Friday, September 7, 2012

അമ്മയുടെ ഭയം

ജനാലക്കമ്പിയില്‍
നനവ്‌ പടര്‍ത്തി മഴപെയ്യ്തു തുടങ്ങുമ്പോള്‍,
ആധികേറുന്ന ഹൃദയമായിരുന്നു അമ്മയുടെത് !
കയ്യില്‍ ചോരുന്ന കുടയുമായി,
അച്ഛന്‍റെ സൈക്കിളില്‍ ,
ആ സ്നേഹത്തിന്‍റെ  ഒക്കത്തിരുന്ന്
മുറ്റത്തെത്തുവോളം
മഴയെ അമ്മയ്ക്ക് ഭയമായിരുന്നു !

Thursday, September 6, 2012

ക്യൂ

തുള്ളി മഞ്ഞ്,
മഞ്ഞ ഇല
ഒരു കഷ്ണം വെയില്‍,
ഒരു മഴവില്ല് ,
ഒരു പിടി സ്വപ്നം,
ചെറുതില്‍ നിന്നും വലുതിലേയ്ക്ക്
മരണത്തിന്‍റെ വാതിലില്‍ 
നീണ്ട ക്യൂവാണ് !

ഇന്നത്തെ മഴയില്‍

വാക്കുകളുടെ പുറംതോടില്‍
ഒച്ചിനെപ്പോലെ എനിക്ക് ചുരുണ്ടുകൂടണം 
ഭൂമിയുടെ സ്പന്ദനം കേട്ടിഴയുകയും
മരത്തൊലിയുടെ പരുപരുപ്പ്
നെഞ്ചോട് ഒട്ടിച്ചേര്‍ക്കുകയും ,
ഇന്ന് രാത്രിയിലാ മഴ 
നനയയുകയും വേണം !

വികൃതിക്കുട്ടികള്‍

ഹൃദയത്തിന്‍റെ  
നനുത്ത ചുവരില്‍,
സ്നേഹത്തിന്‍റെ 
മുനയുള്ള ചരലുകൊണ്ട് 
പേരെഴുതുന്ന വികൃതിക്കുട്ടികളുണ്ട് !
മായാതങ്ങനെ കിടക്കും 
കാലത്തെ മിഴിച്ചു നോക്കിക്കൊണ്ട്‌ !
പിന്നൊരനുഗ്രഹം പോലെ 
മറവിയുടെ പായല്‍ പുതച്ചുറങ്ങും !

ചുവപ്പ്

ഹൃദയത്തിന്‍റെ നിറം.
പ്രണയമെന്നും വിളിക്കും !
എനിക്ക് പ്രിയം 
മഞ്ചാടിക്കുരുവിന്‍റെതാണ് !
പകല്‍ രാത്രിയോട്‌ 
സല്ലപിക്കുമ്പോള്‍ 
വാനത്തിന്‍റെ കവിളുകള്‍ 
തുടുപ്പിക്കുന്ന സന്ധ്യയുടെ നിറം !
എന്‍റെ കവിതകളുടെ നിറം !

കല്‍പ്രതിമ

കൊടുംശൈത്യത്തില്‍,
തണുത്തു വിറയ്ക്കാതെ
തലയെടുപ്പോടെ നിന്നു
മഴയില്‍ ആവോളം നനഞ്ഞു,
എങ്കിലും കുതിര്‍ന്നില്ല
ഇരുളും വെളിച്ചവും
മാറിമാറി വന്നു പോയി
ഋതുക്കളും പലവട്ടം എത്തിനോക്കി
പിന്നെ തിരികെ നടന്നു
കളയും കാടും മൂടിവച്ചു
എങ്കിലും പരിഭവം സന്ധ്യേ
നിന്നോട് മാത്രമാണെനിക്ക് !
ഒരു തിരിവെളിച്ചത്തിന്‍റെ
വിശുദ്ധികൊണ്ടെന്‍റെ
ചുറ്റുമലങ്കരിക്കാന്‍ കാലങ്ങളായി
നീ മറന്നിരിക്കുന്നു !

Wednesday, September 5, 2012

സ്വപ്നം

വാക്കുകള്‍ ആത്മാവിന്‍റെ ഭാരം കൂട്ടുന്നു.
താഴുകയാണ് ഞാന്‍ ഒളപ്പരപ്പില്‍ നിന്നും ,
ചുഴിയിലേയ്ക്ക് ,
ഒരു കവിതയുടെ ആഴത്തില്‍ മുങ്ങി മരിക്കണമെനിക്ക് !
അതാണെന്‍റെ  സ്വപ്നം !

Tuesday, September 4, 2012

പിസ്താതോട്ടങ്ങള്‍ !

പൌര്‍ണ്ണമി രാവുകളില്‍,
നിലാവും ഭൂമിയും അനുരാഗത്തിലാഴുമ്പോള്‍ ,
സ്വപ്‌നങ്ങള്‍ വിടര്‍ന്നു പരിലസിക്കുമ്പോള്‍ ,
കണ്ണുകള്‍ ഇരുളില്‍ കുളിക്കാനിറങ്ങുമ്പോള്‍  ,
പിസ്താമരങ്ങള്‍ നിറഞ്ഞ വയലുകളില്‍ 
പ്രകൃതി പാടുന്ന പാട്ടു കേള്‍ക്കാമത്രേ ...!
നിലാവ് തൊടുന്ന രാത്രിയില്‍ മാത്രം,
തോട് പൊട്ടിച്ച് , 
വെളിച്ചം കുടിക്കുന്ന വിത്തുകളാണവ !