Thursday, March 27, 2014

ഇതൊക്കെയാണ് ജീവിതം

മുറിവുകളുടെ തുഞ്ചത്തിരുന്ന്‍
കരയാതെ തപസ്സു ചെയ്യണം
വരമായി ചിലര്‍ക്ക്
ചിലത് ലഭിക്കാന്‍ ...

നൊന്തു നൊന്ത്
മരണത്തിനു തൊട്ടു മുന്‍പ് വരെ
പരീക്ഷണങ്ങളെ നേരിടണം
ചില ചിരികളെ ചുണ്ടിലേയ്ക്ക്
ഒട്ടിച്ചു ചേര്‍ക്കാന്‍ ...

വേണ്ടാത്തതെല്ലാം ,
അഥവാ വേണ്ടെന്നു
തോന്നുന്നതെല്ലാം തന്നിട്ട്
വേണം വേണമെന്ന്
മനസ്സിനെക്കൊണ്ട് വാശി പിടിപ്പിക്കുന്ന
എന്തോ ഉണ്ട് നമുക്കുള്ളില്‍ ..

വരള്‍ച്ചയിലേയ്ക്ക് വിത്ത്‌ പാകി
കാത്തു കാത്തിരിക്കണം
ഒരു മഴ, ഒരു തുള്ളി,
ഒരു തളിര്‍പ്പ്, ഒരില,
ഒരു തണ്ട് , രണ്ട് , മൂന്ന്, നാല്
എന്നിട്ടൊടുവില്‍
ഒടുവില്‍
ഒരു ദിവസം ഒരു മൊട്ട്..
അതൊന്നു വിരിഞ്ഞു
പൂവാകുമ്പോഴാണ്
കാത്തിരിപ്പിന്‍റെ നൊമ്പരപ്പെടുത്തുന്ന
ആത്മസുഖം അനുഭവിക്കുന്നത്..

നിന്നെ തേടി
ഒരു നോവിന്‍റെആഴത്തിലേയ്ക്ക്
പടികളിറങ്ങി പോകുന്ന ഞാന്‍,
ആകാശത്തു നിന്നും
ആഴത്തിലേയ്ക്ക് നോക്കി
സ്വന്തം പ്രതിബിംബം മിനുക്കുന്ന
നിലാവ് പോലെ നീ..

നീന്തലറിയാതെ ഞാന്‍
മുങ്ങിത്താഴുo,
നിന്നിലെന്നു നിനച്ചു ഞാന്‍
ശ്വാസം കിട്ടാതെ പിടയുo,
നിന്‍റെ ആത്മാവിലേയ്ക്ക്‌
അലിയുക എന്നത്
മരണത്തിന്‍റെ സുഖമാണെന്ന്
ഞാനെന്‍റെ ജീവിതംകൊണ്ട്
എഴുതിവയ്ക്കും..
അവസാന പിടച്ചിലില്‍ പോലും
ഞാന്‍ തിരിച്ചറിയില്ല
അപ്പോഴും ഒരാകാശദൂരം
നമുക്കിടയില്‍
നീ പണിതു വച്ചിരിക്കുന്നുവെന്ന്..

ഇതൊക്കെയാണ് ജീവിതം
എല്ലാ വളവിനപ്പുറവും
മരീചികകള്‍ കാത്തുവയ്ക്കുന്ന
നീളന്‍ വഴിയാണ് ജീവിതം
ഒടുവില്‍ കടന്ന വഴികളെല്ലാം
കള്ളമായിരുന്നെന്നും
നമ്മള്‍ നിശ്ചലരായിരുന്നെന്നും
പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ട്
നമ്മെ ആശ്വസിപ്പിക്കുന്ന
ഭ്രാന്താണ് ജിവിതം..

8 comments:

  1. ലളിതമായ കവിത.നല്ല എഴുത്ത്

    സ്നേഹത്തോടെ,
    സ്വാതി

    ReplyDelete
  2. ഇതൊക്കെ... ഇങ്ങനെയൊക്കെ... എങ്ങനെയോ ഒക്കെ.... ഓ.കെ.യാണ് ജീവിതം!!

    നല്ല കവിത


    ശുഭാശംസകൾ.....

    ReplyDelete
  3. നല്ല കവിത. .. .
    സ്വപ്ന ലോകത്ത് ജീവിക്കുനവര്ക് സാങ്കല്പികം ഈ ജീവിതം
    വിഷമം പേറി നടക്കുനവര്ക് നിരാശയുടെ ജീവിതം
    കുടുംബ ഭാരം പേറി നടക്കുനവര്ക് വ്യഗ്രതയുടെ ജീവിതം
    പ്രായം കൂടിയാൽ വേവലാതിയുടെ ജീവിതം
    ആരുണ്ട് ജീവിതം ആസ്വതികുന്നവർ . . .

    ReplyDelete
  4. നിന്‍റെ ആത്മാവിലേയ്ക്ക്‌
    അലിയുക എന്നത്
    മരണത്തിന്‍റെ സുഖമാണെന്ന്
    ഞാനെന്‍റെ ജീവിതംകൊണ്ട്
    എഴുതിവയ്ക്കും..

    ReplyDelete
  5. നിന്നെ തേടി
    ഒരു നോവിന്‍റെആഴത്തിലേയ്ക്ക്
    പടികളിറങ്ങി പോകുന്ന ഞാന്‍,
    ആകാശത്തു നിന്നും
    ആഴത്തിലേയ്ക്ക് നോക്കി
    സ്വന്തം പ്രതിബിംബം മിനുക്കുന്ന
    നിലാവ് പോലെ നീ..

    ReplyDelete
  6. നെറ്റുലകത്തില്‍ നിശാഗന്ധിയുടെ ഇതൊക്കെയാണ്‌ ജീവിതം പരാമര്‍ശിച്ചിട്ടുണ്ട്‌ .https://www.islamonlive.in/nettulakam

    ReplyDelete
  7. ലളിതമായ വാക്കുകൾ കൊണ്ട് അതി മനോഹരമായി എഴുതിയിരിക്കുന്നു ഒരുപാട് ഇഷ്ട്ടമായി ....

    ReplyDelete
  8. നന്നായിട്ടുണ്ട്...മബ്‌റൂക് !!

    ReplyDelete