Monday, March 30, 2015

ഒരു പഴയ വണ്ടിയുടെ കാര്യം


എല്ലാ കണക്കുകൂട്ടലുകളും
പിഴയ്ക്കുന്നിടത്തു നിന്നും
മെല്ലെ സ്റ്റാര്‍ട്ട്‌ ആവുന്ന 
ഒരു പഴയ വണ്ടിയാണ്
കവിതയെന്ന്..
എല്ലാ കണക്കുകൂട്ടലുകളും
പിഴച്ചിടത്തു നിന്നും
മെല്ലെ സ്റ്റാര്‍ട്ട്‌ ആയ
ആ പഴയ വണ്ടി ,
എല്ലാ ആശ്വാസങ്ങളിലേയ്ക്കും ,
എല്ലാ ചിന്തകളിലേയ്ക്കും
കയറിച്ചെല്ലും..
എത്ര പതുക്കെ !
എന്നിട്ടും ഭദ്രമായി
അടച്ചുപൂട്ടിയ
എത്ര ഇടങ്ങളില്‍
അതിന് എത്താന്‍ കഴിയുന്നു !
ഒരു വാക്കെന്ന മലമടക്കിലൂടെ
ഒരു കടല്‍ എന്ന ചിന്തയിലൂടെ
ആ പഴയ വണ്ടി ,
താഴ്ന്നു പറക്കുന്ന പക്ഷിയെപ്പോലെ
പതുക്കെ പോകുന്നു !
ഒരു മത്സ്യത്തെപോലെ
ആഴങ്ങളെല്ലാം തോല്‍പ്പിക്കുന്നു !
കോടാനു കോടി പ്രശ്നങ്ങളും ,
അതിനുള്ളില്‍
കിടന്നു വിരകുന്ന മനുഷ്യരും
പിന്നിലേയ്ക്ക് !
വളരെ പിന്നിലേയ്ക്ക്
കൈ വീശിപ്പോകുന്നത് കാട്ടിത്തരുന്ന
ഈ പഴയ വണ്ടിയിലെ ജനാലയ്ക്കൊപ്പം
മഴയും മഞ്ഞും വെയിലും
നിലാവും കാണാത്ത ഋതുക്കളും
മറ്റെങ്ങും പോകാതെ കൂടെ വരുന്നു !
എല്ലാ കണക്കുകൂട്ടലുകളും
പിഴയ്ക്കുന്നിടത്തുനിന്നും
പതുക്കെ സ്റ്റാര്‍ട്ട്‌ ആയ ഈ വണ്ടി ,
വളരെ പതുക്കെ
പോകുന്ന വഴികളും
നേരത്തെ ഉണ്ടാക്കിയ നിയമങ്ങളും തെറ്റിച്ച്
ഒരിക്കലും കാണാത്ത
ഏതോ ഒരു ഫിനിഷിംഗ് പോയിന്‍റില്‍ ചെന്നിട്ട്
കൂടെ സഞ്ചരിച്ച
ഏതോ യാത്രക്കാരെ ഇറക്കിവിടും!
എകാന്തതയെന്നോ
കണ്ണീരെന്നോ
കാക്കത്തൊള്ളായിരം പ്രശ്നങ്ങള്‍ എന്നോ
ഒക്കെ പേരുള്ളവര്‍
ഇറങ്ങിപ്പോകും.. !
ഞാന്‍ മാത്രം വീണ്ടും തിരിച്ചു നടക്കും ..
തുടങ്ങിയ ഇടം പോലും മറന്ന്..
മറ്റെവിടേയ്ക്കോ.. !

ജനിമൃതികള്‍

ഓര്‍മ്മയ്ക്കും മറവിക്കും ഇടയില്‍
നമുക്കെത്ര ജനനങ്ങള്‍ ,
എത്രയെത്ര മരണങ്ങള്‍ !

പിറവി





















മരണം പോലൊന്ന് പകലിനു മേലെ
കറുത്തു കറുത്ത് ആകാശമാകെ മൂടിവച്ചു.
ഘടികാരസൂചി
ദിവസത്തെ ഒടുക്കത്തെ ബസിലേയ്ക്ക്
തിടുക്കത്തില്‍ ഓടിപ്പോകുന്നു.
രാത്രി പോലെ കറുത്ത ആ പകലിന്‍റെ
ഉണക്കമരക്കുറ്റിയില്‍ ഒരച്ഛന്‍റെ വാത്സല്യം
മകന് വേണ്ടി അക്ഷമയോടെ കാത്തിരുന്നു.
ഇലപ്പച്ചപ്പടര്‍പ്പില്‍നിന്നും രാത്രിയും കൂട്ടി
അതാ ദിവസത്തെ അവസാന ബസെത്തുന്നു.
മകനെ മകനെ എന്ന് വിളിച്ച്
നടന്നകലുന്ന ഓരോ യാത്രക്കാരനെയും
നോക്കുന്ന അച്ഛന്‍റെ ആധിയിലേയ്ക്ക്
വീണു പോവുകയാണ് ഒരു ദിവസം.
തിരികെ മടങ്ങും മുന്‍പ് അയാള്‍
നാലു തവണ ആ രാത്രിയിലേയ്ക്ക്
അല്ല, ദൂരേയ്ക്ക് മാഞ്ഞു പോകുന്ന
ശൂന്യമായ ആ ബസിലേയ്ക്ക്
മിഴി പായിക്കുന്നു
വിവശമായ നോട്ടം കൊണ്ട് ആ അച്ഛന്‍
എന്നിലേയ്ക്ക് ഒരായിരം അമ്പുകള്‍
തൊടുത്തു വിടുകയായിരുന്നു.
തിരികെ മടങ്ങുന്ന കണ്ണീര്‍ത്തോണിയുടെ
പടിയില്‍ ഒരു വയസ്സന്‍റെ പേടി
അഥവാ തീവ്രവേദന ഒരു വട്ടം കൂടി
ഇരുട്ടിലേയ്ക്ക് തിരിഞ്ഞു നോക്കുന്നു..
കാത്തിരിക്കുന്ന കണ്ണുകളിലേയ്ക്ക്
ഏകനായ് കയറിച്ചെല്ലുന്ന നഗ്നപാദന്‍റെ
ഓരോ കാല്‍വയ്പ്പും
നിത്യമായൊരു രാത്രിയുടെ പടിയോളം
ചെന്നു നില്‍ക്കുകയാണ് ..
ഒഴിഞ്ഞ മരുന്നുകുപ്പിക്കരികില്‍
ഒരമ്മ നെഞ്ചിടിപ്പോടെ കിടന്നു..
വേദനിപ്പിക്കുന്ന ആശുപത്രിയിലേയ്ക്ക്
ഒരിക്കലും കൊണ്ടുപോവാത്ത എന്‍റെ മകനെ,
ഒരു രാത്രി മുഴുവന്‍ നിന്നെയോര്‍ത്തു ഞാന്‍
നൊന്തുവല്ലോ എന്ന് പറഞ്ഞത് അമ്മയാണ്..
വാതിലിലെത്തുന്ന ഓരോ അനക്കത്തിലേയ്ക്കും
ഓടിപ്പോയി നോക്കുന്ന
പെങ്ങളുടെ നെഞ്ചിടിപ്പിലൂടെ
ഒരു തീവണ്ടി പാഞ്ഞുനടക്കുന്നു..
രാത്രിയുടെ ഓരോ മിടിപ്പും
അയാള്‍ എണ്ണിയതുകൊണ്ടാവണം അന്നുo
നേരം പുലര്‍ന്നത്.
സന്ധ്യക്കുള്ള ഒറ്റവണ്ടിക്ക് വേണ്ടി
അതിരാവിലെ മുതല്‍ കാത്തിരിക്കുന്ന
അച്ഛന്‍റെ കണ്ണിലൂടെ
ഒരു സൂര്യന്‍ എരിഞ്ഞിറങ്ങി ..
അക്ഷരങ്ങളില്ലാത്ത നെടുവീര്‍പ്പിന്
ഭൂമിയോളം ഭാരമുണ്ടായിരുന്നു.
വീട്ടിലെ ഓരോ സന്ദര്‍ശകന്‍റെയും
നിഴലോട് ചേര്‍ന്ന് മകനെ തേടിയ
അമ്മയുടെ തിമിരം.
അനുജന്‍റെ വരവിലേയ്ക്ക് നീട്ടിവച്ച
ഓപ്പോളുടെ കണ്ണുകള്‍ അവന്‍റെ കവിതയിലൂടെ
മഴത്തുള്ളിള്‍കക്കൊപ്പം ചിതറി നടന്നു ..
വന്നു പോയ ഓരോ വണ്ടിയിലും
അയാളുടെ കാതുകള്‍ അച്ഛാ എന്ന
വിളിക്ക് വേണ്ടി കാതോര്‍ത്തു..
ബസ്‌സ്റ്റോപ്പിലെ മരക്കുറ്റിയില്‍
ഓരോ നിമിഷവും പ്രാര്‍ത്ഥനയാക്കി
ഓരോ ശ്വാസവും അധ്വാനമാക്കി
ഓരോ രാത്രിയും പകലുകളാക്കി
ഒരു വെളിച്ചം മാത്രം നനഞ്ഞു നീറിയിരുന്നു..
സങ്കടപ്പെടാന്‍ നീട്ടിക്കിട്ടുന്ന
വലിയ അനുഗ്രഹത്തിന്‍റെ വീട്ടില്‍
ഒരമ്മയുടെ കാത്തിരിപ്പ് മെല്ലെ ഭ്രാന്തമാവുന്നു ..
ഏതോ പത്രവാര്‍ത്തയുടെ ഞെട്ടലില്‍
മകന്‍റെ കയ്യിലെ വിലങ്ങ് തേടി
അച്ഛന്‍റെ യാത്ര തുടങ്ങുകയാണ്..
നിര്‍ദ്ധനനായൊരു സാധുവിന്‍റെ
വിരലുകളില്‍ നിന്നും
എന്‍റെ മകനെവിടെ
അവനെ രക്ഷിക്കൂ
അവനെ കാട്ടിത്തരൂയെന്ന്‍
ഒരക്ഷരമാല
മുഴുവനും കൊണ്ട്
ഒരു കണ്ണീരിലെ
എല്ലാ മുള്ളുകളും കൊണ്ട്
യാചിച്ചു അയാള്‍ മുട്ടാത്ത വാതിലുകളോ
കേഴാത്ത ദൈവങ്ങളോ
നേരാത്ത നേര്‍ച്ചകളോ ഉണ്ടാവില്ല..
കനത്തു നിന്നൊരു കാര്‍മേഘം പോലെ
ഓരോ പടികളിലും
അയാള്‍ പെയ്യ്തുകൊണ്ടേയിരുന്നു..
മുടന്തന്‍ കാലുകളുടെ കുഴച്ചിലില്‍
ചവുട്ടിയ നടകളെല്ലാം തിരസ്കരിച്ചിട്ടും
മകനെവിടെയെന്ന വിലാപത്തിന്
ആരുമാരും മറുപടി നല്‍കാതിരുന്നിട്ടും
ആരുമാരും ചെവി കൊടുക്കാതിരുന്നിട്ടും
ഒരു പ്രേതാത്മാവിനെപോലെ അലഞ്ഞ
അച്ഛന്‍റെയുള്ളില്‍
ഒരു കുഞ്ഞ് നിറുത്താതെ കരഞ്ഞുകൊണ്ടിരുന്നു
ക്ഷൌരം ചെയ്യാത്ത വെളുത്ത താടിക്കൂട്ടത്തിലൂടെ
ചുളിഞ്ഞ കവിളിന്‍റെ അകക്കാമ്പ് തുളച്ച്
കണ്ണീരുണങ്ങിക്കിടന്നു..
സൂചി മുനകളാല്‍ മുറിപ്പെടുത്തി ..
വീണൊന്നു പൊട്ടിക്കരയാന്‍
മകന്‍റെ കുഴിമാടം പോലുമില്ലാത്ത
ഒരച്ഛന്‍റെ വേദനയെ,
ഒരു ജന്മം മുഴുവന്‍ തേടി നടന്നിട്ടും
മകന്‍ എവിടെയെന്നറിയാതെ പോയൊരു
വൃദ്ധന്‍റെ തീരാനോവിനെ
ഉലയില്‍ നീറി നീറി പഴുക്കുന്നൊരു ആത്മാവിനെ
മറ്റേതൊരു മുറിവിനോടു ഞാനുപമിക്കും ?
ഓരോ തവണ കാലിടറി വീഴുമ്പോഴും
"മുറുക്കെ പിടിക്കണേ ഉണ്ണീ ,
അച്ഛന്‍... അച്ഛന്‍ വീഴാണ്ടിരിക്കട്ടെ "
എന്നാവര്‍ത്തിച്ച്
അയാള്‍ വീണു കൊണ്ടിരുന്നു..
പിറവിയെന്ന മഹാവേദനയില്‍
ഒരച്ഛനും ഒരമ്മയും ജനിക്കുന്നു..
ഏതു രാത്രിയിലും മകന്‍ കയറി വന്നാല്‍
ഉണ്ണാന്‍ ഒരു പൊതി ചോറ് കാത്തു വച്ച്
ഒരു വീടും കുറെ കണ്ണുകളും
നിലാവുകളിലും നിഴലുകളിലും
മണ്ണിലും പൂവിലും തേടി നടന്നു
ഒരു മകന് വേണ്ടി..
പുറത്തെ തോരാത്ത മഴ
എന്‍റെ ജനാലയില്‍ തല തല്ലിക്കരയുന്നു..
താളമില്ലാത്ത ഈ തുള്ളികള്‍
മകനെ , മകനെ ,എന്‍റെ ജീവനെ
എന്ന് നിലവിളിക്കുകയാണ് ..
ഏതു മഴയിലാണ് നീ നനയുന്നത്
എന്ന് വിതുമ്പുകയാണ് ..
മുറിക്കുള്ളില്‍
വിരികള്‍ക്കുള്ളില്‍
പഞ്ഞിക്കിടക്കയില്‍ അമര്‍ന്നുകിടന്നിട്ടും,
മനസ്സ് വാതില്‍ തുറന്ന് പുറത്തേയ്ക്കോടും..
അച്ഛന്‍റെ കണ്ണീരില്‍ നനഞ്ഞു നില്‍ക്കും..
ഈ ഇരുളില്‍
ഈ കുളിരില്‍ എല്ലുകള്‍ നുറുങ്ങിയിട്ടും
ഒരു മിടിപ്പ്
ഒരു മിന്നാമിന്നി വെളിച്ചത്തില്‍
പേരില്ലാത്ത മരണത്തോടൊപ്പം
ഇറങ്ങിപ്പോയൊരു മകനെ തിരയുന്നുണ്ട് ..
ഒരു ഓര്‍മ്മക്കുറിപ്പ്‌ ചോരകൊണ്ട് ഒപ്പിട്ടുവച്ച്
അതാ ഒരു വൃദ്ധന്‍ ഇറങ്ങിപ്പോകുന്നു..
ജീവിതം പൊതിഞ്ഞുപിടിച്ചൊരു
വരമ്പിന്‍റെ ഏകാന്തതയിലൂടെ
ഇരുട്ടിന്‍റെ പാടത്തൂടെ
അയാളിറങ്ങിപോയി ..
തന്നെക്കാത്ത് ആ മഴയത്തൊരാള്‍
കാത്തുനില്‍ക്കുന്നത് അയാള്‍ കണ്ടു ..
മരണത്തിലേയ്ക്കൊരു
ടോര്‍ച്ചുവെളിച്ചം കത്തിച്ചുപിടിച്ച്
ഒരു മകന്‍ കാത്തുനിന്നു..
ജീവിതം മുഴുവന്‍
മരണം വായിച്ചു മരിച്ച ഒരച്ഛന്‍,
ഇനി മരണത്തിലെങ്കിലും ജീവിക്കട്ടെ ..
വെയിലില്‍ ചിരിക്കട്ടെ..
ഈ മഴ തോരട്ടെ..
ചില മഴക്കാലങ്ങള്‍ ചിലരുടെ കണ്ണീരാണ്
ചില ജീവിതങ്ങള്‍ മരണം പോലെയാണ്..
(Kalaappornna April edition. This is a poem based on the movie "piravi")

വിപരീതപരിണാമം:














ആദ്യം തുളച്ചിറങ്ങിയ
സൂചിക്കുളിര്
മുഴുവന്‍ നനയുമ്പോള്‍ 
അപ്പൂപ്പന്‍താടിയോ
ഇതളായോ
തൂവലായോ
മേഘമായോ
കൊഴിഞ്ഞും മറഞ്ഞും പറന്നും
പോകുന്നതുപോലെ,
എണ്ണിപ്പെറുക്കിവയ്ക്കുന്ന
മുറിവുകളെയൊക്കെ
മറവിയായും
നെടുവീര്‍പ്പായും കാലം
വിവര്‍ത്തനം ചെയ്യുന്നു
ഓരോ മുള്ളിനും
ഒരു പൂവും
എവിടെയോ
വിരിയുന്നത് പോലെ !
എന്നോ ഒരിക്കല്‍
ഇരിക്കേണ്ട തണല്‍ച്ചുവടിനുവേണ്ടി
മണ്ണിനടിയില്‍
വേരിനിടയില്‍
ഒരു വിത്തായി ഉറങ്ങുന്നുണ്ട് ഇന്ന്
ഒരു പൊള്ളല്‍ക്കാലം
ഈ നെറുകിന്‍റെ
വേനല്‍പ്പാടങ്ങളില്‍ ,
തീയില്‍ ചുട്ടെടുക്കുന്ന
കനല്‍പ്പഴങ്ങളില്‍ ,
നിറഞ്ഞും മറിഞ്ഞും പെയ്യാന്‍
ഒരു കടലിനെ,
ആകാശം
പതുക്കെ
വളരെ പതുക്കെ
കുടിച്ചു വറ്റിക്കുന്നുണ്ട്
പാടി പാടി തനിയെ
നിലച്ചുപോയൊരു
പാട്ടുപെട്ടിയുടെ
കനത്ത ഏകാന്തതയാണ് ഞാന്‍ !
പുതിയതൊന്നിനെയും
സംപ്രേക്ഷണം ചെയ്യാത്ത,
എന്‍റെ വാശിയുടെ മാറാലയില്‍
നീയൊരു ഓര്‍മ്മയായി മാത്രം
മെല്ലെ പരിണമിക്കുന്നുമുണ്ട്
വാതില്‍ ഓരോന്ന് കടക്കുമ്പോഴും
ഓരോ ചങ്കിടിപ്പിലും
പൊള്ളലിലും മുറിവിലും
സംശയങ്ങള്‍ കല്ലിച്ചുതന്നെ കിടക്കും
ഒന്നില്‍ നിന്നും മറ്റൊന്ന്
നേര്‍വിപരീതമായി
പരിണമിക്കും വരെ ,
പരിണാമരഹസ്യങ്ങളും
വഴികളും വെറും
ചോദ്യങ്ങള്‍ മാത്രമാണ്..
(29.03.2015 Malayalam news)

മറക്കാനൊരു പറക്കല്‍

ഒരുപക്ഷെ ഇനിയൊരിക്കലും 
തിരിച്ചുവരാനില്ലാത്ത
ആ ദിവസത്തിലേയ്ക്ക്
ഞാന്‍ ഒരോര്‍മ്മയെക്കൂടെ
തറച്ചുവയ്ക്കട്ടെ..
സ്മൃതിയുടെ
സൂചിക്കുത്തിനുമേലേ
എന്‍റെ ചിറകുകളാല്‍
പറന്നുയര്‍ന്ന്
തിരകള്‍ക്കും തീരങ്ങള്‍ക്കും
അപ്പുറത്തേതോ ചിരികളിലേയ്ക്ക്
വഴുതിവീഴുകെന്‍റെ കാലമേ..

Friday, February 27, 2015

ഒറ്റ


നിഴലിനൊപ്പം
കണ്ടും കാണാതെയും
ഒളിഞ്ഞും തെളിഞ്ഞും 
മറ്റെന്തോ ഉണ്ട്..
ഓരോ സന്തോഷത്തിനൊപ്പവും
വിഷാദം പോലൊന്ന്..
ഓരോ കണ്ണീര്‍കാലത്തിലും
അറിയാതെ വന്നു പോകുന്ന
പുഞ്ചിരി പോലൊന്ന് ..
ഒറ്റയ്ക്കാവാതിരിക്കാന്‍ ഭയന്ന്
ഒറ്റയ്ക്കിരിക്കുന്ന ഒറ്റപ്പെടലുകളില്‍ പോലും
നമ്മളാരെയോ തേടുന്നുണ്ട്..
ഒന്നായി മാത്രം
ഒറ്റയായി മാത്രം ഇവിടെ ഒന്നുമില്ല..
ഒന്നിന് ഒന്ന് മാത്രമായി
നിലനില്‍പ്പില്ലെന്നു പഠിപ്പിക്കുന്ന
രണ്ട് ഒന്നുകള്‍ ചേര്‍ന്ന്
വീണ്ടും മറ്റൊരു ഒന്നാകുന്ന
മനസ്സിന്‍റെ കളികളിലേയ്ക്ക്
ഒറ്റയ്ക്ക് ഊളിയിട്ടിറങ്ങി ചെന്ന്
ഒരു വരി കണ്ടെത്തുകയാണ് ഞാന്‍ ..

കറുത്ത നിറമുള്ള ഒന്നിനെ ഇളം ഓറഞ്ചുകൊണ്ട് മഴവില്ലാക്കിയ കവിത

എന്നും എപ്പോഴും രാത്രി മാത്രമായിരുന്ന
നക്ഷത്രങ്ങള്‍ സ്വപ്നത്തില്‍ മാത്രമായിരുന്ന
ആരുമാരും നടക്കാതിരുന്നിട്ടും
മരക്കൂട്ടങ്ങള്‍ക്കിടയില്‍ നൂല് പോലെ
തെളിഞ്ഞു കിടന്നൊരു കറുത്ത ഇടവഴിയിലേയ്ക്ക്
ഏതോ ചില്ലയില്‍നിന്നും
ഇടറി വീണൊരു ഇളം ഓറഞ്ചു നിറം !

നിനക്ക് കാടിന്‍റെ നിശ്ശബ്ദതയെ
സംഗീതമാക്കാന്‍ അറിയാമായിരുന്നു

നിനക്ക് ഈ വഴിയിലേയ്ക്ക്
കാറ്റിനെ വിളിച്ചുകൊണ്ടു വരാന്‍
അറിയാമായിരുന്നു

ഓരോ കാറ്റിലും
ഒരായിരം കടുംചുവപ്പന്‍ വാകപ്പൂക്കള്‍
കൊഴിച്ചിടാന്‍ അറിയാമായിരുന്നു

നീയൊരു ഇളം ഓറഞ്ചു നിറമായിരുന്നു !

നീ വഴിനീളെ കടല്‍നീല
ശലഭങ്ങളെക്കൊണ്ട് നിറയ്ക്കുമായിരുന്നു

ചാറ്റല്‍മഴയില്‍ നനഞ്ഞുനില്‍ക്കുന്ന
ഇലപ്പച്ചപ്പടര്‍പ്പുകളെ
സ്വര്‍ണ്ണം ചാലിച്ച മഞ്ഞത്തുടിപ്പാല്‍
മിനുക്കുമായിരുന്നു

ഉരുളന്‍ കല്ലുകള്‍
ആഴ്ന്നു തറഞ്ഞു കിടന്നിടത്തുനിന്നും
ഏതോ വിടവുകളിലൂടെ
ചെറുപുല്ലുകള്‍ കിളിര്‍ത്തുവരികയും
അതില്‍ അരിമണിയോളമുള്ള
വയലറ്റ് പൂക്കള്‍
ചിരിച്ചുനില്‍ക്കുകയും ചെയ്യുമായിരുന്നു

നീയൊരു ഇളം ഓറഞ്ചു നിറമായിരുന്നു !

നിനക്കൊപ്പം മാമരത്തിന്‍റെ
കൊമ്പുകളിലേയ്ക്ക്
വെള്ളി നക്ഷത്രക്കണ്ണുകളും
തവിട്ടു ചിറകുള്ള
നൂറു നൂറു ചിലമ്പലുകളുമുണ്ടായിരുന്നു

നീ പാതിരാപ്പൂക്കളെ
മുത്തി ഉണര്‍ത്തുകയും
നീ കാട്ടുവള്ളികളെ
ഊഞ്ഞാലാട്ടുകയും ചെയ്തിരുന്നു

ഞാന്‍ കറുത്തു കിടന്നൊരു
കനത്ത മൌനമായിരുന്നു
നീ ..
നീയോ ?
നിന്നെ ഞാന്‍ എന്‍റെ ഹൃദയത്തിലേയ്ക്ക്
ഏറ്റുവാങ്ങിയ
ഇളം ഓറഞ്ചു നിറമുള്ള
സായാഹ്നസന്ധ്യയായിരുന്നു

നീ നിറങ്ങളെ കൊണ്ടുവന്നു
നീ ഗാനങ്ങളെകൊണ്ട് നിറച്ചു

ഞാനിപ്പോള്‍ നിന്നിലൂടെ
ആകാശത്തിലേയ്ക്ക് തുറന്നുവച്ചൊരു
മഴവില്‍ പാലമാണ് !

(malayalam news-feb 23)

Sunday, February 15, 2015

ഞാനെന്ന ഞാന്‍ മാത്രത്തില്‍ നീയെന്ന നീ മാത്രം

വേരോളം നീരാവുന്ന നിന്റെ
സ്നേഹമഴയിൽ 

നിറയെ പൂത്തുനിൽക്കാനൊരു 
വസന്തത്തെ ഞാനെപ്പോഴും
കാത്തു വയ്ക്കുന്നുണ്ട്


നിലാവ് പടരുമ്പോള്‍ 
രോമാഞ്ചം കൊള്ളുന്ന 
കാട്ടുതുളസിയുടെ തോട്ടമാണ് 
നീ വരുമ്പോള്‍ എന്‍റെ മനസ്സെന്നു 
നിനക്കറിയില്ലേ 
ഈ പ്രണയത്തില്‍
ഉരുകി
ഞാന്‍ എന്നില്‍ നിന്നും അടര്‍ന്ന്
നിന്നിലേയ്ക്ക് വീഴട്ടെ
എന്‍റെ വേവുകളുടെ 
ഉരുക്കങ്ങളോടെ
നിന്‍റെ തണുപ്പിലേയ്ക്ക് നിറയാന്‍
മുറിവുകള്‍ നീ തുറന്നു വയ്ക്കണം
നനഞ്ഞു നനഞ്ഞ് 
എന്‍റെ സ്വപ്നങ്ങളുടെ പാടങ്ങള്‍
നിന്നിലൂടെ ഒഴുകി ആഴത്തിലെത്തി
നീലയില്‍ കുതിര്‍ന്ന് പിന്നെയെപ്പോഴോ
നിന്നിലെയ്ക്ക് തന്നെ പെയ്യട്ടെ ഞാനും
തീരാതെ തോരാതെ