Wednesday, July 31, 2013

മെഴുകുതിരി പോലെ

ഒരു തിരിയുടെ ഉരുക്കമുണ്ട് 
ഉള്ളിന്‍റെയുള്ളില്‍
ഓരോ നിമിഷവും 
എരിഞ്ഞുതീരുന്ന ജീവന്‍റെ നോവ്‌ ,
ഓരോ കാറ്റിലും 
ആടിയുലയുന്ന പ്രാണന്‍റെ ആളല്‍ ... 
ഓരോ പകലിലും 
പ്രകാശം തിരസ്കരിക്കപ്പെടുന്ന 
ഏകാന്ത വിഭ്രാന്തി ...

മഴ കാത്ത്

തൂവല്‍ച്ചൂടില്‍ കൊക്കുരുമ്മി ,
സ്വപ്നത്തിന്‍റെ ഒറ്റച്ചില്ലയിലെ 
നിലാപ്പന്തലില്‍ 
മഴകാത്തിരുന്നവരാണ് നമ്മള്‍ ...
ചിറകു നനഞ്ഞ് 
കുളിരില്‍ കൊരുത്ത്
പ്രണയിക്കാന്‍ ...

കൂടിക്കാഴ്ച

നിശബ്ദതയുടെ തീരങ്ങളിലെ 
രണ്ടു വ്യത്യസ്ത ദിക്കുകളില്‍ 
സംഗീതം തേടി നടന്നവരാണ് നമ്മള്‍ ... 
തീരമൊരിക്കല്‍ കാറ്റായും , 
പൂവാവും, നിലാവായും 
സംഗീതമായും നിന്നെ 
എന്നിലേയ്ക്ക് ചേര്‍ത്തുവയ്ക്കുമെന്ന് 
ആരോ മനസ്സിനെ പഠിപ്പിച്ചിരുന്നു...

ഒഴുകിത്തീരുംമുന്‍പേ ..

നിന്‍റെ നിഴല്‍ വീണ മണ്ണീ 
കൈക്കുമ്പിള്‍ നിറയേ 
പൂവിതളുകള്‍ പോലെ 
കോരി നിറച്ച് ,
അതില്‍ ചുംബിച്ചുകൊണ്ടേ 
നിന്നെയോര്‍ക്കണം ...
ആ ഓര്‍മ്മകള്‍
വിരലുകളുടെ വിടവിലൂടെ
പുഴയായ് ഒഴുകിയിറങ്ങുംമുന്‍പേ
കണ്ണുകളടയ്ക്കണം...
ഒരിക്കലും തുറക്കാനാവാതെ
ഉറങ്ങണം ...

തോല്‍വി

നമുക്കുമേല്‍ വന്നു പതിക്കുന്നു , 
കവിത , 
കനല്‍ക്കട്ടകള്‍...., 
കണ്ണീര്‍..., 
നൊമ്പരം ... 
എന്നിട്ടും നാം പ്രണയിക്കുന്നു ... 
മഞ്ഞുകാലത്തെ തോല്‍പ്പിച്ച 
ചുംബനത്തിന്‍ ചൂടില്‍ ... 
സൂര്യതാപത്തെ തോല്‍പ്പിച്ച 
നിലാക്കുളിരില്‍ ... !!

കണ്‍കോണിലെ മഞ്ഞുതുള്ളി

പകലുകള്‍ മെല്ലെ
ഉറക്കത്തിലേയ്ക്കു നടന്നുതുടങ്ങുമ്പോള്‍
കണ്‍കോണിലേയ്ക്ക്
അനുവാദം കൂടാതെ കയറിവരുന്ന
കോടമഞ്ഞിന്‍പടലത്തെ
കവികള്‍ കവിതയെന്നു വിളിക്കും ..
നിങ്ങള്‍ കണ്ണീരെന്നും വിളിക്കും...
നീ ഓര്‍മ്മകള്‍ എന്നു വിളിക്കും...
ഞാന്‍ മാത്രം ആരുമറിയാതെ
നിന്‍റെ പേരു വിളിക്കുന്ന എന്‍റെ
പ്രാണന്‍റെ നിലവിളിയാണത് ...
അലകളില്ലാതെ ,
എന്‍റെ നീള്‍ക്കണ്ണുകളില്‍നിന്നും
നിശബ്ദമായ് ഒഴുകിത്തുടങ്ങും
ഇരുളിന്‍റെ ഏകാന്തതീരങ്ങള്‍ തേടി ... 

Sunday, July 28, 2013

തിരിനാളം

കാറ്റു ചുംബിക്കുകയാണ് 
എന്‍റെ നാളങ്ങളെ ... 
ചാഞ്ഞു ചാഞ്ഞു ഞാന്‍ 
മരണത്തിന്‍റെ കരങ്ങളില്‍ ചേക്കേറുന്നു... 

മറന്നൊരു ഗാനം

ഓര്‍മ്മയുണ്ടോ ആ ഗാനം നിനക്ക് ?? 
നമ്മുടെ പ്രണയാകാശത്തിന്‍ കീഴിലെ 
അരളിമരച്ചില്ലയില്‍ 
നിന്‍റെ ചിറകിന്‍ ചൂടില്‍ , 
എന്‍റെ കാതോരം ചേര്‍ന്ന് 
നീ പാടിത്തരാറുണ്ടായിരുന്നത് .... 
ഇടവേളകളുടെ ഏകാന്തതയില്‍ 
ഇന്നും ഞാന്‍ കേള്‍ക്കാറുണ്ട് 
ശൂന്യതയില്‍ നിന്നും 
ചിലമ്പിച്ചുയരുന്ന 
നേര്‍ത്ത നിന്‍റെ സ്വരം.. 
കൈകാളാല്‍ ഞാന്‍ 
ചെവി രണ്ടും 
എത്ര പൊത്തിപ്പിടിച്ചാലും 
ഹൃദയത്തിന്‍റെ ഏതോ കോണില്‍നിന്നും 
നിശബ്ദമായ് ഉയരുന്ന ഓര്‍മ്മകളിലെ 
ഗാനo നിലയ്ക്കുവതെങ്ങനെ ... ??

കൊരുക്കപ്പെട്ടത്‌

നാം തമ്മില്‍ കൊരുക്കപ്പെട്ടിരിക്കുന്നത് 
നമ്മുടെ കണ്ണീരിന്‍റെ നനവിലാണ് , 
നമ്മുടെ നെഞ്ചിന്‍റെ ആളലിലാണ് , 
മഴയുടെ വ്യഥയിലാണ് .. 
എത്ര ദൂരങ്ങള്‍ താണ്ടിയാലും 
നിന്‍റെ ഓരോ കാല്‍വയ്പ്പും 
എന്നിലെയ്ക്കാണെന്നും, 
നൂറ്റാണ്ടുകള്‍ പോലും പിന്നിട്ടാലും 
എന്‍റെ കണ്ണുകള്‍ നിനക്കായ് 
തുറക്കപ്പെട്ടിരിക്കുമെന്നും ഞാനറിയുന്നു ...   

Saturday, July 27, 2013

അഭയം

നമ്മുടെ ചിന്താവഴികളിലൂടെ 
ഇഴഞ്ഞു നീങ്ങുകയാണ് ഞാന്‍... , 
ചിറകില്ലാതെ, 
കൈകാലുകളില്ലാതെ, 
ഏകയായൊരു സര്‍പ്പത്തിന്‍റെ 
കറുത്ത കണ്ണുകളോടെ.. 
നിന്നെ ഞാനൊരിക്കല്‍ കണ്ടെത്തും ... 
എന്‍റെ വിഷം നിന്നിലേയ്ക്കാഴ്ത്തി 
നിന്നെ ഞാന്‍ എന്‍റെ ലോകത്തേയ്ക്ക് 
മാടി വിളിക്കും...
നനഞ്ഞ പച്ചമണ്ണിന്‍റെ 
നേര്‍ത്ത തരികളില്‍ 
നമുക്ക് അഭയം തേടാം...  

Friday, July 26, 2013

ചിലന്തിവലകള്‍

സന്ധ്യയൊന്നിലേയ്ക്ക് കൂട് തേടി
കഥ തേടി ,
ഇത്തിരി പോന്ന ,
കണ്ണാടിചിറകിനാല്‍ 
പറക്കയാണ് ഞാന്‍ ...
എന്‍റെ ഇരുള്‍വഴികളെ 
മാടി വിളിക്കുന്ന നൂലപ്പശകളില്‍ 
ഭ്രമിച്ചില്ല ഞാനിന്നേവരെ ...
ഒരു നാളിലൊരുനാളില്‍ 
എന്നെയും കാത്ത് 
ഇന്നും തുന്നപ്പെടുന്നു 
ആയിരം വര്‍ണ്ണവലകള്‍
എന്‍റെ വഴികളോരോന്നിലും !
ഇടവഴിയുടെ നിഗൂഡനിശബ്ദതയില്‍  
കാലമൊരുക്കുന്ന  മരണവലകള്‍ .. !

മറ്റാര്‍ക്കും അറിയാത്തത്

വിരല്‍ത്തുമ്പില്‍നിന്നും 
വാടി വീഴുന്ന എല്ലാ അക്ഷരങ്ങളും 
വിഴുങ്ങുന്ന കടലിനറിയാം 
കടലാഴങ്ങള്‍ മതി വരില്ലെന്‍റെ 
നോവെല്ലാം പൊതിഞ്ഞു വയ്ക്കാനെന്ന്... !!
ഓരോരോ ഇരവിലും 
പരിഭവമെല്ലാം കേട്ട് 
ചുവക്കുന്ന സന്ധ്യകള്‍ക്കറിയാം
ഒരു വാനം മതിവരില്ലെന്‍റെ
കരളോളം നൊന്തു ചുവക്കാനെന്ന്.. !

രണ്ടു കുഞ്ഞുങ്ങള്‍

നീര്‍ത്തടാകങ്ങളിലെ കഥ :

എത്ര കഥകള്‍ 
വായിച്ചെടുത്തിരിക്കുന്നു നീ ... 
എന്‍റെയീ കണ്ണുകളുടെ 
നീര്‍ത്തടാകങ്ങളില്‍ നിന്ന്... 


തീരത്തണയാന്‍ :

നിന്നെ തേടി ഞാന്‍ 
എത്രയോ ഹേമന്തങ്ങള്‍ 
അനാഥമായ് ഒഴുകിയിരിക്കുന്നു ... 
ടുവിലിതാ അല്‍പ നേരം 
ഞാന്‍ ഒരു വസന്ത തീരത്തണഞ്ഞിരിക്കുന്നു..

പുഴ

അതാ നോക്കൂ 
അവിടെ ,
അവിടം നിനക്കോര്‍മ്മയില്ലെന്നോ?
നീ നടന്നകന്നത്‌ അവിടെനിന്നുമാണ്‌ 
എന്‍റെ നിഴലിനെ നുള്ളിക്കീറിക്കളഞ്ഞ 
എന്‍റെ പൂക്കളിലെ നിറങ്ങള്‍ ഒപ്പിയെടുത്ത 
എന്‍റെ നെഞ്ചിലെ അഗ്നി ഊതിക്കെടുത്തിയ 
നിന്‍റെ മരവിപ്പിലേയ്ക്കെന്‍റെ 
നിലനില്‍പ്പിനെ ഊറ്റിയെടുത്തു പോയ 
ആ നിമിഷങ്ങളില്‍ നിന്നും 
ഉറവയെടുത്ത ഈ പുഴ 
നിനക്ക് ഓര്‍ക്കുവാനാവുന്നില്ലേ ?? 




Thursday, July 25, 2013

ദൈവം മറന്നത്


ദൈവത്തിന്റെ കണ്ണില്‍ നിന്നും , 
ചില കണ്ണീര്‍ത്തുള്ളികള്‍ അടര്‍ന്നു വീഴാറുണ്ട്‌....
ചിലത് വെറും മണ്ണിലേയ്ക്ക്... 
മറ്റു ചിലത് കൂര്‍ത്ത മുള്ളിലേയ്ക്ക്... 
അപൂര്‍വ്വം ചിലത് 
നരകം ഉള്ളില്‍ ചുമക്കുന്ന 
ചില മനുഷ്യരുടെ ഇടയിലും !
എന്ത് ചെയ്യാന്‍ ... 
സ്വന്തം കണ്ണീര്‍ 
തിരികെ കണ്ണില്‍ തുന്നിച്ചേര്‍ക്കാന്‍ 
ദൈവം പോലും മറന്നിരിക്കും .. ! 

ചിറകുകള്‍ കാത്ത്

നിന്‍റെ ആകാശങ്ങളുടെ നീലിമയില്‍
ചിറകു വിടര്‍ത്തി പറക്കുവാന്‍ കഴിയുവോളം
ഞാനുമെന്‍റെ കവിതയും
കാത്തിരിപ്പുകളുടെ തടവറയില്‍ തന്നെയല്ലോ
എന്‍റെ ചിറകുകള്‍ നിന്‍റെ പക്കലെന്നിരിക്കെ
ചുവരിലൂടെ കിതച്ചുകൊണ്ടോടുന്ന കാലത്തെ
നിര്‍വ്വികാരതയോടെ നോക്കിനില്‍ക്കുന്നതില്‍പരം
ഞാനെന്തു ചെയ്യ്‌വൂ ? 

Wednesday, July 24, 2013

ഏറ്റവും മനോഹരമായത്

നിന്‍റെ വിരല്‍ത്തുമ്പിലെ
ഓരോ വാക്കിലും 
വന്നു നിറയാന്‍ 
എനിക്കായിരുന്നെങ്കില്‍ , 
എത്ര മനോഹരമായ കവിതയായിരുന്നേനെ 
എന്‍റെ ജന്മം... !

ബാക്കിയാവുന്നത്

ഓരോ വഴി അവസാനിക്കുന്നിടത്തും
ആരോ നട്ട് നനച്ചു വളര്‍ത്തിയിട്ടുണ്ടാവും
പൂവിട്ടു നില്‍ക്കുന്നൊരോര്‍മ്മ 
പിന്നിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോള്‍ 
മാടിവിളിക്കുന്ന 
ഒരായിരം ഓര്‍മ്മകളില്‍ ജീവിക്കുമ്പോള്‍ 
ഇന്നും ഈ നിമിഷവും 
നാമറിയാതെ മറ്റൊരോര്‍മ്മയായ് 
പര്യവസാനിക്കും ...  

Tuesday, July 23, 2013

പ്രണയത്തിന്‍റെ അവസാനം

നിന്നിലേയ്ക്കാഴ്ന്നിറങ്ങിയ വേരുകളിലേയ്ക്ക്
നിന്നിലെ തീ ആളിപ്പടരുന്നതിന്
തൊട്ടുമുന്‍പുള്ള നിമിഷം വരെ
പ്രണയിച്ചിരുന്നു ഞാന്‍ നിന്നെ
ഒരു കോടിപ്പൂക്കള്‍ ചൂടിയിരുന്നു ഞാന്‍
നിനക്കായ്...  

പൂവും ശലഭവും

ചുംബിച്ചു മയക്കിയ
ഒരു പൂവെങ്കിലും
നിന്‍റെ ഹൃദയത്തില്‍
തൊട്ടിരുന്നുവോ ശലഭമേ ?
തേന്‍ നുകര്‍ന്ന
ഒരു ശലഭത്തെയെങ്കിലും
നീ പ്രണയിച്ചിരുന്നുവോ
പൂവാകേ ? 

എന്‍റെ ചില്ല

എന്‍റെ ചില്ലയിലേയ്ക്ക്
ഭ്രാന്തമായ് ചിതറുന്ന
കാറ്റിന്‍റെ ആയിരം വിരലുകളിലേയ്ക്ക്
ഞെടുപ്പിന്‍റെ ബന്ധനത്തില്‍നിന്നും
കുഴഞ്ഞുവീഴുകയാണ്
ഈ ഇലകള്‍ ...  

Monday, July 22, 2013

കവിയുടെ അവസാന കവിത

കവിഹൃദയത്തില്‍ എപ്പോഴും
ഒരു കവിത ബാക്കിയുണ്ടാവും
ഓരോ കവിത എഴുതി തീര്‍ക്കുമ്പോഴും
ഉള്ളില്‍ വീണ്ടും വീണ്ടും വിങ്ങുന്ന
നെഞ്ചില്‍ വീണ്ടും വീണ്ടും പുകയുന്ന
ഉമിത്തീ പോലൊന്ന് ... !
മഴ തോരാത്ത കാട് പോലെ
തീരം കാണാത്ത തിര പോലെ ..
മുള പൊട്ടാത്ത വിത്ത്‌ പോലെ ..!
മരണമെത്ര അടുത്തെത്തിയാലും
കുതറി മാറാന്‍ ഊര്‍ജ്ജം നല്‍കുന്ന
ജീവന്‍റെ ഒരേയൊരു കിളിര്‍പ്പ് .. !
ഒരു കവിത...
കവിയുടെ അവസാന കവിത
കവിയുടെ ആദ്യ ഭാവന... !! 

മരണം

ഒടുവിന്‍ ഞാനൊരു 
സ്വപ്നത്തിന്‍ മാറത്ത്,
ഒരു നാളുമുണരാതുറങ്ങും !

എഴുതപ്പെടാത്ത ആ വാക്ക്

എഴുതപ്പെടാത്തൊരു വാക്ക് നീറുന്ന
മനസ്സിന്റെ ഓരത്ത്  ,
ഒരു കവിതപ്പുഴ
നിന്നിലെയ്ക്ക്ചാലു കീറി ഒഴുകുന്നു...
നിന്നോളം തിരികെയെത്താത്ത
ആ ഒരു വാക്കിന്‍റെ ധാരാളിത്തത്തിലാണ്
ഞാനിന്നും നിന്നെ
പ്രണയിച്ചുകൊണ്ടിരിക്കുന്നത് .. !! 

Sunday, July 21, 2013

ദാ... ആ വാനിനുമപ്പുറം

ഓരോ ദിവസവും ഓരോ നക്ഷത്രങ്ങളെ പോലെ അവളുടെ ജീവിതത്തിലേയ്ക്ക് കടന്നുവന്നു. തിളങ്ങിയും മങ്ങിയും കണ്ണുചിമ്മിയും. ഓരോ ദിവസവും അവളെ കൂടുതൽ സൌന്ദര്യമുള്ളവളുമാക്കിതീർത്തു. സ്വപ്‌നങ്ങൾ അവളിൽ തഴച്ചു വളരുകയും പൂവിടുകയും ചെയ്യ്തു. അമ്മയുടെ മടിയുടെ സ്നേഹച്ചൂടിൽ കഥകളൊരായിരം വിടരുകയും  അതിന്റെ സൌരഭ്യത്തിൽ പൂമ്പാറ്റയെപോലെ അവൾ പാറി നടക്കുകയും ചെയ്യ്തു. അവളുടെ ഓരോ കാല്‍ചുവടുകളും അമ്മയുടെ നെഞ്ചില്‍ ഇക്കിളിയാക്കുകയും ചെയ്യ്തു. അമ്മ അറിയാത്ത ഒന്നും തന്നെ ആ മകളുടെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. 
ഒരു പ്രദേശമാകെ തണല്‍ വിതറുന്ന അമ്മമരത്തോടു പറ്റിചേര്‍ന്ന് അവളും വളര്‍ന്നു. അവരുടെ ബന്ധത്തിന്‍റെ ദൃഡതയില്‍ കുടുംബം വേരാഴ്ന്നു വളര്‍ന്നു. 
പൊട്ടിചിരികളുടെയും കുഞ്ഞുമ്മകളുടെയും താളത്തില്‍ ദിവസങ്ങളില്‍ ഗാനങ്ങള്‍ നിറഞ്ഞു നിന്നു. 
ഒരിക്കല്‍ അമ്മയുടെ കാലില്‍ മുഖമമര്‍ത്തി കിടന്നുകൊണ്ടവള്‍ ചോദിച്ചു ,
"അമ്മയ്ക്ക് എന്നോട് എത്രയാ ഇഷ്ടം ? "
അമ്മ ചിരിക്കുക മാത്രം ചെയ്യ്തു. 
അവള്‍ ഉത്തരത്തിനായി വാശി പിടിച്ചു . 
അമ്മ പറഞ്ഞു , " നീയെന്താ പൊന്നെ കുഞ്ഞു കുട്ടികളെ പോലെ ? നിനക്കറിഞ്ഞൂടെ അമ്മയുടെ നെഞ്ച് മുഴുവന്‍ നീയാണെന്ന്. "
അവള്‍ പറഞ്ഞു ," അത് എനിക്കറിയാം, എങ്കിലും അമ്മയുടെ സ്നേഹത്തിന് ഓരളവ് പറഞ്ഞൂടെ ?? "
അവളെ സമാധാനിപ്പിക്കാനെന്നോണം അമ്മ അവളുടെ ഇടതൂര്‍ന്ന മുടിയിലൂടെ കയ്യോടിച്ചുകൊണ്ട്  പറഞ്ഞു. " ശെരി, അമ്മയ്ക്ക് പൊന്നിനെ ഈ ആകാശത്തോളം ഇഷ്ടാണ്. " 
തൃപ്തി വരാത്തത് പോലെ അവള്‍ ചോദിച്ചു , "അത്രേ ഉള്ളു ? "
അല്‍പംനേരം മിണ്ടാതിരുന്ന് പിന്നെ അമ്മ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി പറഞ്ഞു , " അതിനുമപ്പുറം എന്താണെന്ന് നമുക്കറിയില്ലല്ലോ. അറിയുമ്പോ അമ്മ പറയാം അത്രത്തോളം നിന്നെ ഇഷ്ടാണെന്ന്."
അത് വെറും ഉത്തരം മാത്രമായിരുന്നുവെന്ന് രണ്ടാള്‍ക്കും അറിയാമായിരുന്നു. ഒരമ്മയുടെയും സ്നേഹത്തിന് അളവുണ്ടാവില്ലെന്നു എത്രയോ നാളുകള്‍ക്കു മുന്‍പേ അമ്മ തനിക്കു മനസ്സിലാക്കിതന്നതാണെന്ന് അവളോര്‍ത്തു.

വര്‍ഷങ്ങള്‍ നീണ്ട വളവുകള്‍ പോലെ , മുന്‍പെന്തെന്നു കാണിക്കാതെ നീങ്ങി. കാലങ്ങള്‍ക്ക് നിഷ്പ്രഭമാക്കാനാവാതെ അവളുടെ മുഖവും തിളങ്ങി. പൂമുഖത്തും പൂവള്ളികളിലും അമ്മയുടെ പ്രഭയും. ഒരു പ്രഭാതത്തില്‍ , അവള്‍ക്കു പതിവുള്ള കാപ്പിയും അമ്മയുടെ ചുംബനവും  മുറിയിലെത്തിയില്ല. മെല്ലെ എഴുന്നേറ്റ് പടികളിറങ്ങുമ്പോള്‍ ഇന്നേവരെ മിടിക്കാത്തത് പോലെ ഹൃദയം മിടിച്ചു. വിരലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഇത്രയും വര്‍ഷമായി തെറ്റാത്ത പതിവ് ഇന്നെന്താണ്.... ?? അവളുടെ ഉള്ളിലൊരു നെരിപ്പോട് നീറി. അമ്മയുടെ മുറിയുടെ വാതില്‍ ചാരിക്കിടന്നിരുന്നു. അച്ഛന്‍ ദൂരയാത്ര പോയതിനാല്‍ അമ്മ അല്‍പം നേരം കൂടുതല്‍ വിശ്രമിക്കുകയാവുമെന്ന സമാധാനത്തോടെ അവള്‍ വാതില്‍ തുറന്നു. മുറിയില്‍ അമ്മ ചലനമറ്റു കിടന്നു. ഹൃദയം മിടിക്കുന്നുണ്ടായിരുന്നു. അവള്‍ ബഹളമുണ്ടാക്കി അമ്മയെ വിളിച്ചു. കണ്ണുകള്‍ അമ്മ തുറന്നില്ല. 
അവളുടെ ബഹളം കേട്ട്, ചേട്ടനും മറ്റും ഓടിയെത്തി അമ്മയെ ആശുപത്രിയിലെത്തിച്ചു. രക്തസമ്മര്‍ദം കുറഞ്ഞത്‌ കൊണ്ട്, ബോധമറ്റതാണെങ്കിലും വിദഗ്തമായൊരു ചെക്ക്‌ അപ്പ്‌ നല്ലതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 
അവള്‍ അമ്മയോട് ഒട്ടിക്കിടന്നു. കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു. അമ്മ അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞു. "പൊന്നെന്തേ കരയുന്നത് ? അമ്മ കൂടെ തന്നെ ഇല്ലേ ? "
അമ്മയോടവള്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു , " അമ്മയില്ലാത്ത ഒരു പ്രഭാതം പോലും എന്‍റെ ജീവിതത്തില്‍ ഉണ്ടാവരുത് എന്നാണെന്‍റെ ആഗ്രഹം."
അമ്മ പറഞ്ഞു, " അതൊക്കെ മാറും പൊന്നെ,നിനക്കൊരു ഇണയും തുണയുമൊക്കെ ആവുമ്പോ, നീ  ജീവിക്കാന്‍ പഠിക്കും. അമ്മയെ വിട്ട്."
അവള്‍ ഏങ്ങിക്കരഞ്ഞു. അമ്മ അവളെ തുടരെ ചുംബിച്ചു. 
ആശുപത്രി വിട്ടിട്ടും അമ്മയുടെ അസ്വാസ്ഥ്യങ്ങള്‍ മാറിയില്ല. ചിലപ്പോഴൊക്കെ  അവളുടെ അമ്മയ്ക്ക് കടുത്ത പനിയും, ശരീരവേദനയുമുണ്ടായി. അവള്‍ ഓരോ രാവും പകലും അമ്മയോടൊപ്പമിരുന്നു. ദിവസങ്ങള്‍ക്കു നിറം മങ്ങുകയും, പൂമുഖത്തെ വള്ളിചെടികള്‍ വാടിവീഴുകയും ചെയ്യ്തു. 
അച്ഛന്‍ വന്നപ്പോഴേ അമ്മയെയും കൂട്ടി വിദക്ത ചികിത്സയ്ക്കായ് കൊണ്ട് പോയി. അവിടെ വച്ച് അമ്മയുടെ കരളിന്‍റെ തകരാറിനെ പറ്റിയും അത് മറ്റവയവങ്ങളെ ബാധിച്ചു തുടങ്ങിയതായും ഡോക്ടര്‍ അറിയിച്ചു. 
അമ്മയുടെ ജീവന്‍ ഒരു നൂല്‍പ്പാലത്തിലാണെന്നും ഇനിയെത്ര കാലം അമ്മയുടെ പുഞ്ചിരി കുടുംബത്തെ വിളക്കാവുമെന്നറിയില്ലെന്നുമുള്ള സത്യം അവളുടെ അച്ഛനെ മുറിവേല്‍പ്പിച്ചു. ഡോക്ടറുടെ മുറിയെ അച്ഛന്റെ കണ്ണീര്‍ മണിക്കൂറോളം നോവിലാഴ്ത്തി. ഒടുവില്‍ ഡോക്ടര്‍ പറഞ്ഞു , " എന്താ ചെയ്യാന്‍ പറ്റുന്നതെന്ന് നമുക്ക് നോക്കാം. ഒരു ശസ്ത്രക്രിയ നടത്താം , ഒന്നുകില്‍ വേദനയില്‍ നിന്നും ഒരല്‍പം മോചനം , അല്ലെങ്കില്‍ ........... " 
തീരുമാനമെടുക്കാനാവാതെ അച്ഛനിരുന്നു. എങ്കിലും അമ്മ വേദനയോടെ പുളയുന്ന കാഴ്ച അവളുടെ അച്ഛന് അസഹനീയമായതായിരുന്നു. ശസ്ത്രക്രിയ നടത്താന്‍ സമ്മതം നല്‍കി വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ , അവളുടെ അച്ഛന്റെ നെഞ്ചില്‍ ഒരായിരം മുള്ളുകളാഴുന്ന വേദനയായിരുന്നു. എങ്കിലും മുഖത്ത് സുന്ദരമായൊരു ചിരിയുടെ മൂടുപടമണിഞ്ഞ് അദ്ദേഹം വീട്ടില്‍ വന്നു.  ശസ്ത്രക്രിയ അമ്മയ്ക്ക് ആശ്വാസമുണ്ടാക്കും എന്ന് പറഞ്ഞപ്പോള്‍ ആരും അതിനെ എതിര്‍ത്തില്ല. അവള്‍ക്കൊന്നും പറയാനുണ്ടായിരുന്നില്ല. 
അവളുടെ സ്വപ്നങ്ങളും, ചിന്തകളും മനസ്സും നിറയെ അമ്മയായിരുന്നു. തന്നെ മടിയില്‍ കിടത്തി  പുന്നാരിക്കുന്ന , തന്നെ വാനോളം സ്നേഹിക്കുന്ന , തന്‍റെ മുറ്റം നിറയെ പൂക്കള്‍ വിടര്‍ത്തുന്ന , വേദനയില്ലാത്ത അമ്മ. 
ശസ്ത്രക്രിയ കഴിഞ്ഞു. അവളെ പത്തു മാസം ചുമന്ന , എല്ലാ വൈകുന്നേരങ്ങളിലും തന്‍റെ തലവച്ചുറങ്ങുന്ന അമ്മയുടെ വയറിന്‍റെ ഒരു ഭാഗം അനസ്തേഷ്യ നല്‍കാതെ കീറി. ശസ്ത്രക്രിയ നടത്തി.(കരള്‍ ബാധിത രോഗമായിരുന്നതിനാല്‍ അനസ്തേഷ്യനല്‍കാന്‍ പാടില്ലായിരുന്നു) ഒപറേഷന്‍ തിയറ്ററില്‍ കയറ്റിയപ്പോള്‍ മുതല്‍ അവളുടെയും, ആ കുടുംബത്തിലെയും ഓരോ അംഗങ്ങളുടെയും ചങ്കിന്‍റെയകത്ത് ഒരു നൂറു മൃദംഗങ്ങള്‍ നിറുത്താതെ കൊട്ടി. 
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ദിവസങ്ങളിലൊന്നും അമ്മ മിണ്ടിയില്ല. ഉള്ളിന്‍റെയുള്ള് നിറയെ വേദന ചുറ്റുപിണഞ്ഞു കിടന്നു. നിശബ്ദമായ് അമ്മ അതെല്ലാം സഹിച്ചു. അവള്‍ അമ്പലങ്ങളില്‍ മണിക്കൂറുകളോളം അമ്മയ്ക്കായ് കേണു പ്രാര്‍ഥിച്ചു. കരഞ്ഞു പ്രാര്‍ഥിച്ചു. അമ്മയെ ജീവനോടെ തിരിച്ചു തന്നതില്‍ ഓരോ നിമിഷവും നന്ദി അറിയിച്ചു.അറവു ശാലയിലെയ്ക്കു നടക്കുന്ന മാടുകളെ പോലെ  വേദനയുടെയും കനത്ത മൂകതയുടെയും രണ്ടാഴ്ചകള്‍ കടന്നു പോയി. 
രണ്ടാമാഴ്ച്ചയുടെ അവസാന ദിവസം ഐ സി യു വില്‍ രണ്ടാള്‍ക്ക്‌ കയറുവാനുള്ള അനുവാദം ലഭിച്ചപ്പോള്‍, അമ്മയുടെ അടുത്തേയ്ക്ക് അവളും അച്ഛനും കയറിചെന്നു. സര്‍വ്വ വേദനയും കടലുപോലെ ഉള്ളിലൊതുക്കി അമ്മ അവളുടെ മുഖത്തേയ്ക്കു നോക്കി.അവളുടെ മുഖം നിലത്തു വീണു പോയ മുല്ലമൊട്ടു പോലെ പ്രകാശം കെട്ടതും ദുരിതപൂര്‍ണ്ണവുമായിരുന്നു. അവളുടെ കരങ്ങള്‍ കയ്യിലെടുത്ത് അമ്മ പറഞ്ഞു, "പൊന്നിനെ അമ്മയ്ക്ക് എത്രയാ ഇഷ്ടംന്നറിയ്യോ ??"  അമ്മയുടെ ചോദ്യം അവളുടെ ആഴത്തില്‍ പോയി തൊട്ടു. അവളുടെ ആഴങ്ങളില്‍  മദം പൊട്ടിയ കാട്ടാനയെ പോലെ നൊമ്പരം സര്‍വ്വം ഉഴുതു മറിച്ചു. ആ ചോദ്യത്തിന്‍ തുമ്പില്‍ അമ്മ തന്‍റെ അവസാന ശ്വാസം വലിച്ചു. സ്നേഹപൂര്‍ണ്ണമായ ആ  ചോദ്യത്തിന് ഉത്തരം കേള്‍ക്കാനോ നല്‍കാനോ നില്‍ക്കാന്‍ മരണം അമ്മയെ അനുവദിച്ചില്ല. അച്ഛന്റെ മുഖത്തേയ്ക്കു നോക്കും മുന്‍പേ അവളുടെ അമ്മയുടെ കണ്ണുകള്‍ സ്തംഭിച്ചു. അമ്മയുടെ കാല്‍ക്കല്‍ , ഞെട്ടില്‍ നിന്നും കൊഴിഞ്ഞ ഇലപോലെ അവള്‍ തളര്‍ന്നു വീണു. 
കാലം കഴിഞ്ഞു. അവള്‍ക്കു ഇണയും തുണയുമുണ്ടായി. അച്ഛനും ഹൃദയവേദനയില്‍നിന്നും മെല്ലെ പുറത്തുവന്നു. ആ മറഞ്ഞ പുഞ്ചിരിയുടെ ഓര്‍മ്മകളില്‍ ജീവിക്കാന്‍ അദ്ദേഹം പഠിച്ചു. 
ഇടയ്ക്കിടയ്ക്ക്, ചില രാത്രികളില്‍ ഉറക്കം വിട്ടവന്‍ ഉണരുമ്പോള്‍., ജനാലയിലൂടെ ആകാശത്തേയ്ക്ക് നോക്കി അവള്‍ നില്‍ക്കുന്നത് കാണാമായിരുന്നു. ഒരിക്കല്‍ അവന്‍ ചോദിച്ചു,
"നീയെന്താണീ നോക്കുന്നത് ?? "
അവള്‍ പറഞ്ഞു, " അമ്മയ്ക്കെന്നെ എത്ര ഇഷ്ടമായിരുന്നെന്നോ.. "
 അവളെ തന്‍റെ മാറോടു ചേര്‍ത്തു ചുംബിച്ചുകൊണ്ട് അവന്‍ പറഞ്ഞു , "ഹ്മം .. എനിക്കറിയാം... അതാ ആ വാനോളം... "
അവള്‍ അവന്‍റെ കണ്ണുകളുടെ അഗാധതയോളം നോക്കി പറഞ്ഞു... " അല്ല... അവസാനമായ് അമ്മ എന്നോടത് ചോദിച്ചപ്പോള്‍, അമ്മയ്ക്കറിയാമായിരുന്നു , ആ വാനിനുമപ്പുറo എന്തായിരുന്നു എന്ന്.. വേദനകള്‍ അമ്മയെ അപ്പോഴേയ്ക്കും അവിടെ എത്തിച്ചിരുന്നു...! " 
അവള്‍ പറഞ്ഞു വരുന്ന വാക്യത്തിനൊടുവില്‍ നീണ്ടൊരു വിങ്ങലുണ്ടെന്നറിഞ്ഞ്‌,പിന്നീടൊന്നും പറയാന്‍ സമ്മതിക്കാതെ, അവന്‍ അവളെ വാരിപ്പുണര്‍ന്നു. അവന്റെ കൈകള്‍ക്കുള്ളില്‍ അവള്‍ എല്ലാം മറന്നു... ! പിറ്റേന്ന് പ്രഭാതത്തില്‍ കാപ്പിയുമായ് നടകള്‍ കയറിചെന്നപ്പോള്‍, അവളെ നോക്കി രണ്ടു വെള്ളാരംകല്ലുകള്‍ ചോദിച്ചു, " അമ്മാ... അമ്മയ്ക്ക് എന്നോട് എത്രാ ഇഷ്ടo.. ?ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു... " ദാ നോക്കൂ... ആ നീലാകാശത്തിനുമപ്പുറം എനിക്കെന്‍റെ പൊന്നിനെ ഇഷ്ടാ .... " !!
അത് കേട്ട്... ആ വെള്ളാരം കല്ലുകള്‍ പ്രകാശിച്ചു... !!!  

തേക്കുപാട്ട്

നോവിന്‍റെ ഏതോ തീരത്ത്‌
അസ്തമിക്കുവാന്‍ ഒരുങ്ങി
നില്‍ക്കയാണെന്‍റെ സൂര്യന്‍... !!....!,
ഈ പകലും പോയി മറയുമ്പോള്‍
രാവില്‍ ഞാന്‍ മാത്രം കേള്‍ക്കുന്നൊരു
ഈറന്‍ തേക്കുപാട്ടില്‍
നീയുമിന്നുണര്‍ന്നുവോ ?? 

ഇലയുടെ നൊമ്പരം

ഇന്ന് പുലരിതൊട്ടേ
നെഞ്ചില്‍ ചാഞ്ഞു
ചേര്‍ന്നിരുന്ന മഞ്ഞുതുള്ളി
മുഴുമിപ്പിക്കാത്തൊരു ഗദ്ഗതത്തോടെ
ഈറന്‍ മണ്ണിലേയ്ക്കാഴ്ന്നാഴ്ന്നു പോയി !
കൈയ്യെത്തി പിടിക്കാനാവാതെ
അരുതെന്ന് പറയാനാവാതെ
ഞെട്ടോടൊട്ടിയൊരു ഇലയുടെ
നിശബ്ധമാം നൊമ്പരം ! 

അമ്മയും കുഞ്ഞും

അമ്പിൻ മുനയിലൊരു
നോവിൻ പാട്ട് !!
ദൂരെ മാമരച്ചില്ലയിലൊരു
ചിറകുമുളയ്ക്കാത്ത
പക്ഷിക്കുഞ്ഞിൻ കാത്തിരിപ്പ് .. !!  

അഞ്ചുകുട്ടികൾ

പുലരി :
മകരമഞ്ഞിൻ പുതപ്പിലൊരു
കുഞ്ഞുതുള്ളിയിൽ
തിളങ്ങുന്ന സൂര്യനേത്രം !

പകൽ:
ഇരുൾ പിളർന്നൊരു
പകലിന്റെ ജനനം !

സ്വപ്നം :
ഒരു മിന്നൽപിണരിൽ
അദൃശ്യമാകുന്ന ലോകം !

കടൽപ്പക്ഷി:
തളരാതെ,
തീരം തേടിയൊരു
തിരയുടെ വേഗത്തോടൊപ്പം !

രാത്രിമഴ:
നനയുന്ന ചിന്തകളുടെ കവിളിൽ
കണ്ണീരിന്റെ ഇളംചൂട് !

Saturday, July 20, 2013

ആത്മരോദനം

പതിനഞ്ചു വർഷങ്ങൾക്കു ശേഷവും
പത്രത്താളുകളുടെ ഒഴിഞ്ഞ കോണുകളിൽ
ചിരിക്കുന്നൊരു നിഷ്കളങ്ക മുഖം കാണാറുണ്ട്‌ ...
ഇനിയുമൊരു പതിനഞ്ചു വർഷങ്ങൾക്കു ശേഷവും
കുറെയധികം ചോദ്യചിഹ്നങ്ങളും ചുറ്റിലും ചാർത്തി
ചിരിക്കുമൊരു ശാന്തമായ മുഖം ... !!
നാളെയെല്ലാം മറക്കുന്ന ഇന്നുകളുടെ
പുകച്ചുരുളുകൾക്കുള്ളിൽ എന്നോ
മാഞ്ഞുപോയൊരു കന്യകയുടെ പാൽപ്പുഞ്ചിരി ... !
കാലത്തിന്റെ നീരാളിചുറ്റിൽ
ശ്വാസം കിട്ടാതെ ഞരങ്ങിയൊരു
നിസ്സഹായമായ നിലവിളി.. !
നാവിൻ തുമ്പിൽ ക്രൂശിക്കപ്പെടുന്ന
തിരുമുറിവുകളുടെ അട്ടഹാസം !
എവിടെയൊക്കെയോ
ദൈവത്തെ തോൽപ്പിച്ച ഊറിയ ചിരികളിൽ
മദ്യം മണക്കുന്നു ... ! 
നോട്ടുകെട്ടുകളുടെ അടിയൊഴുക്കിൽ
നേരിന്റെ നിറങ്ങൾക്ക് മുകളിൽ കാലങ്ങളോളം
തെളിയാത്ത അഴുക്കിന്റെ കറുത്ത പാട !!

Friday, July 19, 2013

മനസ്സാക്ഷിയറ്റവർ

രാത്രിയുടെ നീണ്ട ഇടവഴികൾക്ക് മുകളിൽ
സ്വർണ്ണം ചാലിക്കുന്ന നക്ഷത്രങ്ങൾ
ഭൂമിയെ എത്രത്തോളം വെറുക്കുന്നുണ്ടാവും ..
പകൽമറകളിലും
നിഴൽകൂടാരങ്ങളിലും
ചൂളമടിച്ചു കറങ്ങുന്ന കാറ്റിന്റെ കണ്ണുകളിൽ
എത്ര ഈറൻ പടർന്നിട്ടുണ്ടാവും ...
മനസ്സാക്ഷിയില്ലാത്ത
മനസ്സുകളില്ലാത്ത ശവങ്ങൾക്കുമേൽ
ഒരിക്കലീ പ്രകൃതി തീയായ് പെയ്യും...
അന്നോളം അധപഥനത്തിന്റെ കൊടുമുടിയിൽ
കൊടികുത്തി വാഴും നമ്മൾ.. !!

Thursday, July 18, 2013

പ്രളയം

ഓർമ്മകളുടെ പാതിരാപ്രളയത്തിലേയ്ക്ക്
നിലയില്ലാക്കയങ്ങളുടെ കണ്ണുകളിലേയ്ക്ക്
അടർന്നു വീണുകൊണ്ടിരിക്കുകയാണ് ഞാൻ
എന്നിൽ നിന്നും
ഞാനെന്ന ഉറപ്പിൽ നിന്നും
ഓളങ്ങളുടെ ഉഗ്രൻ മടക്കുകളിലൊന്നിൽ
അൽപം ശ്വാസത്തിനായ് പിടയുകയാണ് !
ഇന്നലെയുടെ സംഹാരതാണ്ഡവത്തിൽ
എന്റെ ഇന്നുകളും അറ്റു പോവുകയാണ് ... ! 

Thursday, July 11, 2013

തപിക്കുന്ന ഹൃദയം

പ്രാണനിൽ നിന്നും
ഒരു മുറിവിന്റെ ആഴത്തിൽ വീണെന്റെ
ഹൃദയം തപിക്കുന്നു.. ! 

Wednesday, July 10, 2013

ബന്ധനം

നാമെന്ന ഒന്നിൽനിന്നും,
നീയെന്ന എന്റെ പ്രാണൻ
അടർന്നു വീണപ്പോഴാണ്
മരണം മുൻപിൽ നിൽക്കുന്നത്
ഞാൻ ആദ്യമായ് കണ്ടത് ... !!
കൈകൾ നീട്ടി തൊടും മുൻപേ
ഒരു പിൻവിളിയിലെന്റെ
വിരൽത്തുമ്പുകൾ നിങ്ങൾ
ബന്ധിച്ചതെന്തിനുവേണ്ടിയായിരുന്നു ?

പ്രതീക്ഷ

ഭൂമിയുടെ ഉണങ്ങിയ
വിള്ളലുകൾക്കിടയിൽ
എവിടെയോക്കെയോ
ഇന്നും പുഴകളും,
പഴുത്തു കൊഴിയാത്ത ഇലകളുമുണ്ട് ...
കിളികളും , കാട്ടുപൂക്കളും
തെന്നലും, തണുവും ,
മഞ്ഞും കാട്ടാറുകളുമുണ്ട് .. !!
സൂര്യതാപത്തിൽ പഴുക്കാത്ത മണ്ണും
മഴയിൽ പൊതിഞ്ഞ പ്രണയവും
കിളികൾ ചേക്കേറുന്ന ചില്ലകളും
മനുഷ്യൻ ചങ്കറുക്കാത്ത മാമരങ്ങളും
സന്ധ്യയിൽ കുറുകുന്ന പ്രാക്കളും
നിദ്രയെ പുണരുന്ന രാപ്പൂക്കളുമുണ്ട് !
ദൈവത്തിന് മനുഷ്യനിലുള്ള
അവസാന പ്രതീക്ഷ
കാത്തുസൂക്ഷിക്കുന്നിടങ്ങൾ... !!  

അമാവാസി

വിജനമെന്റെ ആകാശവീഥിയിലിതെത്ര അമാവാസികൾ !!
നിലാവും , താരങ്ങളും നമ്മുടെ ഗാനങ്ങളും
മധുരം പുരട്ടാത്ത കറുകറുത്തിതെത്ര അമാവാസികൾ ... !!
രാപ്പുഴയെത്ര നേരമായ് കടഞ്ഞിട്ടുo
നിന്റെ നക്ഷത്രപഥത്തിന്റെ ഇത്തിരി വെട്ടമെങ്കിലും
തെടിയെത്താത്ത എന്റെ ഹൃദയമിതെത്ര ശൂന്യമിന്ന് .. !!
ഇടവഴികളിലെവിടെയോ മധുവായ്  കൊഴിഞ്ഞ
നിന്നിതളൊന്നിൽനിന്നും
മണ്ണിന്റെ ആർദ്രതയിലെയ്ക്കു വീണുപോയിരുന്നോ ഞാൻ ?
ഒരുനാളെങ്കിലും നിന്റെ ഓർമ്മകളുടെ
നീരുറവകളിലേയ്ക്കൊഴുകിയെത്തുമോ
ഞാനീ തമോവനം താണ്ടി.. !!
നീയിന്നോളം നമുക്കിടയിൽ മെനഞ്ഞെടുത്ത അണക്കെട്ടുകൾ
 ഭേദിക്കാൻ മാത്രം
അന്നെന്റെ അമാവാസികൾക്കുo ത്രാണിയുണ്ടാവും... !!
നീ തന്നു പോയ ഇരുളാം നോവിൽ കുരുത്ത ത്രാണി ... !!

Tuesday, July 9, 2013

ക്ലാര.... !!


ഓരോ മഴയിലും
ഓരോ മിന്നലിലും
ഓരോ കുളിരിലും
ഓരോ തേങ്ങലിലും
ഓരോ ഓർമ്മയിലും
ഓരോ നിനവിലും
വിടരുന്ന രണ്ടു കണ്ണുകളുണ്ടാവും
തുള്ളികൾ ഇറ്റു വീഴുന്ന രണ്ടു കണ്ണുകൾ ...
നിഴലോരോന്നും ഊർന്നിറങ്ങുമ്പോൾ
സന്ധ്യ പോലെ ,
നേർത്തൊരു സംഗീതം പോലെ
ആത്മാവിന്റെ ഊടു വഴികളിലും
തൊടികളിലും ,
സ്വപ്നം പോലെ പടർന്നുകയറും...
ചങ്ങലയുടെ ഒറ്റക്കണ്ണിയിൽ
പ്രണയം നിറച്ചവൾ ..
മഞ്ഞു പൊതിഞ്ഞ
ഏതോ താഴ്വാരത്തിൽ
ഒരു മഴനൂലു പോലെ
മെല്ലെ മറഞ്ഞവൾ ...

"വിപ്ലവം ചെയ്യുന്ന മഹാന്മാർ" !!

ആർക്കുവേണ്ടി ചോരയൊലിപ്പിക്കുന്നു എന്നോ, എന്തിനു വേണ്ടിയെന്നോ അറിയില്ലാത്ത മനുഷ്യജന്മങ്ങൾ. താൻ സത്യമെന്നും നീതിയെന്നും വിശ്വസിക്കുന്ന ഒന്നിന് വേണ്ടിയല്ല പോരാടേണ്ടത്. യഥാർത്ഥ സത്യം എന്തെന്ന് പൂർണ്ണമായി ബോധ്യമായാൽ, അതിനു വേണ്ടിയാണ് ശബ്ദമുയർത്തെണ്ടത്‌., താൻ വിശ്വസിക്കുന്ന പാർട്ടിക്കാർ എല്ലാവരും പുണ്യവാളന്മാരാണ് എന്ന വിശ്വാസത്തിൻ പുറത്ത് , മാധ്യമങ്ങളിൽ മറ്റൊരു പാർട്ടിയിലെ എന്തെങ്കിലും കേൾക്കാനിരിക്കുന്ന ചിലരുണ്ട്.

കാള  പെറ്റു എന്നു കേട്ട് കയറെടുക്കുന്നു എന്ന് കേട്ടിട്ടുണ്ട്. ഇങ്ങനെയുള്ള ചില സന്ദർഭങ്ങളിൽ അത്തരക്കാരെ നേരിൽ കാണുവാൻ സാധിക്കും. രണ്ടു കൊടിയും പിടിച്ചു മുണ്ടും പൊക്കി, മന്ത്രി രാജി വയ്ക്കണമെന്നും വിളിച്ചു കൂവി , രണ്ടു തല്ലു കൊണ്ട് ചോരേം ഒലിപ്പിച്ചു നടന്നാൽ പിന്നെ  നാട് നന്നാവുമല്ലോ ! നാളെ മുതൽ കേരളത്തിലെ പട്ടിണി പാവങ്ങൾക്ക് നാലു നേരവും ഭക്ഷണമാവുമല്ലോ ! അല്ല ! ഇവരുടെയൊക്കെ ഉന്മേഷം കണ്ടാൽ തോന്നും, ഇവരെല്ലാം സ്വന്തം കണ്ണ് കൊണ്ട് കണ്ടും , കേട്ടുമൊക്കെ ഇറങ്ങിയവരാണെന്ന്. എവിടെയോ ആരൊക്കെയോ എന്തൊക്കെയോ പറയുന്നതും കേട്ട് പൂരപ്പാട്ടുമായി ഇറങ്ങും അണികൾ, കെട്ടിയോൾ വീട്ടിൽ പ്രസവവേദന കൊണ്ട് പുളയുകയാവും , അല്ലെങ്കിൽ അമ്മ അന്ത്യശ്വാസം വലിക്കുകയാവും , ഓ അതിലൊക്കെ പ്രധാനമാണല്ലോ നാടിന്റെയും നാട്ടുകാരുടെയും കാര്യം !എന്തൊരു വിശ്വസ്തത ! ഈ താത്പര്യം സ്വന്തo  കുടുംബത്തോടും വീട്ടുകാരോടും കാണിച്ചിരുന്നെങ്കിൽ എന്നെ നമ്മുടെ സമൂഹം നന്നായേനെ ! മഹാന്മാരെല്ലാം ഉള്ളറകളിൽ സുരക്ഷിതരാണ്‌...

ഈ പറയുന്ന  ഭരണകക്ഷിയും, ഇടതുപക്ഷവും എല്ലാം ചില നേതാക്കന്മാരുടെ വ്യക്തിപരമായ താത്പര്യങ്ങളെ മാത്രം സംരക്ഷിക്കുന്നവയാണ്. നേതാവിന്റെ കസേരയിൽ ഇരുന്ന് സ്വന്തം കാര്യങ്ങൾ മറന്ന് , തന്റെ നാടിനു വേണ്ടി പോരാടിയവരിൽ വിരലിൽ എന്നാവുന്നതിൽ കൂടുതൽ എത്രപേരാണുള്ളത് ? മലയാളികളും മാധ്യമങ്ങളും എന്നും ഈ ",മൃദുലത"ക്ക് പിന്നാലെയാണ്. ആര് ആരെ നോക്കി, ആര് ആരോടൊക്കെ സംസാരിച്ചു , ആര് ആരുടെ കൂടെ കിടന്നു .. ഇതൊക്കെയാണ് നമ്മുടെ സമൂഹത്തിന് അറിയേണ്ടത്. അഥവാ നാളെയൊരു ദിവസം ഇത് സ്വന്തം അപ്പനെക്കുറിച്ച് മറ്റൊരാൾ പറഞ്ഞാലും കൊടിയെടുത്തു കൊണ്ട് ഇറങ്ങുന്ന മക്കളുണ്ടാവുമോ ? അതോ സത്യം അന്വേഷിച്ചു കണ്ടെത്തി, അത് സമാധാനപരമായി തീർക്കുമോ ??

കേരളം ചെന്നായകളുടെ പിടിയിലാണ്. ഏതു പാർട്ടി ഭരിച്ചാലും ആ ഒരു കാര്യത്തിൽ സംശയമില്ല. ഇതിനെല്ലാം വേണ്ടത് സമൂഹത്തിലെ വേർതിരിവിന്റെ ഉന്മൂലനമാണ്. മറ്റുള്ളവരുടെ മൂക്കിൽ എത്ര രോമം മുളച്ചു എന്ന് എണ്ണി നടക്കാതെ ,ഹിന്ദു, ക്രിസ്ത്യാനി,മുസ്ലീം,കോണ്‍ഗ്രസ്‌, കമ്മ്യൂണിസ്റ്റ്‌, ബി.ജെ.പി , സ്ത്രീ, പുരുഷൻ.. എന്നീ വേർതിരിവുകളെക്കാൾ , മനുഷ്യൻ, മനുഷ്യന്റെതായ ധാർമ്മികത , അവന്റെതായ അവകാശങ്ങൾ എന്നിവ ,മനസ്സിലാക്കി ജീവിക്കുക എന്നതാണ് ചെയ്യേണ്ടത്.

സ്വന്തം കൂരയ്ക്കും , പെറ്റു വളർത്തിയ മക്കളുടെ ജീവനും വേണ്ടി അവസാന നിമിഷം വരെ പൊരുതുന്നവ
രോട് അഭിമാനം തോന്നുന്നു. കാരണം അവർ ചെയ്യുന്നതിൽ അന്തസ്സും അർത്ഥവുമുണ്ട്. നാടെന്തെന്നോ , നാട്ടുകാരെന്തെന്നോ , സ്വന്തമെന്തെന്നൊ ബന്ധമെന്തെന്നൊ അറിയാത്തവരൊക്കെ നാടിനു വേണ്ടി ചൊരയൊലിപ്പിക്കാൻ നടക്കുന്നു. രണ്ടു കാശിനു വേണ്ടി , ആരെയും കൊല്ലാൻ മടിക്കാത്തവർ നാടിനു വേണ്ടി പോരാടുന്ന , വമ്പിച്ച "വിപ്ലവം ചെയ്യുന്ന മഹാന്മാർ" !! അടുത്തു നില്ക്കുന്നവന് തന്നെക്കാൾ കാൽ കാശ് കൂടുതലുണ്ടെങ്കിൽ അവനെ ഏതു വിധേനയും\നശിപ്പിക്കാൻ കാത്തിരിക്കുന്നവർക്ക് ഇതല്ല, ഇതിലുമപ്പുറം സാധിക്കും.

"പെണ്ണൊരുമ്പെട്ടാൽ ... " എന്ന വാക്യത്തെ അന്വർഥമാക്കിക്കൊണ്ട് കുറെ തരുണീമണികളും സജീവമായി രംഗത്തിറങ്ങിയതോടെ കേരളത്തിനും, അണികൾക്കും കുശാൽ. രണ്ടു മൂന്നു പെണ്ണുങ്ങളും, അവർക്ക് പിന്നാലെ സമരമുറകളും , മുദ്രാവാക്യങ്ങളുമായി തേനീച്ചക്കൂട്ടിൽ കല്ലെറിഞ്ഞ മാതിരി കേരളസംസ്കാരം തിളച്ചു പൊന്തുന്നു. ഇതിൽ നിന്നെല്ലാം ഒന്ന് മാത്രം മനസ്സിലാകുന്നില്ല ! മന്ത്രിപുങ്കവന്മാർക്കു മാത്രമേ പെണ്ണു വിഷയത്തിൽ ഇത്ര താത്പര്യമുള്ളോ ?? ബാക്കി കല്ലെറിയാനും ചാകാനും നടക്കുന്ന വിപ്ലവ അനുഭാവികൾക്കെല്ലാം അപാര കണ്ട്രോൾ തന്നെ !

ഇതിനിടയിലാണ് ഹർത്താലിന്റെ ആഹ്വാനം ! ആർക്കു വേണ്ടി ?? എന്തിനു വേണ്ടി ? പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിട്ടുകൊണ്ട് , തട്ടിപ്പു നടത്താൻ ഉള്ള മറ്റൊരു ഉപാധി !! ഇതിനെല്ലാം പിന്നിലിരുന്നു ചരട് വലിക്കുന്ന ബുദ്ധിമാൻമാർക്ക് മുൻപിൽ വിഡ്ഢികളാകുന്ന മലയാളസമൂഹം. 

(തീർത്തും വ്യക്തിപരമായ അഭിപ്രായമാണ്,ഇവിടെ നിങ്ങൾടെ തല അടിച്ചു പൊട്ടിക്കാനൊന്നും ആരുമില്ലാന്ന് വച്ച് ഇതിന്റെ പേരിൽ ആരും ഇവിടെ വന്നു സമരം ചെയ്യാനൊന്നും പാടില്ല...)

Monday, July 8, 2013

കവിതപ്പൂക്കൾ

നോവിന്റെ ചക്രവാളങ്ങളൊക്കെ പകുത്ത്
ചിന്തകളിൽ നിന്നും മിന്നൽ പിണരുകളയച്ച് ,
എന്റെ വാക്കുകളെ സൂചിമുനകളൂട്ടി വളർത്തിയ
കാലമാം  ഗുരുവിനും ,നീയാം ഓർമ്മയ്ക്കും
ചങ്കിലിന്നും ചൂളയിൽ നീറുന്ന ഇന്നലെകൾക്കും
ഒരുപിടി കവിതപ്പൂക്കൾ... !!

Sunday, July 7, 2013

The Purple Hibiscus

2011, november 19.തണുത്ത സന്ധ്യയിൽ  തെളിഞ്ഞ ആകാശം. അന്ന് ബാംഗ്ലൂരിൽ നിന്നും ദുബായിലേയ്ക്ക് തിരിക്കുകയാണ് ഞാൻ. അത്യാവശ്യമായി ചില കാര്യങ്ങൾ തീർക്കേണ്ടിയിരുന്നതിനാൽ രണ്ടു ദിവസത്തെ ആ യാത്രയ്ക്ക് ഞാൻ നിർബന്ധിതയായിരുന്നു. അന്ന് രാത്രി തിരികെയെത്തിയാൽ പിറ്റേ ദിവസം എന്റെ പുതിയ ജോലിയിലേയ്ക്ക് പ്രവേശിക്കുകയാണ്. ആകാശപ്പരപ്പുകളെ സ്വപ്നത്തിൽ കാലങ്ങളോളം ചുമന്നു നടന്ന ഞാൻ, വീണ്ടും ചിറകുകൾ വിടർത്തുകയാണ്. 
എയർപോർട്ടിൽ എത്താൻ അല്പം വൈകിയിരുന്നതിനാൽ തിടുക്കപ്പെട്ട് കൌണ്ടറുകൾ കടക്കുകയാണ്. ഇന്ത്യയിൽ നിന്നും പുറത്തേയ്ക്ക് പോ
കുന്നവർ പൂരിപ്പിക്കേണ്ട ഒരു ഫോം ഉണ്ട്. അതു കയ്യിൽ കിട്ടിയപ്പോഴാണ് പേനയെടുക്കാൻ മറന്നല്ലോ എന്നോർത്തത്. അടുത്തു നിന്ന സ്ത്രീയുടെ കയ്യിൽനിന്നും പേന വാങ്ങി. അവരൊരു ആഫ്രിക്കക്കാരിയാണ്‌.. സൌമ്യവും ദീപ്തവുമായ  മുഖം. തിളങ്ങുന്ന ഉണ്ടക്കണ്ണുകൾ. ചുരുണ്ട മുടി. അവർക്ക് വല്ലാത്തൊരു സൌന്ദര്യമായിരുന്നു. സൌന്ദര്യത്തെക്കാളേറെ അവരുടെ മുഖത്തെ ശാന്തതയാണ് എന്നെ ആകർഷിച്ചത്. എന്തിരുന്നാലും അടുത്തിരുന്ന പുസ്തകമെടുത്തു മടിയിൽ വച്ച്, ഫോം പൂരിപ്പിച്ചു.
പേന മടക്കിക്കൊടുത്തു ഞാൻ അവരോടു നന്ദി പറഞ്ഞു. തിരികെ ഒന്നും പറഞ്ഞില്ല. നേർത്തൊരു ചിരി മാത്രം അവശേഷിപ്പിച്ച് എന്റെ കാഴ്ച്ചയിൽ നിന്നും അവർ മറഞ്ഞു. എന്തുകൊണ്ടാണെന്ന് അറിയില്ല അവരുടെ മുഖം മനസ്സിൽ വല്ലാതെ പതിഞ്ഞിരുന്നു. 
വീണ്ടും തിടുക്കപ്പെട്ട് ഞാൻ എന്റേതായ കാര്യങ്ങളിലേയ്ക്ക് മുഴുകി. ഫ്ലൈറ്റിൽ കയറിയതിനു ശേഷമാണ് ശ്വാസം നേരെ വീണത്‌.. , വന്ന കാര്യങ്ങൾ ഭംഗിയായി തീർക്കുമ്പോഴും മടങ്ങിപ്പോക്കിനെപറ്റിയായിരുന്നു ആവലാതി മുഴുവൻ. എങ്ങാനും വൈകിയാൽ പിറ്റേ ദിവസം അതിരാവിലെ തുടങ്ങുന്ന എന്റെ പുതിയ ജോലിയുടെ ട്രെയിനിംഗ് മുടങ്ങും. മുടങ്ങുമെന്ന് മാത്രമല്ല, ഒരുപാട് ശ്രമിച്ചും, സഹിച്ചും പൊരുതിയും കൈയ്യിൽ വന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട ജോലി നഷ്ടമായെന്നും വരാം. എന്തായാലും അങ്ങനെയൊന്നും ഇനി ഉണ്ടാവില്ല. ദൈവം തുണയുണ്ട്. 
തോൾ സഞ്ചി ഒതുക്കി വയ്ക്കാൻ തുടങ്ങുമ്പോഴാണ് ശ്രദ്ധിച്ചത്, എയർപോർട്ടിൽ ഫോം വച്ച് പൂരിപ്പിക്കാൻ എടുത്ത പുസ്തകം തിരികെ വയ്ക്കാൻ മറന്നു. സാരമില്ല, ഇനിയിപ്പോ എന്തായാലും  തിരികെ കൊണ്ടുപോയി വയ്ക്കാൻ സാധിക്കില്ല. അപ്പോഴാണ്‌ കയ്യിലിരുന്ന പുസ്തകത്തിന്റെ തലക്കെട്ട്‌ ശ്രദ്ധയിൽപെട്ടത്. "The Purple Hibiscus". ആഴത്തിലുള്ള അർത്ഥമോ ,ചിന്തയോ ഒന്നുമില്ലെങ്കിലും ആ തലക്കെട്ട്‌ എനിക്കേറെ ഇഷ്ടമായി. എങ്കിലും ആ പുസ്തകം തുറക്കാനോ വായിക്കാനോ തോന്നിയില്ല.Chimamanda Ngozi Adichie എന്ന നൈജീരിയൻ കഥാകൃത്തിന്റെ നോവലാണ്‌ അത് എന്നു മാത്രം മനസ്സിലായി. 
ദിനങ്ങളും, ആഴ്ചകളും,മാസങ്ങളും പല മുഖങ്ങളും, വേഷങ്ങളും, കാണിച്ചു കടന്നു പോയി.ഈയിടെ ഞാൻ താമസിച്ചിരുന്ന  വീട്ടിൽനിന്നും പുതിയതിലേയ്ക്ക് ചേക്കേറി. സാധനങ്ങൾ അടുക്കിപ്പെറുക്കുന്നതിനിടയിൽ വീണ്ടും , ഈ "പർപ്പിൾ ചെമ്പരത്തി" എന്റെ  കണ്ണിൽ പെട്ടു. അന്നെന്തോ, ആ പുസ്തകം ഒന്ന് തുറന്നു നോക്കാൻ മനസ്സുതോന്നി. അലസമായി ആ പുസ്തകം തുറന്നപ്പോഴേ എനിക്ക് അതിൽ നിന്നും മറ്റൊരു നീളൻ കടലാസും ലഭിച്ചു. അതിലൂടെ കണ്ണോടിച്ച് അല്പം നേരം ഞാൻ അനക്കമില്ലാതിരുന്നു. തുടർന്ന് വായിക്കാനാവാത്ത വിധം കാഴ്ച തടസ്സപ്പെടുത്തി എന്റെ കണ്ണിലൊരു ഈറൻ മറയുണ്ടായിരുന്നു.
അന്ന് എന്റെ ശ്രദ്ധയെ ഒരു നിമിഷം പിടിച്ചു നിറുത്തിയ ആ ആഫ്രിക്കക്കാരിയുടെ ശാന്തമായ മുഖം ഞാനാ കടലാസ്സിൽ വീണ്ടും കണ്ടു.രണ്ടു വർഷങ്ങൾക്കു ശേഷo ഇന്നെന്റെ ഹൃദയത്തെ അതേ മുഖം പിടിച്ചുലച്ചിരിക്കുന്നു. അത് അവർ മറന്നു വച്ച പുസ്തകമായിരുന്നു.ശ്വാസകോശത്തെ വളരെ വഷളായി ബാധിച്ചിരിക്കുന്ന കാൻസറിന്റെ ഇരയാണവർ. ഇതു നിമിഷവും മരണപ്പെട്ടേക്കാമെന്ന തിരിച്ചറിവിലുള്ള മനസ്സിന്റെ അവസാനത്തെ അന്വേഷണമായിരുന്നോ അവരുടെ വലിയ കണ്ണുകളിൽ നിന്നും ഞാൻ വായിച്ചെടുത്ത അസാധാരണമായ ആ ശാന്തത ??   വായിച്ചറിഞ്ഞ സത്യം എന്നെ മുറിപ്പെടുത്തി.
ഏതു നിമിഷവും മരണത്തെ പ്രതീക്ഷിച്ചിരുന്ന ആ കണ്ണുകളുടെ തിളക്കം ഇന്നും
ഞാൻ എത്ര വ്യക്തമായി ഓർക്കുന്നു.  
ഇന്ന് , ഇതെഴുതുന്ന സമയം പെരെന്തെന്നോ, ഏതു നാട്ടിലെന്നോ അറിയാത്ത ആ സ്ത്രീയിന്നും ലോകത്തിന്റെ ഏതെങ്കിലും കോണിൽ ജീവനോടെയുണ്ടെങ്കിൽ അവർക്കെന്നും നല്ലത് വരട്ടെയെന്നു ഞാൻ പ്രാർഥിക്കുന്നു. അഥവാ, ആ ഉള്ളിലൊരു ആഴക്കടൽ നിറയുമ്പോഴും ശാന്തമായി ചിരിച്ച ആ മനസ്സും ശരീരവും ഇതിനകം മരവിച്ചിട്ടുണ്ടെങ്കിൽ , എന്റെയീ ഓർമ്മയുടെ പർപ്പിൾ പൂക്കൾ അവർക്ക് സമർപ്പിക്കുന്നു.  

Thursday, July 4, 2013

കവിതയിലൂടെ

മനസ്സെത്ര മരവിച്ചിട്ടും,
വിരൽത്തുമ്പുകളിലൂടെ
സ്വച്ഛമായൊഴുകുന്ന
മനസ്സെന്ന പുഴയിൽ ,
ദിനങ്ങളിങ്ങനെ
കരിഞ്ഞുണങ്ങി വീഴുന്നു ... 

Wednesday, July 3, 2013

രാത്രി

ഇരുളിൻ ഗാഡമൌനം
നിഴലുകളെയും നിദ്രയെയും
മോന്തിക്കുടിച്ചുകൊണ്ട്
പകലിൻ സിംഭണിയിലേയ്ക്ക്
 ഇഴഞ്ഞു നീങ്ങുന്നു... !!
സ്വപ്നങ്ങളിലുടക്കി
ഒരുവേള തരിച്ചുനിന്ന
ഹൃദയങ്ങളും താങ്ങി,
ഒരു നേർത്ത മഴയ്ക്കൊപ്പം
രാത്രി പതുങ്ങി പരുങ്ങി പോകുന്നു...! 

Tuesday, July 2, 2013

കളിക്കൂട്ടുകാരൻ

നാം കുടിച്ചു വറ്റിച്ച
വെയിലുറവകളും ,
നമ്മുടെ പകലുകളെ
പൊതിഞ്ഞു വച്ച
നിഴലനക്കങ്ങളും ,
ഓർമ്മകളിൽ തച്ചുചേർത്ത്
ഒരസ്തമയത്തിന്റെ
ആളൊഴിഞ്ഞ കോണിൽനിന്നും
അകലങ്ങളുടെ
മറവിലേയ്ക്കുള്ള
അവസാനവണ്ടിയിൽ കയറി
കൈകൾ വീശിപോയ
കളിക്കൂട്ടുകാരിലൊരാൾ
എന്റെ നിറംമങ്ങിയ ചിന്തകളിൽ
ഇടയ്ക്കിടെ ഓടിയെത്താറുണ്ട് ... !!