Tuesday, September 4, 2012

കാട്ടുചെടി

ദൂരങ്ങളെത്ര മാറ്റി നട്ടാലും
വേരുകള്‍ നിന്നിലേയ്ക്ക് മാത്രം,
നിന്‍റെ പ്രകാശത്തിലേയ്ക്കും  
ആ അനുരാഗത്തിന്‍റെ നനവിലേയ്ക്കും മാത്രം 
നീളുന്നൊരു കാട്ടുചെടിയാണ് ഞാന്‍ !
ചീവീടുകള്‍ പറ്റിപ്പിടിക്കുകയും
നിറുത്താതെ ചിലയ്ക്കുകയും ചെയ്യുന്ന 
വന്യതയില്‍ , പൂക്കള്‍ നിറയ്ക്കുന്ന 
വള്ളികളുടെ മൌനം 
ചുറ്റുപിണഞ്ഞുകയറുന്നൊരു കാട്ടുചെടി !

Monday, September 3, 2012

മനസ്സ് ഇടയ്ക്കിടെ ഇങ്ങനെയും

കാലം തെറ്റി വന്നൊരു മഴക്കെടുതിയില്‍
പൊട്ടിവീണ വൈദ്യുതിക്കമ്പി !
അതില്‍ കരിഞ്ഞുവീണ പ്രതീക്ഷകള്‍....

നിനക്കൊപ്പം


ദുഖത്തിന്‍റെയും വിലാപത്തിന്‍റെയും
വഴികള്‍ ഓടിക്കടക്കുന്നതിനിടെ
വസന്തം വഴിയരികില്‍
മരിച്ചു വീണത്‌ ഞാനറിഞ്ഞില്ല !
നക്ഷത്രങ്ങള്‍ കണ്ണടച്ച അമാവാസികളാണ്
രാവും പകലും മനസ്സിന്
തിരശ്ശീല വിരിച്ചിരിക്കുന്നത് !
ഇനിയുമാ വസന്തത്തിലേയ്ക്ക്,
കുളിരുള്ള പ്രഭാതത്തിലേയ്ക്ക്,
ഇരുള്‍ശീലയില്‍ കണ്ണ്ചിമ്മി വിരിയുന്ന
നിലാക്കുഞ്ഞുങ്ങളുടെ പ്രകാശത്തിലേയ്ക്ക്
എന്നാണെന്നെ നീ കൂട്ടിക്കൊണ്ടു പോവുക ?

Sunday, September 2, 2012

അഗ്നി,

ഉറങ്ങാന്‍ കിടന്ന തിരക്കിന്‍റെ 
ശാന്തതയിലേയ്ക്ക് മരണം 
ചുമന്നൊരു ടാങ്കര്‍ലോറി 
നിശബ്ദതയുടെ ഡിവൈഡറുകള്‍ 
തകര്‍ത്തുകൊണ്ട് ഇരച്ചുകയറി !
സായംസന്ധ്യയുടെ ഉറക്കച്ചവടില്‍,
മൃതി ആളിപ്പടര്‍ന്നു !
അഗ്നി,
വെറിയോടെ ഓടിയിറങ്ങി വിഴുങ്ങിയ 
തെരുവുകളില്‍ മാംസം ചിതറിയുരുകിയപ്പോള്‍ 
വെന്റിലേറ്ററില്‍  
പൊള്ളി വിറച്ച് മനുഷ്യജന്മങ്ങള്‍ 
ഈയാംപാറ്റകളെ പോലെ !

തെമ്മാടിക്കുഴിയിലെ സ്വപ്നം

വേര്‍പാടിന്‍റെ കഴുക്കോലില്‍
കൈകാലിട്ടടിച്ച്
നാവു കടിച്ചു മുറിച്ച് 
സ്വപ്നം ജീവനൊടുക്കിയത് 
അന്ധകാരം കട്ടപിടിച്ചൊരു 
രാത്രിയുടെ നിശബ്ധതയിലാണ് !
കാലങ്ങളോളം 
ഉന്മാദനൃത്തം ചവുട്ടിയാ 
പാദങ്ങള്‍ പതിഞ്ഞ തലച്ചോറില്‍ 
നിഴലുകള്‍ മുനകളായ് ആഴുന്നു ! 
തെമ്മാടിക്കുഴിയിലെറിഞ്ഞ 
സ്വപ്നത്തിന്‍റെ അഴുകിയ ശരീരം 
ഓര്‍മ്മകള്‍ കൂട്ടമായ്‌ അരിക്കുന്നു !
ദുര്‍ഗന്ധം വമിക്കുന്ന 
കരിഞ്ഞ പൂക്കള്‍ക്ക് മുകളില്‍ 
പതറിയൊരു ഗാനം വട്ടമിടുന്നത് 
എന്ത് തേടിയാണ് ?
പ്രണയാര്‍ബുദം ബാധിച്ച് ശോഷിച്ച
ഹൃദയമറുത്തു മാറ്റുവാന്‍
മറവിയുടെ വൈദ്യം വിധിയെഴുതി !
കാലമത് കേട്ട്
വിജയിയുടെ ഭാവത്തോടെ ഇരുളില്‍
ചിരിയടക്കിക്കൊണ്ട്
മറഞ്ഞുനില്‍ക്കുകയാണ് !
ഉള്ളിലിളകി മറിഞ്ഞാഘോഷിച്ച
സ്വപ്നത്തിന്‍റെ അസ്ഥിപന്ജരത്തില്‍
കണ്ണീരുകൊണ്ട് ബലിയിടുന്ന ഓര്‍മ്മകള്‍ !
വിധിയുടെ യുദ്ധക്കളത്തില്‍
മൃതപ്രായനായ ജീവന്‍റെ
വരളുന്ന തൊണ്ടയില്‍
ഗാഡമൌനത്തിലൊരു പാട്ട് !

Saturday, September 1, 2012

മഴവില്ല്

മനസ്സിന്‍റെ അനന്തമായ ആകാശച്ചെരുവില്‍ 
ഒരിക്കല്‍ ഒരു മഴവില്ലു വിരിഞ്ഞു,
വെയിലും മഴയും കണ്ണുപൊത്തിക്കളിച്ചിരുന്ന ഈ താഴ്വരയില്‍,
കാര്‍മേഘങ്ങള്‍ സ്ഥിരതാമസത്തിനു വരും മുന്‍പേ,
തുള്ളിതോരാതെ മഴ ആര്‍ത്തലച്ചു പെയ്യും മുന്‍പേ,
നനുത്തൊരു ചാറലില്‍ കൈ നിറയെ തിളങ്ങുന്ന കിരണങ്ങളുമായി,
എന്‍റെ ചിന്തകളില്‍ നിറഞ്ഞിരുന്ന ഏഴു നിറങ്ങള്‍ 
ഇന്ന് മറഞ്ഞിരിക്കുന്നത് ഏതു ചക്രവാളത്തിലാണ് ?

അണയാന്‍ മടിച്ച ആത്മാവ്

പൊടിപിടിച്ചെന്‍റെ അലമാരയില്‍
നിരന്നിരുന്ന പുസ്തകതാളുകളില്‍
എത്രയോ ഹൃദയങ്ങള്‍
നിശബ്ധമായി തേങ്ങിയിരുന്നിരിക്കാം ..
ഇനിയെന്‍റെ ആത്മാവും
മാറാലമൂടിയ തട്ടുംപുറത്തുണ്ടാവും..
മനസ്സു വരളുമ്പോള്‍,
വെളിച്ചം കെടുമ്പോള്‍ നീ വരിക.
നിനക്കായി നിറഞ്ഞു കത്തുന്നൊരു
ദീപമുണ്ടാവും ..
ഓര്‍മ്മകളായ്‌...... അണയാന്‍ മടിച്ച് !

പ്രണയവും കവിതയും

തീവ്രമായ വാക്കിന്‍റെ മുനകൊണ്ട്
എന്‍റെ ഹൃദയത്തില്‍ പ്രണയം
കോറിയിട്ട് പോയതുകൊണ്ടാവാം
കവിതകളായി നിലയ്ക്കാതെ
നീ ഇന്നും എന്‍റെ ജീവനില്‍ ഒഴുകുന്നത്‌ ...