Friday, November 30, 2012

പുനര്‍ജനനം

എന്‍റെ വചനങ്ങളില്‍
നിന്‍റെ നാമം നിറയുകയും
എന്‍റെ ചിന്തകളില്‍
നീ പ്രകാശിക്കുകയും
കണ്ണുകള്‍ അടയ്ക്കും മുന്‍പേ
ദീപമായ് എന്നെ താരാട്ടുകയും
കണ്ണുകള്‍ തുറക്കും മുന്‍പേ
സ്വപ്നമായ് തലോടുകയും
പകലന്തിയോളം
കാരുണ്യമായ് നിറയുകയും ചെയ്യുന്ന
സത്യത്തിലാണ് ഞാന്‍
പുനര്‍ജ്ജനിച്ചത്‌ ! 

Thursday, November 29, 2012

ഉപേക്ഷിക്കപ്പെട്ടത്

ഏതു സാന്ധ്യലോകത്തിലാണിപ്പോള്‍
നീ മഴവില്ലു വിടര്‍ത്തിയിരിക്കുന്നത്  ?
ഏതു കണ്ണുകളിലാണ്
മഴയായ് നീ തിളങ്ങുന്നത് ?
അഗ്നിപീഡങ്ങളിലൊന്നില്‍ എരിയുകയാവാം 
ഉയിരു ചോരാതെ നീ !
കൊടുങ്കാറ്റിന്‍റെ സന്ദേശം പോലെ
പ്രഭാതങ്ങളില്‍ അറിയാതെ നീ
സിരകളില്‍ പടരുന്നു !!
പുകമറയില്‍ ഞാന്‍
ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു !!

ഒരുവേളയെന്‍റെ ബാല്യത്തിലേയ്ക്ക്

ഈ മൌനച്ചാര്‍ത്തില്‍
തെല്ലു നേരം ഞാന്‍ തനിച്ചിരിക്കട്ടെ ,
ജ്വലിക്കുന്ന ചിറകുകളുമായോര്‍മ്മകള്‍
കൌമാരം കടന്നെന്‍റെ
ബാല്യത്തിലേയ്ക്കെത്തട്ടെ !
അവിടെയിന്നും എന്നെക്കാത്തു
മരിക്കാത്ത താളുകളുണ്ടെങ്കില്‍
ഞാനീ നിശബ്ദതയില്‍നിന്നു-
മുണരാതിരിക്കട്ടെ ! 

ഒരു വരി

എഴുതണമെനിക്കിനിയുമൊരു  വരി ,
വേദനയോടെ എന്‍റെയീ ആത്മാവിനെ
ചുംബിക്കുന്ന ലോകത്തിനൊരു വരി !
കുന്നിറങ്ങി
കാടിറങ്ങി
വിണ്ണിന്‍റെയേതോ കോണില്‍ നിന്നും
അമരത്വമുള്ള വികാരമെന്നു ചൊല്ലിയെന്‍റെ
സ്വപ്നങ്ങളെ
കോരിച്ചൊരിയുന്ന മഴയിലേയ്ക്ക്‌
കൈപിടിച്ചു നടത്തിയ
സ്വാഭാവികതയ്ക്കൊരു വരി !
എണ്ണം പറഞ്ഞു ദൂരെയൊരു
കൊടുംശൈത്യത്തിന്‍ ചില്ലുകൂട്ടില്‍
മരിക്കാത്ത ഓര്‍മ്മകളുടെ
പട്ടുപൊതിഞ്ഞെന്‍റെ ദിനരാത്രങ്ങളെ
കാലത്തിനു കുരുതികൊടുത്ത
വിരഹത്തിനൊരു  വരി !
നീള്‍ക്കണ്ണുകളില്‍ പണ്ടാരോ തുടച്ച
കരിമഷിമുത്തുകള്‍
ഇന്നും തിളച്ചു ചാടുന്നുണ്ട്
വിധിയുടെയോ
കവിതയുടെയോ
നിശബ്ദയാമങ്ങളുടെ മാറില്‍ !
ഒരുവരിയെങ്കിലും എഴുതണമെനിക്ക് ,
എരിതീയിലും
കടലാഴത്തിലും
വാള്‍മുനയിലും
പെട്ടുപോയൊരീ
ഹൃദയം പകുത്തൊരു വരിയെങ്കിലും !!

Tuesday, November 27, 2012

രാത്രി

മൌനത്തിനും സംഗീതത്തിനുമിടയിലെ
ഇടവഴികളിലൊന്നില്‍
എന്നെയും കാത്തൊരു
ഏകാകിയുടെ നെടുവീര്‍പ്പുണ്ട് !
പകലിന്‍റെ കുഞ്ഞുങ്ങള്‍
മഴയെ തേടി ,
രാത്രിയുടെ മൂടിക്കുള്ളില്‍ മറയുമ്പോള്‍
നേര്‍ത്ത സംഗീതം
എന്‍റെ മൌനത്തെ
കണ്ണീരാല്‍ പൊതിയുകയും ,
എന്നെ കാത്തു വഴിവക്കില്‍ നിന്ന
നെടുവീര്‍പ്പിന്‍റെ കാലൊച്ചകള്‍
എന്നോടടുക്കുകയും ചെയ്യും !
നക്ഷത്രങ്ങളിലേയ്ക്കും
സ്വപ്നങ്ങളിലേയ്ക്കുമെന്‍റെ ഹൃദയം
പാഞ്ഞു കയറുകയും  ചെയ്യുന്നു !

ദീപം

എന്‍റെയീ കവിതയ്ക്കുള്ളില്‍
നോവായ്‌ തപിക്കാതെ ,
എന്‍റെയീ ഹൃദയത്തില്‍
കനവായ് ഒതുങ്ങാതെ ,
ദൂരെ ,പ്രണയാകാശങ്ങളില്‍നിന്നും
പൂവിതളില്‍ മഴവില്ല്
വിരിയുന്നത് പോലെ
ആത്മാവിലൊരു കടലായ് ,
അലയടിക്കുന്ന തിരയായ്‌ ,
വിസ്മൃതിയോളം നീളുന്ന കാലമായ് ,
അരികിലൊരു തലോടലായ് ,
കാതിലൊരു പാട്ടായ് ,
എന്‍റെ മണ്‍ചിരാതില്‍
ഒരുനാളും കെടാത്ത
ദീപമായ് തെളിയുക !!

Sunday, November 25, 2012

പകല്‍പ്പൂവ്

പൂത്തുലഞ്ഞ് ,
ചില്ലകള്‍ താഴ്ന്നു നില്‍ക്കുന്ന 
തണല്‍മരങ്ങള്‍ക്കിടയില്‍ 
കെട്ടുപിണഞ്ഞും 
വേര്‍പെട്ടും 
സ്മരണകളുടെ നീളന്‍വഴികള്‍ !
അഭയം തിരഞ്ഞു താണ്ടുന്ന 
വരണ്ട ഇരുള്‍പ്പാതകളിലൊന്നില്‍ ,
എന്നില്‍ നിന്നും നഷ്ടമായ 
സൂര്യനാളം കയ്യില്‍കാത്ത്,
മുറിവേല്‍ക്കാതെയും 
ചവുട്ടിയരയ്ക്കപ്പെടാതെയും 
ഒരു പകല്‍പ്പൂവുണ്ടാവാം  !

Wednesday, November 21, 2012

വിരഹം


നിന്നെയോര്‍ത്തിന്നു ഞാന്‍
ആകാശചുവട്ടിലിരുന്ന്
ഹൃദയം ചാലിച്ചൊരു
കവിത എഴുതി ,
എനിക്ക് മുന്‍പില്‍
ചിരവിരഹത്താല്‍ അസ്തമയം
ചോരപൊടിക്കുകയും ,
തീരങ്ങള്‍ വിതുമ്പിനില്‍ക്കുകയും ,
പക്ഷികള്‍ ,
ചിറകുകുഴഞ്ഞു വീഴുകയും ചെയ്യ്തു !

നീ മാത്രം

കവിതകളുടെ
കാരണവും
ഉദ്ഭവവും
ഉള്ളടക്കവും
ഒഴുക്കും
മഷിയും
അക്ഷരവും
നീയാണ് ~
നീ മാത്രം !

Tuesday, November 20, 2012

ഭ്രാന്ത്

ഇന്നൊരു വാക്കിന്‍റെ
ഇരുണ്ടയറയ്ക്കുള്ളില്‍ വച്ച് ,
എന്‍റെ ആത്മാവിനെയവര്‍
ബലാത്സംഗം ചെയ്യ്തു !
വിടര്‍ന്ന കണ്ണുകളില്‍
തീയായ് തുടിച്ചിരുന്ന ലോകമിന്നെന്‍റെ
നേരിനെ പൊള്ളിച്ചു ചാമ്പലാക്കി !
മനസ്സിന്‍റെ ശ്രീകോവിലില്‍
നിവേദ്യമാക്കിയൊരു
കവിതയുമവര്‍ പിച്ചിചീന്തി !
ഓര്‍മ്മകളൊരറ്റത്തുനിന്നും
കരിനാഗമായ് വിഷം തുപ്പുകയും,
നോവതിന്‍റെ കരിംതേറ്റ
നീട്ടുകയും ചെയ്യുന്നു !
ഇനിയുമെത്ര കാലം
ഇനിയുമെത്ര കാതം
ദുഃഖപൂര്‍ണ്ണമീ നെഞ്ചിന്നാഴങ്ങളില്‍
പഴുപ്പായ് , ദുര്‍ഗന്ധമായ്
അവരെറിഞ്ഞു പോയ എന്‍റെയീ
ഏകാന്തത ഞാന്‍ ചുമക്കണം ??
ചിരിയുടെ പാതിരാച്ചോര്‍ച്ചയില്‍ 
നരകകവാടങ്ങള്‍ തുറക്കപ്പെടുമ്പോള്‍ 
ഞാനീ ബോധത്തെ
തീയിലെറിയുകയാണ് !
തിരിച്ചറിയപ്പെടാത്ത ലോകങ്ങളില്‍
ഭ്രാന്തിയുടെ അടക്കാനാവാത്ത
ആനന്ദത്തോടെ എനിക്ക് നടക്കണം !
അവിടെയുമെന്നെ നഗ്നയാക്കിരസിക്കുന്ന
കണ്ണുകളുടെ അസ്ത്രങ്ങളുണ്ടാവാമെങ്കിലും
ഞാന്‍ ഭ്രാന്തിയല്ലേ
ലോകമെന്നെ തിരസ്കരിച്ചതല്ലേ ... !!

Monday, November 19, 2012

reincarnation

let me burn , burn and burn in pain. And one day when you rain into the ashes of my memories, i shall reincarnate in your soul with wild flowers and wavy breeze !

ഒരു പ്രേമഗാനം

ഒന്നുമോര്‍ക്കാതൊന്നുമറിയാതിന്നലെ
നീയുറങ്ങുമ്പോള്‍ ,
വന്നിരുന്നു ജീവനേ ഞാന്‍ ,
ശരവേഗത്തിലെന്‍റെ കരിങ്കല്‍ഹൃദയത്തിനുള്ളില്‍
താപസ്വിയായ്
അഗ്നിയായ്
താണ്ഡവമായ്
നോവായുരുക്കമായ് മാറിയ
നിന്‍റെ മിഴിപ്പൂക്കളെയൊന്നു കാണുവാന്‍ !
ഇരുളും സംഗീതവും
ലഹരിയായ് പൂവിടുന്ന ഏകാന്തതയായ്
എന്നില്‍ വിളക്കിച്ചേര്‍ത്ത നിന്‍റെ തീവ്രനോട്ടങ്ങളിലാണോമനേ
ഒരുനാളെന്‍റെ ചിന്തകള്‍ കടല്‍ നീന്തിക്കടന്നത് !
നേര്‍ത്തൊരു തലോടലിലെന്‍റെ പ്രണയം
വിയര്‍ത്തു നിന്നതും ,
സ്വപ്നമുരുകിയതും ,
വിരലുകളുടെ വീണാവര്‍ഷത്തില്‍
നനഞ്ഞുകിടന്ന നമ്മിലൂടെ
കാലമൊരു നിമിഷമായൊഴുകിയതും ,
ശിലാതുല്യനിദ്രയില്‍ നിന്നുമെന്‍റെ
മനമൊരു പൂക്കാലത്തിലേയ്ക്കുണര്‍ന്നതും ,
നീയെന്നിലേയ്ക്കലിഞ്ഞ നാള്‍മുതലാണ്‌ !
ജന്മങ്ങളോളം നീണ്ടൊരു
തിരസ്കൃതമായ നേരിന്‍റെ
തീര്‍ഥാടനത്തിനൊടുവിലെ
പറുദീസയും പുണ്യവും ശാന്തിയുമാണ് നീ !
അറിഞ്ഞിരുന്നുവോ സഖീയിന്നലെയൊരു
പാതിരാക്കാറ്റിന്‍റെ ശിരസ്സിലേറി
എന്‍റെ നിനവുകളുടെ
സ്വര്‍ണ്ണത്തേര് നിന്നിലേയ്ക്കെത്തിയത് ?
ഇനി നമുക്കുറങ്ങാം !
പരസ്പരമലിഞ്ഞൊരു വിദൂരത്തിലെ
മഴയായ് പെയ്യാം !!

Sunday, November 18, 2012

വിചിത്രമായ പ്രണയം !

ഒരുനാളും കണ്ടുമുട്ടാത്ത തീരങ്ങള്‍ക്കിടയില്‍
പ്രണയമൊരാഴക്കടലായിരുന്നു
ഒരുനാളും സംസാരിക്കാനാവാത്ത തീരങ്ങള്‍ക്കിടയില്‍
തിരകള്‍ പ്രണയഗീതങ്ങള്‍ രചിച്ചിരുന്നു
ഒരുനാളും സന്ദേശങ്ങള്‍ കൈമാറാതിരുന്ന തീരങ്ങള്‍ക്കിടയില്‍
കാലം മുത്തുകളും ചിപ്പികളും സമ്മാനിച്ചു
എന്‍റെ പ്രണയമേ നീയെത്ര വിചിത്രമാണ് !

കാത്തിരുന്ന കവിത

നിനവിന്‍റെ ശൂന്യമാം കാസയിലേയ്ക്ക്
പുകയുന്ന വാക്കുകള്‍ തന്നുനീയെങ്കിലും സ്നേഹിതാ ,
ശോഷിച്ച സൂചിമുനകളെന്‍റെ
വേദനയുടെ അക്കങ്ങളെ
തിടുക്കത്തില്‍ സന്ദര്‍ശിക്കുകയും
നിലാവുണരാത്ത അമാവാസികളില്‍
വിഫലം വിരിയുന്ന നിശാപുഷ്പങ്ങള്‍
പലവട്ടം അടര്‍ന്നുവീഴുകയും ചെയ്തെങ്കിലും ,
ഉറഞ്ഞടുങ്ങി എന്നില്‍ മുള്ളായ്‌ കുരുങ്ങിയ
തീക്ഷ്ണമാം വരികളിലൊന്നുപോലുമീ ഹൃത്തിന്‍റെ
തുറക്കപ്പെടാത്ത വാതിലുകള്‍ തകര്‍ത്ത് വന്നില്ലല്ലോ !
അനന്തമാം കണ്ണുകളുടെ താഴ്ച്ചയില്‍
ശോകനിര്‍ഭങ്ങളായ തണല്‍മരങ്ങളില്‍
കടല്‍പ്പക്ഷികള്‍ കൂട് ചമച്ചു  !
വൈകുന്നേരങ്ങളുടെ ചെങ്കുത്തായ
അഗാധതയില്‍ വീണ്ടുമൊരു
സൂര്യനാളം മനംനൊന്താത്മഹത്യ ചെയ്യ്തു !
അപ്പോഴും ഒരു കവിതയുടെ ജനനത്തിനായെന്‍റെ
പ്രതീക്ഷ നോവോടെ പ്രാര്‍ഥിക്കുന്നു !

Saturday, November 17, 2012

ദിനപ്പത്രങ്ങള്‍

നഗരത്തിന്‍റെ  തിരക്കിലാണ്ടുപോയൊരു
പിഞ്ചു കുഞ്ഞിന്‍റെ ചങ്ക് കീറുന്ന നിലവിളി ,
തിരികെ നോക്കാതെ പാഞ്ഞുപോയൊരു
തീവണ്ടിക്കടിയിലെ കാമുകന്‍ ,
നഖവും പല്ലുമിറങ്ങിമുറിഞ്ഞൊരു
വെണ്മാറിലെ കണ്ണീര്‍പ്പുഴ ,
പുകയിലെരിഞ്ഞു മടുത്തു നാടുവിട്ടൊരു
ഭാര്യയോടുള്ള ആസിഡ്പ്രതികാരം ,
ആര്‍ത്തിയോടെ മോന്തിയ പാനപാത്രത്തില്‍നിന്നും
വഴിയിലേയ്ക്കു പൊട്ടിവീണ തലച്ചോറ് ,
തുടപൊള്ളിച്ചാവേശത്തോടെ ആഘോഷിച്ച
രാതിയിലെരിഞ്ഞ സിഗെരെറ്റ്‌കുറ്റികള്‍ ,
കോടതിവരാന്തയിലെ നീളന്‍ക്യൂവില്‍
കാത്തുനില്‍ക്കുന്ന സ്വാതന്ത്ര്യം ,
പുഴയുടെ ഒഴുക്കിനോട്‌ യുദ്ധം ചെയ്യ്ത മകന്‍റെ
ചേതനയറ്റ മേനിയിലെ ഉപ്പ് ,
തെരുവോരങ്ങളില്‍ മരണപ്പോരാട്ടം നടത്തുന്ന
മൈക്കുസെറ്റിന്‍റെ  കൊലച്ചിരി ,
ചോരയും പകയും തേടിനടക്കുന്ന ദിനപ്പത്രങ്ങള്‍ !!

Friday, November 16, 2012

വിശ്രമം

യൌവനം വെട്ടയാടിക്കഴിയുന്ന നരയുടെ അമ്പുകള്‍
ലക്ഷ്യം തെറ്റാതെ വിഹരിക്കുന്നു !
വീടൊഴിഞ്ഞ ആളൊഴിഞ്ഞ ശാന്തതയുടെ
തീരങ്ങളിലേയ്ക്ക് അശാന്തിയുടെ
നീണ്ട വരകള്‍ , ചുളിവുകള്‍ !
ആരൊക്കെയോ എഴുതിയും വരച്ചും
ചുംബിച്ചും കൈമാറിയും
പിന്നെ വലിച്ചെറിഞ്ഞും
തിരസ്കരിക്കപ്പെട്ടുമനുഭവങ്ങള്‍
വേരൂന്നി വളരുന്നു !
ജനനവും മരണവും മുഹൂര്‍ത്തവും
കുറിച്ചെന്‍റെ ഘടികാരം
തളര്‍ന്നുതുടങ്ങിയിരിക്കുന്നു !
വിരഹത്തിന്‍ കലണ്ടറില്‍ നിന്നും
കനല്‍ച്ചിറകുള്ള പക്ഷികള്‍
മരണത്തിന്‍റെ കൂട്ടിലേയ്ക്ക്
ധൃതിയില്‍ പറക്കുന്നു !
വേര്‍പാടിന്‍റെ മുള്ളുകള്‍ തറഞ്ഞും
ഓര്‍മ്മയുടെ കരിയിലകള്‍ വീണും
ഗൃഹാതുരത്വത്തിന്‍റെ ചാറ്റല്‍മഴ ചാറിയുമെന്‍റെ
ആറടി മണ്ണെന്നെ കാത്തിരിക്കുന്നു !
വര്‍ണ്ണങ്ങള്‍ തോരണം തൂക്കിയ
കണ്ണുകള്‍ക്കിനി വിശ്രമം !

വഴികാട്ടി

പ്രണയമുഴുതുമറിച്ച സിരയിലൊഴുകുന്ന
ചുടുചോരയുടെ പ്രവാഹത്തില്‍
ഗര്‍ജ്ജിക്കുന്ന വാക്കുകള്‍ !
വേദനിച്ചലറിവിളിക്കുകയും
ഉച്ചത്തില്‍ പോരിനു വിളിക്കുകയും
ഭീഷിണി മുഴക്കുകയും ചെയ്യുന്നവ !

വിചാരങ്ങളുടെ ഗര്‍ഭാശയഭിത്തിമേല്‍
മരണത്തിന്‍റെ ,
മരവിപ്പിന്‍റെ ,
മറവിയുടെ ,
നഗ്നമായ ചിത്രങ്ങളാരോ
കൊത്തിവച്ചിരിക്കുന്നു !

ഉള്ളിന്‍റെയുള്ളില്‍ ഹാ ! ശവപ്പറമ്പുകളില്‍
ഒരു കവാടം മാത്രം തുറക്കപ്പെട്ടിരിക്കുന്നു !
പ്രേതബാധിതമായ ചങ്ങലയാല്‍ തളയ്ക്കപ്പെട്ടിരിക്കുന്ന
ഭ്രാന്തിയായ ഒരു കവിതയുടെ കവാടം !
സന്ദര്‍ശകരോ വസന്തമോ കടന്നുവരാത്തിടം !

അന്ത്യത്തിന്‍ ബലിപീഠത്തിലേയ്ക്ക്
സ്മരണകളുമായ് പോകുന്ന നിമിഷങ്ങള്‍
മായാത്ത നിഴലുകള്‍ വഴിനീളെ വിതറുന്നു !
പിന്നീട് നിഴലുകള്‍ക്ക് ജീവന്‍ വയ്ക്കുകയും
ബോധമണ്ഡലങ്ങളില്‍ നൊമ്പരമായ് പടരുകയും ചെയ്യുന്നു !

അന്ധനായ സഞ്ചാരീ ,
ഈ ഹൃദയം വര്‍ണ്ണാഭമോ മൃദുലമോ അല്ല !
നിന്‍റെ സ്വപ്നങ്ങളുടെ ഭാരമോ ,
സ്പര്‍ശനത്തിന്‍റെ മാധുര്യമോ
അതിനു താങ്ങാനാവില്ല !

ഇരുണ്ട കിളിവാതിലില്‍ നിന്നും
ചിറകടി കേള്‍ക്കാന്‍ നിനക്കാവുന്നില്ലേ ?
അവയെ നീ പിന്തുടരൂ
എന്‍റെ ഉയിരിന്‍റെ ചില്ലയില്‍ നിന്നും
എന്റെ മൌനത്തിന്‍റെ അന്ധാളിപ്പില്‍നിന്നും ദൂരെ മാറി
നിനക്കവ അനന്തതയുടെ ലോകം കാട്ടിത്തരും !!

Wednesday, November 14, 2012

യുദ്ധം

യുദ്ധം ചെയ്യുന്ന പടയാളിയുടെ
നെഞ്ചിടിപ്പാണെന്‍റെ ഇന്നുകള്‍ക്ക് !
പിഞ്ഞിയ ജീവിതഭാണ്ഡത്തില്‍
തീയും ക്രോധവും വാരിക്കൂട്ടി
ഞാനെന്‍റെ സ്വപ്നങ്ങളെ
വിരട്ടിയോടിക്കാന്‍ ശ്രമിക്കുകയാണ് ,
സംഭരിച്ചതെല്ലാം
ഒരുവശം ചേര്‍ന്ന്
ചോര്‍ന്നുപോകുന്നതറിയാതെ !!

Tuesday, November 13, 2012

ചുംബനം

ഹൃത്തിലൊരു തീകുണ്ഡമായ്
പിളര്‍ന്നു പുകഞ്ഞുപടര്‍ന്നൊരു
നെരിപ്പോടായ് നിന്‍റെ
ചുംബനങ്ങളെന്നെയുണര്‍ത്തിയപ്പോള്‍,
മേഘരൂപികള്‍ ,
ജ്വാലകള്‍ ,
ജനാലയ്ക്കപ്പുറമൊരു കോടമഞ്ഞിന്‍
രഥത്തിലേറി 
രാവിന്‍റെ തിരശ്ശീലയ്ക്കു
പിന്നിലേയ്ക്ക് മറഞ്ഞതും,
തണുവിന്‍ പുതപ്പില്‍  മഴയൊരു
ശ്രുതിയായുണര്‍ന്നതും ,
അഴലിന്‍ വേരുകളൊരു
വസന്തത്തിലേയ്ക്ക് നീണ്ടതും
നീ കണ്ടിരുന്നുവോ ?

Monday, November 12, 2012

രാപ്പാടി

എന്‍റെ ശരറാന്തല്‍തിരിമേല്‍
മരണം കാറ്റായ് കൂട്കൂട്ടുന്നു !
ആഞ്ഞു കത്തിയ നാളങ്ങള്‍
ഇരുളില്‍ മങ്ങുന്നു !
ഇന്നീ നിശയിലെന്‍റെ നിദ്രയില്‍
പടരാനൊരു കവിതയ്ക്കൊപ്പം
പകലിന്‍ നിഴലുകളൊളിച്ച
സ്വപ്നങ്ങളും.. പിന്നെ...
ദൂരെയേതോ ചില്ലയിലൊരു
രാപ്പാടിയും.... !!

പക്ഷി

പറഞ്ഞതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ
ഓര്‍മ്മത്തുരുത്തില്‍ നിഴല്‍പോലൊരു ചിത്രം വരച്ചിട്ട്
തീരങ്ങള്‍ കടന്നു പറന്നൊരു പക്ഷിയാണ് നീ !!

Sunday, November 11, 2012

തപസ്സ്

മനസ്സിലെ വസന്തത്തില്‍
കാട്ടുതീ പടര്‍ന്നുകയറിയെന്റെ
ഉള്ളാകെ കരിഞ്ഞുണങ്ങിയിരിക്കുന്നു !
ഇനിയൊരു പേമാരി
ആകാശച്ചെരുവുകളിറങ്ങി വന്നെന്നെ
നനയ്ക്കുവാനുമീ പൂവരശ്ശില്‍
ഹരിതാമൃതം നിറയുവാനും
വേരുകള്‍ തപസ്സിരിക്കുന്നു !

മരിച്ചവരുടെ സ്വപ്‌നങ്ങള്‍

നീര്‍വറ്റിയുണങ്ങിയ മണ്ണിന്നാഴങ്ങളില്‍
ജീവിതം കുടിച്ചു മരിച്ചവരുടെ
കിനാവുകളുറങ്ങുന്നു !
ചില മഴമേഘങ്ങളുടെ ആര്‍ത്തനാദങ്ങളില്‍
തലപൊക്കിനോക്കിയ സ്വപ്‌നങ്ങള്‍
പൂക്കളായ് വിരിയാറുണ്ട് !
ആ രാവില്‍ നക്ഷത്രങ്ങളിലൊന്ന്
കണ്ണീരു പോലെ തിളങ്ങാറുണ്ട് !
മരിച്ചവരുടെ സ്വപ്‌നങ്ങള്‍
തമ്മില്‍ പ്രണയിക്കുകയാവാം !

ഇന്നലെയും ഇന്നും

ഇന്നലെയീ ഹൃദയത്തില്‍
പലതായ് ചിതറിയ നീ
ഇന്നെന്നെ തട്ടിയുണര്‍ത്തിയ
മഴയിലും കുളിരായ് പെയ്യ്തിരുന്നു !

Wednesday, November 7, 2012

മഴപ്പക്ഷി

മുന്‍പെന്തെന്നറിയാത്ത
നീണ്ട വളവുകളില്‍,
പതിയിരിക്കുന്ന ഇരുട്ടിനും
ഭയപ്പെടുത്തുന്ന നിഗൂഡതയ്ക്കുമപ്പുറം
മഴ പൂക്കുന്ന കാടുകളോ
വെയില്‍ കൊഴിയുന്ന വിജനതയോ ആവാം !
വീണ മൊട്ടുകളും
വിരിഞ്ഞ മുള്ളുകളും ചവുട്ടി
പാതയിതില്‍ വന്നെത്തിയതുമൊരു
ഓര്‍മ്മയെ കുഴിച്ചുമൂടുവാനാണ് !
മടങ്ങുമ്പോള്‍
ഞാന്‍ തിരികെ നോക്കില്ല
അറിയാമെനിക്കെന്‍റെ പ്രിയമുള്ള
ഓര്‍മ്മകളൊരു  മഴപ്പക്ഷിയായ്
എന്നിലേയ്ക്ക് ചിറകടിച്ചെത്തുമെന്ന് !!

Tuesday, November 6, 2012

വേര്‍പാട്

വേര്‍പാടൊരു കടലാണ്
തിളയ്ക്കുന്ന കണ്ണീര്‍ക്കടല്‍ !
സ്വന്തമായ ഒരു കരയില്‍ നിന്നും
അന്യമായ മറുകരയിലേയ്ക്ക് ...
നമ്മില്‍ നിന്നും
എന്നിലേയ്ക്ക് ...
നിലയില്ലാത്ത ഓര്‍മ്മകളുടെ ഒഴുക്കില്‍
തീരം തേടി
ഏകമായൊരു യാത്രയും
കാലമെന്നിലാഴ്ത്തുന്ന വേദനയുമാണ് വിരഹം !

Sunday, November 4, 2012

പൂക്കാലമേ എനിക്കായ് കാത്തിരിക്കുക

വിരലുകള്‍ നീളുകയാണ് ,
ഒരു മൂടല്‍ മഞ്ഞിന്‍ പാളിക്കപ്പുറം
അകലേയ്ക്ക് നീങ്ങുന്ന എന്‍റെ
പ്രിയപ്പെട്ട പൂക്കാലത്തിലേയ്ക്ക് !
നിന്നിലേയ്ക്ക് നടക്കുവാന്‍
നിന്നില്‍ കൊഴിയുവാന്‍
നീറി നിന്നോരെന്നെ പറിച്ചു നടുകയാണ്‌ !
വേനല്‍ ചൂടില്‍
ചിന്തകള്‍  കത്തുമ്പോള്‍
ദൂരെ മാറി
ചാറ്റല്‍മഴയില്‍ എന്നെ നോക്കി
നീയും നെടുവീര്‍പ്പെടുകയാണെന്ന്
ആരോ എന്നോട് പറഞ്ഞിരുന്നു !
നിന്‍റെ  ശിരസ്സവര്‍ മുണ്ഡനം ചെയ്യും
മുന്‍പീ വനാന്തരങ്ങളില്‍ ഞാന്‍ വരും
വസന്തം തേടിയൊരു ദേശാടനപ്പക്ഷിയെപ്പോലെ !

ഉറ്റമിത്രം

ഇന്നലെ സ്വപ്നത്തിന്‍റെ നോവുള്ള സീല്‍ക്കാരത്തില്‍  
രാത്രിയില്‍ മൌനം ,
എന്നോട് പിണങ്ങി പടിയിറങ്ങി പോയിരുന്നു !
തലതല്ലിമരിച്ച മൌനം 
പുലരിയിലെന്‍റെ വാതില്‍പ്പടിയില്‍,
ചെതനയറ്റു കിടന്നു !
എന്‍റെ മൌനമേ,
നീയുമെന്നെ കയ്യൊഴിയാന്‍ മാത്രം .... ???

Friday, November 2, 2012

തിരിച്ചറിവ്

ദൂരമല്‍പ്പം കടന്നപ്പോഴാണ്,
കായല്‍ക്കരയില്‍
തമ്മില്‍ മത്സരിക്കുന്ന ഋതുക്കള്‍ ,
പീലിത്തുമ്പില്‍ തൂങ്ങിമരിച്ച
കണ്ണീരിന്‍റെ ചങ്കുതുളച്ചുള്ളില്‍
കയറിയത് .

കൈനീട്ടിയാ കാട്ടുശതാവരിപ്പൂവില്‍
ഒന്ന് തൊടാന്‍ തുനിഞ്ഞപ്പോഴായിരുന്നു
വിരലുകള്‍ തേടിയത്
കൂപ്പിയ കൈകളിലെരിഞ്ഞു തീര്‍ന്നവ
നിഷേധിക്കപ്പെട്ട ജീവിതസന്ധ്യയിലെവിടെയോ
അറുക്കപ്പെട്ടിരിക്കുന്നു !

ഉണങ്ങിവീണ സ്വപ്നങ്ങളില്‍ ചവുട്ടാതെ
ദൂരെ മാറി നടക്കാനായിരുന്നു
പാദങ്ങളെ നോക്കിയത്
മുള്ളുകള്‍ തറഞ്ഞവ ചോരപ്പുഴയൊഴുക്കിയിരുന്നുവല്ലോ ?
ഇന്ന് വ്യഥയുടെ മരചോട്ടിലാരെയോ
ധ്യാനിക്കാന്‍ പോയിരുന്നത്രേ .. !

അസ്ഥിയുടെ ആഴങ്ങളില്‍
അമ്മയുടെ കരങ്ങളുടെ ലാളന
കട്ടപിടിച്ചു കുറുകിയിരുന്നു !
പലതായ് വേര്‍പെട്ട്
പലതായ് നുറുങ്ങി,പട്ടുപൊതിയാതെ
മണ്‍കുടം നിറയ്ക്കാതെ ചിന്നിചിതറി..!

വാടി വീഴുന്ന ഹേമന്തത്തിനു ചോട്ടിലൂടെ
കാറ്റിന്‍റെ കുളിരുചൂടാതെ
ഒരു ജഡമൊഴുകിയകലുന്നു !
അതിനെന്‍റെ ആത്മാവിന്‍റെ മുഖമാണ് ...
അല്ല അതെന്റെ ആത്മാവാണ് !!
തീര്‍ത്തും അനാഥമായ എന്‍റെ ആത്മാവ് !!

Thursday, November 1, 2012

പ്രിയപ്പെട്ട ഇന്നലെ

പ്രിയപ്പെട്ട ഇന്നലെയ്ക്ക് ,
തുള്ളി മഞ്ഞിന്‍റെ ഈറനണിഞ്ഞ് 
വിടവാങ്ങലിന്‍റെ ഔപചാരികത കൂടാതെ
നീയൊരു തീരാനഷ്ടമായ്
ഭയപ്പെടുത്തുന്ന അന്ധകാരത്തിലേയ്ക്ക്
കാലൊച്ച കേള്‍പ്പിക്കാതെ നടന്നുവല്ലോ ?

നീയെനിക്കാരായിരുന്നു ?
നിന്നില്‍ ചവുട്ടി ,നിന്നിലുറങ്ങി ,
നിന്‍റെ മടിയില്‍ കിടന്നപ്പോഴും
ചുരന്നിറങ്ങിയ സ്നേഹം നക്കിത്തുടച്ചപ്പോഴും ,
എന്നും നീയെനിക്ക് മുന്‍പിലീ തണല്‍മരമായ്
കൊഴിയാതെ നില്‍ക്കുമെന്ന് കരുതിയത്‌ തെറ്റായോ ?

നീ സമ്മാനിച്ച വസന്തത്തില്‍ പൂത്തുലഞ്ഞ കാടുകളില്‍,
പാടിയുറക്കിയ കുയില്‍നാദങ്ങളില്‍
ഞാനൊരു സ്വപ്നം മാത്രമായിരുന്നുവോ ?
വൈകാതെ  നീയെനിക്കന്യയാകുമെന്നും
നിന്‍റെ ഉദരത്തില്‍ നിന്നും ഇന്നുകള്‍ പിറന്നെന്നെ
കളിയാക്കുമെന്നും അറിയാതെ പോയിരുന്നു !

കാലത്തിന്‍റെ അനേകായിരമറകളിലൊന്നില്‍,
തിരിച്ചറിയപ്പെടാത്ത ഭാവങ്ങളില്‍
മറക്കാന്‍ കൊതിക്കുന്ന മുഖങ്ങളില്‍
എന്നും ചിരിതൂവി നില്‍ക്കുന്ന നീയുമിനി !
എങ്കിലും എന്‍റെ പ്രിയപ്പെട്ട ഇന്നലെ ,
എണ്ണമറ്റ നഷ്ടങ്ങളില്‍ നീ സമ്മാനിച്ച ഒരു കുന്നുസ്വപ്നങ്ങളും !!