Tuesday, May 19, 2015

നനഞ്ഞ മിസ്സ്ഡ്കോളുകള്‍:


ആകാശമേ,
ഇടയ്ക്കിടെ
ഭൂമിയിലെയ്ക്കെന്തിനാണീ
നനവിന്‍റെ മിസ്സ്ഡ് കോളുകള്‍ ?
തനിച്ചിരുന്നപ്പോള്‍
ഓര്‍മ്മ വന്നോ
വരണ്ടു പോയ
വസന്തത്തിന്‍റെ വഴികളെ ?
ഭൂമിയുടെ
ആത്മാവിലെവിടെയോ
നീ ഒറ്റപ്പെടുത്തി പോയ
നേര്‍ത്ത വഴികളിലെങ്ങോ
ഒരു നിമിഷത്തിന്‍റെ വേഴാമ്പല്‍
നിന്നെ തിരികെ വിളിച്ചുവോ ?
ഏതു വേരില്‍ മുത്തിയാലും
ഏതു ഗര്‍ത്തം പുല്‍കിയാലും
ഏതാഴം നുകര്‍ന്നാലും
തിരികെ മടങ്ങാനുള്ള വാതിലുകള്‍
നീ തന്നെ എപ്പോഴും
തുറന്നുവയ്ക്കുന്നു !
ആഞ്ഞൊന്നു പെയ്തു
നീ പിന്‍വാങ്ങും
മേഘപ്പരപ്പോ
മൃദുലതയോ ഇല്ലാത്ത
പരുക്കന്‍ ഭൂഹൃദയത്തില്‍
വെറുതെ ,
അറിയാതെ കണ്ണുനിറച്ച്
ചില പൂക്കള്‍ മാത്രം
ബാക്കി നില്‍ക്കും
എന്നിട്ടും ആകാശമേ
ഭൂമിയിലേക്ക് എന്തിനാണ്
ഇടയ്ക്കിടെ ഈ
കണ്ണീരിന്‍റെ
തിരിച്ചുവരലിന്‍റെ
ഓര്‍മ്മയുടെ
ആഗ്രഹത്തിന്‍റെ
വീണ്ടും ഉപേക്ഷയുടെ
മിസ്സ്ഡ്കോളുകള്‍ ?

4 comments:

  1. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  2. നനവിന്റെ മിസ്‌ഡ് കാളുകള്‍!!!

    ReplyDelete
  3. സംസാരിക്കാനാവുമെങ്കില്‍ പറഞ്ഞേനെ മാനം
    ഹേ മനുഷ്യാ..
    എന്‍റെ ആര്‍ത്തുവിളികള്‍
    എന്‍റെ സൂചനകള്‍
    എന്‍റെ ശകാരങ്ങള്‍
    എന്‍റെ തേങ്ങലുകള്‍
    നിന്നെ അറിയിക്കാനുള്ള
    എല്ലാ ശ്രമങ്ങളും
    കേള്‍ക്കാത്തതും,
    കേട്ടതായി ഭാവിക്കാത്തതും
    നീ തന്നെയാണ്
    എന്‍റെ കാളുകള്‍
    മിസ്സ്‌ കാളുകള്‍ ആക്കിയതും
    നീ തന്നെയാണ്.

    ആശംസകള്‍

    ReplyDelete
  4. നല്ലെഴുത്ത്

    ReplyDelete