Saturday, August 16, 2014

മോഹിപ്പിച്ചു മായുന്നവ

ഓരോ സ്വപ്നത്തിന്റെയും
കോണിപ്പടികളിറങ്ങി
പ്രഭാതത്തിലേയ്ക്ക്,
ഉണര്‍വ്വിലേയ്ക്ക് വരുമ്പോള്‍
ഒന്ന് തിരിഞ്ഞു നോക്കിയാല്‍ കാണാം ,
കണ്ണില്‍നിന്നും മാഞ്ഞു മാഞ്ഞു പോകുന്ന
നക്ഷത്രക്കാടുകളെ .. !

Sunday, June 15, 2014

ആന ഒരു കാടാണ്

ആനയുടെ കണ്ണുകളില്‍
നോക്കിയാല്‍ കാണാം
ഒരു തടാകത്തിന്‍റെ
അല്ലെങ്കില്‍
ഒരു പുഴയുടെ
ഒരു നദിയുടെ നിശബ്ദത.. !

ഏതു കുത്തൊഴുക്കിലും
പുഴയുടെ ആഴം ശാന്തമാണ് .. !

ഇടയ്ക്ക് വെറുതെ ഒന്ന്
കവിഞ്ഞൊഴുകുമെന്ന് മാത്രം..

കാട്ടുതീ വന്നു നക്കിയെടുത്ത
ഒരു കാട് പോലെയാണ്
ആനയുടെ പുറം

പിഴുതെടുത്ത് മറിച്ചിടുന്ന മരങ്ങളും
ഓടിത്തിമിര്‍ക്കുന്ന വനാന്തരങ്ങളും
കരിപ്പാടുകളില്‍ ശൂന്യമായത് പോലെ
ഓര്‍മ്മകള്‍ അവശേഷിപ്പിക്കുന്ന
കുറ്റികള്‍ മാത്രമുള്ള ഭൂമിയല്ലേ

ആനയുടെ പുറമെന്ന് നോക്കൂ ..
ചങ്ങല കിലുക്കി
വഴിയിലൂടെ പോകുമ്പോള്‍
ശ്രദ്ധിച്ചാല്‍ കേള്‍ക്കാം
നിലക്കാത്തൊരു മുരള്‍ച്ച
മുറിവേറ്റു കരയുന്നൊരു
കാടിന്‍റെ നോവ്‌.. !

ആണി കൊളുത്തി വലിച്ചുകീറിയ
ഒരു ഉത്സവകാലത്തിന്‍റെ
ചിന്നംവിളി
വഴിയിലൂടെ നടന്നു പോകുന്നുണ്ട്..

ആന വലുതായിട്ടല്ല
കാട് ചെറുതായിട്ടാണ്
മനുഷ്യര്‍ക്കിടയിലൂടെ നടക്കുന്നത്..

(ജൂണ്‍ 2014 ലക്കം അകം മാസികയില്‍ പ്രസിദ്ധീകരിച്ചത്)

അറിയാനാവാത്തത്

നിന്നിലേയ്‌ക്ക് വളർന്നു
നിൽക്കുന്നൊരു വൃക്ഷമാണ്
ഞാൻ !
എന്റെ വേരുകളുടെ
ആഴവും മിടിപ്പും പിടച്ചിലും
നിനക്കല്ലാതെ
മറ്റാർക്കാണ്
അറിയാൻ സാധിക്കുക ?

Saturday, June 7, 2014

മായ്ച്ചു മായ്ച്ച് അറ്റത്തെത്തുമ്പോള്‍

ചിന്തിച്ചു ചിന്തിച്ച്
അങ്ങ് അറ്റത്തോളം എത്തുമ്പോള്‍
ഞാന്‍ കരുതും
ഇതുവരെ നടന്നെത്തിയിടങ്ങളിലെല്ലാം
നീ നിറഞ്ഞുനില്‍ക്കുമെന്ന്. 

തിരിഞ്ഞു നോക്കുമ്പോള്‍
ഞാന്‍ വന്നയിടങ്ങളിലെങ്ങും
നീയുണ്ടാവില്ല.

നിന്നെ തുന്നി വച്ച പൂക്കളെല്ലാം
കൊഴിഞ്ഞിട്ടുണ്ടാവും ,

നിന്നെ വരച്ചു ചേര്‍ത്ത മേഘങ്ങളെല്ലാം
പെയ്യ്തൊഴിഞ്ഞിട്ടുണ്ടാവും,

നിന്നെ കാത്തു വച്ച ഓളങ്ങളെല്ലാം
എങ്ങോ എന്നോ
ഒഴുകിപ്പോയിട്ടുണ്ടാവും,

നിന്നെ എഴുതിയ ഇടങ്ങളെല്ലാം
പൊടിമൂടിയിട്ടുണ്ടാവും,

നീ നീ
എന്ന് ഞാന്‍
പാടി പഠിപ്പിച്ച മുഴക്കങ്ങളൊക്കെ
മാറാലകളില്‍ തട്ടിചിതറി
നിശ്ശബ്ദമായിട്ടുണ്ടാവും,

നിന്നെ തിരക്കി
ഞാന്‍ പോയിടത്തെങ്ങും
നീ ഉണ്ടായിരുന്നില്ല
ഉണ്ടായിരിക്കും അഥവാ
ഉണ്ടാവണം
എന്ന് ഞാന്‍ ഊഹിച്ചതോ
ആഗ്രഹിച്ചതോ ആയിരിക്കാം.

ഒരിക്കലും ഞാന്‍ ചെന്നെത്താത്ത
ഏതോ ദൂരത്തിന്‍റെ തുഞ്ചത്തിരുന്ന്‍
നക്ഷത്രങ്ങളെ നെയ്യ്തു കൂട്ടുന്ന
സ്വപ്നത്തെ തിരഞ്ഞ്,
പൊടിയിലും
മണ്ണിലും നടക്കുകയാണ് ഞാനെന്ന്‍
അറിയാഞ്ഞിട്ടല്ല,

ഈ തിരച്ചിലിലെവിടെയോ
നീയറിയാതെ
നിന്‍റെ നക്ഷത്രവെളിച്ചം
എന്നിലേയ്ക്ക്
ചോര്‍ന്നു വീഴുന്നുണ്ടെന്നുള്ള
ബോധ്യമാണ്
എന്‍റെ ജീവിതമെന്നത്കൊണ്ടാണ്.

Saturday, May 17, 2014

ചോദ്യവും ഉത്തരവും

"നിനക്ക് എന്നോട് എത്രയാ ഇഷ്ടം ?"
ഉത്തരം തേടി ഞാന്‍
ആകാശവും കടലുമൊക്കെ കടന്ന്
നക്ഷത്രങ്ങളും
മണല്‍ത്തരികളുമൊക്കെ എണ്ണി
എന്നിട്ടും,
കിട്ടുന്ന ഉത്തരങ്ങളൊന്നും തികയാതെ
നിന്‍റെ മുന്‍പില്‍ നിശ്ശബ്ദയായി ഇരിക്കും

ഉത്തരമില്ലേയെന്ന്
കുഞ്ഞുകുട്ടിയെപ്പോലെ വാശിപിടിച്ചിട്ട്
വീണ്ടും നീ ചോദിക്കും ,
"ഈ ലോകത്ത് നിനക്ക്
ആരോടാണ് ഏറ്റവും ഇഷ്ടം ? "
ഈ പ്രപഞ്ചത്തിലെ
കോടാനുകോടി ജനങ്ങളില്‍നിന്നും
എണ്ണിപ്പെറുക്കി ഞാന്‍
കുറച്ചു പേരെ മാത്രം അരിച്ചെടുക്കുo
എനിക്കൊപ്പം ഉണ്ടായിരുന്നവരും
ഉള്ളവരും
ഉണ്ടാകേണ്ടവരും
മുന്നിലൂടെ കടന്നു പോകും...

വാക്കുകളിലേയ്ക്ക്
വിവര്‍ത്തനം ചെയ്യപ്പെടാത്ത
എന്‍റെ മൌനം കൊണ്ട് നിന്നെ
നോവിക്കയാണ് ഞാന്‍ എന്നറിയാം ..

എങ്കിലും,
നിന്നോടെനിക്ക് എത്രയാ ഇഷ്ടമെന്ന ചോദ്യത്തിന്‍റെ
ഉത്തരമാകാന്‍ മാത്രം വലുതായി
ഇന്നോളമൊന്നും
ഞാന്‍ അറിഞ്ഞിട്ടോ കണ്ടിട്ടോ ഇല്ല..

ഇനിയും നിന്‍റെ രണ്ടാമത്തെ ചോദ്യത്തിന്
പ്രസക്തിയുണ്ടെങ്കില്‍,
നീയാണ് എന്‍റെ ലോകമെന്നിരിക്കെ ,
ഈ ലോകത്തില്‍ മറ്റെന്തിനോട്
നിന്നെ ഞാന്‍ ചേര്‍ത്തു വയ്ക്കും ?

ചൂണ്ടിക്കാണിക്കാന്‍ ഒന്നുമില്ലാത്ത
ഉത്തരങ്ങള്‍
ഈ മൌനത്തിലൂടെ ഞാന്‍ നിന്നിലേയ്ക്ക്
പകരുകയാണ്.. 

ഒറ്റനിറം കൊണ്ടുള്ള ഞാനെന്ന വര:


എല്ലാ വരകളും 
ഉരുകിയൊലിച്ചു പോകുന്ന 
ഒരു കൊടുംവേനല്‍ ക്യാന്‍വാസില്‍ 
തനിച്ചിരുന്ന് , 
ചിത്രകാരാ 
ഞാന്‍ നിന്നെയോര്‍ക്കുകയാണ് ..

കാലം പൊള്ളുന്നു !
ഇവിടെയിപ്പോള്‍
ഞാന്‍ മാത്രമാണ് ,
ഏകാന്തതയുടെ ഒറ്റനിറത്തിന്
നീ എന്‍റെ പേരിട്ടു പോയി..

വിരല്‍ത്തുമ്പിനാലെന്‍റെ
ഇളം നിറത്തിലേയ്ക്ക്
ഒരിക്കല്‍
നീ തിരികെ വന്നിട്ട് ,
കൂട്ടി ചേര്‍ക്കണം
തണലിനായി
ഒരു തളിര്‍ച്ചില്ലയെങ്കിലും...

എങ്കില്‍,
നിന്‍റെ പേരില്‍ ഞാന്‍
ഇനി ഓരോ ഋതുവിനെയും
ഓര്‍ക്കും..

അമ്മയ്ക്ക്:



ഉപമകള്‍ക്ക് അതീതമായ,
അളവുകള്‍ അര്‍ത്ഥശൂന്യമായിപ്പോകുന്ന
ഈ സ്നേഹത്തിനു 
മടിയില്‍ക്കിടക്കുമ്പോഴെല്ലാം 
ഞാനൊരു കൈകുഞ്ഞിനെപ്പോലാവും..
അമ്മയെന്ന രണ്ടക്ഷരങ്ങള്‍ക്ക് 
പകരംവയ്ക്കാന്‍ ഈ ലോകത്തിലോ അതിനപ്പുറമോ മറ്റൊന്നുമില്ലെന്ന്
ജീവിച്ചു കാണിക്കുന്ന 
സ്ത്രീയുടെ മടിയിലെത്തിയാല്‍
മറഞ്ഞുപോകുന്നതാണെന്‍റെ
നോവുകളെല്ലാം..
അതിനൊക്കെ ഏറെ മുന്‍പ്
വെറുമൊരു ആകാശത്തിലോ
കടലിലോ പ്രപഞ്ചത്തിലോ
മറ്റേതു സ്നേഹവും
ഒതുങ്ങിപ്പോയെക്കും ...

കണ്ണുപൊത്തിക്കളി

ഇരുളിലും നിഴലിലും പുതഞ്ഞുപോകുന്ന നിലവിളിയിലൂടെ തീവണ്ടികള്‍ കൂവിയോടുമ്പോള്‍ ,മുറിവുകള്‍ പൂക്കുന്ന നിശ്ശബ്ദതയിലെവിടെയോ സത്യവും വെളിച്ചവും കണ്ണുപൊത്തിക്കളിക്കുന്നു..