Monday, January 14, 2013

കൂടൊഴിഞ്ഞ വിജനത

നെഞ്ചിന്‍ ചൂടില്‍ നിന്നും 
ഗഗനവീഥിയിലേയ്ക്ക് പിരിഞ്ഞകലുന്ന 
പറക്കമുറ്റിയ ചിറകുകളെ നോക്കി 
നെടുവീര്‍പ്പെടുന്ന ഇലയനക്കങ്ങളുടെ 
ഗാനമായിരുന്നോ വിരഹം ?

കാലമേറെക്കഴിയുമ്പോള്‍ 
ചെഞ്ചുണ്ടത്തൊരു ഞാവല്‍പ്പഴക്കുലയടര്‍ത്തി,
കാറ്റിനോടും , കടലിനോടും മത്സരിച്ചെത്തുന്ന 
കരുതലുള്ള അമ്മക്കിളിയുടെ 
പഴക്കമേറിയ തൂവലുകളിലായിരുന്നോ കാരുണ്യം ?

ഇനി വരാമെന്ന് പറയാതെ ,
വഴിതെറ്റിവന്നൊരു സഞ്ചാരിയെപ്പോലെ 
തീരങ്ങളിനിയും ദൂരങ്ങളിനിയും 
ചിറകടിച്ചുയരുന്ന മറവിയുടെ 
കാല്‍പ്പാടുകളാഴുന്നതാണോ വേദന ?

എത്രയെത്ര പൂക്കാലങ്ങളും ,അടവച്ചുണര്‍ത്തലുകളും ,
എത്രയെത്ര കളകൂജനങ്ങളും കിളിക്കൂടുകളും ,
എത്രയെത്ര പ്രതീക്ഷകളും വിജനതകളും  !!
ഒടുവിലെല്ലാം അഗ്നിക്ക് ഭരമേല്‍പ്പിച്ചുള്ള 
കീഴടങ്ങലായിരുന്നോ  ജീവിതം ?? 

5 comments:

  1. എല്ലാമറിഞ്ഞിട്ടും, വിരഹവും വേദനയും കാരുണ്യവും ജീവിച്ചു തീര്ത്തിട്ടും മതിവരാതെ മുന്നോട്ട് പോകണം എന്ന ഒരു ചിന്തയുണ്ടല്ലോ,അതാണ്‌ ആകാംഷ!ജീവിതത്തിനെ ഓരോ നിമിഷവും സന്തോഷം നിറഞ്ഞതാക്കാന്‍ നമ്മള്‍ നടത്തുന്ന ശ്രമമുണ്ടല്ലോ, അതാണ്‌ വിശ്വാസം!
    നല്ല എഴുത്ത്, അവസാനത്തിനു മുന്‍പത്തെ വരി " ഭാരമേല്പ്പിച്ചുള്ള" ശരിയാക്കുക.

    ReplyDelete
    Replies
    1. ഭരമേല്പിച്ചു തന്നെയാണ് ശരി, പ്രവീണ്‍

      Delete
  2. വളരെ നല്ല കവിത ഇനിയും എഴുതുക

    ReplyDelete
  3. ഹാ!ജീവിതം!!!
    അത്രേയുള്ളൂ....
    ആശംസകള്‍

    ReplyDelete