Thursday, March 27, 2014

ഇതൊക്കെയാണ് ജീവിതം

മുറിവുകളുടെ തുഞ്ചത്തിരുന്ന്‍
കരയാതെ തപസ്സു ചെയ്യണം
വരമായി ചിലര്‍ക്ക്
ചിലത് ലഭിക്കാന്‍ ...

നൊന്തു നൊന്ത്
മരണത്തിനു തൊട്ടു മുന്‍പ് വരെ
പരീക്ഷണങ്ങളെ നേരിടണം
ചില ചിരികളെ ചുണ്ടിലേയ്ക്ക്
ഒട്ടിച്ചു ചേര്‍ക്കാന്‍ ...

വേണ്ടാത്തതെല്ലാം ,
അഥവാ വേണ്ടെന്നു
തോന്നുന്നതെല്ലാം തന്നിട്ട്
വേണം വേണമെന്ന്
മനസ്സിനെക്കൊണ്ട് വാശി പിടിപ്പിക്കുന്ന
എന്തോ ഉണ്ട് നമുക്കുള്ളില്‍ ..

വരള്‍ച്ചയിലേയ്ക്ക് വിത്ത്‌ പാകി
കാത്തു കാത്തിരിക്കണം
ഒരു മഴ, ഒരു തുള്ളി,
ഒരു തളിര്‍പ്പ്, ഒരില,
ഒരു തണ്ട് , രണ്ട് , മൂന്ന്, നാല്
എന്നിട്ടൊടുവില്‍
ഒടുവില്‍
ഒരു ദിവസം ഒരു മൊട്ട്..
അതൊന്നു വിരിഞ്ഞു
പൂവാകുമ്പോഴാണ്
കാത്തിരിപ്പിന്‍റെ നൊമ്പരപ്പെടുത്തുന്ന
ആത്മസുഖം അനുഭവിക്കുന്നത്..

നിന്നെ തേടി
ഒരു നോവിന്‍റെആഴത്തിലേയ്ക്ക്
പടികളിറങ്ങി പോകുന്ന ഞാന്‍,
ആകാശത്തു നിന്നും
ആഴത്തിലേയ്ക്ക് നോക്കി
സ്വന്തം പ്രതിബിംബം മിനുക്കുന്ന
നിലാവ് പോലെ നീ..

നീന്തലറിയാതെ ഞാന്‍
മുങ്ങിത്താഴുo,
നിന്നിലെന്നു നിനച്ചു ഞാന്‍
ശ്വാസം കിട്ടാതെ പിടയുo,
നിന്‍റെ ആത്മാവിലേയ്ക്ക്‌
അലിയുക എന്നത്
മരണത്തിന്‍റെ സുഖമാണെന്ന്
ഞാനെന്‍റെ ജീവിതംകൊണ്ട്
എഴുതിവയ്ക്കും..
അവസാന പിടച്ചിലില്‍ പോലും
ഞാന്‍ തിരിച്ചറിയില്ല
അപ്പോഴും ഒരാകാശദൂരം
നമുക്കിടയില്‍
നീ പണിതു വച്ചിരിക്കുന്നുവെന്ന്..

ഇതൊക്കെയാണ് ജീവിതം
എല്ലാ വളവിനപ്പുറവും
മരീചികകള്‍ കാത്തുവയ്ക്കുന്ന
നീളന്‍ വഴിയാണ് ജീവിതം
ഒടുവില്‍ കടന്ന വഴികളെല്ലാം
കള്ളമായിരുന്നെന്നും
നമ്മള്‍ നിശ്ചലരായിരുന്നെന്നും
പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ട്
നമ്മെ ആശ്വസിപ്പിക്കുന്ന
ഭ്രാന്താണ് ജിവിതം..

Monday, March 24, 2014

നിറം

ഒരു വാക്ക്
ഒരേയൊരു വാക്ക് മാത്രം
അര്‍ത്ഥമില്ലാതെ
താളമില്ലാതെ
സ്വരമില്ലാതെ
വായിക്കപ്പെടാതെ
എന്‍റെയീ താളില്‍
ആരെയോ കാത്തുകിടന്നു..
ഞാന്‍ മരിച്ചു പോവുമ്പോഴെങ്കിലും
നീ വന്ന് അനാഥമായിപ്പോയ
എന്‍റെ കൈപ്പടയിലെ
പ്രണയമെന്ന വാക്കിന്
നിന്‍റെ നിറം കൊടുക്കണം..
അപ്പോള്‍ പ്രപഞ്ചത്തിന്‍റെ
ഏതെങ്കിലുമൊരു വിജനതയില്‍
ഞാനൊരു മഴവില്ല്
വിടര്‍ത്തി ചിരിക്കാം 

കപടവിശ്വാസത്തിന്‍റെ കാവല്‍

പണ്ട് പണ്ടൊരിക്കല്‍
നാമെല്ലാം രണ്ടും നാലുമായി
പിരിയുന്നതിനൊക്കെ മുന്‍പ്
മരക്കുരിശിനെ വിശുദ്ധീകരിച്ച്
സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേയ്ക്ക്
ദൈവം പ്രാര്‍ഥനയുടെ
ഒരു സന്ദേശമയച്ചു

പാപങ്ങളും പാപികളും
നിലതെറ്റി വീഴുന്ന മരക്കുരിശിന്‍റെ
വരമ്പിലൂടെ ചിലര്‍
സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള
കുറുക്കുവഴികള്‍ പണിതു ..
സൂചിക്കുഴയിലൂടെ വഴി വെട്ടി,
മോക്ഷം പ്രാപിക്കുവാന്‍
ഒട്ടകങ്ങളെപ്പോലെ നിരന്നുനിന്നു..

വാക്യങ്ങള്‍ സമവാക്യങ്ങളാക്കി
ഉപമകള്‍ ഉപദേശങ്ങളാക്കി
ദൈവത്തിന്‍റെ വഴിയിലൂടെ
മുദ്രാവാക്യം വിളിച്ചുകൊണ്ട്
കഴുമരങ്ങള്‍ രണ്ടു കാലില്‍ നടന്നു..

ദൈവത്തിന്‍റെ സ്നേഹസന്ദേശം
കുരിശും പേറി
ഇപ്പോഴും തെരുവില്‍
മുറിവുകളെ തലോടുന്നു..
സത്യമായ വിശ്വാസം
ദൈവത്തിന്‍റെമാത്രം
തോളില്‍ തല ചായ്ച്ച്
ശാന്തിയടയുന്നു.. 

Thursday, March 20, 2014

കാട്ടുതീ

ഈ ചില്ലയില്‍നിന്നും
അടുത്തതിലേയ്ക്ക്
ഈ പച്ചയില്‍ നിന്നും
അടുത്തതിലേയ്ക്ക്
ഈ വേരില്‍നിന്നും
അടുത്തതിലേയ്ക്ക്
ഈ പൂങ്കുലയില്‍നിന്നും
അടുത്തതിലേയ്ക്ക്
ഈ കിളിക്കൂട്ടില്‍നിന്നും
അടുത്തതിലേയ്ക്ക്..
ഞാന്‍ കാറ്റാണ്
ഇന്ന് ഈ കാടിനെ
ഞാന്‍ ഉമ്മ വയ്ക്കുന്നില്ല
ഇതിന്‍റെ ചില്ലകളെ
തട്ടിയിളക്കുന്നില്ല
ചെറുചാറ്റല്‍ മഴയില്‍
കുതിര്‍ന്നു കിടക്കുന്ന
മണ്ണിലൂടെ ഒഴുകിനടക്കുന്നില്ല
 ഈ ദിവസം
എന്‍റെ വിരല്‍ത്തുമ്പില്‍
എന്‍റെ തൂവലില്‍
ഒരു കനല്‍ക്കട്ട കൊളുത്തിയിട്ടുണ്ട്
ഈ കാട് മുഴുവനായി വിഴുങ്ങിയാലും
തീരാത്ത ദാഹമാണിന്ന്‍..
എന്നിലൂടെ മാനും മയിലും
കൂടും കുരുവിയും
മേടും പടര്‍പ്പും
മണ്ണും വെന്ത് വെളിച്ചമാവട്ടെ..
കാടേ, കരളേ
ഞാനെടുക്കുന്നു നിന്നെ .. !

Wednesday, March 19, 2014

വാശി

പച്ചയായ ഞാനീ
നിഴലിന്‍ വെയിലില്‍നിന്ന്
പഴുത്ത് പഴുത്ത് ,
വെയിലേ,
നിന്‍റെ നിറമെല്ലാം ഊറ്റിയെടുത്ത്
നിന്നെ ഇരുട്ടാക്കി മാറ്റും
നാളെ രാവിലെ കുഞ്ഞായി
നീ ജനിച്ചു വീണ്ടും വരുമ്പോ,
ഞാനീ ഭൂമി മുഴുവന്‍
എന്‍റെ മാറില്‍കിടത്തുന്നത്
നീ കണ്ടോ !

രഹസ്യം

വെറുതെയീ ശൂന്യാകാശത്ത്
ചിറകു വിടര്‍ത്തി പറക്കുന്നതിനിടെ,
പ്രിയ ഭൂമീ,നിന്‍റെ
ഏറ്റവും ഏകാന്തമായ
ഒരു കോണിലേയ്ക്കു 
ഞാനൊരു വിത്തെറിയും..

പറന്നു പറന്നു ചിറകു തളരുമ്പോള്‍ ,
നീ എനിക്കായ് കാത്തുവച്ചിരിക്കുന്ന
ചില്ലയിലേയ്ക്കൊരു കൂട് കൂട്ടാന്‍
ഞാന്‍ തിരികെ വരും..

നിന്‍റെ മാറിലേയ്ക്ക് വേരാഴ്ത്തി
നിന്‍റെ നെറുകില്‍ പൂവിട്ട് വളരുന്ന
എന്‍റെ വേരുകളുടെ ആഴവും മിടിപ്പും
നനവും പിടച്ചിലും
നീയല്ലാതെ മറ്റാരറിയാന്‍ ?
ഇത് നിന്നോട് മാത്രമുള്ള
എന്‍റെ പ്രണയരഹസ്യമാണ്...

മറന്നു വച്ചത്

മുനകൂര്‍ത്തുനിന്ന് നിന്നെ
വേദനിപ്പിച്ചപ്പോഴാണോ
നീ തിരിഞ്ഞു നോക്കിയത് ,
ചോര പൊടിഞ്ഞപ്പോഴാണോ
നെഞ്ചിലെടുത്തു വച്ച് താലോലിച്ച്
അരികുകള്‍ മിനുക്കിയത് ?
പൂര്‍ത്തിയാകാത്ത ശില്‍പ്പം പോലെ
ഞാനിന്നുമുണ്ട് ഇവിടെത്തന്നെ ..
രാകിമിനുസപ്പെടുത്തിയതിനാല്‍
നിന്നെയൊന്നു തോണ്ടിവിളിച്ചാല്‍
പോലും അറിയില്ലല്ലോ..
മറന്നു വച്ചത് നെഞ്ചിലെങ്കിലും ,
നിന്‍റെ കാലൊച്ച കേള്‍ക്കുമ്പോള്‍
ഞാനെന്‍റെ കരിങ്കല്‍ മുനകള്‍
വീണ്ടും കൊതിച്ചുപോവുന്നു.. 

Sunday, March 9, 2014

ആരോഹണം

സ്ത്രീയുടെ ഞരമ്പും
നാഡിയും
ഒരു മിടിപ്പിലേയ്ക്ക്
ശ്രദ്ധിച്ചിരിക്കുന്ന കാലത്ത്
അവളുടെ അടിവയറ്റിലേയ്ക്ക്
ഒരുപാട് ചുംബനങ്ങള്‍ വിരിയുന്ന
ഒരു പൂവ് സമ്മാനിക്കും..

ഇതളുകള്‍ വേരുകളായി മാറി
പൊക്കിളിലൂഞ്ഞാലാടാന്‍ തുടങ്ങും
മുടിയിഴകളില്‍നിന്നും
മുല്ലപ്പൂക്കളില്‍നിന്നും ഇടയ്ക്കിടെ
ഒരു കാറ്റ് വയറ്റില്‍ വന്ന്
തലോടിപ്പോകും..

തനിച്ചല്ല തനിച്ചല്ല എന്ന്
ഉള്ളില്‍നിന്നും സംസാരിച്ചു തുടങ്ങും
പെണ്ണിന് മാത്രം കേള്‍ക്കാവുന്ന
അനക്കങ്ങളിലേയ്ക്ക്
കാതുചേര്‍ത്തു വച്ച് അവന്‍
ശ്രദ്ധിക്കും..
ഒരു കുഞ്ഞു വിളി..

അമ്മവിരലുകള്‍,
കുഞ്ഞിത്തുന്നലുകളും
പുതിയ നിറങ്ങളും
പാവക്കൂട്ടങ്ങളും തേടിനടക്കും

നിലാവിലും
നിഴല്‍ച്ചോട്ടിലും
അവളുടെ മടിയില്‍ കിടന്ന്
അവളിലൂടെ
അവര്‍ തമ്മിലൊരു പാലമിടും..

ഭൂമിയിലെ സകല
പേരുകളും അവള്‍ അളന്നും
മുറിച്ചും പരിശോധിക്കും
ഒരേ പേര് ഒരായിരം തവണ
ആവര്‍ത്തിച്ചു വിളിച്ചു നോക്കും
ഏതെങ്കിലും ഒരു മുഴക്കം
അവളെ "അമ്മേയെന്നു"
തിരികെ വന്നു തൊടുന്നുണ്ടോ എന്ന്..

പത്തു മാസങ്ങളുടെ
തീവ്രസ്നേഹത്തില്‍നിന്നും
രണ്ടായി പിളര്‍ന്ന്
ഒരു പിളര്‍പ്പ് അവളാവുകയും
മറ്റൊന്ന്
ആ മണ്ണിലേയ്ക്ക് അവളില്‍നിന്നും
അടര്‍ന്നു വീണ അവളുടെ
നോവാകുകയും ചെയ്യുന്നു..

ഉണ്ണുമ്പോള്‍
ഉടുക്കുമ്പോള്‍
ഉറങ്ങുമ്പോള്‍
ഉണരുമ്പോള്‍
ഊഞ്ഞാലാടുമ്പോള്‍
ഉല്ലസിക്കുമ്പോള്‍
ചിരിക്കുമ്പോള്‍
ചിന്തിക്കുമ്പോള്‍
ഇനിയെന്നും എന്നെന്നും
ആ ജീവന്‍റെ ഒരു വേര്
അറ്റുപോയൊരു പൊക്കിള്‍ക്കൊടിയുടെ
ചൂട് ചേര്‍ത്തുവയ്ക്കും..
അവിടെ , സ്ത്രീയില്‍ നിന്നും
ഒരമ്മയുടെ വേദനയിലേയ്ക്ക്
ഒരാള്‍ ആരോഹണം ചെയ്യപ്പെടുന്നു..

(മലയാള മനോരമ ഓണ്‍ലൈനില്‍ വന്നത്)

Tuesday, March 4, 2014

കുഞ്ഞു തീരുമാനങ്ങള്‍

കഴുക്കോലിലോ പങ്കയിലോ
അമ്മയുടെ സാരി തൂക്കി
അതിലൊരു കുഞ്ഞികുരുക്കിട്ട്
ജീവിതത്തിന്‍റെ സമവാക്യങ്ങളില്‍ നിന്നും
മരണത്തിന്‍റെ ഉത്തരമില്ലായ്മയിലേയ്ക്ക്
ഊഞ്ഞാലാടി പോവാന്‍
കുഞ്ഞുങ്ങള്‍ക്ക്‌
നിമിനേരം മാത്രമൊരു
പിടച്ചിലിന്‍റെ കൌതുകമാണ്.

കഴുത്തിലിരുന്ന്‍ ഇറുകുന്ന
സാരിത്തലപ്പ് ഓര്‍ത്തുപോയി,
ഇന്നലെ അതിനെ
കണ്ണിലമര്‍ത്തിപ്പിടിച്ച്
"എന്‍റെ മോനെ കാത്തുകൊള്ളണെ ഈശ്വരാ"
എന്ന് കരഞ്ഞ
ഒരു സ്ത്രീയെക്കുറിച്ച്.

കുസൃതി വിരലുകള്‍
ഇറുക്കിപ്പിടിച്ചു തൂങ്ങിയാടിക്കളിച്ചു
പൊടിഞ്ഞു തുടങ്ങിയ
പഴയ സാരിയൊന്നു കൊതിച്ചുകാണും
ഒന്ന് പൊട്ടിവീഴാനുള്ള
ആയത്തിന് വേണ്ടി.

അവനു വേണ്ടി
എരിവു ചേര്‍ക്കാതെ കരുതി വച്ച
കറികള്‍ അടുക്കളയില്‍
തണുക്കാതെ
പൊള്ളിയിരുന്നു.

അവന്‍ വരച്ചുവച്ച
കുസൃതിച്ചിത്രങ്ങള്‍ ഭിത്തിയിലൂടെ
ചോരനിറത്തില്‍ ഓര്‍മ്മയിലേയ്ക്ക്
ഉരുകിപ്പോയി..

അലക്കിത്തേച്ചുവച്ച
കുഞ്ഞുടുപ്പുകള്‍ ചൂടാറാതെ
അലമാരിയിലവനെ
നോക്കിയിരുന്നു..

വാശിപിടിച്ചു വാങ്ങിയ
കളിപ്പാട്ടങ്ങളിലിരുന്ന്
അവന്‍റെ വിരല്‍പ്പാടുകള്‍
 ഉറങ്ങിപ്പോയി ..

കാത്തുവച്ച സ്വപ്നങ്ങള്‍ക്കും
കൂട്ടിവച്ച സ്നേഹത്തിനും നടുവിലൂടെ
അവനൊരു പാതവെട്ടി
അത് വഴി തനിച്ചു നടന്നു പോയി

ഹൃദയമെന്നു വിളിക്കാന്‍ മാത്രം
ഒന്നും ബാക്കി വയ്ക്കാതെ
വേദനതിന്നു തീര്‍ത്തു ശൂന്യമായിടം
പൊത്തിപ്പിടിച്ച്
ഹൃദയമേ, എന്‍റെ ജീവനെ
നീ എങ്ങു കൊണ്ട് പോയെന്നൊരു നിലവിളിയില്‍
ഇല്ലാതാവുന്ന ,
ചോദിക്കുന്നതെന്തും
പട്ടിണികിടന്നും വാങ്ങിക്കൊടുക്കുന്ന ,
ഒരച്ഛന് ,
അവനെ മാത്രം
തിരിച്ചു കൊണ്ടുവരാനാവില്ലല്ലോ..

അവനു വേണ്ടി പുസ്തകങ്ങളും
കൂട്ടുകാരും
പൂമ്പാറ്റകളും
അനിയനും
വഴികളും
ആകാശവും
വീടും
ഈ ഭൂമി മുഴുവനുമുണ്ടായിരുന്നു
അവനു വേണ്ടി
ഒരു നാളെയുണ്ടായിരുന്നു.
അതൊന്നും പോരാതെ,
സ്വയം വെട്ടിയ വഴിയിലൂടെ
മാഞ്ഞു മാഞ്ഞു പോയപ്പോള്‍
നിഴലുകള്‍ മാത്രമായി ചുരുങ്ങിപ്പോയ
ചില നെടുവീര്‍പ്പുകളുണ്ടായിരുന്നു..

Monday, March 3, 2014

അപ്പനോട്

വീടിന്‍റെ ചില ഭിത്തികളിലെ
എണ്ണമെഴുക്കുകളെല്ലാം
ആഴം കൂടിയ ചിന്തകളെ
കൂടുതല്‍ പുകച്ചെടുക്കുന്ന
അപ്പന്‍റെ നിമിഷങ്ങളാണ്.

പുക കണ്ടാലുടന്‍
ഞങ്ങളെല്ലാവരും
വാക്കുകള്‍ ചുമച്ച്
അപ്പനെ ഒറ്റപ്പെടുത്തുo

ഞങ്ങളോട് പ്രധിഷേധിക്കാന്‍
അപ്പന് ആയുധം ,
വാക്കുകളില്ലാതെ
കെട്ടിനിറുത്തുന്ന കഫവും
ഉറക്കമില്ലാതെ നീട്ടിത്തുപ്പുന്ന
രാത്രിയും
പുകഞ്ഞു തീരുന്ന
അമ്മയുടെ നെഞ്ചുമാണ്.

ഒന്നും പറയേണ്ടെന്ന്
എത്ര കരുതുന്നതാണ്.
ഒരു കയ്യില്‍ ഊതിവിടുന്ന
സ്വന്തം ജീവിതവും ,
മറുകയ്യില്‍ ആര്‍ത്തിയോടെ
ഇന്‍ഹെയില്‍ ചെയ്യുന്ന
മരണവും കാണുമ്പോള്‍ ,
പ്രിയപ്പെട്ട അപ്പാ,
എങ്ങിനെ ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കും
കരിഞ്ഞ ശലഭച്ചിറകുകള്‍ പോലെ
പറക്കുന്ന ജീവനെ.. ?

രുചിയറിയിക്കാതെ
വിശപ്പറിയിക്കാതെ
വാശിയോടെ
എപ്പോഴും ഞങ്ങള്‍ക്ക് ചുറ്റും ,
"ദാ നോക്കൂ, ഇയാളെ
ഇപ്പൊ കൊല്ലും "എന്ന് പറഞ്ഞ്
ഒരു മരണച്ചുരുള്‍ പറത്താന്‍വേണ്ടി
എന്തിനാണിത്ര കൊതി ?

Saturday, March 1, 2014

തുരുത്തുകള്‍


ഒരാകാശം
ഒരു ഭൂമി
ഒരസ്തമയം
ഒരു രാത്രി
ഒരു പകല്‍
ഒരു നിലാവ്

എന്നെയും നിന്നെയും
ഒരുപോലെ മൂടുന്ന
ആകാശത്തിനു ചുവട്ടിലിരുന്ന്
നീ നിലാവിനെ
നിന്‍റെ ഉറക്കത്തിലേയ്ക്ക്
വലിച്ചിടുമ്പോള്‍
എന്‍റെ പകലില്‍
സൂര്യന്‍
വെയിലു പെയ്യുകയാണ്

ഒരേ ഭൂമിയുടെ
മറ്റൊരു മുറ്റത്ത്
ഈറനടിച്ചു നീ
കടലാസുകപ്പലൊഴുക്കുമ്പോള്‍
എന്‍റെ കവിതയൊരു
കരിയിലക്കാട്ടിലെരിയുന്നു..  

കാഴ്ചയുടെ രണ്ടു കരകളിലുള്ള
നമ്മുടെ
സ്വപ്നങ്ങള്‍ക്ക് നടുവില്‍
ഒരു കോടി നക്ഷത്രങ്ങള്‍
എത്തിനോക്കുന്നൊരു
നീലക്കണ്ണാടി..

നിന്‍റെ പുലരിയില്‍
ഞാനിരുളുകയും
നിന്‍റെ ഇരവില്‍
ഞാനുണരുകയും ചെയ്യുന്ന
പ്രപഞ്ചത്തിന്‍റെയീ
കണ്ണുപൊത്തിക്കളിയിലെവിടെയാണ്
നാമൊരുമിച്ചുണരുന്നൊരു
 പ്രഭാതം മറഞ്ഞിരിക്കുന്നത് ?