Tuesday, July 31, 2012

ചങ്ങലക്കുള്ളിലെ ആനചന്തo

കെട്ടിയ ആ ചങ്ങലയ്ക്കുള്ളിലുണ്ടൊരു
മദം പൊട്ടിയ വലുപ്പം   !
മരങ്ങള്‍ പിഴുതെറിഞ്ഞു
കാടു കുലുക്കി പാതി ജന്മം
തീര്‍ത്തൊരു ചിന്നം വിളി !
ആണി കയറി ചെവി തുളഞ്ഞൊരു
അസ്വസ്ഥതയുടെ നീറ്റലില്‍
വല്ലപ്പോഴുമൊക്കെ മുരളാറുമുണ്ട് !
തടി ചുമന്നിരുന്ന കറുപ്പിനിപ്പൊഴൊരു
മിനുക്കൊക്കെയുണ്ട് !
മേനി തടവാനും,
ക്യാമറ മിന്നിക്കാനും
സന്ദര്‍ശകരുണ്ടല്ലോ !
എങ്കിലുമാ കാടിന്‍റെ
ഇരുളില്‍ മദിക്കുന്നൊരാനന്ദം
ഏതു ചങ്ങലക്കണ്ണികള്‍ക്ക്
കൊടുക്കാനാവും ? 

അമ്മ അരയന്നം


പുല്ലുകള്‍ക്കിടയില്‍ ഞാന്‍
അടവച്ച്  വിരിയിച്ചെന്‍
കൊക്ക് കൊണ്ട് തോടടര്‍ത്തി
നിങ്ങളെ ഞാനീ തടാകപ്പരപ്പില്‍ !
ഇനിയീ അമ്മതന്‍ ചിറകിന്‍ചൂടില്‍
പൊന്‍കുരുന്നുകള്‍ നിങ്ങളേറുക !
വളരും തോറും എന്‍റെ ഹൃദയത്തില്‍
മാത്രമൊതുങ്ങുന്ന വാത്സല്യത്തിന്‍
ചൂടോടു ചേര്‍ന്നുറങ്ങുക !
സ്വപ്‌നങ്ങള്‍ കാണാനും ,
ഓളങ്ങളില്‍ നീന്താനും പഠിക്കുംവരെ
ഈ തൂവല്‍ത്തണലില്‍ ഞാനഭയം തരാം !

നീയെന്ന ദൂരം

നിന്നോളമെന്നുവാനാവുമോ 
ഈ ജന്മം സ്വപ്നമേ ...
ചോര്‍ന്നു പോയ പ്രണയത്തിന്‍റെ 
വിഴുപ്പും പേറി ..
ഒരുണക്കു തേടി നനഞ്ഞു നനഞ്ഞു ഞാന്‍ 
ഇനിയുമെത്ര കാലം ?
തിരിഞ്ഞു നടക്കണോ 
മുന്‍പോട്ടു പോകണോ എന്നറിയാതെ
ജീവിതത്തിനു മുന്‍പില്‍ പകച്ച്... !
ഒരു നോട്ടത്തിന്‍റെ സൌജന്യം പോലും
ലഭിക്കാതെ നിന്‍റെ 
പ്രണയമെന്നെ തളര്‍ത്തിക്കഴിഞ്ഞു ! 

ആകാശത്തിന്‍റെ കഥ

ഓരോ മഴയും പറയുന്നുണ്ടാവുമല്ലേ
കരയുന്ന ഒരാകാശത്തിന്‍റെ
നീറുന്ന കഥ !
ആ കണ്ണീരില്‍ കുളിച്ചു കയറുമ്പോഴും
നാമറിയാതെ പോകുന്നൊരു നിശബ്ദഗദ്ഗതം !

സുന്ദരലോകം


ഒരു വട്ടം കൂടി കണ്ണാടിയില്‍ 
നോക്കി ചിറകു മിനുക്കി പൊകൂ ..
ഇനി നീ തിരികെ വന്നാല്‍ 
ഞാന്‍ ഉണ്ടാവില്ല !
താഴ്ന്നു പറന്നു കൊത്തിപ്പോവാന്‍
പരല്‍മീനുകളും !
ഈ മുഖം കറുത്തു 
കരിവാളിച്ചു തുടങ്ങി !
കയ്യിലെ ആമ്പല്‍ക്കുരുന്നുകള്‍ 
വാടിക്കഴിഞ്ഞു !
ആതുരാലയങ്ങളുടെ കറുപ്പും 
ചുവപ്പും കലര്‍ന്ന ചണ്ടിയും
എന്നെ മൂടിത്തുടങ്ങി !
ഫാക്ടറികള്‍ പിഴിഞ്ഞുകളഞ്ഞ 
ദുര്‍ഗന്ധത്തില്‍ ഞാന്‍ 
ബോധമറ്റിരിക്കുന്നു  !
വരണ്ട വേനലിന്‍ കയ്യ്കള്‍ 
നിന്‍റെ തൊണ്ട വറ്റിക്കും വരെ നില്‍ക്കാതെ
ഒരിക്കല്‍ കൂടി ഈ കണ്ണാടിയില്‍ 
നോക്കി നീ പോകൂ ..
മനുഷ്യനില്ലാത്ത സുന്ദര ലോകത്തേയ്ക്ക് !  

മഴത്തുള്ളി

ഒരു തുള്ളി കനിവ് യാചിച്ചു മണ്ണിലടര്‍ന്നൊരു
മഴതുള്ളിയാണ് ഞാന്‍ ..
ഇന്നലത്തെ പേമാരിയില്‍ പെയ്യാന്‍ മറന്നൊരു
പ്രണയം..
ഒരു നേര്‍ത്ത വെയിലിന്‍റെ ചെറുമുത്തത്തില്‍
ഒരായിരം കിനാക്കള്‍ തുന്നി വച്ച്
മറഞ്ഞു പോയൊരു സുന്ദര സ്വപ്നം ... 

ഇണക്കിളി


ഇനിയാ ഞാവല്‍ച്ചാറിലെന്‍
ചുണ്ട്  മുക്കാന്‍ കൂടുവതാര് ?
കാറ്റാടി തയ്യിലാ
ചെറുകൂട് മെനയുവതും
എന്നുണ്ണിക്കിടാങ്ങളെ
ഹൃദയചൂടിനാല്‍ വെളിച്ചം കാണിപ്പതും
പിഞ്ചുചിറകുകള്‍ സ്വപ്നം പോല്‍
പറപ്പതുകണ്ടാനന്ദിക്കുവതുമാര് ?
ഇനിയെന്‍ രാവുകളെ
പ്രണയഭരിതമാക്കുവതും
ഇനിയെന്‍ ദുഃഖങ്ങള്‍
പാടിത്തീര്‍ക്കുവതുമാര് ?
എന്‍ പാതി ജീവന്‍ ഞാന്‍
പകര്‍ന്നു തരട്ടെയോ
ഒന്ന് നീ പറന്നെന്‍
അരികിലണയുമെങ്കില്‍ !
ഒന്ന് നീ എനിക്ക് മുന്‍പില്‍
ചലിച്ചുവെങ്കില്‍ ! 

ഒരു ചിത്രം

ഹരിതയാം പാടത്തിനപ്പുറമൊരു
സ്വപ്നങ്ങളിലെ കൊച്ചുഗ്രാമം !
ചെറുകുടിലുകളും
ആല്‍മരങ്ങളുടെ തലയെടുപ്പും !
വരമ്പിനു തൊട്ടു മാറി
അമ്പലമണിഘോഷങ്ങള്‍ !
പൈക്കിടാങ്ങളുടെ ആനന്ദവും
വയലേലകളുടെ സൌന്ദര്യവും
നിറച്ച ഗ്രാമത്തിന്‍റെ നിശബ്ദതയില്‍
ഇടക്കിടെയൊരു ചൂളം വിളി !
മണ്‍പാതകളെ കീറിമുറിച്ചൊരു
റെയില്‍പാളത്തിന്‍റെ ചിന്നംവിളി !
ഇലച്ചാര്‍ത്തുകള്‍ മഞ്ഞപ്പട്ടു വിരിച്ചൊരു
സ്റ്റേഷന്‍ മുറ്റത്തെ ചൂരല്‍കസേരയിലൊരു
വാര്‍ദ്ധക്യം, പച്ചക്കൊടിയുമേന്തി
നേരം വെളുപ്പിക്കുന്നു,
ഇനിയൊരു തീവണ്ടിപ്പുകയും കാത്ത് !

മോര്‍ച്ചറി


ആ ഇരുണ്ട മുറിയുടെ
തണുത്തുറഞ്ഞ ചുമരുകള്‍ക്കുള്ളില്‍,
തളം കെട്ടിയ ഒരു മരവിപ്പ് !
കാത്തിരിക്കാന്‍ ഒരു ശ്വാസത്തിന്‍റെ
കൂട്ടില്ലാതെ ,
എങ്ങോ ചിറകടിച്ചു പറന്ന ജീവന്‍
വലിച്ചെറിഞ്ഞൊരു മരവിപ്പിന്‍റെ
നിശബ്ദമായ ചിലമ്പൊലികള്‍ !
സ്വപ്നങ്ങളില്‍ നിന്നുമുണരാത്ത
ചിരകാലമോഹങ്ങളലട്ടാത്ത നിദ്ര !
അലമുറകള്‍ക്ക് ഉണര്‍ത്താനാവാത്ത
മഹാനിദ്ര !
സ്വയമഴുകി ഇല്ലാതാകുമ്പോഴും
തുറന്നു ചിരിക്കാനുള്ള യാത്ര !
ചോരയൊഴുകാത്ത മുറിപ്പാടുകളും
വേദനിക്കാത്ത ഹൃദയങ്ങളും
തണുത്ത തൊലിക്കുള്ളില്‍
ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു ! 

മത്സരം

സ്നേഹിക്കാന്‍ നമ്മള്‍ മത്സരിച്ചിരുന്നു !
വാക്കുകളില്‍ നീ
എന്നുമെന്നെ പരാജയപ്പെടുത്തി
നീ വിജയിക്കുന്നത് കാണാനായിരുന്നു
ഞാനും ഇഷ്ടപ്പെട്ടത്
ഇന്നും നീ എന്നെ തോല്‍വിയുടെ
വന്‍ചുഴികളില്‍ വീഴ്ത്തുന്നു !
പക്ഷെ ഇപ്പോഴെനിക്ക്‌
ജയിക്കുവാനുള്ള കൊതിയുണ്ട് !
നീ സമ്മാനിച്ചു പോയ നൊമ്പരത്തില്‍ നിന്നും !

വീണ്ടും മൌനം

പോലിയാത്തൊരു  മൌനം
പൂത്തു നില്‍ക്കുന്നു !
ഇടിവെട്ടി പെയ്യുന്ന
കണ്ണീരിനുo
കടുത്ത മൌനത്തിന്റെ നിറo !
നിന്‍റെ ഓര്‍മകളുടെ
ഇരുളില്‍ ഇനിയും
ഞാന്‍ എത്രനാളൊരു
നിശാപുഷ്പമായി വിരിയും ?
നീ മൌനം ഭേദിച്ചെന്നൊരു
സ്വരം കേള്‍ക്കും ഞാന്‍ ?? 

മഴയും മഞ്ഞും

മനം മടുപ്പിച്ച മഴകൊണ്ടിന്നലെ 
പുല്‍കൊടികളെല്ലാം ചേറു പുരണ്ടിരുന്നു !
ഇന്ന് പുലരി എന്നെ വരവേറ്റത് 
സ്വപ്‌നങ്ങള്‍ നിറഞ്ഞ 
കിരണങ്ങള്‍ സമ്മാനിച്ചാണ് !
എന്‍റെ പച്ചിലതുമ്പുകളിലെ 
ചെളിയെല്ലാം കഴുകിക്കളഞ്ഞിട്ടാണല്ലേ  
പുലരിമഞ്ഞ് പടിയിറങ്ങിയത് ? 

Monday, July 30, 2012

പാവക്കുട്ടി

നീലക്കണ്ണുകള്‍ ഇടക്കിടെ
ചിമ്മുന്ന അവള്‍ക്ക്
എന്നും ഒരേ ഭാവമായിരുന്നു
അമ്മ തല്ലിയപ്പോഴും
നിങ്ങള്‍ കൊതികുത്തിയപ്പോഴും
അവളോട് പരാതി പറഞ്ഞു
ചിരി മായാതെന്നെ ഉറ്റു നോക്കിയിരുന്ന
അവളായിരുന്നു എന്‍റെ ആദ്യ പ്രണയിനി..
ഇന്ന് ഞാനവളെ വീണ്ടും കണ്ടു !
ഞാനുപെക്ഷിച്ചിട്ടും
പരാതിയുടെ  ഭാവമൊന്നുമില്ലാതെ
കടത്തിണ്ണയുടെ ചില്ലിനുള്ളില്‍
നീലകണ്ണും ചിമ്മി അവള്‍ ചിരിക്കുന്നത് ! 

ചിരവ

അമ്മിയും ഉരലിനെയും
തോല്‍പ്പിച്ച കാലമിതുവരെ
മൂര്‍ച്ചയുള്ള നിന്‍റെ നാവിനു
പകരം വയ്ക്കാന്‍
ഒന്നും കൊണ്ടുവന്നില്ല !
അഹങ്കരിക്കേണ്ട നീ !
ഇനി നിന്‍റെ നാക്കും
ചെത്തും ഞാനുടനെ !
തേങ്ങ കാണുമ്പോഴുള്ള
നിന്‍റെ മുരളലും മാന്തലും
ഞാന്‍ നിറുത്തും !

കുരുമുളക്

അന്ന് ഞാനീ വഴി പോയപ്പോള്‍
നീയൊരു നൂലില്‍ കടിച്ചു തൂങ്ങിക്കിടന്നു
കൌതകം മാത്രമേ തോന്നിയുള്ളൂ.
പിന്നെ ഞാന്‍ വന്നപ്പോ
പച്ച പാവാടയില്‍ കയറി
കൊഴുത്തു നിന്ന നിന്നോടൊരു
ആരാധന തോന്നി
ഒരു ചെറിയ പ്രേമവും !
ഞാന്‍ പറയും മുന്‍പേ
നിന്നോടാരാണ്
പ്രേമാഭ്യര്‍ത്ഥന നടത്തിയതും
നിന്നെ ചുംബിച്ചു തുടുപ്പിച്ചതും ?
ചതിക്കുമെന്ന് ഞാന്‍
അന്നേ പറഞ്ഞതല്ലേ,
എന്നെ കേട്ടിരുന്നെങ്കില്‍
അവന്‍ നിന്നെ വെയിലത്തിട്ടുണക്കി
വിരൂപയകുമ്പോള്‍
ചുളിവുകള്‍ വീഴുമ്പോള്‍
ചന്തയില്‍ നിന്നെ വില്‍ക്കുമായിരുന്നോ ? 

വൈശാലി

അന്ന് പെയ്യ്ത മഴയില്‍
നിന്‍റെ ആത്മാവും
അലിഞ്ഞിരുന്നില്ലേ ?
ഇന്നും നീ ഒഴുകുന്നുവോ
താതന്‍ തഴഞ്ഞ
നോവും പേറി ..
അംഗരാജ്യത്തിന്‍റെ കണ്ണുകളില്‍
വറ്റാത്ത ഉറവയായി
ഇന്നും നീ ഒഴുകുന്നുവോ ?
ദേവപദത്തില്‍ നിന്നും
അവനെ അടര്‍ത്തി
നിന്നിലെയ്ക്ക് ചേര്‍ത്തപ്പോഴോന്നും
നിനക്ക് പ്രണയം തോന്നിയില്ലേ അവനോട് ?
മാതൃഹൃദയത്തെയും
സ്ത്രീയെയും പറ്റി പഠിപ്പിച്ചപ്പോള്‍
എന്താണ് നീ നിന്റെ പേരാ ഹൃദയത്തില്‍
കോറാന്‍ മറന്നത് ?
രാജരഥത്തില്‍ പോകുമ്പോഴും
ഇന്ദ്രനീലിമയോലുമാ കണ്ണുകള്‍
നിന്നെ തിരയുന്നുണ്ടായിരുന്നല്ലോ ...
ഒരു വട്ടം കൂടി ചെല്ലാമായിരുന്നില്ലേ
അവന്‍റെ അടുത്തേയ്ക്ക് ?
അന്ന് പെയ്യ്ത മഴയില്‍
സ്വയം അലിയാതെ ..... !

ചൂരല്‍


വെളുത്തു മെലിഞ്ഞ നിന്നെ 
എന്നുമെനിക്ക് ഭയമായിരുന്നു 
അതിനാല്‍ തന്നെ എത്ര 
രാത്രികളില്‍ ഉറക്കമളച്ചു ഞാന്‍
പാഠങ്ങള്‍ തിന്നു തീര്‍ത്തിട്ടുണ്ട് 
കൈവെള്ളയില്‍ നീ സമ്മാനിച്ച 
ചോരപ്പാടുകളോട് പ്രതികാരമായി
നിന്നെ  കഷ്ണങ്ങളാക്കാനും
ആരുമറിയാതെ ശ്രമിച്ചിരുന്നു  !
എത്ര പ്രതികാരം വീട്ടിയാലും
പിറ്റേന്നും നീ വരും
കണക്കുമാഷിന്‍റെ 
പരുക്കന്‍കൈകളില്‍ ഞെളിഞ്ഞിരുന്ന് 
എന്നെയും തുറിച്ചു നോക്കി !

മീശയില്ലാത്ത പെണ്ണ്

പേടിപ്പിക്കാന്‍
മീശയില്ലെങ്കിലെന്താ പെണ്ണെ
നിന്‍റെ പുരികക്കൊടിയിലെ
വളവില്‍ പലപ്പോഴും
ഞാന്‍ ചൂളിപ്പോവാറുണ്ടല്ലോ !

വിത്ത്‌

ഈ ഉണക്കിലൊരു
നനവ്‌ പടരുമെന്നും,
ഈ തോട് പൊട്ടി
എന്‍റെ ജീവന്‍
പുറത്തു കടക്കുമെന്നും,
മണ്ണ് പിളര്‍ന്ന്,
വേരുറച്ച്‌,
കാലത്തിന്‍റെ വേഗതയില്‍
കണ്ണു ചിമ്മാതെ ,
പേമാരിയില്‍ കടപുഴകാതെ,
ഒരായിരം പക്ഷികളുടെ
ഗാനത്തില്‍ സ്വയം മറക്കുന്നൊരു
വന്മരമായി വളരുന്നതാണെന്‍റെ സ്വപ്നം ... !! 

കയ്യൊപ്പ്





എന്‍റെ താളുകള്‍ പലപ്പോഴും പ്രസവിക്കാറുള്ളത് 
മനസ്സില്‍ നീറി നീറി പാകം വന്ന വാക്കുകളെയാണ്. 
ചിലതൊക്കെ വെന്തു പോവാറുണ്ട്. 
ചിലതൊന്നും വേവാന്‍ വെക്കാറില്ല 
ഗര്‍ഭത്തിലേ അവ എരിഞ്ഞു പാകപ്പെട്ടവയാകും. 
വസന്തവും, മഞ്ഞും, മഴയും, വെയിലും 
തൊട്ട സ്വാദാവും ചിലതൊക്കെ. 
ചിരിക്കാന്‍ ഞാന്‍ അവയെ 
പഠിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
ആ വിഷയത്തില്‍ മാത്രം 
എന്‍റെ കുഞ്ഞുങ്ങള്‍ പിന്നിലാണ്.
നീട്ടി നിലവിളിക്കാനും 
കണ്ണീരു തോരാതെ 
നൊമ്പരപ്പെടാനും മിടുക്കരാണ്.
സ്വപ്നം കാണുന്നതിലും, 
ഓര്‍മകളെ കുഴിച്ചെടുക്കാനും മുന്‍പന്തിയില്‍
ചാപിള്ളകളായി പോവാറുണ്ട് ചിലത്
അതിനെ ഓര്‍ത്ത്‌ എന്‍റെ താളുകള്‍ വിഷമിക്കുമ്പോള്‍ 
ഞാന്‍ കണ്ണീരും ഒപ്പാറുണ്ട്
തമ്മില്‍ മത്സരിക്കുമ്പോഴും 
ചോര ചിന്തി ചാകുമ്പോഴും 
എല്ലാത്തിനും മൂകസാക്ഷ്യം വഹിക്കും ഞാന്‍
എന്നെ തിരിച്ചറിയാത്ത 
ന്നിയില്ലാത്ത വാക്കുകളുണ്ട്
അവയുടെ താതനും  ഞാന്‍ തന്നെ
അതിനാല്‍ പരാതിപ്പെടാന്‍ എനിക്കാവില്ല
എങ്കിലും നെറുകയില്‍ 
ചോരച്ചുവപ്പു മഷികൊണ്ട് 
എന്‍റെ എല്ലാ വാക്കുകള്‍ക്കും ഒ
രു അടയാളമുണ്ട്
ഈ നോവുന്ന ഹൃദയത്തിന്റെ കയ്യൊപ്പ് !!


രാത്രിയുടെ നൊമ്പരം


മൂകത മൂടിയ ആകാശത്തിന്‍റെ ഇരുള്‍പ്പുതപ്പില്‍  ,
ആയിരം കണ്ണുകള്‍ ഭൂമിയിലേയ്ക്ക് ഒളിഞ്ഞു നോക്കുന്നു 
നഗരത്തിന്‍റെ നാറിയ ഓടയില്‍ അറവുമാടുകളുടെ 
ചോരത്തുള്ളികള്‍ സ്വാതന്ത്ര്യം തേടുന്നു 
ചതഞ്ഞ മുല്ലപ്പൂക്കളില്‍ പട്ടിണിയുടെ യാഥാര്‍ത്ഥ്യം 
മനസ്സില്ലാമനസ്സോടെ ചേലയുരിയുന്നു  
ആര്‍ത്തിയുടെ മുഖംമൂടികള്‍ നഗ്നത വിലയ്ക്കു വാങ്ങുകയും 
ആധുനികതയുടെ സൌന്ദര്യം അത് വില്‍ക്കുകയും ചെയ്യുന്നു  
വിശ്രമമില്ലാതെ പുകതുപ്പിക്കൊണ്ട് കരിന്തേളുകള്‍ 
കണക്കെ നിശബ്തത ഭേതിച്ച് വണ്ടികള്‍ പായുന്നതെങ്ങോട്ട് ?
ഹരിതഭൂമിയെ കോണ്‍ക്രീറ്റ് ശവകൊടി പുതപ്പിച്ച്‌ 
സ്വന്തം സാമ്രാജ്യം പണിയാന്‍ തിരക്കിലോടുന്ന  ചെന്നായ്ക്കള്‍ !
കറുപ്പിന്‍റെ സ്വാതന്ത്ര്യം പിഴിഞ്ഞെടുക്കുന്ന ജീവനുകളുടെ 
നിലവിളികള്‍ ആരും കേള്‍ക്കാതെ എവിടൊക്കെയോ പ്രതിധ്വനിക്കുന്നു 
 ചന്ദനച്ചില്ലയിയിലെ കിളിക്കൂടുകളും  അമ്മച്ചൂടില്‍ വിരിഞ്ഞ പറക്കമുറ്റാത്തെ വര്‍ണ്ണചിറകുകളും അരിഞ്ഞു വീഴ്ത്തി 
പകലാകും മുന്‍പേ കീശ നിറക്കുന്ന കൊള്ളക്കണ്ണുകള്‍ 
ദൂരെയെരിയുന്ന തെരുവുവിളക്കുകള്‍,പിറക്കാതെ 
മരിക്കുന്ന പിഞ്ചുജീവനെ ഒന്ന് തൊടാനാവാതെ നൊമ്പരപ്പെടുന്നു  !
ഇനിയീ നിശാഗന്ധിയുടെ വേരൊന്നാഴ്ത്തുന്നതെവിടെയാണ് 
നിങ്ങളെന്‍റെ രാവുകളെ പിഴപ്പിക്കുകയാണല്ലോ !

Sunday, July 29, 2012

പറയാത്തതും അറിയാത്തതും

ആ വരണ്ട കണ്ണുകള്‍
കണ്ടാല്‍ പറയുമോ
അതിനുള്ളില്‍ കണ്ണീരിന്‍റെ
ഒരു നിബിഡവനമുണ്ടെന്ന് !
ആ നിറഞ്ഞ പുഞ്ചിരി ഏറ്റാല്‍ 
അറിയുമോ അതിനുള്ളില്‍ 
വേദനയുടെ ശരങ്ങളുണ്ടെന്ന് ! 

ശിശിരം


വസന്തത്തെ പ്രണയിച്ചൊരു മരം
ഇലകളെല്ലാം കൊഴിച്ച്
പിണങ്ങി നില്‍ക്കുന്നു !
ചില്ലയില്‍ കൂട് കൂട്ടാന്‍
ഇലത്തണല്‍ തേടിയൊരു
രാപ്പാടിയും !


കാറ്റ്


ഇടതൂര്‍ന്ന കരിയിഴകളെ 
തഴുകിയൊരു കാറ്റ് കടന്നു പോയി 
കടലിന്‍റെ അലമുറയില്‍ 
കേള്‍ക്കാതെ പോയൊരു 
കടല്‍പ്പക്ഷിയുടെ ഗാനവും പേറി ! 

കവിതക്കുഞ്ഞുങ്ങള്‍

രാത്രിയിലെന്റെ ചിന്തകള്‍
കിനാക്കള്‍ക്കുമേലെ അടയിരിക്കും
പകല്‍ ഒരായിരം
കവിതക്കുഞ്ഞുങ്ങളായവ വിരിയും
നിന്‍റെ കണ്ണിലും മനസ്സിലും
ഇരുട്ടായിരുന്നല്ലോ
അവ നീ കാണില്ല ! 

ആധുനികത

കാലം ആധുനികമായപ്പോഴേയ്ക്കും
എല്ലാം വില്‍പ്പനയ്ക്കുണ്ട്
ഹൃദയങ്ങളും കാമുകന്മാരും
പ്രേമവും ചതിയും ...
മായം ചെര്‍ക്കാത്തനിനു വേണ്ടി
എത്ര വിലകൊടുക്കണം ?
എന്‍റെ ജീവന്റെ വില !

കുളിരുള്ള ഓര്‍മ്മകള്‍

ഇന്ന് മഴപെയ്യ്തിരുന്നോ അതോ ...
ഓര്‍മകളില്‍ നനഞ്ഞതായിരുന്നോ ഞാന്‍
വഴികളെല്ലാം വരണ്ടതായിരുന്നല്ലോ,
ഓര്‍മ്മകള്‍ പിന്നെങ്ങനെയാണെന്നെ
കുളിരാല്‍ നിറച്ചത് ! 

Saturday, July 28, 2012

നെറ്റി

ഉമ്മ വച്ചപ്പോഴെല്ലാം
ഞാനൊരു ശിശുവായിരുന്നു ...
പൊള്ളിയപ്പോഴെല്ലാം അമ്മയുടെ
കരങ്ങളുടെ തലോടലെത്തിയിരുന്നു..
പൂജിച്ചപ്പോഴും
പ്രാര്‍ഥിച്ചപ്പോഴും
തീര്‍ത്ഥവും ചന്ദനവും വഹിച്ചിരുന്നു .

ഇതള്‍

ഞാനൊന്നു  തൊടാന്‍
നോക്കിയിരുന്നോ ഇത്തിരിപ്പൂവേ
ഇതള്‍ കൊഴിച്ചു  കൂമ്പി  നില്‍ക്കാന്‍ !

ഉറുമ്പും ശവവും

പറ്റം പറ്റമായിതെങ്ങോട്ടാണ് ?
പുതിയ ശവങ്ങള്‍ വല്ലതും കിട്ടിയോ ?
അണിഞ്ഞൊരുങ്ങി തെല്ലഹങ്കാരത്തോടെ
പോകുന്നത് കണ്ടോ ..
തിരികെ വരുമ്പോള്‍
എനിക്കൊന്നു പറഞ്ഞു തരാമോ,
ആ ആത്മാവും നിങ്ങളാണോ തിന്നത് ?
അതോ, അങ്ങിനൊന്നു നിങ്ങള്‍ കണ്ടിട്ടില്ലേ ?

വിരല്‍ചൂണ്ടുമ്പോള്‍

നിന്നെയും വിരല്‍ചൂണ്ടുമെന്ന് 
ഭയമായത് കൊണ്ടല്ലേ 
എന്റെ കവിതകളെ 
നീ പുച്ഛിക്കുന്നത് !

ചൂണ്ടു വിരല്‍ അരിയാന്‍ ശ്രമിച്ചാലും 
ജീവനുള്ളൊരു വാക്കു മതിയെനിക്ക് !
ഫെമിനിസ്റ്റ് എന്നും 
വിരഹിണിയെന്നും 
ഭ്രാന്തിയെന്നും 
കാമിനിയെന്നും 
എത്ര എന്നെ വിളിച്ചാലും 
ആത്മാവില്‍ മൊട്ടിടുന്ന വാക്കുകളെ 
ഞാന്‍ വിരിയും മുന്‍പേ നുള്ളില്ല !

നിന്നെ പ്രണയിക്കുമ്പോള്‍


നൂലു പൊട്ടിയൊരു 
പട്ടത്തിന്‍റെ ചിറകില്‍ നമുക്ക് 
മഴക്കാടുകള്‍ പൂക്കുന്നിടത്തേയ്ക്ക് പോകാം !
അങ്ങകലെ ആകാശത്തിന്‍റെ വരമ്പുകളില്‍ 
മഴവില്ലിന്‍റെ സ്വപ്നങ്ങളില്‍ കൂടുകൂട്ടാം !
മേഘപൂക്കളറുത്തു നമുക്ക് 
പ്രണയം നെയ്യാം ..
ലോകം മുഴുവനുറങ്ങുമ്പോള്‍ 
എന്നെ നിന്‍റെ സ്നേഹത്താല്‍ മൂടണം !
നിന്‍റെ ചുണ്ടുകളുടെ  നനവും 
എന്‍റെ ഹൃദയത്തിന്‍റെ മിടിപ്പുകളും ...
ഹാ... ! നിന്നോട് ചേര്‍ന്ന് ...
ഒരു നിമിഷം ! 

Friday, July 27, 2012

അക്ഷരച്ചെപ്പ്

തോരാത്ത മഴയായി അക്ഷരങ്ങള്‍ 
എന്നിലേയ്ക്ക് പെയ്യ്തു തുടങ്ങിയത്  
നിന്നിലൂടെയാണ് !
ഹൃദയ ഭിത്തിയിലൂടൊരു 
അമ്പായി പ്രണയം തുളച്ചിറങ്ങിയപ്പോഴും,
വിരഹം നിശ്വാസത്തില്‍ പോലും 
വേദന നിറച്ചപ്പോഴും 
കൂട്ടായിരുന്നത്‌ 
പോകും മുന്‍പ്‌ 
പകര്‍ന്നു തന്നൊരു അക്ഷരച്ചെപ്പാണ് ! 

എന്‍റെ കഥ

ഞാനൊരു കഥ പറയട്ടെ ..
അല്ലെങ്കില്‍ വേണ്ട !
ഇതാ ഇങ്ങോട്ട് നോക്കിയേ !
രണ്ടു ഗോളങ്ങള്‍ കണ്ടോ
തിളങ്ങുന്നവ !
തിരകളുണ്ടല്ലേ ...
ആര്‍ത്തിരമ്പുന്ന കണ്ണീര്‍ത്തിര !
തീയുമുണ്ടെന്നോ ?
പേടിക്കേണ്ട , അത് പ്രതികാരമല്ല !
കെട്ടടങ്ങിയൊരു പ്രണയത്തിന്‍റെ
ചിത എരിയുന്നതാണ്
അത് കെടാന്‍ നീ കാത്തു നില്‍ക്കേണ്ട
ഒരിക്കലും കെടില്ല !
ആ ഓര്‍മകളുടെ ചിത !
നീ അല്പം കൂടി ആഴത്തിലേയ്ക്ക് നോക്കൂ
ഒരായിരം കഥകള്‍ മാറാല കെട്ടി
പൊടി പിടിച്ചു കിടപ്പുണ്ട് !
അതില്‍ നിനക്കിഷ്ടപ്പെട്ടതും കാണും !
തിരഞ്ഞെടുത്തു കൊള്ളൂ ,
നിനക്കിഷ്ടമുള്ള കഥകള്‍ ! 

ഇനി ഞാന്‍

എനിക്കൊരു കവിയുടെ തൂലികതുമ്പിലെ
തീയായി ജനിക്കണമൊരിക്കല്‍ ...
കനലായി മസ്സിലെരിയുന്നൊരു വാക്കാവാന്‍ !!

ഒരിക്കലൊരു മണ്‍വീണയുടെ ശ്രുതിക്കൊപ്പം
ഒഴുകിയിറങ്ങണമെനിക്ക് ...
ആത്മാവിലൊഴുകുന്നൊരു പുഴ പോലെ !!

ഒരു ചിത്രകാരന്‍റെ ഭാവനയിലെ സൌന്ദര്യമാവണം ...
നിറങ്ങളില്‍ നീരാടി
ക്യാന്‍വാസ്സിന്‍റെ നെഞ്ചില്‍ ചൂട്പറ്റാന്‍ !

കലാകാരാ ! എന്നെ പ്രണയിച്ചു നീയൊരു
ഗാനമൊരുക്കുക !
അത് കേട്ട് ഞാനൊന്ന് പീലികള്‍ വിടര്‍ത്തട്ടെ !
ആ സ്വരമഴയില്‍ ഞാനൊന്നു നനയട്ടെ !

എന്നിട്ടൊരു നിശാപുഷ്പമായി
രാത്രിയുടെ താഴ്വാരങ്ങളില്‍  സൌരഭ്യം നിറയ്ക്കട്ടെ !

മഴയായും കാറ്റായും

മഴയായി വന്നെന്‍റെ
ഉള്ളു നിറച്ചതും
കാറ്റായി വന്നെന്‍റെ
ചെറു ദീപമണച്ചതും
നീയായിരുന്നില്ലേ ?
എന്നിട്ടും ഓര്‍മകളിലെന്നും
പരാതിപെട്ടി തുറക്കുന്നതെന്തിനാണ് ?

ചെരുപ്പ്

വഴികളേറെ ഇനിയുമൊരുമിച്ച്
നടന്നുതീര്‍ക്കാനുണ്ടെന്നറിഞ്ഞിട്ടും
നീയെന്തേ ഒരു ചെറുകല്ലിന്‍റെ
മൂര്‍ച്ചയില്‍ എന്‍റെ പാദങ്ങളെ
വഞ്ചിച്ചത് ..?

തെറ്റ്

രാത്രി വിഹ്വലതകള്‍
കളങ്കപ്പെടുത്താത്ത എന്നിലേയ്ക്ക്
കൊടുംകാറ്റായി ആഞ്ഞടിച്ച്
പ്രളയമായി എന്‍റെ രാത്രികളെ
വിഴുങ്ങിയ നിനക്കണോ തെറ്റിയത് ?
സാന്ത്വനത്തിന്‍റെ നിഴല്‍ പോലുമില്ലാതെ
ഒരു ജന്മം നിന്‍റെ ഓര്‍മകളില്‍
ജീവിച്ച എനിക്കാണോ തെറ്റിയത് ?? 

കട്ടന്‍കാപ്പി


മനസ്സും ശരീരവും
മരവിച്ചപ്പോഴാണ്
ആവി പറക്കുന്നൊരു
ചൂടുമായ് നീ വന്നത് !
എങ്കിലുമെന്‍റെ കറുമ്പാ
കണ്ണുമടച്ചു നിന്നെ മോന്തിയിട്ടും
നീയെന്‍റെ ഉറക്കം കളഞ്ഞല്ലോ .. ! 

Thursday, July 26, 2012

നമുക്ക് പോവണ്ടേ

കാത്തിരിപ്പിന്‍റെ തീരങ്ങളും 
പൂമരച്ചോടുകളും ഇരുളും 
മുന്‍പേ നമുക്കൊന്ന് പോവണ്ടേ ?
എന്‍റെ പ്രണയത്തെ 
ജീവനോടെ ഞാന്‍ ദഹിപ്പിച്ച 
ആ പഴയ കണ്ണീരുറവ വരെ..
അത് കണ്ട ശേഷം നീ 
എന്നോട് പറയും..
പ്രണയത്തെ ഞാന്‍ കണ്ടുവെന്ന്  ! 

കത്തിച്ചാലോ

ചിന്തകള്‍ കൂട്ടിയിട്ടു കത്തിച്ചാലോ ...?
കണ്ണീരും വറ്റിക്കാം !

പക്ഷെ ആ തീ നാളങ്ങളില്‍ 
എന്റെ അക്ഷരകൂട്ടുകള്‍ എരിഞ്ഞടങ്ങും !

ഒരിക്കല്‍ കൂടി


ഒരുവട്ടം കൂടി നിന്നെ
ഞാന്‍ പ്രണയിക്കട്ടെ ..
നിലാവിന്‍റെ വെളിച്ചത്തില്‍
സ്വയം മറന്ന് !
മഴയുടെ പാട്ടിനു
താളം പകര്‍ന്ന് !
തീരത്തെ  ആലിംഗനം
ചെയ്യുന്ന തിരകളെ കളിയാക്കി !
മഴയും നിലാവും
പ്രണയിക്കുമ്പോള്‍
തീരത്തെയും
തിരകളെയും നമുക്ക്
പ്രണയത്തിലാഴ്ത്താം ! 

നഷ്ടമായ ഹൃദയം

ഏതു സ്വപ്നത്തിന്‍റെ
താഴ്വരയിലാണ്  
ഹൃദയം നഷ്ടമായത് ?
പ്രണയത്തിന്റെ നിശബ്ധതയിലോ  ?
അതോ വിരഹത്തിന്‍റെ രോദനത്തിലോ  ? 

പുഴ


ഒഴുകിയൊഴുകി
ഞാനിതെങ്ങോട്ടാണ് പോകുന്നത് ?
ഓളങ്ങള്‍ തട്ടിയിട്ടും
വേരുകള്‍ തടഞ്ഞിട്ടും
ആഴങ്ങളില്‍
ചിന്തകള്‍ പായല്‍ പൊതിഞ്ഞിട്ടും,
നിന്നെ തേടി
നിന്റെ നെഞ്ചിന്‍റെ ചൂട് തേടി
വറ്റാതെ, തോരാതെ
നിന്നിലേയ്ക്ക് !

Wednesday, July 25, 2012

കണ്‍പീലി

ചിലപ്പോഴൊക്കെ 
മനസ്സിലെ വേദനയുടെ ഉപ്പില്‍ 
നിന്നും നീരാവിയായി ഉയര്‍ന്ന് 
പീലിത്തുമ്പുകളില്‍ 
പെരുമഴയായി പെയ്യാറുണ്ട് കഥകള്‍ ! 

തൊട്ടാവാടി

ഇലകള്‍ കണ്ണില്‍ കണ്ണില്‍
നോക്കിയപ്പോഴും
കാറ്റ് പൊതിഞ്ഞപ്പോഴും
വെയില്‍ ചുമ്പിച്ചപ്പോഴും
സന്ധ്യ ചുറ്റിപ്പിടിച്ചപ്പോഴും
മിഴിപൂട്ടി ആനന്ദിച്ച നീ,
ഒരുവട്ടം പോലും
തമ്മില്‍ കണ്ടിട്ടില്ലാത്ത
ഒരു വട്ടം പോലും
നിന്നെ വേദനിപ്പിക്കാത്ത
ഞാനൊന്നു തൊട്ടപ്പോഴെയ്ക്കും
വാടി വീണതെന്തിനാണ് ?? 

ഉള്ളി

തൊലിയിലെ തുടിപ്പ് കണ്ടാണ്‌
പ്രണയിച്ചത്,
അതോകൊണ്ടാണോ
ഹൃദയം തൊട്ടപ്പോഴേയ്ക്കുമെന്നെ
പൊട്ടികരയിപ്പിച്ചത് ??
നിന്നെ അറിയുന്നവരെയെല്ലാം
പാഠം പഠിപ്പിക്കാന്‍വേണ്ടിയാണോ
നീ ഏവരെയും
നോക്കി നിഷ്കളങ്കമായി
ചിരിച്ചു മയക്കുന്നത് ?

ഉറക്കം


ഇടയ്ക്കിടെ  ഇരുട്ടിന്‍റെ 
മറപറ്റി എന്‍റെ കണ്ണുകളിലേയ്ക്ക് 
ഇഴഞ്ഞുകയറുന്നുണ്ട് 
ഉറക്കത്തിന്‍റെ പടം 
പുതച്ചൊരു ഉഗ്രസര്‍പ്പം !
സ്വപ്നത്തിന്‍റെ വിഷം തീണ്ടും 
മുന്‍പ് ഞാനതിനെ 
കൊന്നൊടുക്കിയിട്ടു വരാം ! 

ഫോട്ടോ

ആരെയോ കാണിക്കാന്‍
ശ്രമപ്പെട്ടു ഞാനൊന്നു ചിരിച്ചു,
നിശ്ചലമായി ആ ചിരി
എന്റെ ഭിത്തിമേല്‍ കാലങ്ങളോളം !
എന്റെ കണ്ണീരുറവകള്‍ക്കും ,
ഗദ്ഗതങ്ങള്‍ക്കുമൊക്കെ
മൌനമായി സാക്ഷി പറയാന്‍
ഭാവങ്ങളൊന്നും മാറ്റാതൊരോര്‍മ്മ !

കാലം


ചുമരിലെ ആണിയില്‍ 
തൂങ്ങിയാടുന്നുണ്ടൊരു 
കലണ്ടറിന്‍ വിരഹം !
ഓടിത്തളര്‍ന്ന് കിതച്ചു 
പിന്നെയും ഓടിത്തീര്‍ക്കുന്നു  
സൂചിപോല്‍ മെലിഞ്ഞൊരു 
പാവം, എന്റെ ഘടികാരത്തില്‍ !
വിരസമായി എന്നും 
ഉദിച്ചു മടുത്തു സൂര്യന്‍ 
കണ്ണ് ചുവപ്പിക്കുന്നു !
ലോകം ചുറ്റി 
തിരിച്ചു വന്ന വസന്തo  
വിരിയാന്‍ പൂക്കള്‍ 
ശേഖരിക്കുന്ന തിരക്കിലാണ് !
ഓരോ തവണ പടിയിറങ്ങുമ്പോഴും 
വിയര്‍പ്പു തുള്ളികള്‍ 
വീഴ്ത്തി ,
മടുത്തെന്നു പരിഭവം പറയാതെ 
 മകരമഞ്ഞ് !
കാലമിതൊന്നുo അറിഞ്ഞതായി 
ഭാവിക്കാതെ പുതിയതില്‍ നിന്നും 
പുതിയതിലെയ്ക്ക് !
ആരെയും കാത്തുനില്‍ക്കാതെ !

കൊട്ടേഷന്‍

അറവു മാടുകളെ 
മനസ്സില്‍ നിരത്തയിട്ടുണ്ടവര്‍ 
കൊല്ലേണ്ട വിധവും 
തീരുമാനിക്കുന്നത് അവരുതെന്നെ 
ലിസ്റ്റ് തയ്യാറായാല്‍ 
ആളുകളെ കാട്ടി തരും 
മെനുവിന്‍ പ്രകാരം 
തലവെട്ടാം 
വെട്ടുമ്പോള്‍ വാളിന്നറ്റത്തൊരു 
കണ്ണിന്‍റെ പകുതി മുറിഞ്ഞിരുന്നേക്കാം 
അതൊന്നും ശ്രദ്ദിക്കാന്‍ പാടില്ല !
ചക്രങ്ങളാല്‍ അരയ്ക്കാം 
ചിലപ്പോള്‍ കരളിന്‍റെ
കട്ടപിടിച്ച ചോര 
വണ്ടിയുടെ ചില്ലില്‍ വീണേക്കാം 
അത് കഴുകി കളയണം !
കടലിലെറിയാം 
കാലില്‍ വീണു കേഴും 
അരുതേ എന്ന് ,
അപ്പോള്‍ ബധിരനാവണം 
അന്ധനും !
കെട്ടിതൂക്കാം  
ചിലപ്പോ തുറിച്ചു നോക്കും
മുന്‍പില്‍ വച്ച്  പിടയും !
തിരിഞ്ഞു നടക്കണം !
അല്ലെങ്കില്‍ നോക്കി നിന്ന് 
അട്ടഹസിക്കണം അവര്‍ക്ക് വേണ്ടി !
ചോര കണ്ട് 
അറപ്പ് മാറണമെന്നെ ഉള്ളു !
കണ്ണീരു കണ്ടു തളരാനും പാടില്ല !
ഓട്ടക്കാലണ വിലയുള്ളോരു ജീവന്‍ 
ഒന്ന് കശാപ്പു ചെയ്യ്താലെന്താ ?
അമ്മയുടെ ശാപം കിട്ടിയാലെന്താ ?
കുട്ടികളുടെ അലമുറ കേട്ടാലെന്താ ?
അഴിക്കുള്ളില്‍  രണ്ടു ദിവസം 
സുഖമായി ഉറങ്ങിയാലെന്താ ?
കീശ നിറയെ സ്വര്‍ണ്ണം തിളങ്ങില്ലേ ..
ചന്തയിലിനിയും നിരത്തിയിട്ടുണ്ട് 
ശബ്ദമുണ്ടാക്കുന്ന പിടക്കുന്ന 
ജീവനുകളെ ലേലത്തിന് ! 
ഈ തസ്തികക്കിപ്പോ 
നല്ല തിരക്കാണ് !

പേനയുടെ സമരം


കുത്തി വരച്ചിട്ടും 
കുടഞ്ഞിട്ടും 
എഴുതിതുടങ്ങിയപ്പോള്‍ 
പുതിയ പേനയുടെ സമരം !
ആഞ്ഞൊന്നു കുടഞ്ഞപ്പോള്‍ 
തെറിച്ചു വീണ 
മഷിക്കറയിലൊരു 
കവിയുടെ ഗദ്ഗതമുണ്ടായിരുന്നു !
അത് പകര്‍ത്താനുള്ള 
വിധിയില്ലാതെ 
ചിതറിയൊരു തുള്ളിയുടെ പ്രതിഷേധം !
പിന്നെനിക്കാ കടലാസ്സു മുഴുവനായി 
ചുരുട്ടിയെറിയേണ്ടി വന്നു !
ഇന്ന് ഞാനെന്‍റെ 
മനസ്സിന് അവധി കൊടുത്തു !
എല്ലാവരുമൊന്നു സമരം തീര്‍ത്തോട്ടെ !
അവിടെ നമുക്ക് തുടങ്ങാം ! 

ദാഹം

ഒരു സമുദ്രം കുടിച്ചു വറ്റിക്കുവാനുള്ള
ദാഹമുണ്ടെനിക്ക് !
വരണ്ടു പിളര്‍ന്ന മനസ്സിലേയ്ക്ക്
ദൂരെ മരീചികയുടെ നിഴലില്‍നിന്നും
ഒരു കൊച്ചരുവിയായി ഒഴുകിയെത്തില്ലേ ?

നിന്നെ വിഴുങ്ങിയാലോ ....


ജന്മത്തിന്‍റെ അറ്റത്തെ വരമ്പില്‍ 
തൂങ്ങികിടപ്പുണ്ടൊരു ജീവന്‍ !
പാതി വഴിയിലെവിടെയോ 
നഷ്ടപ്പെട്ടൊരു ചിരിതുണ്ടും കാത്ത് !
ഒരു പിന്‍വിളിയുടെ 
ശരത്താല്‍ എയ്യ്തു വീഴ്ത്തണമതിനെ !
ഇല്ലെങ്കിലതൊരു കണ്ണീര്‍ക്കടലായി മാറി 
നിന്നെ വിഴുങ്ങിയാലോ ....  



Tuesday, July 24, 2012

അന്ത്യചുംബനം

ഇന്ന് ചത്തൊടുങ്ങിയ പ്രണയത്തിന്
ഇന്നലെയുടെ ഓര്‍മ്മകള്‍ അന്ത്യചുംബനം നല്‍കി !
എന്‍റെയൊപ്പം ഇനിയെന്നും
പറ്റിചേര്‍ന്ന് നിന്നുകൊള്ളാമെന്ന വാക്കും !
മറവിയുടെ ഇരുളിലേയ്ക്ക് നീങ്ങും തോറും
പിന്നില്‍ നിന്നും വലിച്ചിഴക്കാമെന്ന ഉറപ്പും !

കരയുന്ന കവിത


മനസ്സിലെ ഒരായിരം  താളുകളില്‍ 
ചിതറിയ വാക്കുകള്‍ 
ശ്വാസം കിട്ടാതെ പിടയുന്നു,
എത്ര അലങ്കരിച്ചിട്ടുo 
മോടിപിടിപ്പിച്ചിട്ടും 
വാക്കുകള്‍ സന്തോഷിക്കുന്നില്ലല്ലോ !
ചൂടാറും മുന്‍പേ 
പൊള്ളുന്ന  ഹൃദയത്തില്‍ നിന്നും 
വാങ്ങി വച്ചിട്ടും, 
തണുത്തു മരവിച്ചാണല്ലോ 
നിനക്കു മുന്‍പില്‍  
കവിതകള്‍ വിളമ്പുവാനാവുന്നത്!
ഇത്രയേറെ പ്രണയിച്ചിട്ടും  
എന്‍റെ കവിതേ, 
നീയെന്താണൊരു മാത്ര 
എനിക്കായ്  പുഞ്ചിരി സമ്മാനിക്കാതിരുന്നത് ?




എന്‍റെ നിശാഗന്ധി

ഇനിയുമിനിയും വിശുദ്ധിയുടുത്തു
ഞാന്‍ രാവുകളെ പുണര്‍ന്നു വിരിയും
സ്വപ്നങ്ങളെയെന്‍റെ കുളിരിനാല്‍
മയക്കി ഞാന്‍ ചുംബിക്കും
നീയറിയാതെ നിന്‍റെയാ
പൊട്ടിയമണ്‍ചട്ടിയില്‍
വിടര്‍ന്നു ഞാന്‍ പുലരിയെത്തുവോളം
ഇരുളുകുടിച്ചു  പ്രകാശിക്കും !
നീയുണരുംമുന്‍പേ
പുലരിയെത്തും മുന്‍പേ
മഞ്ഞുവീഴുമ്പോള്‍
ഞാന്‍ കണ്ണടയ്ക്കും !
ഒരു യാത്രാമൊഴിയുടെ അകമ്പടിയില്ലാതെ
കണ്ണീരിന്‍റെ നനവില്ലാതെ !
ഒരു നിശാഗന്ധി ...
ഒരിക്കല്‍കൂടി !!


മണല്‍കൊട്ടാരo

മോഹിച്ചു മോഹിച്ചു മണല്‍കൊട്ടാരങ്ങള്‍ 
ഉണ്ടാക്കിയപ്പോഴൊക്കെയുo ,
അറിയാമായിരുന്നു 
തിരയെടുക്കുമെന്‍റെ മോഹങ്ങളെന്ന് !
കടലോളം കൊതിച്ചതെല്ലാം  
കാലത്തിന്‍റെ നീരൊഴുക്കില്‍ 
ഒഴുകിയകന്നതും നോക്കി 
നെടുവീര്‍പ്പെടുവാന്‍ മാത്രo  
വിധിയെന്നെ അനുവദിച്ചു  ! 

ആര്‍ഭാടത്തിലെ അമ്മച്ചിത്രം


ഊണുമേശയുടെ വിരിപ്പിനു 
പോലും ആയിരങ്ങള്‍ ചിലവാക്കുമ്പോള്‍ 
നീയോ ഞാനോ മനസ്സിലിട്ടിരുന്നോ 
അമൃതുവറ്റി , മുലയുണങ്ങിയിട്ടും 
പുത്രന്‍റെ ദാഹമകറ്റാന്‍ 
സ്വരക്തം പിഴിഞ്ഞമ്മിഞ്ഞയാക്കേണ്ടി 
വരുന്നൊരമ്മയുടെ ചിത്രം ? 

അഭയ

ശരവേഗത്തിലാണ്ടുകള്‍ പായുന്നു
ഏതോ കാമഭ്രാന്തന്‍റെ കയ്യിലൊരു
പൂമൊട്ട് ഞെരിഞ്ഞില്ലാതായതും
നാടും കണ്ണുകളും അതോര്‍ത്തു നെടുവീര്‍പ്പെട്ടതും
ഇന്നലെയായിരുന്നോ ?
ആ കണ്ണുകളിലെവിടെയോ
അവനുമുണ്ടായിരുന്നു !
അല്ല ! അവരുമുണ്ടായിരുന്നു !
ഒന്നുമറിയാതെ,
നല്ലതഭിനയിച്ച് !
നിയമവും നീതിപാലകരും
എല്ലാം മറക്കാനനുവദിച്ചു !
സത്യം എവിടെയോ വീടും വീണ്ടും
വ്യഭിചരിക്കപ്പെടുന്നു !
ലൌകികതയും ഇട്ടെറിഞ്ഞു
പോയവളുടെ പിന്നാലെ പോലും
ക്രൂരമായ കണ്ണുകള്‍ ചെന്നെത്തിയല്ലോ,
എത്രയോ പൂവുകള്‍
വീണ്ടും പിച്ചി ചീന്തപ്പെട്ടു !
എത്രയോ കൈകള്‍
അഭിമാനത്തോടെ കളങ്കമേറ്റുചൊല്ലി !
എന്നിട്ടും ...
എന്നിട്ടും ...
നിശബ്ദതയായിരുന്നില്ലേ നമ്മുടെ ആയുധം !
നാളെയൊരിക്കല്‍
നമ്മളിലൊരുവളും ????
നിന്‍റെ ചോരയിലൊരുവളും !!

Monday, July 23, 2012

ചിലന്തി


ജനാലക്കപ്പുറം 
തന്‍റെ കരവിരുത് തെളിയിച്ച് 
അദൃശ്യമായി  ഉറക്കമളച്ചിരുപ്പുണ്ടൊരു 
ചിലന്തിവീരന്‍ !
ചിറകുകളൊട്ടി,
തൊലിയറ്റ്,
പാവമിര പിടയുന്നതും കാത്ത് !
പിന്നെ ദ്രവിച്ച നൂലില്‍ തൂങ്ങി ഇറങ്ങുന്നതും കണ്ടു 
കുഞ്ഞുങ്ങളെ പുതിയ തന്ത്രങ്ങള്‍ പഠിപ്പിക്കാന്‍ !
ഇനിയുമിരകള്‍  വരും,
കുതന്ത്രങ്ങളില്‍ വീഴുകയും ചെയ്യും ! 

രാത്രി

രാത്രിയുടെ നിഗൂഡവനത്തിലേയ്ക്കു
പകലിന്‍റെ കണ്ണ് വെട്ടിച്ച് ,
പതിവുപോലെ,
നഗ്നയായി തുടുത്ത സന്ധ്യ
ചെറിയൊരു നാണത്തോടെ കയറി പോകുന്നു  !
നിലാവിന്റെ മങ്ങിയ വെളിച്ചത്തില്‍
നക്ഷത്രങ്ങള്‍ മുല്ലപ്പൂവു  വിതറുന്നു  ! 

പൂവാലന്‍


"ടൈം പസ്സാ"ണ് പോലും
ഭാര്യയുണ്ടെങ്കിലും 
അമ്മയുണ്ടെങ്കിലും 
മക്കളുണ്ടെങ്കിലും 
എതിരെ നടക്കുന്നത് പെണ്ണല്ലേ !
മാംസത്തടിപ്പില്ലെങ്കിലും 
മുട്ടോളം മുടിയില്ലെങ്കിലും 
അവന്‍റെ  കണ്ണുകള്‍ 
പെണ്ണുടലിന്‍റെ  ആഴമളക്കുമ്പോള്‍  
പൊള്ളാറുണ്ട് ,
ഉറക്കത്തില്‍ പോലും 
ദുസ്വപ്നമായി ആ നോട്ടം 
പിന്തുടരാറുണ്ട് !

അമ്മയ്ക്ക്

നിന്റെ ഗര്‍ഭഭിത്തിയില്‍ വേരുകളാഴ്ത്തി,
നിന്റെ ചോര എന്റെ സിരകളില്‍ ചൊരിഞ്ഞ്,
നിന്നോട് മാത്രം സംസാരിച്ച്
നിന്റെ മിടിപ്പുകള്‍ മാത്രം ശ്രവിച്ച്
നിന്റെ തലോടല്‍ മാത്രം ഏറ്റുവാങ്ങി
നിന്നെ മാത്രമറിഞ്ഞ്
ഒരു ജന്മം ഞാന്‍ ജീവിച്ചോട്ടെ ...
നിന്റെ കാരുണ്യത്താല്‍ പൊതിയപ്പെട്ട്
നിന്നില്‍ തന്നെ ഞാന്‍ മൃതിയടയട്ടെ.... അമ്മെ ... 

കവിത

കവിത പലപ്പോഴും ഭ്രാന്താണ് 
മനസ്സിന്‍റെ  ഇത്തിരി പരാതികളെ 
ചിന്തകളുടെ തീയിലെരിച്ച് 
സ്വയം വെന്തുതുടങ്ങുമ്പോള്‍ 
നിശബ്ദമായി നിലവിളിക്കുന്ന വേദന !

ഭിത്തി

അപ്പൂപ്പന്‍റെ നീട്ടിയുള്ള മുറുക്കാന്‍ തുപ്പലിന്‍റെ വികൃതിയും,
അവന്‍റെ കുസൃതിയില്‍ തെളിഞ്ഞ കരിചിത്രങ്ങളും 
മഴയേറ്റ് ഒഴുകിയ ആരുടെയൊക്കെയോ പേരുകളും  
ആണിയാഴ്ന്ന പഴുതുകളും !
പിന്നെ ഏതോ ഒരു നാളത്തെ വെയില്‍, 
വാശിയോടെ പൊളിച്ച കുമ്മായക്കഷ്ണം ഒരു 
മിന്നല്‍ പിണരിന്‍റെ വെളിച്ചത്തില്‍ തുറന്നു കാട്ടിയ 
ഹൃദയം കരിഞ്ഞുണങ്ങിയൊരു പാടും ! 

മഴച്ചിത്രം


ആകാശത്തിന്‍റെ കറുത്ത
പുതപ്പിനുള്ളിലൊരു
ഭ്രാന്തമായ മുരളല്‍ !
മണ്ണിന്‍റെ പൊള്ളലില്‍,
ഒരു തുള്ളിയായ് ,
പിന്നൊരു ഒഴുക്കായ്..
ചിതറാന്‍ കൊതിച്ചൊരു
മഴയുടെ വിങ്ങല്‍  !
അതിനിടെ ആരുമറിയാതെ
മനസ്സില്‍ വിരിഞ്ഞൊരു
ഭംഗിയുള്ള ചിത്രത്തെ
അക്ഷരങ്ങളാക്കുന്നൊരു മനസ്സ് ! 

Sunday, July 22, 2012

കടലാസ്സുതോണി

മഴവെള്ളപാച്ചിലില്‍ ഓടിക്കളിച്ചോരു
കുട്ടിക്കാലത്തെ മാടി വിളിക്കുമ്പോഴൊക്കെയും
മനസ്സില്‍ കാണാറുണ്ട് ഞാന്‍
ചെളിവെള്ളത്തില്‍ കുലുങ്ങി കുലുങ്ങി
അകലുന്നൊരു കൊച്ചു കടലാസ് തോണിയെ !

കല്ലുപെന്‍സില്‍


കരിങ്കല്ലിന്‍റെ നെറ്റിയില്‍
സൌന്ദര്യം നിറച്ചപ്പോഴും 
ആദ്യാക്ഷരങ്ങള്‍ 
വികൃതമായ കൈപ്പടയില്‍ 
കോറിയിട്ടപ്പോഴും 
ഞാന്‍ കരുതിയില്ല 
കുഞ്ഞികൈകളില്‍ 
മാഞ്ഞു മാഞ്ഞു 
ശൂന്യമാകും എന്‍റെ ജന്മമെന്ന് !


ഒരു കവിതയുടെ മരണം



വെറുത്തു തുടങ്ങിയിരിക്കുന്നു , 
നിന്നോടൊപ്പം എന്റെ വാക്കുകളെയും ഞാന്‍ ! 
നിന്നെ നിറയ്ക്കാതെ 
നീ എനിക്ക് പകര്‍ന്നു തന്ന കണ്ണീരിന്‍റെ ഉപ്പില്ലാതെ 
വാക്കുകള്‍ എന്നില്‍ ജനിച്ചിരുന്നെങ്കില്‍ ,
അന്ന് ഞാനൊരു കവിയായേനെ !
ഇപ്പോളിവിടെ ഒഴുകുന്നത് 
വെറുമൊരു അഴുക്കു ചാലാണ് !
നീ നഷ്ടമാക്കിയ പ്രണയത്തെ 
ഹൃദയത്തില്‍ നിന്നും പിഴിഞ്ഞ് കളയുവാന്‍ മാത്രം 
ഞാന്‍ കണ്ടെത്തിയ ഉപാധി !
മെഴുകുതിരികള്‍ ദഹിച്ചുകഴിഞ്ഞിരിക്കുന്നു 
ശവം നാറാന്‍ തുടങ്ങിയിരിക്കുന്നു 
ഇനിയെനിക്കീ  ശ്മശാനം ഒഴിഞ്ഞേ കഴിയൂ ..
അല്ലെങ്കിലെന്നാത്മാവും 
ഈ ശവത്തോടൊപ്പം അഴുകി തുടങ്ങും !
നിശാഗന്ധികളെയും ,
നിലാവിനെയും പ്രണയിച്ച ഞാനിവിടെ 
ഒരു ജന്മം ജീവിച്ചു.
പ്രണയമായും , സ്വപ്നമായും ,
മോഹമായും , നഷ്ടമായും , രക്തമായും,
വേശ്യയായും, ഗര്‍ഭിണിയായും,
മഴയായും , മനുഷ്യനായും ജീവിച്ചു ..
ഇനി എഴുതാന്‍ വാക്കുകളോ 
ഇനി പാടാന്‍ പാട്ടുകളോ 
എനിക്കില്ല !
മാപ്പ് , 
അവകാശവാദങ്ങളൊന്നുമില്ലാതെ 
പടിയിറങ്ങുന്നു !
ഈ ശവപ്പറമ്പില്‍ സന്ദര്‍ശകരുണ്ടാവും,
അത് കണ്ടൊരു  നക്ഷത്രം പുഞ്ചിരിക്കുന്നുമുണ്ടാവും !

കൊതുക്


മുറിവ് കുടിച്ചു കുടിച്ചു 
സ്വയം നിറം നല്‍കാന്‍ 
ശ്രമിച്ചൊരു കറുത്ത ശാപം !
പാടി പാടി 
രാവുകളെ ഉണര്‍ത്തിയ 
ദുര്‍മന്ത്രവാദിനി !


ക്ലാര


ഒരു മഴയുടെ ഇരമ്പലിലൂടെ മനസ്സിലേയ്ക്ക്‌ ചേക്കേറിയൊരു നനഞ്ഞ പക്ഷി.
ഒരു ചുംബനത്തിന്‍റെ ചൂടില്‍, കോരിത്തരിപ്പിച്ച സ്വപ്നം !
ചുവരുകളുടെ നിഗൂഡതയെ വെറുത്ത,
രാത്രികളെയും , തെളിഞ്ഞ വാനത്തെയും പ്രണയിച്ച സൌന്ദര്യം !
ചങ്ങലയുടെ ഒറ്റക്കണ്ണിയുമായി മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവാകാന്‍ കൊതിച്ചവള്‍ !
വശ്യമായ കണ്ണുകളില്‍ ലോകം കീഴടക്കാന്‍ ത്രാണിയുള്ളൊരു മിന്നല്‍പിണര്‍ !
അവകാശവാദങ്ങളില്ലാതെ പുഞ്ചിരി മായ്ക്കാതെ ആത്മാവും ശരീരവും 
കാഴ്ച്ച വച്ചവള്‍ !
ഒടുവിലാ സൂര്യന്‍റെ ചിറകുകള്‍ തന്നെ ദഹിപ്പിക്കാതിരിക്കാന്‍ 
സ്വയം കീഴടങ്ങിയവള്‍ !
ഏതോ ഒരു മനസ്സില്‍ എപ്പോഴൊക്കെയോ 
ഒരു നെടുവീര്‍പ്പായി പിറക്കുന്നവള്‍  !

നിന്‍റെ വൈഭവം


ഒരു ചെറിയ നുണയില്‍
മനസ്സ് കവര്‍ന്നതും
ഇത്തിരി തീപ്പൊരിയില്‍
എന്നില്‍ ആളിക്കത്തിയതും
നിര്‍വികാരയാക്കി
ഇട്ടെറിഞ്ഞു പോയതും
നിന്‍റെ വൈഭവമായിരുന്നു !
മറ്റാര്‍ക്കും പറ്റാതിരുന്നൊരു
വിദഗ്ദ വൈഭവം !

വേശ്യ

അവളുടെ കണ്ണീരും
ഓര്‍മ്മകളുമൊന്നും
പ്രണയത്തെയോ  തിരസ്കാരത്തെയോ
കുറിച്ചല്ലായിരുന്നു !
തെരുവിലെ ഓടയില്‍നിന്നും
ദൂരെയെരിയുന്ന സൂര്യനെ
നോക്കി പുഞ്ചിരിക്കുന്ന ,
അപ്പനാരെന്നറിയില്ലാത്ത
അവളുടെ പാതി ജീവനെക്കുറിച്ചായിരുന്നു !
അവള്‍ക്കു പാടാന്‍
സുന്ദരമായ ഗാനങ്ങളോ
അതിശയിപ്പിക്കുന്ന കഥകളോ ഇല്ല !
പട്ടിണിയെങ്കിലും
ജീവിക്കാന്‍ കൊതിച്ചിരുന്ന ഒരു
പ്രതീക്ഷയില്ലാത്ത പ്രകാശത്തെക്കുറിച്ചു മാത്രമറിയാം !

സ്വപ്നസാക്ഷാത്കാരം


ഒരോര്‍മ്മയുടെ മറവിലെങ്കിലും 
ഒളിക്കുവാനെനിക്കായില്ലല്ലോ ..
ഇത്രയേറെ പ്രണയിച്ചിട്ടും..
ഇത്രയേറെ സഹിച്ചിട്ടും !
നിലയില്ലാ കയങ്ങളില്‍ 
എന്നോ നീയെറിഞ്ഞു പോയൊരു 
ചെറു കല്ലിന്‍റെ മൂല്യം പോലും 
എനിക്കുണ്ടായില്ലല്ലോ ..
ഇതായിരുന്നോ ജന്മസാഭല്യം ?
ഇതായിരുന്നോ സ്വപ്നസാക്ഷാത്കാരം !?? 

Saturday, July 21, 2012

ഞാനും നഷ്ടങ്ങളും


ഇവിടെ മരിക്കുകയാണ്
ഞാന്‍ !
പിടഞ്ഞു മരിക്കുകയാണ് ..
നീയില്ലാതെ
മഴയില്ലാതെ
ഗാനങ്ങളില്ലാതെ
സ്വപ്നങ്ങളില്ലാതെ
ആരോരുമില്ലാതെ !
നഷ്ടങ്ങളെല്ലാം
എന്നെ ഞാനല്ലാതാക്കിയിരിക്കുന്നു !
നഷ്ടമായവയെല്ലാമായിരുന്നു
ഞാന്‍ ശ്വസിച്ചിരുന്നത് !
ജീവവായു നിലച്ചുവല്ലോ ...
ഇനിയെനിക്ക് അഭയമെന്ത് ?

സമരം


എന്നുമെന്‍റെ മനസ്സ് കരുണയില്ലാതെ 
പ്രഹരിക്കുന്നതിനാല്‍ 
ഇന്നെന്‍റെ വാക്കുകള്‍ സമരം ചെയ്യുകയാണ് !
വേദനിക്കുന്നുണ്ടെങ്കിലും 
പൊട്ടിക്കരയാനാവുന്നില്ല !
നീറുന്നുണ്ടെങ്കിലും 
ചോര പൊടിയുന്നില്ല !
പ്രതികാരത്തോടെ 
പുച്ഛത്തോടെ ഇന്നെന്‍റെ 
വാക്കുകളുമെന്നെ കയ്യൊഴിഞ്ഞു !
ഹൃദയവും 
കണ്ണീരുമില്ലാതെ 
എങ്ങനെ ഞാനൊരു കവിയാകും ??

നിനക്കൊരു സമ്മാനം

തുളച്ചു തുളച്ചു 
മനസ്സിലേയ്ക്ക് 
ആഴുന്നൊരു മുള്ളായി !

കാര്‍ന്നു കാര്‍ന്നു 
സ്വപ്നങ്ങളെ മുഴുവനായി 
ആര്‍ത്തിയോടെ വിഴുങ്ങി !

ആത്മാവിനെയും ചിന്തകളെയും 
കവര്‍ന്നെടുത്ത നിനക്കായി 
ഞാന്‍ വേവിച്ചു വച്ചിട്ടുണ്ട് 
ചതഞ്ഞതെങ്കിലും ജീവനുള്ള 
പിടയ്ക്കുന്നൊരു ഹൃദയവും 
ചിമ്മുന്ന, 
തിളങ്ങുന്ന രണ്ടു കണ്ണുകളും !




പുകവലി


ഏതൊക്കെയോ നീറുന്ന ചിന്തകള്‍ 
മനസ്സിനെ ഞെരുക്കിയപ്പോഴാണ് 
ഞാനാ പുകച്ചുരുളുകളില്‍ 
എന്നെ തന്നെ മറന്നത് !
ഉള്ളില്‍ കരിഞ്ഞു നാറുന്നതൊക്കെ 
പുകഞ്ഞു പുകഞ്ഞു 
ശൂന്യതയിലേയ്ക്ക് മായും പോലെ !
പിന്നെ ഉറ്റമിത്രമായി ഇന്നോളം ...