Saturday, June 7, 2014

മായ്ച്ചു മായ്ച്ച് അറ്റത്തെത്തുമ്പോള്‍

ചിന്തിച്ചു ചിന്തിച്ച്
അങ്ങ് അറ്റത്തോളം എത്തുമ്പോള്‍
ഞാന്‍ കരുതും
ഇതുവരെ നടന്നെത്തിയിടങ്ങളിലെല്ലാം
നീ നിറഞ്ഞുനില്‍ക്കുമെന്ന്. 

തിരിഞ്ഞു നോക്കുമ്പോള്‍
ഞാന്‍ വന്നയിടങ്ങളിലെങ്ങും
നീയുണ്ടാവില്ല.

നിന്നെ തുന്നി വച്ച പൂക്കളെല്ലാം
കൊഴിഞ്ഞിട്ടുണ്ടാവും ,

നിന്നെ വരച്ചു ചേര്‍ത്ത മേഘങ്ങളെല്ലാം
പെയ്യ്തൊഴിഞ്ഞിട്ടുണ്ടാവും,

നിന്നെ കാത്തു വച്ച ഓളങ്ങളെല്ലാം
എങ്ങോ എന്നോ
ഒഴുകിപ്പോയിട്ടുണ്ടാവും,

നിന്നെ എഴുതിയ ഇടങ്ങളെല്ലാം
പൊടിമൂടിയിട്ടുണ്ടാവും,

നീ നീ
എന്ന് ഞാന്‍
പാടി പഠിപ്പിച്ച മുഴക്കങ്ങളൊക്കെ
മാറാലകളില്‍ തട്ടിചിതറി
നിശ്ശബ്ദമായിട്ടുണ്ടാവും,

നിന്നെ തിരക്കി
ഞാന്‍ പോയിടത്തെങ്ങും
നീ ഉണ്ടായിരുന്നില്ല
ഉണ്ടായിരിക്കും അഥവാ
ഉണ്ടാവണം
എന്ന് ഞാന്‍ ഊഹിച്ചതോ
ആഗ്രഹിച്ചതോ ആയിരിക്കാം.

ഒരിക്കലും ഞാന്‍ ചെന്നെത്താത്ത
ഏതോ ദൂരത്തിന്‍റെ തുഞ്ചത്തിരുന്ന്‍
നക്ഷത്രങ്ങളെ നെയ്യ്തു കൂട്ടുന്ന
സ്വപ്നത്തെ തിരഞ്ഞ്,
പൊടിയിലും
മണ്ണിലും നടക്കുകയാണ് ഞാനെന്ന്‍
അറിയാഞ്ഞിട്ടല്ല,

ഈ തിരച്ചിലിലെവിടെയോ
നീയറിയാതെ
നിന്‍റെ നക്ഷത്രവെളിച്ചം
എന്നിലേയ്ക്ക്
ചോര്‍ന്നു വീഴുന്നുണ്ടെന്നുള്ള
ബോധ്യമാണ്
എന്‍റെ ജീവിതമെന്നത്കൊണ്ടാണ്.

6 comments:

  1. ഒരിക്കലും ഞാന്‍ ചെന്നെത്താത്ത
    ഏതോ ദൂരത്തിന്‍റെ തുഞ്ചത്തിരുന്ന്‍
    നക്ഷത്രങ്ങളെ നെയ്യ്തു കൂട്ടുന്ന... nice...
    Baiju

    ReplyDelete
  2. അന്തമറ്റ്‌ ചിന്തകൾ...
    ചന്തമുള്ള ചിന്തുകൾ....

    ശുഭാശംസകൾ.....

    ReplyDelete
  3. എല്ലാ പോസ്റ്റുകളും ഫേസ് ബുക്ക്‌ വഴി വായിക്കാറുണ്ടെങ്കിലും ,ഇവിടെ ഉള്ള പുനര്‍വായന കവിതയെ മനസ്സില്‍ തളച്ചിടുന്നു ....ആശംസകള്‍ നിശാഗന്ധി .....

    ReplyDelete
  4. എല്ലാ കവിതകളും ഫേസ് ബുക്കില്‍ വായിക്കുന്നുണ്ടെങ്കിലും ഈ പുനര്‍വായന കവിതകളെ മനസ്സില്‍ തളച്ചിടുന്നു ...ആശംസകള്‍ നിശാഗന്ധി ...

    ReplyDelete
  5. ആ പ്രതീക്ഷയാണെല്ലാം.

    ReplyDelete
  6. നീ എന്ന നി൪വ്വികാരത എന്നിലേൽപ്പിച്ച മുറിവ്........

    ReplyDelete