Saturday, August 10, 2013

പല രൂപങ്ങളുള്ള പ്രണയം

ഒന്നാം വർഷത്തെ
ആദ്യ മാസം
കോളേജ് വരാന്തയുടെ
ഏതോ ഒരു തൂണിൻചോട്ടിൽ
വിരസമായി നിന്ന
നിരാശനായൊരു കുട്ടിയിൽനിന്നും
രണ്ടു നീളൻ
കണ്ണുകളുടെ വിചിത്രമായ
കാന്തശക്തിയിലേയ്ക്ക്
അവനെ തൂക്കിയെടുത്തുകൊണ്ട്
പോയവളുടെ രൂപമാണ്
പ്രണയത്തിന് .. !!
ജീവിതത്തിന്‍റെ നീളന്‍ താളുകളില്‍
ആദ്യമായ് വായിച്ചെടുത്ത പ്രണയം !!
ചൊലമരങ്ങളില്‍
അതുവരെ കാണാത്ത
പൂക്കള്‍ വിടര്‍ന്നപ്പൊഴും,
ഒഴുക്കുകളില്‍
ചേലൊത്ത പ്രതിബിംബങ്ങള്‍
ചലിക്കാതെ നില്‍ക്കാന്‍ തുടങ്ങിയപ്പൊഴും ,
പനിനീര്‍പ്പൂക്കളില്‍
ഹൃദയത്തിന്‍റെ ചുവപ്പ്
കട്ടപിടിച്ചു തുടങ്ങിയപ്പൊഴും
ഏകാകിയായിരുന്ന ബാലന്‍റെ
തീവ്രമായ വികാരങ്ങളില്‍
തീനാളങ്ങള്‍ പടര്‍ന്നപ്പൊഴും
പ്രണയത്തിന്
വിശദീകരണങ്ങളില്ലായിരുന്നു .. !!
ലൈബ്രറിയുടെ
ആളൊഴിഞ്ഞ കോണില്‍
പുസ്തകം തുറന്ന്
ആകാശം നോക്കിയിരുന്നപ്പോള്‍
കണ്‍മുന്‍പിലൂടെ
മഴയായ് കടന്നു പോയ പ്രണയം ..
വാകചോട്ടില്‍
പൊള്ളിക്കിടക്കുന്ന
സൂര്യനാളങ്ങളെനോക്കി
മണിക്കൂറുകള്‍ നിസംഗമായി
കടന്നുപോയപ്പോള്‍
ഒരു ചിരി നിറയെ
തണല്‍ വിരിച്ച് വന്നതും
പ്രണയമായിരുന്നു...
ആള്‍ക്കൂട്ടത്തിലും
ആരവങ്ങളിലും
തന്നെ മാത്രം വന്നു തൊടുന്ന
നോട്ടങ്ങളും പ്രണയമായിരുന്നു ...
മുഴുഭ്രാന്തിന്‍റെ ,
വിചിത്രമായ ഉന്മാദത്തിന്‍റെ
അനുഭൂതിയിലേയ്ക്ക്
പറിച്ചുനടപ്പെടുമ്പോള്‍
പ്രണയത്തിന്‍റെ നനഞ്ഞ ചുണ്ടുകള്‍
അവന്‍റെചുണ്ടുകള്‍കൊണ്ട്‌
അള്ളിപ്പിടിച്ചിരുന്നു ...
പിന്നെയെന്നോ
അതേ വരാന്തയില്‍
അതേ തൂണിന്‍ചുവട്ടിലൂടെ
കൈകള്‍ വീശാതെ
കണ്ണുകള്‍ കൊണ്ട് മാടിവിളിക്കാതെ
ഹൃദയം ഹൃദയത്തെ പൊതിയാതെ
തലകുനിഞ്ഞു പോയതും
പ്രണയത്തിന്‍റെ മറ്റൊരു ഭാവമായിരുന്നു ..
കോളേജിലെ അവസാന വര്‍ഷo
തുരുമ്പിക്കാതെ തിളങ്ങുന്ന
വാള്‍മുനയില്‍
ഹൃദയo കൊളുത്തിപ്പോകുമ്പോള്‍
ഇനിയെന്നും ഓര്‍മ്മയില്‍
തെളിയുന്ന ചുംബനങ്ങളുടെ
നിഴലിനും പ്രണയത്തിന്‍റെ രൂപമാണ് .... 

4 comments:

  1. പ്രണയ ഭാവങ്ങൾ..

    നന്നായി എഴുതി.നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  2. പ്രണയത്തിന്റെ രൂപങ്ങള്‍

    ReplyDelete
  3. പ്രണയത്തിന്റെ വര്‍ണ്ണങ്ങള്‍ ഏഴല്ല ഏഴായിരമാണ്..
    അത് മാരിവില്ലല്ല 'ഏഷ്യന്‍ പെയിന്റ്സി'ന്റെയോ മറ്റോ കളര്‍ ബാങ്കാണ്..
    കൌമാര കൌതുകവും ഈ വര്‍ണ്ണങ്ങളിലൊന്നാണ്.

    ReplyDelete
  4. ഈ നിശാഗന്ധിയുടെ ഇതളുകൾ പൊഴിയും തോറും നൂറിരട്ടി ഇതളുകൾ പ്രത്യക്ഷപ്പെടുന്നോ? കവിതകൽ അസംഖ്യം തൊടുത്തു വിടുമ്പോഴും ഒന്ന് പോലും പാളി പോകുന്നില്ല. അഭിനന്ദനങ്ങൾ.

    ReplyDelete