Wednesday, February 5, 2014

നിന്നില്‍നിന്നിറങ്ങി പോരുന്നവള്‍

നിന്നില്‍ നിന്നും
നമ്മിലൂടെ
എന്നിലേയ്ക്ക് മാത്രമായി
എത്തിച്ചേരുന്ന
ഓരോ നടയിലും
നെഞ്ചു വീര്‍ത്തു വീര്‍ത്ത്
ഇപ്പൊ ഞാന്‍
പൊട്ടിച്ചിതറിപ്പോയെങ്കിലോ
എന്ന് ചിന്തിക്കുകയാവും ഞാന്‍.

നീയാവാനുള്ള യാത്രയില്‍
എനിക്ക് കാറ്റിന്‍റെ വേഗമായിരുന്നു.
നിറയെ പൂമണം ചൂടി
മരത്തിന്‍റെ ഞെടുപ്പ് വിട്ട്
കടലിലേയ്ക്ക് പറക്കുന്ന
ഇലയുടെ മഞ്ഞ നിറത്തില്‍
നിന്‍റെ മാറിലേയ്ക്ക്
വന്നു വീഴുന്ന മാത്രയില്‍
ഞാനാകെ ചുവന്നു പോകും.
നിന്‍റെ ഹൃദയത്തിലെ മിടിപ്പ്
മാത്രമാവും ഞാന്‍.

തൂവല് പോലെ ,
വെള്ളച്ചാട്ടത്തിലൂടെ
കുന്നിനു മുകളില്‍നിന്നും
ഊര്‍ന്നു പോരുന്ന ഒഴുക്കുപോലെ ,
അതുമല്ലെങ്കില്‍
വെറും ശൂന്യത പോലെ
ഒട്ടും ഭാരമില്ലാതെ
ഞാന്‍ നിന്നിലെവിടെയോ
അപ്രത്യക്ഷമാകും.

അല്‍പനേരം മരിച്ചുറങ്ങിയ
സ്വപ്നലോകത്തുനിന്നും ,
നിന്‍റെ കൈകളുടെ
ആശ്ലേഷത്തില്‍നിന്നും ,
ഞെട്ടിയുനരുമ്പോള്‍ മുതല്‍
വേഗത്തിലോടുന്ന
ഘടികാരത്തെ ശപിച്ച്
മടക്കയാത്രക്കൊരുങ്ങുമ്പോള്‍
നീ ശബ്ദമില്ലാത്തവനായിത്തീരും.

പോവരുതെ എന്ന് ഒരുവട്ടം
നീ പറയുമോ എന്ന്
ഞാന്‍ ആശിക്കുന്നുണ്ടെന്ന്‍
നിനക്കറിയാം ,
നീയത് പറയില്ലെന്ന്
എനിക്കുമറിയാം.

നിന്‍റെ വാതില്‍ ചാരി
പുറത്തേയ്ക്കിറങ്ങുന്ന
ആ നിമിഷമുണ്ടല്ലോ
നിന്നില്‍നിന്നും
എന്നെ ചെത്തിമാറ്റുന്ന
ആ നിമിഷം,
അതിനെപ്പറ്റിയാണ്
ഞാന്‍ പറയുന്നത്.

നീ ചേര്‍ന്നിരിക്കുമ്പോള്‍
ഭാരമില്ലാത്തവളായി തീര്‍ന്ന
ഞാന്‍ ഇതാ
ലോകത്തിലെ
എല്ലാ ഭാരവും
നെഞ്ചില്‍ ശേഖരിച്ച്
തിരിഞ്ഞു നോക്കാതെ
വീട്ടിലേയ്ക്ക് നടക്കുന്നു.

(ഈ ലക്കം മലയാള മനോരമ ഓണ്‍ലൈനില്‍ വന്നത് )

6 comments:

  1. ഭൂരിഭാരഭരിതമായ വരികൾ

    ശുഭാശംസകൾ....

    ReplyDelete
  2. പോവരുതെ എന്ന് ഒരുവട്ടം
    നീ പറയുമോ എന്ന്
    ഞാന്‍ ആശിക്കുന്നുണ്ടെന്ന്‍
    നിനക്കറിയാം ,
    നീയത് പറയില്ലെന്ന്
    എനിക്കുമറിയാം.

    ReplyDelete
  3. ഇഷ്ട്ടപ്പെട്ടു.

    ReplyDelete
  4. വീടിന്റെ ഉമ്മറത്തിരുന്നുകൊണ്ട് മഴ ആസ്വദിക്കുന്ന സുഖമുണ്ട് ഈ കവിതയ്ക്ക് . എല്ലാ ഭാവുകങ്ങളും

    ReplyDelete