Wednesday, October 31, 2012

രാവ് പുലരുന്നത്


അനാഥയാമത്തിലേതോ വഴിവക്കില്‍
നീറിമരിച്ച ഇന്നിന്‍റെ
പടിഞ്ഞാറേക്കരയിലൊരു
ദീപമണയാന്‍ തുടങ്ങുന്നു !


കാറ്റിലാടിയും
ഇരുളിനെ തിന്നും ..
കല്‍മണ്ഡപത്തിലൊരു തിരി
ഏകമായി നിലാവത്തെരിയുന്നു !

പിന്തുടരാനാവാത്ത സ്വപ്നങ്ങളുടെ
പാതകള്‍ നെടുനീളെ തെളിഞ്ഞതതിനക്കരെ
പുലരാന്‍ മടിച്ചൊരു
വെളിച്ചമെത്രവേഗമെത്തി നോക്കിത്തുടങ്ങി ! 

ഗര്‍ഭിണിയുടെ മരണം

മിടിക്കാന്‍ കൊതിച്ചൊരു
നാഡിയുടെ കൊടുംതണുപ്പില്‍
മണ്‍തരികളിരച്ചുകയറിയിരിക്കുന്നു !!
ഗര്‍ഭാശയഭിത്തികള്‍ പൊടിച്ചുവളര്‍ന്ന
കാട്ടുചെടിയുടെ വേരുകളിലൊരു കണ്ണീര്‍നനവും !!

കാത്തുവച്ചത്

വിസ്മൃതിയുടെ തീരത്തെവിടെയോ
നോവായ്‌ കൊഴിഞ്ഞെങ്കിലും ,
തിരയായലയുമ്പോഴെല്ലാം
നിന്‍റെ  കാല്‍പ്പാടുകള്‍  തേടുന്നോരി-
-ന്നലെയുടെ ഗന്ധമുള്ള 
മനസ്സിനെ ഞാന്‍  കാത്തുവച്ചിരിക്കുന്നു !!

Tuesday, October 23, 2012

അല്‍പ നേരം കൂടി ... !!

ഇവിടെയെനിക്കായ് ഇടവഴികളിലും നടവഴികളിലും
തുള്ളികളായ്‌  കാത്തു നിന്ന മഴയും
കുന്നോളം സ്നേഹമായ് എന്നെ കുതിര്‍ക്കുന്ന മനസ്സുകളും ....
വിട്ടു പോവാന്‍ മടിക്കാത്ത മണ്ണില്‍ കാലൂന്നി
അല്‍പ നേരം കൂടി ... !!

മഴപ്പക്ഷി

ഇനി ഞാനൊരു മഴപ്പക്ഷിയാവട്ടെ !
തോരാന്‍ മടിച്ച് പെയ്യ്തൊഴിയുന്ന
മഴമേഘക്കൂട്ടിന് താഴെ
എത്ര നനഞ്ഞിട്ടും കൊതിതീരാതെ,
തൂവലുകളൊതുക്കി
ആകാശവീഥിയില്‍ സ്വപ്നമായ് കുതിര്‍ന്ന്‌
ഒരു മഴപ്പാട്ടായ് ഇല്ലാതാവട്ടെ ...

Friday, October 19, 2012

ഓര്‍മ്മയായ്


സ്വപ്നത്തിന്‍റെ തളിര്‍പ്പിലേയ്ക്ക് ,
ആകാശത്തിന്‍റെ വിശാലതയില്‍ നിന്നും
അടര്‍ന്നുവീണ്,
കാലത്തിന്‍റെ വരള്‍ച്ചയില്‍ ഇല്ലാതായ
മഞ്ഞുതുള്ളിയുടെ വേദനയാണ് ഞാന്‍  !
പഴുത്തു വാടി മണ്ണിലീയില അലിയുംമുന്‍പേ
എന്നെ നീ വായിച്ചെടുക്കുക ...
ഒരു പുസ്തകത്താളില്‍
ഓര്‍മ്മയായ് സൂക്ഷിക്കുക... !!

Wednesday, October 17, 2012

മറക്കാനാവാതെ

ഇനിയൊരിക്കലും 
വിളിച്ചുണര്‍ത്തരുതെന്നു പറഞ്ഞു ഞാന്‍ 
നിന്നെ മറന്നെത്രയോ യാമങ്ങളുറങ്ങാന്‍ കിടന്നു... 
ഓര്‍മ്മത്തുള്ളികളായിറ്റു വീണെന്‍റെ 

ഇമകളില്‍ നീ 
ഉണര്‍വ്വായുമുയിരായും 
ജനിക്കുന്നു ... !!
ഞാനുമൊരു ജീര്‍ണ്ണിച്ച നഷ്ടത്തിന്‍റെ ചിറകില്‍ 

തളരാത്ത വേദനയും താങ്ങി 
വീണ്ടും നിനക്കുവേണ്ടി... !!

പൂവ്

പൂക്കളോരോന്നും വിരിയാന്‍ 
ഞാന്‍ കാത്തിരുന്നു ...
ഏറ്റവും നല്ലതിറുത്ത് 

നിനക്ക് നല്‍കുവാന്‍ .. !!
എന്‍റെ ഹൃദയം 

വേരോടെ പിഴുതു നിന്‍റെ 
സ്വപ്നങ്ങളുടെ മുറ്റത്തു നട്ടപ്പോഴാണ് 
ഏറ്റവും നിറമുള്ള പൂവ് ത

ന്നെ നിനക്ക് നല്കാനായെന്ന്
ഞാന്‍ തിരിച്ചറിഞ്ഞത് ... !!

അന്ന്

ചുവന്നു പൂത്ത വേനലില്‍
ആത്മാവ് ദഹിക്കുമ്പോള്‍
ഓര്‍മ്മകളിലൊരു പേമാരി
പെയ്യുമായിരിക്കും !
അതില്‍ നനഞ്ഞു കൊഴിയുന്ന
നിമിഷങ്ങളില്‍
ദൂരെയെവിടെയോ നീയെന്നെ
മറക്കുമായിരിക്കും !

ഇരുളിലൊരു തിരിനാളമാടി ഉലയുമ്പോള്‍
പുലരിക്കായ്‌ കാത്തൊരു
നക്ഷത്രമുദിക്കുമായിരിക്കും  !
നിന്നെയോര്‍ക്കാതെ
ഞാനുറങ്ങുന്ന ആ രാവില്‍,
ഞാനെന്നോ എഴുതിയ വരികളില്‍
നീ നിന്നെത്തന്നെ
ചികഞ്ഞെടുക്കുമായിരിക്കും !

വ്യത്യാസം

നിന്‍റെ മൌനമെന്നും 
കണ്ണീരാല്‍ നനഞ്ഞിരുന്നു !!
എന്‍റെ കണ്ണീരെന്നും 

കവിതയാല്‍ പൊതിഞ്ഞിരുന്നു !!

Tuesday, October 16, 2012

സുന്ദരമായ ഒരു സന്ധ്യ

ഒരു പകല്‍കൂടി രക്തസാക്ഷിയാകുന്ന നിറമാര്‍ന്ന സന്ധ്യയാണിത്.ചിന്തകള്‍ക്ക് കടിഞ്ഞാണിടാതെ ഹൃദയം സഞ്ചരിക്കുകയാണ്. പാദങ്ങള്‍ തളരാതെ , ദൂരങ്ങളറിയാതെ ,ഞാനുമീ മണല്‍ത്തരികളമര്‍ത്തി ചവുട്ടി നടക്കുകയാണ്.
സന്ധ്യയെ ഞാനേറെയിഷ്ടപ്പെടുന്നതിനു കാരണമുണ്ട്. മരണത്തിലേയ്ക്ക് നടക്കുന്ന പകല്‍ , പരാജിതയുടെ ഭാവമില്ലാതെയും ഉഷ്ണത്തിന്‍റെ ക്രോധമില്ലാതെയും , രാത്രിയുടെ ചരിഞ്ഞ താഴ്വാരത്തിലെ നേര്‍ത്ത മഞ്ഞിന്‍റെ മൂടുപടത്തിലേയ്ക്ക് മറയുന്ന വികാരമാണ്. ഭൂമിയെന്‍റെ കാലുകളെ ആലിംഗനം ചെയ്യുകയും തിരകളെന്നെ ഉമ്മവയ്ക്കുകയും ചെയ്യുമ്പോള്‍ എത്രയോ രാപ്പകലുകള്‍ ജനിക്കുകയും മരിക്കുകയും ചെയ്യ്ത മണല്‍പ്പരപ്പിലാണ് ഞാനെന്‍റെ വിചാരങ്ങളുടെ ഭാരവുമായ് പാദമുറപ്പിക്കുന്നത്.
കോര്‍ത്തു പിടിക്കാന്‍ നിന്‍റെ കൈകളും , ചൂടുപറ്റി നടക്കാന്‍ നീയുമില്ലാതെ , തനിയെ നടക്കാന്‍ ഞാന്‍ കൊതിച്ചിരുന്നില്ല. എങ്കിലുമിന്നിതെനിക്ക് ഏകാന്തതയുടെ സുഖമുള്ള അനുഭൂതിയാണ്. ഓര്‍മ്മകളും നഷ്ടങ്ങളും നിരന്തരം ശബ്ദമുഖരിതമാക്കുന്ന മനസ്സിനെ സ്വപ്നങ്ങളൂട്ടിയുറക്കാന്‍ ഞാന്‍  തിരികെ നടക്കുമ്പോള്‍, കിളികളും കൂടണയാനായി പറക്കുന്നുണ്ടായിരുന്നു.
അലസമായ് അഴിച്ചിട്ട മുടിയിഴകള്‍ പോലെ രാത്രിയും ,  ഇതിനിടയിലെ മുല്ലമൊട്ടുകള്‍ പോലെ സ്വപ്നങ്ങളുമെന്നെ എത്തിനോക്കിത്തുടങ്ങി.
സ്വപ്‌നങ്ങള്‍ രക്ഷപെടലുകളാണ്. യാഥാര്‍ത്യത്തില്‍ നിന്നും , അബോധത്തിലെ ലോകത്തേയ്ക്ക് സുഖമോ വേദനയോ തോന്നാതെ , ഓടിയൊളിക്കുന്ന മനസ്സിന് മാത്രമറിയാവുന്ന വഴി. ഇനി സ്വപ്നങ്ങളിലേയ്ക്കാണെന്‍റെ യാത്ര. 

അടുക്കള

പുലരുംമുന്‍പ് തെളിഞ്ഞ്
അന്തിയോളം പുകഞ്ഞുമെരിഞ്ഞും
അമ്മയുടെ തീരാത്ത പരിഭവങ്ങള്‍
നിശബ്ദമായി മുഴക്കിയും
പണ്ടൊരടുക്കളയുണ്ടായിരുന്നു !
അവളന്നരങ്ങിലെത്തിയതും
പുകയില്ലാതെ , പരിഭവമില്ലാതെ
ഇടയ്ക്കിടെ മാത്രം
കാലനക്കങ്ങള്‍ കേട്ട് വിശ്രമിക്കുന്നു !

നിലാവ്

താഴിട്ടുപൂട്ടിയൊരു വാതില്‍പ്പഴുതിലൂടെ ,
നിലാവൊരു ക്ഷീണിതന്‍റെ മുഖത്തോടെ ,
എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞെന്‍റെ
മെഴുകുതിരി വെളിച്ചത്തിന്‍റെ
കോണിപ്പടികളിറങ്ങി വരുന്നു !
അനുവാദം ചോദിക്കാതെയെന്‍റെ
സ്വപ്നങ്ങളുടെ ഇഴകള്‍ക്കിടയില്‍
നിശാപുഷ്പങ്ങളെ നടുന്നു !! 

Saturday, October 13, 2012

ഞാന്‍ അറിയുന്ന നീ


എനിക്കറിയാം 
ഇനിയുമെഴുതാനാവാത്ത 
വരികളിലൊക്കെ 
നിഴലായ്  
നീ ഒളിച്ചിരിക്കുന്നുവെന്ന് !
ഇനിയും വിരിയാത്ത 
മൊട്ടുകളിലെല്ലാം 
സൌരഭ്യമായ് 
നീ മറഞ്ഞിരിക്കുന്നുവെന്ന് !
ഇനിയും പെയ്യാത്ത 
മേഘങ്ങളിലെല്ലാം
തുള്ളികളായ് 
നീ എന്നെ കാണുന്നുവെന്ന് !
ഓരോ കവിതയിലും 
വായിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് 
നിന്നെ ഞാന്‍ !
ഒരോ പൂവിലും 
നീ നിറഞ്ഞിരിക്കുന്നു എന്ന് 
തോന്നുമ്പോഴെല്ലാം  
വസന്തത്തെ ഞാന്‍ പ്രണയിക്കുന്നു !
ഒരു മഴയത്ത് 
നീയെന്നില്‍ നിറയുന്നതിനായ് 
ഓരോ മഴവില്ലിനെയും 
ഞാന്‍ കാത്തിരിക്കും !!


ചുടലക്കാട്

മനസ്സൊരു ചുടലക്കാട് പോലെ ... 
യുദ്ധം തീരാതെ ഒടുങ്ങിയ ജീവന്‍റെ 
ഇനിയുമണയാത്ത ആവേശം 
കനലായും , 
പിന്നെ , തോല്‍വി സമ്മതിച്ച് ചാരമായും ,
പെരുമഴയില്‍ 

വീണ്ടും ചെറുതായ് തളിര്‍ത്തും... !!

നീ വായിക്കുന്നത്

ഒരു മൌനത്തിന്‍റെ ധാരാളിത്തത്തില്‍
ഞാനൊരു ജന്മം പറയാന്‍ കൊതിച്ചതെല്ലാം
മൂടി വച്ചിരുന്നു ..
ഒരു വേള, നീയെന്‍റെ ഹൃദയം പിളര്‍ന്നപ്പോള്‍
അക്ഷരങ്ങളായി ഒലിച്ചിറങ്ങിയതെല്ലാം
ഞാന്‍ എന്നോ പറയാന്‍ മറന്നതും
പറയാതെ ബാക്കി വച്ചതുമായിരുന്നു !!
വാക്കുകളോരോന്നായി ശ്രമപ്പെട്ടു നീ
വായിച്ചെടുത്തതെല്ലാമെന്‍റെ
പ്രാണന്‍റെ നോവുകളായിരുന്നു... !!
ചുണ്ടുകള്‍ വരണ്ടതും
നാവുണങ്ങിയതും
തൊണ്ടയില്‍ തടഞ്ഞതും
ഇന്നു നിനക്ക് വായിക്കാന്‍
കവിതയാകേണ്ടിയിരുന്നു ... !!

ഓട്ടം

കാലമെന്നെയും ചേര്‍ത്തുപിടിച്ചോടുന്നു ,
അജ്ഞാതരായി നാം 
പല ജന്മങ്ങളില്‍ ചിതറുവോളം,
എന്നെ കൈവിടാതോടുന്നീ 
മണ്ണിന്‍ തീച്ചൂളയില്‍.........

അനശ്വരം

അനശ്വരം 
നീ തന്നോരീ 
തീരാവ്യഥയെന്‍ 
നെഞ്ചിലും പ്രണയമേ ... !!

ഇന്നെന്‍റെ കണ്ണാടി

കാര്‍മേഘം മൂടിയ ആകാശത്ത്‌
നിറഞ്ഞ കണ്ണുകള്‍ പോലെ
രണ്ടു നക്ഷത്രങ്ങള്‍ !
വിണ്ണിലെനിക്കാരോ
ഒരു കണ്ണാടി പണിതു പോലും !

Thursday, October 11, 2012

ഏറ്റുവാങ്ങല്‍

കാലമൊരു തീവ്രവാദിയുടെ
കനല്‍ കണ്ണുകള്‍ പോലെ
നെഞ്ചിനകത്തെയ്ക്ക് തീ തുപ്പുന്നു !
അടര്‍ന്നു വീഴാന്‍
മടിച്ചുനിന്ന ആദ്യതുള്ളിയും
നിലത്തേയ്ക്ക് തള്ളിയിട്ട്
പ്രളയം പോലെ കണ്ണീര്‍പ്പുഴ !

കണ്മുന്‍പില്‍ അന്ന്
പൂത്ത് നിന്ന സത്യങ്ങളൊക്കെ ,
ഇന്നെന്‍റെ സ്വപ്നങ്ങളില്‍
കൊഴിഞ്ഞുകിടക്കുന്നു ... !!
ഓര്‍മ്മകള്‍ വേരാഴ്ത്തി
മുറിവേല്‍പ്പിക്കുന്ന ഈ രാവില്‍
ഞാന്‍ നിശബ്ദയായി
ഏറ്റുവാങ്ങുന്നീ പീഡകള്‍ !

കിനാവ്‌

നനഞ്ഞ വഴികളില്‍
മൂകമെത്ര ഇലകള്‍
കാറ്റിനോട് ചേര്‍ന്ന്
മണ്ണിലുറങ്ങുന്നു !
മനസ്സിലൊരു പാതിമുറിഞ്ഞ
കിനാവ്‌ നിശബ്ദമായതുപോലെ !! 

ഉറക്കത്തിലെയ്ക്കുള്ള വഴി

ആകാശം തൊടാന്‍ മത്സരിക്കുന്ന
ചിന്തകള്‍ക്കിടയിലെ ,
നീണ്ട മൌനങ്ങളില്‍നിന്നും
വാക്കുകളിറങ്ങി
പോയതെവിടേയ്ക്കാണ് ?
കണ്ണുതുറന്നു കിടന്നുറക്കിയ
സ്വപ്‌നങ്ങള്‍ ,
ബോധത്തിന്‍റെ താഴ്വരയിലെവിടെയോ
കളങ്കമില്ലാത്ത കുഞ്ഞുങ്ങളെപോലെ കളിക്കുന്നു !
ഉണര്‍വ്വിനും മയക്കത്തിനുമിടയില്‍
ഓര്‍മ്മകള്‍ ഊഞ്ഞാലാടുന്നുണ്ട് !
കണ്ണുകളുടെ നനവ്‌ രുചിച്ചിട്ടെ
ഇനിയവ പടിയിറങ്ങൂ !
ഞാനൊരു പാട്ടു കേള്‍ക്കട്ടെ
അമ്മയുടെ മടിയില്‍ തലചായ്ക്കട്ടെ
മെല്ലെ മെല്ലെ ഉറക്കത്തിലേയ്ക്ക് ... !!



Wednesday, October 10, 2012

ഡോര്‍മാന്‍

വിഭവങ്ങള്‍ സമൃദ്ധം 
എത്രയോ കൂട്ടങ്ങള്‍ 
മൊരിഞ്ഞും, കുറുകിയും 
വെന്തും  പാകമാകുന്നു !
നിറങ്ങളും സ്വാദും 
മണവും പരക്കുകയാണ് 
ഊണുമേശകള്‍ നിറയെ !
ആളുകള്‍ വരുന്നു 
വയറു നിറയ്ക്കുന്നു 
സന്തോഷത്തോടെ പോകുന്നു !
പടിക്കല്‍,
വാതില്‍ തുറന്നും ചാരിയും
ചിരി മായാതെ 
വിശപ്പടക്കാനാവാതെ ,
വെയിലിന്‍റെ വേവില്‍ 
കുടുംബം പോറ്റാന്‍ 
ഒരു ജന്മം !

സഞ്ചാരം


തിരികെ നടക്കാന്‍ എനിക്കാവുന്നില്ല ,
നടന്നു തീര്‍ത്ത വഴികളിലെ
നനവാര്‍ന്ന പച്ചപ്പിലേയ്ക്ക് !!
നീളന്‍ പാതകളില്‍
ഉടലറ്റുവീഴുന്ന
ഓര്‍മ്മകളെ പിന്നിലുപേക്ഷിച്ച്
ഇനിയും വ്യക്തമാകാത്ത തുടര്‍ച്ചകളിലെ,
അക്ഷരങ്ങള്‍ തേടിയാണെന്‍റെ സഞ്ചാരം !!

Tuesday, October 9, 2012

ഒരു നോട്ടം

ഒരു നോട്ടത്തില്‍
ഒരായിരം കവിതകളൊളിപ്പിച്ച
കണ്ണുകളില്‍ നിന്നും ഞാന്‍
പ്രണയത്തിന്‍റെ തീവ്രത വായിച്ചെടുത്തു !

Sunday, October 7, 2012

ജീവിതമാകുന്ന പുസ്തകം

തിരിച്ചറിയാനാവാത്ത ഭാഷകളില്‍
ജീവിതത്തിന്‍റെ താളുകളിലൊക്കെ
വിധി കുറിച്ചിട്ടിരിക്കുന്ന വരികള്‍ ,
ഓരോ ദിവസം ചെല്ലുമ്പോഴും
വ്യക്തമായി വരുന്നു !
ഒരു പുസ്തകം വായിച്ചു
തീര്‍ക്കുന്നത് പോലെ,
ഓരോ നിമിഷവും
അടുത്ത വരി തേടി ഞാന്‍ !
കണ്ണീരിന്‍റെ നനവില്‍
കുതിരാതെയെനിക്കിത്തിന്‍റെ
ഒടുവിലത്തെ വാക്കും
വായിക്കാനായിരുന്നെങ്കില്‍ !!

My ship

across the roaring waves,
i sail unto the rising sun,
when the birds search for their shelter,
i come along and sing my eternal songs,
with the millions of sands and winds
where it echoes 

in the dreams of the darkest nights ... !!

ആളൊഴിഞ്ഞ മുറി



മൂകമാമീ മുറിയുടെ ഒരറ്റത്ത്
പൊള്ളയായ മനസ്സിന്‍റെ തേങ്ങലടക്കാനാവാതെ ,
ശരിയുടേയും തെറ്റുകളുടെയും
ഇടയില്‍വീണു ചതഞ്ഞ  ജീവിതത്തെ
താങ്ങിപ്പിടിച്ചിരിക്കുമ്പോള്‍ ,
അതിഥികളില്ലാത്ത കസേരകള്‍
തെല്ലു പരിഭവത്തോടെയെന്നെ നോക്കി
നിരന്നു കിടക്കുന്നു !
പൊട്ടിച്ചിരികളും,
തകര്‍പ്പന്‍ സംസാരങ്ങളും,
ഉച്ചത്തില്‍ മുഴങ്ങാതെ,
അലസമായ ചുവരുകള്‍
കണ്ണുരുട്ടിയെന്നെ ഭയപ്പെടുത്തുന്നു !
ആര്‍ക്കോ വേണ്ടി
ആടുകയും പാടുകയും ചെയ്യുന്ന
ടെലിവിഷന്‍റെ വിരസതയ്ക്കു മുന്‍പില്‍,
പകച്ചു നില്‍ക്കുന്ന പ്ലാസ്റ്റിക്‌ പൂക്കള്‍
ശലഭങ്ങളെ കിനാവ്‌ കാണുകയാണോ ?
ഓരോ തവണയും,
പുതിയ പരസ്യവുമായി
സന്ദേശത്തിന്‍റെ ടോണ്‍ കേള്‍ക്കുമ്പോഴും,
അത് നീയായിരുന്നെങ്കിലെന്ന്
അറിയാതെ കൊതിക്കുകയാണ് !
ചാരിയ വാതിലിനു പുറത്ത്
ഞാനൊരു നീണ്ട മണികെട്ടിത്തൂക്കിയിട്ടുണ്ട് !
ഒരു നാളത് പലവട്ടം മുഴക്കി നീ
തിരികെ വന്നെന്നെ ആലിംഗനം ചെയ്യുമെന്നും
മനസ്സിനെ പറഞ്ഞു ഞാന്‍ വിശ്വസിപ്പിക്കുകയാണ് !
ഇന്നും ശീലകള്‍ മാറ്റാതെ
അടഞ്ഞുകിടക്കുന്ന ജനാലകളില്‍
മഞ്ഞും , വെയിലും
മാറി മാറി മുട്ടി വിളിക്കാറുണ്ടായിരിക്കാം,
ഇന്നലെ ഇളം നീല വിരിപ്പുകള്‍ മാറ്റി
പ്രകൃതിയിലേയ്ക്കു
കണ്ണുംനട്ടു നില്‍ക്കുമ്പോള്‍,
ഉള്ളംകാലില്‍ നിന്നും
എകാന്തതയെന്‍റെ എല്ലുകളിലേയ്ക്ക്
തുളഞ്ഞിറങ്ങിയെന്നെ നൊമ്പരപ്പെടുത്തിയതല്ലേ  !
സംഗീതം മാത്രം നിറഞ്ഞ  ലോകത്തെ
എന്‍റെ അജ്ഞാതനായ കൂട്ടുകാരാ,
എന്‍റെ സംഗീതം നീയായിരിക്കെ ,
നിന്‍റെയീരടികളില്ലാതെയെന്‍റെയീ ലോകം
എത്രയോ നിശബ്ദമാണ്..
ആളൊഴിഞ്ഞിരുള്‍ക്കുടിച്ചുറങ്ങുന്ന
കോണുകള്‍ക്കിടയില്‍
ഏങ്ങിക്കരയുന്നൊരു ഓര്‍മ്മമാത്രം
ഇടയ്ക്കിടെ കണ്ണുതിരുമ്മുന്നു  !

നാസിക


ഓരോരോ ഗന്ധങ്ങളും
സൂക്ഷിക്കുന്ന അറകളുണ്ടാവും
നാസികയെയും ഓര്‍മ്മയെയും തമ്മില്‍
ബന്ധിപ്പിക്കുന്ന
ഞരമ്പുകളുടെ ഓരംചേര്‍ന്ന് !

പുസ്തകക്കൂട്ടങ്ങള്‍ പറ്റംപറ്റമായ്
അടുങ്ങിയിരിക്കുന്ന അലമാരകളിലെ
ചില താളുകള്‍ക്കുള്ളില്‍
നൂറ്റാണ്ടുകളുടെ പഴക്കം ചെന്ന
അറിവിന്‍റെയും ആകാംഷയുടെയും ഗന്ധമാണ് !

ക്ഷീണിച്ചെത്തുമ്പോള്‍
പ്രതീക്ഷിക്കാതെ കൈവന്ന
പുത്തനുടുപ്പില്‍ അമ്മയുടെ മനസ്സും
ചായക്കൂട്ടുകളുടെ പൊലിമയും
ചേര്‍ന്നൊരുക്കിയ സ്നേഹത്തിന്‍റെ ഗന്ധവും !

കാലമേറെയായ് കാറ്റില്‍ പറക്കുന്ന,
കണ്ണില്‍ വീഴുന്ന പൊടിമണ്ണിനെ
ശാസിച്ചിരുത്തുന്ന പുതുമഴയുടെ
ആദ്യതുള്ളിയില്‍ നാസിക തുളച്ചിറങ്ങുന്ന
സൌന്ദര്യം കലര്‍ന്നൊരു സുഗന്ധം !

മുറ്റത്താദ്യമായ് ഞാന്‍ നട്ട
റോസാപൂവിരിഞ്ഞെന്നെ നന്ദിയോടെ
ഉറ്റുനോക്കിയപ്പോള്‍,
മനസ്സ് നിറച്ചൊരു
നനുനനുത്ത മൃദുലമായ ഗന്ധം !

പിന്നെ, ഇനിയൊരിക്കലും
പോകാന്‍ കൊതിക്കാത്ത
ഊടുവഴികളില്‍ ,ചതഞ്ഞും അഴുകിയും
വീണുകിടക്കുന്ന ഇലകളുടെ
മനം മടുപ്പിക്കുന്നൊരു ഗന്ധം !

എല്ലാമെല്ലാം തരംതിരിച്ച്
തന്‍റെ ശേഖരത്തില്‍ സൂക്ഷിക്കുന്ന
ബുദ്ദിയുടെ ഹംസമായി
ഓര്‍മ്മയുടെ ചെറിയൊരു കല്ല്‌ തിളങ്ങുന്ന 
ഗൃഹാതുരത്വത്തില്‍ പൊതിഞ്ഞ്‌ !

Saturday, October 6, 2012

പാതികള്‍

ചോദ്യമുനകളിലെ ചോരത്തുള്ളികള്‍  
സംശയങ്ങളിലെ ക്രൂരഭാവങ്ങള്‍ 
എവിടൊക്കെയോവച്ച്  അവ്യക്തമായ 
ജീവിതത്തിന്‍റെ മുറിവുണങ്ങാത്ത പാതികള്‍ !

പൊരുളുകള്‍

ഇരുളില്‍ തനിച്ചായപ്പോഴാണ്
ആരൊക്കെയോ എപ്പോഴൊക്കെയോ
പാടിയും പറഞ്ഞും പോയ കഥകളുടെ
പൊരുളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് !

Friday, October 5, 2012

കടിഞ്ഞാണ്‍

സാന്ത്വനത്തിന്‍റെ
ഒരു നേര്‍ത്ത രേഖ പോലും 
തെളിയാത്ത ,
വിജനതയില്‍ 
വെന്തുവെണ്ണീറാകുന്ന 
ചിന്തകളെ കടിഞ്ഞാണിടാന്‍ 
കണ്ണീരുകൊണ്ടു ഞാനൊരു 
തുരുത്തു തീര്‍ക്കുന്നു ! 

ഒരു ചിത്രം

നോവുന്ന ചിത്രങ്ങളിലൊന്നില്‍ ,
വെയിലിന്‍റെ തളര്‍ച്ചയും,
നൊമ്പരപ്പെടുത്തുന്ന കണ്ണീര്‍മുഖങ്ങളും ,
കഷ്ടപ്പാടിന്‍റെ കാഠിന്യവും,
ഉപ്പുകലരാതെ വിളമ്പിയ
ജീവിതസമസ്യയിലെ
ഒരു നിമിഷത്തെ നോക്കി 
ഞാനിന്നു കണ്ണീരൊഴുക്കി !

ആരാരുമറിയാതെ

മനസ്സൊരു നൂറായ് 
അറുത്തു നിന്‍റെ മുന്‍പില്‍ 
ഞാനൊരു കാണിക്ക വച്ചിരുന്നു !
അവസാനമൊരു തരിയിലെങ്കിലും 
നീ നിറഞ്ഞുകത്തിയെന്നെ 
ദഹിപ്പിച്ചിരുന്നെങ്കില്‍ 
ഓര്‍മ്മകളില്‍ നിന്നും 
മോചനം നേടി ഞാന്‍ 
കാലങ്ങളും ജന്മങ്ങളും കടന്നു
മറയുമായിരുന്നു !
ഇനി ഞാനെങ്ങനെ ജീവനെ 
തിരികെ തുന്നിച്ചേര്‍ക്കും ?
ഇനി ഞാനെങ്ങനെ 
മുന്‍പോട്ടു നടക്കും ?
പ്രതീക്ഷവറ്റി 
നീറുന്നൊരു സ്വപ്നത്തില്‍ 
തളര്‍ന്നു ഞാന്‍ 
ആരാരുമറിയാതെ,
ആരാരും കാണാതെ 
ഭൂമിയുടെ ഭ്രാന്തന്‍ചിന്തകളില്‍ 
അഴുക്കുപുതച്ച് തനിയെ,
സ്നേഹിച്ച പാദങ്ങളുടെ 
ചവിട്ടേറ്റ് വഴിയരികില്‍ സ്തംഭിച്ച്‌ ... !! 

ദു:സ്വപ്നം

ഇന്നലെയെന്‍റെ നിദ്രയെ പലതായ്
കീറിമുറിച്ചുകൊണ്ടൊരു സ്വപ്നം !
വെളുക്കുവോളം,
ഒരു നുള്ളുറങ്ങാതെ,
പുലരിയെകാത്ത്
രാവെന്‍റെ മനസ്സിന്‍റെ ഉമ്മറത്ത്
വെരുകിനെ പോലലഞ്ഞു !

Thursday, October 4, 2012

അമ്മയുടെ വഴി

പേന കുടഞ്ഞപ്പോള്‍,
തെറിച്ചു വീണതെല്ലാം
നിറമില്ലാത്ത
സ്വപ്നങ്ങളായിരുന്നു !
എഴുതിത്തുടങ്ങുമ്പോള്‍
വിജനതയില്‍ തെളിഞ്ഞതെല്ലാം
നഷ്ടങ്ങളായിരുന്നു !
ക്രൂരമായ കണ്ണുകളും,
ബലഹീനമായ കയ്യ്കളും,
എന്നിലെ
 ശാന്തതയുടെ നീരുറവ
കുടിച്ചുവറ്റിക്കുന്നു !
അമ്മെ,
ആ മുഖമല്ലാതെ
മറ്റൊന്നും എന്നെ സന്തോഷിപ്പിച്ചില്ല !
രാകിമിനുക്കിയ കത്തിയുടെ
മൂര്‍ച്ചയില്‍നിന്നും ,
ഒരു മുഴം കയറില്‍
തൂങ്ങിയാടുന്ന നീളത്തില്‍നിന്നും ,
റയില്‍പാളത്തില്‍
കുറുകിക്കുഴഞ്ഞുകിടക്കുന്ന
മരണവേഗതയില്‍ നിന്നും ,
ഒരു തുള്ളിയിലുറഞ്ഞ
വിഷത്തരിയില്‍ നിന്നും
അമ്മെ, നീയെന്നെ
സ്നേഹമെന്ന
വിശ്വമഹാസത്യത്തിലേയ്ക്ക് വീണ്ടും
തള്ളിക്കയറ്റുന്നു !

കടല്‍ച്ചുഴി

അലയടിക്കുന്ന
കടല്‍പ്പരപ്പിന്‍റെ ആഴങ്ങളില്‍,
തിരയെടുത്തു പോയ
ജീവന്‍റെ മിടിപ്പുകള്‍
നിഷ്കളങ്കമായി മരവിച്ചു കിടപ്പുണ്ട് ,
മരണത്തിന്‍റെ ഇരുട്ട്
ചുഴികളില്‍ ആരും കാണാതെ
ഒളിച്ചിരിപ്പുണ്ട് !
ഇനിയുമിനിയും
ചൂടുള്ള ശ്വാസത്തെ 
കഴുത്തു ഞെരിച്ചു കൊല്ലാന്‍ !

Wednesday, October 3, 2012

കാവല്‍ക്കാരന്‍

അന്തേവാസികളോരോന്നായ്
വീടേറുന്നു !
തുറന്നിട്ട ജാലകവാതിലുകളിലൂടാരോ
ചവച്ചുതുപ്പിയ മാതിരി
നേര്‍ത്ത പ്രകാശം !
ചില വാതിലുകള്‍ അനക്കമറ്റും,
മറ്റു ചിലത്,
ആരെയോ കാത്തെന്നപോലെ
കാറ്റിലാടിയും
പാതിചാരപ്പെട്ടിരിക്കുന്നു !
ഇനിയുമതിഥികള്‍ നടയേറി വന്നേക്കാം
ഇനിയുമാളുകള്‍ പടിയിറങ്ങി പോയേക്കാം
എങ്കിലും ഞാന്‍ നിശ്ചലനായി
സ്വപ്‌നങ്ങള്‍ നിദ്രയുടെ
താഴ്വാരയിറങ്ങിയെത്തുമ്പോള്‍
ഉറക്കം വെടിഞ്ഞീ നായ്ക്കള്‍ക്കൊപ്പം
ഞാനീ ഇരുളുറങ്ങുന്നതും കാത്ത് !



കൊതി

നിഴലകന്ന സ്വപ്നവീഥിയില്‍
അന്തിച്ചുവപ്പു ചാര്‍ത്തി
തനിച്ചെന്നെ
കാത്തുനില്‍പ്പുണ്ടൊരുവരിക്കവിത !
അവളുടെ മിഴിയില്‍
രാവും പകലും
കെടാതെ കത്തുന്ന നിലാവിലും
ആരും കാണാതെ
മിഴിച്ചു നോക്കുന്നു മറ്റൊരു വരി !
പാതിയുരുകി
കരളിലൊരു വൃണമായി
പ്രണയം മരണമടഞ്ഞപ്പോള്‍ ,
തലയ്ക്കലൊരു പൂവിലൊരു
ഇതളായും ചിരിക്കുന്നൊരു വരി !
എല്ലുന്തി വെയില്‍കൊണ്ട്
 മിണ്ടാപ്രാണികള്‍ ,
മരണം കാത്ത് നിരന്നു നില്‍ക്കുമ്പോള്‍ ,
അറിയാതൊഴുകിയ
കണ്ണീരു
വീണുടഞ്ഞതുമൊരു വരിക്കവിതയില്‍ !
വരികളോരോന്നായെന്നെ
പിന്തുടരുന്നു !
ഒരു കവിതയാവാന്‍
എനിക്ക് മുന്‍പില്‍ കൊതിച്ചു
നില്‍ക്കുകയാണീ  ലോകം !


പക്ഷിക്കുഞ്ഞ്

മഴയില്‍ തൂവലൊതുക്കി,
ഇടതൂര്‍ന്നു കറുത്ത് വളര്‍ന്ന
ചില്ലയ്ക്കിടയിലൊളിക്കുന്ന
പക്ഷിക്കുഞ്ഞ് ,
തെളിഞ്ഞ നിലാവത്ത്
ചന്ദ്രബിംബം കടന്ന് ,
നക്ഷത്രങ്ങള്‍ പൂക്കുന്നിടം
തേടിപ്പറക്കാന്‍ കൊതിക്കുന്നു !

Tuesday, October 2, 2012

കാരമുള്ള്

ചങ്കില്‍ തറച്ച കാരമുള്ളിനെ
അവര്‍ ഓര്‍മ്മ എന്നെ ഓമനപേരിട്ടു വിളിച്ചു !
ഒരുനാളും അടര്‍ത്തി മാറ്റാനാവാതെ ,
എന്നെയതു നോവിച്ചുകൊണ്ടേയിരുന്നു !

മഴവില്‍

പിണങ്ങിച്ചിണുങ്ങി നിന്ന
ചാറ്റല്‍ മഴയോട് വെയില്‍
എന്ത് സ്വകാര്യം പറഞ്ഞപ്പോഴാണ്
ഏഴു വര്‍ണ്ണങ്ങള്‍കൊണ്ട്
വാനം ചിരിച്ചത് ?

എന്‍ഡോസള്‍ഫാന്‍

വിഷം കുടിച്ച ശലഭങ്ങളും,
പൂക്കാന്‍ മടിക്കുന്ന ചെടികളും ,
കാഴ്ച്ച നശിച്ച കുരുന്നുകളും,
മുരടിച്ച വിരലുകളും 
കനിവിനായുറ്റു  നോക്കുന്നു !
മുലക്കണ്ണുകളില്‍ നിന്നും 
രോഗമറിയാതെ  ചുരന്ന്  
തലമുറകള്‍ക്കു കൈമാറുന്നു !
ബുദ്ദി നശിച്ച 
പുഴുക്കുത്തേറ്റ 
പിഞ്ചുശരീരങ്ങള്‍ 
ശബ്ദമടക്കി ചലനമറ്റു കിടന്നപ്പോള്‍ 
പഠനങ്ങള്‍ക്കും 
നിരീക്ഷണങ്ങള്‍ക്കും 
തുറന്നുവച്ച്  
കരുണവറ്റിയ കാലന്മാര്‍ 
കൊഞ്ഞനം കുത്തുന്നത് കണ്ടില്ലേ ?
പണത്തിനു മുകളില്‍ 
കാലിന്‍മേല്‍ കാലുകയറ്റിയിരിക്കുമ്പോള്‍ ,
താഴെ  പുഴുക്കളെ പോലിഴയുന്ന മര്‍ത്യജന്മങ്ങള്‍  
ജീവനു വേണ്ടി പോരാടുന്നു !
കാലമൊരിക്കല്‍ കാലുവെട്ടി 
നിങ്ങളെ നിലംപതിപ്പിക്കുന്ന നേരം 
വാവിട്ടു കരയാന്‍പോലും  
നിങ്ങള്‍ക്കാവില്ല !!

ഗാന്ധിജി ചിരിക്കുന്നു

തിളക്കം മങ്ങിയ പിച്ചച്ചട്ടിയിലും ,
മാടക്കടയില്‍
ഈച്ചയിരുന്ന തേന്‍മിഠായി
നോക്കി വായില്‍
വെള്ളമൂറിയ കുട്ടിയുടെ കീറപോക്കറ്റിലും,
ചാരായക്കടയ്ക്ക് മുന്‍പിലെ
നീളന്‍ ക്യൂവില്‍
അനുസരണയോടെ നിരന്ന മാന്യന്മാരുടെ
കണ്ണീരുമണക്കുന്ന കീശയിലും ,
അഴിമതിക്കണ്ണുകള്‍
കൈ നീട്ടി വാങ്ങിയ കൈക്കൂലിയിലും,
ആത്മഹത്യ ചെയ്യ്ത
കര്‍ഷകന്‍റെ നെഞ്ചിലെ
അണയാത്ത തീയിലും
ഗാന്ധിജി ചിരിക്കുന്നു
ഭാവം തെല്ലുമേ മാറാതെ !!

Monday, October 1, 2012

കള്ളിമുള്‍ച്ചെടി

ഉര്‍വ്വരയാം ഭൂമീ
നിന്റെ മാതൃഹൃദയത്തിലെന്‍റെയീ
വേരുകള്‍ വാടുന്നു !
മണല്‍പ്പരപ്പില്‍
സൂര്യനെപ്പോല്‍ ജ്വലിക്കുമെന്നില്‍ കാലം
മുള്ളായ് ജനിച്ചതും,
ഒരിറ്റു മഴമേഘം
കനിയാത്ത ആയുസ്സില്‍
ഇനിയീ പച്ചപ്പ്‌
ആര്‍ക്കുവേണ്ടി ??

ഗുല്‍മോഹര്‍


മറ്റു പൂവുകളെല്ലാം വാടിയപ്പോള്‍
ഇലകളെല്ലാം തളര്‍ന്നപ്പോള്‍
സ്വന്തം രക്തത്തില്‍ കാലൂന്നി
നിന്നുകൊണ്ട് ,
വേവുന്ന വേനലില്‍..,
സൂര്യനെ ധ്യാനിക്കുന്ന
ഗുല്‍മോഹര്‍ .. !



നമുക്കിടയില്‍ ജീവിതം

നൊടിനേരത്തില്‍ നമുക്കിടയിലെ
സൂര്യന്‍ അസ്തമിക്കുകയും 
രാത്രി കുണുങ്ങിയെത്തുകയും ചെയ്യുന്നു !
സ്വപ്നങ്ങളെത്ര തന്നു രാത്രികളുമങ്ങനെ !
ദൂരമെത്ര കാലമെത്ര എന്നെ വിട്ടു പോയി,
നരവീണ മുടികളും,
ചുളിവിറങ്ങിയ ചര്‍മ്മവും,
കടല്‍പോലെ മന്ദസ്മിതങ്ങളുമോര്‍മ്മയില്‍ !
ഒരായിരം മുഖങ്ങള്‍ 
അലറിയും ചീറിയും 
കരഞ്ഞും ചിരിച്ചും 
സാന്ത്വനിപ്പിച്ചും സ്നേഹിച്ചും 
ജീവിതം നമുക്കിടയിലൂടെ 
വേഗതയറിയിക്കാതെ നീങ്ങുന്നു !!

നീയില്ലാതെ

എത്രയോ വട്ടം പുനര്‍ജ്ജനിച്ചിരിക്കുന്നു ഞാന്‍ 
ഓര്‍മ്മയായും, നിലാവായും, സ്വപ്നമായും 
ഞാന്‍ തീര്‍ത്ത 

എന്‍റെ അക്ഷരച്ചെപ്പിന്‍റെ സ്പന്ദനത്തില്‍ !!
ഇനിയൊരു പുനര്‍ജ്ജനനം വേണ്ടെനിക്ക് !!
നിന്‍റെ ഓര്‍മ്മകളില്ലാതെ , നീയില്ലാതെ 
ഞാന്‍ എങ്ങനെ ഞാനാവും ... !!

എഴുത്തും വായനയും


ആളുകളില്‍ എത്തിക്കാന്‍ വേണ്ടി എഴുത്ത് ആയുധമാക്കുന്ന ചിലര്‍ ഉണ്ട്. എന്തിനെയെങ്കിലും കുറിച്ച് അവബോധം ഉണ്ടാക്കുവാന്‍ വേണ്ടിയാവും ഇത്. ഇത്തരത്തിലുള്ള രചനകള്‍ പലപ്പോഴും വിവാദങ്ങള്‍ക്കും ഇരയാവാറുണ്ട്. വായനയും എഴുത്തും മുരടിച്ചു തുടങ്ങിയ ഇന്നത്തെ സമൂഹത്തില്‍ ഇത്തരം എഴുത്തുകള്‍ക്കും വംശനാശം വന്നുകൊണ്ടിരിക്കുകയാണ്. 
ഇവരുടെ തൂലികത്തുമ്പില്‍ തീപ്പൊരിയും , വാക്കുകളില്‍ സൂചി മുനകളുമായിരിക്കും. എന്തും നേരിടുവാനുള്ള മനക്കരുത്തും , വിമര്‍ശനങ്ങള്‍ക്കു തളര്‍ത്താവാത്ത ഊര്‍ജ്ജവും ഇവര്‍ക്ക് സ്വന്തം.
സ്വന്തം മനസ്സിനെ പരിപോഷിപ്പിക്കുവാന്‍ വേണ്ടി തൂലിക ചലിപ്പിക്കുന്നവരും ഉണ്ട്. എഴുത്തിലൂടെ ആത്മനിര്‍വൃതി കണ്ടെത്തുന്നുവരാണ് ഇത്തരത്തിലുള്ള എഴുത്തുകാര്‍.. , പ്രശസ്തിയോ പ്രതിഫലമോ പ്രതീക്ഷിക്കാതെ, വാക്കുകള്‍ സൃഷ്ടിക്കുന്ന മായാലോകത്ത്, സ്വന്തമായൊരു സ്വര്‍ഗ്ഗം പണിതുയര്‍ത്തുന്നവര്‍ !ഇവരുടെ സൃഷ്ടികള്‍ കൂടുതല്‍ മധുരമുള്ളതും, ചിലപ്പോള്‍ കൈക്കുന്നതുമാവാം.
വളരെയേറെ മനസ്സിനെ സ്പര്‍ശിക്കുന്ന രചനകള്‍ ഇത്തരക്കാര്‍ക്ക് സ്വന്തമാണ്. കാലങ്ങളോളം ഓര്‍മ്മിക്കപ്പെടുന്ന സുന്ദരമായ വരികളും ഇക്കൂട്ടത്തില്‍ ഇടം നേടും.
നമ്മളിന്നുള്ള ചുറ്റുപാടില്‍ തീവ്രമായ ഇഷ്ടത്തോടെ വായനയെ സമീപിക്കുന്നവര്‍ വളരെ വിരളമാണ്. അക്ഷരങ്ങളിലും , വാക്കുകളിലും ഒളിഞ്ഞിരിക്കുന്ന അനന്തമായ ആനന്ദം അറിയാതെ പോകുന്ന ഒരു തലമുറയുടെ ഭാഗമായാണ് നമ്മള്‍ ജീവിക്കുന്നത്. അല്‍പമെങ്കിലും വായിക്കാന്‍ ശ്രമിക്കുന്നത്, എഴുത്തുകാരാണ്. സ്വന്തം സൃഷ്ടികളെ എങ്ങിനെയെങ്കിലും കുറെ പേരെ കാണിച്ച്, അല്പം പ്രശസ്തി പിടിച്ചു പറ്റുക എന്നൊരു ലക്ഷ്യമാണ് ഇന്നത്തെ എഴുത്തുകാരുടെ പ്രധാന അജണ്ട എന്ന് കൂടി തോന്നുന്നു. അതിനു വേണ്ടി മാത്രം മറ്റു ബ്ലോഗുകളില്‍ പോവുകയും, സ്വന്തം ലിങ്ക് നല്‍കി പോരുകയും ചെയ്യുന്ന എത്രയോ പേര്‍. .? യഥാര്‍ഥത്തില്‍ നമ്മളോരോരുത്തരും ഒരുപാട് സ്നേഹിക്കുന്ന വാക്കുകളുടെയും, സാഹിത്യത്തിന്‍റെയും വേരറ്റു പോവുകയാണോ ??

ആധുനികത


ക്ലബ്ബിന്‍റെ
അരണ്ട വെളിച്ചത്തിലെ
അര്‍ദ്ധനഗ്നമായ  ചുവടികളില്‍
പാതിബോധം മറഞ്ഞ
ആഹ്ലാദത്തില്‍  ,
പലകരങ്ങളിലായി നിറയൌവ്വനം
പലതായി പരീക്ഷിക്കപ്പെടുന്നു !

നമ്മളറിഞ്ഞ
കുളിരുന്ന ഓര്‍മ്മകളിലെ
നനുത്ത പ്രണയം വിലയ്ക്കു
വില്‍ക്കപ്പെടുന്ന ആള്‍ക്കൂട്ടത്തില്‍ ,
കാമം തിളയ്ക്കുന്ന ശരീരത്തിന്‍റെ  ചൂടില്‍
ഒറ്റരാത്രിമാത്രം പങ്കിടാന്‍
പൈങ്കിളികളനേകം !

നുരഞ്ഞു പൊന്തുന്ന മദ്യത്തിനും
പുകമറയ്ക്കുള്ളില്‍
വ്യഭിചരിക്കുന്ന  മയക്കുമരുന്നിനും
മാതൃസ്നേഹത്തിന്‍റെ ഊഷ്മളഗന്ധവും,
പ്രണയിനിയുടെ കാത്തിരിപ്പും
കോടമഞ്ഞുള്ള പുലരികളുടെ വന്യസൌന്ദര്യവും
സ്വപ്നങ്ങളുടെ ഇളംനിറവുമന്യമാണ് !

കണ്ണീരു പെയ്യാത്ത മാനത്തിനു താഴെ
പ്രായശ്ചിത്തം തോന്നാത്ത മനസ്സുകള്‍ക്കിടയില്‍
മൃഗചേഷ്ട്ടയും , നരമുഖവുമുള്ളവര്‍  മാത്രം !
എന്‍റെ കണ്ണുകള്‍ക്ക്‌ കാഴ്ച്ച നഷ്ടപ്പെട്ടതോ ?
കാണാന്‍ കൊതിച്ച കാഴ്ച്ചളെയുമവര്‍ തച്ചുടച്ചുവോ ?
ഭ്രാന്തിന്‍റെ ചങ്ങല നിങ്ങളെനിക്കു
 ചാര്‍ത്തുന്നതിനു മുന്‍പ് ഞാനിതൊന്നെഴുതട്ടെ !