Friday, January 31, 2014

കവിതയും പ്രണയവും

നീയില്ലാത്തപ്പോള്‍ മാത്രം
ഞാന്‍ അനുഭവിക്കുന്ന
ഏകാന്തതയാണ്
എന്‍റെ കവിത.
നീയുള്ളപ്പോള്‍ മാത്രം
ഞാന്‍ അനുഭവിക്കുന്ന
സ്വാതന്ത്യമാണ്
എന്‍റെ പ്രണയം 

തലക്കെട്ടില്ലാത്ത ഒന്ന്

ചില നോവുകള്‍ക്ക്‌
ആരും പേരിട്ടില്ല
ആരും കാരണം കണ്ടെത്തിയില്ല
ആരുമാരും വിശദീകരണം കൊടുത്തില്ല

ചിലരെ മാത്രം
ചില നിമിഷങ്ങളില്‍ മാത്രം
അത് കൂട്ടിക്കൊണ്ട് പോയി
ഒരു കനല്‍ പുഴയിലേയ്ക്കിടും

നിലവിളിക്കാതെ
വെന്തു വെന്ത് നീറി
പൊള്ളിക്കുമളച്ച മനസ്സിലേയ്ക്ക്
ഒരു മൌനത്തെ നമ്മള്‍ പൂട്ടിവയ്ക്കും.

മനസ്സിന്‍റെ ഏകാന്തത കൊണ്ട് മാത്രം
ഭേദമാകുന്ന മനുഷ്യന്‍റെ ഏകാന്തതയെ
പേരില്ലാത്തതെന്നും കാരണമില്ലാത്തതെന്നും
തലക്കെട്ടില്ലാത്തതെന്നും ഞാന്‍ എഴുതും

Thursday, January 23, 2014

സങ്കല്‍പ്പം

ഇന്നത്തെ പകല്‍ കഴിഞ്ഞു 
എന്‍റെ ഒരു ദിവസവും കഴിഞ്ഞു. 
സൂര്യന്‍ അതിന്‍റെ വഴിക്ക് പോയി 
ചന്ദ്രന്‍ മെല്ലെ വരുന്നുണ്ട്.
അമ്മയും അപ്പനും 
ഉറങ്ങാന്‍ കിടന്നു.
ചേച്ചി എന്തോ വായിച്ചിരിക്കുന്നു. 
അയല്‍ക്കാരി 
ഇപ്പോഴും പാചകത്തിലാണ്.
ചിക്കന്‍ കറിയുടെ മണം വരുന്നുണ്ട്. 
കൂട്ടുകാരില്‍ ചിലര്‍
സംസാരിച്ചുകൊണ്ടിരിക്കുന്നു. 
ഒരാള്‍ വാട്സപ്പില്‍ ഇറങ്ങിയിരുന്ന് 
പ്രപഞ്ചത്തെ മുഴുവന്‍ അതില്‍ അളന്നു നോക്കി 
അത്ര മാത്രം ആരെയോ പ്രേമിക്കുന്നു 
എന്ന് ടൈപ്പ് ചെയ്യുന്നു.
ഒരാള്‍ കുളിക്കുന്നു. 
അതിനിടയില്‍ ഒന്നുമറിയാതെ 
ഉറക്കെ പാട്ട് പാടുന്നു. 
മറ്റൊരാള്‍ ബാല്‍ക്കണിയില്‍ നിന്ന് 
ചുറ്റുപാടാകെ പുകയില്‍ 
കുളിപ്പിച്ചെടുക്കുന്നു.
ഒരാള്‍ വഴി മുറിച്ചു കടക്കുന്നു. 
മറ്റൊരാള്‍ വണ്ടിയിലിരുന്നുറങ്ങുന്നു.
എല്ലാവരും അവരാല്‍ കഴിയുന്ന രീതിയില്‍ 
അവരുടേതായ ലോകത്തില്‍ വ്യാപൃതരാണ്. 
ഞാന്‍ മാത്രം എല്ലാവരെയും നോക്കി ,
എല്ലാവരെയും ചേര്‍ത്തു വച്ച് 
ഇവിടെ ഒരു കവിത എഴുതിയിടുന്നു. 
വാസ്തവത്തില്‍ എനിക്ക് ചുറ്റും ആരുമില്ല. 
ആരൊക്കെയോ ഉണ്ടെന്ന്
വെറുതെ ഞാന്‍ സങ്കല്‍പ്പിക്കുകയാണ്. 

ഒന്നുമില്ലാത്തവന്‍റെ സങ്കല്‍പ്പങ്ങളിലാണല്ലോ 
എല്ലാമുള്ളത്.

Wednesday, January 22, 2014

ഉറക്കം ഒരു കവിതയാണ്

ഉറക്കം ഒരു കവിതയാണ്..
പകല്‍ വെളിച്ചത്തിന്‍റെ തിരക്കുകളില്‍
സ്വപ്‌നങ്ങള്‍ ശേഖരിച്ചുനടക്കുന്ന
പേരിടാത്ത കവിത..

പുലരുവോളം ഇരുട്ടിലൂടെ
തൂവലുകളില്‍ തലോടി
നെറുകില്‍ മുത്തി
കണ്‍പോളയ്ക്കുള്ളിലെ
കറുത്ത സ്ക്രീനില്‍
നിറമുള്ള വരികളെഴുതുന്ന
ഉറക്കം ഒരു കവിതയാണ്..

കിണറ്റില്‍ വീണു മരിച്ച സഹോദരി
ഒരിക്കല്‍ നനഞ്ഞുകൊണ്ടെന്‍റെ
ഉറക്കത്തില്‍ കയറി വന്നു..

പൊട്ടു കുത്തി
നീണ്ട മുടി പിന്നി
സ്കൂളിലേയ്ക്ക് പോകും വരെ
അവളെന്നെ താലോലിച്ചത് ഞാനോര്‍ക്കുന്നു..

പേനയെടുക്കുമ്പോഴൊന്നും
അരികില്‍ വരാതെ ,
അക്ഷരങ്ങള്‍ക്ക് പിടിതരാതെ
ഓടി മറയുന്നവള്‍
എന്‍റെ ഉറക്കത്തില്‍ വരാറുണ്ട് ..

നീലപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന
വെളുത്ത സാരിയില്‍
ഞാനവളെ എത്രവട്ടം ചുംബിച്ചിട്ടുണ്ടാവും ..

പ്രാരാബ്ദങ്ങള്‍ പിടിച്ചുവാങ്ങിയ
നിറയെ കിളികള്‍ പാടിയിരുന്ന
ഒരു പറമ്പിനെക്കുറിച്ച്
അച്ഛന്‍ പറയുമായിരുന്നു ..

ഉറക്കത്തിന്‍റെ ചിറകിലിരുന്ന്
എത്ര വട്ടം തനിയെ പോയിരിക്കുന്നു
ഞാനുമവിടേയ്ക്ക്..

മുള്ളില്‍ കിടന്ന്
പൂവിലുണര്‍ന്നിട്ടുണ്ട്
ചില ഉറക്കങ്ങള്‍..
മരുഭൂമിയില്‍ കിടന്ന്
മഴയിലേയ്ക്കും ഉണരാറുണ്ട് ..

ഞാന്‍ മാത്രം വായിക്കാറുള്ള
ഉറക്കമെന്ന കവിതയുടെ അക്ഷരങ്ങള്‍
ആരുടെ ഭാവനയാണ്...
എഴുതിത്തീരും  മുന്‍പ്
ഒരു വരിയില്‍ മുറിഞ്ഞു പോകുന്ന
ചില രാത്രികള്‍ ഉണരുന്നത്
ഏതു നക്ഷത്രലോകത്താണ്.. ?

ചിലപ്പോഴൊക്കെ എത്ര ശ്രമിച്ചാലും
വീണ്ടുമെഴുതാനാവാത്ത
ഉറക്കo ഒരു കവിതയാണ്..

(മലയാളനാട് ഓണ്‍ലൈന്‍ മാഗസിനില്‍ ഈ ലക്കം വന്നത്)

ഒരു കുഞ്ഞുമിടുക്ക്

തൊട്ടടുത്ത ഫ്ലാറ്റിലെ
കുഞ്ഞു കുട്ടിയാണ്
രണ്ടു കുടുംബങ്ങള്‍ക്കിടയിലെ
കല്ല്‌ ഭിത്തി തകര്‍ത്ത് ,
പകരം നിറയെ ചിരികളും
ഒരുപാട് കുസൃതികളും നിറച്ചത്.

ടെലിവിഷനില്‍നിന്നും
ഇടയ്ക്കിടെ ഉയരുന്ന ശബ്ദത്തെപ്രതി  
ഇത്ര കാലം ഞങ്ങള്‍ സൂക്ഷിച്ചിരുന്ന
കനത്ത മൌനത്തിലേയ്ക്ക്
അതിലും ഉയര്‍ന്ന കരച്ചിലോടെ വന്ന്
ഞങ്ങളുടെ വാതിലുകള്‍ തുറന്നിട്ട
ഒരു വയസ്സുകാരന്‍റെ
മിടുക്ക് നോക്കണേ.

അവന്‍ തുറക്കുന്ന വാതിലുകള്‍
ഞങ്ങളാരും അടച്ചില്ല.
അവ തുറന്നു തന്നെ കിടന്നു
അതിലൂടെ ഇഴഞ്ഞും വീണും നടന്നും
അവനൊരു പുതിയ വഴി വെട്ടി.
ഇപ്പോള്‍ ഞങ്ങളും
അത് വഴി സഞ്ചരിക്കുന്നു.

എവിടെയോ കിടന്ന കൊല്ലത്തെയും
മറ്റെവിടെയോ കിടന്ന ഇടുക്കിയെയും
വലിച്ചടുപ്പിക്കാന്‍
പഠിച്ചു പാസായ ഞങ്ങള്‍ക്കായില്ല
പല്ലു പോലും മുളക്കാത്ത
ഒരു കുഞ്ഞു ചെക്കന്‍
എത്ര ലാഘവത്തോടെയാണ്
അതിരുകള്‍ വെട്ടിമാറ്റിയത്. 

Friday, January 17, 2014

ബലൂണുകളുള്ള ബാല്യം

ഒരിക്കല്‍  അവള്‍
ഊതിവീര്‍പ്പിച്ചു തന്ന
ഒരു പച്ചബലൂണ്‍ ..
ഒരു ഓര്‍മ്മപ്പച്ചയുടെ
നൂലില്‍പ്പിടിച്ച് ഞാന്‍
അങ്ങോളമെത്തുമ്പോള്‍
അവള്‍ ആഞ്ഞൂതി നിറച്ച
ശ്വാസത്തിന്‍റെ
മധുരമുള്ള മണത്തോട് ചേര്‍ന്ന്
മനസ്സില്‍
ഒരു ഉത്സവകാലം പൊന്തിവരും..
കണ്ണ് പഴുപ്പിച്ച് പേടിപ്പിച്ചിട്ടും
നിറങ്ങള്‍ കാട്ടി മോഹിപ്പിച്ചിട്ടും
സൂര്യന്‍റെ വിരലാല്‍
ഒന്ന് തൊടാന്‍ പോലും സമ്മതിക്കാതെ
കുഞ്ഞുവിരലിന്‍ പൊതിക്കുള്ളില്‍ നിന്നും
തള്ളിപ്പുറത്തെയ്ക്ക് നില്‍ക്കുന്ന
അവളുടെ പച്ചനിറമുള്ള പ്രാണവായു
പൂവാകച്ചോടിന്‍റെ നിഴലില്‍
നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചു..
മുള്‍മുരിക്കുകള്‍
കവിള് ചുവപ്പിച്ചു പിണങ്ങിയിട്ടും
ആ വഴി പോവാതെ
സുരക്ഷിതയായി അവളുടെ
കൈപിടിച്ചുകൊണ്ടുപോകുന്നതു പോലെ
വീട്ടിലേയ്ക്ക് കൊണ്ടുവന്നു..
ഉറങ്ങാതെ
കണ്ണൊന്നു ചിമ്മാതെ
കാവലുകിടന്നിട്ടും
ഒരായിരം കടുംകെട്ടുകള്‍ ഇട്ടിട്ടും
ഞാനറിയാതെ
മെല്ലെ മെല്ലെ അവള്‍
ഊര്‍ന്നിറങ്ങിപ്പോയി.. 
ഇത് വരെ കണ്ടു പിടിക്കാത്ത
ആ രഹസ്യവാതിലിലൂടെ
അവളുടെ ശ്വാസം തിരികെ വന്നില്ല..
അവളിറങ്ങിപ്പോയ വാതിലുതേടി
ഒരു ബാല്യത്തിന്‍റെ ഉത്സവപ്പന്തലിലൂടെ
ഇന്നും ചുങ്ങിപ്പോയൊരു
പച്ചബലൂണുമായി
ഒരു കുഞ്ഞുവെയില്‍ പരതി നടക്കുന്നു.. 

പെണ്‍പാട്ട്

കൊതിക്കുന്നോരാകാശമെനിക്കു മുന്നില്‍
പരന്നു പരന്നു മദിക്കുന്നു..
ഭയന്നു ഭയന്നു ഞാന്‍ സ്വയം ബന്ധിച്ചു
വാതിലടയ്ക്കുന്നു..
പുകപോലലയാനെനിക്കൊരു ലോകം വേണം
വഴികളില്ലാത്ത ,
വഴിയോരം ചേര്‍ന്ന് കണ്ണുകളില്ലാത്ത
കൊച്ചു ലോകത്തിന്‍റെ നിഴലിലൂടെനിക്ക്
കാറ്റുപോലൊഴുകണം ..
ചിലങ്കകള്‍ ഭയം മറക്കണം .. !
ചിറകുകളില്‍ മുള്ളുടക്കാത്ത
കാട്ടിലൂടൊന്നു താഴ്ന്നു പറക്കണം ..
നോക്കി നോക്കി ഭോഗിക്കുന്നു
വഴിയിലോരോ ദാഹങ്ങളും
ഒന്നു മിണ്ടിയാല്‍
ഒന്ന് നോക്കിയാല്‍ ചീന്തിയെറിയുമേന്നെയീ
തെരുവിന്‍ തീപ്പന്തങ്ങള്‍ ..

Tuesday, January 14, 2014

ജനുവരി മൂന്ന്‍

2014 ജനുവരി മൂന്നാം തീയതി
ജീവിതത്തില്‍
എന്ത് സംഭവിച്ചു എന്ന് ചോദിച്ചാല്‍
ഓര്‍ത്തെടുക്കാന്‍ സാധിക്കാത്ത വിധം
ആ ദിവസത്തെ മറന്നു പോയി
എന്നേ പറയാനാവൂ.

പതിവ് പോലെ
താമസിച്ചുണര്‍ന്നിട്ടുണ്ടാവും
എന്തെങ്കിലും
എഴുതിയിട്ടുണ്ടാവും
ആരെയെങ്കിലും
വായിച്ചിട്ടുണ്ടാവും
കുറെ നേരം
ചിന്തിച്ചിരുന്നിട്ടുണ്ടാവും.

അതുമല്ലെങ്കില്‍
ജോലിക്ക് പോയിരുന്നോ ?
യാത്രയിലായിരുന്നോ ?
പരിചയക്കാരെ
ആരെയെങ്കിലും കണ്ടിരുന്നോ ?
പതിവിലുമപ്പുറം
എന്തെങ്കിലും സംഭവിച്ചോ ?

ഓര്‍ത്തിരിക്കാന്‍ മാത്രം
ഒന്നും ബാക്കിവയ്ക്കാതെ
ഒരു കലണ്ടറിലെ
ഒരുപാട് ദിവസങ്ങള്‍
വെറുതെ മറന്നു പോകാന്‍ വേണ്ടി മാത്രം
ഓടിക്കയറി വരും..
അതിഥിയെപ്പോലെപ്പോലെ 
പടിയിറങ്ങി പോകും ..
നമ്മള്‍ മാത്രം ശേഷിക്കും
ആളൊഴിഞ്ഞ വീട് പോലെ.

ആ ദിവസത്തിലൂടെ
നടന്നു പോയ എനിക്ക്
ഓര്‍ത്ത്‌ വയ്ക്കാന്‍
കാലിലൊരു മുള്‍മുറിവ് പോലും
തരാതെ പോയ
ഓരോ നാഴികക്കല്ലിനോടും
തിരികെ ചെന്ന് പാരാതി പറയുന്ന
എനിക്ക് വട്ടാണല്ലേ !
അതെയതെ വട്ടാണെന്ന് തന്നെ
പറയുന്നുണ്ട് കലണ്ടറിലിരുന്നൊരു
ജനുവരി മൂന്ന്.. 

Monday, January 13, 2014

വാഴ്ത്തപ്പെട്ടവള്‍

തേനും പാലുമൊഴിച്ച് 
പതപ്പിക്കും 
ചില വിരുതന്മാര്‍ , 
അമ്പും പൂവും കുലച്ച് 
തൊടുത്തു വിട്ടു നോക്കും , 
നാണം കുണുങ്ങികളും 
അഭിമാനികളും 
ആഗ്രഹം തട്ടുംപുറത്തു വച്ച് 
മിണ്ടാതിരിക്കും,
ധൈര്യശാലികളാവട്ടെ
ഒന്ന് തോണ്ടി നോക്കും ,
പിന്നെയൊന്ന് കണ്ണിറുക്കും,
ചിലരാവട്ടെ,
മാന്യന്‍ ചമഞ്ഞിരിക്കും,
ആഗ്രഹത്തിന്‍റെ വിത്തിനെ
മുളപ്പിച്ചു ചെടിയാക്കി
പൂവിടീക്കാന്‍
ഏതൊക്കെ കിണറുകള്‍
തേവി വറ്റിക്കണം
എന്നാവും ചിന്ത ..
ഉള്ളില്‍ നടക്കുന്ന യുദ്ധത്തെ
ജയിക്കാന്‍
ഇനിയെത്ര അടവുകള്‍
പൊരുതണമെന്ന്.. !!

ഒടുക്കം ,
ആളൊഴിഞ്ഞ വഴികളും
സിനിമ തീയറ്ററുകളും
വൈകിയ ക്ലാസ്മുറികളും
കുഞ്ഞുതൊട്ടിലുകളും
വിധവയുടെയും
വൃദ്ധയുടെയും വീടും
അവസാന ബസും
ചില റെയിൽവേ കമ്പാർട്ട്മെന്റുകളും
പെണ്ണിനെ ഒറ്റയ്ക്കാക്കും.
പിന്നെയവള്‍‍ക്ക് പേടിയുടെ
ഒരു മുള്‍മെത്ത
വിരിച്ചുകൊടുക്കും ..

പിന്നെ അവള്‍
പേരും മുഖവുമില്ലാത്തവളാവും
അവളുടെ നാട്
ശപിക്കപ്പെട്ടവളുടെ
നാമമായി വാഴ്ത്തപ്പെടും.. !!

Friday, January 10, 2014

തുല്യത

മനുഷ്യര്‍ തുല്യരാവുന്നത്
മരണക്കിടക്കയിലാണ്.
ചതിയന്‍റെയും ഭീരുവിന്‍റെയും
ഭാര്യയുടെയും കാമുകിയുടേയും
മുതലാളിയുടെയും അടിമയുടെയും
മകളുടെയും അമ്മയുടെയും
എന്തിനേറെ ,
വെറുതെ നോക്കി നടന്നു പോകുന്ന
അപരിചിതന്‍റെ മുഖത്തു പോലും
അപ്പോള്‍ ഒരു ഭാവമേ
നിങ്ങള്‍ക്ക് വായിച്ചെടുക്കാനാവൂ.
അനുകമ്പയുടെ ഒരൊറ്റ ഭാവം

Saturday, January 4, 2014

കാട്ടുവള്ളിയോട് മരം പറയുന്നത്

നിന്‍റെ  വേരുകളിലാരാണ്
എന്നിലേയ്ക്കുള്ള
വഴി എഴുതിയത് ?
നീ ചുറ്റിപ്പിടിച്ച്
പടര്‍ന്നു കയറുമ്പോള്‍ മാത്രം
വസന്തമേയെന്ന്‍ എന്നെ
കാലം വിളിക്കുന്നത് കേട്ടോ ..
നീ പൂത്തുലഞ്ഞ്
എന്‍റെ നഗ്നതയെ
ചുവപ്പുടുപ്പിക്കുന്നുവല്ലോ ..
ഒരു വിരല്‍ നീട്ടി
നിന്‍റെ ചുംബനത്തെ
അദ്ഭുതത്തോടെ തൊടുമ്പോള്‍
ഈ രാത്രിയുടെ വാതിലില്‍
നിലാവൊരു നദിയാവുകയാണ്..
മൊട്ടുകള്‍ നിറയെ മഴ നിറച്ച്
വീണ്ടും വീണ്ടും പെയ്യുമ്പോള്‍
എന്‍റെ വരണ്ട തണലില്‍
ഒരു വേനല്‍പ്രഭാതം നനയുന്നു.. 

പാതവിളക്കുകള്‍

പൊട്ടിക്കരഞ്ഞുകൊണ്ട്,
രാത്രിയുടെ
അനന്തമായ പെരുവഴിയില്‍
തനിച്ചിരുന്നവരുടെ നിദ്രയെ
മങ്ങിയ വെളിച്ചം കൊണ്ട്
മൂടിപ്പിടിച്ചിട്ടുണ്ട്
ചില വിളക്കുമരങ്ങള്‍ ...
പാഠപുസ്തകത്തിന്‍റെ
മദിപ്പിക്കുന്ന മണത്തില്‍
ഭ്രമിച്ചൊരു കുട്ടിയുടെ
മണ്ണെണ്ണവിളക്കിന്‍റെ  ആര്‍ഭാടം
അണഞ്ഞുപോയപ്പോള്‍ ,
കണ്ണുചിമ്മാതെ കൂട്ടിരുന്നിട്ടുണ്ട്
ചില വഴിവിളക്കുകള്‍..
വേനലറുതിയുടെ
വേവുന്ന മണ്ണിനടിയില്‍
വിശന്നു കിടന്ന പാമ്പിന്‍കുഞ്ഞുങ്ങളെ
വിളിച്ചു വരുത്തി ,
ഈയാംപാറ്റകളെ സമ്മാനിച്ചിട്ടുണ്ട്
ദാനശീലരായ വഴിക്കണ്ണുകള്‍ ..
ഇരുട്ടിന്‍റെ ഓരോ
കുഴിയിലുമിറങ്ങി നിന്ന്
ഈ വഴി പോകരുതേയെന്ന്‍
പാവമൊരു വൃദ്ധനോട്
പറഞ്ഞതുമൊരു വിളക്കുമരം..
വളവു തീരുവോളം
തനിച്ചു പോകുന്ന പെണ്‍കുട്ടിയുടെ
ചെലത്തുമ്പിനെ തിളക്കിക്കൊണ്ട്
കൂട്ടുപോയതും സന്ധ്യയുടെ
കുന്നിറങ്ങിവന്നൊരു
പാതവിളക്കിന്‍റെ കാരുണ്യം തന്നെ..
പകലില്‍ ,
ഞാന്‍ മറന്നിട്ടും
എന്നിലേയ്ക്ക് നീണ്ടു വന്ന്
തണലിന്‍റെ ഒരു വിരല്‍ നീട്ടിയതും
വഴിവിളക്കുകളുടെ മഹാമനസ്കത..
എങ്കിലും ചില രാത്രികളുടെ
മഹാദുരിതത്തിലേയ്ക്ക്
മിഴിപൂട്ടി നിന്ന്
പാതവിളക്കുകള്‍ വിതുമ്പുന്നത്
ഏതു പഥികന്‍റെ വഴി മായക്കാനാണ് ??


(ഈ ലക്കം ഗുല്‍മോഹര്‍ ഓണ്‍ലൈന്‍ മാഗസിനില്‍ വന്നത് )

Thursday, January 2, 2014

തെരുവിന്‍റെ മരണപാഠങ്ങള്‍


കടത്തിണ്ണയുടെ കീറിയ മേല്‍ക്കൂരയില്‍
നിലാവ് പൂത്തപ്പോഴാണ്
ചങ്ങലയില്ലാത്ത തെരുവുപട്ടിയുടെ
ഉച്ചത്തിലുള്ള ഓരിയിടല്‍ ..
ഉറങ്ങിക്കിടന്നവരുടെ സ്വപ്നത്തില്‍
കയറുമായി കാലന്‍ പുലരും വരെ
അക്ഷമനായി നടന്നു ..
ചിലരെല്ലാം മരണം കാത്ത്
കണ്ണൊന്നു ചിമ്മാതെ കിടന്നു..
എവിടെ
എപ്പോള്‍
എന്ന മുന്തിയ ഇനം ചോദ്യങ്ങളില്‍ കടിച്ച്
കൂട്ടിലടച്ച നായ്ക്കള്‍
മതിലിനുള്ളില്‍ മടിയോടെ മുറുമ്മി...
തൊലിതുളച്ചിറങ്ങിയ
കല്ലിന്‍റെ മൂര്‍ച്ചയിലേയ്ക്ക്
കാലന്‍റെ പിടി മുറുകിയപ്പോള്‍
ഓരിയിട്ട വിശന്ന നായക്ക്
നാളെയില്‍നിന്നും പാഞ്ഞു വരുന്ന
അനേകം കല്ലുകളില്‍നിന്നും
മോചനമായിരുന്നു ..
ചത്തുമലച്ച ശ്വാനന്‍റെ
പ്രാണനും വലിച്ചുകൊണ്ട്
കാലം പോകുന്നത് നോക്കി
ഒരു തെരുവു മാത്രം പിടഞ്ഞതെന്തിനാവാം ?
ചുറ്റിലുമായിരം ഭയങ്ങള്‍ നാട്ടി
നടുവില്‍ അസ്വസ്ഥമായുറങ്ങുന്നവര്‍ മാത്രം
ഒന്ന് വിങ്ങിയതെന്തിനാവാം ?

(ഡിസംബര്‍ ലക്കം സമയം മാഗസിനില്‍ വന്നത് )