയുണ്ടായിരുന്നു ...
ഉള്ളിലെ വേനലില്‍ വീണ് 
എന്നോ ഒരു നാളില്‍ 
ഇല്ലാതായ സൌന്ദര്യം !

പിന്നൊരിക്കല്‍ അലസമായ് പാറിയ 
ഹൃദയത്തിന്‍റെ ശൂന്യമായ താളുകളില്‍ 
കവിതകളുടെ നിറക്കൂട്ടുകള്‍ ചാലിച്ച
ഒരു വിരല്‍സ്പര്‍ശമുണ്ടായിരുന്നു ...
കാലമാം ചിതയില്‍ കരിഞ്ഞുപോയൊരു 
പ്രണയത്തൂവലിന്‍റെ 
വ്യര്‍ത്ഥമാം പിന്‍വിളി !

ഇന്നും 
തേടാറുണ്ട് മനസ്സ് 
ഇടയ്ക്കാരെയോ പ്രതീക്ഷിച്ചു  നില്‍ക്കാറുമുണ്ട് 
യാത്രയില്‍ കൈക്കുമ്പിളില്‍ നിന്നും 
ഊര്‍ന്നുപോയൊരു 
വേനല്‍വെളുപ്പിലെ  മഴനീര്‍മണിയെ കാത്തൊരു 
പൈതലിന്നീറന്‍ മിഴിപോല്‍ ..! 

Friday, January 11, 2013

മുറിവേറ്റ ചില്ലകള്‍

കാറ്റത്തു ചിറകുരുമ്മിയും
മഴയത്ത് കൊക്കുരുമ്മിയും
കൂട്കൂട്ടിയ മരച്ചില്ലകളില്‍
ഇന്നാരാണ്  മഴുവാല്‍ മുറിവേല്‍പ്പിച്ചത് ?

കൂടുമാറ്റം


കടലുകള്‍ തുരന്നുപായുന്ന 
കൊടുംകാറ്റിന്‍റെ കണ്ണുകളില്‍നിന്നും 
നിന്‍റെ പായ്ക്കപ്പലിലേയ്ക്ക് 
അഭയം തേടുകയാണ് ഞാന്‍ !
മുത്തുകളുടെ മൃദുലതയിലേയ്ക്കും 
ചിപ്പികളുടെ അദ്ഭുതത്തിലേയ്ക്കും 
ആഴങ്ങളിലെ പാട്ടിലേയ്ക്കും 
നിന്നെ ഞാന്‍ കൂട്ടിക്കൊണ്ട് പോകാം !!

നിളയും ഞാനും

നിളാ ..
ഏതു കവിയുടെ പ്രണയമായിരുന്നു സഖീ നീ ?
ആരുടെ പ്രേമത്തിലാണ് നീ നിറഞ്ഞൊഴുകിയത് ?
മഴവില്ലുകള്‍ വിരിച്ചും
ചില്ലകള്‍ വിടര്‍ത്തിയതും
കവിതകളെത്രയോ ഇതളിട്ട തീരത്തിന്‍റെ
നനഞ്ഞ മണലില്‍
ഒരുവാക്കെഴുതുവാനെത്തിയപ്പോഴേയ്ക്കും
മഞ്ഞും നിലാവും കടന്നു നീയീ
മനസ്സിലൊരു വരള്‍ച്ച ബാക്കിയാക്കി
ഒഴുകിമറഞ്ഞതെവിടെയാണ് ?
നിശബ്ദമായ് മനസ്സില്‍ മേഘമല്‍ഹാറുകള്‍ പാടി
നിഗൂഡമായ് മണ്ണില്‍ കണ്ണീര്‍ ചാര്‍ത്തി
യാത്ര ചോദിക്കാതെ തോര്‍ന്നുപോയൊരു
മഴ ബാക്കിയാക്കിയ വിരഹമായിരുന്നോ  നീ ?
മൊട്ടിട്ട മോഹങ്ങള്‍ക്കും
മുനിയുന്ന നൈരാശ്യങ്ങള്‍ക്കും നടുവിലൂടെ
നീ പിരിയുകയാണ്
മരണത്തിന്‍റെ അടിത്തട്ടുകളില്‍
പ്രാണന്‍ തേടി ....
വെയില്‍ തേടി .... !
പിതൃശ്രാദ്ധങ്ങളുടെ പുണ്യം തപിക്കുന്ന
നിന്‍റെ കണ്ണുകളിലെ ജ്വാല കെടുംമുന്‍പ്
ഞാനുമെത്താം .....
ഒഴുകാം നമുക്കൊരുമിച്ച്
കുന്നോളം കവിതകള്‍ നെഞ്ചില്‍തുന്നിചേര്‍ത്ത്
വരളാത്ത ഋതുക്കളിലേയ്ക്കും
തളരാത്ത ഓര്‍മ്മകളിലേയ്ക്കും ... !!

Thursday, January 10, 2013

ഉറ്റുനോട്ടം

ദൂരെയൊരുനാളില്‍ എന്നെ 
എനിക്ക് കാണാം 
കണ്ണീര്‍ക്കാലങ്ങള്‍ക്കക്കരെ ,
നീറും ചിന്തകള്‍ക്കും ,
ഓര്‍മ്മകളുടെ ശൈത്യകാലങ്ങള്‍ക്കും അപ്പുറം 
ഒരു നാള്‍ ...
അന്നും നിന്നെ ഞാന്‍ ഓര്‍ക്കുന്നുണ്ടാവുമോ 
അതോ നിന്നെ ഞാന്‍ മറന്നിട്ടുണ്ടാവുമോ ... 
നിന്നെ മറന്നെങ്കില്‍ അന്നും ആകാശം നരച്ചതും 
പ്രകൃതി മരവിച്ചതുമാവും !
 ഇല്ലെങ്കില്‍ ഇന്ന് ഞാന്‍ കാണുന്നതും 
ഒരു സ്വപ്നമാണ് ! 


Wednesday, January 9, 2013

കാലമറിയാതെ കവി

ചോദ്യചിഹ്നങ്ങളുടെ തലോടലില്‍
മതിമറന്നുറങ്ങുന്ന ചുവരുകള്‍ക്കുള്ളില്‍
തനിച്ചായ കവിയുടെ മടിയില്‍
ആണ്ടുകള്‍ മൃതിയടയുകയും
പുതിയത് ജനിക്കുകയും ചെയ്യുന്നു !
ഋതുഭേതങ്ങളറിയാതെ കവിതകള്‍ വിതുമ്പുന്നു !

പരിവര്‍ത്തനം

കുരുന്നുപച്ചയുടെ ചവര്‍പ്പില്‍നിന്നും 
കത്തുന്ന പഴംമഞ്ഞയുടെ മധുരത്തിലേയ്ക്ക് 
നിന്‍റെ  പ്രണയമെന്നെ മെനഞ്ഞെടുത്തു !