Wednesday, February 19, 2014

ചുവന്നത്

ജീവിതമേ
നിന്‍റെ പൂക്കള്‍ക്കൊണ്ട്
എന്‍റെ ആകാശമാകെ
ചുവപ്പിക്കുക.
അതില്‍ ഞാന്‍
ഒരു നക്ഷത്രം തുന്നട്ടെ..

വെറുതെയിങ്ങനെ

കൊയ്ത്തു കഴിഞ്ഞ
പാടം പോലെ മനസ്സ് ,
ഏറ്റവും വിരസമായ ദിവസങ്ങളില്‍ ,
ഒരു പാട്ട് മാത്രം കാതോര്‍ത്ത്,
വെറുതെയിങ്ങനെ....

ഉടഞ്ഞ ആകാശം

പെരുമഴ നനഞ്ഞൊരു പൂവ് 
കണ്ണിലെ ആകാശത്തെ 
മണ്ണിലേയ്ക്ക്
കരഞ്ഞു വീഴ്ത്തുന്നു...

Friday, February 14, 2014

ഞാനൊരു മഴയാവുന്നു

വേനല്‍പ്പുലരിയിലെ
കുന്നിന്‍ചെരുവ് പോലെ
ചിരിച്ചുനില്‍ക്കുന്ന  താളിലാണ് ,
നിന്നെക്കുറിച്ച്
എഴുതിത്തുടങ്ങുന്നത്

വാക്കുകള്‍ക്കിടയിലെ
നീണ്ട ഇടവേളകളോ
വരികള്‍ക്കുള്ളിലെ നിശ്ശബ്ദതയോ
നീയെനിക്ക് തരാറില്ല.

പകരം
വെയിലത്ത് ചാറുന്ന
നാലുമണിയുടെ മഴയിലേയ്ക്ക്‌
കൂട്ടിക്കൊണ്ട്പോകും

പകല്‍ച്ചില്ലയില്‍നിന്നും
സൂര്യനെയെടുത്ത്
നീയെന്‍റെ നെറുകില്‍
തൊട്ടുവയ്ക്കും

മേഘങ്ങള്‍ ഒഴുകുന്ന
പുഴയില്‍ നിന്നുമൊരു
പൂവിറുത്ത്
എന്‍റെ മുടിയില്‍ചൂടും

അവിടെ നീ
താഴ്ന്ന സ്വരത്തില്‍
എനിക്ക് വേണ്ടി മാത്രം
പാടിക്കൊണ്ടിരിക്കുന്ന
പ്രിയപ്പെട്ട ഗാനമാവും,

ജനാലക്കപ്പുറം ,
മഞ്ഞയും ചുവപ്പും ചേര്‍ന്ന
വസന്തകാലമാവും ,

മഞ്ഞുതുള്ളിയിലൂടെ
വരാന്തയുടെ
കൈവരികളിലേയ്ക്ക്
ചേര്‍ന്നിരുന്നു കൊതിപ്പിക്കുന്ന
ആകാശവും,

മഴവില്ല് മായാത്ത
വാനം കാണാത്ത
മയില്‍പ്പീലി കാത്തുവച്ച
കുഞ്ഞുങ്ങളുമാവും,


നീ നോക്കുമ്പോള്‍ ഉദിക്കുന്ന
എന്‍റെ നിലാവ്
എത്ര കോടി മിന്നാമിനുങ്ങുകളെയാണ്
നിനക്കു വേണ്ടി വളര്‍ത്തുന്നത്.

മഴ തോര്‍ന്നിട്ടും
ഉള്ളില്‍ തോരാത്ത കുളിരായി
നിന്‍റെ ഇറയത്തിരുന്ന്‍
നിന്നില്‍ നനഞ്ഞ്
 ഞാനൊരു മഴയാവുന്നു..

Wednesday, February 5, 2014

നിന്നില്‍നിന്നിറങ്ങി പോരുന്നവള്‍

നിന്നില്‍ നിന്നും
നമ്മിലൂടെ
എന്നിലേയ്ക്ക് മാത്രമായി
എത്തിച്ചേരുന്ന
ഓരോ നടയിലും
നെഞ്ചു വീര്‍ത്തു വീര്‍ത്ത്
ഇപ്പൊ ഞാന്‍
പൊട്ടിച്ചിതറിപ്പോയെങ്കിലോ
എന്ന് ചിന്തിക്കുകയാവും ഞാന്‍.

നീയാവാനുള്ള യാത്രയില്‍
എനിക്ക് കാറ്റിന്‍റെ വേഗമായിരുന്നു.
നിറയെ പൂമണം ചൂടി
മരത്തിന്‍റെ ഞെടുപ്പ് വിട്ട്
കടലിലേയ്ക്ക് പറക്കുന്ന
ഇലയുടെ മഞ്ഞ നിറത്തില്‍
നിന്‍റെ മാറിലേയ്ക്ക്
വന്നു വീഴുന്ന മാത്രയില്‍
ഞാനാകെ ചുവന്നു പോകും.
നിന്‍റെ ഹൃദയത്തിലെ മിടിപ്പ്
മാത്രമാവും ഞാന്‍.

തൂവല് പോലെ ,
വെള്ളച്ചാട്ടത്തിലൂടെ
കുന്നിനു മുകളില്‍നിന്നും
ഊര്‍ന്നു പോരുന്ന ഒഴുക്കുപോലെ ,
അതുമല്ലെങ്കില്‍
വെറും ശൂന്യത പോലെ
ഒട്ടും ഭാരമില്ലാതെ
ഞാന്‍ നിന്നിലെവിടെയോ
അപ്രത്യക്ഷമാകും.

അല്‍പനേരം മരിച്ചുറങ്ങിയ
സ്വപ്നലോകത്തുനിന്നും ,
നിന്‍റെ കൈകളുടെ
ആശ്ലേഷത്തില്‍നിന്നും ,
ഞെട്ടിയുനരുമ്പോള്‍ മുതല്‍
വേഗത്തിലോടുന്ന
ഘടികാരത്തെ ശപിച്ച്
മടക്കയാത്രക്കൊരുങ്ങുമ്പോള്‍
നീ ശബ്ദമില്ലാത്തവനായിത്തീരും.

പോവരുതെ എന്ന് ഒരുവട്ടം
നീ പറയുമോ എന്ന്
ഞാന്‍ ആശിക്കുന്നുണ്ടെന്ന്‍
നിനക്കറിയാം ,
നീയത് പറയില്ലെന്ന്
എനിക്കുമറിയാം.

നിന്‍റെ വാതില്‍ ചാരി
പുറത്തേയ്ക്കിറങ്ങുന്ന
ആ നിമിഷമുണ്ടല്ലോ
നിന്നില്‍നിന്നും
എന്നെ ചെത്തിമാറ്റുന്ന
ആ നിമിഷം,
അതിനെപ്പറ്റിയാണ്
ഞാന്‍ പറയുന്നത്.

നീ ചേര്‍ന്നിരിക്കുമ്പോള്‍
ഭാരമില്ലാത്തവളായി തീര്‍ന്ന
ഞാന്‍ ഇതാ
ലോകത്തിലെ
എല്ലാ ഭാരവും
നെഞ്ചില്‍ ശേഖരിച്ച്
തിരിഞ്ഞു നോക്കാതെ
വീട്ടിലേയ്ക്ക് നടക്കുന്നു.

(ഈ ലക്കം മലയാള മനോരമ ഓണ്‍ലൈനില്‍ വന്നത് )

Monday, February 3, 2014

നക്ഷത്രത്തിലേയ്ക്ക് പറക്കാന്‍ ചിറകുതരുന്നവന്‍

കണ്ണുകള്‍ക്കുള്ളില്‍
കുഞ്ഞുകൂടുകളുണ്ട്
അതില്‍ നിറയെ
കിളിക്കുഞ്ഞുങ്ങളും

ചില നോട്ടങ്ങളില്‍ മാത്രം
നീ അവയെ
നക്ഷത്രങ്ങളിലേയ്ക്ക്
പറത്തിവിടും.

ഇടയ്ക്കിടെ അവ
വസന്തത്തിലേയ്ക്ക്
ചിറകടിച്ചു പോയി
ഒരു ചുവന്ന പൂവിറുത്തു
തിരികെ വരും.
അതുമായി
നിനക്ക് വേണ്ടി കാത്തിരിക്കും.
പിന്നെ,ഞാനും
എന്‍റെ കണ്ണിലെ കിളിക്കുഞ്ഞുങ്ങളും
ചുവന്ന നിറമുള്ള
കാത്തിരിപ്പുകളായി
വാടിയുറങ്ങിപ്പോകും.

പുലരുമ്പോഴേയ്ക്കും
എത്തുന്ന  നിന്നെ
കാണുന്ന ഉടന്‍
വീണ്ടും ഞങ്ങള്‍ വാചാലരാവും.
പരാതിയുടെ മുഴക്കങ്ങള്‍
ഒരു താരാട്ടായി ഏറ്റെടുത്ത്
നീയുമുറങ്ങും.

നീ ഉണരുമ്പോള്‍ എനിക്ക്
ചിറകുകള്‍ മുളയ്ക്കും ,
നമ്മുടെ വീടിനെ പൂന്തോട്ടമാക്കി
ഞാന്‍ പറന്നു നടക്കും.

അടുക്കളയില്‍ നിന്നും
ഊണുമുറിയിലേയ്ക്ക്,
ഒരു കൂട്ടം
അലങ്കരിച്ചു വയ്ക്കുമ്പോള്‍
അടുപ്പിലെ മറ്റൊരുകൂട്ടം
തിളച്ചുചാടി
എന്നെ ശ്ശ്ശ്ശ് ശ്ശ്ന്നു വിളിക്കും
തിടുക്കത്തിനിടയില്‍
കയ്യൊന്നു പൊള്ളും
നിന്‍റെ അടുത്തേയ്ക്ക് വന്ന്‍,
ദാ നോക്കൂ , ഇതിനുള്ള മരുന്ന്
നിന്‍റെ കയ്യിലില്ലേ എന്ന് ചോദിക്കാന്‍
വരുമ്പോഴാണ്
അലക്കി വച്ച തുണി വിരിച്ചിടാന്‍
മറന്നതിനെപ്പറ്റി ഓര്‍ക്കുന്നത്.

അത് കഴിഞ്ഞാലോ
അടുത്ത വിഭവത്തിനു
രുചിനോക്കാന്‍ പോയേക്കും
ടീവിയിലെ ചാനല്‍ മാറ്റി നോക്കി,
പിഷാരടിയുടെ തമാശ കണ്ട്
നീ പൊട്ടിച്ചിരിക്കുന്നത്
എനിക്ക് കേള്‍ക്കാം.

ചിറകുകള്‍ ഒതുക്കി
നിന്നോടൊന്നു മുട്ടിയിരിക്കാന്‍
വരുമ്പോഴാണ്‌
വിശക്കുന്നേ എന്ന് പറയുന്നത്.
ഉപ്പൊരല്‍പം കുറവാണല്ലോയെന്ന്‍
ആശയോടെ നീ കഴിക്കുന്ന
ഭക്ഷണത്തിനരികെ ഞാനുമിരിക്കും.

ഭക്ഷണം കഴിച്ച്
ഓഫീസില്‍ പോകാനൊരുങ്ങുന്ന
നിന്‍റെ വെളുത്ത ഷര്‍ട്ടിന്‍റെ
അവസാന കുടുക്കുകളില്‍
എന്‍റെയൊരു
നീളന്‍ തലമുടി കോര്‍ത്തുകിടക്കും.

ഇന്ന് പറയാന്‍ കരുതിവച്ചതും,
കേള്‍ക്കാന്‍ ആശിച്ചതും
എല്ലാം ചേര്‍ത്ത്
വാക്കുകളില്ലാതെ
നമ്മള്‍ പരസ്പരം
ചുണ്ടുകള്‍ കോര്‍ക്കും.

നീ വരുന്നത് വരെ
കാത്തുവയ്ക്കാന്‍
ഒരു നോട്ടം തന്നിട്ട്
അതിലൂടെ
നക്ഷത്രത്തിലേയ്ക്ക്
എന്നെ പറത്തിവിട്ട്
നീ തിരക്കുകളിലേയ്ക്ക്
വണ്ടികയറും.

ഞാന്‍ വീണ്ടും
കവിത എഴുതിത്തുടങ്ങും.