Friday, August 2, 2013

മണികിലുക്കം

അസ്തമയത്തിലേയ്ക്ക് നടക്കുന്ന
കിഴവിപ്പശുവിന്‍റെ കഴുത്തില്‍
പണ്ടാരോ കെട്ടിത്തൂക്കിയ
ചെറിയ മണി
ഇടയ്ക്കിടെ ഒച്ചയിടും !
ആരെയോ
തിരികെ വിളിക്കും പോലെ..

തല തടവിയും,
വയറു തലോടിയും,
പൈക്കിടാവിനെ കാട്ടിയും,
പാല്‍ ചുരത്തിച്ച് ,
അത് പിഴിഞ്ഞെടുത്തപ്പോള്‍
കഴുത്തിലാരോ തൂക്കിയ
പഴയ മണി .. !

വാളിന്‍റെ മൂര്‍ച്ചയിലേയ്ക്ക്
പുകയുന്ന കണ്ണുകള്‍
നിശ്ശബ്ദമായ് , നിഷ്കളങ്കമായ് നീളുന്നു..
പുലരും മുന്‍പേ
മരണവും ഇരുട്ടും
ഭയമില്ലാതെ നിറയേണ്ട
രണ്ടു വൃദ്ധനേത്രങ്ങള്‍ .. !

നാറുന്ന ഓടയുടെ വക്കിലെ
വഴിയിലൂടെ ചീറിപ്പായുന്ന
വണ്ടിയുടെ ചില്ലിലൂടെ
ഏതോ മുഖം തെളിഞ്ഞു കാണുന്നു
കഴുത്തില്‍ മുറുകിയ കയറിനൊപ്പം
നിലയ്ക്കാതെ മണികിലുങ്ങുന്നു ...!
വാക്കുകളറിയാത്ത അവശമായ ഒരു മൂളല്‍
തൊണ്ടയില്‍ കുരുങ്ങിനില്‍ക്കുന്നു .. !

പിറ്റേന്ന്
ഊണുമേശയുടെ സമൃദ്ധിയില്‍
കൈകള്‍ തിരക്കുകൂട്ടുമ്പോള്‍ ,
ആരുടെയൊക്കെയോ
ഹൃദയഭിത്തിയില്‍ അജ്ഞാതമായൊരു
നോവിന്‍റെ മണികിലുക്കം ..
പെരില്ലാത്തൊരു നോവ്‌.. ....!

9 comments:

  1. വാക്കുകളറിയാത്ത അവശമായ ഒരു മൂളല്‍
    തൊണ്ടയില്‍ കുരുങ്ങിനില്‍ക്കുന്നു .. !

    നല്ല വരികള്‍...,,, അഭിനന്ദനങ്ങള്‍

    ReplyDelete
  2. ഊണുമേശയുടെ സമൃദ്ധിയില്‍
    കൈകള്‍ തിരക്കുകൂട്ടുമ്പോള്‍ ,
    ആരുടെയൊക്കെയോ
    ഹൃദയഭിത്തിയില്‍ അജ്ഞാതമായൊരു
    നോവിന്‍റെ മണികിലുക്കം ..

    ReplyDelete
  3. ഊണുമേശയുടെ സമൃദ്ധിയില്‍
    കൈകള്‍ തിരക്കുകൂട്ടുമ്പോള്‍ ,
    ആരുടെയൊക്കെയോ
    ഹൃദയഭിത്തിയില്‍ അജ്ഞാതമായൊരു
    നോവിന്‍റെ മണികിലുക്കം ..

    പിന്നെ നോവുമില്ല

    ReplyDelete
  4. കൊള്ളാം ... വയസന്‍ പശുവിന്‍റെ അമ്മിഞ്ഞപ്പാല്‍ മണം !!!! ആശംസകള്‍

    ReplyDelete
    Replies
    1. ശ്യാമേ.. വയസ്സന്‍പശുവല്ല, വയസ്സിപ്പശു.

      Delete
    2. അതെ അജിത്തെട്ടാ, വയസ്സിപ്പശു :)

      Delete
  5. നോവിന്‍റെ മണിക്കിലുക്കം മുഴങ്ങുമ്പോഴും....
    ആശംസകള്‍

    ReplyDelete
  6. പെരില്ലാത്തൊരു നോവ്‌
    നിശബ്ദതയിലെ മണികിലുക്കം

    ReplyDelete
  7. വളരെ മനോഹരമായി എഴുതിയിരിക്കുന്നു.

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete