Thursday, November 27, 2014

ഇല്ല ഇല്ല എന്ന് മിടിക്കുന്ന ഹൃദയമേ..:


ഏതു ചോദ്യത്തിനും
എവിടെയോ ഒരു ഉത്തരമുണ്ട്
ഏതു മരുഭൂമിയിലും
ഒരു കുളിര്‍ക്കാറ്റുണ്ട്
ഏല്ലാ കണ്ണീരിലും
ഒരു ചിരിയുണ്ട്
വരള്‍ച്ചയുടെ
ഹൃദയത്തിലും ഉറവകളുണ്ട്
ഏതു പൂര്‍ണ്ണതയിലും
ഇല്ലായ്മകളുണ്ട്
ഏതു മുറിവിലും
സാന്ത്വനമുണ്ട്
ശിശിരങ്ങള്‍ക്കെല്ലാം
വസന്തവുമുണ്ട്
എവിടെ പോയാലും
ഒളിച്ചിരുന്നാലും
വീണ്ടും കണ്ടെത്തുന്നൊരു വഴിയുണ്ട്
നഷ്ടപ്പെട്ടു പോകുന്നതെന്തും
തിരികെ കൊണ്ടുവരുന്ന ഓര്‍മ്മയുണ്ട്
ജീവന്‍റെ കോണുകളിലെല്ലാം
മരണത്തിന്‍റെ കയ്യൊപ്പുണ്ട്
ഓരോ തളിരിലും
വേരിന്‍റെ സ്പന്ദനവും
മുകിലിന്‍റെ സ്പര്‍ശവുമുണ്ട്..
ഇന്നേതു ദുഖത്തിനും
ഭൂതകാലത്തിന്‍റെ
ഒരു നാളെയുണ്ട്‌ ..

ആഗ്രഹങ്ങളില്‍ നഷ്ടപ്പെടുന്നത്

നിന്നെ ഒളിപ്പിച്ചു വയ്ക്കാന്‍ ഹൃദയത്തിനുള്ളില്‍ 
ആകാശത്തിലേയ്ക്ക് തുറന്നിരിക്കുന്ന 
ഒരു കൊച്ചു മുറി വേണം 
അതിനു മേലെ നിന്‍റെ ചിരിയുടെ നീലമേഘങ്ങള്‍ പടരണം.. 
ആത്മാവേ 
ഇത്രത്തോളം ചെറിയൊരു കൊതിക്കുവേണ്ടി
ഞാനെന്തൊക്കെ നഷ്ടപ്പെടുത്തണം ?

Saturday, October 4, 2014

ഗിറ്റാറിസ്റ്റ്

1.പൂമ്പാറ്റകള്‍ പൂവ് തേടുമ്പോള്‍
വസന്തം ഓടിയെത്തുന്നത് പോലെ
ചില വിരല്‍ത്തുമ്പുകള്‍
ആകാശം തേടുമ്പോള്‍
കൂടണയുന്നതാണ് സംഗീതം

2.വിരലുകളില്‍
ചിറകുകള്‍ സൂക്ഷിക്കുന്നവരുണ്ട്
നമ്മെ,
നിറയെ പൂക്കുന്ന
ചെടികളാക്കുന്നവര്‍.. !
അവരുടെ ചിറകുകള്‍
നമ്മുടെ വസന്തങ്ങളെ
അനന്തതയിലേയ്ക്ക്
കൂട്ടിക്കൊണ്ടു പോകും..

Wednesday, October 1, 2014

അവന്‍ വരയ്ക്കുമ്പോള്‍

കഴിഞ്ഞ ജന്മത്തില്‍ എനിക്ക്
ഒരു ചിത്രകാരനോട്
പ്രണയമായിരുന്നു.

അയാള്‍  വരക്കുമ്പോഴെല്ലാം
ഞാനൊരു ശില്‍പ്പമായിരുന്നു.
കണ്ണിമ ഒന്ന് ചിമ്മാതിരുന്നത്  ,
കാറ്റ് വന്നിക്കിളിയിടുമ്പോള്‍ പോലും
മുടിയിഴ ഒന്ന് പാറാതിരുന്നത്
അയാളോടുള്ള
പ്രേമത്തിനാലാണ്.

മണിക്കൂറുകളും ഞാനുo
ക്യാന്‍വാസ്സിനു മുന്നില്‍
നില്‍ക്കും.
അയാള്‍
മഞ്ഞയിലൂടെയും
കറുപ്പിലൂടെയും
പച്ചയിലൂടെയും ഒഴുകിനടക്കും.

പ്രേമത്തിന്‍റെ ഒറ്റവര്‍ണ്ണത്തില്‍
ഒറ്റ വേഗത്തില്‍
ഒരേ ദിശയില്‍
ദൃഷ്ടി പായിച്ച്
ഞാന്‍ നിര്‍ജ്ജീവമാകും

ഓരോ പടവും വരച്ചു തീരുമ്പോഴുള്ള
അയാളുടെ
കണ്ണിലെ നിലാവ് ഞാന്‍ പുതച്ചു.
ഓരോ പടവും വരച്ചുതീരുമ്പോഴുള്ള
അയാളുടെ നെഞ്ചിലെ
തിര  ഞാന്‍ കാതോര്‍ത്തു.
ഓരോ പടവും വരച്ചു തീരുമ്പോഴുള്ള
അയാളുടെ ചുണ്ടിലെ
സൂര്യോദയം ഞാന്‍ കുടിച്ചു.
ഓരോ പടവും വരച്ചു തീരുമ്പോള്‍
അയാളുടെ കയ്യിലെ കടല്‍വിരിവില്‍
ഞാന്‍ എന്നെ മൂടിവച്ചു.
ഓരോ പടവും വരച്ചു തീരുമ്പോള്‍
അയാളുടെ വിരലറ്റങ്ങളിലെ പൂക്കളെ
ഞാനുമ്മ വച്ചു.

എന്നെ അയാള്‍ പല നിറങ്ങള്‍
ഉടുപ്പിക്കുന്നതും ,
ഓരോ ചിത്രത്തിലും
എന്‍റെ കണ്ണുകള്‍
നക്ഷത്രമാവുന്നതും കണ്ടു.
ശരീരത്തിന്‍റെ എല്ലാ മടക്കുകളിലും
പ്രേമത്തിന്‍റെ നെല്‍പ്പാടങ്ങള്‍
അയാള്‍ വരച്ചെടുത്തു.
എന്‍റെ ആകാശത്തിലെ ഓരോ
മേഘങ്ങളിലും അയാളുടെ
ചായങ്ങള്‍
കിളികളായി പറക്കുന്നുണ്ടായിരുന്നു.
എന്‍റെ വലത്തെ കവിളില്‍
ആമ്പലുകള്‍ വിടരുന്നതും
അതില്‍
സൂര്യനസ്തമിക്കുന്നതും
എങ്ങിനെയെന്ന്‍
അദ്ഭുതത്തോടെ ഞാന്‍ നോക്കി.

പൂന്തോട്ടത്തിലെത്തിയ കുട്ടിയെ പോലെ
വിരിഞ്ഞു നില്‍ക്കുന്ന
ഓരോ നിറത്തെയും
ഇറുത്തെടുത്തു ചൂടി.

അയാള്‍ വരയ്ക്കുമ്പോള്‍
നിശ്ചലയാവുന്ന എന്നെ
കൊടുങ്കാറ്റാക്കി ഭൂമിയുടെ
ഓരോ മുഴക്കങ്ങളിലേയ്ക്കും
പറത്തിവിട്ടു.
അയാളും ഞാനും തമ്മിലുള്ള
മഴവില്‍പ്പാലം
വെയിലിലും മഴയിലും ചിരിച്ചുനിന്നു.

കഴിഞ്ഞ ജന്മത്തില്‍ എനിക്ക്
ഒരു ചിത്രകാരനോട്
പ്രണയമായിരുന്നു.
അയാളെന്നെ ആകാശവും
ഭൂമിയും കടലും
കൊടുങ്കാറ്റുമാക്കി..




Saturday, August 16, 2014

മോഹിപ്പിച്ചു മായുന്നവ

ഓരോ സ്വപ്നത്തിന്റെയും
കോണിപ്പടികളിറങ്ങി
പ്രഭാതത്തിലേയ്ക്ക്,
ഉണര്‍വ്വിലേയ്ക്ക് വരുമ്പോള്‍
ഒന്ന് തിരിഞ്ഞു നോക്കിയാല്‍ കാണാം ,
കണ്ണില്‍നിന്നും മാഞ്ഞു മാഞ്ഞു പോകുന്ന
നക്ഷത്രക്കാടുകളെ .. !

Sunday, June 15, 2014

ആന ഒരു കാടാണ്

ആനയുടെ കണ്ണുകളില്‍
നോക്കിയാല്‍ കാണാം
ഒരു തടാകത്തിന്‍റെ
അല്ലെങ്കില്‍
ഒരു പുഴയുടെ
ഒരു നദിയുടെ നിശബ്ദത.. !

ഏതു കുത്തൊഴുക്കിലും
പുഴയുടെ ആഴം ശാന്തമാണ് .. !

ഇടയ്ക്ക് വെറുതെ ഒന്ന്
കവിഞ്ഞൊഴുകുമെന്ന് മാത്രം..

കാട്ടുതീ വന്നു നക്കിയെടുത്ത
ഒരു കാട് പോലെയാണ്
ആനയുടെ പുറം

പിഴുതെടുത്ത് മറിച്ചിടുന്ന മരങ്ങളും
ഓടിത്തിമിര്‍ക്കുന്ന വനാന്തരങ്ങളും
കരിപ്പാടുകളില്‍ ശൂന്യമായത് പോലെ
ഓര്‍മ്മകള്‍ അവശേഷിപ്പിക്കുന്ന
കുറ്റികള്‍ മാത്രമുള്ള ഭൂമിയല്ലേ

ആനയുടെ പുറമെന്ന് നോക്കൂ ..
ചങ്ങല കിലുക്കി
വഴിയിലൂടെ പോകുമ്പോള്‍
ശ്രദ്ധിച്ചാല്‍ കേള്‍ക്കാം
നിലക്കാത്തൊരു മുരള്‍ച്ച
മുറിവേറ്റു കരയുന്നൊരു
കാടിന്‍റെ നോവ്‌.. !

ആണി കൊളുത്തി വലിച്ചുകീറിയ
ഒരു ഉത്സവകാലത്തിന്‍റെ
ചിന്നംവിളി
വഴിയിലൂടെ നടന്നു പോകുന്നുണ്ട്..

ആന വലുതായിട്ടല്ല
കാട് ചെറുതായിട്ടാണ്
മനുഷ്യര്‍ക്കിടയിലൂടെ നടക്കുന്നത്..

(ജൂണ്‍ 2014 ലക്കം അകം മാസികയില്‍ പ്രസിദ്ധീകരിച്ചത്)

അറിയാനാവാത്തത്

നിന്നിലേയ്‌ക്ക് വളർന്നു
നിൽക്കുന്നൊരു വൃക്ഷമാണ്
ഞാൻ !
എന്റെ വേരുകളുടെ
ആഴവും മിടിപ്പും പിടച്ചിലും
നിനക്കല്ലാതെ
മറ്റാർക്കാണ്
അറിയാൻ സാധിക്കുക ?

Saturday, June 7, 2014

മായ്ച്ചു മായ്ച്ച് അറ്റത്തെത്തുമ്പോള്‍

ചിന്തിച്ചു ചിന്തിച്ച്
അങ്ങ് അറ്റത്തോളം എത്തുമ്പോള്‍
ഞാന്‍ കരുതും
ഇതുവരെ നടന്നെത്തിയിടങ്ങളിലെല്ലാം
നീ നിറഞ്ഞുനില്‍ക്കുമെന്ന്. 

തിരിഞ്ഞു നോക്കുമ്പോള്‍
ഞാന്‍ വന്നയിടങ്ങളിലെങ്ങും
നീയുണ്ടാവില്ല.

നിന്നെ തുന്നി വച്ച പൂക്കളെല്ലാം
കൊഴിഞ്ഞിട്ടുണ്ടാവും ,

നിന്നെ വരച്ചു ചേര്‍ത്ത മേഘങ്ങളെല്ലാം
പെയ്യ്തൊഴിഞ്ഞിട്ടുണ്ടാവും,

നിന്നെ കാത്തു വച്ച ഓളങ്ങളെല്ലാം
എങ്ങോ എന്നോ
ഒഴുകിപ്പോയിട്ടുണ്ടാവും,

നിന്നെ എഴുതിയ ഇടങ്ങളെല്ലാം
പൊടിമൂടിയിട്ടുണ്ടാവും,

നീ നീ
എന്ന് ഞാന്‍
പാടി പഠിപ്പിച്ച മുഴക്കങ്ങളൊക്കെ
മാറാലകളില്‍ തട്ടിചിതറി
നിശ്ശബ്ദമായിട്ടുണ്ടാവും,

നിന്നെ തിരക്കി
ഞാന്‍ പോയിടത്തെങ്ങും
നീ ഉണ്ടായിരുന്നില്ല
ഉണ്ടായിരിക്കും അഥവാ
ഉണ്ടാവണം
എന്ന് ഞാന്‍ ഊഹിച്ചതോ
ആഗ്രഹിച്ചതോ ആയിരിക്കാം.

ഒരിക്കലും ഞാന്‍ ചെന്നെത്താത്ത
ഏതോ ദൂരത്തിന്‍റെ തുഞ്ചത്തിരുന്ന്‍
നക്ഷത്രങ്ങളെ നെയ്യ്തു കൂട്ടുന്ന
സ്വപ്നത്തെ തിരഞ്ഞ്,
പൊടിയിലും
മണ്ണിലും നടക്കുകയാണ് ഞാനെന്ന്‍
അറിയാഞ്ഞിട്ടല്ല,

ഈ തിരച്ചിലിലെവിടെയോ
നീയറിയാതെ
നിന്‍റെ നക്ഷത്രവെളിച്ചം
എന്നിലേയ്ക്ക്
ചോര്‍ന്നു വീഴുന്നുണ്ടെന്നുള്ള
ബോധ്യമാണ്
എന്‍റെ ജീവിതമെന്നത്കൊണ്ടാണ്.