Wednesday, January 22, 2014

ഉറക്കം ഒരു കവിതയാണ്

ഉറക്കം ഒരു കവിതയാണ്..
പകല്‍ വെളിച്ചത്തിന്‍റെ തിരക്കുകളില്‍
സ്വപ്‌നങ്ങള്‍ ശേഖരിച്ചുനടക്കുന്ന
പേരിടാത്ത കവിത..

പുലരുവോളം ഇരുട്ടിലൂടെ
തൂവലുകളില്‍ തലോടി
നെറുകില്‍ മുത്തി
കണ്‍പോളയ്ക്കുള്ളിലെ
കറുത്ത സ്ക്രീനില്‍
നിറമുള്ള വരികളെഴുതുന്ന
ഉറക്കം ഒരു കവിതയാണ്..

കിണറ്റില്‍ വീണു മരിച്ച സഹോദരി
ഒരിക്കല്‍ നനഞ്ഞുകൊണ്ടെന്‍റെ
ഉറക്കത്തില്‍ കയറി വന്നു..

പൊട്ടു കുത്തി
നീണ്ട മുടി പിന്നി
സ്കൂളിലേയ്ക്ക് പോകും വരെ
അവളെന്നെ താലോലിച്ചത് ഞാനോര്‍ക്കുന്നു..

പേനയെടുക്കുമ്പോഴൊന്നും
അരികില്‍ വരാതെ ,
അക്ഷരങ്ങള്‍ക്ക് പിടിതരാതെ
ഓടി മറയുന്നവള്‍
എന്‍റെ ഉറക്കത്തില്‍ വരാറുണ്ട് ..

നീലപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന
വെളുത്ത സാരിയില്‍
ഞാനവളെ എത്രവട്ടം ചുംബിച്ചിട്ടുണ്ടാവും ..

പ്രാരാബ്ദങ്ങള്‍ പിടിച്ചുവാങ്ങിയ
നിറയെ കിളികള്‍ പാടിയിരുന്ന
ഒരു പറമ്പിനെക്കുറിച്ച്
അച്ഛന്‍ പറയുമായിരുന്നു ..

ഉറക്കത്തിന്‍റെ ചിറകിലിരുന്ന്
എത്ര വട്ടം തനിയെ പോയിരിക്കുന്നു
ഞാനുമവിടേയ്ക്ക്..

മുള്ളില്‍ കിടന്ന്
പൂവിലുണര്‍ന്നിട്ടുണ്ട്
ചില ഉറക്കങ്ങള്‍..
മരുഭൂമിയില്‍ കിടന്ന്
മഴയിലേയ്ക്കും ഉണരാറുണ്ട് ..

ഞാന്‍ മാത്രം വായിക്കാറുള്ള
ഉറക്കമെന്ന കവിതയുടെ അക്ഷരങ്ങള്‍
ആരുടെ ഭാവനയാണ്...
എഴുതിത്തീരും  മുന്‍പ്
ഒരു വരിയില്‍ മുറിഞ്ഞു പോകുന്ന
ചില രാത്രികള്‍ ഉണരുന്നത്
ഏതു നക്ഷത്രലോകത്താണ്.. ?

ചിലപ്പോഴൊക്കെ എത്ര ശ്രമിച്ചാലും
വീണ്ടുമെഴുതാനാവാത്ത
ഉറക്കo ഒരു കവിതയാണ്..

(മലയാളനാട് ഓണ്‍ലൈന്‍ മാഗസിനില്‍ ഈ ലക്കം വന്നത്)

6 comments:

  1. കവിത ഗംഭീരമായി,
    അഭിനന്ദനങ്ങള്‍....

    ReplyDelete
  2. നിദ്രാകാവ്യം

    നല്ല കവിത.


    ശുഭാശംസകൾ.....

    ReplyDelete
  3. കവിത ഒരു സത്യമാണ്

    ReplyDelete
  4. "പേനയെടുക്കുമ്പോഴൊന്നും
    അരികില്‍ വരാതെ ,
    അക്ഷരങ്ങള്‍ക്ക് പിടിതരാതെ
    ഓടി മറയുന്നവള്‍
    എന്‍റെ ഉറക്കത്തില്‍ വരാറുണ്ട്"

    മനോഹരമായ വരികള്‍...

    ReplyDelete
  5. നിദ്ര ദേവി കടക്ഷിക്കുന്നില്ല

    ReplyDelete