Sunday, June 30, 2013

നീ നിറച്ച കനൽ

നെഞ്ചിൽ നീ നിറച്ചുവച്ച  കനലിൽ
വീണെത്ര തുള്ളികൾ വറ്റുന്നു...
എത്ര മഴക്കാലങ്ങൾ
തിളച്ചു കഴിഞ്ഞു  എന്നിലെ നിന്നിൽ ... 

അവസരം...

വേർപിരിയേണ്ടിയിരുന്നവരാണ് നമ്മൾ
ഇനിയൊരു നാൾ
സ്തംഭിച്ചു നിൽക്കുന്ന
മേഘങ്ങളെന്റെ മുറ്റത്തു
ചിതറുമ്പോൾ
നിന്റെ ഓർമ്മകളിൽ
ഞാൻ നനയില്ല.. !
ദുഖമേ , ആരെന്നറിയാതെ
ഇന്നലെ ഞാൻ നിന്നെ
എത്രയോ പ്രണയിച്ചിരുന്നു.. !
മുള്ളുകൾ തറയ്ക്കുന്നതറിയാതെ
നെഞ്ചിൽ നിന്നെയും നിറച്ചു ഞാൻ
എത്രയെത്ര കാതങ്ങൾ... കാലങ്ങൾ ... !!
ഏറ്റുപറച്ചിലുകളും
പിൻവിളികളുമില്ലാതെയൊരു
നിശബ്ദമായ പുകമറയ്ക്കുള്ളിൽ നീ
പടിയേറുമ്പോഴേയ്ക്കുമെന്റെ
ഘടികാരവും നിലച്ചിരുന്നു.. !
ആലിംഗനം ചെയ്യാം നിനക്കിനി !
ചലിക്കാത്ത വിരലുകളിലും
തുടിക്കാത്ത ചുണ്ടുകളിലും ചുംബിക്കാം !
അന്ന് നീ തൊട്ടറിഞ്ഞ
അഗ്നിപീഠത്തിലെ ആളലില്ലാതെ ,
ഉറഞ്ഞുകൂടിയ തണുപ്പിന്റെ
വേരുകൾ ബന്ധിച്ച എന്നെയിനി
നിനക്ക് വാരിപ്പുണരാം .. !! 

എന്റെ പ്രിയപ്പട്ട പക്ഷി... !!

എന്റെ ചിന്തകളുടെ വിജനതയിലൂടെ താഴ്ന്നുപറക്കുന്ന എകാകിയായിരുന്നു നീ.. മഞ്ഞു മൂടിയപ്പോഴും , വെയിൽ ചുവന്നപ്പോഴും, പേമാരി പെയ്യ്തപ്പോഴും ,കൂടൊഴിയാതെ , എന്റെ ചില്ലയുടെ തണലിൽ ചിറകുകൾ ചേർത്തു പാടിയ പ്രിയപ്പട്ട പക്ഷി... !! 

Saturday, June 29, 2013

നിന്നോളം

നിന്നോളം നിറവും പൊള്ളലുമുള്ള  എന്റെ ഓർമ്മകൾ..  !!  

Friday, June 28, 2013

ഒരിക്കലൊരു മഴയിൽ

ഈ മഴയിൽ
ഈ കുഴിമാടം കടന്ന് ,
എത്ര വേരുകളെ
പുണർന്നു പുൽകിയെന്റെ
ഹൃദയമൊഴുകുന്നക്കരെയക്കരേയ്ക്ക് ... !

Tuesday, June 25, 2013

ഇന്നലെയുടെ മരണം

അമ്പുകൊണ്ട പക്ഷികളെ പോലെ
കണ്ന്മുൻപിൽ പിടയുന്ന
ഇന്നലെകൾ,
രാപ്പകലുകൾ,
നീ,
ഞാൻ,
പൂക്കൾ,
മഴ,
നിലാവ്,
നമ്മൾ... !!
ചിത കത്തിയെരിയുന്നു... !!
ഓർമ്മകൾ പുകയുന്നു..
ആളൊഴിഞ്ഞു..
കണ്ണീർത്തടങ്ങൾ വറ്റിക്കഴിഞ്ഞു..!!
സ്വച്ഛമായൊഴുകുന്ന
നിശബ്ദതയുടെ നീരുറവകൾ
സിരകളിൽ..
ആകാശങ്ങൾ താണ്ടിയൊരു
മിന്നൽ മാത്രം ബാക്കി... !
നിന്റെയൊരായിരം മുഖച്ഛായകളുമായ്
ഒരു പറ്റം വാക്കുകളും..!!
നീറുന്നില്ല ..
മുറിവുകൾ മരവിച്ചു ..
സ്വപ്‌നങ്ങൾ സ്തംഭിച്ചു !
ഇന്നലെ ഞാനിരുന്ന
ഏകാന്തതകളിലെല്ലാം
ഇന്നു തെരുവുകൾ..
ശബ്ദങ്ങൾ,
സംഗീതം...
ഏതോ വാക്കിൻമുനയിൽ
തൂങ്ങിയാടുന്ന
ഞാനെന്ന ശൂന്യത... !! 

Monday, June 24, 2013

നിദ്രയുടെ സ്വപ്‌നങ്ങൾ

ചില സ്വപ്‌നങ്ങൾ
പകൽ പോലെ പ്രകാശിക്കാറുണ്ട് ,
നിലാവിനെ  തോൽപ്പിച്ച് ... !!
മറ്റു ചിലത്
പ്രളയവും , പേമാരിയുമാവാറുണ്ട് .. !!
ഇരുളിന്റെ ഭിത്തികൾ ഭേദിച്ച്
സ്വപ്നങ്ങളിൽ മായാജാലം തീർക്കുന്ന
നീയാരാണ്‌ ... ?? 

ചിലത്

ചില പൂക്കൾ
ഒരു മഞ്ഞുതുള്ളിയെ
നെഞ്ചിൽ ചുമക്കാൻ
മാത്രമായ് വിരിയും...
ആരാരും കാണും മുൻപേ,
കൈ നീട്ടി തോടും മുൻപേ,
മണ്ണിൽ  വീഴും
മഴയിൽ കുതിരും
കാറ്റിൽ മറയും !!  

മഴനൂലുകൾ

ഈ മഴത്തുള്ളികൾ
എത്ര ആർത്തിരമ്പിയാലും
എത്ര കൂകി വിളിച്ചാലും
കലിതുള്ളിയാടിയാലും
ഇവയെ പ്രണയിച്ചു തീരുന്നൊരു
നിമിഷമെനിക്കില്ല ..
ഇതിലലിയാൻ കൊതിക്കാത്തൊരു
ജന്മവുമില്ലെനിക്ക് .. ! 

ചിറകു തളരാതെ

നീയിഴുകിച്ചേരാത്ത
ഒരു വരിയെങ്കിലും
എന്നിൽ പിറന്നിരുന്നുവോ ?
നിന്റെ ഈണം കലരാത്ത
ഒരു ഗാനമെങ്കിലും
ഞാൻ പാടിയിരുന്നുവോ ?
നിന്റെ നിറങ്ങളലിയാത്ത
ഒരു ചിത്രമെങ്കിലും
ഞാൻ കോറിയിരുന്നുവോ ?
എന്നോ എവിടെയോ
എന്റെ ലോകം
നീ മാത്രമായ് തീർന്നിരുന്നു ... !!
അതിർവരമ്പുകൾ പണിയാത്ത
എന്റെ സ്നേഹത്തിന്റെ
വിശാലതയിൽ ,
ആഴമളക്കാത്ത എന്റെ
വാക്കുകളുടെ സമുദ്രത്തിൽ
നീയിന്നുമുണ്ട്... !!
എത്ര പറന്നിട്ടും
ചിറകുതളരാത്ത രാപ്പാടീ ... !! 

Sunday, June 23, 2013

ഒരേയൊരു കാത്തിരിപ്പ്


എന്റെ ചിരികൾക്കും , 
സങ്കടങ്ങൾക്കും , 
വാചാലതകൾക്കും  
പിന്നെ ഭ്രാന്തിനുo ശേഷം 
എല്ലാം കെട്ടടങ്ങുന്ന 
എന്റേതായ ഒരു നിമിഷത്തെ കാത്ത് 
കണ്ണിമ പൂട്ടാതെ 
ഒരു മെഴുകുതിരി വെളിച്ചവും 
തുള്ളി മഷിയുമുണ്ടാവും ... 

Friday, June 21, 2013

കൊതി

നീലിച്ച നിന്റെ
ഞരമ്പുകൾക്കുള്ളിലെ
ജീവന്റെ കുത്തൊഴുക്കിൽ
പ്രാണന്റെ ഒരു നേർത്ത തുള്ളിയായ്
ചിന്തകളില്ലാതെ അലയുവാൻ
കൊതിച്ചിരുന്നു ഞാൻ ...! 

വ്യത്യാസം

പുലരി കാത്തിരിക്കുന്ന
സ്വപ്നത്തിൻ കണ്ണുകളും ....
നിദ്ര തേടി അലയുന്ന 
ഓർമ്മതൻ വ്യഥയും.... !! 

Thursday, June 20, 2013

ആണ്ടുകൾ പിന്നിടുമ്പോഴും

നമ്മുടെ മൌനങ്ങൾക്കുള്ളിൽ എത്രയാണ്ടുകളാണ് നില തെറ്റി വീണത്‌ ... ? എത്രയെത്ര മഴക്കാടുകൾ പൂക്കുകയും , എത്ര മേഘക്കൂട്ടങ്ങൾ നിലംപതിക്കുകയും ചെയ്യ്തു ... !! അറിഞ്ഞിരുന്നില്ലേ തേടുകയായിരുന്നു നിന്നെ ഞാൻ.. ഓരോ ഗുൽമോഹറിൻ നെഞ്ചിലും ,ഓരോരോ വിജനതയിലും ... ! മഴവില്ലോ , വസന്തമോ, സംഗീതമോ , മഴയോ ... ഞാൻ പ്രണയിക്കുന്ന എന്തിലും നീയുണ്ടായിരുന്നല്ലോ... ! നീ സമ്മാനിച്ച പ്രണയത്തിന്റെ  വർണ്ണരാജികളിൽ നിലതെറ്റി വീണും , നിന്റെ ലോകത്തിൽ സ്വയം മറന്നും എന്നൊക്കെയോ ഞാനും !! ഒടുവിൽ  നീയൊരു സ്വപ്നമായ് ഓർമ്മകളുടെ  കാണാക്കയങ്ങളിലേയ്ക്ക് മറയുമ്പോഴും ഞാൻ പ്രണയിക്കുകയായിരുന്നു... നമ്മുടെ നാളുകളെ.. ! ഇന്നിതാ ഇപ്പോഴും എന്നെ ത്രസിപ്പിച്ച നിന്റെ വാക്കുകളെ തേടുകയാണ് ഞാൻ ... എന്നെ പൊതിയുന്ന ഓരോ മൌനത്തിലും ... !! 

Wednesday, June 19, 2013

ഒരിക്കൽ

ഈ പുസ്തകത്തിലെ ഓരോ താളിലും, എവിടെയൊക്കെയോ ഞാൻ വായ്ക്കാൻ കൊതിച്ചിരുന്ന എന്തൊക്കെയോ നിറഞ്ഞിരുന്നു.. ! വായനയിൽ  പൊതുവെ വിമുഖയായതുകൊണ്ടോ , അധികമൊന്നും വായിക്കാൻ സാധിക്കാഞ്ഞതിനാലോ , എന്തോ, മലയാള സാഹിത്യത്തിൽ എന്നെ ഇത്രത്തോളം പിടിച്ചുലച്ച മറ്റൊരു നോവൽ ഇതുവരെ ഉണ്ടായിട്ടില്ല.  ഒരു പച്ചയായ മനുഷ്യന്റെ ഹൃദയത്തിലൂടെ നടക്കുന്ന അനുഭൂതി എന്നിലുളവാക്കാൻ എൻ. മോഹനന്റെ ഈ പുസ്തകത്തിനു സാധിച്ചു. ഇതിലെ ഓരോ വാക്കിലും ജീവനുള്ളത് പോലെ എന്റെ നെഞ്ചിൽ കിടന്നു പിടയ്ക്കുന്നു.. !!
1999 ഒക്ടോബർ മാസം മരിച്ച അദ്ദേഹത്തിന്റെ പ്രസ്തുത പുസ്തകം പ്രസിദ്ധീകരിച്ചത് അതേ വർഷം മെയ്‌ മാസത്തിലാണ്, എന്നിരിക്കെ അദ്ദേഹത്തിന്റെ അവസാന നാളുകളിൽ എഴുതിയ ഹൃദയഹാരിയായ ഈ നോവൽ വർഷങ്ങൾക്കു ശേഷം ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരു രീതിയിലും അറിയാത്ത അജ്ഞാതയായ ഞാൻ വേദനയോടെ വായിക്കുമ്പോൾ മണ്ണിനടിയിൽ കാലങ്ങൾക്ക് മുൻപ് ഇഴുകി ചേർന്ന ആ ഹൃദയം ഒരു വേള , സ്പന്ദിച്ചിട്ടുണ്ടാവുമോ  ? തന്റെ സകലമാന നോവും, വ്യഥയും  വായനക്കാരന്റെ സിരയിലെയ്ക്ക് പകർത്തി ,ഒരുപാട് ചിന്തകൾക്ക് തിരികൊളുത്തി വിസ്മൃതിയിലേയ്ക്ക് മായുന്ന കലാകാരിൽ ഒരാളായി എൻ. മോഹനനും ! ചക്കിയും.................... !!
 "i ve loved you with an everlasting love !! "