Wednesday, May 8, 2013

ഉപ്പുള്ള വാക്കുകൾ

എനിക്കെന്നും തനിയെ ഇരിക്കാനും , ചിന്തകൾ കൊണ്ട് മനസ്സ് നിറയ്ക്കാനും പ്രകൃതി കരുതിവയ്ക്കുന്ന ഓരോ താവളങ്ങളുണ്ടായിരുന്നു. വാശിയും പിണക്കവും അന്നും എനിക്കുണ്ടായിരുന്നു. ചെറിയ പിണക്കങ്ങളുടെ വലിയ ഭാരം തോരാതെ ഒഴുകുന്ന ഉരുണ്ട കവിളുകളും തുടച്ച് ചേച്ചി എന്നെ എളിയിൽ ചുമന്നുകൊണ്ടു പോകുന്ന മണ്ണിട്ട വഴികളുടെ ഇരു വശങ്ങളിൽ ചെമ്പരത്തിപ്പൂക്കൾ ചുവന്നു നിന്നു. പൂക്കൾ ചൂണ്ടിക്കാണിക്കുന്ന സ്നേഹത്തിന്റെ ചുവപ്പിൽ ഞാനറിയാതെ അടർന്നു വീണിരുന്ന എന്റെ പരിഭവങ്ങൾ. കണ്ണുകളിലേയ്ക്ക് ഉറക്കം വിരുന്നു വരുന്നത് വരെ, ചേച്ചിയുടെ കൈകളുടെ താരാട്ടിൻ ചൂടിൽ താളം പിടിച്ചിരുന്ന എന്റെ കുഞ്ഞിപ്പിണക്കം. പിച്ച വച്ചു തുടങ്ങിയപ്പോൾ അമ്മയുടെ കണ്ണുവെട്ടിച്ച്  ഓടുന്നതും അതേ വഴിയിലേയ്ക്കു തന്നെ. 
ചില പിണക്കങ്ങൾ തീർക്കുന്നത് തറവാട്ടിലെ തട്ടിൻ പുറത്ത് അടുക്കി വച്ചിരിക്കുന്ന പഴയ പത്രക്കെട്ടുകൾക്കിടയിലാണ്.ഏന്തി വലിഞ്ഞു മുകളിൽ കയറി നെടുവീർപ്പ് തീരും വരെ തനിച്ചിരിക്കും. പിന്നെയും എന്നെ കാത്തിരിക്കുന്ന സ്നേഹങ്ങളുടെ വെളിച്ചത്തിലേയ്ക്ക് ഇറങ്ങിവരും. 
പിന്നീടാണ് എനിക്ക് സ്വപ്നം പോലോരിടം കിട്ടിയത്. പറമ്പിന്റെ അതിരു ചേർന്ന് ഒരു കുളം. പതിനാലു നടകളാണ് കുളത്തിന്. ചുറ്റും മരങ്ങളും വള്ളിപ്പടർപ്പുകളും ! അതിനിടയിലൂടെ കാറ്റിന്റെ നിശബ്ധമായ ചിറകടികളും , കുയിലും, പാട്ടും ... ! പ്രകൃതിയെ ഗാഡമായി  പ്രണയിച്ചു തുടങ്ങിയത് കല്ലുപാകിയ ആ പടവുകളിൽ വച്ചാണ്. ഏകാന്തതയ്ക്കും പ്രണയത്തിനും കവിതയ്ക്കും നോവിനും കണ്ണീരിനും പ്രകൃതിയുടെ സൌന്ദര്യമുണ്ടെന്നും ഞാൻ തിരിച്ചറിഞ്ഞതും ആ പടവുകളിലാണ്. അഞ്ചു നടകൾ മാത്രമേ പുറമേ കാണാൻ സാധിക്കുകയുള്ളൂ. മറ്റു നടകളിൽ വെള്ളം മൂടിക്കിടന്നു. നാലാം നടയിലിരുന്ന് കാലുകൾ വെള്ളത്തിലിട്ട് നിഴൽ നൃത്തം വയ്ക്കുന്നത് നോക്കിയിരുന്ന നിമിഷങ്ങൾ എണ്ണിയാലൊടുങ്ങില്ല. ആരുമാരും വരാത്ത , ആ കുളപ്പടവുകൾ എത്ര പുസ്തകങ്ങളുടെ ഗന്ധം ആവാഹിച്ചിട്ടുണ്ട്. ശബ്ദമില്ലാത്ത എന്റെ എത്ര പരിഭവങ്ങൾ ക്ഷമയോടെ ശ്രവിച്ചിട്ടുണ്ട്. അന്നൊന്നും എഴുതിത്തുടങ്ങിയിരുന്നില്ല ഞാൻ. 
പക്ഷെ, എന്റെ തൂലികയ്ക്കു ചലനം നല്കിയതും, ഓർമ്മകൾക്ക് നൊമ്പരം കൂട്ടിയതും, അക്ഷരങ്ങളെ വാചാലമാക്കിയതും ആ പടവുകളാണ്. 
പിന്നീട് സാഹചര്യങ്ങൾ എന്നെ കൈപിടിച്ചുകൊണ്ട് കൂട്ടിക്കൊണ്ടു പോയ ലോകത്തിന്റെ ഒരു കോണിലും ഞാനാ കുളിർമ്മയോ സൌന്ദര്യമോ അനുഭവിച്ചിട്ടില്ല ,കണ്ടിട്ടുമില്ല.  
ചൂണ്ടിക്കാണിക്കാൻ സ്നേഹച്ചുവപ്പോ,  നെടുവീർപ്പടങ്ങാൻ കാത്തിരിക്കുന്ന പ്രകാശമോ , പഴയ പത്രക്കെട്ടുകളുടെ ഗന്ധമോ, കുളപ്പടവിന്റെ നിശബ്ധതയോ ഇല്ലെങ്കിലും ആഴങ്ങളുടെ തീരത്ത്‌ ,പൊരിവെയിലിന്റെ നാട്ടിൽ ഇന്നും ഞാൻ പരിഭവിക്കാറുണ്ട്, പിണങ്ങാറുണ്ട്.പിൻവിളികൾ കാതോർത്തുകൊണ്ട്.  ഉറക്കം വരാത്ത രാത്രികളെ ശപിച്ചുകൊണ്ട്, എഴുതിത്തള്ളുന്ന വരികളിൽ  പുനർജ്ജനിക്കുകയാണ് എന്നെ  സ്നേഹിച്ച സ്നേഹങ്ങളുടെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ ... 

2 comments:

 1. ശരിയാണ് , ഓര്‍ക്കുന്നു എന്നിലേ ചിന്തകളെല്ലാം,
  ഉതിര്‍ന്ന് വീണിരുന്നത് ആ കാവില്‍ നിന്നിറങ്ങുന്ന
  തറവാട്ട് കുള പടവുകളിലായിരുന്നു ...
  എത്ര അകലേക്ക് പൊയാലും , എത്ര കാതമലേ
  ഇരുന്നെഴുതിയാലും , ആ ചിത്രം വന്ന് ആദ്യം തന്നെ
  മനസ്സില്‍ മുട്ടും .. പിന്നെ നോവിന്റെ കനത്ത ചീളുകള്‍
  മാറ്റി വരികളിറങ്ങും പതിയെ .. ഇ ലോകത്തിലേക്ക് ..
  എന്തൊ ഒരു നോവ് തളം കെട്ടി കിടക്കുന്ന വരികളും , ചിത്രവും ..

  ReplyDelete