Monday, December 30, 2013

എഴുതാതിരുന്ന കവിത


നീ തന്ന പളുങ്ക്പേന
തറയില്‍ വീഴുമ്പോഴെല്ലാം
എന്നെയോര്‍ത്ത് എവിടെനിന്നോ
നീയൊന്നു വിതുമ്പിയോ
എന്നെഴുതാന്‍ ,
ഒരു വാക്ക്
എന്‍റെ താളിന്‍റെ തുമ്പില്‍ വന്നിരിക്കും
എങ്കിലും നിന്നെ ഓര്‍ക്കുമ്പോള്‍
എഴുതുന്നതൊന്നും കവിതയാവില്ല
നടുക്കടലിലെ കൊടുങ്കാറ്റില്‍
ഒറ്റപ്പെട്ടു പോയൊരു
കൊച്ചുതോണിയുടെ വിഭ്രാന്തിയോ ,
വെറും കണ്ണീര്‍പ്പാടുകളോ.. ??
അര്‍ത്ഥമില്ലാത്ത വാചകങ്ങള്‍
കറുത്ത മഷി പുതച്ച് ഉള്ളില്‍നിന്നും
പുറത്തുവരാതെ ഉറങ്ങി ..
നിന്നിലേയ്ക്ക് നടന്നതൊന്നും
യാത്രയായിരുന്നില്ല..
വഴികള്‍ എന്നെയും ചുമന്ന്
നീയില്ലാത്തിടത്തേയ്ക്ക്
വെറുതെ നീണ്ടുകിടന്നതുകൊണ്ട്
എന്‍റെ അലച്ചില്‍ അവസാനിച്ചുമില്ല ..
നിനക്കറിയാമോ
നിന്നെക്കുറിച്ച് ഞാന്‍
ഒന്നും എഴുതിയിട്ടില്ല..
നിന്നെക്കുറിച്ച് ഞാന്‍ ഒന്നും
എഴുതിയിട്ടേയില്ല.. 

Sunday, December 22, 2013

എന്നും എപ്പോഴും
എന്നും എപ്പോഴും സംസാരിച്ചു ..
ആരായിരുന്നു എന്ന് ചോദിക്കരുത്
ആരാണെന്ന് ഇപ്പോഴും അറിയില്ല
ചില ബന്ധങ്ങള്‍ക്ക്
പേരുണ്ടാവില്ലല്ലോ

എന്നും എപ്പോഴും സംസാരിച്ചു ..
എന്തിനെപ്പറ്റി എന്ന് ചോദിക്കരുത്
ഈ ലോകം മുഴുവന്‍ ചൂണ്ടിക്കാട്ടാന്‍
എന്‍റെയീ കവിതയുടെ ചൂണ്ടുവിരലിന്
ശേഷിയുണ്ടാവില്ല..

എന്നും എപ്പോഴും സംസാരിച്ചു..
അളവ് ചോദിക്കരുത്
ഇഴഞ്ഞു പോയ സമയത്തിന്
എങ്ങിനെ ചിറകുകള്‍ തുന്നിവച്ചുവെന്ന്
ഇപ്പോഴും എനിക്കറിയില്ല

എന്നും എപ്പോഴും സംസാരിച്ചു ..
ഇന്നെവിടെ എന്ന് ചോദിക്കരുത്
എപ്പോഴും ഉത്തരം തിരയാന്‍
ഒരു ചോദ്യം തന്നു പോയത്
എങ്ങോട്ട് എന്നെനിക്കറിയില്ല

എന്നൊക്കെയോ സംസാരിച്ചു
എന്തൊക്കെയോ സംസാരിച്ചു
സംസാരിച്ചുകൊണ്ടേയിരുന്നു
ഇന്നും ഉച്ചത്തില്‍
ഓര്‍മ്മകള്‍ സംസാരിക്കാറുണ്ട് ..

(ചുരുങ്ങിയ സമയം കൊണ്ട് ഓടി വന്ന് മനസ്സില്‍ ഒരു ഇരിപ്പിടം സ്വന്തമാക്കി,അതെ സമയം കൊണ്ട് മനസ്സില്‍ ഒരു ശൂന്യത നിറച്ച് വെറുതെ എങ്ങോട്ടോ ഇറങ്ങിപ്പോകുന്ന ചില ബന്ധങ്ങളുണ്ട് .. എല്ലാമായിരുന്നവര്‍ ഒന്നുമാല്ലാതാവുന്ന സന്ദര്‍ഭങ്ങളുണ്ട്.. ഒരു നിമിഷം പോലും അകന്നിരിക്കില്ല എന്ന് കരുതിയ ചിലത്, എന്നെന്നേയ്ക്കുമായി അപരിചിതമായി പോവാറുണ്ട്.. ജീവിച്ചു മാത്രം പഠിക്കേണ്ട പാഠമാണ് വിചിത്രമായ ഈ ജീവിതം. ഉടഞ്ഞും ഇടഞ്ഞും കലഹിച്ചും അന്യരായും പിന്നെ വരമ്പുകളില്ലാത്ത ലോകത്തിന്‍റെ തുറസ്സുകളില്‍ വെറുതെ ഒരു തരി മണ്ണായും നമ്മളിങ്ങനെ പറക്കും.. പ്രവചനങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അതീതമായ കണക്കുകള്‍ മെനയുന്നവനെ , ഇനിയും ഊരാക്കുടുക്കുകള്‍ കാട്ടിത്തരിക.. ഞങ്ങള്‍ പഠിക്കട്ടെ ജീവിതത്തിന്‍റെ മഹത്തായ ഉത്തരങ്ങള്‍.. )

Saturday, December 21, 2013

നീ എന്നതിലെ ഞാന്‍

"നീ" എന്ന ഒറ്റ വാക്കിനാല്‍ എഴുതിയതെല്ലാം കവിത
"നീ" എന്ന ഒരൊറ്റ ജീവനാല്‍ പഠിച്ചതെല്ലാം ജീവിതം
"നീ" എന്ന സൂര്യനാല്‍ ജ്വലിക്കുന്നതെന്‍റെ ഭൂമി
"നീ" എന്ന നിലാവില്‍ കുളിരുന്നതെന്‍റെ രാവ്
"നീ" എന്ന  ഒരു തുള്ളിയില്‍ എത്ര മഴക്കാലങ്ങള്‍
"നീ" എന്ന ഒരു പൂവില്‍ എത്ര വസന്തങ്ങള്‍
"നീ" എന്ന ഒരു തരിയില്‍ എത്ര തീരങ്ങള്‍
"നീ" എന്ന ഒരു കാറ്റില്‍  ഏതെല്ലാം ഗാനങ്ങള്‍
"നീ" എന്നതിലുപരി എന്ത് കവിത,
എന്ത് ജീവിതം,
എന്ത് ഋതു.. ?
"നീ" എന്ന വാക്കിനപ്പുറം ഒന്നും ഞാന്‍ പഠിച്ചിട്ടില്ല..
ഞാനെന്ന വാക്കിന്‍റെ നിലനില്‍പ്പ്‌ നിന്നിലല്ലോ .. !!

Tuesday, December 10, 2013

ചില കവിതകള്‍

കടലിനും തീരത്തിനും മാത്രമറിയാവുന്ന ഒരു സംഗീതമുണ്ടാവും.. അതിലേയ്ക്ക് നമ്മെ മാടിവിളിക്കുന്ന ഭാഷയില്ലാത്ത കാറ്റിന് കണ്ണീരിന്‍റെ ഉപ്പുരസം.. കടലിന്‍റെ ആഴത്തില്‍നിന്നും നീന്തലറിയാത്ത മരണം തീരത്തെ എകാകികളെ പഠിപ്പിക്കുന്ന രഹസ്യമുണ്ട്.. ആഴത്തിന്‍റെ.. ഞെരുക്കത്തിന്‍റെ... ശ്വാസം കിട്ടാതെ പിടയുമ്പോഴുള്ള കുറെ വരികള്‍... അതുകൊണ്ടാവാം കരയില്‍ വീണുപിടയുന്ന മത്സ്യത്തെപ്പോലെ ചില കവിതകളുണ്ടാവുന്നത് ..

അറവുശാലയിലെ ദയ

ഓരോ അറവുശാലകളിലും
പച്ചച്ചു നില്‍ക്കുന്ന
മരിച്ച ഇലകള്‍
ജീവിതത്തിന്‍റെ
ദയവാണ്..
പാലാഴിയില്‍ നിന്നും
പൊന്‍മുട്ടയില്‍നിന്നും
കൂരിരുട്ടിന്‍റെ
നിസ്സഹായതയിലേയ്ക്ക് നടക്കുമ്പോള്‍
കാട്ടിക്കൊതിപ്പികാന്‍ ജീവിതത്തിന്‍റെ
അവസാന കുറുക്കുവഴി.. 

വേനല്‍ജന്മം

ഓരോ വേനലും
എന്നിലാകെ ചുവന്നുപൂക്കുന്നത്
നിന്‍റെ ഓര്‍മ്മകളാല്‍
പൊള്ളുമ്പോഴാണ്...
നിന്നെ ഓര്‍ക്കാന്‍ മാത്രം
ഞാന്‍ വാകപ്പൂക്കാലമാകുന്നു..
ജീവിതം വേനലാവുന്നു..

കടല്‍പ്പാട്ട്

തിരകളും ചുഴികളും ആഴങ്ങളും
സ്നേഹത്തോടെ നോക്കുന്നുണ്ടാവും
ഇക്കിളികൂട്ടി നടന്ന ഒരു മീന്‍കുഞ്ഞിനെ
ഇപ്പൊ കാണാനില്ലല്ലോ
കരികല്ലുകള്‍ക്കിടലൂടെയും
കടല്‍പ്പൂക്കള്‍ക്കിടയിലും
ഒരു കാറ്റു കിതച്ചു നടന്നു..
വാലിന്‍റെ തുമ്പോളം വരച്ചുവച്ച
മഴവില്ലുകള്‍ വാനില്‍ തേടിപ്പോയി
കടലമ്മയുടെ കരഞ്ഞ കണ്ണുകള്‍..
തീരത്തെ കഥകള്‍
ചെതുമ്പലിനിടയിലൊളിപ്പിച്ച്കൊണ്ടുവരാന്‍
മീന്‍കുഞ്ഞു വൈകുന്നതോര്‍ത്ത്
ചിപ്പിക്കുള്ളിലൊരു മുത്തു വിതുമ്പി..
കടലും തീരവും കടന്ന്
കുരുന്നുവികൃതിയുടെ കുഞ്ഞിത്തോര്‍ത്തിലെ
വലിയ കൌതുകത്തിന്നിത്തിരിവെള്ളത്തില്‍
ആകാശം നോക്കി നൃത്തം ചെയ്യുന്ന പ്രിയമത്സ്യമേ
നിന്‍റെ പാട്ടിലെ വരികളിലൊരു
കടല്‍ തേങ്ങിയോ ?

(നേര്‍രേഖ മാഗസിനില്‍ ഡിസംബര്‍ മാസം പ്രസിദ്ധീകരിച്ചത്)

തൃത്താലയുടെ നിള

തുലാവര്‍ഷ ശോഭയിലീ തൃത്താല
നനയുമ്പോളതാ
തീരത്തിന്‍ മര്‍മ്മരങ്ങളില്‍
പൊന്‍ തുടി താള മേളങ്ങളുണരുകയായ്‌
നിലാവിലൊരു തായമ്പക
തനിയെ പാടുകയായ്‌ ...

പോയകാലത്തിന്‍ സ്മൃതികളില്‍
വര്‍ണ്ണങ്ങള്‍ നിറച്ചു നീ
എത്രയെത്ര കവിതകളില്‍
നിലയില്ലാതൊഴുകുന്നു നിളേ
ഈ സ്വപ്നഭൂമിതന്‍ നീരായ്
ഏതേതു കഥകള്‍ത്തന്‍ നേരായ്..

പ്രണയവസന്തങ്ങള്‍ ഓളങ്ങളില്‍
കുളിരായ് വിരിയുന്ന നേരത്ത്
ഒരു ബാല്യത്തിന്‍ സ്മരണയില്‍
തിരികയെത്താന്‍ കൊതിക്കുന്ന
ഹൃദയങ്ങളെത്രയാവാം ..

കുതിര്‍ന്ന ചിരി

ഏതോ മഴക്കാലത്തിന്‍റെ
വരാന്തയില്‍
ഉണക്കാനിട്ടിരിക്കുകയാണ്
എന്‍റെ ചിരികളെ..

Thursday, December 5, 2013

പാട്ട്

കനിവുറഞ്ഞു കല്ലിച്ച
ഹൃദയത്തിനാലെന്‍റെ
കവിതയിലേയ്ക്ക് തറഞ്ഞിരുന്ന്‍
മുകിലേ വാനമേയെന്ന്
പാടുന്നു നീ ..
ഒരു മഴ പെയ്യ്തിരുന്നെങ്കിലെന്നൊരു
വരിയുടെ മരുഭൂവില്‍
തീമണലിലമര്‍ന്നിരുന്നു ഞാനും..

Monday, December 2, 2013

നീ പിണങ്ങുമ്പോള്‍

നിന്നോടൊന്നു പിണങ്ങുമ്പോള്‍
മുഖം പൊത്തിക്കരയുമ്പോള്‍
നൂലു പൊട്ടിയ പട്ടം നോക്കി
ആകാശത്തോട് പരിഭവം പറയുന്ന
കുഞ്ഞു കുട്ടിയെപ്പോലെ ,
കയ്യില്‍നിന്നും വഴുതിപ്പോയ
പൂമ്പാറ്റയെ നോക്കി
പൂവ് പരാതി പറയും പോലെ,
എന്‍റെ പിന്നാലെ വരുന്ന നിന്നെ കാണാന്‍
എനിക്കെന്തിഷ്ടാണെന്നോ ..
എന്നെ പ്രതി നിനക്കുണ്ടാവുന്ന നോവില്‍
ഞാന്‍ വായിച്ചെടുക്കുകയാണ്
നമുക്കിടയില്‍ ഇരമ്പുന്ന പ്രണയക്കടലിനെ..

Saturday, November 30, 2013

നനയുന്ന കവിത

ചാരത്തു നിന്ന്
ചാറിയ മഴയില്‍
പൂവായ് മാറിയ
ഹൃദയമേ ,
നിന്‍റെ കൈക്കുമ്പിളില്‍
കോര്‍ത്തു വച്ച
ആകാശത്തിന്‍ ചോട്ടിലൂടെ
നനയാന്‍ നാളെയെത്തുന്നത്
ഏതു കവിതയാണ്.. ?

വെറുതെ

കവിതകള്‍ക്കൊണ്ട്
നമുക്ക് അടയാളം വയ്ക്കാം
പോയ കാലത്തില്‍
പച്ചച്ചു നില്‍ക്കുന്ന ഓര്‍മ്മകളില്‍,
ഇനിയും വാടാത്ത
ഇനിയുമുണങ്ങാത്ത ചിലതില്‍ ..!
എന്നിട്ട്
ആരുമറിയാതെ
ഒരു ഇരുട്ടുമുറിയുടെ ദൂരത്തില്‍
ഒരു രാത്രിയുടെ ഏകാന്തതയില്‍
കാത്തുനില്‍ക്കുന്ന പകച്ച വഴികളിലൂടെ
അടയാളങ്ങളിലേയ്ക്കൊന്ന്
ഓടിപ്പോയ് വരാം  ..
വെറുതെ.. !

അറിയേണ്ടത്

നിന്നെ ഓര്‍ക്കുമ്പോള്‍
കണ്ണുകളിലെ
ഈറന്‍ മറയ്ക്കാന്‍
ഞാനേത് മഴയാണ്
നനയേണ്ടത് ?
നിന്നിലേയ്ക്കു നീളുന്ന
ഹൃദയരേഖകളെ
ഏതു മഷിത്തണ്ടിനാലാണ്
ഞാന്‍ മായ്ക്കേണ്ടത് ?
നിന്‍റെ വഴികള്‍ കാണാതെ
ഇതാ ഇവിടെ
സ്വയം നഷ്ടപ്പെടാന്‍
ഏതു പ്രകാശമാണ്
പൊത്തിവയ്ക്കേണ്ടത് ?
നിന്നെയൊന്നു തൊടാതെ
നിന്നെയൊന്നു തിരിഞ്ഞു നോക്കാതെ
എന്നിലുരുവാകുന്ന അക്ഷരങ്ങളെ
എന്‍റെ സ്വന്തം അക്ഷരങ്ങളെ
താലോലിക്കാന്‍
ഏതു വിദ്യയാണ്
ഞാന്‍ ആര്‍ജ്ജിക്കേണ്ടത് ?

ക്രിസ്തുമസ് ട്രീ


ഒരു നക്ഷത്രത്തെ കയ്യെത്തിപ്പിടിക്കാന്‍
ഓരോ ദിവസവും വളരുന്ന ചില്ലയില്‍
പൂക്കളും,
പൂക്കളെ പോലെ രണ്ടു കിളികളും
കാത്തിരുന്നു ...
പ്രഭാതത്തിന്‍റെ വിളക്കുകള്‍
വീണ്ടും തെളിഞ്ഞപ്പോള്‍
അന്നൊരിക്കല്‍
ചില്ലയും പൂക്കളും കാണാതായി..
വഴിയോരം ചേര്‍ന്ന്
ഒരു മരക്കുറ്റിയുടെ
ഉണങ്ങാത്ത ചുനയില്‍
പകല്‍ കണ്ണീരു പോലെ തിളങ്ങി..
അടുത്ത വീട്ടിലെ ക്രിസ്തുമസ് ട്രീയുടെ
നെറുകില്‍ ഒരു വെളുത്ത നക്ഷത്രം
കയറില്‍ തൂങ്ങി
മരിച്ചു കിടന്നു..
രണ്ടു കിളികള്‍ മാത്രം
ആകാശത്തേയ്ക്ക് പറന്നു പോയി..

മൈന

കരുതിവച്ച പാലും പഴവും
രണ്ടു ചിറകുകള്‍ക്കായ്
ഇന്ന് ആകാശമാകെ തേടി ..
വാതിലിലെത്തിയ അതിഥി
മരണമെങ്കിലും
കവര്‍ന്നു പോയതെന്‍റെ
മൈനപ്പെണ്ണിനെയല്ലോ ..
എന്നുമെന്നെ വിളിച്ചുണര്‍ത്തുന്ന
പരിഭവത്തെ നുള്ളിയെടുത്തു
പോയല്ലോ ..
ഉമ്മറത്തെ എന്‍റെ
കിളിക്കൂട്ടില്‍ വായാടിമൈന
തൂവല്‍ കൊഴിച്ച് ,
എന്‍റെ പേരു പറയാതെ
മരണം പുതച്ചുകിടന്നു..
കിളിയൊഴിഞ്ഞ കൂടിനെ
ഞാനിന്ന് സ്വതന്ത്രമാക്കി ..
തുരുമ്പിച്ചു ചിതറിയെന്‍റെ കിളിക്കൂട്
മണ്ണിലേയ്ക്കിറങ്ങിപ്പോയി .. 

Friday, November 29, 2013

വൈകി കിട്ടുന്ന കത്തുകള്‍

വൈകിയെത്തുന്ന ചില കത്തുകളില്‍
അക്ഷരങ്ങള്‍ പുഴപോലെ ഒഴുകും
കടലുപോലെ മാടിവിളിക്കും ..
ജീവിതം തടവിലാക്കിയവര്‍ക്ക്,
ഒരു തിരിച്ചുപോക്ക്
സാധ്യമാകില്ലെന്നറിയാം
എങ്കിലും,
തപാല്‍പ്പെട്ടിയുടെ തുരുമ്പില്‍
കാലം കാത്തുവച്ച മായാത്ത
അക്ഷരങ്ങള്‍ക്കൊണ്ട്
നെഞ്ചിലൊരു
പ്രണയകുടീരം പണിതുയര്‍ത്തി
തിരിച്ചൊന്നുമെഴുതാതെ നമ്മള്‍ ..
ഇതാ മരണത്തിനു തൊട്ടുമുന്‍പ്
ഒരിക്കല്‍കൂടി തിരിഞ്ഞു നോക്കുന്നു..
ജീവിക്കാന്‍ മറന്നുപോയ ഋതുക്കളില്‍
നമ്മള്‍ എന്ത്ചെയ്യുകയായിരുന്നുവെന്ന്‍..

Wednesday, November 27, 2013

പാതി കവിത

കണ്ണ് ചിമ്മാതെ
കടലിനു കാവല്‍ നില്‍ക്കുന്ന
ലൈറ്റ്ഹൌസിന്‍റെ ഹൃദയത്തില്‍നിന്നും
ആകാശത്തേയ്ക്കുള്ള പടികളില്‍
തനിച്ചിരുന്നു കവിതയെഴുതുകയായിരുന്ന
കാറ്റിനെ ചാഞ്ഞു മുത്തുന്ന
മേഘത്തിന്‍റെ ചുണ്ടില്‍ കണ്ടോ ,
പാതി കവിത... 

ഉറക്കത്തിലെ മഴ

രാത്രിയില്‍
വീട്ടിലേയ്ക്കുള്ള വഴിയിലൂടെ
ഒരു മഴ
കുടവിരിച്ചു നടന്നു പോയത്രെ ..
മണ്ണിട്ട വഴിയിയുടെ ക്യാന്‍വാസില്‍
തേഞ്ഞചെരിപ്പുകള്‍ ഓര്‍മ്മപോലെ
ചിത്രം വരച്ചത് കണ്ടു ..
ഉമ്മറത്ത് വന്ന് തളര്‍ന്നിരുന്ന മഴയെ
ഞങ്ങളാരും കണ്ടില്ല...
എങ്കിലും ഉറക്കത്തില്‍
ഞാന്‍ മഴ നനയുകയായിരുന്നു..

ചരമക്കോളം

വടിവൊത്ത അക്ഷരങ്ങളുടെ താളില്‍
പത്രത്തിലൊരു ശ്മാശാനമുണ്ട് ..
കുനുകുനുത്ത വാക്കുകള്‍ക്കിടയില്‍
മക്കളും മരുമക്കളും
അച്ഛനും അമ്മയും നിരന്നു നില്‍ക്കും ..
പല തരത്തില്‍
പല അര്‍ത്ഥങ്ങളില്‍
പലരുടെ ചിരികള്‍ തമ്മില്‍ സംവദിക്കും
ചരമക്കോളത്തിന്‍റെ ആറടിമണ്ണില്‍ നാമെന്നും
പരിചയക്കാരെ തിരയുന്നു..
തൂങ്ങിമരിച്ചവനും
വണ്ടിക്കടിയില്‍പ്പെട്ടവനും
കറുമ്പനും വെളുമ്പനും
വിശ്വാസിയും
നിരീശ്വരവാദിയും ഒരേ താളിന്‍റെ
കറുത്ത അനുശോചനങ്ങള്‍ പങ്കിട്ടെടുക്കുന്നു ..
ഒരു ചിരി നമുക്കും കരുതിവയ്ക്കാം
ചരമക്കോളത്തിന്‍റെ അലങ്കാരത്തിലേയ്ക്ക്.. 

Tuesday, November 26, 2013

അറിവ്

അത്രത്തോളം കഠിനമായ
ഏകാന്തതയുടെ വേലിയേറ്റത്തിലും ,
അദൃശ്യമായ് വന്നെന്‍റെ
നൊമ്പരത്തിന്‍റെ നെറുകയില്‍
സിന്ദൂരം തൊട്ടുപോകുന്ന പ്രിയപ്പെട്ടവനെ,
എനിക്കറിയാം
നിനക്കെന്നോട് എത്രയാണ് ഇഷ്ടമെന്ന്.. !

വയല്‍

ഓര്‍മ്മയുടെ ഇരുവശങ്ങളിലും
പച്ചച്ചുനില്‍ക്കുന്നൊരു വയലില്‍
വേനല്‍ വിളവെടുക്കുന്നു..
വരമ്പിലൂടൊരു പൊന്‍കൊലുസ്സ്
മണികള്‍കിലുക്കി
കണ്ണില്‍നിന്നും മറഞ്ഞുപോകുന്നു..

നാടുവിട്ടു പോയവന്‍

ആളൊഴിഞ്ഞു കിടന്നിരുന്ന
വീടിന്‍റെ അടുക്കളയില്‍
തീകൂട്ടാന്‍ തുടങ്ങിയത് അവളാണ് ..
പുകപിടിച്ച കിടപ്പുമുറിയുടെ ചുവരുകളില്‍
നിശ്വാസങ്ങള്‍ക്കൊണ്ട്
നിറം പിടിപ്പിച്ചതും അവളാണ് ..
കളയും കാടുംപിടിച്ചു കിടന്ന മുറ്റം നിറയെ
ജമന്തിതൈകളും നാടാനവള്‍ മറന്നില്ല..
ഇവിടേയ്ക്ക് പോന്നപ്പോള്‍
ആ വീടും ഞാന്‍ നെഞ്ചില്‍ കെട്ടിക്കൊണ്ടുവന്നു..
പക്ഷെ അതിലവളുണ്ടായിരുന്നില്ല
അടുക്കളയിലവള്‍ ജീവനൂതിപ്പുകച്ച
ഒരടുപ്പുമാത്രം കെടാതെ കത്തിക്കൊണ്ടിരുന്നു.. 

ഒരുക്കം

രാത്രിയുടെ കുളിരില്‍
മരവിച്ചുനില്‍ക്കുന്ന പച്ചിലകളെ
കെട്ടിപ്പിടിച്ചു ചൂടാക്കാന്‍ ,
അസ്തമയം കുടിക്കാനിറങ്ങുകയാണ്
മഞ്ഞഫ്രോക്കിട്ട പൂമ്പാറ്റകളും,
കണ്ണാടിച്ചിറകുള്ള തുമ്പിപ്പെണ്ണുങ്ങളും ..

Monday, November 25, 2013

സമാശ്വാസം

തീരത്തെ കരിങ്കല്‍പ്പാറയില്‍
തലതല്ലി കരയുന്ന കടലിന്‍റെ
ശിരസ്സില്‍ തലോടി
വൃദ്ധനായ വെയില്‍ ,പ്രപഞ്ചത്തെ
സമാശ്വസിപ്പിക്കുന്നു 

Sunday, November 24, 2013

പ്രകൃതിയുടെ കവിത

മഞ്ഞു വീഴുമ്പോഴോ
ഇല കൊഴിയുമ്പോഴോ
കുമിള പോട്ടുമ്പോഴോ
നമ്മള്‍ കേള്‍ക്കാതെ പോകുന്ന
മൌനത്തിന്‍റെ ഒരു നെടുവീര്‍പ്പിലുമുണ്ട്
ഒരു ഹൃദയം മറ്റൊരു ഹൃദയത്തെ
തിരികെ വിളിക്കുന്ന കവിത 

മത്സ്യമോക്ഷം

കടലിന്‍റെ അടിത്തട്ടില്‍ ഒരു പുഴ
സ്വന്തം പേര് മായ്ച്ചു കളയുന്നു..
അതിലെ ഓളങ്ങള്‍ തിരകളില്‍ പറക്കുന്നു..
മത്സ്യങ്ങള്‍ വേഗങ്ങളുടെ
അതിരില്ലാത്ത ലോകം കാണുന്നു
കരയില്ലാത്തൊരു മണല്‍ക്കാട്
പുഴയില്‍ നിന്നും മാഞ്ഞും മറഞ്ഞും പോകുന്നു...
മുക്കുവന്‍ മാത്രം
ചൂണ്ടയുടെ കുരുക്കില്‍ മരണത്തെ തൂക്കിയിട്ട്
വറ്റിപ്പോയ പുഴയുടെ കരയില്‍
ഇന്നലെ കണ്ടൊരു മത്സ്യത്തെ
സ്വപ്നത്തില്‍ തിരികെ വിളിക്കുന്നു...
വിശാലമായ വലകളില്‍
മരണക്കുമിളകള്‍ കുടിച്ചിറക്കി
ആകാശം കാണുന്ന മത്സ്യത്തിന്
മോക്ഷമെന്നും കറിച്ചട്ടിയില്‍ തന്നെ.. 

പട്ടിണിമുഖങ്ങള്‍


വറ്റിയ അമൃതകുംഭങ്ങളില്‍
തിളയ്ക്കുന്ന സ്നേഹപ്രവാഹം ..
പൊള്ളിക്കറുത്ത കണ്‍തടങ്ങളില്‍
ഒരു കടലിന്‍റെ നിലവിളി ..
ദൈന്യത്തിന്‍റെ ഉണക്കവിരലില്‍
ഒരു പിഞ്ചുനാവ്‌ വരളുന്നു ..
ദരിദ്രാകാശങ്ങളിലൂടെ
പരന്നൊഴുകുന്ന വിശപ്പില്‍
മൃതപ്രായരായ നെടുവീര്‍പ്പുകള്‍ ..
പ്രപഞ്ചമേ സഖീ
നിന്‍റെ തിരുമുറിവുകളില്‍ വിങ്ങുന്ന
ഈ അമ്മയുടെ നോവിനെ
എന്തിനോടിനിയുപമിക്കും ഞാന്‍ ..
മരുഭൂമിയുടെ മാറിലേയ്ക്ക് നോക്കി
ഒരിറ്റു വെള്ളം ചോദിക്കുന്ന കുഞ്ഞേ
നിനക്കിനി ഞാനേതു താരാട്ട് പാടും.. ?

കടലിനെ കാത്തിരുന്ന കര


തല്ലിക്കൊഴിച്ചും ,
നിറയെ പൂവിട്ടും ,
മെല്ലെ മുളപൊട്ടിയും 
കുന്നില്‍ ചെരുവിലെ മരത്തില്‍ 
ഋതുക്കളുടെ തീരാനടനം
ഇരുളും വെളിച്ചവും പലതായ് മുറിഞ്ഞും 
പുനര്‍ജ്ജനിച്ചും ഇണചേര്‍ന്നുമങ്ങനെ ..
പാതിരാത്രിയില്‍ പെയ്യ്തു തോര്‍ന്ന 
ആകാശമാകെ 
ഇലക്കുമ്പിളില്‍ നിറച്ചുനിന്ന 
മാമരച്ചോട്ടിലേയ്ക്കൊരു
കൊടുംകാറ്റഴിഞ്ഞു വീണതും
നനഞ്ഞൊഴുകുന്ന കണ്ണാടിച്ചില്ലിനപ്പുറം
പുഴപോലെ നീയും
നരകമുഖത്തേയ്ക്കു തുറന്നിട്ട
വഴിയില്‍
പകച്ചു പോയ ഞാനും ..
ചൊല്ലാനൊരു കവിതയില്ലാതെ
പറയാനൊരു ഭാഷയില്ലാതെ
എഴുതാനൊരു ലിപിയില്ലാതെ
ഒരു കൊടുംകാറ്റിന്‍റെ
ഉദ്ഭവം തിരയുകയാണ് ഞാന്‍
നിന്‍റെ ഒഴുക്കിലെ ഉറവ തേടുകയാണ് ഞാന്‍
എന്നില്‍ നീ തീര്‍ത്ത വിജനമായ തീരം
ഒരു കടലിനു വേണ്ടിക്കാത്തിരിക്കുന്നു ..
ഒഴുകി വറ്റാതെ ,
തീരത്തെ വന്നു പുണരണം നീ.. 

Saturday, November 23, 2013

അമ്മയില്‍ നിന്നും പറന്നകലുന്ന മകള്‍

എത്ര തിരികള്‍
എന്‍റെ പ്രാര്‍ത്ഥനകള്‍ക്കൊപ്പം ഉരുകിയിട്ടാണ്
മകളെ ഒടുവില്‍
നീയെന്‍റെ ഗര്‍ഭാശയഭിത്തിയോട് ചേര്‍ന്നിരുന്ന്
ജീവശ്വാസം പകുത്തെടുത്തത് ..
ഏതെല്ലാം വേദനകളെ കീറത്തുണിയില്‍
പൊതിഞ്ഞു മാറ്റി വച്ചിട്ടാണ്
ഒരു  താരാട്ടില്‍ നിന്നെ  ഞാന്‍
പട്ടുപൊതിഞ്ഞുറക്കിയത് ..
ഏതേതു തെരുവുകളില്‍
ഏതെല്ലാം നാടകങ്ങളില്‍
അമ്മയെന്ന മുഖത്തെ ഭദ്രമായ്‌ മൂടിവച്ച്
ഞാനെന്‍റെ
ചായം പുരട്ടിയ ചുണ്ടുകള്‍ക്കടിയില്‍
നിനക്കായുള്ള വാത്സല്യത്തെയും
പൊതിഞ്ഞുപിടിച്ചു..
ഏതു സന്ധ്യയുടെ മറവിലാണ്
അമ്മമാറിന്‍റെ കരുത്തില്‍ നിന്നും
പ്രലോഭനങ്ങളുടെ
മയക്കുമരുന്നുകളിലേയ്ക്ക്
നിന്‍റെ ചിറകുകള്‍ തളര്‍ന്നുവീണത്‌ ?
നിന്നെയൊന്നെത്തിപിടിക്കാനാവാതെ
അമ്മയുടെ കൈകളില്‍ കാലം വിലങ്ങുതീര്‍ത്തത്
ഏതു ദു:സ്വപ്നത്തിന്‍റെ കയത്തിലെറിഞ്ഞത്.. 

Friday, November 22, 2013

രാത്രിയുടെ മിന്നല്‍

പ്രകാശം നഷ്ടമായ ഇരുള്‍മുഖത്തു നിന്നും
മിന്നലുകള്‍ തേടിപ്പോകുന്നത്
മറന്നു വച്ച എന്തിനോവേണ്ടിയാവാം ...
തിരിച്ചു കിട്ടുമോ എന്ന്
മണ്ണിന്‍റെ കെട്ടുപിണഞ്ഞ വേരുകളില്‍ പോലും
പരതിനടക്കുന്ന മിന്നലിന്‍റെ
നെഞ്ചില്‍ തറച്ചുവച്ചൊരു വാള്‍
ഞാന്‍ കണ്ടിട്ടുണ്ട്.. 

Wednesday, November 20, 2013

ബാല്യം

അന്ന് ഞാന്‍ നിനക്ക് വേണ്ടി ചുട്ടുവച്ച മണ്ണപ്പങ്ങള്‍
മണലിലെത്ര കാലം നിന്നെയും കാത്തിരുന്നപ്പോഴാണ്‌
കാല്‍വിരലുകളില്‍ നീ അവയെ കോര്‍ത്തെടുത്തത് ?
എന്‍റെ ഓലക്കണ്ണടയ്ക്കുള്ളില്‍
നിന്‍റെ വട്ടമുഖം തെളിഞ്ഞുകാണാന്‍
എത്ര ഋതുക്കളിലൂടെ പറന്നു ,
ഉണക്കുവീണിട്ടുമെന്‍റെ പ്രിയ ബാല്യം..
പാതി കീറിയെടുത്ത പ്ലാവിലയെ കാറ്റാടിയാക്കി
ഒരു വട്ടം മുറ്റം ചുറ്റി ,
പിന്നെ ഞാനപ്രത്യക്ഷയായത്‌ നിന്‍റെ ലോകത്തേയ്ക്കല്ലേ ..
എങ്കില്‍ ഞാന്‍ നിനക്ക് വേണ്ടിയുണ്ടാക്കിയ
ആ പഴയ കാറ്റാടി ഇന്നും നിന്നില്‍ കറങ്ങുന്നുണ്ടോ ??

ഉപേക്ഷിക്കപ്പെട്ട ജീവിതങ്ങള്‍..

വീശിത്തണുപ്പിക്കാന്‍
കാറ്റുപോലുമില്ലാത്ത വഴികളില്‍
സൂര്യനും
പഴുത്തുകിടന്നു വിശ്രമിക്കും,
അതിലൂടെ
തനിച്ചു പോകേണ്ടിവരുമ്പോഴാണ്
ഓര്‍മ്മകളും കൂടെ നടക്കുന്നത് ..
എതിര്‍ദിശയിലേയ്ക്ക്
മുഖംതിരിഞ്ഞു നില്‍ക്കുന്ന
നിഴലിലേയ്ക്ക്
ചുരുങ്ങിച്ചേരുന്ന തണല്‍ മരങ്ങള്‍ നോക്കി
ഒരിലയുടെ കടാക്ഷം കൊതിച്ച
നിമിഷങ്ങളില്‍നിന്നും
മുറിവുകളെ ചേര്‍ത്തു പിടിച്ച്
മരണം കൊതിച്ചു നടന്നെത്തിയത്‌
ഏതു നഷ്ടത്തിന്‍റെ സ്മൃതി്മണ്ഡപത്തിലാണ് .. ?
മഴപൂക്കുന്ന വീട്ടുമുറ്റത്തെ
മറവിതുന്നുന്ന അമ്മയുടെ മടിയിയില്‍ നിന്നും
ആകാ്ശത്തിലെ കാര്‍മേഘത്തോട്ടത്തില്‍
കാവല്‍നില്‍ക്കുന്ന അച്ഛന്റെ ഓര്‍മ്മയില്‍നിന്നും
തനിച്ചിറങ്ങിവന്ന വേനല്‍പ്പാതകളില്‍
തിരിഞ്ഞുനോക്കുമ്പോഴെല്ലാം
മാഞ്ഞുപോയിരുന്നെങ്കിലെന്നു കൊതിക്കുന്ന
ചിത്രമാരുടതാണ്.. ?
ഒടുവിലീ പുകഞ്ഞ ഭിത്തിക്കുള്ളില്‍
ഒറ്റമുറിയുടെ തറയിലെ
നഗ്നമായ തണുപ്പോട് ചേര്‍ന്ന്
വെള്ളപുതച്ചുകിടക്കുന്ന അപരിചിതനിലേയ്ക്ക്
കാലം പര്യവസാനിക്കുമ്പോള്‍ ,
ഭ്രാന്തുപെരുകിയ തലച്ചോറില്‍,
അനാഥമായിപ്പോയൊരു താരാട്ടിന്‍റെ
ഈരടികള്‍ തപ്പിയെടുക്കാന്‍ ശ്രമിച്ചുകൊണ്ട്
അമ്മയെന്ന്
ആരോ പണ്ട് പേരിട്ടൊരു സ്ത്രീയും
എവിടെയോ മരിച്ചുവീഴുകയായിരുന്നു..

(വായനാമുറിയില്‍ പ്രസിദ്ധീകരിച്ചത്) 

സമുദ്രം സൂക്ഷിക്കുന്നത്

എത്ര കാലങ്ങള്‍ കിതച്ചുകൊണ്ടോടി നമുക്കിടയിലെ മൌനത്തില്‍ .. ഹൃദയങ്ങളുടെ വിരല്‍വിടവില്‍ എത്ര നദികള്‍ കടലോട് ചേര്‍ന്നു.. കണ്‍പീലിത്തടത്തിലൂടെ നിന്നിലേയ്ക്കയച്ച എന്‍റെ കവിത പാതി വഴിയില്‍ വറ്റിനിന്നതെന്താണ് ?? ഏതു ഭാഷയുടെ ശബ്ദതാരാവലിയിലാണ് പ്രണയമേ എന്ന് വിളിച്ചുകൊണ്ട് നീ അലയുന്നത്.. ? ഏതു വാക്കുകളിലാണ് നീ എന്നെ തിരയുന്നത്.. കണ്ണുകളുടെ മടപൊട്ടിച്ച് നീ ഒഴുകിപ്പോകാതിരിക്കാനാണ് ഇന്നും ഞാന്‍ പൊട്ടിക്കരയാത്തത്.. ഒരു സമുദ്രം കോരിയെടുത്ത് ഉള്ളില്‍ സൂക്ഷിക്കുന്നത്..

Tuesday, November 19, 2013

നോവില്‍ തിളങ്ങുന്നത്

നീയില്ലാത്ത ശൂന്യതയുടെ
വേവുകളും കോച്ചുന്നകുളിരും
കടന്നുവന്നതു കൊണ്ടാണ്
വീണ്ടും വീണ്ടും
നിന്‍റെ പ്രണയത്തിന്‍റെ അഗ്നിത്തുരുത്തുകളില്‍
മന:പ്പൂര്‍വ്വം ബോധമറ്റു വീഴുന്നത് ...
ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍
എപ്പോഴും ബാക്കിതന്നുപോവുന്ന
ക്ഷതങ്ങളില്‍ മരുന്ന്പുരട്ടാതെ കാക്കുന്നത്
എന്‍റെ തീരാനോവുകളിലെങ്കിലും
നിന്‍റെ മുഖം കാണാനാണ്... 

സ്ത്രീധനം

അയലത്തെ വീട്ടിലെ സുന്ദരിപ്പെണ്ണ്‍
ഈയിടെയാണ്
പ്രത്യാശയുടെ നൂറുപവനുമായി
പട്ടിണിയുടെ ചോരുന്ന വീട്ടില്‍ നിന്നും
അത്യാഗ്രഹത്തിന്‍റെ കോട്ടയിലേയ്ക്ക്
കെട്ടിക്കയറിവന്നത്.
ഒരു തവണയെ ഞാനവളെ കണ്ടിട്ടുള്ളു
നീണ്ട വാലുകളുള്ള കണ്ണില്‍ നിന്നും
രാത്രിയുടെ തൊങ്ങലുകള്‍ മുള്ളുകള്‍ പോലെ
നീണ്ടു നിന്ന് മിന്നലുകള്‍ പായിച്ചു.
ഇടയ്ക്കിടെ
താളവും ശ്രുതിയുo ഇമ്പവുമുള്ള
അടങ്ങിയ കരച്ചില്‍
എന്‍റെ വീടിന്‍റെ കോണികയറിവരും.
കാരണമറിയാത്ത ഉല്‍കണ്ഠ
എന്നില്‍ നിന്നും ഇഴഞ്ഞിറങ്ങി
ഭദ്രമായി പൂട്ടിയ
അവരുടെ വലിയവീടിന്‍റെ പടിക്കലെത്തി
അകത്തേയ്ക്കു നോക്കും
പിന്നെ
ഒന്നും മിണ്ടാതെ തിരിച്ചെത്തും..
അവള്‍ വന്നതില്‍ പിന്നെ
ആ വീടിനു മുറ്റം നിറയെ ചുവന്ന പൂക്കളാണ്
അകത്തളങ്ങളും കണ്ണീരുപോലെ
തിളങ്ങാന്‍ തുടങ്ങിയെന്ന്
ആരോ അടക്കം പറഞ്ഞു.
ചില രാത്രികളിലെ നിലാവത്ത്
കള്ളുകുഴയുന്ന രാക്ഷസനാവിന്‍റെ
അട്ടഹാസം
ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു..
എന്‍റെ വിചാരങ്ങള്‍ക്കും
അയാളുടെ പിടിവാശിക്കും നടുവില്‍
ചന്ദനനിറമുള്ള ഏതോ ദാരിദ്ര്യം
സിഗരറ്റുകുറ്റികളാല്‍ പൊള്ളി മുറിവേറ്റു ..
പിന്നെയൊരു ദിവസം
റെയില്‍വെ പാളത്തില്‍
ചോര്‍ന്നു പോയ ഒരു പാട്ടിനൊപ്പം
ഒരു തുണ്ടാകാശവും ചിതറിപ്പോയത്രേ ..
ആ മുറ്റത്തു പിന്നീടൊരിക്കലും
പൂക്കാതെ പോയ ചുവന്ന പൂക്കള്‍
ഒരായിരം ചോദ്യങ്ങളോടെ എനിക്ക്
മുന്‍പില്‍ വിരിഞ്ഞുനിന്നു ..

(മലയാള മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്‌ )

അമ്മയെന്ന ആകാശം

നിന്‍റെ നെഞ്ചിന്‍ മടിയില്‍
കാത്തുവച്ചുവോ അമ്മെ
എന്‍റെ ചെറുവിരലുകളും
തത്തിക്കളിച്ച കാല്‍പ്പാടുകളും ..
നനുത്ത പാദങ്ങള്‍ക്കൊണ്ട്
ആ മനസ്സിന്‍റെ പടിക്കല്‍നിന്നും
ചരലുകളുള്ള മുറ്റത്തുനിന്നും
ആകാശം തേടി പോയപ്പോള്‍
എനിക്കറിയില്ലാരുന്നു
മറ്റാര്‍ക്കും കാണാനാവാത്ത
ഒരു നൂറാകാശങ്ങളാണ്
ഞാന്‍ തിരസ്കരിച്ചതെന്ന്.. 

വേരുകള്‍

ചെറുചെടിയെന്നു കരുതിയാണോ
പിഴുതുമാറ്റിയത് ?
ചുനയുണങ്ങാത്ത വേരുകളോട് ചോദിക്കൂ
പൊട്ടിച്ചെടുത്ത നാഡികള്‍
പ്രണയംനിറച്ചുപടര്‍ന്നത് നിന്‍റെയീ മുറ്റത്തുമാത്രമല്ല
നിന്‍റെ ഭൂമിമുഴുവനുമാണ്...

മനുഷ്യരുടെ നിറങ്ങള്‍

വെളുപ്പിനും കറുപ്പിനുമിടയില്‍
അക്കരപ്പച്ചയുടെ നേരിയ വരയുണ്ട്
കറുത്ത പുതപ്പിന് വേണ്ടി നഗ്നരായവര്‍
സൂര്യതാപത്തില്‍
മലന്നും കമിഴ്ന്നും കിടക്കുന്നു..
വെളുത്ത മേലങ്കിക്ക് വേണ്ടി കറുമ്പന്മാര്‍
സകല പരസ്യങ്ങളും
പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നു..
വിധി  അടിമകളാക്കിയവരുടെയും
കാലം മുതലാളികളാക്കിയവരുടെയുമിടയില്‍
കട്ടപിടിച്ച അസൂയ്യ
ചുവന്നൊഴുകുമ്പോള്‍
നിറയുന്ന പെട്ടികളിലെ
കടലാസുകളുടെ നിറം
ചോരയുടേതാണോ ?
വെളുത്ത വേട്ടക്കാരുടെയും
കറുത്ത ഇരകളുടെയും നടുവില്‍
ആകാശം വിഷംകുടിച്ചു നീലിച്ചു ..
എത്ര കടലുകളില്‍ ഒഴുക്കിവിട്ടു
വര്‍ഗ്ഗീയരായ നമ്മുടെ ഉടലിന്‍റെ ചെളി ..
മനസ്സു മാത്രം തെളിയാതെ
മത്സരിക്കുന്നു നാമെന്നും
ഇല്ലാത്ത നിറത്തിന്‍റെ ഉറവകള്‍ക്കായി  ..

Monday, November 18, 2013

മരുഭൂമിയിലെ മഴ

തിളക്കുന്ന എന്‍റെ നെഞ്ചിലെ
വിശാലതയിലേക്ക്  
ഒരു കുടം മേഘക്കുളിരുമായി
തട്ടിമറിഞ്ഞു വീണപ്പോള്‍
നിന്‍റെ കുടത്തിനടിയില്‍
മോഷ്ടിച്ചുവച്ച എന്‍റെ നാടിന്‍റെ മണം
തിരിച്ചുകിട്ടി..
കള്ളീ,
നീ മോഷ്ടിച്ചാലും വാരിയണിഞ്ഞാലും
എന്‍റെ വീടിന്‍റെ
വേലിത്തലപ്പോളമെങ്കിലുമെത്തുമോ
നിന്‍റെ ആനച്ചന്തം .. !!

പൂട്ടിവച്ച മുഖങ്ങള്‍

ചിലരങ്ങനെയാണ്
ജീവിതത്തെ ഒരു കവിതപോലെ കൊണ്ടുനടക്കും
ആരെയും കാണിക്കാതെ ഹൃദയത്തില്‍
പാസ്‌വേര്‍ഡിട്ടു സൂക്ഷിക്കുന്ന ചില മുഖങ്ങളെ
ആരാരും കാണാതെ തുറന്നു നോക്കും..
ആരുമില്ലാത്തപ്പോള്‍ ഒന്ന് വായിക്കും
ഓര്‍മ്മകളിലെ ചില വരികള്‍.. 

Sunday, November 17, 2013

കോര്‍ത്തിടുന്നത്

കടലിനെ കാറ്റുപേക്ഷിക്കാറില്ല..
നിത്യം നിരന്തരം ചുംബനത്തിരകളില്‍
മടുക്കാതെ കടലൊരു രാജാവും
കാറ്റൊരു റാണിയുമാകും..
തീരത്തിന്‍റെ മണല്‍പ്പരപ്പില്‍
നമ്മളെഴുതിച്ചേര്‍ത്ത എത്ര കവിതകളാണ്
കടലിന്‍റെ പവിഴപ്പുറ്റുകളില്‍
അത് കോര്‍ത്തിട്ടിരിക്കുന്നത് .. 

വിട്ടു കളഞ്ഞ ആകാശം

നീ തിരിച്ചുപിടിച്ച
ആകാശത്തെയും മഴവില്ലിനെയും ഉപേക്ഷിച്ച്
ഭൂമിയുടെ തുറക്കപ്പെടാത്ത
ഇരുട്ടിലേയ്ക്ക് നടക്കുകയാണ് ..
അവിടെ കണ്ടെത്തുവാനായേക്കും
ഓര്‍മ്മയുടെ
ബഹുവര്‍ണ്ണങ്ങളുടെ കണ്ണീര്‍നനവെങ്കിലും .. 

Saturday, November 16, 2013

ഉപേക്ഷ

നിന്‍റെ തീരത്ത്‌ തകര്‍ന്നിരുന്നിട്ടും
കാറ്റുമായ് വന്നെന്‍റെ മുറിവിലൊന്നു
തൊട്ടില്ലലോ കടലേ നീ..
മുങ്ങി മരിക്കുമ്പോഴും
കരയില്‍ നിന്നൊരു കൈത്താങ്ങ്‌
തന്നില്ലല്ലോ പ്രിയപ്പെട്ട തീരമേ നീ .. 

Friday, November 15, 2013

വില്‍പ്പന

ജീവിതം
ആര്‍ക്കോ തീറെഴുതിക്കൊടുത്തു.. !
ബാക്കിവന്ന
ഓര്‍മ്മകളെല്ലാം പെറുക്കിവിറ്റ്
ഞാനൊരു കവിത വാങ്ങി !
അടിമയായ കവിത
കണ്ണീരുംതൂകി കടലാസ്സിന്‍റെ മൂലയില്‍
കുത്തിയിരുന്നു !
പിറ്റേന്ന് ഞാനും
ജീവിതം കൊടുത്ത് വാങ്ങിയ കവിതയും
തീയില്‍ ചാടിമരിച്ചു.

പായല്‍

പാറകളുടെയുള്ളില്‍
മഴപെയ്യ്തു തോരാത്തതുകൊണ്ടാണ്
പുറമേ നനഞ്ഞു നനഞ്ഞ്
കാടുകള്‍ പച്ചച്ചു നില്‍ക്കുന്നത് ..
ശിലാഹൃദയത്തില്‍
ഇളം വെയില്‍
ഒളിഞ്ഞുനോക്കുമ്പോഴാണ്
കാടുകള്‍ നിറംമങ്ങി
ഒളിച്ചുനില്‍ക്കുന്നത് ..
കിണറുകള്‍

എത്ര കോരിയാലും
വറ്റാത്തൊരു കിണറുണ്ട് വീട്ടില്‍
ഏതു വേനലിലും
തണുത്തു നില്‍ക്കുന്നൊരു കിണറാണ്
ഏതറുതിയിലും
അമ്മയുടെ വിരല്‍ത്തുമ്പില്‍
നിറഞ്ഞു നില്‍ക്കുന്ന
സ്വാദുള്ള സ്നേഹം പോലെ ,
ചില കിണറുകള്‍ ഉള്ളില്‍
ഉപ്പില്ലാത്തൊരു കടലും
സൂക്ഷിക്കുന്നുണ്ടാവും ... !


Thursday, November 14, 2013

കാണാന്‍ കൊതിയുള്ളത്

എന്‍റെ കണ്ണുകളെ പ്രണയിക്കുന്ന നിനക്ക്
ഞാനിത് ചൂഴ്ന്നു തരാം..
പകരം ചെമ്പരത്തിപ്പൂവ് പോലുള്ള
നിന്‍റെ ഹൃദയം ഒരുവട്ടം എന്നെ കാണിക്കാമോ ..

മനസ്സും മഷിയും തമ്മിലുള്ള മത്സരം

അഗ്നിയില്‍ വേവുന്ന
സ്വന്തമല്ലാത്ത വാക്കുകള്‍
മനസ്സിനു ചോട്ടില്‍
കനിവ് തേടുമ്പോള്‍
കവിതേ നിന്നെ വിട്ടു ഞാനും
കനലിലേക്ക് നടക്കുന്നു
പൊള്ളി വീഴുന്നത് നീയോ
അതോ ഞാനോ ?

Wednesday, November 13, 2013

ആളിക്കത്തുന്നത്

വെട്ടിയിട്ട വള്ളിപ്പടര്‍പ്പിലും
എത്ര വിശ്വാസത്തോടെയാണ്
പൂക്കള്‍ ചിരിച്ചുനില്‍ക്കുന്നത്..

പൊട്ടിയ അക്വേറിയത്തിലും
എത്ര വാശിയോടെയാണ്
മത്സ്യങ്ങള്‍ നീന്തുന്നത് ..

ചോരുന്ന ചിന്തകളിലും
എത്ര ഉന്മേഷത്തോടെയാണ്
കവിതകള്‍ ജനിക്കുന്നത്.. 

കലഹം

കലഹിക്കുന്നത് നമ്മുടെ ഹൃദയങ്ങളല്ല
വാക്കുകളുമല്ല,
പ്രണയം മൂര്‍ച്ചകൂട്ടിവച്ച നമ്മുടെ
മൌനങ്ങള്‍ തമ്മിലാണ് ..
മുറിവേല്‍ക്കുന്നതോ
ഏകാന്തതയുടെ മുനകള്‍ക്കും.. 

വിയര്‍ക്കുന്ന കണ്ണീര്‍

പ്രാരാബ്ധത്തിന്‍റെ ദേശത്തുനിന്നുമുള്ള
ഒറ്റവണ്ടിയില്‍ കയറി
ഓര്‍മ്മകളുടെ വഴിലൂടെ തിരിഞ്ഞുനോക്കാതെ
പാഞ്ഞുപോകുമ്പോള്‍ ,
ആഞ്ഞടിക്കുന്ന
ഉപ്പുകാറ്റില്‍ കണ്ണുകലങ്ങാതിരിക്കാന്‍
ശ്രദ്ധിച്ചിരുന്നു ..
ഉള്ളിലൊരു പെരുമഴക്കാലം
കരഞ്ഞുനിലവിളിച്ചപ്പോള്‍
കാതുകളുടെ വാതിലുകള്‍
കൊട്ടിയടയ്ക്കാനും മറന്നില്ല ..
സൂചിമുനകള്‍ പോലെ
നിസ്സഹായമായ നോട്ടങ്ങള്‍
നാഡികളിലേയ്ക്ക് ആഴ്ന്നപ്പോള്‍
പൊട്ടിച്ചിരിച്ചത് അഭിനയമായിരുന്നെന്ന്
ആരുമറിഞ്ഞില്ല..
മുറ്റത്തെ അമ്മമണത്തില്‍ നിന്നും
മരുഭൂമിയുടെ ചൂടിലേക്ക്
പറിച്ചുനട്ടൊരു ചെടിയുടെ വേരുകള്‍
കടലുകള്‍ക്കക്കരെ ചോരയൊലിപ്പിക്കുമ്പോള്‍
മണലില്‍ വീണുണങ്ങിയ ഇതളുകളും
പൊട്ടിക്കരഞ്ഞിട്ടുണ്ടാവും
ആരും കാണാതെ,
ആരും കേള്‍ക്കാതെ.. !
പാതവിളക്കിനു താഴെ
ചാരുകസേരകള്‍ ഒറ്റപ്പെടുമ്പോള്‍
കൈകളില്‍ തലയുടെ ഭാരംവച്ച്
കണ്ണുകള്‍ നിലത്തേയ്ക്ക് കൊഴിയുമ്പോള്‍
ദൂരെയൊരമ്മ മടിയില്‍ നിന്നും
മണ്ണെണ്ണവിളക്കിന് ചോട്ടിലേക്ക്
ഇറക്കിവയ്ക്കുന്ന നോട്ടുകള്‍ നനഞ്ഞത്‌
മകന്‍റെ വിയര്‍പ്പിലോ
അമ്മയുടെ കണ്ണീരിലോ ?

ഹയാന്‍


മുറ്റമടിച്ചപ്പോള്‍ കൂട്ടിയിട്ട കരിയിലകളെ
വീണ്ടും മുറ്റമാകെ പറത്തിയപ്പോള്‍
നിന്നോടെനിക്ക് സ്നേഹമായിരുന്നു ..
ഓടിനടന്നെന്‍റെ പൂക്കളെയാകെ
കൊരിത്തരിപ്പിച്ചപ്പോഴും ,
പുതുമഴക്കുളിരില്‍
വെളിച്ചം മെല്ലെ പാത്തുനിന്ന
വരാന്തയുടെ ചൂടിലേയ്ക്ക്
കുട്ടിയുടെ കുസൃതിയോടെ കയറിവന്ന്,
ഓല മേഞ്ഞ വീടിന്‍റെ പാവാടത്തുമ്പാകെ നനച്ചിട്ട്‌
കൈകൊട്ടിച്ചിരിച്ചപ്പോഴും
നിന്നോടെനിക്ക് വാത്സല്യമായിരുന്നു..
പ്രഭാതങ്ങളുടെ മഞ്ഞുമൂടിയ കവലയില്‍
പതുങ്ങിനിന്ന് ,
വഴിയോരങ്ങളുടെ അനാഥമായ വിങ്ങലുകളില്‍,
വൃണങ്ങളില്‍
പൂക്കള്‍ കൊണ്ടുവന്ന്
വിതറി സമാശ്വസിപ്പിച്ചു..
ആളനക്കമില്ലാത്ത ശ്മശാനമൂകതയില്‍
നീ പുതിയ പാട്ടുകള്‍ പാടിപ്പടിച്ചു...
മുളംകാടുകളുടെ ഏകാന്തമൌനത്തിലേയ്ക്ക്
പ്രണയത്തോടെ നീ ചുണ്ടുകള്‍ ചേര്‍ത്തു..
കടലിന്‍റെ വിരിമാറിലെ
നിലക്കാത്ത ഓളങ്ങളില്‍നിന്ന്,
ദൂരം തേടുന്ന പക്ഷിച്ചിറകിലെ
ഊര്‍ജ്ജത്തില്‍ നിന്ന്
മനസ്സ് നിറഞ്ഞ പൂക്കാലങ്ങളുടെ
സന്ദേശത്തില്‍ നിന്ന്
എപ്പോഴാണ് നീ ഭ്രാന്തമായ ജ്വരയോടെ
പിഞ്ചുകുഞ്ഞുങ്ങളെ
കൊന്നൊടുക്കാന്‍ തുടങ്ങിയത് ?
പ്രകൃതിയുടെ കളിത്തൊട്ടിലില്‍നിന്നും എന്നാണു നീ
കെടുതിയുടെ തുറസ്സിലേയ്ക്ക് വളര്‍ന്നത്‌ ?
നീയിന്നലെ നിരത്തിയിട്ടത്
എന്‍റെ മുറ്റത്തെ കരിയിലകളല്ല
ചങ്കും കരളും
ചിന്തകളും സ്വപ്നങ്ങളുമുള്ള ആയിരങ്ങളെയാണ്
പതിനായിരങ്ങളെയാണ് .. !!
നീയിന്നലെ കുലുക്കിവീഴ്ത്തിയത്
വഴിവക്കത്തെ പൂക്കളെയല്ല ,
ഒരു ദേശത്തിന്‍റെ ഹൃദയമിടിപ്പുകളെയാണ് !!
ഇന്നലെ നീ ഓടിനടന്നത്
പാട്ടിന്‍റെ താളത്തിലൂടെയല്ല ,
അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഗര്‍ഭിണികളുടെയും
വൃദ്ധന്മാരുടേയും, രോഗികളുടെയും
താളമില്ലാത്ത തീരാത്തേങ്ങലിലൂടെയാണ് ,
ചവുട്ടി മെതിച്ചത് പിഞ്ചുമൊട്ടുകളെയും
വിടരാത്ത പൂക്കളെയുമാണ്‌.. !!
എരിയുന്ന മെഴുകുതിരി വെട്ടത്തില്‍
കണ്ണീരു വീഴുമ്പോള്‍
അതിലൊറ്റക്കിരുന്നു നീയും വിതുമ്പരുത്..
അശ്രുസാഗരത്തിലെങ്കിലും ഓളമായി നീ
തഴുകരുത് ..
നീ പ്രഹരിച്ചു വീഴ്ത്തിയവര്‍ക്ക് വേണ്ടി
കൊന്നു കൂട്ടയവര്‍ക്ക് വേണ്ടി
ഞങ്ങള്‍  പ്രാര്‍ഥിച്ചോട്ടെ..  

Sunday, November 10, 2013

മനസ്സെന്ന പുഴ

കടലുപോലെ ചില പുഴകളുമുണ്ട്
ഒഴുകുന്നവയെങ്കിലും കരകാണാത്തതും
ലക്ഷ്യമില്ലാത്തതും ..
എപ്പോഴൊക്കെയോ മനസ്സും ഒഴുകുന്നു
ലക്ഷ്യമില്ലാതെ , കരകാണാതെ..
ഒതുക്കിപ്പിടിക്കാത്ത
ചിന്തകളുടെ വിശാലതയിലൂടെ .. 

പ്യൂപ്പ

ചിറകുകള്‍ മുളയ്ക്കാന്‍
ഇനിയുമീ ജമന്തിക്കൊമ്പില്‍ പ്യൂപ്പയായ്
ഞാന്‍ കാത്തിരിക്കേണ്ടതെത്ര നാള്‍ .. ?

ആഗ്രഹം

ഇടമുറിയാതെ പെയ്യുന്ന
മഴനൂലുകളില്‍ തൂങ്ങി
തിരികെയെന്‍റെ
നിലാവിലെത്താനായിരുന്നെങ്കില്‍...
നക്ഷത്രമാവാനായിരുന്നെങ്കില്‍....

ഇല്ലാതായത്

നീയെന്ന ആകാശത്തിനും
ഞാനെന്ന പാതാളത്തിനും നടുവില്‍
ഭൂമിയെന്ന വരള്‍ച്ച മാത്രമേയുള്ളൂ
അതില്‍നിന്നും പ്രണയത്തിന്‍റെ പച്ചപ്പും
കാട്ടരുവികളുടെ ഒഴുക്കും ഇല്ലാതായതാണ് ..
ഇന്നോ നമുക്കിടയില്‍ കാറ്റിന്‍റെ ഒരു കൈവഴിപോലും
ഇല്ലാതായിരിക്കുന്നു.. 

സൂക്ഷിക്കുന്നത്

ചുടുകാട്ടില്‍ എരിഞ്ഞുതീര്‍ന്നിട്ടും
കാലത്തിനെടുത്തുമാറ്റാന്‍ കഴിയാതിരുന്നൊരു
ചുംബനമുദ്രമാത്രം എന്നില്‍ ശേഷിച്ചു ..
ചുണ്ടത്തു നീ തന്ന സ്നേഹം
ചാമ്പലാവാതെ ഞാന്‍ സൂക്ഷിച്ചു.. 

ശൂന്യതയിലെ ചിത്രങ്ങള്‍/ചിന്തകള്‍

വെറുതെ നിലത്ത്
എന്‍റെ നിഴല്‍ച്ചിത്രങ്ങള്‍
വരച്ചുകൂട്ടിയ വെള്ളച്ചോക്ക്പൊടി..
വെളുത്ത ഭിത്തിയില്‍ ഞാനറിയാതെ
എന്നെ ആരോ വരച്ചിട്ടുണ്ടാവും ... 

ജീവിതം പ്രണയം മരണം

റെയില്‍പ്പാളത്തിന്‍റെ
ശിലാഹൃദയത്തില്‍
കൂട്ടിച്ചേര്‍ക്കാനാവാത്ത എത്ര കണ്ണികളായാണ്
നിന്‍റെ പ്രണയം ചിതറിപ്പോയത് .. ?

അകത്തു ചെന്ന വിഷം
അളന്നെടുത്തുവോ
അവള്‍ക്കു വേണ്ടി കരുതിവച്ച
സ്വപ്നങ്ങളെല്ലാം . ?

കൈത്തണ്ടയുടെ ഒറ്റവരിക്കവിതയില്‍
തറഞ്ഞുകയറിയ
വിരഹത്തിന്‍റെ മൂര്‍ച്ച
നിന്‍റെ പ്രണയത്തോളമുണ്ടായിരുന്നോ ?

ആഴത്തിലേയ്ക്ക് പോകുംതോറും
ശ്വാസത്തിന് വേണ്ടി കൈകാലിട്ടടിച്ചത് പോലെ
ഒരിറ്റു ജീവനുവേണ്ടി പിടഞ്ഞതുപോലെ
പ്രണയത്തിനു വേണ്ടി നീ ജീവനോടെ പിടഞ്ഞോ ?

നൈമിഷികമായ മരണത്തിന്‍റെ
പരമമായ സുഖത്തിലേയ്ക്ക്
പ്രണയത്തെ തോല്‍പ്പിച്ചു കയറിപ്പോയ നിനക്ക്
ജീവിതം നല്‍കാത്തത് മരണം നല്‍കിയോ ?

Saturday, November 9, 2013

മയിപ്പീലി

ഏതിടനാഴിയില്‍വച്ചാണ്
നീയെനിക്കാ മയില്‍‌പ്പീലി തന്നത് ?
നിറയെ നിലാവുകള്‍ തുന്നിച്ചേര്‍ത്ത
നിന്‍റെ കണ്ണുകള്‍ പോലെ ,
നിന്‍റെ സ്വപ്‌നങ്ങള്‍
നൂറുവര്‍ണ്ണങ്ങളോടെ തിളങ്ങുന്ന
ആ മയില്‍‌പ്പീലി ..
എനിക്കറിയാം അത് നിറയെ
നീയായിരുന്നുവെന്ന്..
നിന്‍റെ മനസ്സായിരുന്നുവെന്ന്..
നിന്‍റെ മനസ്സിനെ വെറുമൊരു മയിപ്പീലിയായി
ഏതു പുസ്തകത്താളിലാണ് ഞാന്‍ കാത്തുവച്ചത് ?
വായിച്ചുതീരാതെ മടക്കിവച്ച ആ താളുകളില്‍
എത്ര കിനാവുകള്‍ പെറ്റുപെരുകിയിട്ടുണ്ടാവും ?
കാലങ്ങള്‍ കഴിയും തോറും
ഞാനും ,ഒളിപ്പിച്ചുവച്ച തൂവലുകളും
നിന്നെയോര്‍ത്ത്
നിന്‍റെ മണമുള്ള ഇടനാഴിയുടെ നിഴലിലേയ്ക്കും
ഏതോ ഒരു പുസ്തകത്തിലെ
എനിക്കറിയാത്ത വരികളിലേയ്ക്കും
 ശ്വാസം കിട്ടാതെ വളരുന്നു .. 

യാത്രകളില്‍ വീണുപോകുന്ന കവിതകള്‍


യാത്രകളില്‍ പലപ്പോഴും
കളഞ്ഞുപോവാറുണ്ട്
എന്‍റെ കവിതകള്‍
ചൂളം വിളിക്കുന്ന വേഗങ്ങള്‍
മുറിച്ചു കളയുന്ന ഇരുട്ടിന്‍റെ
നിഗൂഡമായ നിശ്ശബ്ദതയിലേയ്ക്ക്
മനസ്സില്‍ നിന്നും
അനുവാദം ചോദിക്കാതെ ഇറങ്ങിപ്പോകുന്ന
കറുത്ത വരികളുള്ള ഒരു കവിത  ..
ഇത്തിരി വെളിച്ചം പുറത്തേയ്ക്കെറിഞ്ഞ്
തുറന്നിരിക്കുന്ന ജനാലയിലൂടെ
അരിച്ചുകയറുന്ന കാറ്റും
മനസ്സില്‍ നിന്ന്,
ഒരു കവിത പറത്തിക്കൊണ്ട് പോകും..
പാഞ്ഞുപോകുമ്പോള്‍ മിന്നലുപോലെ
വഴിയരികിലെ ഇരുട്ടോട്ചേര്‍ന്ന് നടന്നകന്ന
ചതഞ്ഞുപോയ മുല്ലപ്പൂക്കളും
പടര്‍ന്ന സിന്ദൂരവും
ഒരു കവിത കവര്‍ന്നെടുക്കും
നിസ്സഹായമായി എവിടെയോ
അത് നീറിത്തീരും ..
പുറത്ത്,
തോരാതെ പെയ്യുന്ന
മഴക്കുഞ്ഞുങ്ങളില്‍ ചിലത്
വെറുതേ എന്‍റെ വക്കുപൊട്ടിയ
ഹൃദയത്തിന്‍റെ മുറിവിലുടക്കിക്കിടക്കും
പിന്നെയാ കവിതയുംകൊണ്ട്
ഏതോ വരള്‍ച്ചയിലേയ്ക്കു പെയ്യും..
ചില യാത്രകളുടെ ഇടവേളകളില്ലാത്ത
ഒഴുക്കിലാണ് ഓര്‍മ്മകള്‍  കടന്നുവരുന്നത്
അടച്ചിട്ട ജാലകത്തിനും
ഉറങ്ങിപ്പോയ സഹയാത്രികനും നടുവില്‍
മനസ്സില്‍ ബാക്കിയായ വാക്കുകളെല്ലാംചേര്‍ത്ത്
കവിതകള്‍ മെനഞ്ഞിട്ട്
അത് പകുത്തെടുക്കുന്ന ബാല്യങ്ങളും
ഋതുക്കളും
പിന്നെ കോടാനുകോടി നക്ഷത്രങ്ങളും ..
ഇനിയുമൊരു യാത്രയുടെ തുമ്പത്ത്
മറ്റാര്‍ക്കും വീതിക്കാതെ
ഞാനൊരു കവിത കൊണ്ടുവരാം
പ്രണയമേ ..
അത് നിനക്ക് മാത്രമാണ്..
മഴവില്ലിന്‍റെ നിറമോ
കടലിന്‍റെ ആഴമോ ഉണ്ടാവില്ല
പിഞ്ഞിപ്പോയ ഒരാത്മാവിന്‍റെ
തേങ്ങലടങ്ങാത്ത നിലവിളി മാത്രമുണ്ടാവും .. 

അജ്ഞാത സന്ദര്‍ശനം

ബോധപൂര്‍വ്വം മറന്നുവച്ചതെങ്കിലും
നീയറിയാതെ ഞാനിന്നും
ഓര്‍മ്മകളില്‍ തിരയാറുണ്ട് ,
കുസൃതിച്ചിരിയും
പരിഭവക്കണ്ണീരും .. !!
എന്‍റെ കിടക്കയില്‍
വീണുടഞ്ഞ നിന്‍റെ വളപ്പൊട്ടുകളും ,
പണ്ടെന്നോ എന്‍റെ പിറന്നാളിന്
നീ എഴുതിത്തന്ന നീല അക്ഷരങ്ങളും ,
ഇന്നും
കാത്തുവച്ചിരിക്കുന്നതെന്തിനെന്നറിയില്ല !
ഞാനന്ന് നിന്നെ മറന്നു വച്ചിടത്ത്‌
വേരുകളാഴ്ത്തി നീ ഇന്നും
എന്നെ നിനച്ചിരിക്കുന്നുവെന്നറിയാം
എങ്കിലും തിരികെ വരാനോ
നിന്നെയൊന്നു വാരിപ്പുണരാണോ
ആവാത്തൊരു ഓര്‍മ്മയുടെ മറുകരയോളം
തുഴഞ്ഞെത്തി ഞാന്‍.. !!
മാപ്പ് നല്‍കൂ..
നിന്നെ എന്നോട് ഇന്നും
ചേര്‍ത്തു വയ്ക്കുന്നതിനും
പലപ്പോഴും സ്വപ്നത്തിന്‍റെ മറയില്‍
നിന്നെ സന്ദര്‍ശിച്ചു മടങ്ങുന്നതിനും.. !!

ഒരു മുല്ലവള്ളിയുടെ മരണം

ഒരിക്കലും പൂക്കാതെയും
കായ്ക്കാതെയും കാത്തുനിന്ന്
ഒടുവില്‍ മുളപൊട്ടി
എന്നിലേയ്ക്ക് പടര്‍ന്നു കയറി
പൂത്ത മുല്ലവള്ളിയോട്
ആര്‍ക്കായിരുന്നു ഇത്ര അസൂയ്യ ..
നേരം പുലരുംമുന്‍പേ
ആരാണതിനെ വേരോടെ
കൊഴിയാത്ത പൂക്കളോടെ പിഴുതുമാറ്റി
അടുത്തുള്ള ചെമ്പകത്തില്‍
വേരിനെ മണ്ണില്‍നിന്നുമകറ്റി
തൂക്കിയിട്ടത് ??

പുഴ കവര്‍ന്നത്

പുഴയുടെ അടിത്തട്ടില്‍
തോണിക്കാരന്‍റെ ചില പാട്ടുകളുണ്ട് ..
മറന്നു വച്ചത്
അല്ലെങ്കില്‍ വീണുപോയത്
ഈരടികള്‍ മറന്നുതുടങ്ങുമ്പോള്‍
അയാള്‍ ആഞ്ഞുതുഴയും ..
പഴയ പാട്ട് തേടി
പുഴ മൌനിയാകും ..
പിന്നെ ഒരു കടവിലെ ഏകാന്തതയില്‍
അയാള്‍ വീണ്ടും പാടും..
നഷ്ടങ്ങളെക്കുറിച്ച് ..
ആ പാട്ടും പുഴ സ്വന്തമാക്കും.. 

തിര

കാറ്റിനോടൊപ്പം വിശ്രമിക്കാതെ സഞ്ചരിക്കുന്നത് 
നീ കാത്തിരിക്കുന്ന തീരത്തെത്തുവാനാണ്‌.. 
കടലും ആഴവും ചുഴികളും 
പവിഴപ്പുറ്റുകളും സ്വര്‍ണ്ണമത്സ്യങ്ങളുമുപേക്ഷിച്ച് 
നിന്നിലേയ്ക്കെത്തി 
നിന്‍റെ ഹൃദയത്തിലെനിക്ക്  വറ്റിപ്പോവണം... 

ഫ്ലാറ്റ് ജീവിതം

തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്നത്
കൊലപാതകിയോ
അതോ രാഷ്ട്രീയക്കാരനോ ?
ഒരുപക്ഷെ സംഗീതാസ്വാദകനാവും
വൈകിയ രാത്രിയിലും
ചില വിഷാദഗാനങ്ങള്‍
എന്നെ ഉണര്‍ത്താറുണ്ട്
അസ്വസ്ഥമായ ഒരു ഹൃദയം
ഊതി വിടുന്ന വേദനയുടെ പുക ,
എന്‍റെ ബാല്‍ക്കണിയോളം എത്താറുമുണ്ട്‌..
അല്‍പനേരം ഇവിടെ തങ്ങി നിന്ന്
വീണ്ടും അയാളിലേയ്ക്ക് തിരിച്ചു മടങ്ങുന്ന
ഒരു വല്ലാത്ത വീര്‍പ്പുമുട്ടല്‍ ..
അര്‍ത്ഥമറിയാത്ത ഗസലുകളില്‍
അറിയാതെ എന്‍റെ മനസ്സൊന്ന്
തകര്‍ന്നുവീഴാറുമുണ്ട്..
അയാളുടെ പ്രണയം തകര്‍ന്നതാവും
അല്ലെങ്കില്‍ ഭാര്യ മരിച്ചിട്ടുണ്ടാവും .. !
ഇടയ്ക്കൊക്കെ ലിഫ്റ്റില്‍ കാണാറുണ്ട്‌
ഒടിഞ്ഞു തൂങ്ങിയ കറുത്ത അയാളെ
നേരെ നോക്കാറില്ല
ചിരിക്കാറുമില്ല
പരിചയം ഭാവിക്കില്ല ..
ഒന്നെനിക്കറിയാം
വര്‍ഷങ്ങളായി ഞങ്ങള്‍
അയല്‍ക്കാരാണ് .. !
എത്രയോ കാലങ്ങളായി
സമാധാനത്തോടെ ഞങ്ങള്‍
ഒരേ ഭിത്തിയുടെ വിഭജനം പങ്കിടുന്നു..!!
അയാളും കേള്‍ക്കുന്നുണ്ടാവും
ചിലപ്പോഴെങ്കിലും വീണുടയുന്ന
കണ്ണീര്‍ച്ചില്ലുകളെ ..
വരണ്ട വൈകുന്നേരങ്ങളുടെ
മുഷിഞ്ഞ ഏകാന്തതയിലെ മുറിയുടെ ഞരക്കം
കാലടികളുടെ നിരന്തരമായ പരാതികള്‍..
ഒരു വേലിക്കപ്പുറമെങ്കിലും
ഒരു വിളിയില്‍ ഒരായിരംപേരോടിയെത്തുന്ന
സ്നേഹബന്ധങ്ങളുടെ ഇഴമുറിഞ്ഞുപോയത്
ഒരു യാത്രയിലാണ്..
അന്യരായ നമ്മള്‍ കൊലപാതകികള്‍
രാഷ്ട്രീയക്കാര്‍
കവികള്‍ കാമുകര്‍
അപരിചിതരായി കഴിയുന്ന വിളിപ്പുറങ്ങളില്‍
വര്‍ഷങ്ങള്‍ തുരുമ്പിച്ചിരിക്കുന്നു .. !!

മരങ്ങളും പുഴകളും

എങ്ങോട്ടാണ് പുഴകള്‍ ഒഴുകുന്നതെന്ന് .. !!
മലകള്‍ക്ക് മുകളില്‍നിന്നും പിന്നോട്ട് നോക്കാതെ
എടുത്തുചാടുന്നത് ആരെക്കാണാന്‍ ?
ഏതു വരള്‍ച്ചയിലും ഒരു നനവ്‌ ബാക്കിവച്ച്
ഒരു മഴയ്ക്കായ് കാത്തിരിക്കുന്നതും
വീണ്ടും പൊട്ടിയൊഴുകുന്നതുo
ആര്‍ക്കുവേണ്ടിയാണ് ?
കടലിനു വേണ്ടിയാണോ ?
തന്നിലേയ്ക്കു ചേരുന്ന
പുഴയെ മാറോടു ചേര്‍ക്കുമ്പോള്‍
കടല്‍ രുചിക്കാറുണ്ടോ
നമ്മള്‍ കൊടുത്തയച്ച മാരകവിഷം ?

മൂടല്‍മഞ്ഞ്
മൂടിവയ്ക്കുന്നതെന്താണ് ?
എന്തിനാണ് കുന്നുകളെയും കാടുകളെയും
പ്രഭാതങ്ങളില്‍ കുളിരില്‍
പൊതിഞ്ഞുപിടിക്കുന്നത്‌ ?
കാടുകള്‍ കരയുന്നത് മനുഷ്യന്‍
കാണാതിരിക്കാനാവും...
പ്രകൃതിക്ക്
പ്രകൃതിയുടെ സാന്ത്വനം പോലും
എങ്കിലും വെയില്‍ മൂക്കുമ്പോള്‍
തലയറുക്കപ്പെട്ട ചില മരക്കുറ്റികള്‍
ചോരയൊഴുക്കുകയും
കണ്ണീര്‍ വാര്‍ക്കുകയും ചെയ്യുന്നത്
നമ്മള്‍ കാണാറുണ്ടല്ലോ ..


Friday, November 8, 2013

അച്ഛന്‍റെ മിന്നുക്കുട്ടി ..


ഇന്നെന്‍റെ കുഞ്ഞിന്‍റെ ഭാവനയിലൂടെ ,
കുതിരപ്പുറത്തേറിവന്ന രാജകുമാരന്
രാക്ഷസനെ തോല്‍പ്പിക്കേണ്ടി വന്നില്ല ..
രാജകുമാരിയെ കണ്ട്
ആ കടക്കണ്ണുകളിലേയ്ക്ക്
അലിയുന്നത് വരെ കാത്തുനില്‍ക്കാതെ
വെള്ളക്കുതിരയെ
അവളുടെ കഥയുടെ വരമ്പില്‍
മേയാന്‍ വിട്ട്
എന്‍റെ നെഞ്ചില്‍ കിടന്നുറങ്ങി .. !!
നാളെ ഞാനെന്‍റെ കുഞ്ഞിനെ
ഞങ്ങളുടെ മാവിന്‍തോട്ടത്തില്‍
കൊണ്ടുപോകും ..
പണ്ടെന്‍റെ കുട്ടിക്കാലത്ത്
അച്ഛനും ഞാനും ചേര്‍ന്നു നട്ട
മാവിന്‍തൈകള്‍
ഇന്നവളെ കൈകാട്ടി വിളിക്കും,
അദ്ഭുതത്തോടെ അവളാ
മാവിന്‍തോപ്പിലോടിക്കളിക്കും ,
ഹാ.. ഞാനോര്‍ക്കുന്നു
പണ്ട് ഞാനാ തൈകള്‍ക്ക് മുകളില്‍
മേഘം പോലെ കാത്തു നിന്നത്
ഓരോ ദിവസവും
ഓരോ തളിര്‍പ്പിനായി കണ്ണുകള്‍ നട്ടത്..
എന്‍റെ കുഞ്ഞ് കംപ്യൂട്ടര്‍ തയ്യുകളിലേയ്ക്കും
മൊബൈല്‍ മേഘങ്ങളിലേയ്ക്കു-
മെത്തുന്നതിന്‍ മുന്‍പ് ഞാനവളെ
ഈ ലോകം കാട്ടിക്കൊടുക്കട്ടെ ..
പച്ച മണ്ണും
പുതുമഴയും
ആമ്പല്‍ക്കുളങ്ങളും
സര്‍പ്പക്കാവുകളും കാട്ടിക്കൊടുക്കട്ടെ..
എന്‍റെ വിരല്‍ത്തുമ്പുകളില്‍നിന്നും
എന്‍റെയീ നെഞ്ചില്‍ ചൂടില്‍നിന്നും
അവള്‍ക്ക് സ്വന്തമായ ലോകത്തേയ്ക്ക്
നടന്നകലുംമുന്‍പേ ഞാനവളെ
എന്‍റെ വാത്സല്യം കാട്ടിക്കൊടുക്കട്ടെ..
മകളുടെ നെറുകില്‍ നിന്നും
അവളുടെ മനസ്സില്‍ നിന്നും
അച്ഛനിലേയ്ക്കുള്ള മറകള്‍ ജനിക്കുംമുന്‍പേ
അച്ഛനില്‍നിന്നും അന്യതയിലേയ്ക്ക് എന്നെ
പറിച്ചകറ്റും മുന്‍പേ
ഞാനവളെ ഒരു ജന്മത്തോളം കണ്ടോട്ടെ
ഞാനെന്‍റെ കുഞ്ഞിന് താരാട്ടുപാടട്ടെ .. 

കാലഹരണപ്പെടുന്ന സൌന്ദര്യങ്ങള്‍

തിരികെച്ചെന്നപ്പോഴെല്ലാം
എന്നെ നോക്കി നെടുവീര്‍പ്പിട്ടിരുന്ന
വേലിച്ചെടികളില്‍
അന്ന് വിരിഞ്ഞു നിന്നിരുന്ന
കൊങ്ങിണിക്കുഞ്ഞുങ്ങള്‍ ,
എന്നാണ് മരിച്ചു പോയത് ?
ആരും പറഞ്ഞു കേട്ടില്ല.. !!
അതോ മതിലിനപ്പുറം
ഇന്നും വിരിഞ്ഞുനില്‍പ്പാണോ ??
ചിത്രങ്ങളില്‍ ഞാന്‍ കാട്ടിക്കൊടുക്കാറുണ്ട്
മക്കള്‍ക്ക്‌ ,
ഇതാണ് ചെമ്പരത്തി ,
ഇതാണ് കൊങ്ങിണിയെന്ന്..
അമ്മയൊരിക്കല്‍ ഈ പൂക്കള്‍
കാട്ടിത്തരാമെന്ന്!!
പക്ഷെ ഇത്തവണ പോയപ്പോള്‍
മക്കളെ കാട്ടികൊടുക്കാന്‍
മതിലുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.. !!

ദൈവത്തെ മുതലെടുക്കുന്നതിനുള്ള പരിധി

പള്ളിമേടകളിലും
പ്രാര്‍ഥനായോഗങ്ങളിലും
സമ്പന്നരുടെ തിരുവത്താഴങ്ങളിലും
ഉയിര്‍ത്തു നില്‍ക്കുന്ന വിശ്വാസത്തിനു പിന്നില്‍
കണ്ണീരു വാര്‍ക്കുന്ന ആര്‍ക്കോവേണ്ടി
ദൈവത്തിന്‍റെ വിലാപമുണ്ടോ ?
ഊണുമേശകളുടെ സമൃദ്ധിയില്‍
നന്ദിയുടെ പരമോന്നതിയില്‍ നിന്നുകൊണ്ട്
ദൈവം കണ്ണീരൊഴുക്കുന്നുണ്ടോ ?
തിരുവസ്ത്രങ്ങളും തിരുക്കണ്ണുകളും
തേടിയെത്താത്ത നിരത്തുകളില്‍
പുഴുവരിച്ചു കിടക്കുന്ന പട്ടിണികള്‍ക്കിടയില്‍
അലറിവിളിക്കുന്ന വൃണങ്ങളില്‍
കൂട്ടിപ്പിടിച്ച കൈകള്‍ക്കുള്ളില്‍
ദൈവത്തിനും വേദനിക്കുന്നുണ്ടോ ?
വിശപ്പിനും സമൃദ്ധിക്കും നടുവിലെ
ഏതു ദേവാലയത്തിലാണ്
സര്‍വ്വശക്തന്‍റെ വാസം ?
സമത്വത്തിന്‍റെ വേദപാഠങ്ങളില്‍
സ്നേഹത്തിന്‍റെ പ്രസംഗങ്ങളില്‍
ദൈവം ക്രൂശിക്കപ്പെടുന്നുവോ ?
ഒരു വെള്ളപ്പൊക്കത്തിന്‍റെ കുത്തൊഴുക്കില്‍
ഒരു സുനാമിയുടെ പാച്ചിലില്‍
ഒരു മാരകരോഗത്തിന്‍റെ പടര്‍പ്പില്‍
ദൈവം നമുക്ക് പാഠങ്ങള്‍ തന്നുതുടങ്ങും ..
അന്ന് നമ്മളതും സ്വീകരിച്ചേ മതിയാവൂ.. !! 

മുന്‍പും ശേഷവും

മരിച്ചവരൊക്കെ ഭിത്തിയില്‍
തൂങ്ങിക്കിടപ്പുണ്ട്
പൊടിപിടിച്ച പ്ലാസ്റ്റിക്പ്പൂക്കള്‍
അവരെ നോക്കി ചിരിക്കുന്നുണ്ട് .. !
തുലാമഴയത്തു കുതിര്‍ന്ന
ചിതല്‍പ്പുറ്റുകളോട് ചേര്‍ന്ന്
വല്ലപ്പോഴും പൊന്തുന്ന കൂണുകള്‍ പോലെ
എപ്പോഴൊക്കെയോ
വെറുതെ നീളുന്ന ഓര്‍മ്മക്കണ്ണുകള്‍
വീണ്ടും തിരക്കിലേയ്ക്ക് നടക്കുമ്പോള്‍
തൂക്കിയിട്ട ചിത്രങ്ങള്‍ക്കും
പണ്ടവരുടെ അന്ത്യശ്വാസം വഹിച്ച
വൃദ്ധസദനങ്ങള്‍ക്കും
ഒരേ ച്ഛായയുണ്ടായിരുന്നു.. 

Thursday, November 7, 2013

നിനക്ക് മാത്രം സാധിക്കുന്നത്

ഞാനീ ഭൂമിയുടെ കിടക്കയില്‍
നക്ഷത്രങ്ങളെ നോക്കി
വെറുതെ മലര്‍ന്നു കിടക്കുമ്പോള്‍
നീയതാ ഉല്‍ക്കയായി
എന്‍റെ കണ്ണുകളില്‍ തീ പാറിക്കുന്നു...
ഓര്‍ക്കാതിരിക്കുമ്പോള്‍ പോലും
വെറുതെ ഓര്‍മ്മിപ്പിക്കാന്‍
നിനക്കിതെങ്ങനെയാവുന്നു.. ??

താരാട്ടും തൊട്ടിലും

ഉള്ളിലെ കനലിനെ
താമരമെത്തയാക്കാനും
ആര്‍ത്തുപൊങ്ങുന്ന കടലിനെ
ശാന്തമാക്കാനും
കുത്തിയൊഴുകുന്ന കണ്ണീരിനെ
പുഞ്ചിരിയാക്കാനും
പിന്നെയൊന്നുമോര്‍ക്കാതെ
ഒരു മടിയുടെ തൊട്ടിലിലാട്ടിയുറക്കാനും
അമ്മേ,
നിന്‍റെ താരാട്ടിനല്ലാതെ മറ്റെന്തിനാവും ?

കവികള്‍

ചിലതെല്ലാം എഴുതിയപ്പോള്‍
നമ്മുടെ തൊണ്ടയിടറിയിരുന്നോ ?
കണ്ണുകള്‍ കലങ്ങിയിരുന്നോ  ?
ചുണ്ടുകള്‍ വിതുമ്പിയിരുന്നോ ?
ഉവ്വല്ലേ ..
കറുത്തറക്കപ്പെട്ട കുഞ്ഞുങ്ങളെപ്പറ്റിയും
തീ തുപ്പുന്ന കാലത്തെയും
വറ്റുന്ന നിളയും
മരിച്ചുപോയവളുടെ ഓര്‍മ്മയും
അമ്മയെയും പറ്റിഎഴുതിയപ്പോള്‍
ആരുമറിയാതെ ഒരു തുള്ളി ,
നമ്മുടെ കവിതയെ നനച്ചിരുന്നില്ലേ .. ?

ചിലതെല്ലാം എഴുതിയപ്പോള്‍
നമ്മള്‍ ഒരുപാട് ചിന്തിച്ചിരുന്നോ ?
എവിടെയൊക്കെയോ യാത്ര ചെയ്യ്തിരുന്നോ ?
എന്തൊക്കെയോ തിരിച്ചുകിട്ടിയിരുന്നെങ്കില്‍
എന്നാശിച്ചോ ?
ചങ്കില്‍ നിന്നും ഒരാണി ഊരിയെടുത്തോ ?
ഉവ്വല്ലേ ...
ചില ചുംബനങ്ങളും
ചില കൂടിക്കാഴ്ച്ചകളും
ചില വേര്‍പാടുകളും
ചില നീണ്ട മൌനങ്ങളും
ഉത്തരം കിട്ടാതെ പോയ ഒരുപാട് ചോദ്യങ്ങളും
നമ്മുടെ കവിതയെ വല്ലാണ്ട്  നോവിച്ചില്ലേ .. ?

ചിലതെല്ലാം എഴുതിയപ്പോള്‍
നമ്മുടെ രക്തം തിളച്ചില്ലേ ?
കണ്ണുകളില്‍ കനല്‍ ചുവന്നില്ലേ ?
കൈ വിരലുകളില്‍ പേനയ്ക്ക് 
ശ്വാസംമുട്ടിയില്ലേ ?
വിയര്‍പ്പില്‍ രോക്ഷം പൊടിഞ്ഞില്ലേ ?
ഉവ്വല്ലേ ..
നീതിദേവത നിഷേധിയായപ്പോഴും
ആരൊക്കെയോ നിയമത്തെ പീഡിപ്പിച്ചപ്പോഴും
മതങ്ങള്‍ സമ്പത്തിനു വിലപേശിയപ്പോഴും
ദൈവങ്ങളെ കച്ചവടത്തിന് വച്ചപ്പോഴും
മക്കളെ അമ്മമാര്‍ കൂട്ടിക്കൊടുത്തപ്പോഴും
അപ്പനെ മക്കള്‍ വലിച്ചെറിഞ്ഞപ്പോഴും
ആരെയൊക്കെയോ നമ്മുടെ പേനത്തുമ്പുകള്‍
കൊന്നുകൂട്ടിയില്ലേ ??

നമ്മള്‍ കരഞ്ഞു
പക്ഷെ ദു:ഖം നമ്മുടേതായിരുന്നോ ?
നമ്മള്‍ അട്ടഹസിച്ചു
ആഘോഷം നമ്മുടേതോ ?
നമ്മള്‍ അലറിവിളിച്ചു
വേദന നമ്മുടേതോ ?
നമ്മള്‍ ശബ്ദമുയര്‍ത്തി
അനീതി നമ്മോടോ ?
എന്താണെന്നോ ..
നമുക്ക് മുന്‍പിലെ ഓരോന്നിലും
ദൈവം നമ്മുടെ മനസ്സ് വീതിച്ചുകൊടുത്തു...
നമ്മുടെ മനസ്സ് അവരിലില്ലായിരുന്നുവെങ്കില്‍
നമ്മള്‍ എഴുതില്ലായിരുന്നു
അവര്‍ എഴുതപ്പെടില്ലായിരുന്നു .. !!
കണ്ണുകളും പേനയും മാത്രം
സ്വന്തമായവരാണ് നമ്മള്‍,
ഹൃദയവും ചിന്തകളും
എന്നേ പകുക്കപ്പെട്ടിരിക്കുന്നു.. !!

കളിക്കൂട്ടുകാരുടെ ഒരു കഥ


മഞ്ഞും വെയിലും മഴയും
പണ്ട് എന്‍റെ കളിക്കൂട്ടുകാരായിരുന്നു
ഇന്നലെ വരെ ഇരുണ്ടുകൂടിയ ,
കാപ്പിത്തോട്ടങ്ങള്‍ക്കിടയില്‍ നിന്നും
ഒരു സുപ്രഭാതത്തില്‍,
നിറയെ കാപ്പിപ്പൂക്കള്‍ക്കൊണ്ട് വന്ന്
എന്നെ അദ്ഭുതപ്പെടുത്തിയിരുന്നു.
മുറ്റം നിറയെ മാമ്പഴം വീഴ്ത്തി
തൊടിയിലാകെ മുല്ലപ്പൂക്കള്‍ കൊഴിച്ച്
രാത്രിയുടെ ചൂടന്‍പുതപ്പിനുള്ളില്‍
അമ്മയോട് ചേര്‍ത്ത്‌കിടത്തി
മഴയും എന്നെ കൂട്ടുകാരിയാക്കി.
വേലിത്തലപ്പുകളില്‍
സൂര്യന്‍റെ കുഞ്ഞുമക്കളെ കൊണ്ടുവന്നും
നനഞ്ഞ വഴികളില്‍ തിളങ്ങിയും
മരച്ചില്ലകളെ സ്വര്‍ണ്ണം പുതപ്പിച്ചും
വെയിലുമെന്‍റെ ബാല്യം സ്വന്തമാക്കി.
വര്‍ഷങ്ങള്‍ക്കു ശേഷം
ഓര്‍മ്മയുടെ വഴികളിലൂടെ നടക്കുമ്പോള്‍
ആ പഴയ മഞ്ഞുകാലത്തെയും
മഴയെയും വെയിലിനെയും കാണാനാഗ്രഹിച്ചു.
മഴയും മഞ്ഞും ആരോ വിലക്ക് വാങ്ങിയെന്നും
വെയില്‍ മാത്രം നാട്ടിലുണ്ടെന്നും ആരോ പറഞ്ഞു.
തിളക്കമില്ലാതെ ആടയാഭരണങ്ങളില്ലാതെ
ഉന്മേഷമില്ലാതെ ,
എന്നെയൊന്നു തിരിച്ചറിയാതെ
വരണ്ടു വരണ്ട് ആരെയെല്ലാമോ ശപിച്ചുകൊണ്ട്
ഒരു വെയിലാവഴി കടന്നുപോയി .
പൊള്ളുന്ന വഴിയില്‍
ഒരു തുള്ളി മഴ കാത്ത് ഞാന്‍ തളര്‍ന്നിരുന്നു..
മേഘങ്ങള്‍ക്കിടയില്‍ നിന്നും
ഒരു മഞ്ഞുകാലം ഭ്രാന്തിയെപ്പോലെ ചിരിച്ചു.. !!

Wednesday, November 6, 2013

പാട്ട് പാടുന്ന ഋതുക്കള്‍

തെളിനീരിനും
നീലകാശത്തിനുമിടയിലെ
ശാന്തതയാണ് നിന്‍റെ നെഞ്ചിന്..
മുഖം ചേര്‍ത്തു വയ്ക്കുമ്പോള്‍
മുങ്ങാംകുഴിയിടുന്നത്
സ്വാതന്ത്ര്യത്തിന്‍റെ ലോകത്തേയ്ക്ക്...
കണ്ണുകളില്‍ നീലാകാശം നിറയ്ക്കുന്ന
നിന്‍റെ മായാജാലത്തില്‍
ചിറകു തളരാതെ പറക്കുന്ന
പക്ഷിയാണ് ഞാന്‍ ..
വാതിലുകളില്ലാത്ത
താഴില്ലാത്ത നിന്‍റെ വാനത്തിലേയ്ക്ക്
എത്ര മഴവില്ലുകള്‍ക്കൊണ്ടാണെന്നെ
മാടിവിളിക്കുന്നത് ..
കറ കലരാത്ത നിറങ്ങളുടെ
അനന്തവിഹായസ്സില്‍
നിന്‍റെ നെഞ്ചോട്‌ ചേര്‍ന്ന്
എന്‍റെ ഋതുക്കള്‍
ഗാനങ്ങളാലപിക്കുന്നു.. !!പ്രണയസാഫല്യം

പകലോടിക്കിതച്ചെത്തും മുന്‍പ്
രാത്രിയുടെ മാറില്‍ക്കിടന്നുറങ്ങി ..
ഒരുനാളുമുണരാത്ത നിശാഗന്ധികള്‍.. 

മഴക്കാലം


നീലിച്ച ചുണ്ടുകള്‍ സന്ധ്യ പോലെ കൂമ്പി
മുന്‍പില്‍ നീ മരവിച്ചു കിടന്നപ്പോള്‍
തുള വീണ കുടയ്ക്ക് കീഴില്‍
ആകാശം പെയ്യുന്നത് പോലെ,
വാടിയ പൂക്കളില്‍ മനസ്സ് പെയ്യ്തത്
നിന്നെ ആഴ്ന്നു വന്നു തൊട്ടിരുന്നോ ?
എന്നൊക്കെയോ നീ കണ്ണുകളില്‍ നോക്കി
പറയാതെ പറഞ്ഞതെല്ലാം
ഇന്ന് ചലനമില്ലാത്ത മുഖത്തു നോക്കി
വീണ്ടും വീണ്ടും ഞാന്‍ ചോദിച്ചു..
മറുപടി നീ പറഞ്ഞില്ല ..
ദീര്‍ഘമായൊരു തണുപ്പില്‍
നീ പുതഞ്ഞുപോയിരിക്കുന്നു..
ചൂട് തേടി നിന്നിലൂടെ
എന്‍റെ മനസ്സിന്‍റെ വേരുകള്‍
വളര്‍ന്നുകൊണ്ടിരുന്നു ..
വ്യര്‍ത്ഥമായൊരു മൌനത്തില്‍
നീ പറഞ്ഞുകൊണ്ടേയിരുന്നു ..
എനിക്കൊരിക്കലും വായിച്ചെടുക്കാനാവാത്ത
എന്തൊക്കെയോ ..
എന്‍റെ ചോദ്യങ്ങള്‍ക്കും
നിന്‍റെ ഉത്തരങ്ങള്‍ക്കുമിടയിലൂടെ
ഒരു മഴക്കാലം കടന്നുപോയി... 

ചോരുന്നത്

കാണും തോറും കാണാതാവുകയും
അടുക്കും തോറും മറഞ്ഞുപോവുകയും
എവിടെയെല്ലാമോ ചോര്‍ന്നു തീരുന്നതും പ്രണയം..

ഒരു ആലിംഗനത്തില്‍ ലോകം തിരിച്ചുപിടിക്കാന്‍
ഒരു സാന്ത്വനത്തില്‍ കരയേറാന്‍
നമ്മളെത്ര കടലുകള്‍ നീന്തിക്കടക്കണം .. 

Monday, November 4, 2013

ബന്ധം

സൂര്യനും സൂര്യകാന്തിയും
തമ്മിലുള്ള ബന്ധമാണ്
നമുക്കിടയില്‍ ..
നിന്നെ നോക്കി നോക്കി  നിന്‍റെ പ്രഭയില്‍
ഭൂമിയിലേയ്ക്ക് വീണുപോകുന്ന ഞാനും ..
എന്നെ കാണാതെ
ചക്രവാളങ്ങളില്‍ എന്നും തിളങ്ങുന്ന നീയും..
പിന്നെ,
എനിക്ക് ചുറ്റിലും പൊടിമണ്ണും അന്ധകാരവും
നിനക്കോ താരാപഥങ്ങളും ചന്ദ്രക്കലയും..

മരണം

നീയെന്ന ഒറ്റമരച്ചില്ലയില്‍ പൂത്തതാണ്
ഈ കവിതകളെല്ലാം ..
ഈ കനികളിവിടെ
ഈ മണ്ണില്‍
കാണിക്കയായ് കിടക്കട്ടെ
ഒരിക്കല്‍ നിനക്ക് കൂട്ടിന്
മറ്റൊരു പൂക്കാലമുണ്ടാവില്ല
എന്നാരുകണ്ടു .. !!
എങ്കിലും ഒരു ചില്ല നീ
എനിക്ക് വേണ്ടി കാത്തു വച്ചേക്കണം ..
തലകീഴായ് എനിക്കീ
ലോകമൊരിക്കല്‍ കാണാന്‍ ... !!

വൈകിപ്പോയ കൂടിക്കാഴ്ച്ച


ചായമെല്ലാം അടര്‍ന്ന
ഈ ആശുപത്രിയുടെ
വിവര്‍ണ്ണമായ ഭിത്തിമേല്‍
പാതിയില്‍ നിലച്ച
ഘടികാരസൂചിയില്‍
കണ്ണുകള്‍ തറഞ്ഞുപോയ
ഒരു ചിന്തയിലായിരുന്നു
പ്രണയമേ നിന്‍റെയും മരണം .. !
അണുക്കള്‍ പൂക്കളമിട്ടിരുന്ന
രക്തക്കുഴലുകളില്‍
എണ്ണമില്ലാത്ത നിമിഷങ്ങളെ
ജ്വലിപ്പിച്ചു നിറുത്തിയ നിനക്ക് വേണ്ടി
ഒന്നും കരുതിവച്ചില്ല ഞാന്‍ ..
ഒന്നും സമ്മാനിച്ചില്ല ഞാന്‍ ..
പക്ഷെ മരണത്തിന്‍റെ മലയിടുക്കുകളില്‍
കാലത്തോടൊപ്പം ഞാനും
ആര്‍ത്തുപെയ്യാന്‍ തുടങ്ങിയപ്പോള്‍ ,
ഓര്‍മ്മകളില്‍ കണ്ണീര്‍ച്ചാലുകള്‍ക്കീറി
എന്നിലേയ്ക്ക്
നീ ഒഴുകിത്തുടങ്ങിയിരുന്നോ ?
അതോ നിന്നിലെയ്ക്ക് ഞാനോ ?
എന്നോ കാലത്തിന്‍റെ
അഗ്നിവേഗങ്ങളില്‍ പെട്ടുപോയ
പ്രണയകാലം
വീണ്ടുമൊരു ഞെട്ടലോടെ
എന്നെ തിരിഞ്ഞുനോക്കിയത് മരുന്നുകള്‍
രോഗങ്ങളുമായി ക്യൂ നില്‍ക്കുന്ന
ഈ മുറ്റത്തുവച്ചാണ് ..
അപ്പോഴേയ്ക്കും നമ്മളെത്രയോ കാതങ്ങളുടെ
വരമ്പുകള്‍ നമുക്കിടയില്‍ പണികഴിപ്പിച്ചിരുന്നു ..
എത്ര മടകള്‍ക്കൊണ്ടാണ് ഓര്‍മ്മയുടെ ഒഴുക്കിനെ
പിടിച്ചു നിറുത്തിയതും ,
വിധിയുടെ കനകക്കൂട്ടില്‍ ബന്ധിച്ചതും .. !!
ഒരു പിടിവിട്ടാല്‍
തകര്‍ന്നു പോകുന്ന കെട്ടുകള്‍ക്കുള്ളില്‍
പിന്‍വിളി പ്രതീക്ഷിക്കാതെ
നമ്മള്‍ എണ്ണിത്തീര്‍ത്ത ദിവസങ്ങള്‍
സംവത്സരങ്ങളാഘോഷിച്ചതും.. ,
നമ്മളറിയാതെ
നമുക്ക് മുകളിലൊരാകാശം
വിണ്ടുകീറി
ചോരവാര്‍ത്തസ്തമിച്ചതും..,
നമ്മളെന്തേ അറിയാതെ പോയി ?
ഒരു കടല്‍ വറ്റുന്ന കാലത്തോളം
ഒരാകാശം മുഴുവനായ് പെയ്യുവോളം
നമ്മലെന്തിനാരെ കാത്തിരുന്നു ?
ഇന്നിതാ തിരി കെടുന്നു
ചോദിക്കാന്‍ കാത്തുവച്ചതും
പറയാന്‍ ബാക്കിവച്ചതും
കേള്‍ക്കാന്‍ കൊതിച്ചതും
വെറുമൊരു കവിതയിലാക്കി
നിന്നിലേയ്ക്കെറിഞ്ഞു തന്നിട്ട്
വീണ്ടും ഞാന്‍ തോല്‍വി സമ്മതിക്കുകയാണ്
കാലത്തിനും വിധിക്കും
വൈകിയെങ്കിലും
വീണ്ടുമെത്തിയ നിനക്കും മുന്‍പില്‍.. !! 

അറുതിയില്ലാത്ത വേനല്‍

വരികള്‍ക്കുമപ്പുറം
എഴുതാനാവാത്ത എത്ര വികാരങ്ങള്‍
നമ്മെ ചുട്ടപൊള്ളിക്കുന്നു
ഓരോ വാക്കിലും പലതായി ചിതറിപ്പോകുന്ന
പേരറിയാത്ത ഋതുക്കളെ
നമ്മള്‍ കവിതയെന്നു വിളിച്ചു...
നനഞ്ഞു കൊഴിഞ്ഞു തളിര്‍ത്തു പൂത്തു
എന്നിട്ടുമെന്നിട്ടും
വേനല്‍ വേവിന് അറുതിയില്ലല്ലോ...

കൊലപാതകി

പ്രിയപ്പെട്ട പുഴകളെ,
നിങ്ങള്‍ക്ക് ബലിയിടാന്‍
ഞാനിന്നൊരു കുപ്പിയില്‍
വരള്‍ച്ചയെ കാശുകൊടുത്ത് വാങ്ങി..
തൊണ്ട നനച്ചു
ദാഹം ശമിച്ചു
ഉള്ളിലൊരു പുഴ
എന്നെ നോക്കി നെടുവീര്‍പ്പെട്ടതു മാത്രം
കണ്ടില്ലെന്നു നടിച്ചു ഞാന്‍.. 

മാറ്റപ്പെട്ടത്

അവളുടെ വിലാസത്തിലേക്ക്
ഞാനയച്ച കത്തുകള്‍ക്കൊന്നും
മറുപടി വന്നില്ല ..
എന്‍റെ സ്വതന്ത്രവിഹായസ്സില്‍ നിന്നും
അവളുടെ ചങ്ങലക്കണ്ണികളിലേയ്ക്കെത്താതെ
പോയ എന്‍റെ സ്വപ്നങ്ങളിന്ന്
ഏതോ ഭ്രാന്താലയത്തില്‍ അലര്‍ച്ചകളുടെ നടുവില്‍.. 

നീയുമെന്നെ ഓര്‍ക്കുന്നത്കൊണ്ട്

എന്‍റെ സ്വപ്നങ്ങളില്‍ നിറയെ
പൂത്തിരികള്‍ കത്തിച്ചു വച്ചിട്ട്
ഒരു മഴയിലേയ്ക്ക്‌
പിണങ്ങിയിറങ്ങിപ്പോയ ദീപോത്സവമാണ് നീ ..
അതിനാലാവും
ഇന്നും മഴപെയ്യുമ്പോള്‍
എന്നെ തേടി
മിന്നല്‍ക്കീറുകള്‍ താഴ്ന്നു വരുന്നത്.. 

ബെഡ്ഷീറ്റ്

നിന്‍റെ കിടക്കയുടെ പച്ച വിരിപ്പിലേയ്ക്ക്
ചുവന്ന പൂക്കള്‍ വട്ടത്തില്‍ പൂക്കുന്നു..
അതിലമര്‍ന്നുകിടന്ന് നീയെന്നെ
സ്വപ്നത്തില്‍ കാണുന്നു..
നീയുണരുമ്പോള്‍
ഞാന്‍  കൊഴിഞ്ഞിരിക്കും ..
ആരോ തുന്നിച്ചെര്‍ത്ത
ചുവന്ന പൂക്കള്‍ മാത്രം
നിന്നെ ചുറ്റിപ്പുണര്‍ന്നു കിടക്കും
ജീവനില്ലാതെ ..

സമാസമം

ഒരുനാള്‍ നിന്‍റെ ചുണ്ടില്‍നിന്നും
ഉണങ്ങാത്തൊരു തുള്ളിയാവണം
എന്നാണെന്‍റെ ചിന്ത ..
എന്‍റെ കണ്ണുകളില്‍ നീയന്നത് പോലെ
നിന്‍റെ ചുണ്ടുകളില്‍ ഞാനും .. !!

വാടകമുറിയിലെ മണം


വാടകമുറികള്‍ ചുമക്കുന്ന
കുറെ മണങ്ങളുണ്ട്
ചിലപ്പോള്‍  ഉപ്പുകാറ്റിന്‍റെ മണമാണ്
ആരൊക്കെയോ കരഞ്ഞും
കണ്ണീരൊഴുക്കിയും പോയ
വഴികളില്‍ ഉടക്കി നിന്നുപോയ കാറ്റ്
തിരിച്ചെത്തുന്നതു പോലെ ..
മറ്റു ചിലപ്പോള്‍ വിയര്‍പ്പിന്‍റെ മണമാണ്
ചൂട്ടു പോലെ പഴുത്തുനിന്ന
വെയിലില്‍ പാതിജീവന്‍ ഒഴുക്കിവന്ന
പ്രാണന്‍റെ കയ്പ്പിലേയ്ക്ക്
ഈ ഭിത്തികള്‍ ആഞ്ഞുവീശിത്തണുപ്പിച്ചിട്ട്‌
കുറെ കവര്‍ന്ന് സൂക്ഷിച്ചു വച്ചത് പോലെ ..
ചിലപ്പോഴൊക്കെ
നല്ല നാരങ്ങാമിഠായിയുടെ മണമാണ്
ഓര്‍മ്മകളിലൂടെ ഓടിയും പറന്നും നടന്നവര്‍
വാരിക്കൂട്ടിക്കൊണ്ടുവന്നു സൂക്ഷച്ചിട്ടുണ്ടാവും
ഈ അറകളിലെല്ലാം ചില മധുരപ്പൊട്ടുകള്‍ ..
വാടകമുറികള്‍ ചുമക്കുന്ന കുറെ മണങ്ങളുണ്ട്
നാളെയാരാണ് ,ഈ മുറിക്ക്
ഒരു കവിതയുടെ മുറിവുണ്ട് എന്നെഴുതുക ?
ഓരോ മുറിവിലും ഒരു പേരുണ്ടായിരുന്നു
എന്നെഴുതുക ?

Sunday, November 3, 2013

വിദ്യാലയസ്മരണ

ആടിയും പാടിയും
നിറങ്ങള്‍ ചാര്‍ത്തിയും നില്‍പ്പുണ്ട്
ഇന്നും അതേ വിദ്യാലയം ..
എങ്കിലും പണ്ട് ഞങ്ങള്‍
പൊതിച്ചോറു വീതിച്ചിരുന്ന
ചെമ്പകച്ചുവടുകളും
തണല്‍ വിരിച്ചു നിന്ന
പേരമരങ്ങളുമെവിടെ ?
ഇടവേളകളില്‍ ഓടിക്കളിച്ചിരുന്ന
പുല്‍മേടുകളും ഇടവഴികളുമെവിടെ ?
മഴ നഞ്ഞും
ചെളി തട്ടിയും നടന്നിരുന്ന
മണ്‍വഴികളിന്നെവിടെ .. ?
വേലിത്തലപ്പുകളില്‍
തുള്ളിയായ് നിന്ന
ചെമ്പരത്തിച്ചുവപ്പുകള്‍  ഇന്നില്ലല്ലോ ??
ഞങ്ങളെ പ്രകൃതിയെക്കുറിച്ചു പഠിപ്പിച്ച
പ്രിയ വിദ്യാലയമേ,
നിന്‍റെ ഉടയാടകളില്‍ ആരാണ്
ആധുനികത ചാര്‍ത്തിയത് ?
ഏതു വികസനത്തിലേയ്ക്കാണ്
നിന്‍റെ കമ്പ്യൂട്ടര്‍ക്കുരുന്നുകള്‍ വളരുന്നത്‌ ?

വിശക്കുന്ന ദീപാവലി

ഗ്രൗണ്ടില്‍ ഉറുമ്പരിച്ചു കിടക്കുന്നു
ഒരു കടലമിഠായി മധുരം
കൊതിയോടെയൊരു ബാല്യത്തിന്‍റെ വിശപ്പ്‌
ഓടിച്ചെന്നെടുത്തു വായില്‍ വച്ച് നുണയുന്നു
ആര്‍ഭാടത്തോടെയത് .. !!
തെരുവില്‍ പടക്കങ്ങള്‍ കാതുപൊട്ടിക്കുന്നു
ഇരുളില്‍ ദീപങ്ങള്‍ കണ്ണ് ചിമ്മുന്നു ..
എങ്കിലും പട്ടിണിയുടെ നെഞ്ചില്‍ കത്തുന്ന പൂത്തിരിക്ക്
നൊമ്പരത്തിന്‍റെ ഏഴു നിറങ്ങളുണ്ട്.. !!

തീരത്തെ ഉറക്കം

തീരത്ത്‌ ഞാനൊരു കവിതയും കൊറിച്ച്
കണ്ണിലൊരു കടലും ചുമന്ന്
നിന്നെയും കാത്തിരിപ്പാണ്..
ഉറച്ച ചുവടുകളോടെ
എന്നെ ചവുട്ടിക്കടന്നു പോക..
നിന്‍റെ കാല്‍പ്പാടുകളോടെ
തിരസ്കാരത്തിന്‍റെ ചോരപ്പൂക്കള്‍ പുതച്ച്
ഈ നീലാകാശച്ചുവട്ടില്‍ ഞാനുറങ്ങട്ടെ ..
ഇനിയും നീ വരാന്‍ കൊതിച്ച്
മണല്‍ത്തട്ടുകളില്‍ തീക്കാറ്റു കൊണ്ടും
കണ്ണീരുപ്പുകുടിച്ചും ഞാനൊന്നു മയങ്ങട്ടെ.. 

വവ്വാലുകള്‍


ഉപേക്ഷിക്കപ്പെട്ട മുറികളിലും
ആരും കാണാത്ത ഗുഹകളിലും
തലകീഴായ് ഉറങ്ങുന്ന കറുമ്പന്‍ വവ്വാലിന്
വെളിച്ചവും പകലും അന്യമാണ് ..
രാത്രിയും സ്വപ്നവും
നിഗൂഡതകളിലൂടെ ഊളിയിടുമ്പോള്‍
പകല്‍കണ്ണുകളുടെ ശാപത്തില്‍ നിന്നും
രാത്രിയുടെ മോക്ഷത്തിലേയ്ക്ക് ചില
ചിറകടികള്‍  ഒഴുകിപ്പോകാറുണ്ട് ..
നിറങ്ങളും തൂവലുകളും
പിച്ചിച്ചീന്തപ്പെട്ട പക്ഷികള്‍
ഒറ്റപ്പെട്ട് തൂങ്ങിനില്‍ക്കുന്ന മരങ്ങള്‍ പോലും
പ്രേതങ്ങളെപ്പോലെയാണ് ..
പാടാനറിയാത്ത പരിഭവിക്കാനറിയാത്ത
കൂട് കൂട്ടാന്‍പോലും കഴിയാത്ത
നിങ്ങള്‍ക്ക് ഞങ്ങളുടെയീ ഭൂമിയുടെ
വെളിച്ചത്തില്‍ സ്ഥാനമില്ലെന്ന്
ആരാണിവറ്റകളെ ആട്ടിയോടിച്ചത്
ദൈവമോ മനുഷ്യരോ ??

ചെടിയുടെ നന്ദി

അന്നെന്‍റെ കൈകള്‍
നിന്‍റെ വേരുകളുടെ അറ്റത്തോളമെത്തി
നീ നിന്ന വരണ്ട മണ്ണോടൊപ്പം
അടര്‍ത്തിക്കൊണ്ട് വന്ന്
എന്‍റെ മഴക്കാലത്തിന്‍റെ മുറ്റത്ത്
എന്‍റെ ജനാലയുടെ അരികില്‍
നിറയെ
കവിതകള്‍ തന്നു വളര്‍ത്തിയത് കൊണ്ടാവും
ഒരു ശിശിരത്തിലും കൊഴിയാതെ
എന്‍റെ ഏകാന്തത തുരുമ്പിച്ച അഴികളില്‍
ചുറ്റിപ്പിണഞ്ഞു ചുവന്നും പൂത്തും നീ മാത്രം
ഇന്നും നില്‍ക്കുന്നത് ..

ഒളിച്ചുകളി

ഒരു മിന്നല്‍ക്കീറിന്‍റെ
ടോര്‍ച്ചു വെളിച്ചം കൊണ്ട്
രാത്രിയില്‍ തീരങ്ങള്‍ക്ക്
പാറാവുനടക്കുന്നതാരാണ് ?
എനിക്കു പിന്നില്‍
നീണ്ടും കുറുകിയും
രാത്രിയുടെ നിറമുള്ള ഒരു നിഴല്‍
ഒളിച്ചു നടക്കുന്നതെന്തിനാണ് ?

നിന്‍റെ ചൂട് കാപ്പി


ബാല്‍ക്കണിയുടെ ഇളംകാറ്റില്‍
സിഗരറ്റിന്‍റെ വീര്‍പ്പുമുട്ടലില്‍
പുലര്‍ച്ചയുടെ ആലസ്യത്തില്‍
പാതിരാപ്പടങ്ങളുടെ ഉറക്കച്ചവടില്‍
കിടക്കയുടെ അരികിലെ
പുസ്തകത്തിനുള്ളിലെ
ആകസ്മികതയില്‍ ,
നീണ്ട സന്ധ്യാതീരത്തെ ,
 ഒറ്റപ്പെട്ട നടപ്പുകളുടെ
കിതക്കുന്ന അവസാനങ്ങളില്‍ ,
കൂട്ടുകാരുടെ പൊട്ടിച്ചിരികളില്‍
വിരസതയുടെ ഏകാന്തചിന്തകളില്‍ ,
പിരിയുന്നതിനു മുന്‍പുള്ള
കണ്ണീര്‍ വര്‍ത്തമാനങ്ങളില്‍,
ഓസ്ട്രേലിയയുടെ ടിം ടാമില്‍
എന്തിലും ഏതിലും
സദാ നിന്നിലുണര്‍ന്നിരിക്കുന്ന
ചൂടുള്ള ഒരു കപ്പു കാപ്പിയുണ്ടല്ലോ
എന്നെയത് ഈ രാത്രിയിലും
ഉണര്‍ത്തിയിരുത്തിയിരിക്കുകയാണ്
നിന്നെക്കുറിച്ചെഴുതാന്‍ ..

നനഞ്ഞ മുഖങ്ങള്‍

പണ്ടെന്‍റെ പുസ്തകം നനച്ച്
മഷിയെല്ലാം കവര്‍ന്നുപോയ മഴ
ഇന്നെന്‍റെ ഓര്‍മ്മകളില്‍
ചായം നിറച്ചുപെയ്യുന്നു..
പണ്ടെന്‍റെ വീടിന്‍റെ ഓലക്കീറുകളില്‍
കണ്ണീരായി തൂങ്ങിയിറങ്ങിയ മഴ
ഇന്നെന്‍റെ അക്ഷരങ്ങളില്‍
വര്‍ണ്ണങ്ങള്‍ തുന്നി പുഞ്ചിരിക്കുന്നു  .. 

സ്വാര്‍ഥതയുടെ സ്വാതന്ത്ര്യം ..

വാതിലുകളില്ലാത്ത
മനസ്സിന്‍റെ കാരാഗൃഹത്തില്‍നിന്നും
നിന്നെയൊന്നു
മോചിപ്പിക്കുവാനാവാതെ ഞാന്‍ ..
എന്‍റെ മതിലുകള്‍ക്കുള്ളില്‍
തളിരായും കുളിരായും
കാറ്റായും പൂവായും നീയെങ്കിലും
നിന്‍റെ രാത്രികള്‍ക്ക് നിലാവും
നിന്‍റെ പകലുകള്‍ക്ക്‌ നിറവും
നല്‍കാനാവാതെപോയൊരു
സ്വാര്‍ഥതയുടെ പാപഭാരം പേറി
നിന്‍റെ ചിറകുകളെ സ്നേഹച്ചരടാല്‍
ബന്ധിക്കുന്ന എനിക്കെന്നാണിനി
നിന്നില്‍ നിന്നും സ്വാതന്ത്ര്യം ??

Saturday, November 2, 2013

ആഴങ്ങളില്‍

സമുദ്രത്തിലേയ്ക്ക് വീണു പോയ
പാടിത്തീരാത്ത വീണയും ..
ഇനിയും പൂക്കാത്ത ,
മൊട്ടുകളില്‍ ജീവന്‍തുടിക്കുന്ന
വെട്ടിമാറ്റപ്പെട്ടൊരു ചില്ലയും..
തൊണ്ടയില്‍ കുരുക്കു വീണ
പ്രാണന്‍റെ നിശ്ശബ്ദമായ
നിലവിളിയുമാണ് ഞാന്‍ ...
മുങ്ങിത്താണുതാണെന്‍റെ ജീവന്‍
ആഴങ്ങളില്‍ പിടയുന്നു..

വാക്കുകള്‍

വരണ്ടുപോയൊരു കടലുപോലെ ,
വേനല്‍ച്ചൂടില്‍ ഒരു തുള്ളി കാരുണ്യം തേടി
ആകാശം നോക്കിനില്‍ക്കുന്ന മരുഭൂമി പോലെ ,
മരണശയ്യയിലൊരു ശ്വാസത്തിന്‍റെ
കനിവു തേടുന്ന ജീവിതത്തെപ്പോലെ ,
നിന്നിലേയ്ക്ക് കണ്ണുകളയച്ച്
എന്‍റെ വാക്കുകള്‍ .. !! 

എന്‍റെ വസന്തകാലം

ജീവിതത്തിന്‍റെ സമരമുഖത്ത്
ഒരായിരം ചോദ്യശരങ്ങള്‍ക്ക് മുന്‍പില്‍
തനിച്ചാക്കപ്പെടുന്ന ചില നിമിഷങ്ങളുണ്ട്‌ !
മുന്‍പോട്ടു നീങ്ങാതെ കാലം
നിശ്ചലമായിരുന്നെങ്കിലെന്നാശിക്കുന്ന
വസന്തകാലസ്മരണകളില്‍
എന്നും നീയുമുണ്ട്.. !!

പ്രിയപ്പെട്ട ഒരു സുഹൃത്തിന് വേണ്ടി കുറിച്ചത്

കണ്ണാടിക്കൂട്ടിലെ കുസൃതിക്കണ്ണുകളില്‍ 
എത്ര മുഖങ്ങളാണ് 
എത്ര സ്വരങ്ങളും 
എത്രയെത്ര ഭാവങ്ങളുമാണ് .. !!
അനുകരിക്കപ്പെടാത്ത 
അനുഭവിക്കപ്പെടാത്ത
ഒരായിരം ദിശകളിലേയ്ക്ക്
ചിറകുകള്‍ സന്തോഷത്തോടെ
പറന്നെത്തട്ടെ.. !!
എന്‍റെ സൂര്യന് ചുറ്റിലും
സ്വര്‍ണ്ണച്ചിറകുകളോടെ പറക്കുന്ന നിനക്ക്
സൂര്യകാന്തിയുടെ രണ്ടു വരികളിതാ.. !!
പകരം എനിക്കും ഒരിക്കല്‍
നീ പറഞ്ഞു തരിക,
പുലരിയിലേക്കുള്ള വഴി..
എന്‍റെ സൂര്യനിലേയ്ക്കുള്ള വഴി.. !!
ഏകാന്തതകളില്‍ നിന്നും
അപൂര്‍ണ്ണമായ ഉത്തരങ്ങളില്‍നിന്നും
വേര്‍പെടുത്തി
തമസ്സില്‍ നിന്നും ചിരിയുടെ പ്രകാശത്തിലേയ്ക്ക്
ദിവസങ്ങളെ കൂട്ടിക്കൊണ്ടുപോകുന്ന
നിന്‍റെ ലോകത്തേയ്ക്ക് ,
ഒരായിരം ചിരിത്തുണ്ടുകളിലേയ്ക്ക് ,
ഇനിയെന്നും പകലുകള്‍ ജനിക്കട്ടെ.. !!

Thursday, October 31, 2013

തടാകം..

തേടിപ്പോകുമ്പോഴെല്ലാം
എന്‍റെ നിഴലിന്‍ മറവില്‍ വാക്കുകള്‍
ഒളിച്ചിരുന്നു കരയുന്നതെന്തിനാണ് ?
കണ്ണീരു വറ്റാത്ത ഈറന്‍ചിരികളാല്‍
ഉള്ളിലെത്ര തടാകങ്ങള്‍.. 

തിരിച്ചുപിടിക്കുന്നത്‌

സകല പ്രതീക്ഷയുമുപേക്ഷിച്ച്
മരണത്തിന്‍റെ വിളുമ്പില്‍നിന്നും
തിരിഞ്ഞു നോക്കുമ്പോള്‍
അവസാനമായി  ആഗ്രഹിക്കുന്നത്
കാലാതിവര്‍ത്തിയായ ഒരു കവിതയല്ല ..
പോയ കാലത്തില്‍ നിന്നും ഒരു പിന്‍വിളിയാണ്
കളഞ്ഞുപോയൊരു പുഞ്ചിരിയാണ്
കടന്നു പോയൊരു തലോടലാണ്
കരുതിനിന്നൊരു സാന്ത്വനമാണ്
മാറോടു ചേര്‍ക്കുമ്പോള്‍
നെറുകയിലൊരു തുള്ളി കണ്ണീരാണ്.. !!
എങ്കിലും ഇതെല്ലാം ഈ നിമിഷം
ആഗ്രഹിച്ചുകൊണ്ടാണ്
ഓരോ കവിതയും പിറക്കുന്നത്‌.. !

കിളിക്കൂടും കിളിയും


അസ്തമയത്തിലെ  അവസാന പറവയും
ചിറകടിച്ചെത്തിയിട്ടും ,
വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍
അരിമുല്ലപ്പൂക്കള്‍ക്കിടയില്‍
ഒരു കിളിക്കൂട്‌ മാത്രം
നാരുകളിറുക്കെപ്പിടിച്ചു
നെടുവീര്‍പ്പിടുന്നു മണ്ണില്‍ നോക്കി..
വര്‍ണ്ണത്തൂവലുകള്‍ കൂട്ടമായ്‌ ചിതറിയ
നിഴല്‍പ്പാതയിലൊരു കിളിയെങ്ങാന്‍
പിടയുന്നുണ്ടോ .. ?
ആകാശവരമ്പിലെങ്ങാന്‍
വഴിതെറ്റിയൊരു കുഞ്ഞുകിളി തേടുന്നുണ്ടോ
അടുക്കിവച്ച ഇലകള്‍ക്കിടയിലെ
അരിമുല്ലച്ചൂട് ?
ചില്ലകളെല്ലാം ചിലച്ചും കലമ്പിയും
രാവ് പുലര്‍ന്നപ്പോള്‍
പ്രഭാതത്തിലേയ്ക്ക് മിഴിതുറന്ന
കിനാവള്ളിയും പൂവിതളുകളും
പിന്നെ കാത്തിരുന്നു കണ്ണുകലങ്ങിയൊരു
കുഞ്ഞുകിളിക്കൂടും
വഴിയരികില്‍ ചിതറിക്കിടന്നു..
മഞ്ഞുകാലത്തിനും
വേനലിനുമപ്പുറം
രണ്ടു ചിറകുകള്‍ ആകാശം തേടി
കടലുകള്‍ താണ്ടിപ്പറന്നു... 

കരിയുന്ന വേരില്‍ ചുവട്ടില്‍

വേരുകള്‍ക്കൊണ്ടെന്‍റെ ആഴങ്ങളില്‍ വന്ന്,
ഇനിയുമുണങ്ങാത്ത മുറിവുകളില്‍ തൊടുക..
കരിഞ്ഞ സ്വപ്നച്ചില്ലകളില്‍
ചുവന്ന പൂവുകള്‍ വിരിയട്ടെ..
നീയൊരു പാഴ്മരമായ്
മുറിക്കപ്പെടാതിരിക്കട്ടെ.. 

കരയുന്ന കടല്‍

ഭൂമി കാരിരുള്‍ മൂടിയപ്പോഴും
കരിമ്പടം പുതച്ചപ്പോഴും
കടല്‍ മാത്രം മാത്രം നക്ഷത്രങ്ങളെ നോക്കി
കരഞ്ഞുകൊണ്ടിരുന്നു..

സഞ്ചാരം

 ഇടവഴികളും ചുവപ്പന്‍പൂക്കളും

കാറ്റിലാടി നില്‍പ്പുണ്ട്
നമ്മള്‍ ഓര്‍മ്മകളുടെ
കൈപിടിച്ചെത്തുന്നതും കാത്ത്.. !

വേലിപ്പടര്‍പ്പില്‍ നാണത്തോടെ
ഒളിച്ചു നില്‍പ്പുണ്ടാവും
പണ്ട് നമ്മള്‍ മഴവില്‍ കുമിളകള്‍ പരത്താറുള്ള
പരന്ന ഇലകളും... !

തോടിനരികെ പാലത്തിന്നപ്പുറം
കല്ലുകൊണ്ട് പോറിവരച്ചിരുന്ന അക്കുകളങ്ങളും മായാതെ മുറിഞ്ഞുനില്‍പ്പുണ്ടാവും
ഓടി നമ്മളെത്താന്‍ കാത്ത്.. !

ഇടവഴികള്‍ കോണ്‍ക്രീറ്റ് പുതച്ചു മരിച്ചതും
മഴവില്‍ക്കുമിളകള്‍ പൊട്ടിവീണതും
തോടുകളില്‍ വേനല്‍ താമസമുറപ്പിച്ചതും
അറിഞ്ഞുകൊണ്ടുതന്നെയാണ്
നമ്മള്‍ ഓര്‍മ്മയുടെ പാളങ്ങളില്‍ സഞ്ചരിക്കുന്നത്... 

പാട്ടുപെട്ടി

ഉച്ചവെയിലില്‍
ഉറക്കച്ചവടില്‍
ഉച്ചത്തിലുച്ചത്തില്‍
താരാട്ടുന്ന പാട്ടുപെട്ടി.. 

മുറിവ്

മറക്കുവാന്‍ വേണ്ടി നമ്മളോര്‍ത്തെടുക്കുന്നു
നിത്യവും നോവുന്ന ഓര്‍മ്മകള്‍ വീണ്ടും..
ഉണങ്ങിയിട്ടും ചോരുന്ന വരണ്ടമണ്ണിലെ
നീരുറവയുടെ മുറിവ് പോലെ.. 

കൌമാരം

കത്തി നില്‍ക്കുന്ന വിളക്കിന്‍ ചുവട്ടില്‍ നിന്നും
സൂര്യനെതേടി ഇരുളിലേയ്ക്ക് പറക്കുന്ന
ചില കണ്ണാടിച്ചിറകുകള്‍..

Wednesday, October 30, 2013

അമ്മ

തീരമെത്താത്ത തോണിതന്നറ്റത്ത്
തണുത്തു ഞാന്‍ തനിച്ചിരിക്കവേ
നിറചിരിയില്‍ നക്ഷത്രങ്ങള്‍ കോര്‍ത്തമ്മ
ഓര്‍മ്മയുടെ തീരങ്ങള്‍ കാട്ടിത്തരാറുണ്ട്..

പനിപൊള്ളുന്ന നെറ്റിയില്‍ പാതിരാപ്പൂക്കള്‍ തൂവി
ദീപമായ് കണ്ണുകള്‍ നിറച്ചരികിലിരിക്കുമ്പോള്‍
നക്ഷത്രങ്ങള്‍ പോലും
അമ്മേയെന്നു വിളിച്ചിരുന്നോ ?

നെറുകയിലൊരു തെന്നല്‍കൈകള്‍
സ്വപ്നംപോലിന്നും വന്നു തൊട്ടു പോവാറുള്ളതും
തേങ്ങിക്കരയുമ്പോള്‍ നെഞ്ചുകീറി
സാന്ത്വനം പകരാറുള്ളതും നീ..

എന്തെഴുതിയാലും എത്രയെഴുതിയാലും
കടലു പോലെ കനലുപോലെ
കാലം പോലെ കയ്യില്‍നിന്നും വഴുതിപ്പോകുന്ന
നിറവുള്ള നിലാവുള്ള സ്നേഹതീരം.. അമ്മ..

ഹൃദയസമ്മാനം

കൈക്കുമ്പിളില്‍ വാരിയെടുത്തു
ഞാന്‍ മാറോട് ചെര്‍ത്തിട്ടുണ്ട്
നിന്‍റെ പാദങ്ങള്‍
പതിഞ്ഞ മണല്‍ത്തരികള്‍..
ഭാര്യയുടെ അലമാരയില്‍
അവള്‍ കാത്തുവച്ചിട്ടുണ്ട്
ചില്ലുകൊണ്ടുണ്ടാക്കിയ
മണല്‍ നിറച്ച കൌതുകവസ്തു..
അവള്‍ക്കു ഞാന്‍ നല്‍കിയ
ആദ്യസമ്മാനം..
അതിലെന്‍റെ
ഹൃദയവുമുണ്ടായിരുന്നു..

മഴയെ വെറുക്കുന്നത്

പാടത്തും വരമ്പത്തും
വെറുതെ പെയ്യ്തു പോകുന്ന
മഴക്കും ഭാഗ്യമുണ്ടാവും
പ്രണയിക്കുന്നവരുടെ  മനസ്സില്‍
തോരാതെ ചേക്കേറാനും
ചുംബനങ്ങളിലൂടെ ഒഴുകിയിറങ്ങാനും..
കവിയുടെ പേനയില്‍
നിലയ്ക്കാതെ പെയ്യാനും
ക്ലാരയുടെ മുടിയില്‍
നനഞ്ഞിരിക്കാനും ..
എങ്കിലും ചോരുന്ന പുരയിലും
വൃദ്ധന്‍റെ തുളവീണ കുടയിലും
കടത്തിണ്ണയിലെ വൃണങ്ങളിലും
ചൂട് തേടുന്ന അനാഥന്‍റെ പനിയിലും
മഴയുടെ തലോടല്‍ ഞാന്‍ വെറുക്കാറുണ്ട് .. 

Tuesday, October 29, 2013

പ്രണയഹൈക്കു

ഞാന്‍ 
ഞാന്‍ , നീയെന്ന താരാട്ടില്‍
നിത്യം ആകാശത്തിന്‍റെ
ആയത്തിലാടുന്നവള്‍..

കടല്‍പ്രണയം 
ഒരു മിന്നലില്‍
എന്നിലേയ്ക്ക് പ്രണയമയക്കുന്ന കാമുകാ,
പ്രിയ വാനമേയെന്നൊരു
കടലിന്‍റെ തിര വാനില്‍ മുത്തിപ്പറഞ്ഞു..

കുട 
നമ്മള്‍ കുടക്കീഴിലെങ്കിലും
നമ്മെ നനയ്ക്കാന്‍
എത്രയെത്ര കാറ്റുകള്‍
പിറവിയെടുക്കുന്നു ചുറ്റിലും..

സംഗീതം 
വയലിന്‍റെയിഴകള്‍ പോലെ
നീ വിരലോടിക്കുമ്പോള്‍
സംഗീതമായ് ഞാന്‍..


സ്വയം നഷ്ടമായി നിന്നില്‍..

കാഴ്ച്ചയും കേള്‍വിയും നഷ്ടമായി
നീയെന്ന ഒറ്റമരത്തില്‍
ചൂടുള്ള ചിറകുകളുടെ കീഴില്‍
വീണ്ടുമൊരു കൈക്കുഞ്ഞിന്‍റെ
ചാപല്യത്തോടെ ഞാന്‍..

അവളുടെ പ്രിയപ്പെട്ട കാമുകന്‍, എന്‍റെയും.


ചുണ്ടുകള്‍ക്കൊണ്ട് അയാള്‍ എന്നെ
കത്തിയെരിച്ചുകൊണ്ടിരിക്കുമ്പോള്‍
ഉള്ളിന്‍റെയുള്ളില്‍ മറ്റൊരുവള്‍
തീ പോലെ
അയാളെ ചുട്ടുകൊന്നുകൊണ്ടിരിക്കും!
ചോദിക്കാനാവാത്ത
പലതരം ചിഹ്നങ്ങളില്‍ ഞാനയാളെ
എന്‍റെ കണ്ണുകള്‍ക്കൊണ്ട് വീര്‍പ്പുമുട്ടിക്കും !
ഉത്തരം പലതുണ്ടായിട്ടും ഒന്നും
പറയാതയാള്‍ മൌനം കൊണ്ടെന്നെ തടുക്കും  !
അടങ്ങാത്ത ഒരു വിശപ്പില്‍നിന്നും
ഉദ്ഭവിച്ചു തുടങ്ങുന്ന ഒരുതരം കാറ്റുപോലെ
അയാള്‍ എന്നെ കൈകള്‍ക്കുള്ളില്‍ കെട്ടിയിടും !
കടലുകാത്തിരുന്ന കൊടുംകാറ്റിനെ പോലെ
ഞാനും  തിരകള്‍ വിരിച്ച് അയാളെ വിഴുങ്ങും..
ഒടുവിലൊരു വല്ലാത്ത ശാന്തത ഉള്ളിലെടുത്ത്
അയാള്‍ പടിയിറങ്ങിപ്പോകും
വാതിലുകള്‍ കടന്നാല്‍പിന്നെ
തീര്‍ത്തും അപരിചിതരായ രണ്ടു പേര്‍..
എന്നില്‍ ബാക്കിയാവുന്നതോ ??
എന്നും തോരാതെ പെയ്യ്താലും
കണ്ണുനീരിന് അടക്കാന്‍ കഴിയാത്തൊരു
ആളിക്കത്തല്‍ ..
പിന്നെ അനുനിമിഷം എന്നെ ഞെരുക്കിക്കൊണ്ട്
പടര്‍ന്നു പന്തലിച്ചു വളരുന്ന
നിന്‍റെ ചുംബനത്തിന്‍റെ
മുള്‍വേലിയിലുടക്കിപ്പോയ ഓര്‍മ്മകള്‍..
നീയോ..
മറ്റൊരു മഹത്തായ സ്വപ്നത്തിന്‍മടിയില്‍
ആനന്ദത്തിന്‍റെ ഉത്തുംഗപതത്തില്‍
ഓര്‍മ്മകളെ കാറ്റിലൂതി ,
പുകക്കണ്ണടകള്‍ തീര്‍ത്തുകൊണ്ട്
അവളോട്‌ പറഞ്ഞു..
പ്രിയപ്പെട്ടവളെ , നിന്നെ ഞാന്‍
ആത്മാര്‍ഥമായി പ്രണയിക്കുന്നു
അളവുകലില്ലാതെ ...

ചില ഹൈക്കു കവിതകള്‍

ചുണ്ടിലെ ചുവപ്പ് 
അവളുടെ ചുണ്ടുകളിലേയ്ക്ക്
തട്ടിമറിഞ്ഞു വീണുപോയൊരു
അസ്തമയത്തിന്‍ ചുവപ്പാണ് ഞാന്‍..

അന്ത്യോപചാരം
ദൂരെമാറിയൊരു
പല്ലിയുപേക്ഷിച്ച വാല്‍ക്കഷ്ണം ..
നീളന്‍ ക്യൂവില്‍
ക്ഷമയോടെ ഉറുമ്പുകളുടെ
അന്ത്യോപചാരം..

കിന്നാരം 
സര്‍വ്വവും ഇരുളില്‍ പുതഞ്ഞപ്പോള്‍
എന്‍റെ പുതപ്പിനടിയില്‍മാത്രമൊരു
മിന്നാമിനുങ്ങിന്‍ കിന്നാരം ..

ബന്ധനം

കാറ്റുപോലൊഴുകിയപ്പോള്‍
പാട്ടുപോലെ ഒപ്പിയെടുത്ത്
മനസ്സില്‍ ബന്ധിക്കയാണു നീയെന്നെ.. 

പൂക്കാലം കാത്ത്

ചില്ലയിലേയ്ക്കു തിരികെയെത്തുന്ന
പൂക്കാലം കാത്തൊരു
ശിശിരത്തിന്‍റെ തുമ്പില്‍  ഞാന്‍.. 

ഭ്രാന്തിന്‍റെ സ്വര്‍ണ്ണക്കിരീടം

അവരുടെ കണ്ണുകളാല്‍തീര്‍ത്ത
കീരീടണിഞ്ഞുകൊണ്ട് ,
അവന്‍ മാത്രം കണ്ടിരുന്ന
കൊടും ഭ്രാന്തിന്‍റെ തെരുവിലൂടെ
നിലവിളിച്ചുകൊണ്ട് ഞാനോടി..
പരമോന്നതിയുടെ സിംഹാസനത്തിലുരുന്നവന്‍
എന്‍റെ വൃണങ്ങള്‍ കണ്ടട്ടഹസിച്ചു..
ചങ്ങലകളുടെ സ്വാതന്ത്ര്യത്തില്‍
വേദന കൊണ്ട് പുളഞ്ഞപ്പോള്‍
ഉറക്കെയുറക്കെ നിലവിളിച്ച്
ഞാനവനെ വീണ്ടും വീണ്ടും സന്തോഷിപ്പിച്ചു..
അപ്പോഴും കാഴ്ച്ചക്കാരുടെ
കണ്ണുകളില്‍ എന്‍റെ കിരീടം തിളങ്ങിനിന്നു.. 

അദൃശ്യമായി വളരുന്ന ചിലത്

നമ്മെ ബന്ധിപ്പിക്കുന്ന  ഓര്‍മ്മച്ചരടില്‍,
നേര്‍ത്തൊരു കാറ്റടിച്ചാല്‍ പോലും
അന്യരായേക്കാവുന്ന നമുക്കിടയില്‍ ,
അദൃശ്യമായി എത്ര സംഗമങ്ങള്‍
നിശബ്ദമായ് എത്ര കവിതകള്‍..
ഓര്‍മ്മകളുടെ മഴവില്ലിന്‍റെ രണ്ടറ്റത്തുനിന്നും
ഏഴു നിറമുള്ള വലിയൊരു പുഴ ഒഴുകിത്തുടങ്ങുന്നു..
കാണാത്തപ്പോഴെല്ലാം ഓര്‍ത്തും
ഓര്‍ക്കാത്തപ്പോള്‍ മാത്രം ജീവിച്ചും
നമ്മില്‍ നാമറിയാതെ എത്രയടുപ്പം ..  

മറവിയിലേയ്ക്കൊരു പ്രയാണം


ഇളവെയിലുകളില്‍ പോലും
നാം നനഞ്ഞു നടന്ന തണലുകളില്‍
വഴിവിളക്കുകള്‍ എന്നാണോമനേ
നിരന്തരമായൊരു
രാത്രിയിലേയ്ക്ക് മിഴികൂമ്പിയത്  ?
നിലാവെളിച്ചത്തിന്‍റെ
നിശാപുഷ്പങ്ങളിലേയ്ക്ക്
പാതിരാവില്‍
പതുങ്ങിയെത്തിയിരുന്ന
നിന്‍റെ സ്വപ്നച്ചിലങ്കകള്‍
മൂകമായതെന്നാണ് ?
എന്‍റെ പ്രണയാകാശത്തുനിന്നും
അള്‍ഷിമേഴ്സിന്‍റെ
ജയില്‍മുറ്റത്തേയ്ക്കുള്ള
നിന്‍റെ പ്രയാണത്തില്‍
എനിക്കെന്‍റെ ഋതുക്കളും
പകലുകളും നിറമില്ലാതെ
നരച്ചുപോയിരിക്കുന്നു..
പാടവരമ്പുകളിലൊരു
പട്ടുപാവാടക്കാരിയെ
തോരാമഴയത്തും കാത്തുനിന്നൊരു
യൌവനത്തിലെ
കുതിര്‍ന്നു പോയ ചിത്രത്തിലേയ്ക്ക്
വെറുതെ വിരലോടിക്കയാണ് ഞാന്‍..
ഈ തോളില്‍ കാലങ്ങളായ് കത്തിനിന്ന
നിന്‍റെ മന്ദസ്മിതങ്ങള്‍
തണുത്തുറഞ്ഞെന്നെയിന്നു
മരവിപ്പിക്കുന്നു .. !
നിന്‍റെ മറവിയുടെ
ശീതീകരിച്ച മുറിയില്‍
നമ്മെ വിഭജിപ്പിക്കുന്നതൊരു
അഴലിന്‍റെ പുഴയാണ് ...
അതില്‍ ഞാന്‍ മാത്രമറിയുന്ന
ഞാന്‍ മാത്രമനുഭവിക്കുന്ന
നീന്തലറിയാത്തൊരു  കാറ്റിന്‍റെ പിടച്ചില്‍  ..
ദൂരെയൊരു ചിപ്പിക്കുള്ളില്‍
മുത്തുപോലെ ശാന്തമായി നീ
എന്നില്‍ നിന്നും
ദൂരേയ്ക്ക് ദൂരേയ്ക്ക് തുഴയുന്നു.. 

ഈശ്വരനോട്

ഈശ്വരാ ജഗദീശ്വരാ
ഇനിയുമൊരു ജന്മം
കനിവാര്‍ന്നു തരുകില്‍
ഒരപേക്ഷ കേട്ടരുളുക
നീയെനിക്കീ മണ്ണിലൊരു
മനുഷ്യരൂപമേകരുതേ !

അമ്മ തന്‍ കൈകളാല്‍
ചോര വാര്‍ന്നൊഴുകുന്ന
കൈക്കുഞ്ഞുങ്ങളും,
തവ സന്നിധിയില്‍ തന്നമ്മയെ
നേര്‍ച്ചപോലെറിഞ്ഞീടുന്ന
പ്രിയസുതരും ,
പ്രണയമാമമൃതില്‍
നന്നേ വിഷം നിറച്ചുപ്രാപിക്കുന്ന
കാമക്കണ്ണുകളും ..!

നീ തീര്‍ത്ത ഭൂമിയില്‍
നീ തീര്‍ത്ത സ്നേഹത്തില്‍
നിന്നരുമ മക്കളില്‍
പാപച്ചാലുകള്‍
നിറയുന്നു വിഭോ,
കാണുന്നുവോ നീ
അറിയുന്നുവോ നീ .. ??

കാണുമ്പോള്‍ കരയാതിരിക്കാന്‍
കല്ലുകൊണ്ടൊരു ഹൃദമേകുക ,
ഓര്‍ക്കുമ്പോള്‍ ഇടറാതിരിക്കുവാന്‍
ആത്മാവിലൊരു പടച്ചട്ട നല്‍കുക ..
ഈശ്വരാ ജഗദീശ്വരാ
ഇനിയുമൊരു ജന്മം
കനിവാര്‍ന്നു തരുകില്‍
ഒരപേക്ഷ കേട്ടരുളുക
നീയെനിക്കീ മണ്ണിലൊരു
മനുഷ്യരൂപമേകരുതേ !

എഴുതിയ കഥ

കണ്ണുകള്‍ക്ക്‌ ചുറ്റും
നിനക്കുവേണ്ടി കരിഞ്ഞുകൂടുന്ന
കണ്ണീരു തൊട്ട് ഞാനെഴുതി
നിന്നെക്കുറിച്ച് ..
കണ്ണുകള്‍ കൊണ്ട്
കഥ എഴുതിയവള്‍ എന്ന്
ഒന്നുമറിയാതെ നീ
പറഞ്ഞുകൊണ്ടിരുന്നു..  

പുനര്‍ജ്ജനി

എത്ര കൊന്നിട്ടാലും ,
ഇരുളുമ്പോള്‍ മുന്നില്‍ ,
ചിരിയോടെ വന്നു വീണ്ടും നില്‍ക്കുന്ന
നിന്‍റെ ഓര്‍മ്മകള്‍
എന്നെ കണ്ണീരില്‍ പുതപ്പിക്കുന്നു.. 

കാറ്റും മഴയും

മുറ്റം മുഴുവന്‍ കരിയില 
വീഴ്ത്തിക്കൊണ്ട് 
ഒരു കാറ്റ് കടന്നുപോയി.. 
തൊട്ടു പിന്നാലെ 
വീണു കിടന്ന ഇലകളെല്ലാം നനച്ച് 
ഒരു മഴയും .. 
ഇടവഴിയിലെവിടെയോ വച്ച്
ഇലകള്‍ നനഞ്ഞുമണ്ണില്‍ വീണുതുടങ്ങി ..

മരണത്തിലെ സൌന്ദര്യം


നീ കോര്‍ത്തുതന്ന ഇരയുടെയുള്ളിലെ
കൂര്‍ത്ത കൊളുത്ത് ,
എന്‍റെ ജീവിതമെടുക്കും
എന്നറിയാഞ്ഞത് കൊണ്ടല്ല ,
പിടഞ്ഞു മരിക്കുന്നത്
നിന്‍റെ കൈകളില്‍തന്നെയല്ലോ
എന്ന സമാധാനത്തിനു വേണ്ടിയാണ്..

പണ്ട് നീയുപേക്ഷിച്ച വലയില്‍ നിന്നും
ഞാന്‍ നേടിയ ജീവിതമെനിക്കു തന്നത്
ഒരു കടലും
ഒരായിരം കടലിരമ്പങ്ങളുമാണ്..
എങ്കിലും പ്രിയപ്പെട്ട മുക്കുവാ,
നിനക്ക് വേണ്ടിത്തന്നെയാണ്
ഇക്കണ്ട തിരയെല്ലാം താണ്ടി
ഞാനെത്തിയത് .. 

Monday, October 28, 2013

HIV

ചതിയുടെയും സൃഷ്ടിയുടെയും
പരമോന്നതിയില്‍
ഗതികെട്ടവളുടെ വയറ്റില്‍
പലപ്പോഴായി ഉദ്ഭവിച്ച
രോഗക്കുഞ്ഞുങ്ങളെ
വര്‍ഷങ്ങള്‍ക്കുശേഷം അവന്‍
സ്വന്തം രക്തത്തില്‍ കണ്ടെത്തി .. 

Sunday, October 27, 2013

ക്രൂശിതന്‍റെ നിലവിളി


സ്നേഹിച്ച കുറ്റം പേറി
ആണികളില്‍ ജീവന്‍ കുരുക്കിലിട്ട്
നോവിന്‍റെ കൊടുമുടിയില്‍
കുരിശിലേറ്റപ്പെട്ട്
നില്‍ക്കുന്ന കാലത്തിന്‍റെ
തിരുരക്തപ്പുഴ..
ഒന്‍പതാം മണിക്കൂറിന്‍റെ
കനത്ത അന്ധകാരത്തില്‍
മനസ്സ് പിളര്‍ന്നവന്‍ നിലവിളിച്ചു ,
എന്‍റെ ദൈവമേ എന്‍റെ ദൈവമേ
എന്തുകൊണ്ടു നീയെന്നെ ഉപേക്ഷിച്ചു..
ബധിരമായ കാതുകളും
വന്ദ്യമായ വയറുകളും മരവിപ്പിച്ച്
ക്രൂശിന്‍ ചുവട്ടില്‍ ദൈവപുത്രന്‍റെ
കണ്ണീര്‍ അഭയമറ്റുവീണു..  
ദൂരെയെവിടെയോ ,
ഒരു സ്നേഹത്തെ
ചുംബനത്താല്‍ ഒറ്റിയവന്‍
മുപ്പതു കാശിന്‍റെ തിളക്കത്തില്‍
അടങ്ങാത്ത കടലിന്‍ കരയില്‍
ശാന്തമായൊരു തീരം തേടിനടന്നു .. 

Saturday, October 26, 2013

സ്വപ്നം

വഴികളേതോ ചോദ്യത്തിലേയ്ക്കൊളിച്ചതും
വരകളെല്ലാം നിറം ചോര്‍ന്നുപോയതും
മിഴികളെന്നും കനിവിനായ് കേണതും
നിനക്ക് മുന്‍പിലൊരു തണലിനായ് ചേര്‍ന്നതും
സ്വപ്നമായിരുന്നോ ?
നീ ഒഴുകിയകന്നതും
സൂര്യനെ പോലെ ഞാന്‍
മറുകരയില്‍ കത്തിയെരിഞ്ഞുനിന്നതും
ഇന്നുമൊരു കനലിനാല്‍ വേവുന്നതും
കടല്‍കാറ്റില്‍ വെറുതെ
ദൂരത്തേയ്ക്ക് നോക്കിനില്‍ക്കുന്നതും
സ്വപ്നമായിരുന്നോ ?
ഇപ്പോഴും ഉണര്‍ന്നിരുന്നു നീറുന്ന സ്വപ്നം ??

മയില്‍‌പ്പീലി

നീ തന്ന മയില്‍പ്പീലിയില്‍
ഞാന്‍ വാനം കാണാതൊളിപ്പിച്ച
ഒരായിരം കഥകള്‍ ..

ഓര്‍മ്മകളില്‍ ഇന്നും വാനം കാണാതെ 
ആരും കാണാതെ 
പെറ്റും പെരുകിയും .. 
ഞാന്‍ മരിക്കുമ്പോള്‍ മാത്രം 
എന്നില്‍ നിന്നും ചിറകടിച്ചുയരേണ്ട നിന്‍റെ 
മയില്‍ച്ചിറകുകള്‍..

ഉപേക്ഷിക്കപ്പെടുന്ന സ്നേഹങ്ങള്‍വൃദ്ധസദനത്തില്‍ ഉപേക്ഷിക്കപ്പെട്ട, ആശയറ്റ സന്ധ്യകളില്‍ 

സ്നേഹത്തോടെ ഒരു 'അമ്മവിളിക്ക്' നെഞ്ചുരുകി , എന്നാല്‍ ആരോടും പരിഭവിക്കാതെ കഴിഞ്ഞുകൂടുന്ന തൊലി ചുളുങ്ങിയ, കാഴ്ച മങ്ങിയ വൃദ്ധന്മാരും വൃദ്ധകളുമുണ്ട്. മലവും ചോരയും വഴുവഴുക്കുന്ന പിഞ്ചുകുഞ്ഞിനെ മാറോടു ചേര്‍ത്തു നുകരുന്ന മാതാപിതാക്കളില്‍ നിന്നും കാലം കൊണ്ട് ചെന്നെത്തിച്ചത് ഉപേക്ഷിക്കപ്പെട്ട പിന്തള്ളപ്പെട്ട , ഓര്‍മ്മകളിലേയ്ക്ക് വലിച്ചെറിയപ്പെടുന്ന നിമിഷങ്ങളിലേയ്ക്ക്. മരണക്കിടക്കയിലും ഈശ്വരനോടു സ്വന്തം മക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കുന്ന അമ്മമാരും, അച്ഛന്മാരും. നമ്മുടെ നന്മ മാത്രം ആഗ്രഹിക്കുന്ന കാണപ്പെടുന്ന ദൈവങ്ങള്‍ നമുക്ക് ഭാരമാവുന്നത് എന്തുകൊണ്ടാണ് ?? നമുക്ക് പ്രായം ചെല്ലുംതോറും നമ്മള്‍ അവരെ പൂവിട്ടു പൂജിക്കുകയാണ് ചെയ്യേണ്ടത്. സ്വന്തം അച്ഛനമ്മമാരെ ആദരിക്കാതെ ബഹുമാനിക്കാതെ ഏതു ദേവാലയങ്ങളില്‍ ചെന്ന്, എന്തൊക്കെ കോമാളിത്തരം കാണിച്ചാലും നമ്മെ കാത്തിരിക്കുന്നത് അതേ വൃദ്ധസദനങ്ങളും, മരണത്തോളം വേദനകളും തന്നെയാവും.

എപ്പോഴും മറയുന്നത്

നിലാവിന് 
വീണ്ടും വീണ്ടും തളിരിടാന്‍ പൂക്കാന്‍ 
നീയൊരുക്കിയ ആകാശപ്പടവുകളിലൂടെ 
ഒരായിരം നക്ഷത്രക്കുഞ്ഞുങ്ങളായി 
ഒരായിരം മഴക്കുടങ്ങളായി 
ആനന്ദത്തോടെ
സ്വയം ചിതറുകയാണ് ഞാന്‍ .. 
മേഘച്ചെണ്ടുകളുമായി 
അരികിലണയുമ്പോള്‍ ഇന്നും 
അമാവാസിയായി മറയരുത് നീ ..

ശേഷിക്കുന്ന മഴയുടെ നിറംമഴവില്ലിന്‍റെ നിറങ്ങള്‍ ഒഴുകിത്തീരുമ്പോള്‍
നമ്മില്‍ അവശേഷിക്കുന്നത് ഒരു മഴ മാത്രമാവും..

അസ്തമയം

നിന്‍റെ നിഴലാവാന്‍ കൊതിച്ച , 
എന്നില്‍ നിഴലുകള്‍ നിറച്ചു നീ അസ്തമിച്ചു.. 
ഒരു രാത്രിയുടെ മഹാമൌനം പോലെ ഞാന്‍ ..

ബലി


മഴ തോര്‍ന്ന
നഗരത്തിന്‍റെ ചതുപ്പുകളില്‍ ,
പാപപുണ്യങ്ങളുടെ അന്തിമവിധിയില്‍
നിനക്ക് ഞാന്‍ കവിതകൊണ്ടൊരു ബലിയിടാം ..
ജീവിതത്തിന്‍റെ തീരത്തു നിന്നും
ഓളങ്ങളിലൂടെ നീ  ദൂരേയ്ക്ക് പോകുന്നത്
എന്നില്‍ നിന്നും മാഞ്ഞുപോകുന്നത്
നോക്കി നില്‍ക്കണമെനിക്ക്..
എന്നിട്ട്,
നീ മുന്‍പില്‍ നിന്നപ്പോഴെല്ലാം
ശ്രമപ്പെട്ട് അണകെട്ടി നിറുത്തിയ കണ്ണുകളെ
ഭ്രാന്തിലേയ്ക്ക് എറിഞ്ഞുകൊടുത്തിട്ട്
ഞാനൊടി രക്ഷപെടും
അന്ധകാരത്തിലേയ്ക്ക്..
എന്നിട്ട് നീ വായിക്കാതെ പോയ
ഒരു കവിതയുടെ
നെഞ്ചില്‍ വീഴും ഞാന്‍ ..
വീണൊന്നു പൊട്ടിക്കരയും ..

Thursday, October 24, 2013

വിഡ്ഢി

വിരലുകളില്‍ തൂങ്ങിയാടുന്ന
മകള്‍ക്കറിയില്ലേ
വാക്കുതെറ്റിച്ച
അച്ഛന്‍റെ
വിരലുകള്‍ക്കിടയില്‍ കത്തിത്തീര്‍ന്ന
സിഗരറ്റിന്‍റെ ഞെരിച്ചിലുകള്‍..
കൂടെ കിടന്നാലാസ്യത്തില്‍
മയങ്ങുമ്പോള്‍
അറിയാതെ സ്വപ്‌നങ്ങള്‍
പറഞ്ഞു കൊടുത്ത പേരുകള്‍
അവളുമറിയാതിരിക്കുമോ ..
എല്ലാമറിയുന്നവര്‍ നടിക്കുന്ന
മൌഡ്യത്തിന്‍റെ സ്വാതന്ത്ര്യത്തില്‍
സ്വയം വിഡ്ഢിയാവുന്നത്
നീയാണ് ..