ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
കനലാകുന്ന രാവേ ,
ഇത്ര കാലമീ ചിത നീ എങ്ങിനെ തണുപ്പിച്ചു ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
മുഴുവനായ് നിറയുന്ന കവിതേ ,
ഇത്രനാള്‍ നീ വാക്കുകള്‍ കാത്തുവച്ചതെന്തിനാണ് ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
നിലച്ചു പോകുന്ന കാലമേ ,
ഇത്രകാലം നീ നിശ്ചലമാകാതിരുന്നതെന്താണ് ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
പൊടുന്നനെ നിലയ്ക്കുന്ന ഗാനമേ,
ഇത്രനാള്‍ ഈ മൌനം
വേട്ടയ്ക്കിറങ്ങിയത് എവിടെയായിരുന്നു ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
വറ്റിയുണങ്ങുന്ന നീര്‍ക്കുളങ്ങളേ,
ഇനിയെങ്ങാണ് ഈ ആര്‍ദ്രത ഞാനറിയുന്നത് ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
കണ്ണിലും വിരലിലും നെഞ്ചിലും കനവിലും ചുണ്ടിലും
പടര്‍ന്നുകയറുന്ന വ്യഥയേ,
ഇത്രകാലം ഞാന്‍ വെറും ശൂന്യതയിലായിരുന്നോ ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
തനിച്ചാക്കുന്ന ലോകമേ,
ഈ ഏകാന്തതയ്ക്ക് ഇത്രനാള്‍
എന്ത് പേരായിരുന്നു ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
മുനകൂര്‍പ്പിച്ച മുള്ളേ,
ഇത്രകാലം ഏതിതളിന്‍റെ മാര്‍ദവത്തിലാണ്
നീ മുഖം പൂഴ്ത്തിയിരുന്നത് ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
മിടിപ്പാല്‍ നുള്ളുന്ന ഹൃദയമേ ,
നിന്‍റെ ചില്ലുകളില്‍ ഉടയുന്ന നനവാണോ
എന്‍റെ കണ്ണില്‍ ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
ഉറക്കത്തിന്‍റെ സമാധാനത്തില്‍
ചിറകടിക്കുന്ന പിടച്ചിലേ,
എന്‍റെ സ്വപ്നങ്ങളെല്ലാം
നീ എങ്ങു കൊണ്ടുപോയി ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
ആളിക്കത്തുന്ന ഓര്‍മ്മേ ,
നിന്‍റെ അരളിപ്പൂക്കളും , കുട്ടിക്കാലവും ,
പിച്ചവച്ച ഇടങ്ങളും ഇന്നെങ്ങോട്ടു മറഞ്ഞു ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
പടിയിറങ്ങിപ്പോയ വസന്തമേ,
എന്‍റെ മഞ്ഞുകാലങ്ങളില്‍ പോലും
ചുവന്നപൂക്കള്‍ നിറച്ച പേരറിയാത്ത ആ ഒറ്റമരമെവിടെ ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
വിടാതെ തുടരുന്ന പ്രാര്‍ത്ഥനേ
നിന്‍റെ അമ്പുകള്‍ ഏറ്റുവാങ്ങിയ ദൈവമെവിടെ ?
കാരണങ്ങളുടെ രാജാവേ
എന്‍റെ വഴികളുടെ അവസാനമേ
ഉത്തരങ്ങള്‍ കണ്ടെത്താന്‍
ഞാന്‍ ഇനിയുമെത്ര കിതയ്ക്കണം ??