പണ്ടോരിടവപ്പാതിയിലെന്‍റെ
സ്വപ്നങ്ങളിലേയ്ക്ക്
ചിറകുനനഞ്ഞു കൂടേറിയ രണ്ട്
നക്ഷത്രകണ്ണുകളുണ്ടായിരുന്നു ...
ഏതോ രാവിന്‍റെ വിമൂകതയില്‍
എന്‍റെ ജനലഴികള്‍ പിന്നിട്ട്
വാനം തേടിപ്പറന്നൊരു സ്മൃതി !
മറ്റൊരു കുളിരാര്‍ന്ന പുലരിയില്‍
നെറ്റിമേലൊരു ചൂടാര്‍ന്ന ചുംബനം തന്ന്
നെഞ്ചിന്‍റെ അഗാധതകള്‍ തേടിപോയൊരു
മഞ്ഞുതുള്ളിയുണ്ടായിരുന്നു ...
ഉള്ളിലെ വേനലില്‍ വീണ്
എന്നോ ഒരു നാളില്‍
ഇല്ലാതായ സൌന്ദര്യം !
പിന്നൊരിക്കല്‍ അലസമായ് പാറിയ
ഹൃദയത്തിന്‍റെ ശൂന്യമായ താളുകളില്‍
കവിതകളുടെ നിറക്കൂട്ടുകള്‍ ചാലിച്ച
ഒരു വിരല്‍സ്പര്‍ശമുണ്ടായിരുന്നു ...
കാലമാം ചിതയില്‍ കരിഞ്ഞുപോയൊരു
പ്രണയത്തൂവലിന്‍റെ
വ്യര്‍ത്ഥമാം പിന്‍വിളി !
ഇന്നും
തേടാറുണ്ട് മനസ്സ്
ഇടയ്ക്കാരെയോ പ്രതീക്ഷിച്ചു നില്‍ക്കാറുമുണ്ട്
യാത്രയില്‍ കൈക്കുമ്പിളില്‍ നിന്നും
ഊര്‍ന്നുപോയൊരു
വേനല്‍വെളുപ്പിലെ മഴനീര്‍മണിയെ കാത്തൊരു
പൈതലിന്നീറന്‍ മിഴിപോല്‍ ..!
അതിമനോഹരകവിത
ReplyDeleteസുന്ദരം ലളിതം
ReplyDelete