Tuesday, March 4, 2014

കുഞ്ഞു തീരുമാനങ്ങള്‍

കഴുക്കോലിലോ പങ്കയിലോ
അമ്മയുടെ സാരി തൂക്കി
അതിലൊരു കുഞ്ഞികുരുക്കിട്ട്
ജീവിതത്തിന്‍റെ സമവാക്യങ്ങളില്‍ നിന്നും
മരണത്തിന്‍റെ ഉത്തരമില്ലായ്മയിലേയ്ക്ക്
ഊഞ്ഞാലാടി പോവാന്‍
കുഞ്ഞുങ്ങള്‍ക്ക്‌
നിമിനേരം മാത്രമൊരു
പിടച്ചിലിന്‍റെ കൌതുകമാണ്.

കഴുത്തിലിരുന്ന്‍ ഇറുകുന്ന
സാരിത്തലപ്പ് ഓര്‍ത്തുപോയി,
ഇന്നലെ അതിനെ
കണ്ണിലമര്‍ത്തിപ്പിടിച്ച്
"എന്‍റെ മോനെ കാത്തുകൊള്ളണെ ഈശ്വരാ"
എന്ന് കരഞ്ഞ
ഒരു സ്ത്രീയെക്കുറിച്ച്.

കുസൃതി വിരലുകള്‍
ഇറുക്കിപ്പിടിച്ചു തൂങ്ങിയാടിക്കളിച്ചു
പൊടിഞ്ഞു തുടങ്ങിയ
പഴയ സാരിയൊന്നു കൊതിച്ചുകാണും
ഒന്ന് പൊട്ടിവീഴാനുള്ള
ആയത്തിന് വേണ്ടി.

അവനു വേണ്ടി
എരിവു ചേര്‍ക്കാതെ കരുതി വച്ച
കറികള്‍ അടുക്കളയില്‍
തണുക്കാതെ
പൊള്ളിയിരുന്നു.

അവന്‍ വരച്ചുവച്ച
കുസൃതിച്ചിത്രങ്ങള്‍ ഭിത്തിയിലൂടെ
ചോരനിറത്തില്‍ ഓര്‍മ്മയിലേയ്ക്ക്
ഉരുകിപ്പോയി..

അലക്കിത്തേച്ചുവച്ച
കുഞ്ഞുടുപ്പുകള്‍ ചൂടാറാതെ
അലമാരിയിലവനെ
നോക്കിയിരുന്നു..

വാശിപിടിച്ചു വാങ്ങിയ
കളിപ്പാട്ടങ്ങളിലിരുന്ന്
അവന്‍റെ വിരല്‍പ്പാടുകള്‍
 ഉറങ്ങിപ്പോയി ..

കാത്തുവച്ച സ്വപ്നങ്ങള്‍ക്കും
കൂട്ടിവച്ച സ്നേഹത്തിനും നടുവിലൂടെ
അവനൊരു പാതവെട്ടി
അത് വഴി തനിച്ചു നടന്നു പോയി

ഹൃദയമെന്നു വിളിക്കാന്‍ മാത്രം
ഒന്നും ബാക്കി വയ്ക്കാതെ
വേദനതിന്നു തീര്‍ത്തു ശൂന്യമായിടം
പൊത്തിപ്പിടിച്ച്
ഹൃദയമേ, എന്‍റെ ജീവനെ
നീ എങ്ങു കൊണ്ട് പോയെന്നൊരു നിലവിളിയില്‍
ഇല്ലാതാവുന്ന ,
ചോദിക്കുന്നതെന്തും
പട്ടിണികിടന്നും വാങ്ങിക്കൊടുക്കുന്ന ,
ഒരച്ഛന് ,
അവനെ മാത്രം
തിരിച്ചു കൊണ്ടുവരാനാവില്ലല്ലോ..

അവനു വേണ്ടി പുസ്തകങ്ങളും
കൂട്ടുകാരും
പൂമ്പാറ്റകളും
അനിയനും
വഴികളും
ആകാശവും
വീടും
ഈ ഭൂമി മുഴുവനുമുണ്ടായിരുന്നു
അവനു വേണ്ടി
ഒരു നാളെയുണ്ടായിരുന്നു.
അതൊന്നും പോരാതെ,
സ്വയം വെട്ടിയ വഴിയിലൂടെ
മാഞ്ഞു മാഞ്ഞു പോയപ്പോള്‍
നിഴലുകള്‍ മാത്രമായി ചുരുങ്ങിപ്പോയ
ചില നെടുവീര്‍പ്പുകളുണ്ടായിരുന്നു..

1 comment:

  1. തന്റെ പിഞ്ചു കഴുത്തിൽ, സ്വന്തം പിതാവ് കൊലക്കയർ മുറുക്കവെ, ഒരിറ്റ് ശ്വാസത്തിനായി പിടയുന്നതിനിടയിലും ഒരു പെൺകുഞ്ഞ് യാചിച്ചു "കയറു വേണ്ട ചാച്ചാ..."

    രണ്ടാഴ്ച്ച മുൻപ് ഇങ്ങനേയും നടന്നു ഈ നശിച്ച നാട്ടിൽ..!!!


    വളരെ നല്ല കവിത


    ശുഭാശംസകൾ.....

    ReplyDelete