Tuesday, May 19, 2015

ഒന്നും ശാന്തമാണെന്ന് കരുതരുത് :


ഏറ്റവും നിശ്ശബ്ദമായി
തോന്നിയേക്കാവുന്ന
രാത്രിക്കപ്പുറം 
ഒന്നും ഓര്‍ക്കാതെ പോകുന്ന
ഉറക്കത്തിനുള്ളില്‍ പോലും
പാഞ്ഞുപോകുന്ന ഒരു
വേട്ടമൃഗത്തിന്‍റെ
ദീനമായ നിലവിളിയില്‍
പിടഞ്ഞെണീക്കുന്ന
നിമിഷങ്ങളുണ്ടാവാം
ഒന്നും ശാന്തമാണെന്ന് കരുതരുത്
ഇതൊരു ഇടിമിന്നലിന്‍റെ
വെളിച്ചമായിരിക്കാം
ഇതിനപ്പുറം
ഇരുട്ടുപോലുമില്ലാത്ത
മരവിപ്പായിരിക്കാം
നിറങ്ങളെക്കുറിച്ച്
ചിന്തിക്കാന്‍പോലുമാവാത്ത
ശൂന്യതയായിരിക്കാം
ഒന്നും ശാന്തമാണെന്ന് കരുതരുത്
തീവ്രമായ ഈ പ്രണയത്തിനപ്പുറം
കാരണം പോലുമില്ലാതെ
എങ്ങോട്ടെന്നു പോലുമറിയാതെ
മെല്ലെ മെല്ലെ എല്ലാം
മങ്ങിപ്പോകുന്നൊരു
ഏകാന്തതയായിരിക്കാം
എല്ലാം ശാന്തമാണെന്ന് കരുതി
ഒരു കൊടുമുടിയും
കയറാന്‍ തുടങ്ങരുത്‌
കാറ്റിന്‍റെ വേഗവും
ശക്തിയും
അറിഞ്ഞുകൊണ്ട് തുടങ്ങണം
പോരാളിയുടെ പടച്ചട്ട
മനസ്സില്‍ ധരിക്കണം
അമ്പിനോടും മുള്ളിനോടും
ജയിക്കാനല്ല
സ്വന്തം ആത്മാവിനെ
പ്രതീക്ഷയില്‍ നിന്നും
സ്വപ്നത്തില്‍നിന്നും
രക്ഷിക്കാന്‍..

വേരുകള്‍

കൂരിരുട്ടിലും കൊടുംതണുപ്പിലും മരവിപ്പിലും ആഴത്തിലും നിശ്ശബ്ധതയിലും ഏതദൃശ്യമായ വെളിച്ചത്തിന്റെ ചൂടിലാണ് വേരുകൾ മണ്ണിലൂടെ അവയുടെ വഴി കണ്ടെത്തുന്നത് ?

രാത്രി:


മണ്ണിലും പുല്ലിലും പൂവിലുമെല്ലാം
ഓരോ രാത്രിയും പതിഞ്ഞു കിടക്കും
പെയ്യ്തു പോയ മഞ്ഞിനെപ്പറ്റി 
ഓരോ പൂവിലും എഴുതും
ഇര തേടിപ്പോയ കൂമനെപ്പറ്റി
അറ്റ് വീണ ഇലകളില്‍ അടയാളമിടും
പ്രാണഭയത്തോടെ ഓടിയ
ഇരയുടെ കാല്‍പ്പാടുകള്‍
മണ്ണില്‍ ശേഖരിക്കും
വിടര്‍ന്നു വരുന്ന പൂക്കളെ
കാറ്റിനു കാട്ടികൊടുക്കും
ഉറങ്ങാത്തെ ഉണര്‍ന്നിരുന്നവരെ
തീരങ്ങളില്‍
അവ്യക്തമായി വരച്ചിടും
ആരും അറിയാതെ
രഹസ്യമായി വന്നുപോയ
മഴയെക്കുറിച്ച്
ഇലകളോടും ചില്ലകളോടും
സ്വകാര്യം പറയും..
രാത്രിയില്‍
രാത്രിയുടെ ഓരോ അണുവിലും
രാത്രി ഉണര്‍ന്നിരിക്കും..
(Akam magazine may 2015)

നിനക്ക് വേണ്ടി..


മണ്ണിനടിയില്‍
കുരുങ്ങിയും പുണര്‍ന്നും കിടന്ന
രാത്രിയുടെ 
കാക്കത്തൊള്ളായിരം
കൂരിരുട്ടിന്‍റെ ശിഖരങ്ങളിലെവിടെയോ
പച്ചച്ച് തളിര്‍ത്ത്‌
വിടര്‍ന്നു വന്നൊരു
സൂര്യകാന്തിയുടെ മുഖമായാണ്
നിന്നെ ഞാന്‍ എന്‍റെ
ജീവിതവുമായി ഉപമിക്കുന്നത്
ഇന്ന് നീ
എന്‍റെ കണ്ണുകളുടെ
സ്വര്‍ണ്ണവാതിലുകളും കടന്ന്
ഉള്ളില്‍
ഉള്ളിന്‍റെയുള്ളില്‍
സ്നേഹത്തിനാല്‍ മാത്രം
പുലരുന്നൊരു പ്രഭാതമാണ്‌
വേഷങ്ങള്‍ ഓരോന്ന് മാറിവരുന്ന
ഋതുക്കളില്‍,
നനഞ്ഞിട്ടും നനയാതെ
കൊഴിഞ്ഞിട്ടും കൊഴിയാതെ
തളിര്‍ത്തും പിന്നെയും
തളിര്‍ത്തും
പടര്‍ന്നും നീ എന്‍റെ പൂക്കാലങ്ങളില്‍
വീണ്ടും വീണ്ടും ചായം പൂശുന്നു
എണ്ണമറ്റ ദിവസങ്ങള്‍ക്കും
ആണ്ടുകള്‍ക്കും
എനിക്കും നിനക്കും മുന്‍പേ
മനുഷ്യന്‍റെ ഉത്ഭവത്തിനു മുന്‍പേതന്നെ
നിനക്ക് വേണ്ടിയുള്ള
എന്റെ പ്രണയവും
ഈ കവിതയും
എഴുതപ്പെട്ടിരിക്കണം
നിന്നെ അറിയാത്തപ്പോഴൊന്നും
ഞാന്‍ ജീവിച്ചിരുന്നില്ല
നീയില്ലാത്തൊരു ഞാന്‍
ഒരിക്കലും ഉണ്ടായിരുന്നില്ല
നിന്‍റെ പ്രണയത്തിന്‍റെ
ശീതകാലങ്ങളില്‍
എന്‍റെ സ്വപ്നത്തെ പൊതിഞ്ഞ്
ഞാനുറക്കട്ടെ...

കവിത

ഈ പരാതികളോടും
സങ്കടങ്ങളോടും
പ്രതികാരത്തോടും
പരിഭവങ്ങളോടുമൊക്കെ
തിരിച്ചു സംസാരിക്കാന്‍
കവിതയ്ക്ക് മാത്രമേ സാധിക്കൂ
എന്നതുകൊണ്ടു തന്നെ
എന്‍റെ ചിരികള്‍ മാത്രം ഞാന്‍
നിങ്ങള്‍ക്ക് ബാക്കി വയ്ക്കുന്നു

Monday, March 30, 2015

കടലും ഏകാന്തതയും:


ആയിരം കൈകള്‍ വിരിച്ച്
സമുദ്രം സകലതിനെയും
തന്നിലേയ്ക്കു ക്ഷണിക്കുന്നു
തീരത്തെ ഏകാന്തതകളെയെല്ലാം
സ്നേഹംകൊണ്ട് വാരിപ്പുണര്‍ന്ന്‍
ആഴത്തിനാഴത്തിലെ
മുത്തുകളുടെയും
ചിപ്പികളുടെയുമൊപ്പം
ഭദ്രമായി വയ്ക്കുന്നു
ഭൂമിയിലെ
ഓരോ എകാകികള്‍ക്കും
ആഴത്തിന്‍റെയും പരപ്പിന്‍റെയും
സ്വാതന്ത്ര്യം കാത്തുവയ്ക്കുന്ന
അമ്മമനസ്സാണ് സമുദ്രം
അപൂര്‍വ്വവും
അമൂര്‍ത്തവുമായ
ഒരു വലിയതുള്ളി
സ്നേഹത്തിലേയ്ക്ക്
ശ്വാസംമുട്ടി മുങ്ങി മുങ്ങി
സ്വയം സ്വതന്ത്രരാകുകയാണ്
ഏകാന്തതകള്‍ …

ഓര്‍മ്മചോദ്യങ്ങള്‍


രാത്രി ഒരുമണിയുടെ ഏകാന്തതയില്‍
ഓര്‍മ്മകളിലേയ്ക്കുള്ള കുറുക്കുവഴികള്‍
ഓരോന്നായി 
തുറന്നു വയ്ക്കുന്നത് ആരാണ് ?
നാല് മണി വരെ ഓര്‍മ്മയിലെ
തീവണ്ടിപ്പാതകള്‍
വാചാലമാക്കുന്നത് ആരാണ് ?
മുന്നിലേയ്ക്ക് കുതിക്കുന്ന
മറവിയുടെ കാലത്തില്‍
അപായച്ചങ്ങല
വലിക്കുന്നത് ആരാണ് ?
എന്നോ മാഞ്ഞതും മറഞ്ഞതുo
മനപ്പൂര്‍വ്വം വഴിമാറി പോയതുമെല്ലാം
ഇനി വരുന്ന ഏതോ വളവില്‍
വീണ്ടും കാത്തുനില്‍പ്പുണ്ടാവുമെന്നു
ചിന്തിപ്പിക്കുന്നത് ആരാണ് ?
ഓര്‍ക്കുവാന്‍ മാത്രം
ഓര്‍മ്മകളൊന്നും സമ്മാനിക്കാതിരുന്നിട്ടും
ഓര്‍മ്മയില്‍ ഓര്‍മ്മ മാത്രമായി ഇതാരാണ് ?

കേട്ട(കെട്ടു) കഥ


യക്ഷികളെയും
പ്രേതത്തിനെയും
സ്ഥിരം കാണുന്ന കൂട്ടുകാരന്‍റെ 
ഉറങ്ങാത്ത രാത്രിയിലേയ്ക്ക്
കൊടുംകാറ്റു പോലെ
ഒരു ഭയം വീശി
ഭയം നിറയെ
ഇതുവരെ കാണാത്ത
പാലപ്പൂക്കള്‍ മിന്നിപ്പടരും
പെരുമഴയെ ചോരയോട്
അവന്‍റെ സ്വപ്നം ഉപമിക്കും
വഴികളെല്ലാം
പെരുമ്പാമ്പുകളാവുകയും
അലര്‍ച്ചകളെ
വിഴുങ്ങുകയും ചെയ്യും
ഇറുക്കി അടയ്ക്കുന്ന
അവന്‍റെ കണ്ണില്‍
ചോരക്കൊമ്പുള്ള തലയോട്ടികളും
കനല്‍തേറ്റകളും പറന്നു നടക്കും
ഞാനതിനെ
ചിമ്മുന്ന ക്യാന്‍വാസാക്കും
ഉറക്കത്തില്‍ നിന്നും
ഇറങ്ങിയോടാന്‍
വഴികളില്ലാതെ ഇരുട്ടില്‍
കുഴിയില്‍ പലപ്പോഴും വീഴും
അതിനെ ഞാന്‍ ഉറക്കത്തിലെ
വലിയ വളവുകളാക്കും
കണ്ണുകള്‍ പുഴയാക്കി
അതില്‍ സൂര്യനെയും
ചന്ദ്രനേയും വരുത്തി
ചുവപ്പിച്ചും കടുപ്പിച്ചും
പിന്നാലെ വരും
ഇതെല്ലാം കേട്ട് ഞാന്‍
ഓരോന്നിനെയും
മറ്റൊന്നിനോട് ഉപമിച്ച്
ഒരു പ്രേതക്കവിത എഴുതി
പൊട്ടിച്ചിരിക്കാന്‍
തീരുമാനിക്കും