Friday, February 27, 2015

ഒറ്റ


നിഴലിനൊപ്പം
കണ്ടും കാണാതെയും
ഒളിഞ്ഞും തെളിഞ്ഞും 
മറ്റെന്തോ ഉണ്ട്..
ഓരോ സന്തോഷത്തിനൊപ്പവും
വിഷാദം പോലൊന്ന്..
ഓരോ കണ്ണീര്‍കാലത്തിലും
അറിയാതെ വന്നു പോകുന്ന
പുഞ്ചിരി പോലൊന്ന് ..
ഒറ്റയ്ക്കാവാതിരിക്കാന്‍ ഭയന്ന്
ഒറ്റയ്ക്കിരിക്കുന്ന ഒറ്റപ്പെടലുകളില്‍ പോലും
നമ്മളാരെയോ തേടുന്നുണ്ട്..
ഒന്നായി മാത്രം
ഒറ്റയായി മാത്രം ഇവിടെ ഒന്നുമില്ല..
ഒന്നിന് ഒന്ന് മാത്രമായി
നിലനില്‍പ്പില്ലെന്നു പഠിപ്പിക്കുന്ന
രണ്ട് ഒന്നുകള്‍ ചേര്‍ന്ന്
വീണ്ടും മറ്റൊരു ഒന്നാകുന്ന
മനസ്സിന്‍റെ കളികളിലേയ്ക്ക്
ഒറ്റയ്ക്ക് ഊളിയിട്ടിറങ്ങി ചെന്ന്
ഒരു വരി കണ്ടെത്തുകയാണ് ഞാന്‍ ..

കറുത്ത നിറമുള്ള ഒന്നിനെ ഇളം ഓറഞ്ചുകൊണ്ട് മഴവില്ലാക്കിയ കവിത

എന്നും എപ്പോഴും രാത്രി മാത്രമായിരുന്ന
നക്ഷത്രങ്ങള്‍ സ്വപ്നത്തില്‍ മാത്രമായിരുന്ന
ആരുമാരും നടക്കാതിരുന്നിട്ടും
മരക്കൂട്ടങ്ങള്‍ക്കിടയില്‍ നൂല് പോലെ
തെളിഞ്ഞു കിടന്നൊരു കറുത്ത ഇടവഴിയിലേയ്ക്ക്
ഏതോ ചില്ലയില്‍നിന്നും
ഇടറി വീണൊരു ഇളം ഓറഞ്ചു നിറം !

നിനക്ക് കാടിന്‍റെ നിശ്ശബ്ദതയെ
സംഗീതമാക്കാന്‍ അറിയാമായിരുന്നു

നിനക്ക് ഈ വഴിയിലേയ്ക്ക്
കാറ്റിനെ വിളിച്ചുകൊണ്ടു വരാന്‍
അറിയാമായിരുന്നു

ഓരോ കാറ്റിലും
ഒരായിരം കടുംചുവപ്പന്‍ വാകപ്പൂക്കള്‍
കൊഴിച്ചിടാന്‍ അറിയാമായിരുന്നു

നീയൊരു ഇളം ഓറഞ്ചു നിറമായിരുന്നു !

നീ വഴിനീളെ കടല്‍നീല
ശലഭങ്ങളെക്കൊണ്ട് നിറയ്ക്കുമായിരുന്നു

ചാറ്റല്‍മഴയില്‍ നനഞ്ഞുനില്‍ക്കുന്ന
ഇലപ്പച്ചപ്പടര്‍പ്പുകളെ
സ്വര്‍ണ്ണം ചാലിച്ച മഞ്ഞത്തുടിപ്പാല്‍
മിനുക്കുമായിരുന്നു

ഉരുളന്‍ കല്ലുകള്‍
ആഴ്ന്നു തറഞ്ഞു കിടന്നിടത്തുനിന്നും
ഏതോ വിടവുകളിലൂടെ
ചെറുപുല്ലുകള്‍ കിളിര്‍ത്തുവരികയും
അതില്‍ അരിമണിയോളമുള്ള
വയലറ്റ് പൂക്കള്‍
ചിരിച്ചുനില്‍ക്കുകയും ചെയ്യുമായിരുന്നു

നീയൊരു ഇളം ഓറഞ്ചു നിറമായിരുന്നു !

നിനക്കൊപ്പം മാമരത്തിന്‍റെ
കൊമ്പുകളിലേയ്ക്ക്
വെള്ളി നക്ഷത്രക്കണ്ണുകളും
തവിട്ടു ചിറകുള്ള
നൂറു നൂറു ചിലമ്പലുകളുമുണ്ടായിരുന്നു

നീ പാതിരാപ്പൂക്കളെ
മുത്തി ഉണര്‍ത്തുകയും
നീ കാട്ടുവള്ളികളെ
ഊഞ്ഞാലാട്ടുകയും ചെയ്തിരുന്നു

ഞാന്‍ കറുത്തു കിടന്നൊരു
കനത്ത മൌനമായിരുന്നു
നീ ..
നീയോ ?
നിന്നെ ഞാന്‍ എന്‍റെ ഹൃദയത്തിലേയ്ക്ക്
ഏറ്റുവാങ്ങിയ
ഇളം ഓറഞ്ചു നിറമുള്ള
സായാഹ്നസന്ധ്യയായിരുന്നു

നീ നിറങ്ങളെ കൊണ്ടുവന്നു
നീ ഗാനങ്ങളെകൊണ്ട് നിറച്ചു

ഞാനിപ്പോള്‍ നിന്നിലൂടെ
ആകാശത്തിലേയ്ക്ക് തുറന്നുവച്ചൊരു
മഴവില്‍ പാലമാണ് !

(malayalam news-feb 23)

Sunday, February 15, 2015

ഞാനെന്ന ഞാന്‍ മാത്രത്തില്‍ നീയെന്ന നീ മാത്രം

വേരോളം നീരാവുന്ന നിന്റെ
സ്നേഹമഴയിൽ 

നിറയെ പൂത്തുനിൽക്കാനൊരു 
വസന്തത്തെ ഞാനെപ്പോഴും
കാത്തു വയ്ക്കുന്നുണ്ട്


നിലാവ് പടരുമ്പോള്‍ 
രോമാഞ്ചം കൊള്ളുന്ന 
കാട്ടുതുളസിയുടെ തോട്ടമാണ് 
നീ വരുമ്പോള്‍ എന്‍റെ മനസ്സെന്നു 
നിനക്കറിയില്ലേ 
ഈ പ്രണയത്തില്‍
ഉരുകി
ഞാന്‍ എന്നില്‍ നിന്നും അടര്‍ന്ന്
നിന്നിലേയ്ക്ക് വീഴട്ടെ
എന്‍റെ വേവുകളുടെ 
ഉരുക്കങ്ങളോടെ
നിന്‍റെ തണുപ്പിലേയ്ക്ക് നിറയാന്‍
മുറിവുകള്‍ നീ തുറന്നു വയ്ക്കണം
നനഞ്ഞു നനഞ്ഞ് 
എന്‍റെ സ്വപ്നങ്ങളുടെ പാടങ്ങള്‍
നിന്നിലൂടെ ഒഴുകി ആഴത്തിലെത്തി
നീലയില്‍ കുതിര്‍ന്ന് പിന്നെയെപ്പോഴോ
നിന്നിലെയ്ക്ക് തന്നെ പെയ്യട്ടെ ഞാനും
തീരാതെ തോരാതെ 

Wednesday, February 11, 2015

തൊട്ടടുത്തുള്ള ദൂരങ്ങള്‍

ഒരുപാട് ദൂരങ്ങൾ തൊട്ടടുത്തിരുന്ന് 
എന്നെ വിളിക്കും
ഓരോ വിളിയിലും അറിയാതെ
ഞാനൊന്ന്‍ മുറിയും

ദൂരങ്ങള്‍ക്കപ്പുറത്തെന്തൊക്കെയോ
വെളിച്ചങ്ങളുള്ളത് കൊണ്ട്
മരണം വരെ ,
മരണം കൊതിച്ച് ഇരുട്ടില്‍
ആര്‍ത്തിയോടെ ഞാന്‍ ജീവിക്കുന്നുണ്ട്

അടുത്തു വരൂ 
അടുത്തു വരൂ
എന്ന് ഹൃദയം കരഞ്ഞു വിളിക്കുന്ന
അകലങ്ങൾ പക്ഷെ ബധിരരാണ്

ഇരുട്ടുമുറിയിലെ പകല്‍ :


അടഞ്ഞ
ഇരുട്ട്മുറിയിലെ
മുറിവുകളും വിടവുകളും 
തേടിപ്പോകുന്ന വെയില്‍
ഒന്‍പതു മണികളെ
ഒരു കുഴലിലാക്കി
അതില്‍ നിറയെ
പകലിനെ പൊടിച്ച്
മുറിയിലേയ്ക്ക് കടത്തും
ജനാലകളെ
ഒരു തുള്ളി സൂര്യനാക്കും
തനിച്ചു കിടന്ന ഒരു മുറി നിറയെ
വിരിച്ച് സ്വയം ഉണങ്ങാന്‍ കിടക്കുന്ന
പകലിനെ ആ മുറിയുടെ ഇരുട്ട്
നെഞ്ചോടു ചേര്‍ക്കും
ഉച്ചമയക്കത്തിലാഴുന്ന
നിശ്ശബ്ധതകളെ
തഴുകി മിനുക്കി
രാകി രാകി
തിളക്കി വയ്ക്കും
സായാഹ്നത്തില്‍
ഇരുട്ട് മുറിയെ താരാട്ടിയുറക്കി
തണല്‍ മരങ്ങളുടെ ചോട്ടില്‍
ഇലപ്പടര്‍പ്പുകളിലേയ്ക്ക്
ഇഴഞ്ഞു കയറിപ്പോകുന്ന
ഒരു കുഞ്ഞു സര്‍പ്പമാകും
(Kudumba madyamam this week)