Thursday, November 1, 2012

പ്രിയപ്പെട്ട ഇന്നലെ

പ്രിയപ്പെട്ട ഇന്നലെയ്ക്ക് ,
തുള്ളി മഞ്ഞിന്‍റെ ഈറനണിഞ്ഞ് 
വിടവാങ്ങലിന്‍റെ ഔപചാരികത കൂടാതെ
നീയൊരു തീരാനഷ്ടമായ്
ഭയപ്പെടുത്തുന്ന അന്ധകാരത്തിലേയ്ക്ക്
കാലൊച്ച കേള്‍പ്പിക്കാതെ നടന്നുവല്ലോ ?

നീയെനിക്കാരായിരുന്നു ?
നിന്നില്‍ ചവുട്ടി ,നിന്നിലുറങ്ങി ,
നിന്‍റെ മടിയില്‍ കിടന്നപ്പോഴും
ചുരന്നിറങ്ങിയ സ്നേഹം നക്കിത്തുടച്ചപ്പോഴും ,
എന്നും നീയെനിക്ക് മുന്‍പിലീ തണല്‍മരമായ്
കൊഴിയാതെ നില്‍ക്കുമെന്ന് കരുതിയത്‌ തെറ്റായോ ?

നീ സമ്മാനിച്ച വസന്തത്തില്‍ പൂത്തുലഞ്ഞ കാടുകളില്‍,
പാടിയുറക്കിയ കുയില്‍നാദങ്ങളില്‍
ഞാനൊരു സ്വപ്നം മാത്രമായിരുന്നുവോ ?
വൈകാതെ  നീയെനിക്കന്യയാകുമെന്നും
നിന്‍റെ ഉദരത്തില്‍ നിന്നും ഇന്നുകള്‍ പിറന്നെന്നെ
കളിയാക്കുമെന്നും അറിയാതെ പോയിരുന്നു !

കാലത്തിന്‍റെ അനേകായിരമറകളിലൊന്നില്‍,
തിരിച്ചറിയപ്പെടാത്ത ഭാവങ്ങളില്‍
മറക്കാന്‍ കൊതിക്കുന്ന മുഖങ്ങളില്‍
എന്നും ചിരിതൂവി നില്‍ക്കുന്ന നീയുമിനി !
എങ്കിലും എന്‍റെ പ്രിയപ്പെട്ട ഇന്നലെ ,
എണ്ണമറ്റ നഷ്ടങ്ങളില്‍ നീ സമ്മാനിച്ച ഒരു കുന്നുസ്വപ്നങ്ങളും !! 

12 comments:

  1. "ഇന്നുകള്‍ പിറന്നെന്നെ കളിയാക്കുമെന്ന്.." ശരിയല്ലേ.. കൊഴിഞ്ഞു പോയ ഓരോ നിമിഷത്തെയും പരിഹസിച്ചുകൊണ്ട് പുതു നിമിഷങ്ങള്‍, താനും പരിഹസിക്കപ്പെടേണ്ടവനെന്നറിയാതെ!

    സമഗുണിത ശ്രേണി ഓര്‍മ്മവരുന്നു, നിശാഗന്ധിയുടെ 3 മാസത്തെ പോസ്റ്റുകളുടെ എണ്ണം കാണുമ്പോള്‍... ഇങ്ങനെ പോയാല്‍ ഡിസംബറില്‍!!:)

    ReplyDelete
  2. കാലത്തിന്‍റെ അനേകായിരമറകളിലൊന്നില്‍,
    തിരിച്ചറിയപ്പെടാത്ത ഭാവങ്ങളില്‍
    മറക്കാന്‍ കൊതിക്കുന്ന മുഖങ്ങളില്‍
    എന്നും ചിരിതൂവി നില്‍ക്കുന്ന നീയുമിനി !
    ഇന്നലെകളാണ് നമ്മെ ഇന്നുകളുടെ യാഥാര്‍ത്ഥ്യങ്ങളിലെത്തിച്ചതെന്ന് ഓര്‍ക്കാം. ഇന്നലെയുടെ അനുഭവപാഠങ്ങള്‍ ഇന്നുകളില്‍ നമുക്ക് വഴിവിളക്കാവട്ടെ...

    ReplyDelete
  3. എണ്ണമറ്റ നഷ്ടങ്ങളില്‍ നീ സമ്മാനിച്ച ഒരു കുന്നുസ്വപ്നങ്ങളും !!


    :) :(

    ReplyDelete
  4. വരികള്‍ ഏറിയപ്പോള്‍ കൂടുതല്‍ മനോഹരമായൊരു കവിത കൂടി,എഴുത്തിനു ആശംസകള്‍.

    ReplyDelete
  5. ഇന്നലെ മനോഹരി

    ReplyDelete
  6. എഴുത്തു മെച്ചപ്പെടുന്നു .........സസ്നേഹം

    ReplyDelete
  7. ;) touching one dude really nice . . . . keep it up my heartly wishes........

    ReplyDelete
  8. നല്ല എഴുത്ത് ....പ്രിയപ്പെട്ട ഇന്നലെകളെ ഓർമ്മകളിൽ നിന്നും നഷ്ടപ്പെടാതിരിക്കട്ടെ...

    ReplyDelete
  9. ഇന്നലെകൾ ഇന്നിന്റെ ഓർമ്മകളായി മാറുന്നു. ഇന്നലത്തെ ഭ്രാന്തിൽ തുടങ്ങി നാളെയിലെ പുനർജനി തേടുന്നു

    ReplyDelete
  10. നന്നായി എഴുതുന്നു. തുടരട്ടെ

    ReplyDelete
  11. നന്നായി എഴുതുന്നു. തുടരട്ടെ

    ReplyDelete