Sunday, June 7, 2015

നിന്നെ മാത്രo ഓര്‍ക്കുന്ന മുറിവുകള്‍

ആത്മാവിലെ ,
ഒരിക്കലും പൊറുക്കപ്പെടാത്ത
ഏറ്റവും തീക്ഷ്ണമായ
ഒരു മുറിവിനാല്‍
ഓരോ നിമിഷവും നീ ഓര്‍മ്മിക്കപ്പെടും.

ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രമുള്ള ചോദ്യങ്ങളുടെ ലുത്തിനിയ:


ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
വേവുന്ന മനസ്സേ ,
ഇതുവരെ പെയ്യ്ത മഴയെ നീ എവിടെ ഒളിപ്പിച്ചു ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
കനലാകുന്ന രാവേ ,
ഇത്ര കാലമീ ചിത നീ എങ്ങിനെ തണുപ്പിച്ചു ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
മുഴുവനായ് നിറയുന്ന കവിതേ ,
ഇത്രനാള്‍ നീ വാക്കുകള്‍ കാത്തുവച്ചതെന്തിനാണ് ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
നിലച്ചു പോകുന്ന കാലമേ ,
ഇത്രകാലം നീ നിശ്ചലമാകാതിരുന്നതെന്താണ് ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
പൊടുന്നനെ നിലയ്ക്കുന്ന ഗാനമേ,
ഇത്രനാള്‍ ഈ മൌനം
വേട്ടയ്ക്കിറങ്ങിയത് എവിടെയായിരുന്നു ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
വറ്റിയുണങ്ങുന്ന നീര്‍ക്കുളങ്ങളേ,
ഇനിയെങ്ങാണ് ഈ ആര്‍ദ്രത ഞാനറിയുന്നത് ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
കണ്ണിലും വിരലിലും നെഞ്ചിലും കനവിലും ചുണ്ടിലും
പടര്‍ന്നുകയറുന്ന വ്യഥയേ,
ഇത്രകാലം ഞാന്‍ വെറും ശൂന്യതയിലായിരുന്നോ ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
തനിച്ചാക്കുന്ന ലോകമേ,
ഈ ഏകാന്തതയ്ക്ക് ഇത്രനാള്‍
എന്ത് പേരായിരുന്നു ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
മുനകൂര്‍പ്പിച്ച മുള്ളേ,
ഇത്രകാലം ഏതിതളിന്‍റെ മാര്‍ദവത്തിലാണ്
നീ മുഖം പൂഴ്ത്തിയിരുന്നത് ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
മിടിപ്പാല്‍ നുള്ളുന്ന ഹൃദയമേ ,
നിന്‍റെ ചില്ലുകളില്‍ ഉടയുന്ന നനവാണോ
എന്‍റെ കണ്ണില്‍ ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
ഉറക്കത്തിന്‍റെ സമാധാനത്തില്‍
ചിറകടിക്കുന്ന പിടച്ചിലേ,
എന്‍റെ സ്വപ്നങ്ങളെല്ലാം
നീ എങ്ങു കൊണ്ടുപോയി ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
ആളിക്കത്തുന്ന ഓര്‍മ്മേ ,
നിന്‍റെ അരളിപ്പൂക്കളും , കുട്ടിക്കാലവും ,
പിച്ചവച്ച ഇടങ്ങളും ഇന്നെങ്ങോട്ടു മറഞ്ഞു ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
പടിയിറങ്ങിപ്പോയ വസന്തമേ,
എന്‍റെ മഞ്ഞുകാലങ്ങളില്‍ പോലും
ചുവന്നപൂക്കള്‍ നിറച്ച പേരറിയാത്ത ആ ഒറ്റമരമെവിടെ ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
വിടാതെ തുടരുന്ന പ്രാര്‍ത്ഥനേ
നിന്‍റെ അമ്പുകള്‍ ഏറ്റുവാങ്ങിയ ദൈവമെവിടെ ?
കാരണങ്ങളുടെ രാജാവേ
എന്‍റെ വഴികളുടെ അവസാനമേ
ഉത്തരങ്ങള്‍ കണ്ടെത്താന്‍
ഞാന്‍ ഇനിയുമെത്ര കിതയ്ക്കണം ??

കണ്ണിലെ മഴത്തുള്ളികള്‍

നിന്റെ ആകാശത്തെ തിരിച്ചു വിളിക്കാൻ ഓരോ മഴത്തുള്ളിയും ഞാൻ എന്റെ കണ്ണിൽ നിന്നും തിരിച്ചയക്കുന്നു..

വിചിത്രമായ ഉത്തരങ്ങള്‍

ഒരു കാർമേഘത്തിനും എന്നും കാർമേഘം മാത്രമായിരിക്കാൻ സാധിക്കില്ല.പെയ്തൊഴിയുക തന്നെ ചെയ്യും. കാലത്തിന്റെ ഉത്തരം വിചിത്രമാണ്.

അവിശ്വാസം

ഒരു രാത്രിക്കൊപ്പം ഒന്നുമറിയാതെ ഉറങ്ങിപ്പോകുന്ന ഒരോര്‍മ്മയായിരുന്നു അതെങ്കില്‍, എന്‍റെ മനസ്സ് മുഴുവനും,അതിലെ തീക്ഷ്ണമായ ഉന്മാദങ്ങളെയുംകൊണ്ട് ഞാന്‍ പ്രണയിച്ചേനേ.
ഓരോ പുലരിക്കൊപ്പവും അനേകായിരം കൊടുങ്കാറ്റുകളാല്‍ ചില്ലകളെ ഉലച്ചിടുന്നൊരു വലിയ ഓര്‍മ്മ മാത്രമാവും പ്രണയമെന്നിരിക്കെ, ഒരിക്കലും ഞാനാ മൂന്നക്ഷരങ്ങളില്‍ വിശ്വസിക്കില്ല.
ചൂളം വിളിച്ചു കടന്നു പോകുന്നൊരു ഹ്രസ്വമായ നിമിഷത്തിന്‍റെ നിര്‍വൃതി മാത്രമാണത്.സുദീര്‍ഘമായ ശൂന്യതയുടെ വലിയ കവാടം.
അതിഗാഢമായ ചുംബനങ്ങള്‍
ഒറ്റിക്കൊടുക്കലുകളാണ്.
തല്ലിക്കൊഴിക്കപ്പെടേണ്ടിയിരിക്കുന്ന
നമ്മുടെ ആകാശത്തിനെ ,
നമ്മുടെ ചിരികളെ ,
നമ്മുടെ മാത്രം മഴയെ ,
ഏറ്റവും ഒടുവിലായി ,
ഒരിക്കല്‍ കൂടി ചേര്‍ത്തുപിടിച്ചോളൂ
എന്ന മുന്നറിയിപ്പാണത്.

Friday, June 5, 2015

ദൂരം

നിന്‍റെ വേരുകളില്‍ നിന്നും
എന്‍റെ ചിറകിലേയ്ക്ക് ,
പാതി മുറിഞ്ഞുപോയൊരു ഇഴജന്തുവിനെ പോലെ
ഒരു മരണപ്പിടച്ചിലിന്‍റെ ദൂരം 

Tuesday, May 19, 2015

നനഞ്ഞ മിസ്സ്ഡ്കോളുകള്‍:


ആകാശമേ,
ഇടയ്ക്കിടെ
ഭൂമിയിലെയ്ക്കെന്തിനാണീ
നനവിന്‍റെ മിസ്സ്ഡ് കോളുകള്‍ ?
തനിച്ചിരുന്നപ്പോള്‍
ഓര്‍മ്മ വന്നോ
വരണ്ടു പോയ
വസന്തത്തിന്‍റെ വഴികളെ ?
ഭൂമിയുടെ
ആത്മാവിലെവിടെയോ
നീ ഒറ്റപ്പെടുത്തി പോയ
നേര്‍ത്ത വഴികളിലെങ്ങോ
ഒരു നിമിഷത്തിന്‍റെ വേഴാമ്പല്‍
നിന്നെ തിരികെ വിളിച്ചുവോ ?
ഏതു വേരില്‍ മുത്തിയാലും
ഏതു ഗര്‍ത്തം പുല്‍കിയാലും
ഏതാഴം നുകര്‍ന്നാലും
തിരികെ മടങ്ങാനുള്ള വാതിലുകള്‍
നീ തന്നെ എപ്പോഴും
തുറന്നുവയ്ക്കുന്നു !
ആഞ്ഞൊന്നു പെയ്തു
നീ പിന്‍വാങ്ങും
മേഘപ്പരപ്പോ
മൃദുലതയോ ഇല്ലാത്ത
പരുക്കന്‍ ഭൂഹൃദയത്തില്‍
വെറുതെ ,
അറിയാതെ കണ്ണുനിറച്ച്
ചില പൂക്കള്‍ മാത്രം
ബാക്കി നില്‍ക്കും
എന്നിട്ടും ആകാശമേ
ഭൂമിയിലേക്ക് എന്തിനാണ്
ഇടയ്ക്കിടെ ഈ
കണ്ണീരിന്‍റെ
തിരിച്ചുവരലിന്‍റെ
ഓര്‍മ്മയുടെ
ആഗ്രഹത്തിന്‍റെ
വീണ്ടും ഉപേക്ഷയുടെ
മിസ്സ്ഡ്കോളുകള്‍ ?
നിന്നെ പുതയ്ക്കാൻ തണുത്തുറയുന്ന ഞാൻ..