Monday, January 13, 2014

വാഴ്ത്തപ്പെട്ടവള്‍

തേനും പാലുമൊഴിച്ച് 
പതപ്പിക്കും 
ചില വിരുതന്മാര്‍ , 
അമ്പും പൂവും കുലച്ച് 
തൊടുത്തു വിട്ടു നോക്കും , 
നാണം കുണുങ്ങികളും 
അഭിമാനികളും 
ആഗ്രഹം തട്ടുംപുറത്തു വച്ച് 
മിണ്ടാതിരിക്കും,
ധൈര്യശാലികളാവട്ടെ
ഒന്ന് തോണ്ടി നോക്കും ,
പിന്നെയൊന്ന് കണ്ണിറുക്കും,
ചിലരാവട്ടെ,
മാന്യന്‍ ചമഞ്ഞിരിക്കും,
ആഗ്രഹത്തിന്‍റെ വിത്തിനെ
മുളപ്പിച്ചു ചെടിയാക്കി
പൂവിടീക്കാന്‍
ഏതൊക്കെ കിണറുകള്‍
തേവി വറ്റിക്കണം
എന്നാവും ചിന്ത ..
ഉള്ളില്‍ നടക്കുന്ന യുദ്ധത്തെ
ജയിക്കാന്‍
ഇനിയെത്ര അടവുകള്‍
പൊരുതണമെന്ന്.. !!

ഒടുക്കം ,
ആളൊഴിഞ്ഞ വഴികളും
സിനിമ തീയറ്ററുകളും
വൈകിയ ക്ലാസ്മുറികളും
കുഞ്ഞുതൊട്ടിലുകളും
വിധവയുടെയും
വൃദ്ധയുടെയും വീടും
അവസാന ബസും
ചില റെയിൽവേ കമ്പാർട്ട്മെന്റുകളും
പെണ്ണിനെ ഒറ്റയ്ക്കാക്കും.
പിന്നെയവള്‍‍ക്ക് പേടിയുടെ
ഒരു മുള്‍മെത്ത
വിരിച്ചുകൊടുക്കും ..

പിന്നെ അവള്‍
പേരും മുഖവുമില്ലാത്തവളാവും
അവളുടെ നാട്
ശപിക്കപ്പെട്ടവളുടെ
നാമമായി വാഴ്ത്തപ്പെടും.. !!

4 comments:

  1. അപൂര്‍വ്വം ചില പുരുഷജന്മങ്ങള്‍
    മ്ലേച്ചാവതാരങ്ങളായി രൂപാന്തരപ്പെടുന്നു.
    ശക്തമായ ബോധവല്‍ക്കരണം ഒന്നുകൊണ്ട് മാത്രം
    ഒരു പരിധിവരെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക്
    പരിഹാരമുണ്ടാവുമെന്നു തോന്നുന്നില്ല.
    നിയമവും,നീതിവ്യവസ്ഥകളും ഒരു ഉടച്ചുവാര്‍ക്കലിന്
    വിധേയമാകേണ്ടിയിരിക്കുന്നു.
    നല്ലൊരു നാളേയ്ക്കുവേണ്ടി കാത്തിരിക്കാം.

    സമകാലികപ്രസക്തിയുള്ള നല്ല വരികള്‍...
    അഭിനന്ദനങ്ങള്‍

    ReplyDelete
  2. പെണ്ണനുഭവങ്ങള്‍ !!..

    ReplyDelete
  3. നല്ല വിഷയം ....... നല്ല വായന ...സന്തോഷം ...

    ReplyDelete
  4. പുണ്യാളൻ..

    നല്ല കവിത

    ശുഭാശംസകൾ.....

    ReplyDelete