Monday, December 30, 2013

എഴുതാതിരുന്ന കവിത


നീ തന്ന പളുങ്ക്പേന
തറയില്‍ വീഴുമ്പോഴെല്ലാം
എന്നെയോര്‍ത്ത് എവിടെനിന്നോ
നീയൊന്നു വിതുമ്പിയോ
എന്നെഴുതാന്‍ ,
ഒരു വാക്ക്
എന്‍റെ താളിന്‍റെ തുമ്പില്‍ വന്നിരിക്കും
എങ്കിലും നിന്നെ ഓര്‍ക്കുമ്പോള്‍
എഴുതുന്നതൊന്നും കവിതയാവില്ല
നടുക്കടലിലെ കൊടുങ്കാറ്റില്‍
ഒറ്റപ്പെട്ടു പോയൊരു
കൊച്ചുതോണിയുടെ വിഭ്രാന്തിയോ ,
വെറും കണ്ണീര്‍പ്പാടുകളോ.. ??
അര്‍ത്ഥമില്ലാത്ത വാചകങ്ങള്‍
കറുത്ത മഷി പുതച്ച് ഉള്ളില്‍നിന്നും
പുറത്തുവരാതെ ഉറങ്ങി ..
നിന്നിലേയ്ക്ക് നടന്നതൊന്നും
യാത്രയായിരുന്നില്ല..
വഴികള്‍ എന്നെയും ചുമന്ന്
നീയില്ലാത്തിടത്തേയ്ക്ക്
വെറുതെ നീണ്ടുകിടന്നതുകൊണ്ട്
എന്‍റെ അലച്ചില്‍ അവസാനിച്ചുമില്ല ..
നിനക്കറിയാമോ
നിന്നെക്കുറിച്ച് ഞാന്‍
ഒന്നും എഴുതിയിട്ടില്ല..
നിന്നെക്കുറിച്ച് ഞാന്‍ ഒന്നും
എഴുതിയിട്ടേയില്ല.. 

Sunday, December 22, 2013

എന്നും എപ്പോഴും




എന്നും എപ്പോഴും സംസാരിച്ചു ..
ആരായിരുന്നു എന്ന് ചോദിക്കരുത്
ആരാണെന്ന് ഇപ്പോഴും അറിയില്ല
ചില ബന്ധങ്ങള്‍ക്ക്
പേരുണ്ടാവില്ലല്ലോ

എന്നും എപ്പോഴും സംസാരിച്ചു ..
എന്തിനെപ്പറ്റി എന്ന് ചോദിക്കരുത്
ഈ ലോകം മുഴുവന്‍ ചൂണ്ടിക്കാട്ടാന്‍
എന്‍റെയീ കവിതയുടെ ചൂണ്ടുവിരലിന്
ശേഷിയുണ്ടാവില്ല..

എന്നും എപ്പോഴും സംസാരിച്ചു..
അളവ് ചോദിക്കരുത്
ഇഴഞ്ഞു പോയ സമയത്തിന്
എങ്ങിനെ ചിറകുകള്‍ തുന്നിവച്ചുവെന്ന്
ഇപ്പോഴും എനിക്കറിയില്ല

എന്നും എപ്പോഴും സംസാരിച്ചു ..
ഇന്നെവിടെ എന്ന് ചോദിക്കരുത്
എപ്പോഴും ഉത്തരം തിരയാന്‍
ഒരു ചോദ്യം തന്നു പോയത്
എങ്ങോട്ട് എന്നെനിക്കറിയില്ല

എന്നൊക്കെയോ സംസാരിച്ചു
എന്തൊക്കെയോ സംസാരിച്ചു
സംസാരിച്ചുകൊണ്ടേയിരുന്നു
ഇന്നും ഉച്ചത്തില്‍
ഓര്‍മ്മകള്‍ സംസാരിക്കാറുണ്ട് ..

(ചുരുങ്ങിയ സമയം കൊണ്ട് ഓടി വന്ന് മനസ്സില്‍ ഒരു ഇരിപ്പിടം സ്വന്തമാക്കി,അതെ സമയം കൊണ്ട് മനസ്സില്‍ ഒരു ശൂന്യത നിറച്ച് വെറുതെ എങ്ങോട്ടോ ഇറങ്ങിപ്പോകുന്ന ചില ബന്ധങ്ങളുണ്ട് .. എല്ലാമായിരുന്നവര്‍ ഒന്നുമാല്ലാതാവുന്ന സന്ദര്‍ഭങ്ങളുണ്ട്.. ഒരു നിമിഷം പോലും അകന്നിരിക്കില്ല എന്ന് കരുതിയ ചിലത്, എന്നെന്നേയ്ക്കുമായി അപരിചിതമായി പോവാറുണ്ട്.. ജീവിച്ചു മാത്രം പഠിക്കേണ്ട പാഠമാണ് വിചിത്രമായ ഈ ജീവിതം. ഉടഞ്ഞും ഇടഞ്ഞും കലഹിച്ചും അന്യരായും പിന്നെ വരമ്പുകളില്ലാത്ത ലോകത്തിന്‍റെ തുറസ്സുകളില്‍ വെറുതെ ഒരു തരി മണ്ണായും നമ്മളിങ്ങനെ പറക്കും.. പ്രവചനങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അതീതമായ കണക്കുകള്‍ മെനയുന്നവനെ , ഇനിയും ഊരാക്കുടുക്കുകള്‍ കാട്ടിത്തരിക.. ഞങ്ങള്‍ പഠിക്കട്ടെ ജീവിതത്തിന്‍റെ മഹത്തായ ഉത്തരങ്ങള്‍.. )

Saturday, December 21, 2013

നീ എന്നതിലെ ഞാന്‍

"നീ" എന്ന ഒറ്റ വാക്കിനാല്‍ എഴുതിയതെല്ലാം കവിത
"നീ" എന്ന ഒരൊറ്റ ജീവനാല്‍ പഠിച്ചതെല്ലാം ജീവിതം
"നീ" എന്ന സൂര്യനാല്‍ ജ്വലിക്കുന്നതെന്‍റെ ഭൂമി
"നീ" എന്ന നിലാവില്‍ കുളിരുന്നതെന്‍റെ രാവ്
"നീ" എന്ന  ഒരു തുള്ളിയില്‍ എത്ര മഴക്കാലങ്ങള്‍
"നീ" എന്ന ഒരു പൂവില്‍ എത്ര വസന്തങ്ങള്‍
"നീ" എന്ന ഒരു തരിയില്‍ എത്ര തീരങ്ങള്‍
"നീ" എന്ന ഒരു കാറ്റില്‍  ഏതെല്ലാം ഗാനങ്ങള്‍
"നീ" എന്നതിലുപരി എന്ത് കവിത,
എന്ത് ജീവിതം,
എന്ത് ഋതു.. ?
"നീ" എന്ന വാക്കിനപ്പുറം ഒന്നും ഞാന്‍ പഠിച്ചിട്ടില്ല..
ഞാനെന്ന വാക്കിന്‍റെ നിലനില്‍പ്പ്‌ നിന്നിലല്ലോ .. !!

Tuesday, December 10, 2013

ചില കവിതകള്‍

കടലിനും തീരത്തിനും മാത്രമറിയാവുന്ന ഒരു സംഗീതമുണ്ടാവും.. അതിലേയ്ക്ക് നമ്മെ മാടിവിളിക്കുന്ന ഭാഷയില്ലാത്ത കാറ്റിന് കണ്ണീരിന്‍റെ ഉപ്പുരസം.. കടലിന്‍റെ ആഴത്തില്‍നിന്നും നീന്തലറിയാത്ത മരണം തീരത്തെ എകാകികളെ പഠിപ്പിക്കുന്ന രഹസ്യമുണ്ട്.. ആഴത്തിന്‍റെ.. ഞെരുക്കത്തിന്‍റെ... ശ്വാസം കിട്ടാതെ പിടയുമ്പോഴുള്ള കുറെ വരികള്‍... അതുകൊണ്ടാവാം കരയില്‍ വീണുപിടയുന്ന മത്സ്യത്തെപ്പോലെ ചില കവിതകളുണ്ടാവുന്നത് ..

അറവുശാലയിലെ ദയ

ഓരോ അറവുശാലകളിലും
പച്ചച്ചു നില്‍ക്കുന്ന
മരിച്ച ഇലകള്‍
ജീവിതത്തിന്‍റെ
ദയവാണ്..
പാലാഴിയില്‍ നിന്നും
പൊന്‍മുട്ടയില്‍നിന്നും
കൂരിരുട്ടിന്‍റെ
നിസ്സഹായതയിലേയ്ക്ക് നടക്കുമ്പോള്‍
കാട്ടിക്കൊതിപ്പികാന്‍ ജീവിതത്തിന്‍റെ
അവസാന കുറുക്കുവഴി.. 

വേനല്‍ജന്മം

ഓരോ വേനലും
എന്നിലാകെ ചുവന്നുപൂക്കുന്നത്
നിന്‍റെ ഓര്‍മ്മകളാല്‍
പൊള്ളുമ്പോഴാണ്...
നിന്നെ ഓര്‍ക്കാന്‍ മാത്രം
ഞാന്‍ വാകപ്പൂക്കാലമാകുന്നു..
ജീവിതം വേനലാവുന്നു..

കടല്‍പ്പാട്ട്

തിരകളും ചുഴികളും ആഴങ്ങളും
സ്നേഹത്തോടെ നോക്കുന്നുണ്ടാവും
ഇക്കിളികൂട്ടി നടന്ന ഒരു മീന്‍കുഞ്ഞിനെ
ഇപ്പൊ കാണാനില്ലല്ലോ
കരികല്ലുകള്‍ക്കിടലൂടെയും
കടല്‍പ്പൂക്കള്‍ക്കിടയിലും
ഒരു കാറ്റു കിതച്ചു നടന്നു..
വാലിന്‍റെ തുമ്പോളം വരച്ചുവച്ച
മഴവില്ലുകള്‍ വാനില്‍ തേടിപ്പോയി
കടലമ്മയുടെ കരഞ്ഞ കണ്ണുകള്‍..
തീരത്തെ കഥകള്‍
ചെതുമ്പലിനിടയിലൊളിപ്പിച്ച്കൊണ്ടുവരാന്‍
മീന്‍കുഞ്ഞു വൈകുന്നതോര്‍ത്ത്
ചിപ്പിക്കുള്ളിലൊരു മുത്തു വിതുമ്പി..
കടലും തീരവും കടന്ന്
കുരുന്നുവികൃതിയുടെ കുഞ്ഞിത്തോര്‍ത്തിലെ
വലിയ കൌതുകത്തിന്നിത്തിരിവെള്ളത്തില്‍
ആകാശം നോക്കി നൃത്തം ചെയ്യുന്ന പ്രിയമത്സ്യമേ
നിന്‍റെ പാട്ടിലെ വരികളിലൊരു
കടല്‍ തേങ്ങിയോ ?

(നേര്‍രേഖ മാഗസിനില്‍ ഡിസംബര്‍ മാസം പ്രസിദ്ധീകരിച്ചത്)

തൃത്താലയുടെ നിള

തുലാവര്‍ഷ ശോഭയിലീ തൃത്താല
നനയുമ്പോളതാ
തീരത്തിന്‍ മര്‍മ്മരങ്ങളില്‍
പൊന്‍ തുടി താള മേളങ്ങളുണരുകയായ്‌
നിലാവിലൊരു തായമ്പക
തനിയെ പാടുകയായ്‌ ...

പോയകാലത്തിന്‍ സ്മൃതികളില്‍
വര്‍ണ്ണങ്ങള്‍ നിറച്ചു നീ
എത്രയെത്ര കവിതകളില്‍
നിലയില്ലാതൊഴുകുന്നു നിളേ
ഈ സ്വപ്നഭൂമിതന്‍ നീരായ്
ഏതേതു കഥകള്‍ത്തന്‍ നേരായ്..

പ്രണയവസന്തങ്ങള്‍ ഓളങ്ങളില്‍
കുളിരായ് വിരിയുന്ന നേരത്ത്
ഒരു ബാല്യത്തിന്‍ സ്മരണയില്‍
തിരികയെത്താന്‍ കൊതിക്കുന്ന
ഹൃദയങ്ങളെത്രയാവാം ..

കുതിര്‍ന്ന ചിരി

ഏതോ മഴക്കാലത്തിന്‍റെ
വരാന്തയില്‍
ഉണക്കാനിട്ടിരിക്കുകയാണ്
എന്‍റെ ചിരികളെ..

Thursday, December 5, 2013

പാട്ട്

കനിവുറഞ്ഞു കല്ലിച്ച
ഹൃദയത്തിനാലെന്‍റെ
കവിതയിലേയ്ക്ക് തറഞ്ഞിരുന്ന്‍
മുകിലേ വാനമേയെന്ന്
പാടുന്നു നീ ..
ഒരു മഴ പെയ്യ്തിരുന്നെങ്കിലെന്നൊരു
വരിയുടെ മരുഭൂവില്‍
തീമണലിലമര്‍ന്നിരുന്നു ഞാനും..

Monday, December 2, 2013

നീ പിണങ്ങുമ്പോള്‍

നിന്നോടൊന്നു പിണങ്ങുമ്പോള്‍
മുഖം പൊത്തിക്കരയുമ്പോള്‍
നൂലു പൊട്ടിയ പട്ടം നോക്കി
ആകാശത്തോട് പരിഭവം പറയുന്ന
കുഞ്ഞു കുട്ടിയെപ്പോലെ ,
കയ്യില്‍നിന്നും വഴുതിപ്പോയ
പൂമ്പാറ്റയെ നോക്കി
പൂവ് പരാതി പറയും പോലെ,
എന്‍റെ പിന്നാലെ വരുന്ന നിന്നെ കാണാന്‍
എനിക്കെന്തിഷ്ടാണെന്നോ ..
എന്നെ പ്രതി നിനക്കുണ്ടാവുന്ന നോവില്‍
ഞാന്‍ വായിച്ചെടുക്കുകയാണ്
നമുക്കിടയില്‍ ഇരമ്പുന്ന പ്രണയക്കടലിനെ..