Sunday, June 15, 2014

ആന ഒരു കാടാണ്

ആനയുടെ കണ്ണുകളില്‍
നോക്കിയാല്‍ കാണാം
ഒരു തടാകത്തിന്‍റെ
അല്ലെങ്കില്‍
ഒരു പുഴയുടെ
ഒരു നദിയുടെ നിശബ്ദത.. !

ഏതു കുത്തൊഴുക്കിലും
പുഴയുടെ ആഴം ശാന്തമാണ് .. !

ഇടയ്ക്ക് വെറുതെ ഒന്ന്
കവിഞ്ഞൊഴുകുമെന്ന് മാത്രം..

കാട്ടുതീ വന്നു നക്കിയെടുത്ത
ഒരു കാട് പോലെയാണ്
ആനയുടെ പുറം

പിഴുതെടുത്ത് മറിച്ചിടുന്ന മരങ്ങളും
ഓടിത്തിമിര്‍ക്കുന്ന വനാന്തരങ്ങളും
കരിപ്പാടുകളില്‍ ശൂന്യമായത് പോലെ
ഓര്‍മ്മകള്‍ അവശേഷിപ്പിക്കുന്ന
കുറ്റികള്‍ മാത്രമുള്ള ഭൂമിയല്ലേ

ആനയുടെ പുറമെന്ന് നോക്കൂ ..
ചങ്ങല കിലുക്കി
വഴിയിലൂടെ പോകുമ്പോള്‍
ശ്രദ്ധിച്ചാല്‍ കേള്‍ക്കാം
നിലക്കാത്തൊരു മുരള്‍ച്ച
മുറിവേറ്റു കരയുന്നൊരു
കാടിന്‍റെ നോവ്‌.. !

ആണി കൊളുത്തി വലിച്ചുകീറിയ
ഒരു ഉത്സവകാലത്തിന്‍റെ
ചിന്നംവിളി
വഴിയിലൂടെ നടന്നു പോകുന്നുണ്ട്..

ആന വലുതായിട്ടല്ല
കാട് ചെറുതായിട്ടാണ്
മനുഷ്യര്‍ക്കിടയിലൂടെ നടക്കുന്നത്..

(ജൂണ്‍ 2014 ലക്കം അകം മാസികയില്‍ പ്രസിദ്ധീകരിച്ചത്)

അറിയാനാവാത്തത്

നിന്നിലേയ്‌ക്ക് വളർന്നു
നിൽക്കുന്നൊരു വൃക്ഷമാണ്
ഞാൻ !
എന്റെ വേരുകളുടെ
ആഴവും മിടിപ്പും പിടച്ചിലും
നിനക്കല്ലാതെ
മറ്റാർക്കാണ്
അറിയാൻ സാധിക്കുക ?

Saturday, June 7, 2014

മായ്ച്ചു മായ്ച്ച് അറ്റത്തെത്തുമ്പോള്‍

ചിന്തിച്ചു ചിന്തിച്ച്
അങ്ങ് അറ്റത്തോളം എത്തുമ്പോള്‍
ഞാന്‍ കരുതും
ഇതുവരെ നടന്നെത്തിയിടങ്ങളിലെല്ലാം
നീ നിറഞ്ഞുനില്‍ക്കുമെന്ന്. 

തിരിഞ്ഞു നോക്കുമ്പോള്‍
ഞാന്‍ വന്നയിടങ്ങളിലെങ്ങും
നീയുണ്ടാവില്ല.

നിന്നെ തുന്നി വച്ച പൂക്കളെല്ലാം
കൊഴിഞ്ഞിട്ടുണ്ടാവും ,

നിന്നെ വരച്ചു ചേര്‍ത്ത മേഘങ്ങളെല്ലാം
പെയ്യ്തൊഴിഞ്ഞിട്ടുണ്ടാവും,

നിന്നെ കാത്തു വച്ച ഓളങ്ങളെല്ലാം
എങ്ങോ എന്നോ
ഒഴുകിപ്പോയിട്ടുണ്ടാവും,

നിന്നെ എഴുതിയ ഇടങ്ങളെല്ലാം
പൊടിമൂടിയിട്ടുണ്ടാവും,

നീ നീ
എന്ന് ഞാന്‍
പാടി പഠിപ്പിച്ച മുഴക്കങ്ങളൊക്കെ
മാറാലകളില്‍ തട്ടിചിതറി
നിശ്ശബ്ദമായിട്ടുണ്ടാവും,

നിന്നെ തിരക്കി
ഞാന്‍ പോയിടത്തെങ്ങും
നീ ഉണ്ടായിരുന്നില്ല
ഉണ്ടായിരിക്കും അഥവാ
ഉണ്ടാവണം
എന്ന് ഞാന്‍ ഊഹിച്ചതോ
ആഗ്രഹിച്ചതോ ആയിരിക്കാം.

ഒരിക്കലും ഞാന്‍ ചെന്നെത്താത്ത
ഏതോ ദൂരത്തിന്‍റെ തുഞ്ചത്തിരുന്ന്‍
നക്ഷത്രങ്ങളെ നെയ്യ്തു കൂട്ടുന്ന
സ്വപ്നത്തെ തിരഞ്ഞ്,
പൊടിയിലും
മണ്ണിലും നടക്കുകയാണ് ഞാനെന്ന്‍
അറിയാഞ്ഞിട്ടല്ല,

ഈ തിരച്ചിലിലെവിടെയോ
നീയറിയാതെ
നിന്‍റെ നക്ഷത്രവെളിച്ചം
എന്നിലേയ്ക്ക്
ചോര്‍ന്നു വീഴുന്നുണ്ടെന്നുള്ള
ബോധ്യമാണ്
എന്‍റെ ജീവിതമെന്നത്കൊണ്ടാണ്.