നെഞ്ചിന്‍ ചൂടില്‍ നിന്നും
ഗഗനവീഥിയിലേയ്ക്ക് പിരിഞ്ഞകലുന്ന
പറക്കമുറ്റിയ ചിറകുകളെ നോക്കി
നെടുവീര്‍പ്പെടുന്ന ഇലയനക്കങ്ങളുടെ
ഗാനമായിരുന്നോ വിരഹം ?
കാലമേറെക്കഴിയുമ്പോള്‍
ചെഞ്ചുണ്ടത്തൊരു ഞാവല്‍പ്പഴക്കുലയടര്‍ത്തി,
കാറ്റിനോടും , കടലിനോടും മത്സരിച്ചെത്തുന്ന
കരുതലുള്ള അമ്മക്കിളിയുടെ
പഴക്കമേറിയ തൂവലുകളിലായിരുന്നോ കാരുണ്യം ?
ഇനി വരാമെന്ന് പറയാതെ ,
വഴിതെറ്റിവന്നൊരു സഞ്ചാരിയെപ്പോലെ
തീരങ്ങളിനിയും ദൂരങ്ങളിനിയും
ചിറകടിച്ചുയരുന്ന മറവിയുടെ
കാല്‍പ്പാടുകളാഴുന്നതാണോ വേദന ?
എത്രയെത്ര പൂക്കാലങ്ങളും ,അടവച്ചുണര്‍ത്തലുകളും ,
എത്രയെത്ര കളകൂജനങ്ങളും കിളിക്കൂടുകളും ,
എത്രയെത്ര പ്രതീക്ഷകളും വിജനതകളും !!
ഒടുവിലെല്ലാം അഗ്നിക്ക് ഭരമേല്‍പ്പിച്ചുള്ള
കീഴടങ്ങലായിരുന്നോ ജീവിതം ??

