Sunday, June 7, 2015

നിന്നെ മാത്രo ഓര്‍ക്കുന്ന മുറിവുകള്‍

ആത്മാവിലെ ,
ഒരിക്കലും പൊറുക്കപ്പെടാത്ത
ഏറ്റവും തീക്ഷ്ണമായ
ഒരു മുറിവിനാല്‍
ഓരോ നിമിഷവും നീ ഓര്‍മ്മിക്കപ്പെടും.

ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രമുള്ള ചോദ്യങ്ങളുടെ ലുത്തിനിയ:


ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
വേവുന്ന മനസ്സേ ,
ഇതുവരെ പെയ്യ്ത മഴയെ നീ എവിടെ ഒളിപ്പിച്ചു ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
കനലാകുന്ന രാവേ ,
ഇത്ര കാലമീ ചിത നീ എങ്ങിനെ തണുപ്പിച്ചു ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
മുഴുവനായ് നിറയുന്ന കവിതേ ,
ഇത്രനാള്‍ നീ വാക്കുകള്‍ കാത്തുവച്ചതെന്തിനാണ് ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
നിലച്ചു പോകുന്ന കാലമേ ,
ഇത്രകാലം നീ നിശ്ചലമാകാതിരുന്നതെന്താണ് ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
പൊടുന്നനെ നിലയ്ക്കുന്ന ഗാനമേ,
ഇത്രനാള്‍ ഈ മൌനം
വേട്ടയ്ക്കിറങ്ങിയത് എവിടെയായിരുന്നു ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
വറ്റിയുണങ്ങുന്ന നീര്‍ക്കുളങ്ങളേ,
ഇനിയെങ്ങാണ് ഈ ആര്‍ദ്രത ഞാനറിയുന്നത് ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
കണ്ണിലും വിരലിലും നെഞ്ചിലും കനവിലും ചുണ്ടിലും
പടര്‍ന്നുകയറുന്ന വ്യഥയേ,
ഇത്രകാലം ഞാന്‍ വെറും ശൂന്യതയിലായിരുന്നോ ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
തനിച്ചാക്കുന്ന ലോകമേ,
ഈ ഏകാന്തതയ്ക്ക് ഇത്രനാള്‍
എന്ത് പേരായിരുന്നു ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
മുനകൂര്‍പ്പിച്ച മുള്ളേ,
ഇത്രകാലം ഏതിതളിന്‍റെ മാര്‍ദവത്തിലാണ്
നീ മുഖം പൂഴ്ത്തിയിരുന്നത് ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
മിടിപ്പാല്‍ നുള്ളുന്ന ഹൃദയമേ ,
നിന്‍റെ ചില്ലുകളില്‍ ഉടയുന്ന നനവാണോ
എന്‍റെ കണ്ണില്‍ ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
ഉറക്കത്തിന്‍റെ സമാധാനത്തില്‍
ചിറകടിക്കുന്ന പിടച്ചിലേ,
എന്‍റെ സ്വപ്നങ്ങളെല്ലാം
നീ എങ്ങു കൊണ്ടുപോയി ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
ആളിക്കത്തുന്ന ഓര്‍മ്മേ ,
നിന്‍റെ അരളിപ്പൂക്കളും , കുട്ടിക്കാലവും ,
പിച്ചവച്ച ഇടങ്ങളും ഇന്നെങ്ങോട്ടു മറഞ്ഞു ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
പടിയിറങ്ങിപ്പോയ വസന്തമേ,
എന്‍റെ മഞ്ഞുകാലങ്ങളില്‍ പോലും
ചുവന്നപൂക്കള്‍ നിറച്ച പേരറിയാത്ത ആ ഒറ്റമരമെവിടെ ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
വിടാതെ തുടരുന്ന പ്രാര്‍ത്ഥനേ
നിന്‍റെ അമ്പുകള്‍ ഏറ്റുവാങ്ങിയ ദൈവമെവിടെ ?
കാരണങ്ങളുടെ രാജാവേ
എന്‍റെ വഴികളുടെ അവസാനമേ
ഉത്തരങ്ങള്‍ കണ്ടെത്താന്‍
ഞാന്‍ ഇനിയുമെത്ര കിതയ്ക്കണം ??

കണ്ണിലെ മഴത്തുള്ളികള്‍

നിന്റെ ആകാശത്തെ തിരിച്ചു വിളിക്കാൻ ഓരോ മഴത്തുള്ളിയും ഞാൻ എന്റെ കണ്ണിൽ നിന്നും തിരിച്ചയക്കുന്നു..

വിചിത്രമായ ഉത്തരങ്ങള്‍

ഒരു കാർമേഘത്തിനും എന്നും കാർമേഘം മാത്രമായിരിക്കാൻ സാധിക്കില്ല.പെയ്തൊഴിയുക തന്നെ ചെയ്യും. കാലത്തിന്റെ ഉത്തരം വിചിത്രമാണ്.

അവിശ്വാസം

ഒരു രാത്രിക്കൊപ്പം ഒന്നുമറിയാതെ ഉറങ്ങിപ്പോകുന്ന ഒരോര്‍മ്മയായിരുന്നു അതെങ്കില്‍, എന്‍റെ മനസ്സ് മുഴുവനും,അതിലെ തീക്ഷ്ണമായ ഉന്മാദങ്ങളെയുംകൊണ്ട് ഞാന്‍ പ്രണയിച്ചേനേ.
ഓരോ പുലരിക്കൊപ്പവും അനേകായിരം കൊടുങ്കാറ്റുകളാല്‍ ചില്ലകളെ ഉലച്ചിടുന്നൊരു വലിയ ഓര്‍മ്മ മാത്രമാവും പ്രണയമെന്നിരിക്കെ, ഒരിക്കലും ഞാനാ മൂന്നക്ഷരങ്ങളില്‍ വിശ്വസിക്കില്ല.
ചൂളം വിളിച്ചു കടന്നു പോകുന്നൊരു ഹ്രസ്വമായ നിമിഷത്തിന്‍റെ നിര്‍വൃതി മാത്രമാണത്.സുദീര്‍ഘമായ ശൂന്യതയുടെ വലിയ കവാടം.
അതിഗാഢമായ ചുംബനങ്ങള്‍
ഒറ്റിക്കൊടുക്കലുകളാണ്.
തല്ലിക്കൊഴിക്കപ്പെടേണ്ടിയിരിക്കുന്ന
നമ്മുടെ ആകാശത്തിനെ ,
നമ്മുടെ ചിരികളെ ,
നമ്മുടെ മാത്രം മഴയെ ,
ഏറ്റവും ഒടുവിലായി ,
ഒരിക്കല്‍ കൂടി ചേര്‍ത്തുപിടിച്ചോളൂ
എന്ന മുന്നറിയിപ്പാണത്.

Friday, June 5, 2015

ദൂരം

നിന്‍റെ വേരുകളില്‍ നിന്നും
എന്‍റെ ചിറകിലേയ്ക്ക് ,
പാതി മുറിഞ്ഞുപോയൊരു ഇഴജന്തുവിനെ പോലെ
ഒരു മരണപ്പിടച്ചിലിന്‍റെ ദൂരം 

Tuesday, May 19, 2015

നനഞ്ഞ മിസ്സ്ഡ്കോളുകള്‍:


ആകാശമേ,
ഇടയ്ക്കിടെ
ഭൂമിയിലെയ്ക്കെന്തിനാണീ
നനവിന്‍റെ മിസ്സ്ഡ് കോളുകള്‍ ?
തനിച്ചിരുന്നപ്പോള്‍
ഓര്‍മ്മ വന്നോ
വരണ്ടു പോയ
വസന്തത്തിന്‍റെ വഴികളെ ?
ഭൂമിയുടെ
ആത്മാവിലെവിടെയോ
നീ ഒറ്റപ്പെടുത്തി പോയ
നേര്‍ത്ത വഴികളിലെങ്ങോ
ഒരു നിമിഷത്തിന്‍റെ വേഴാമ്പല്‍
നിന്നെ തിരികെ വിളിച്ചുവോ ?
ഏതു വേരില്‍ മുത്തിയാലും
ഏതു ഗര്‍ത്തം പുല്‍കിയാലും
ഏതാഴം നുകര്‍ന്നാലും
തിരികെ മടങ്ങാനുള്ള വാതിലുകള്‍
നീ തന്നെ എപ്പോഴും
തുറന്നുവയ്ക്കുന്നു !
ആഞ്ഞൊന്നു പെയ്തു
നീ പിന്‍വാങ്ങും
മേഘപ്പരപ്പോ
മൃദുലതയോ ഇല്ലാത്ത
പരുക്കന്‍ ഭൂഹൃദയത്തില്‍
വെറുതെ ,
അറിയാതെ കണ്ണുനിറച്ച്
ചില പൂക്കള്‍ മാത്രം
ബാക്കി നില്‍ക്കും
എന്നിട്ടും ആകാശമേ
ഭൂമിയിലേക്ക് എന്തിനാണ്
ഇടയ്ക്കിടെ ഈ
കണ്ണീരിന്‍റെ
തിരിച്ചുവരലിന്‍റെ
ഓര്‍മ്മയുടെ
ആഗ്രഹത്തിന്‍റെ
വീണ്ടും ഉപേക്ഷയുടെ
മിസ്സ്ഡ്കോളുകള്‍ ?
നിന്നെ പുതയ്ക്കാൻ തണുത്തുറയുന്ന ഞാൻ..

ഒന്നും ശാന്തമാണെന്ന് കരുതരുത് :


ഏറ്റവും നിശ്ശബ്ദമായി
തോന്നിയേക്കാവുന്ന
രാത്രിക്കപ്പുറം 
ഒന്നും ഓര്‍ക്കാതെ പോകുന്ന
ഉറക്കത്തിനുള്ളില്‍ പോലും
പാഞ്ഞുപോകുന്ന ഒരു
വേട്ടമൃഗത്തിന്‍റെ
ദീനമായ നിലവിളിയില്‍
പിടഞ്ഞെണീക്കുന്ന
നിമിഷങ്ങളുണ്ടാവാം
ഒന്നും ശാന്തമാണെന്ന് കരുതരുത്
ഇതൊരു ഇടിമിന്നലിന്‍റെ
വെളിച്ചമായിരിക്കാം
ഇതിനപ്പുറം
ഇരുട്ടുപോലുമില്ലാത്ത
മരവിപ്പായിരിക്കാം
നിറങ്ങളെക്കുറിച്ച്
ചിന്തിക്കാന്‍പോലുമാവാത്ത
ശൂന്യതയായിരിക്കാം
ഒന്നും ശാന്തമാണെന്ന് കരുതരുത്
തീവ്രമായ ഈ പ്രണയത്തിനപ്പുറം
കാരണം പോലുമില്ലാതെ
എങ്ങോട്ടെന്നു പോലുമറിയാതെ
മെല്ലെ മെല്ലെ എല്ലാം
മങ്ങിപ്പോകുന്നൊരു
ഏകാന്തതയായിരിക്കാം
എല്ലാം ശാന്തമാണെന്ന് കരുതി
ഒരു കൊടുമുടിയും
കയറാന്‍ തുടങ്ങരുത്‌
കാറ്റിന്‍റെ വേഗവും
ശക്തിയും
അറിഞ്ഞുകൊണ്ട് തുടങ്ങണം
പോരാളിയുടെ പടച്ചട്ട
മനസ്സില്‍ ധരിക്കണം
അമ്പിനോടും മുള്ളിനോടും
ജയിക്കാനല്ല
സ്വന്തം ആത്മാവിനെ
പ്രതീക്ഷയില്‍ നിന്നും
സ്വപ്നത്തില്‍നിന്നും
രക്ഷിക്കാന്‍..

വേരുകള്‍

കൂരിരുട്ടിലും കൊടുംതണുപ്പിലും മരവിപ്പിലും ആഴത്തിലും നിശ്ശബ്ധതയിലും ഏതദൃശ്യമായ വെളിച്ചത്തിന്റെ ചൂടിലാണ് വേരുകൾ മണ്ണിലൂടെ അവയുടെ വഴി കണ്ടെത്തുന്നത് ?

രാത്രി:


മണ്ണിലും പുല്ലിലും പൂവിലുമെല്ലാം
ഓരോ രാത്രിയും പതിഞ്ഞു കിടക്കും
പെയ്യ്തു പോയ മഞ്ഞിനെപ്പറ്റി 
ഓരോ പൂവിലും എഴുതും
ഇര തേടിപ്പോയ കൂമനെപ്പറ്റി
അറ്റ് വീണ ഇലകളില്‍ അടയാളമിടും
പ്രാണഭയത്തോടെ ഓടിയ
ഇരയുടെ കാല്‍പ്പാടുകള്‍
മണ്ണില്‍ ശേഖരിക്കും
വിടര്‍ന്നു വരുന്ന പൂക്കളെ
കാറ്റിനു കാട്ടികൊടുക്കും
ഉറങ്ങാത്തെ ഉണര്‍ന്നിരുന്നവരെ
തീരങ്ങളില്‍
അവ്യക്തമായി വരച്ചിടും
ആരും അറിയാതെ
രഹസ്യമായി വന്നുപോയ
മഴയെക്കുറിച്ച്
ഇലകളോടും ചില്ലകളോടും
സ്വകാര്യം പറയും..
രാത്രിയില്‍
രാത്രിയുടെ ഓരോ അണുവിലും
രാത്രി ഉണര്‍ന്നിരിക്കും..
(Akam magazine may 2015)

നിനക്ക് വേണ്ടി..


മണ്ണിനടിയില്‍
കുരുങ്ങിയും പുണര്‍ന്നും കിടന്ന
രാത്രിയുടെ 
കാക്കത്തൊള്ളായിരം
കൂരിരുട്ടിന്‍റെ ശിഖരങ്ങളിലെവിടെയോ
പച്ചച്ച് തളിര്‍ത്ത്‌
വിടര്‍ന്നു വന്നൊരു
സൂര്യകാന്തിയുടെ മുഖമായാണ്
നിന്നെ ഞാന്‍ എന്‍റെ
ജീവിതവുമായി ഉപമിക്കുന്നത്
ഇന്ന് നീ
എന്‍റെ കണ്ണുകളുടെ
സ്വര്‍ണ്ണവാതിലുകളും കടന്ന്
ഉള്ളില്‍
ഉള്ളിന്‍റെയുള്ളില്‍
സ്നേഹത്തിനാല്‍ മാത്രം
പുലരുന്നൊരു പ്രഭാതമാണ്‌
വേഷങ്ങള്‍ ഓരോന്ന് മാറിവരുന്ന
ഋതുക്കളില്‍,
നനഞ്ഞിട്ടും നനയാതെ
കൊഴിഞ്ഞിട്ടും കൊഴിയാതെ
തളിര്‍ത്തും പിന്നെയും
തളിര്‍ത്തും
പടര്‍ന്നും നീ എന്‍റെ പൂക്കാലങ്ങളില്‍
വീണ്ടും വീണ്ടും ചായം പൂശുന്നു
എണ്ണമറ്റ ദിവസങ്ങള്‍ക്കും
ആണ്ടുകള്‍ക്കും
എനിക്കും നിനക്കും മുന്‍പേ
മനുഷ്യന്‍റെ ഉത്ഭവത്തിനു മുന്‍പേതന്നെ
നിനക്ക് വേണ്ടിയുള്ള
എന്റെ പ്രണയവും
ഈ കവിതയും
എഴുതപ്പെട്ടിരിക്കണം
നിന്നെ അറിയാത്തപ്പോഴൊന്നും
ഞാന്‍ ജീവിച്ചിരുന്നില്ല
നീയില്ലാത്തൊരു ഞാന്‍
ഒരിക്കലും ഉണ്ടായിരുന്നില്ല
നിന്‍റെ പ്രണയത്തിന്‍റെ
ശീതകാലങ്ങളില്‍
എന്‍റെ സ്വപ്നത്തെ പൊതിഞ്ഞ്
ഞാനുറക്കട്ടെ...

കവിത

ഈ പരാതികളോടും
സങ്കടങ്ങളോടും
പ്രതികാരത്തോടും
പരിഭവങ്ങളോടുമൊക്കെ
തിരിച്ചു സംസാരിക്കാന്‍
കവിതയ്ക്ക് മാത്രമേ സാധിക്കൂ
എന്നതുകൊണ്ടു തന്നെ
എന്‍റെ ചിരികള്‍ മാത്രം ഞാന്‍
നിങ്ങള്‍ക്ക് ബാക്കി വയ്ക്കുന്നു

Monday, March 30, 2015

കടലും ഏകാന്തതയും:


ആയിരം കൈകള്‍ വിരിച്ച്
സമുദ്രം സകലതിനെയും
തന്നിലേയ്ക്കു ക്ഷണിക്കുന്നു
തീരത്തെ ഏകാന്തതകളെയെല്ലാം
സ്നേഹംകൊണ്ട് വാരിപ്പുണര്‍ന്ന്‍
ആഴത്തിനാഴത്തിലെ
മുത്തുകളുടെയും
ചിപ്പികളുടെയുമൊപ്പം
ഭദ്രമായി വയ്ക്കുന്നു
ഭൂമിയിലെ
ഓരോ എകാകികള്‍ക്കും
ആഴത്തിന്‍റെയും പരപ്പിന്‍റെയും
സ്വാതന്ത്ര്യം കാത്തുവയ്ക്കുന്ന
അമ്മമനസ്സാണ് സമുദ്രം
അപൂര്‍വ്വവും
അമൂര്‍ത്തവുമായ
ഒരു വലിയതുള്ളി
സ്നേഹത്തിലേയ്ക്ക്
ശ്വാസംമുട്ടി മുങ്ങി മുങ്ങി
സ്വയം സ്വതന്ത്രരാകുകയാണ്
ഏകാന്തതകള്‍ …

ഓര്‍മ്മചോദ്യങ്ങള്‍


രാത്രി ഒരുമണിയുടെ ഏകാന്തതയില്‍
ഓര്‍മ്മകളിലേയ്ക്കുള്ള കുറുക്കുവഴികള്‍
ഓരോന്നായി 
തുറന്നു വയ്ക്കുന്നത് ആരാണ് ?
നാല് മണി വരെ ഓര്‍മ്മയിലെ
തീവണ്ടിപ്പാതകള്‍
വാചാലമാക്കുന്നത് ആരാണ് ?
മുന്നിലേയ്ക്ക് കുതിക്കുന്ന
മറവിയുടെ കാലത്തില്‍
അപായച്ചങ്ങല
വലിക്കുന്നത് ആരാണ് ?
എന്നോ മാഞ്ഞതും മറഞ്ഞതുo
മനപ്പൂര്‍വ്വം വഴിമാറി പോയതുമെല്ലാം
ഇനി വരുന്ന ഏതോ വളവില്‍
വീണ്ടും കാത്തുനില്‍പ്പുണ്ടാവുമെന്നു
ചിന്തിപ്പിക്കുന്നത് ആരാണ് ?
ഓര്‍ക്കുവാന്‍ മാത്രം
ഓര്‍മ്മകളൊന്നും സമ്മാനിക്കാതിരുന്നിട്ടും
ഓര്‍മ്മയില്‍ ഓര്‍മ്മ മാത്രമായി ഇതാരാണ് ?

കേട്ട(കെട്ടു) കഥ


യക്ഷികളെയും
പ്രേതത്തിനെയും
സ്ഥിരം കാണുന്ന കൂട്ടുകാരന്‍റെ 
ഉറങ്ങാത്ത രാത്രിയിലേയ്ക്ക്
കൊടുംകാറ്റു പോലെ
ഒരു ഭയം വീശി
ഭയം നിറയെ
ഇതുവരെ കാണാത്ത
പാലപ്പൂക്കള്‍ മിന്നിപ്പടരും
പെരുമഴയെ ചോരയോട്
അവന്‍റെ സ്വപ്നം ഉപമിക്കും
വഴികളെല്ലാം
പെരുമ്പാമ്പുകളാവുകയും
അലര്‍ച്ചകളെ
വിഴുങ്ങുകയും ചെയ്യും
ഇറുക്കി അടയ്ക്കുന്ന
അവന്‍റെ കണ്ണില്‍
ചോരക്കൊമ്പുള്ള തലയോട്ടികളും
കനല്‍തേറ്റകളും പറന്നു നടക്കും
ഞാനതിനെ
ചിമ്മുന്ന ക്യാന്‍വാസാക്കും
ഉറക്കത്തില്‍ നിന്നും
ഇറങ്ങിയോടാന്‍
വഴികളില്ലാതെ ഇരുട്ടില്‍
കുഴിയില്‍ പലപ്പോഴും വീഴും
അതിനെ ഞാന്‍ ഉറക്കത്തിലെ
വലിയ വളവുകളാക്കും
കണ്ണുകള്‍ പുഴയാക്കി
അതില്‍ സൂര്യനെയും
ചന്ദ്രനേയും വരുത്തി
ചുവപ്പിച്ചും കടുപ്പിച്ചും
പിന്നാലെ വരും
ഇതെല്ലാം കേട്ട് ഞാന്‍
ഓരോന്നിനെയും
മറ്റൊന്നിനോട് ഉപമിച്ച്
ഒരു പ്രേതക്കവിത എഴുതി
പൊട്ടിച്ചിരിക്കാന്‍
തീരുമാനിക്കും

എന്നിട്ടൊരു ചോദ്യം

പറിച്ചെടുക്കാന്‍ കൈ നീട്ടുമ്പോള്‍ പോലും 
എന്നില്‍ നിന്നും കണ്ണെടുക്കാത്തതെന്താണ് പൂവേ ..
എന്‍റെ കരിമുടിയുടെ വരള്‍ച്ചയില്‍ നീറിയിട്ടും 
നീയൊന്നു പരിഭവിക്കാത്തതെന്തേ .. ?

ബാക്കി

ഒരല്‍പം സ്നേഹത്തിന്‍റെ പൂഴിമണ്ണും 
അതില്‍ പതിഞ്ഞ
ഏതോ കുഞ്ഞിക്കാല്‍പ്പടുകളും
മാത്രമുണ്ടാവും
ഏറ്റവുമൊടുവില്‍
ഓര്‍മ്മയില്‍ ചേര്‍ത്തുവയ്ക്കാന്‍...

ഒരു പഴയ വണ്ടിയുടെ കാര്യം


എല്ലാ കണക്കുകൂട്ടലുകളും
പിഴയ്ക്കുന്നിടത്തു നിന്നും
മെല്ലെ സ്റ്റാര്‍ട്ട്‌ ആവുന്ന 
ഒരു പഴയ വണ്ടിയാണ്
കവിതയെന്ന്..
എല്ലാ കണക്കുകൂട്ടലുകളും
പിഴച്ചിടത്തു നിന്നും
മെല്ലെ സ്റ്റാര്‍ട്ട്‌ ആയ
ആ പഴയ വണ്ടി ,
എല്ലാ ആശ്വാസങ്ങളിലേയ്ക്കും ,
എല്ലാ ചിന്തകളിലേയ്ക്കും
കയറിച്ചെല്ലും..
എത്ര പതുക്കെ !
എന്നിട്ടും ഭദ്രമായി
അടച്ചുപൂട്ടിയ
എത്ര ഇടങ്ങളില്‍
അതിന് എത്താന്‍ കഴിയുന്നു !
ഒരു വാക്കെന്ന മലമടക്കിലൂടെ
ഒരു കടല്‍ എന്ന ചിന്തയിലൂടെ
ആ പഴയ വണ്ടി ,
താഴ്ന്നു പറക്കുന്ന പക്ഷിയെപ്പോലെ
പതുക്കെ പോകുന്നു !
ഒരു മത്സ്യത്തെപോലെ
ആഴങ്ങളെല്ലാം തോല്‍പ്പിക്കുന്നു !
കോടാനു കോടി പ്രശ്നങ്ങളും ,
അതിനുള്ളില്‍
കിടന്നു വിരകുന്ന മനുഷ്യരും
പിന്നിലേയ്ക്ക് !
വളരെ പിന്നിലേയ്ക്ക്
കൈ വീശിപ്പോകുന്നത് കാട്ടിത്തരുന്ന
ഈ പഴയ വണ്ടിയിലെ ജനാലയ്ക്കൊപ്പം
മഴയും മഞ്ഞും വെയിലും
നിലാവും കാണാത്ത ഋതുക്കളും
മറ്റെങ്ങും പോകാതെ കൂടെ വരുന്നു !
എല്ലാ കണക്കുകൂട്ടലുകളും
പിഴയ്ക്കുന്നിടത്തുനിന്നും
പതുക്കെ സ്റ്റാര്‍ട്ട്‌ ആയ ഈ വണ്ടി ,
വളരെ പതുക്കെ
പോകുന്ന വഴികളും
നേരത്തെ ഉണ്ടാക്കിയ നിയമങ്ങളും തെറ്റിച്ച്
ഒരിക്കലും കാണാത്ത
ഏതോ ഒരു ഫിനിഷിംഗ് പോയിന്‍റില്‍ ചെന്നിട്ട്
കൂടെ സഞ്ചരിച്ച
ഏതോ യാത്രക്കാരെ ഇറക്കിവിടും!
എകാന്തതയെന്നോ
കണ്ണീരെന്നോ
കാക്കത്തൊള്ളായിരം പ്രശ്നങ്ങള്‍ എന്നോ
ഒക്കെ പേരുള്ളവര്‍
ഇറങ്ങിപ്പോകും.. !
ഞാന്‍ മാത്രം വീണ്ടും തിരിച്ചു നടക്കും ..
തുടങ്ങിയ ഇടം പോലും മറന്ന്..
മറ്റെവിടേയ്ക്കോ.. !

ജനിമൃതികള്‍

ഓര്‍മ്മയ്ക്കും മറവിക്കും ഇടയില്‍
നമുക്കെത്ര ജനനങ്ങള്‍ ,
എത്രയെത്ര മരണങ്ങള്‍ !