Thursday, February 28, 2013

കിനാമഴ

മണല്‍പരപ്പിന്‍ 
വെയില്‍പ്പുതപ്പില്‍ ,
മിഴിപൂട്ടിയൊരുമാത്ര 
ഞാനിന്നുറങ്ങി !

കിനാവിന്‍ മേട്ടിലൊരു 
തളിര്‍ച്ചില്ലതന്‍ 
തരളമാം നെഞ്ചിലൊരു 
മഴനീരൂര്‍ന്നിറങ്ങി !

കുളിര്‍രാവും കൊഴിഞ്ഞു 
കിനാമഴയും നിലച്ചു 
മണല്‍ക്കാട്ടിലെ മനക്കൂട്ടില്‍ 
ഇനിയുമൊരു തുലാമഴയ്ക്കായ് 
സ്വപ്‌നങ്ങള്‍ കാത്തുനില്‍ക്കുന്നു ! 

Tuesday, February 26, 2013

ജീവിതം

നെറുകയിലൊരു തുള്ളി !
നെഞ്ചിന്‍ നീറ്റലൊരു കടല്‍ !
കനല്‍ക്കൂട്ടിലൊരു വാക്ക് !
ചുണ്ടത്തു കാച്ചിക്കുറുക്കിയൊരു ചിരി !!
ജീവിതം .... !! 

വരള്‍ച്ച

വേനലറുതിയില്‍
വേരിന്‍ തേങ്ങല്‍ ...
പച്ചപ്പു തേടി 
നിഴല്‍ തേടി 
മനസ്സിന്‍ സഞ്ചാരം... 

Monday, February 25, 2013

തിരിച്ചറിവ്

അറിയില്ലെനിക്ക്‌ !
നീയൊരു തീപ്പൊരിയായ് 
ഉള്ളിലാകെ പടര്‍ന്നു കയറിയതിന്‍ മുന്‍പ് ,
നിശ്ചലമായിരുന്നത് ഞാനായിരുന്നോ 
അന്നോളമീ  ലോകം സ്തംഭിച്ചിരുന്നോ ??
പുഴയോഴുകിയതും 
സൂര്യനുദിച്ചതും 
പൂക്കള്‍ വിരിഞ്ഞതും 
നിലാവ് പരന്നതും 
അന്നായിരുന്നോ ??
കണ്ടതേയില്ലിന്നേവരേയ്ക്കും 
ഞാനിതൊന്നും !
കാടായിരുന്നുള്ളില്‍ ;
വ്യഥ  !!
തീരാവ്യഥയുടെ കൊടുംകാട് !!
പ്രകാശമെന്നൊന്നുണ്ടെന്നും 
കുളിര്‍ കാറ്റിലും കവിതയുണ്ടെന്നും ,
ഓരോ   പൂവിലും,
കണ്ണുനിറയെ അദ്ഭുതമുണ്ടെന്നും 
അന്നാണ് ഞാനറിഞ്ഞത് ... !
നിമിഷങ്ങള്‍ക്കിടയിലെ 
നീയെന്ന നിമിഷമാണ് പ്രണയം !
അറിവുകള്‍ക്കിടയിലെ 
നീയെന്ന അറിവാണ് പ്രണയം ! 

വസന്തം


പഴുത്തും കൊഴിഞ്ഞും
കാറ്റില്‍പാറിയും ,
മഴയില്‍ കുതിര്‍ന്നും
മണ്ണിലലിഞ്ഞും ,
കാലമിങ്ങനെയീ
പടുവൃക്ഷത്തിന്‍ ചില്ലയില്‍ !
തേന്‍കുടങ്ങള്‍ നിറച്ചും
ഇതളുകള്‍ നീര്‍ത്തിയും
എല്ലാം മറന്ന് എങ്ങോട്ടെന്നില്ലാതെ 
നീളുന്ന വസന്തം !

Sunday, February 24, 2013

ജീരകമിഠായി


സ്ഫടികപ്പാത്രങ്ങളില്‍ 
വര്‍ണ്ണങ്ങള്‍ ചിതറിയ 
മണിമുത്തുകള്‍ ... 
എന്‍റെ ബാല്യത്തിന്‍ 
നാവിന്‍തുമ്പില്‍ 
മധുരം കോര്‍ത്ത ഓര്‍മ്മകള്‍ !
ഹൃദയത്തിന്‍റെ നിറവും 
വാനത്തിന്‍റെ നീലവും 
പുല്‍നാമ്പുകളുടെ സ്വപ്നവും 
ചേര്‍ത്തു വയ്ക്കാന്‍ തുടങ്ങുംമുന്‍പേ,
വാക്കെന്നില്‍ പിറക്കും മുന്‍പേ ... 
ഇനിയുമെത്താ നിറങ്ങള്‍ 
തേടിയിറങ്ങും മുന്‍പേ... 
കുരുന്നു കൈക്കുള്ളില്‍ 
എന്നും നിറഞ്ഞിരുന്ന 
ഒരുപിടി മിഠായിക്കുഞ്ഞുങ്ങള്‍ ... !!

Saturday, February 23, 2013

കവിത

കവിത എല്ലാമാണ് ...
വര്‍ഷവും
കാത്തിരിപ്പും
പ്രണയവും
പൂവും
പറവയും
കണ്ണീരും ..
നിമിഷാര്‍ത്ഥങ്ങള്‍  പോലും
കവിതയാണ് ... !
അന്വേഷണമാണ് ചിലപ്പോള്‍
കണ്ടെത്തലും !
കാത്തിരിപ്പാണ് മറ്റുചിലപ്പോള്‍
പ്രതീക്ഷയും !
സ്വപ്നമാവാറുണ്ട് ,
നൊവും.... !
വേദനയാലൊരമ്മ
പ്രസവിച്ചിടുന്ന പൊന്‍കുഞ്ഞിനെപ്പോല്‍ ,
നൊമ്പരത്താലൊരു കവിയുടെ
ഹൃദയം പിളര്‍ന്നു വീഴുന്ന കവിത... !

മഴപ്പാട്ട്

വരികളെല്ലാം ചേര്‍ത്തുവച്ച്
എന്നുമെന്നില്‍ ഗാനം നിറച്ച്
തോരാതെ പെയ്യുകയാണ് നീ ...
കൈക്കുടന്നയില്‍ ചേര്‍ത്തു വയ്ക്കാം  ഞാന്‍
ഒരു കുടം നിറയെ ...
മനസ്സിനുള്ളില്‍ കോര്‍ത്തു വയ്ക്കാം ഞാന്‍
ഒരു വാനം മുഴുവന്‍ ....  

Friday, February 22, 2013

തിരച്ചില്‍

നീയിപ്പോഴേതോ
നിലാക്കുളിരില്‍
നിശബ്ദമാമൊരോര്‍മ്മയില്‍
നനയുകയാവാം !!
ദൂരെയിതാ ഞാനുമീ
കൂരിരുട്ടും
വാചാലമായ
സമുദ്രത്തിന്നരികില്‍ ... !!
കാല്‍പ്പാടുകളോരോന്നിലും
ആരെയോ തിരഞ്ഞുകൊണ്ട്‌
ഭ്രാന്തമായ തിരകളും ... !!

ഞാനും നീയും

നിന്നില്‍ തുടങ്ങി
നിന്നില്‍ തന്നെ അവസാനിച്ചൊരു
സമസ്യയായിരുന്നു ഈ ജന്മം !
നിന്നിലെല്ലാമലിഞ്ഞിരുന്നു
ഋതുക്കളും
നിലാവും
പൂക്കളും ... !
ഇന്നീ ഞാനുമൊരു മൊഴിയായ്
നിന്നില്‍ .... ! 

Thursday, February 21, 2013

നീയാം സൂര്യന്‍

തുളുമ്പാതെ പീലികളില്‍
തങ്ങിനിന്ന മിഴിനീരിന്‍
കണ്ണാടിയില്‍നിന്നും ,
ദൂരെയേതോ മരീചികയിലേക്ക്
നിന്‍റെ പാദങ്ങളിടറാതെ നീങ്ങിയപ്പോള്‍
സര്‍വ്വ അര്‍ത്ഥങ്ങളും
വ്യര്‍ത്ഥമായൊരു കവിതയില്‍
തൂങ്ങിയാടിയൊരു
സ്വപ്നമായിരുന്നു ജീവിതം !

ഇനിയൊരു നാളെയെ ചൂണ്ടിക്കാട്ടി
നീയെന്‍റെ കിനാത്താളില്‍ കുറിച്ച
വാചാലമാം കഥയിലേയ്ക്കു ഞാന്‍
കൂപ്പുകുത്തിയ നിമിഷമൊന്നുണ്ട്‌ !

നമുക്കിടയില്‍ ഉദയാസ്തമയങ്ങള്‍
ഇമചിമ്മാതെ നിന്നതും ,
പുതുമഴയുടെ കുളിരിനാല്‍
പ്രണയം പൊള്ളിയതും ,
അവധിയില്ലാതെ എന്നെ ഞെരുക്കുന്ന
ഓര്‍മ്മത്തുരുത്തുകളില്‍
മുള്ളായ് വളരുന്നു !
കണ്ണുകളിരുന്നിട്ടും
വെളിച്ചമില്ലാതെയീ തമസ്സില്‍നിന്നും
നീയാം സൂര്യനിലേയ്ക്ക്
കടലാഴങ്ങള്‍ ഭേദിച്ചോരു
വരിയില്‍ ചുരുങ്ങിയും
ദഹിച്ചും വരുമൊരുനാള്‍ ഞാന്‍ !!

Wednesday, February 20, 2013

മരു

നിന്‍റെ മരുവാം മനസ്സിന്‍റെ
കവാടങ്ങള്‍ക്കിപ്പുറo
എന്നും പ്രണയം പാടുന്നൊരു
പൂക്കാലം തീര്‍ത്ത്‌
ഞാന്‍ കാത്തുനില്‍ക്കാം !