Wednesday, August 29, 2012

ഓണസമ്മാനം !

എന്‍റെ പ്രിയ സുഹൃത്തുക്കളെ,
എഴുതി തുടങ്ങിയിട്ട് ഒരുപാടൊന്നുമായില്ല. ജീവിതയാത്രയിലെവിടെയോ ഒരു തുള്ളി കണ്ണീര്‍ ഒഴുകിയിപ്പോയ വിടവില്‍ കയറിപ്പറ്റിയതാണ് അക്ഷരങ്ങള്‍. , ഒരു വരം പോലെ. അതുവരെയുണ്ടായിരുന്ന കുസൃതിപെണ്‍കുട്ടിയില്‍ നിന്നും കവിതകളെയും അക്ഷരങ്ങളെയും മാത്രം പ്രണയിച്ച് , എഴുതുമ്പോള്‍ വല്ലാത്ത ആനന്ദം അനുഭവിക്കുന്ന ഒരാളായി ഞാന്‍ മാറി. എഴുതുന്നതെല്ലാം എല്ലാവര്‍ക്കും ഇഷ്ടായെന്നു വരില്ല. ആരൊക്കെ വായിക്കുന്നു എന്നും അറിയില്ല .കാവ്യഭാഷയും ഇല്ല. എങ്കിലും എഴുതിയതെല്ലാം മനസ്സില്‍നിന്നാണ്, മായം ചേര്‍ക്കാതെ, ആത്മാവില്‍ വിരിഞ്ഞത് അതേപടി, ചൂടാറാതെയാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്‍പില്‍ വച്ചത്. ജോലിത്തിരക്കിനിടയിലും, എത്ര ക്ഷീണിച്ചാലും എഴുതാന്‍ ഞാന്‍ സമയം കണ്ടെത്തിയിരുന്നു. അതില്‍പരമൊരു സന്തോഷം എനിക്കില്ല ജീവിതത്തില്‍..... ., അക്ഷരങ്ങളെയാണ് പലപ്പോഴും ശ്വസിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.
ജീവിതത്തില്‍ ഇന്നേവരെ ഓണം ഒരു സാധാരണ ദിവസത്തിനപ്പുറം എനിക്കൊന്നുമായിരുന്നില്ല. ഇത്തവണയും ! പക്ഷെ, വീടും വീട്ടുകാരും കൂട്ടുകാരുമില്ലാതിരുന്ന ഓണമായിരുന്നു ഇത്തവണ. ഒറ്റപ്പെടല്‍ കളമൊരുക്കിയ ഒരു ഇരുണ്ട ദിവസം. എങ്കിലും ഇതുവരെ എന്‍റെ വാക്കുകള്‍ വായിക്കുകയും, എന്നെ അറിയാതെ , ഞാന്‍ അറിയാതെ എന്‍റെ കവിതകളെ നെഞ്ചോട്‌ ചേര്‍ക്കുകയും ചെയ്യ്ത എല്ലാ നല്ല മനസ്സുകള്‍ക്കും ഞാനൊരു ഓണസമ്മാനം കരുതിയിട്ടുണ്ട്. എന്‍റെ പുസ്തകം. രണ്ടു ദിവസത്തിനകം ഞാനൊരു എഴുത്തുകാരിയായി മാറുന്നു. ഇതുവരെ എഴുതിക്കൂട്ടിയ കവിതകള്‍ വെളിച്ചം കാണുന്നു.
സ്വന്തമായി ഒരു പുസ്തകം പണ്ടത്തെ സ്വപ്നങ്ങളില്‍ ഒരിക്കലും ഉണ്ടായിരുന്നില്ല. ഇടയിലെപ്പോഴോ, മനസ്സില്‍ കയറിപ്പറ്റിയ ഒരു ആഗ്രഹമായിരുന്നു അതും. അത് യാഥാര്‍ത്ഥ്യമാകുമെന്നും  കരുതിയില്ല. 
ഈ ബ്ലോഗ്‌ സന്ദര്‍ശിക്കുകയും എന്‍റെ മനസ്സിനെ , അതിലെ വാക്കുകളെ  അകമഴിഞ്ഞ് സ്നേഹിക്കുകയും ചെയ്യുന്ന ചുരുക്കം ചിലരുണ്ട്. എന്നെ വീണ്ടും  എഴുതാന്‍ പ്രോത്സാഹിപ്പിക്കുന്ന മഹേഷ്‌ , സിന്ധു, നിഘില്‍ അജിത്തേട്ടന്‍, ജിതിന്‍ , നിത്യഹരിത, വാഴക്കോടന്‍ .. അങ്ങനെ കുറെ പേര്‍ ! പിന്നെ കമന്റ്‌ ഇട്ടില്ലെങ്കിലും, ഈ കവിതകള്‍ വായിക്കുന്ന , സ്നേഹിക്കുന്ന കുറെ പേര്‍ കൂടി ഉണ്ടെന്നു ഞാന്‍ വിശ്വസിച്ചോട്ടെ. അവര്‍ക്കും ഒരുപാട് നന്ദി.
ഈ പുസ്തകം നിങ്ങള്‍ക്കോരോരുത്തര്‍ക്കുമായി സമര്‍പ്പിക്കുന്നു. അനുഗ്രഹിക്കുക , വാക്കുകളെ ജീവനോളം പ്രണയിക്കുന്ന നിശാഗന്ധിയെ !

ഈ മാസത്തെ ഇരുന്നൂറാം പോസ്റ്റിനൊപ്പം അല്പനാള്‍ ഞാന്‍ ഒരു ഇടവേളയെടുക്കുന്നു. ഈ ബ്ലോഗ്‌ ആരും മറക്കരുതെന്നും. തിരികെ വരുമ്പോള്‍ ഇപ്പോഴുള്ള അതേ സ്നേഹം ഉണ്ടാവണമെന്നും
എന്‍റെ ആദ്യത്തെ കണ്മണിയെ ഏവരും സ്വീകരിക്കണമെന്നും , വാങ്ങി വായിക്കെണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

നന്ദി ,
നിശാഗന്ധി !



കാലം


പച്ചവിരിച്ച പാടത്തിന്‍ വരമ്പുകളില്‍
തനിയെ ഞാനെത്ര നടന്നിരിക്കുന്നു
അവിടെയൊക്കെ
കോണ്‍ക്രീറ്റ് കെട്ടിടങ്ങളെ പ്രസവിച്ചും
എന്‍റെ മണ്‍പാതകള്‍
ടാറിട്ടും അവള്‍ കുതിക്കുന്നു
കൊങ്ങിണിച്ചെടികളെയും
വേലിതൈകളെയും
വെട്ടിമാറ്റി ഉറപ്പുള്ള മതിലുകള്‍
പണിതുയര്‍ത്തി ,
തെളിനീരരുവികളും
കിണറിന്‍ പടവുകളും മൂടി,
ശുദ്ധവായുവിനും
കുടിവെള്ളത്തിനും
നികുതി ചുമത്തി
കാലം ചിലങ്കകളുമണിഞ്ഞു പായുന്നു !
ഒരിടത്തും നില്‍ക്കാതെ
ആരെയും കാക്കാതെ
തിരികെയൊന്നു നോക്കാതെ !

ഇനിയും തകരാത്തത്

നിലാവും നക്ഷത്രങ്ങളും
പൂവും പൂമ്പാറ്റകളും
പുഞ്ചിരിയും വസന്തവും മാത്രമേ
നിങ്ങള്‍ക്ക് 
എന്നില്‍ നിന്നും കവരാനായുള്ളൂ !
കോരിച്ചൊരിയുന്ന കണ്ണീര്‍മഴയും
ഓര്‍മ്മകള്‍ നാറുന്ന വാക്കുകളും
ആത്മാവില്‍ കത്തുന്ന അഗ്നിയും
നിങ്ങള്‍ക്ക് തകര്‍ക്കാനായില്ല !

വിസ

കൈപ്പറ്റിയപ്പോള്‍ തുള്ളിച്ചാടാനാണ് 
ആദ്യമവന് തോന്നിയത് !
സ്വപ്‌നങ്ങളോരോന്നായി അടുക്കിയടുക്കിയൊരു 
സൌധം പണിയാന്‍ നിമിഷങ്ങള്‍ മാത്രം മതിയല്ലോ!
കുഞ്ഞരിപ്പല്ല് മുളയ്ക്കാത്ത മോണയുമായി 
ചിരിച്ചുകൊണ്ടുരുളുന്ന പൊന്നോമന,
കരളു നിറയെ സ്നേഹം നിറച്ച് 
ഹൃദയത്തില്‍ ചേക്കേറിയ പെണ്ണ് !
നോവുകളറിയിക്കാതെ 
മുള്ളുതറയ്ക്കാതെ പാദങ്ങളെ 
ഇന്നോളം കാത്ത അമ്മയുമച്ഛനും !
പൊടിമണ്ണില്‍ വീണുപൊട്ടുന്ന 
തുള്ളിച്ചില്ലുകള്‍ ,
വേലിപ്പടര്‍പ്പുകളിലെ പൂക്കള്‍ !
കവലയിലെ കൊച്ചുവര്‍ത്തമാനങ്ങള്‍..
എല്ലാമുപെക്ഷിച്ച് ,
ഓര്‍മ്മകളെല്ലാം ശ്രദ്ധയോടെ 
പായ്ക്ക് ചെയ്യ്‌ത്,
മണലാരണ്യങ്ങളുടെ മരുപ്പച്ച തേടിപ്പോകാന്‍,
ഹൃദയം പിച്ചി ചീന്തി 
സ്വപ്നങ്ങളിലേയ്ക്കൊളിച്ചോടാനൊരു വിസ!

മെയ്‌മാസം

വേനല്‍വറുതിയില്‍ മണ്ണ് ചുട്ടെടുക്കുമ്പോള്‍ 
തുള്ളി വെള്ളത്തിന്‍റെ കനിവില്ലാതെ 
മെയ്‌മാസം ചൂടില്‍ പഴുക്കുമ്പോള്‍ 
നിന്നെ.. നിന്നെ മാത്രം ഞാന്‍ പ്രണയിക്കുന്നു 
എന്നും പറഞ്ഞൊരു പൂവ് ,
ഭൂമിയുടെ വരള്‍ച്ചയില്‍ സുന്ദരമായി 
വിരിയാറുണ്ട്... മെയ്‌മാസ പൂവ് !!

Tuesday, August 28, 2012

കറിവേപ്പില

വറചട്ടിയിലിട്ടെന്‍റെ മേനി നീ
പൊള്ളിച്ചു ചുവപ്പിച്ചപ്പോള്‍,
അലമുറയിട്ടത്,
പരിഭവം കൊണ്ടല്ലെന്ന് 
നിനക്കറിയാമായിരുന്നു !
അതുകൊണ്ടല്ലേ മൃദുലമായ 
വിരലുകള്‍ കൊണ്ട് നീ 
എന്നെ "കറിവേപ്പില" 
എന്ന് പറഞ്ഞു പുച്ഛത്തോടെ 
കുപ്പയിലെറിഞ്ഞപ്പോഴും
നിന്‍റെ നാവിലൊരു രുചിയായ് 
ഞാന്‍ മരിക്കുവോളം ചാഞ്ചാടിയത് !

തെരുവുമക്കളുടെ ഓണാഘോഷം

തച്ചുടയ്ക്കപ്പെട്ട ജീവിതംകൊണ്ട് 
പൂക്കളമൊരുക്കുന്ന 
ഓണംമാണവര്‍ക്കിന്ന് !
റേഷനരിയുടെ സൌജന്യത്തില്‍ 
സദ്യയൊരുക്കുന്ന സന്തോഷവും !
മരുന്നിന്‍റെ മണവും 
രോഗത്തിന്‍റെ ചൂഷണവും 
കടക്കെണിയുടെ തെറിവിളികളും 
ചോര്‍ന്നൊലിക്കുന്ന കുടിലില്‍ 
പുലികളി നടത്തുന്നുണ്ട് !
മത്സരങ്ങളുടെയും ആഘോഷങ്ങളുടെയും 
ആര്‍പ്പുവിളികളില്‍ കേള്‍ക്കാതെ പോകുന്ന 
അടിച്ചമര്‍ത്തപ്പെട്ട 
അനാഥദുഖങ്ങളുടെ ഓണാഘോഷം !
ജീവിതം തിരസ്കരിക്കപ്പെട്ട 
ജനവിഭാഗങ്ങളുടെ ശിരസ്സില്‍ 
ചവുട്ടി പാതാളത്തില്‍ താഴ്ത്തുന്ന 
കനിവു വറ്റിയവരുടെ ഓണം 
പൊടിപൊടിക്കുന്നു !

മനസ്സിലെ നന്മ വറ്റാത്ത, നമ്മുടെ ആ പഴയ ഓണവും അതിന്റെ വിശുദ്ധിയും നെഞ്ചിലേറ്റുന്ന മലയാളികള്‍ക്ക്, ഈ നിശാഗന്ധിയുടെ ആശംസകള്‍ ... !!

കാപ്പിപ്പൂക്കള്‍

മഞ്ഞുള്ള പ്രഭാതങ്ങളില്‍ 
നിദ്രവിട്ടുണരാന്‍ മടിച്ച 
ചില  ദിവസങ്ങളില്‍ 
എന്നെ ഒരു സംഗീതം പോലെ 
ഉണര്‍ത്തുന്നവയായിരുന്നു 
കാപ്പിപ്പൂക്കള്‍ !
ഓരോ പ്രഭാതത്തെയും പ്രിയമോടെ 
മനസ്സിലേയ്ക്കും കവിതകളിലെയ്ക്കും 
ക്ഷണിച്ചതും കാപ്പിപ്പൂക്കള്‍ 
വിരിഞ്ഞ പ്രഭാതത്തിന്‍റെ വെന്മയിലാണ് ! 
ആത്മാവിലും ജീവിതത്തിലും 
സൌരഭ്യം പകരുന്ന 
ഒരായിരം ഓര്‍മ്മകളില്‍ നിറയെ 
പൂത്തു നില്‍ക്കുന്ന 
കാപ്പിപ്പൂക്കളും !!