Monday, April 29, 2013

പ്രണയസാഫല്യം

മേഘക്കൂടുകൾക്കുള്ളിലിരുന്ന്
പകൽ മുഴുവൻ ഒരു മഴതുള്ളി ,
ഭൂമിയെ പ്രണയിച്ചു !
രാത്രിയിൽ ,
ഭൂമിയുടെ ഹൃദയത്തിൽ 
വീണുമരിച്ചു !!

അടർന്നുവീണപ്പോൾ


ഒന്നു നെടുവീർപ്പെടാനാവാതെ 
മൂകം, മാമരച്ചോട്ടിലൊരു 
ഞെട്ടറ്റ സ്വപ്നത്തിൻ താൾ .. !
മണ്ണിൽ പുതഞ്ഞൊരു 
ഗദ്ഗതം !

Sunday, April 28, 2013

നീ കവർന്നെടുത്തു പോയത്

സൂര്യനുദിക്കുകയും
അസ്തമിക്കുകയും ചെയ്യ്തുകൊണ്ടിരുന്നു !
വെയിൽ ചുവക്കുകയും
ശമിക്കുകയും ചെയ്യ്തു !
ഞാൻ എവിടെയായിരുന്നു ?
നിന്നെ തേടുകയായിരുന്നു !
നീ പോകും മുൻപ് വരെ,
കിരണങ്ങളെന്നെ ഉണർത്തിയിരുന്നല്ലോ 
പൂക്കളെന്നെ
മാടിവിളിച്ചിരുന്നല്ലോ !
ഇന്നെന്താണ് ഞാനിതൊന്നും
അറിയാതെ പോകുന്നത് ?
നീയെന്റെ പ്രാണനൊപ്പം 
പ്രകൃതിയും കവർന്നുവോ ?

രാത്രി മുഴുവൻ മഴയായിരുന്നു

ഈ മനസ്സിന്റെ വാതായനത്തിലൂടെ 
ഒരു ദീർഘമായ മൌനത്തിന്റെ
ചെങ്കുത്തായ താഴ്വരയിലെവിടെയോ 
മഞ്ഞുതുള്ളി പോലെ നീ മറഞ്ഞു !
ഇരുളിൽ ഇന്നും ഞാൻ തിരയുകയാണ് 
നിന്റെ നക്ഷത്രവെളിച്ചം !
നീ പോയ വഴികളിൽ
സ്വപ്‌നങ്ങൾ മഞ്ഞുപുതച്ച്
മിഴിചിമ്മാതെ നിൽപ്പുണ്ടാവാം !
ആകാശപ്പരപ്പുകളിലെ
കരിമേഘക്കൂടുകളിൽ
കാറ്റിന്റെ ഈണത്തിൽ നീ
പാടുകയാണോ ?
ഏതോ പുഴയുടെ ഒഴുക്കിൽ
നീയും ദൂരങ്ങൾ തേടിയകന്നോ ?
നിന്റെ ചിന്തകൾ പെറ്റുപെരുകുന്ന
രാത്രികളിൽ ആത്മാവ്
തോരാതെ പെയ്യുന്നു ..
ഞാൻ നനയുന്നു
തനിയെ ... !! 

ഈറൻ തേടുമ്പോൾ

വെളിച്ചത്തിന്റെ 
കനൽക്കാടുകളിൽ 
ഓർമ്മകൾ 
പൂത്തുതുടങ്ങുമ്പോൾ ,
ഉറുമ്പിൻപറ്റത്തെപ്പോലെ  
പകലുകൾ നീങ്ങുന്നു 
മറവിയുടെ 
തണൽമരച്ചോടുകൾ തേടി !
മുറിവുകളിലുരസിപ്പോയ കാറ്റ് 
അറിഞ്ഞുവോ ,
നെഞ്ചിലെ ചൂളതൻ തീരാവ്യഥ !
ഈറൻ തേടുന്ന ഭൂമീ ,
നിറയ്ക്കട്ടെ നിന്റെ 
പാനപാത്രത്തിലെൻ 
കരളിലെ കണ്ണീർക്കടൽ ! 

Saturday, April 27, 2013

കാട്ടുവള്ളി

എന്റെ ചില്ലയിലെ പൂക്കാലത്തിൽ നിന്നും
നീ കൊഴിഞ്ഞു വീണപ്പോഴായിരുന്നില്ലേ 
ചിന്തകളായും 
കവിതയായും 
എന്റെ ആത്മാവിനെ പുണർന്നൊരു 
ഓർമ്മയുടെ കാട്ടുവള്ളി പടർന്നുകയറിയത് ?

ഇന്നും

 ഇന്നീ നെടുവീർപ്പിൻ തുമ്പിലൊരു
കണ്ണീരൂർന്നിറങ്ങുന്ന ഓർമ്മതൻ
സഞ്ചാരപഥങ്ങളിലെത്രയെത്ര
സന്ധ്യകളുടെ കാൽപാടുകൾ ! 

Tuesday, April 23, 2013

വേനൽപൂക്കൾ


അക്ഷരങ്ങൾക്കുള്ളിൽ കെട്ടുപിണഞ്ഞു കിടക്കുന്നത് എത്രയെത്ര വികാരങ്ങളാണ്. കണ്ണീരിനും, പുഞ്ചിരിക്കും, പരിഭവങ്ങൾക്കും , ഏകാന്തതയ്ക്കും ,പ്രണയത്തിനും ,നിഗൂഡതകൾക്കും മനുഷ്യമനസ്സ് ചെന്നെത്തുന്ന ഏതൊരു ഭാവത്തിനും അതിന്റെതായ ഒരു ലോകം പണിയുക അക്ഷരങ്ങളുടെയും വാക്കുകളുടെയും ധർമ്മമാണ്. വാക്കുകളുടെ അനശ്വരതയിലേയ്ക്ക് ചിറകു നനഞ്ഞു ചേക്കേറിയവരിൽ ഒരാളാണ് ഞാൻ. 
കൂടെ നിന്നവർക്കും , പ്രോത്സാഹിപ്പിച്ചവർക്കും ഒരുപാട് നന്ദി. എന്റെ  നിശാഗന്ധി ഇരുകയ്യും നീട്ടി സ്വീകരിച്ചവര്ക്കും നന്ദി. 
കഴിഞ്ഞ ദിവസം തിരൂരിൽ നടന്ന ബ്ലോഗേഴ്സ് മീറ്റിൽ വച്ച് , എന്റെ ഒരു പുസ്തകം കൂടി പ്രസിദ്ധീകരിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. 
എല്ലാവിധ സഹകരണങ്ങളും നല്കിയ ലീലടീച്ചർക്കും , മനുവിനും , റിയാസിനും , റഫീഖിനും നന്ദി ! ഇനിയും ദൂരങ്ങളൊരുപാട് കാത്തിരിക്കുന്നു. എന്റെ വാക്കുകൾക്ക് അനശ്വരത നല്കിയ സിയെല്ലെസ് ബുക്സ് ഇനിയും ഉയരങ്ങൾ താണ്ടാൻ ആശംസകൾ !