Tuesday, May 19, 2015

നനഞ്ഞ മിസ്സ്ഡ്കോളുകള്‍:


ആകാശമേ,
ഇടയ്ക്കിടെ
ഭൂമിയിലെയ്ക്കെന്തിനാണീ
നനവിന്‍റെ മിസ്സ്ഡ് കോളുകള്‍ ?
തനിച്ചിരുന്നപ്പോള്‍
ഓര്‍മ്മ വന്നോ
വരണ്ടു പോയ
വസന്തത്തിന്‍റെ വഴികളെ ?
ഭൂമിയുടെ
ആത്മാവിലെവിടെയോ
നീ ഒറ്റപ്പെടുത്തി പോയ
നേര്‍ത്ത വഴികളിലെങ്ങോ
ഒരു നിമിഷത്തിന്‍റെ വേഴാമ്പല്‍
നിന്നെ തിരികെ വിളിച്ചുവോ ?
ഏതു വേരില്‍ മുത്തിയാലും
ഏതു ഗര്‍ത്തം പുല്‍കിയാലും
ഏതാഴം നുകര്‍ന്നാലും
തിരികെ മടങ്ങാനുള്ള വാതിലുകള്‍
നീ തന്നെ എപ്പോഴും
തുറന്നുവയ്ക്കുന്നു !
ആഞ്ഞൊന്നു പെയ്തു
നീ പിന്‍വാങ്ങും
മേഘപ്പരപ്പോ
മൃദുലതയോ ഇല്ലാത്ത
പരുക്കന്‍ ഭൂഹൃദയത്തില്‍
വെറുതെ ,
അറിയാതെ കണ്ണുനിറച്ച്
ചില പൂക്കള്‍ മാത്രം
ബാക്കി നില്‍ക്കും
എന്നിട്ടും ആകാശമേ
ഭൂമിയിലേക്ക് എന്തിനാണ്
ഇടയ്ക്കിടെ ഈ
കണ്ണീരിന്‍റെ
തിരിച്ചുവരലിന്‍റെ
ഓര്‍മ്മയുടെ
ആഗ്രഹത്തിന്‍റെ
വീണ്ടും ഉപേക്ഷയുടെ
മിസ്സ്ഡ്കോളുകള്‍ ?
നിന്നെ പുതയ്ക്കാൻ തണുത്തുറയുന്ന ഞാൻ..

ഒന്നും ശാന്തമാണെന്ന് കരുതരുത് :


ഏറ്റവും നിശ്ശബ്ദമായി
തോന്നിയേക്കാവുന്ന
രാത്രിക്കപ്പുറം 
ഒന്നും ഓര്‍ക്കാതെ പോകുന്ന
ഉറക്കത്തിനുള്ളില്‍ പോലും
പാഞ്ഞുപോകുന്ന ഒരു
വേട്ടമൃഗത്തിന്‍റെ
ദീനമായ നിലവിളിയില്‍
പിടഞ്ഞെണീക്കുന്ന
നിമിഷങ്ങളുണ്ടാവാം
ഒന്നും ശാന്തമാണെന്ന് കരുതരുത്
ഇതൊരു ഇടിമിന്നലിന്‍റെ
വെളിച്ചമായിരിക്കാം
ഇതിനപ്പുറം
ഇരുട്ടുപോലുമില്ലാത്ത
മരവിപ്പായിരിക്കാം
നിറങ്ങളെക്കുറിച്ച്
ചിന്തിക്കാന്‍പോലുമാവാത്ത
ശൂന്യതയായിരിക്കാം
ഒന്നും ശാന്തമാണെന്ന് കരുതരുത്
തീവ്രമായ ഈ പ്രണയത്തിനപ്പുറം
കാരണം പോലുമില്ലാതെ
എങ്ങോട്ടെന്നു പോലുമറിയാതെ
മെല്ലെ മെല്ലെ എല്ലാം
മങ്ങിപ്പോകുന്നൊരു
ഏകാന്തതയായിരിക്കാം
എല്ലാം ശാന്തമാണെന്ന് കരുതി
ഒരു കൊടുമുടിയും
കയറാന്‍ തുടങ്ങരുത്‌
കാറ്റിന്‍റെ വേഗവും
ശക്തിയും
അറിഞ്ഞുകൊണ്ട് തുടങ്ങണം
പോരാളിയുടെ പടച്ചട്ട
മനസ്സില്‍ ധരിക്കണം
അമ്പിനോടും മുള്ളിനോടും
ജയിക്കാനല്ല
സ്വന്തം ആത്മാവിനെ
പ്രതീക്ഷയില്‍ നിന്നും
സ്വപ്നത്തില്‍നിന്നും
രക്ഷിക്കാന്‍..

വേരുകള്‍

കൂരിരുട്ടിലും കൊടുംതണുപ്പിലും മരവിപ്പിലും ആഴത്തിലും നിശ്ശബ്ധതയിലും ഏതദൃശ്യമായ വെളിച്ചത്തിന്റെ ചൂടിലാണ് വേരുകൾ മണ്ണിലൂടെ അവയുടെ വഴി കണ്ടെത്തുന്നത് ?

രാത്രി:


മണ്ണിലും പുല്ലിലും പൂവിലുമെല്ലാം
ഓരോ രാത്രിയും പതിഞ്ഞു കിടക്കും
പെയ്യ്തു പോയ മഞ്ഞിനെപ്പറ്റി 
ഓരോ പൂവിലും എഴുതും
ഇര തേടിപ്പോയ കൂമനെപ്പറ്റി
അറ്റ് വീണ ഇലകളില്‍ അടയാളമിടും
പ്രാണഭയത്തോടെ ഓടിയ
ഇരയുടെ കാല്‍പ്പാടുകള്‍
മണ്ണില്‍ ശേഖരിക്കും
വിടര്‍ന്നു വരുന്ന പൂക്കളെ
കാറ്റിനു കാട്ടികൊടുക്കും
ഉറങ്ങാത്തെ ഉണര്‍ന്നിരുന്നവരെ
തീരങ്ങളില്‍
അവ്യക്തമായി വരച്ചിടും
ആരും അറിയാതെ
രഹസ്യമായി വന്നുപോയ
മഴയെക്കുറിച്ച്
ഇലകളോടും ചില്ലകളോടും
സ്വകാര്യം പറയും..
രാത്രിയില്‍
രാത്രിയുടെ ഓരോ അണുവിലും
രാത്രി ഉണര്‍ന്നിരിക്കും..
(Akam magazine may 2015)

നിനക്ക് വേണ്ടി..


മണ്ണിനടിയില്‍
കുരുങ്ങിയും പുണര്‍ന്നും കിടന്ന
രാത്രിയുടെ 
കാക്കത്തൊള്ളായിരം
കൂരിരുട്ടിന്‍റെ ശിഖരങ്ങളിലെവിടെയോ
പച്ചച്ച് തളിര്‍ത്ത്‌
വിടര്‍ന്നു വന്നൊരു
സൂര്യകാന്തിയുടെ മുഖമായാണ്
നിന്നെ ഞാന്‍ എന്‍റെ
ജീവിതവുമായി ഉപമിക്കുന്നത്
ഇന്ന് നീ
എന്‍റെ കണ്ണുകളുടെ
സ്വര്‍ണ്ണവാതിലുകളും കടന്ന്
ഉള്ളില്‍
ഉള്ളിന്‍റെയുള്ളില്‍
സ്നേഹത്തിനാല്‍ മാത്രം
പുലരുന്നൊരു പ്രഭാതമാണ്‌
വേഷങ്ങള്‍ ഓരോന്ന് മാറിവരുന്ന
ഋതുക്കളില്‍,
നനഞ്ഞിട്ടും നനയാതെ
കൊഴിഞ്ഞിട്ടും കൊഴിയാതെ
തളിര്‍ത്തും പിന്നെയും
തളിര്‍ത്തും
പടര്‍ന്നും നീ എന്‍റെ പൂക്കാലങ്ങളില്‍
വീണ്ടും വീണ്ടും ചായം പൂശുന്നു
എണ്ണമറ്റ ദിവസങ്ങള്‍ക്കും
ആണ്ടുകള്‍ക്കും
എനിക്കും നിനക്കും മുന്‍പേ
മനുഷ്യന്‍റെ ഉത്ഭവത്തിനു മുന്‍പേതന്നെ
നിനക്ക് വേണ്ടിയുള്ള
എന്റെ പ്രണയവും
ഈ കവിതയും
എഴുതപ്പെട്ടിരിക്കണം
നിന്നെ അറിയാത്തപ്പോഴൊന്നും
ഞാന്‍ ജീവിച്ചിരുന്നില്ല
നീയില്ലാത്തൊരു ഞാന്‍
ഒരിക്കലും ഉണ്ടായിരുന്നില്ല
നിന്‍റെ പ്രണയത്തിന്‍റെ
ശീതകാലങ്ങളില്‍
എന്‍റെ സ്വപ്നത്തെ പൊതിഞ്ഞ്
ഞാനുറക്കട്ടെ...

കവിത

ഈ പരാതികളോടും
സങ്കടങ്ങളോടും
പ്രതികാരത്തോടും
പരിഭവങ്ങളോടുമൊക്കെ
തിരിച്ചു സംസാരിക്കാന്‍
കവിതയ്ക്ക് മാത്രമേ സാധിക്കൂ
എന്നതുകൊണ്ടു തന്നെ
എന്‍റെ ചിരികള്‍ മാത്രം ഞാന്‍
നിങ്ങള്‍ക്ക് ബാക്കി വയ്ക്കുന്നു