Friday, January 17, 2014

ബലൂണുകളുള്ള ബാല്യം

ഒരിക്കല്‍  അവള്‍
ഊതിവീര്‍പ്പിച്ചു തന്ന
ഒരു പച്ചബലൂണ്‍ ..
ഒരു ഓര്‍മ്മപ്പച്ചയുടെ
നൂലില്‍പ്പിടിച്ച് ഞാന്‍
അങ്ങോളമെത്തുമ്പോള്‍
അവള്‍ ആഞ്ഞൂതി നിറച്ച
ശ്വാസത്തിന്‍റെ
മധുരമുള്ള മണത്തോട് ചേര്‍ന്ന്
മനസ്സില്‍
ഒരു ഉത്സവകാലം പൊന്തിവരും..
കണ്ണ് പഴുപ്പിച്ച് പേടിപ്പിച്ചിട്ടും
നിറങ്ങള്‍ കാട്ടി മോഹിപ്പിച്ചിട്ടും
സൂര്യന്‍റെ വിരലാല്‍
ഒന്ന് തൊടാന്‍ പോലും സമ്മതിക്കാതെ
കുഞ്ഞുവിരലിന്‍ പൊതിക്കുള്ളില്‍ നിന്നും
തള്ളിപ്പുറത്തെയ്ക്ക് നില്‍ക്കുന്ന
അവളുടെ പച്ചനിറമുള്ള പ്രാണവായു
പൂവാകച്ചോടിന്‍റെ നിഴലില്‍
നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചു..
മുള്‍മുരിക്കുകള്‍
കവിള് ചുവപ്പിച്ചു പിണങ്ങിയിട്ടും
ആ വഴി പോവാതെ
സുരക്ഷിതയായി അവളുടെ
കൈപിടിച്ചുകൊണ്ടുപോകുന്നതു പോലെ
വീട്ടിലേയ്ക്ക് കൊണ്ടുവന്നു..
ഉറങ്ങാതെ
കണ്ണൊന്നു ചിമ്മാതെ
കാവലുകിടന്നിട്ടും
ഒരായിരം കടുംകെട്ടുകള്‍ ഇട്ടിട്ടും
ഞാനറിയാതെ
മെല്ലെ മെല്ലെ അവള്‍
ഊര്‍ന്നിറങ്ങിപ്പോയി.. 
ഇത് വരെ കണ്ടു പിടിക്കാത്ത
ആ രഹസ്യവാതിലിലൂടെ
അവളുടെ ശ്വാസം തിരികെ വന്നില്ല..
അവളിറങ്ങിപ്പോയ വാതിലുതേടി
ഒരു ബാല്യത്തിന്‍റെ ഉത്സവപ്പന്തലിലൂടെ
ഇന്നും ചുങ്ങിപ്പോയൊരു
പച്ചബലൂണുമായി
ഒരു കുഞ്ഞുവെയില്‍ പരതി നടക്കുന്നു.. 

5 comments:

  1. ഏതൊരു ബാല്യമാണ് ബലൂണുകളുമായി ബന്ധമില്ലാത്തത്?...
    ശരിക്കും മനസ്സില്‍കൊളുത്തിവലിക്കുന്ന വരികള്‍..
    ഭയങ്കര ഇഷ്ടമായി...
    അഭിനന്ദനങ്ങള്‍...!!

    ReplyDelete
  2. നിറമുള്ള ബാല്യം

    നല്ല കവിത.


    ശുഭാശംസകൾ....

    ReplyDelete
  3. ബലൂണ്‍ പോലെ വികസിക്കുന്നൊരോര്‍മ്മ

    ReplyDelete
  4. ബലൂണുകളില്‍ ശ്വാസം ഒലുപ്പിച്ചു വച്ച ബാല്യങ്ങള്‍

    ReplyDelete
  5. നഷ്‌ടമായ ബാല്യത്തിന്റെ മധുരമുള്ള ഓര്‍മ്മകള്‍ ... നന്നായിട്ടുണ്ട് .......അഭിനന്ദനങ്ങള്‍...!!

    ReplyDelete