Saturday, December 31, 2011

അഗ്നി

നിന്നോടുള്ള സ്നേഹത്തിന്റെ അഗ്നിയില്‍ 
ഞാന്‍ ഉരുകി തീരുവോളം 
എന്നെ വെറുത്തുകൊള്ളൂ...
ഒടുവില്‍ നിനക്കായി ഞാന്‍ അലിഞ്ഞലിഞ്ഞ് 
ഇല്ലാതാകുമ്പോഴെങ്കിലും 
എന്നെ ഒരു മാത്ര നീ അറിഞ്ഞിരുന്നെങ്കില്‍ ...

Friday, December 30, 2011

മൌനമേ..

തൂലികതുമ്പിലെ അഗ്നി അണഞ്ഞത് പോലെ ...
ചിലപ്പോഴൊക്കെ 
മനസ്സില്‍ ഒഴുകിയിറങ്ങുന്ന വികാരങ്ങളെ 
വാക്കുകളാല്‍ അലങ്കരിക്കാനാവില്ല ...
മൌനം ... 
മൌനത്തിനു മാത്രമേ അവയെ മനസ്സിലാക്കാനാവൂ ...
അത് കൊണ്ടുതന്നെ ... 
മൌനമേ... ഞാന്‍ നിന്നെ പ്രണയിക്കുന്നു...
നിനക്ക് മാത്രം അറിയാവുന്ന 
എന്റെ വേദന ഒപ്പിയെടുക്കുവാന്‍..///......
എന്റെ ചോരയും കണ്ണീരും പുരണ്ട 
തൂലികയ്ക്കാവുന്നില്ല...
എന്റെ ഹൃദയവും കൊണ്ട് 
അവന്‍ ദൂരേയ്ക്ക് മറഞ്ഞപ്പോഴും,
വിദൂരത്തെവിടെയോ അവന്‍ 
അതിനെ എറിഞ്ഞു കളഞ്ഞപ്പോഴും ...
വരണ്ട ആത്മാവിന്റെ നീറ്റല്‍ ശമിപ്പിക്കാന്‍..
മൌനമേ.. നീ സമ്മാനിച്ച ഒരിറ്റു കണ്ണീരിനെ ആയുള്ളൂ.. 




Saturday, December 10, 2011

ഉപമ

നീ വളരെ ദൂരത്താണെന്ന് മനസ്സ് തിരിച്ചറിയുമ്പോള്‍
വേദന വാക്കുകളായി ഇവിടെ ഒഴുകാറുണ്ട് ..
നിന്നെ പ്രണയിക്കുമ്പോള്‍ ഞാന്‍ നിനക്ക് മുന്‍പില്‍ വാചാലയാവുന്നു ...
എങ്കിലും വാക്കുകളില്‍ എന്റെ പ്രണയം പകര്‍ത്താനാവില്ല ...
നിന്നെയോര്‍ത്തുള്ള എന്റെ വേദന ... ഹാ ...
മറ്റൊന്നിനോടും ഉപമിക്ക വയ്യ ... !
അതിലും ഉപരിയായി മറ്റൊരു വേദനയും ഇല്ല.. !
ഒരുപക്ഷെ ആ വേദനയെക്കാളും എത്രയോ ആഴമേറിയാതാണ്
എനിക്ക് നിന്നോടുള്ള പ്രണയം ...
അതുകൊണ്ടാവും... വാക്കുകളില്‍ എനിക്കത് പകര്‍ത്താനവാത്തത് ... !
ഏതു വാക്കുകള്‍ കടമെടുത്താലും ...
എവിടെ പൊയ് തിരഞ്ഞാലും അതുപമിക്കാന്‍ എനിക്കാവില്ല...

Wednesday, December 7, 2011

ദൈവത്തിന്റെ ഭാഷ


ദൈവമേ നിന്റെ ഭാഷയേതാണ് ?? 
ഒരിക്കല്‍ മാത്രം എന്റെ മുന്‍പില്‍ വരാമോ...
ഒരിക്കല്‍ മാത്രം എന്റെ പ്രാര്‍ത്ഥന കേള്‍ക്കാമോ ...
എല്ലാരും എന്നെ കുറ്റപ്പെടുത്തുന്നത് നീ കാണുന്നില്ലേ...
നിനക്കറിയില്ലേ എന്നെ... ??
അവനു വേണ്ടി ഇനിയും കാത്തിരിക്കുന്ന ഞാന്‍ 
എത്ര മണ്ടിയാണെന്ന് അവര് പറയുന്നു...
ഞാന്‍ മറക്കണം പോലും ... !
അവനെ സ്വന്തമാക്കണമെന്നു കൊതിക്കുന്ന ഞാന്‍ 
സ്വാര്‍ഥയാണെന്ന് അവര് പറയുന്നു...!
യഥാര്‍ത്ഥ പ്രണയം സ്വന്തമാക്കണമെന്നു ആഗ്രഹിക്കില്ല പോലും... !
ദൈവമേ... നീ എങ്കിലും എന്നെ മനസ്സിലാക്കുന്നുവോ ?
നിന്നോട് എന്ത് ചോദിക്കണമെന്ന് എനിക്കറിയില്ലല്ലോ ...
നിന്നോട് എന്ത് പ്രാര്‍ഥിക്കണമെന്നും എനിക്കറിയില്ല...
അടച്ച കൂട്ടില്‍ , ചിറകറ്റു പിടയുന്ന കിളിയെ പോലെ...
മെഴുകുതിരിയുടെ കാല്‍ച്ചുവട്ടില്‍... 
വെളിച്ചത്തെ പുണര്‍ന്നുകൊണ്ട്,
ജീവന് വേണ്ടി പിടയുന്ന ഈയലിനെ പോലെ...
എന്റെ ഉള്ളില്‍ ചങ്ക് വേദനയോടെ പുളയുന്നു .... !
അവനെ ഞാന്‍ സ്നേഹിക്കുന്നു...
അത് മാത്രമേ എനിക്കറിയുകയുള്ളൂ...
അത് സ്വാര്‍ഥമാണോ എന്നും ...
മടയത്തരം ആണോ എന്നും എനിക്കറിയില്ല...
ഇനിയും ഞാന്‍ സ്നേഹിക്കും...
അവനെ സ്നേഹിക്കാനെ എനിക്കറിയു...
മറ്റൊന്നും എനിക്കറിയില്ല... !

Sunday, December 4, 2011

എന്നെ മറക്കുമോ

അന്ന് ഞാന്‍ ഒരു നൂറു വട്ടം ചോദിച്ചതല്ലേ .... എന്നെ മറക്കുമോ എന്ന് ... ചോദിച്ചപ്പോഴൊക്കെ നീ അസ്വസ്ഥനായി ... ! കാരണം എനിക്കറിയാമായിരുന്നു എന്നെ മറക്കാന്‍ നിനക്കാവുമെന്ന് .... ! അന്ന് നീ എന്നെ നിന്നോട് ചേര്‍ത്തു പിടിച്ചു... എന്റെ ജീവന്‍ നിന്റെ ഹൃദയമിടിപ്പുകളോട് ചേര്‍ന്നപ്പോള്‍ , നീ എന്നോട് അല്പം പരിഭവത്തോടെ പറഞ്ഞു.... നിന്നെ പോലെ തന്നെ എനിക്കും ഒരു കുഞ്ഞു മനസ്സുണ്ട്... നിന്നെ പോലെ തന്നെ എനിക്കും വേദന അറിയുന്ന ഒരാത്മാവുണ്ടെന്ന്.... എന്നിട്ടിപ്പോ.... എത്രയോ കാലമായി.... മുറിവേറ്റു വീണിട്ടും ..നിനക്ക് വേണ്ടി മാത്രം ജീവനെ ...ഓര്‍മകളില്‍ പോലും ക്രൂരമായി കൊന്നൊടുക്കി.... നീ ജീവിക്കുന്നു .... !

Saturday, December 3, 2011

മരണം

മരണം രംഗ ബോധം ഇല്ലാത്ത കൊമാളിയാണെന്ന് പറയുന്നത് എത്ര സത്യമാണല്ലേ... ?? പ്രണയം പോലെ തന്നെ... !! മരണം കൊതിക്കുന്നവരെ അത് തിരിഞ്ഞു നോക്കില്ല... ജീവിക്കാന്‍ ഒരുപാട് ആഗ്രഹിക്കുന്നവരെ തിരഞ്ഞു കൊണ്ടുപോകും ... ! ഈശ്വരാ ... നീ ഇതു ലോകത്താണെന്ന് എനിക്കറിയില്ല... അവനെ എനിക്ക് കിട്ടില്ല എങ്കില്‍... അവനെ നീ എനിക്ക് തിരിച്ചു തരില്ലെങ്കില്‍... എന്നോട് അല്പം കരുണ കാണിക്കു... ഇനിയും ഉരുകിയൊലിക്കാന്‍ എനിക്ക് വയ്യ ... എന്‍റെയീ പാഴ്ജന്മം ഇനിയും വലിച്ചു നീട്ടരുതേ... ആഗ്രഹിക്കുന്നവര്‍ക്കത്തു കൊടുക്കൂ... !! 

Friday, December 2, 2011

ഡിസംബര്‍...

തണുത്ത കാറ്റില്‍ ..
കണ്ണീര്‍തുള്ളികളും ചുമന്ന്‌,
ഒരു ഡിസംബര്‍ കൂടി ...
ഡിസംബര്‍ ... നിന്നോടെനിക്ക് പ്രണയമാണ് ...
ആണ്ടുകള്‍ എരിഞ്ഞടങ്ങുന്നത് നിന്നിലാണല്ലോ...
കാത്തിരിപ്പുകളില്‍,
പുതിയ കിരണങ്ങള്‍ പുനര്‍ജനിക്കുന്നതും
നിന്നില്‍ തന്നെ ... !
അവനെയോര്‍ത്ത്,
കരള്‍ പിടയുമ്പോള്‍ ..
അവന്റെ ചിന്തകളില്‍,
മിഴി നിറയുമ്പോള്‍...
ഹാ ഡിസംബര്‍ ...
എഴുതി ചേര്‍ക്കു ....
നിന്റെ നെഞ്ചില്‍ എന്റെയീ വേദന കൂടി...
ഒരിക്കല്‍ അവന്‍ ഈ വഴി വരും ...
അന്നവന്റെ കാതില്‍ നീ ചൊല്ലണം ...
ഇവിടെ ചിറകൊടിഞ്ഞു പിടഞ്ഞ ഒരു രാപ്പാടി ...
അവനെ ഒരുപാട് സ്നേഹിച്ചിരുന്നുവെന്ന്...