മരണം പോലൊന്ന് പകലിനു മേലെ
കറുത്തു കറുത്ത് ആകാശമാകെ മൂടിവച്ചു.
ഘടികാരസൂചി
ദിവസത്തെ ഒടുക്കത്തെ ബസിലേയ്ക്ക്
തിടുക്കത്തില്‍ ഓടിപ്പോകുന്നു.
രാത്രി പോലെ കറുത്ത ആ പകലിന്‍റെ
ഉണക്കമരക്കുറ്റിയില്‍ ഒരച്ഛന്‍റെ വാത്സല്യം
മകന് വേണ്ടി അക്ഷമയോടെ കാത്തിരുന്നു.
ഇലപ്പച്ചപ്പടര്‍പ്പില്‍നിന്നും രാത്രിയും കൂട്ടി
അതാ ദിവസത്തെ അവസാന ബസെത്തുന്നു.
മകനെ മകനെ എന്ന് വിളിച്ച്
നടന്നകലുന്ന ഓരോ യാത്രക്കാരനെയും
നോക്കുന്ന അച്ഛന്‍റെ ആധിയിലേയ്ക്ക്
വീണു പോവുകയാണ് ഒരു ദിവസം.
തിരികെ മടങ്ങും മുന്‍പ് അയാള്‍
നാലു തവണ ആ രാത്രിയിലേയ്ക്ക്
അല്ല, ദൂരേയ്ക്ക് മാഞ്ഞു പോകുന്ന
ശൂന്യമായ ആ ബസിലേയ്ക്ക്
മിഴി പായിക്കുന്നു
വിവശമായ നോട്ടം കൊണ്ട് ആ അച്ഛന്‍
എന്നിലേയ്ക്ക് ഒരായിരം അമ്പുകള്‍
തൊടുത്തു വിടുകയായിരുന്നു.
തിരികെ മടങ്ങുന്ന കണ്ണീര്‍ത്തോണിയുടെ
പടിയില്‍ ഒരു വയസ്സന്‍റെ പേടി
അഥവാ തീവ്രവേദന ഒരു വട്ടം കൂടി
ഇരുട്ടിലേയ്ക്ക് തിരിഞ്ഞു നോക്കുന്നു..
കാത്തിരിക്കുന്ന കണ്ണുകളിലേയ്ക്ക്
ഏകനായ് കയറിച്ചെല്ലുന്ന നഗ്നപാദന്‍റെ
ഓരോ കാല്‍വയ്പ്പും
നിത്യമായൊരു രാത്രിയുടെ പടിയോളം
ചെന്നു നില്‍ക്കുകയാണ് ..
ഒഴിഞ്ഞ മരുന്നുകുപ്പിക്കരികില്‍
ഒരമ്മ നെഞ്ചിടിപ്പോടെ കിടന്നു..
വേദനിപ്പിക്കുന്ന ആശുപത്രിയിലേയ്ക്ക്
ഒരിക്കലും കൊണ്ടുപോവാത്ത എന്‍റെ മകനെ,
ഒരു രാത്രി മുഴുവന്‍ നിന്നെയോര്‍ത്തു ഞാന്‍
നൊന്തുവല്ലോ എന്ന് പറഞ്ഞത് അമ്മയാണ്..
വാതിലിലെത്തുന്ന ഓരോ അനക്കത്തിലേയ്ക്കും
ഓടിപ്പോയി നോക്കുന്ന
പെങ്ങളുടെ നെഞ്ചിടിപ്പിലൂടെ
ഒരു തീവണ്ടി പാഞ്ഞുനടക്കുന്നു..
രാത്രിയുടെ ഓരോ മിടിപ്പും
അയാള്‍ എണ്ണിയതുകൊണ്ടാവണം അന്നുo
നേരം പുലര്‍ന്നത്.
സന്ധ്യക്കുള്ള ഒറ്റവണ്ടിക്ക് വേണ്ടി
അതിരാവിലെ മുതല്‍ കാത്തിരിക്കുന്ന
അച്ഛന്‍റെ കണ്ണിലൂടെ
ഒരു സൂര്യന്‍ എരിഞ്ഞിറങ്ങി ..
അക്ഷരങ്ങളില്ലാത്ത നെടുവീര്‍പ്പിന്
ഭൂമിയോളം ഭാരമുണ്ടായിരുന്നു.
വീട്ടിലെ ഓരോ സന്ദര്‍ശകന്‍റെയും
നിഴലോട് ചേര്‍ന്ന് മകനെ തേടിയ
അമ്മയുടെ തിമിരം.
അനുജന്‍റെ വരവിലേയ്ക്ക് നീട്ടിവച്ച
ഓപ്പോളുടെ കണ്ണുകള്‍ അവന്‍റെ കവിതയിലൂടെ
മഴത്തുള്ളിള്‍കക്കൊപ്പം ചിതറി നടന്നു ..
വന്നു പോയ ഓരോ വണ്ടിയിലും
അയാളുടെ കാതുകള്‍ അച്ഛാ എന്ന
വിളിക്ക് വേണ്ടി കാതോര്‍ത്തു..
ബസ്‌സ്റ്റോപ്പിലെ മരക്കുറ്റിയില്‍
ഓരോ നിമിഷവും പ്രാര്‍ത്ഥനയാക്കി
ഓരോ ശ്വാസവും അധ്വാനമാക്കി
ഓരോ രാത്രിയും പകലുകളാക്കി
ഒരു വെളിച്ചം മാത്രം നനഞ്ഞു നീറിയിരുന്നു..
സങ്കടപ്പെടാന്‍ നീട്ടിക്കിട്ടുന്ന
വലിയ അനുഗ്രഹത്തിന്‍റെ വീട്ടില്‍
ഒരമ്മയുടെ കാത്തിരിപ്പ് മെല്ലെ ഭ്രാന്തമാവുന്നു ..
ഏതോ പത്രവാര്‍ത്തയുടെ ഞെട്ടലില്‍
മകന്‍റെ കയ്യിലെ വിലങ്ങ് തേടി
അച്ഛന്‍റെ യാത്ര തുടങ്ങുകയാണ്..
നിര്‍ദ്ധനനായൊരു സാധുവിന്‍റെ
വിരലുകളില്‍ നിന്നും
എന്‍റെ മകനെവിടെ
അവനെ രക്ഷിക്കൂ
അവനെ കാട്ടിത്തരൂയെന്ന്‍
ഒരക്ഷരമാല
മുഴുവനും കൊണ്ട്
ഒരു കണ്ണീരിലെ
എല്ലാ മുള്ളുകളും കൊണ്ട്
യാചിച്ചു അയാള്‍ മുട്ടാത്ത വാതിലുകളോ
കേഴാത്ത ദൈവങ്ങളോ
നേരാത്ത നേര്‍ച്ചകളോ ഉണ്ടാവില്ല..
കനത്തു നിന്നൊരു കാര്‍മേഘം പോലെ
ഓരോ പടികളിലും
അയാള്‍ പെയ്യ്തുകൊണ്ടേയിരുന്നു..
മുടന്തന്‍ കാലുകളുടെ കുഴച്ചിലില്‍
ചവുട്ടിയ നടകളെല്ലാം തിരസ്കരിച്ചിട്ടും
മകനെവിടെയെന്ന വിലാപത്തിന്
ആരുമാരും മറുപടി നല്‍കാതിരുന്നിട്ടും
ആരുമാരും ചെവി കൊടുക്കാതിരുന്നിട്ടും
ഒരു പ്രേതാത്മാവിനെപോലെ അലഞ്ഞ
അച്ഛന്‍റെയുള്ളില്‍
ഒരു കുഞ്ഞ് നിറുത്താതെ കരഞ്ഞുകൊണ്ടിരുന്നു
ക്ഷൌരം ചെയ്യാത്ത വെളുത്ത താടിക്കൂട്ടത്തിലൂടെ
ചുളിഞ്ഞ കവിളിന്‍റെ അകക്കാമ്പ് തുളച്ച്
കണ്ണീരുണങ്ങിക്കിടന്നു..
സൂചി മുനകളാല്‍ മുറിപ്പെടുത്തി ..
വീണൊന്നു പൊട്ടിക്കരയാന്‍
മകന്‍റെ കുഴിമാടം പോലുമില്ലാത്ത
ഒരച്ഛന്‍റെ വേദനയെ,
ഒരു ജന്മം മുഴുവന്‍ തേടി നടന്നിട്ടും
മകന്‍ എവിടെയെന്നറിയാതെ പോയൊരു
വൃദ്ധന്‍റെ തീരാനോവിനെ
ഉലയില്‍ നീറി നീറി പഴുക്കുന്നൊരു ആത്മാവിനെ
മറ്റേതൊരു മുറിവിനോടു ഞാനുപമിക്കും ?
ഓരോ തവണ കാലിടറി വീഴുമ്പോഴും
"മുറുക്കെ പിടിക്കണേ ഉണ്ണീ ,
അച്ഛന്‍... അച്ഛന്‍ വീഴാണ്ടിരിക്കട്ടെ "
എന്നാവര്‍ത്തിച്ച്
അയാള്‍ വീണു കൊണ്ടിരുന്നു..
പിറവിയെന്ന മഹാവേദനയില്‍
ഒരച്ഛനും ഒരമ്മയും ജനിക്കുന്നു..
ഏതു രാത്രിയിലും മകന്‍ കയറി വന്നാല്‍
ഉണ്ണാന്‍ ഒരു പൊതി ചോറ് കാത്തു വച്ച്
ഒരു വീടും കുറെ കണ്ണുകളും
നിലാവുകളിലും നിഴലുകളിലും
മണ്ണിലും പൂവിലും തേടി നടന്നു
ഒരു മകന് വേണ്ടി..
പുറത്തെ തോരാത്ത മഴ
എന്‍റെ ജനാലയില്‍ തല തല്ലിക്കരയുന്നു..
താളമില്ലാത്ത ഈ തുള്ളികള്‍
മകനെ , മകനെ ,എന്‍റെ ജീവനെ
എന്ന് നിലവിളിക്കുകയാണ് ..
ഏതു മഴയിലാണ് നീ നനയുന്നത്
എന്ന് വിതുമ്പുകയാണ് ..
മുറിക്കുള്ളില്‍
വിരികള്‍ക്കുള്ളില്‍
പഞ്ഞിക്കിടക്കയില്‍ അമര്‍ന്നുകിടന്നിട്ടും,
മനസ്സ് വാതില്‍ തുറന്ന് പുറത്തേയ്ക്കോടും..
അച്ഛന്‍റെ കണ്ണീരില്‍ നനഞ്ഞു നില്‍ക്കും..
ഈ ഇരുളില്‍
ഈ കുളിരില്‍ എല്ലുകള്‍ നുറുങ്ങിയിട്ടും
ഒരു മിടിപ്പ്
ഒരു മിന്നാമിന്നി വെളിച്ചത്തില്‍
പേരില്ലാത്ത മരണത്തോടൊപ്പം
ഇറങ്ങിപ്പോയൊരു മകനെ തിരയുന്നുണ്ട് ..
ഒരു ഓര്‍മ്മക്കുറിപ്പ് ചോരകൊണ്ട് ഒപ്പിട്ടുവച്ച്
അതാ ഒരു വൃദ്ധന്‍ ഇറങ്ങിപ്പോകുന്നു..
ജീവിതം പൊതിഞ്ഞുപിടിച്ചൊരു
വരമ്പിന്‍റെ ഏകാന്തതയിലൂടെ
ഇരുട്ടിന്‍റെ പാടത്തൂടെ
അയാളിറങ്ങിപോയി ..
തന്നെക്കാത്ത് ആ മഴയത്തൊരാള്‍
കാത്തുനില്‍ക്കുന്നത് അയാള്‍ കണ്ടു ..
മരണത്തിലേയ്ക്കൊരു
ടോര്‍ച്ചുവെളിച്ചം കത്തിച്ചുപിടിച്ച്
ഒരു മകന്‍ കാത്തുനിന്നു..
ജീവിതം മുഴുവന്‍
മരണം വായിച്ചു മരിച്ച ഒരച്ഛന്‍,
ഇനി മരണത്തിലെങ്കിലും ജീവിക്കട്ടെ ..
വെയിലില്‍ ചിരിക്കട്ടെ..
ഈ മഴ തോരട്ടെ..
ചില മഴക്കാലങ്ങള്‍ ചിലരുടെ കണ്ണീരാണ്
ചില ജീവിതങ്ങള്‍ മരണം പോലെയാണ്..
(Kalaappornna April edition. This is a poem based on the movie "piravi")