Friday, May 31, 2013

ജന്മങ്ങൾ


ജന്മങ്ങൾ ചിലതങ്ങനെയാണ് !
നടക്കും ,
സ്വപ്നത്തിൽ നിന്നും 
ഓർമ്മയിൽ ചെന്നെത്തുവോളം ...
ഓർമ്മകളുടെ കടവിലെ 
കാലങ്ങളുടെ കാത്തുനിൽപ്പിൽ 
അറിയാതെ ഇഴുകുന്ന 
നോവായ്‌ തീരാൻ ...! 

Friday, May 24, 2013

ഒന്നിലെ പലത്

ഓരോ  താളിലും ഓരോ വരി ,
ഓരോ വരിയിലും 
ഒരേ ചിത്രം 
ഒരേ കഥ 
ഒരേ കണ്ണീർ 
ഒരേ ഹൃദയം ...
ഓരോരോ ഓർമ്മകൾ .. 

Wednesday, May 15, 2013

നീയുള്ളത്

ഈ നിലാവിനും എന്റെ സ്വപ്നങ്ങൾക്കും മാത്രമറിയാവുന്ന വഴികളിലൊന്നിലാണ് , നീയുള്ളത് ...! 

Monday, May 13, 2013

നോമ്പ്

സൂചിമുനകളാണ്
ഓർമ്മകൾ നിറയെ
എഴുന്നു നിൽക്കുന്നത് !
അതിൽ കാലൂന്നി ഞാൻ
നാളെയെന്ന മറവിയിലേയ്ക്ക്
നോമ്പ് നോൽക്കുന്നു ! 

Sunday, May 12, 2013

പരിഭവം

നിഴലും നിലാവും വഴിനടക്കാത്ത
ഇരുണ്ട രാത്രിയിൽ
സ്വപ്നങ്ങളുടെ ഇടനാഴിയിൽ
രണ്ടു മിഴിനീർത്തുള്ളികൾ
പരിഭവം പറയുന്നു !

Saturday, May 11, 2013

ഋതുക്കൾ


ജീവിതം കൈവഴികളായ് ഒഴുകുകയാണ്.പലപ്പോഴായ് പൂർണ്ണമായും നിലച്ച ഒഴുക്കിൽ നിന്നും, വീണ്ടും ഉറവ പൊട്ടി എങ്ങോട്ടെന്നില്ലാതെ നീളുന്ന നിമിഷങ്ങൾ. ഉള്ളിലൊരു കടലുണ്ട്. ആർത്തിരമ്പുന്ന ആഴമേറിയ കടൽ. പേരറിയാത്ത മുഖങ്ങളും, അരികിലെന്നു തോന്നുമെങ്കിലും കാതങ്ങൾ ദൂരെയുള്ള പരിചിതമായ നി
ഴലുകളും അതിൽ  നൊമ്പരം ചാലിക്കുന്നു.
നിറയെ സ്വപ്നങ്ങളും,നിറങ്ങളും, പുഞ്ചിരികളും നിറഞ്ഞൊരു ഞാനുണ്ടായിരുന്നു ഒരിക്കൽ. എവിടെയാണ് നഷ്ടമായതെന്ന് അറിയില്ല. അങ്ങനെ ഒരുവളെ തേടി തിരികെ നടക്കണമെന്നുണ്ട്. നിർഭാഗ്യവശാൽ എനിക്കതിനാവില്ലല്ലോ. സർവ്വെശ്വരന്റെ ഏതൊരു സൃഷ്ടിക്കും ഋതുക്കൾ ബാധകമാണല്ലോ. എന്നെയെങ്ങനെ അതിൽ നിന്നും ഒഴിവാക്കാനാവുമല്ലേ ? പൂക്കൾ കൊഴിഞ്ഞ്, കരിഞ്ഞുണങ്ങിയ വൃക്ഷത്തലപ്പുകളിൽ കാലം കുളിരായ് പെയ്യുമായിരിക്കും. അന്ന് ഈ ശിശിരം മറ്റൊരു വസന്തത്തിനു വാതിൽ തുറന്നു കൊടുക്കും.
ഞാൻ ചാഞ്ഞു പറക്കുന്ന  ആകാശച്ചരുവുകളിലെ നീലിച്ച മൂകതകളിൽ നിലാവിന്റെ വിരലുകൾ തൊടുവാൻ കാത്തു നിൽക്കുന്ന രാത്രികൾ താണ്ടി ഈ ഭൂമിക്കുമപ്പുറമൊരു നിശ്ചലതയുണ്ടെങ്കിൽ അവിടെയാണെന്റെ ലക്ഷ്യം !

Friday, May 10, 2013

hidden

enveloped and sealed inside a shell of envy,
resides my beloved, my poem !
i wait for the day,
the day where i rain upon you 
and fade away as a piece of cloud ... ! 

അനന്തം

നിന്റെ പുഞ്ചിരിയിൽ 
നിന്റെ മൌനത്തിൽ
പറയാതെ പറഞ്ഞ
ഒരായിരം കവിതകൾ ...!
നിന്റെ കണ്ണുകളിൽ
അവയുടെ തീക്ഷ്ണതയിൽ
വിരിയാതെ വിരിഞ്ഞ
എത്ര കോടി നക്ഷത്രങ്ങൾ ...!
 നീ ...
എന്റെ പ്രകൃതിയാണ്..!
എത്ര നടന്നിട്ടും തളരാത്ത
എന്റെ ഏകാന്തതീരം
എന്റെ  ധ്യാനം !
 എത്ര കണ്ടിട്ടും
കൊതിതീരാത്ത
എന്റെ മഴവില്ല് !
ഒരുനാളും കൊഴിയാത്ത
എന്റെ  ചെമ്പകപ്പൂവ് .!
ഒഴുകുക
എന്നിലൂടെ ഒഴുകിക്കൊണ്ടേയിരിക്കുക
വറ്റാതെ
വരളാതെ
ഇനിയെന്നും .... !!

ശൂന്യത


നരച്ച ആകാശവും 
ഇരുണ്ട ഭൂമിയും !
നിറങ്ങളെല്ലാം നിന്നിലാണ് 
നിന്റെ പ്രണയത്തിലാണ് !
നീ ദൂരെ മറയുംതോറും 
നിലതെറ്റി വീഴുകയാണ് ഞാൻ 
കാണാക്കയങ്ങളിലേയ്ക്ക് 
ഇല്ലായ്മയിലേയ്ക്ക് ...! 

Thursday, May 9, 2013

തകർച്ച

നിന്റെ ഒരു വാക്കിൻ 
സൗജന്യത്താൽ 
തകർന്നു വീണേക്കും 
എന്റെയൊരു ജന്മത്തെ 
നോവിൻ 
കവിതക്കൊട്ടാരം !

പേറ്റുനോവ് !

മേഘങ്ങൾക്കിടയിൽ
മൌനത്തിന്റെ പേറ്റുനോവ് !
ഉള്ളിൽ പിടയ്ക്കുന്നു
കവിത പോലൊരു പുഴ ! 

മോക്ഷം

ഈയിലക്കുമ്പിളിൽ നിന്നും 
ഭൂമീ 
നിന്റെ മാറിൽ പതിക്കുമ്പോഴാണ് 
ജന്മസാഫല്യമീ 
വേനൽമഞ്ഞുതുള്ളിക്ക്‌ !
വിണ്ണും വെയിലും താണ്ടി,
ഇലത്തട്ടിൽ കാത്തുകിടക്കുന്നു 
മണ്ണിലേയ്ക്കുള്ള 
മോക്ഷത്തിന്റെ വഴി ! 

മഴയിലേയ്ക്കുള്ള യാത്ര

ജനാല തുറന്നു കിടക്കുകയാണ്. മഴ പെയ്യ്തുകൊണ്ടേയിരിക്കുന്നു. ഇലച്ചാർത്തുകളിൽ മഴത്തുള്ളികൾ ചുംബിക്കുന്നു .ആകാശവും ഭൂമിയും പ്രണയിക്കുകയാണ്. 
അമ്മ മുറ്റത്തു നട്ടു വച്ച ശംഘുപുഷ്പങ്ങളുടെ നീലക്കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. തൊടിയിൽ പാതി ഞെട്ടറ്റിരുന്ന മൂത്ത മാങ്ങകളെ കാറ്റുലച്ചുവീഴ്ത്തുന്നു.പുതപ്പിനടിയിൽ ,ഉറങ്ങാതെ ഞാൻ മിന്നൽ വെളിച്ചത്തിലേയ്ക്കു കണ്ണും നട്ടുകിടക്കുകയാണ്. മഴക്കാല രാത്രികൾ എനിക്കെന്നും പ്രിയപ്പെട്ടവയാണ്. പാഞ്ഞു വന്നെന്റെ പുത്തനുടുപ്പു നനയ്ക്കുന്ന കുസൃതിയിൽ തുടങ്ങിയ ഇഷ്ടം. വറ്റാൻ തുടങ്ങിയ തോടുകളിൽ സ്നേഹം കൊണ്ട് നിറച്ചപ്പോൾ തോന്നിയ ഇഷ്ടം. പിന്നെ എന്റെ പ്രണയത്തിന്റെ ചൂടിലെയ്ക്ക് കുളിരും കൊണ്ട് ചാറിയപ്പോൾ ... അങ്ങനെ അങ്ങനെ... !
ഇങ്ങനെയൊരു മഴക്കാലത്താണ് മുത്തശ്ശി മരിച്ചത്. ചുക്കി ചുളുങ്ങിയ തൊലിയും, നരച്ച മുടിയും , താത്പര്യം തോന്നാത്ത  സംസാരവുംകൊണ്ടോ, അതോ മറ്റു മുത്തശ്ശിമാരെ പോലെ കഥകൾ പറഞ്ഞു തരാത്തത് കൊണ്ടോ , അവരോട് കുട്ടിക്കാലത്ത് അധികം മമത ഞാൻ കാണിക്കാതിരുന്നത്‌! !? എങ്കിലും വളരും തോറും അവരെ ഞാൻ സ്നേഹിച്ചു തുടങ്ങി. പിന്നെ പിന്നെ ഒരുപാട് പ്രിയവും ബഹുമാനവും. പൊക്കം കുറഞ്ഞ ആ ശരീരത്തിനുള്ളിൽ നിറയെ സ്നേഹം മാത്രമുള്ള ഒരു ഹൃദയമാണെന്ന് ഞാൻ മനസ്സിലാക്കി. അങ്ങനെയൊരു മഴയത്ത് ,മേഘക്കൂട്ടങ്ങളിലെ ഏതോ പുതപ്പിൽ അവരും . ആരെയും ബുദ്ധിമുട്ടിക്കാതെ,ഒരു ശ്വാസത്തിനോപ്പം ആ ജീവനും മഴയിലേയ്ക്ക്‌ അലിഞ്ഞു ചേർന്നു. പിന്നെയോരോ മഴയിലും ദൂരെയെവിടെയോ നിന്ന് ഒരു സ്നേഹത്തിന്റെ തലോടൽ പോലെ അദൃശ്യമായി നിന്ന് എന്നെ കോരിയെടുക്കുന്ന ഒരു വാത്സല്യം. അതുകൊണ്ട് തന്നെ പലപ്പോഴും മഴയ്ക്ക്‌ മുത്തശ്ശിയുടെ നിറമാണ്. 
മഴ വേർപാടാണ്, പ്രണയമാണ്, പ്രതികാരമാണ്, കണ്ണീരാണ്.. ! എത്ര ആസ്വദിച്ചാലും കൊതിതീരാത്ത മഴയിലേയ്ക്ക്‌ ഒരുനാൾ ഞാനും നടന്നടുക്കും. തോരാതെ തോരാതെ പെയ്യാൻ ... !! 

Wednesday, May 8, 2013

ഒരു സന്ധ്യയിലെ കാഴ്ച്ച



നക്ഷത്രങ്ങൾ വിരിയാത്ത 
ആകാശപ്പരപ്പിനുതാഴെ 
തിരകളില്ലാത്ത 
തടാകത്തിന്റെ തീരത്തെ 
എത്രയെത്ര ചാരുകസേരകളിൽ 
എത്രയെത്ര ചിന്തകളുടെ 
ഏകാന്തവാസം !
വിരസമീ നിമിഷങ്ങളിൽ 
ചാറാൻ മടിക്കുന്ന 
കാർമേഘങ്ങളെ ചുമലിലേറ്റി 
ദൂരേയ്ക്ക് പറക്കുന്ന ഇളംകാറ്റും !
ആരെയോ തേടി 
കാതങ്ങൾ കടന്നെത്തുന്ന 
ചെറുപൂക്കളുടെ മാദകഗന്ധത്തിൽ 
നീറുന്ന ഹൃദയങ്ങളും !

വേദനിക്കുന്ന ഓർമ്മ


പ്രണയിക്കപ്പെട്ടൊരു പൂക്കാലത്തിന്റെ 
പ്രിയമുള്ള ഓർമ്മകളിൽ 
നൊമ്പരത്തോടെ തുടിക്കുന്ന
ഇതൊരു  സ്മാരകമാണ് ,
ഈ ഹൃദയം !
ഇവിടെ പിറക്കുന്ന കണ്ണീരിനു 
കരിങ്കൽ ചീളുകളുടെ മൂർച്ചയും ,
പർവ്വതങ്ങളുടെ ഭാരവുമാണ് !
നീയില്ലാത്ത ,
നിറമില്ലാത്ത ജീവിതത്തിന്റെ 
കനലണയാതെ എരിയുന്ന 
വേദനിക്കുന്ന ഓർമ്മ !

ഉപ്പുള്ള വാക്കുകൾ

എനിക്കെന്നും തനിയെ ഇരിക്കാനും , ചിന്തകൾ കൊണ്ട് മനസ്സ് നിറയ്ക്കാനും പ്രകൃതി കരുതിവയ്ക്കുന്ന ഓരോ താവളങ്ങളുണ്ടായിരുന്നു. വാശിയും പിണക്കവും അന്നും എനിക്കുണ്ടായിരുന്നു. ചെറിയ പിണക്കങ്ങളുടെ വലിയ ഭാരം തോരാതെ ഒഴുകുന്ന ഉരുണ്ട കവിളുകളും തുടച്ച് ചേച്ചി എന്നെ എളിയിൽ ചുമന്നുകൊണ്ടു പോകുന്ന മണ്ണിട്ട വഴികളുടെ ഇരു വശങ്ങളിൽ ചെമ്പരത്തിപ്പൂക്കൾ ചുവന്നു നിന്നു. പൂക്കൾ ചൂണ്ടിക്കാണിക്കുന്ന സ്നേഹത്തിന്റെ ചുവപ്പിൽ ഞാനറിയാതെ അടർന്നു വീണിരുന്ന എന്റെ പരിഭവങ്ങൾ. കണ്ണുകളിലേയ്ക്ക് ഉറക്കം വിരുന്നു വരുന്നത് വരെ, ചേച്ചിയുടെ കൈകളുടെ താരാട്ടിൻ ചൂടിൽ താളം പിടിച്ചിരുന്ന എന്റെ കുഞ്ഞിപ്പിണക്കം. പിച്ച വച്ചു തുടങ്ങിയപ്പോൾ അമ്മയുടെ കണ്ണുവെട്ടിച്ച്  ഓടുന്നതും അതേ വഴിയിലേയ്ക്കു തന്നെ. 
ചില പിണക്കങ്ങൾ തീർക്കുന്നത് തറവാട്ടിലെ തട്ടിൻ പുറത്ത് അടുക്കി വച്ചിരിക്കുന്ന പഴയ പത്രക്കെട്ടുകൾക്കിടയിലാണ്.ഏന്തി വലിഞ്ഞു മുകളിൽ കയറി നെടുവീർപ്പ് തീരും വരെ തനിച്ചിരിക്കും. പിന്നെയും എന്നെ കാത്തിരിക്കുന്ന സ്നേഹങ്ങളുടെ വെളിച്ചത്തിലേയ്ക്ക് ഇറങ്ങിവരും. 
പിന്നീടാണ് എനിക്ക് സ്വപ്നം പോലോരിടം കിട്ടിയത്. പറമ്പിന്റെ അതിരു ചേർന്ന് ഒരു കുളം. പതിനാലു നടകളാണ് കുളത്തിന്. ചുറ്റും മരങ്ങളും വള്ളിപ്പടർപ്പുകളും ! അതിനിടയിലൂടെ കാറ്റിന്റെ നിശബ്ധമായ ചിറകടികളും , കുയിലും, പാട്ടും ... ! പ്രകൃതിയെ ഗാഡമായി  പ്രണയിച്ചു തുടങ്ങിയത് കല്ലുപാകിയ ആ പടവുകളിൽ വച്ചാണ്. ഏകാന്തതയ്ക്കും പ്രണയത്തിനും കവിതയ്ക്കും നോവിനും കണ്ണീരിനും പ്രകൃതിയുടെ സൌന്ദര്യമുണ്ടെന്നും ഞാൻ തിരിച്ചറിഞ്ഞതും ആ പടവുകളിലാണ്. അഞ്ചു നടകൾ മാത്രമേ പുറമേ കാണാൻ സാധിക്കുകയുള്ളൂ. മറ്റു നടകളിൽ വെള്ളം മൂടിക്കിടന്നു. നാലാം നടയിലിരുന്ന് കാലുകൾ വെള്ളത്തിലിട്ട് നിഴൽ നൃത്തം വയ്ക്കുന്നത് നോക്കിയിരുന്ന നിമിഷങ്ങൾ എണ്ണിയാലൊടുങ്ങില്ല. ആരുമാരും വരാത്ത , ആ കുളപ്പടവുകൾ എത്ര പുസ്തകങ്ങളുടെ ഗന്ധം ആവാഹിച്ചിട്ടുണ്ട്. ശബ്ദമില്ലാത്ത എന്റെ എത്ര പരിഭവങ്ങൾ ക്ഷമയോടെ ശ്രവിച്ചിട്ടുണ്ട്. അന്നൊന്നും എഴുതിത്തുടങ്ങിയിരുന്നില്ല ഞാൻ. 
പക്ഷെ, എന്റെ തൂലികയ്ക്കു ചലനം നല്കിയതും, ഓർമ്മകൾക്ക് നൊമ്പരം കൂട്ടിയതും, അക്ഷരങ്ങളെ വാചാലമാക്കിയതും ആ പടവുകളാണ്. 
പിന്നീട് സാഹചര്യങ്ങൾ എന്നെ കൈപിടിച്ചുകൊണ്ട് കൂട്ടിക്കൊണ്ടു പോയ ലോകത്തിന്റെ ഒരു കോണിലും ഞാനാ കുളിർമ്മയോ സൌന്ദര്യമോ അനുഭവിച്ചിട്ടില്ല ,കണ്ടിട്ടുമില്ല.  
ചൂണ്ടിക്കാണിക്കാൻ സ്നേഹച്ചുവപ്പോ,  നെടുവീർപ്പടങ്ങാൻ കാത്തിരിക്കുന്ന പ്രകാശമോ , പഴയ പത്രക്കെട്ടുകളുടെ ഗന്ധമോ, കുളപ്പടവിന്റെ നിശബ്ധതയോ ഇല്ലെങ്കിലും ആഴങ്ങളുടെ തീരത്ത്‌ ,പൊരിവെയിലിന്റെ നാട്ടിൽ ഇന്നും ഞാൻ പരിഭവിക്കാറുണ്ട്, പിണങ്ങാറുണ്ട്.പിൻവിളികൾ കാതോർത്തുകൊണ്ട്.  ഉറക്കം വരാത്ത രാത്രികളെ ശപിച്ചുകൊണ്ട്, എഴുതിത്തള്ളുന്ന വരികളിൽ  പുനർജ്ജനിക്കുകയാണ് എന്നെ  സ്നേഹിച്ച സ്നേഹങ്ങളുടെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ ... 

ആത്മാവിന്റെ തേങ്ങൽ

വിജനമിതെത്രയോ ഇടവഴികളിൽ
ആത്മാവ് തിരയുന്നു
എങ്ങോ ഊർന്നു വീണ് ചിതറിയ
നിന്റെ ചിരിത്തുണ്ടുകൾ !
കൂട്ടം തെറ്റിയ ചില സ്വപ്നങ്ങളുടെ
നീളൻ വേരുകൾ
പെരുവഴിയമ്പലത്തിന്റെ
ഏകാന്തശയനത്തിലെയ്ക്ക്
കൂട്ടിക്കൊണ്ടു പോയിരിക്കുമോ ?
പാതയോരങ്ങളിൽ
അശാന്തതകളിൽ
നെയ്യ്ത്തിരിനാളങ്ങളിൽ
എനിക്കായ് ഒരിറ്റു
കണ്ണീരിന്റെ ഈറനും പേറി
നീ പാടുകയാണോ ??
എന്നും എനിക്ക് മുകളിൽ
അണയാതെ കത്തി നിന്ന
നിന്റെ സ്നേഹത്തിരിയിൽ
കാലം പേമാരി പെയ്യിച്ചുവോ ?
ആത്മശാന്തി നേർന്നു
പുലരികൾതോറുമെൻ
ദേഹമലിഞ്ഞ മണ്ണിൽ നീ
വാരി വിതറിയ പൂക്കൾ
ഇന്നിതാ എന്നിലേയ്ക്ക്
ആഴ്ന്നിറങ്ങി
പടർന്നു പൂവ് ചൂടി നില്ക്കുന്നു !
മഞ്ഞു പൊതിഞ്ഞും
വെയിലിൽ ചിരിച്ചും
നിന്റെ വരവും നോക്കി
നീ വരാൻ മറന്ന മണ്ണിൽ
അനാഥമായൊരു കുഴിമാടത്തിൽ
അസ്വസ്ഥമായൊരു നെടുവീർപ്പ് !
മരണത്തിലും മറക്കുവാനാവാത്ത
പ്രണയമേ ,
നിന്റെ കാലടിപ്പാതകൾ തേടി
ആത്മാവ് ചിറകടിക്കുന്നു !
നാം ചിരിച്ചും
വാരിപ്പുണർന്നും
പിണങ്ങിയും
പിന്നീടിണങ്ങിയും തീർത്ത
നാളുകൾ ഉള്ളിൽ
മുള്ളായ്‌ കുരുങ്ങിപ്പറിച്ചിട്ടും
എന്നെ മറക്കാൻ ശ്രമിച്ച്
നീ ദൂരെയെവിടെയോ
ശ്രമപ്പെട്ടു ചിരിക്കുകയാവാം ...
അറിയാമതെങ്കിലും
പൊകുവാനാവുമൊ
മേഘങ്ങൾക്കിടയിൽ ,
നിന്റെ നീൾകണ്ണുകളുടെ പ്രഭ വിട്ട് ,
നിന്റെ പ്രണയമറിഞ്ഞ ഈ മണ്ണ് വിട്ട് ...!
കാട്,
നിന്റെ ഓർമ്മകളുടെ
കാട് പൂക്കുന്നു ,
കൊഴിയുന്നു,
ഋതുക്കൾ മാറിമറിയുന്നു ...!
മാറ്റമില്ലാതെ നിനക്കായ് ഞാനും ! 

Tuesday, May 7, 2013

കടവിലേയ്ക്കു തുഴയുമ്പോൾ

ഈ നനുത്ത മഴയിൽ നാമെങ്ങോട്ടാണീ ചെറുവഞ്ചിയിൽ ? കണ്ണീരു പെയ്യ്തപ്പോഴും , നോവിൽ വിങ്ങിയപ്പോഴും ,വസന്തത്തിൽ കാടുകളുടേതു പോലെ എന്റെ  കൈവെള്ളയിൽ നിന്റെ ചൂടുo ഗന്ധവും,  ! തീരമെത്തുവോളം ചാരത്തു നീയുണ്ടാവണം , യാത്ര തീരുവോളം സ്വപ്നങ്ങളിൽ നനയാം നമുക്ക് ! നാം എത്തുവോളം കാത്തു കിടക്കട്ടെ , മൂകമായൊരു കടവിന്റെ മാനസം ! 

അക്ഷമനായ നീ

നെഞ്ചു പൊട്ടി വീണ ഒരു തുള്ളി കവിതയിൽ മരിച്ചു കിടന്ന നിശ്ചലതയാണ് നീ ! പ്രണയിച്ചിരുന്നു ഒരിക്കലെന്നെ ! കാണാതെയോ അറിയാതെയോ പോയതല്ല ഞാൻ ... ഒരിക്കൽ നീയും വീണു പോകുമെന്ന് എനിക്കറിയാമായിരുന്നു !
എന്റെ ചിന്തകളുടെ മുനമ്പിൽ നീ പൂവിട്ടു തുടങ്ങിയപ്പോഴേയ്ക്കും അക്ഷമനായ് തിരമാലകൾക്കൊപ്പം മറഞ്ഞിരുന്നു ! വരികൾക്കിടയിൽ ഞാനിന്നും കാണാറുണ്ട്‌ എവിടെയൊക്കെയോ നിന്റെ നിഴൽ ! 

Friday, May 3, 2013

തീരങ്ങളിൽ ....

കടന്നു പോകുന്ന ഓരോ തീരത്തും നീയുണ്ട് ..... നിന്റെ ഒരായിരം ചിന്തകളും ...
നമ്മൾ ആർത്തലച്ചു പെയ്യ്ത വിജനത... എന്റെ ചിറകുകൾക്ക് ജീവൻ പകർന്ന ആകാശം...മഞ്ഞു പൊതിയുന്ന തണുത്ത പ്രഭാതങ്ങളിലെ നിന്റെ സ്നേഹത്തിന്റെ ചൂട്... ഈണമറിയാതെ ,താളമില്ലാതെ നമ്മൾ മെനെഞ്ഞെടുത്ത കവിതകളുടെ ഏടുകൾ .. !ചാഞ്ഞു നോക്കുന്ന സൂര്യപ്രഭ.. ! അതിലും എത്രയോ തീക്ഷ്ണമായ് ജ്വലിക്കുന്ന നിന്റെ കണ്ണുകളുടെ സൌന്ദര്യം ... ! സൂര്യനെയും,നിഴലിനെയും, തീരത്തെയും, തിരകളെയും നമ്മുടെ പ്രണയത്തോട് ചേർത്തു വച്ചത് നീയാണ്... ! നമ്മിൽ എത്രയെത്ര ഋതുക്കൾ ?
നീ നടന്നകലുമ്പോൾ നിന്റെ നിഴലിനെ നോക്കി നിൽക്കാറുണ്ടായിരുന്നു ഞാൻ ... അനുവാദമില്ലാതെ നിനക്കൊപ്പം നിന്നിലൂടെ... എനിക്കതിനാവുന്നില്ലല്ലോ !
ഓർമ്മകൾ ചിതറിക്കിടക്കുന്ന തീരങ്ങൾ !
എവിടെയൊക്കെയോ ,മുത്തു നഷ്ടപ്പെട്ട ചിപ്പി പോലെ ,ഒരു കടലിരമ്പം മാത്രം ബാക്കിയായി... ഞാനുണ്ട്...  ! ഈ കടൽക്കാറ്റിന്റെ ഭാഷ നിനക്കറിയാമായിരുന്നെങ്കിൽ .... നിനക്ക് മാത്രം ചേർത്തു വയ്ക്കാനാവുന്ന എന്റെ ഹൃദയത്തിന്റെ നുറുങ്ങുകൾ തേടി നീ എത്തിയേനെ ... !വീണ്ടുമീ സമുദ്രത്തിൽ കൈവരികളായ് ഒഴുകി നമ്മൾ , പിന്നൊരു മേഘമായ് ... മഴയായ്... പൂവിലും കാറ്റിലും .... !  

ഉണരുവാൻ വേണ്ടി


പിറക്കാൻ കൊതിച്ച് ,
വന്ധ്യമേഘങ്ങൾക്കുള്ളിൽ 
ഒരു കടലുറങ്ങി !
പൂക്കാൻ കൊതിച്ച് ,
പാഴ്വിത്തിനുള്ളിൽ 
ഒരു കാടും !
കാലം ദാഹിച്ചപ്പോഴും ,
മണ്ണ് മരിച്ചപ്പോഴും 
ഉണരാൻ കഴിയാതെപോയ 
സ്വപ്നങ്ങളുടെ കല്ലറകൾ !
അതിലൊന്നിൽ നീയും പ്രണയമേ !
നൂറ്റാണ്ടുകൾ അഗ്നിഗോളങ്ങളായ് 
കെട്ടുകൾ പൊട്ടിച്ചോടുമ്പോൾ 
കണ്ണുകളിലൊരുനൂറെണ്ണക്കുടങ്ങൾ 
തുളുമ്പി വീഴുമ്പോൾ ,
ഒരു നാൾ നീ 
നിദ്രവിട്ടുണർന്നേക്കാം !
അന്ന് 
നിന്നെയും കാത്ത് 
ഒരു രാവുമുറങ്ങാതെ 
ഒരു പകലുമറിയാതെ 
നിന്നെ തേടിയലഞ്ഞൊരു 
തൂലികയുടെ ചിതയെടുക്കാത്ത 
ചിതലരിക്കാത്ത 
എണ്ണിയാലൊടുങ്ങാത്ത 
കാൽപ്പാടുകളുണ്ടാവും ! 

Thursday, May 2, 2013

മറഞ്ഞ നിഴൽ

ഇരുൾ പെറ്റു പെരുകുന്നു വാനിൽ,
പിന്നെ,ചിതറുന്നു ചിറകിലും !
കണിക്കൊന്നകൾ തിളങ്ങുന്നു  
വേനൽ രാവിൽ  ,
കണ്ഠം വരളുന്നു കുളിരിനായ് 
കുളിരിൻ പാട്ടിനായ് ! 
കാടിനും മേടിനും 
അങ്ങ്, അലയാഴിതൻ മേലെയും 
ചിറകുവിരിച്ച് പറക്കുമ്പോൾ 
സഖിയായ നിഴലിതൊളിച്ചതെവിടെ ?
കിഴക്കുനിന്നും 
പുലരി പിറക്കുന്നതും 
നിഴലതിന്നൊപ്പം വരുന്നതും കാത്ത് 
തൂവലൊതുക്കി ഞാനീ 
അനാഥമാം ചില്ലയിൽ ... !