Thursday, December 27, 2012

ചിതാഭസ്മം

ഇന്നലെയൊരുമിച്ചുകണ്ട കിനാക്കളില്‍
ഇറ്റുകണ്ണീര്‍ പൊഴിച്ച് ,
അരിച്ചിറങ്ങുന്ന വിടവാങ്ങലിന്‍ തണുപ്പില്‍
ഹാ ഡിസംബര്‍ ,ഇന്നലെ നീയും !
വേനല്‍ചൂടിലിനി തനിയെ നടക്കുമ്പോള്‍
ദൂരെയെന്‍റെ ഭൂതകാലത്തിന്നോളങ്ങളില്‍
ഞാനൊഴുക്കാം മണ്‍കുടത്തില്‍ പൊതിഞ്ഞൊരു
സ്മരണതന്‍ ചിതാഭസ്മം !

വാചാലത

കണ്ണുകള്‍ തമ്മിലെ 
നീണ്ടമൌനത്തിലാണ് 
പ്രണയം വാചാലമായതും ,
സ്വപ്നത്തിന്‍റെ ചില്ലകളിലോക്കെയും 
തളിരുകള്‍ കിളിര്‍ത്തതും ! 

Tuesday, December 25, 2012

ഡിസംബര്‍ !


ഡയറിയുടെ അവസാനതാളുകള്‍
മഞ്ഞുമൂടിക്കിടക്കുന്നു
ദിനങ്ങളെണ്ണിയെണ്ണി 
എന്‍റെയീ ഡിസംബറും 
തിരശ്ശീലയ്ക്കപ്പുറം 
ഓര്‍മ്മകളിലൊളിക്കുന്നു !
കലണ്ടര്‍പേജുകള്‍മറിയുമ്പോള്‍ 
നവവധുവിന്‍റെ നാണത്തോടെ  
വീണ്ടുമൊരാണ്ട് !
കുളിരുപടലങ്ങളിലെ 
നക്ഷത്രക്കാഴ്ച്ചകള്‍ മായുമ്പോള്‍ 
ചേതനയറ്റ് ചോരപുരണ്ടൊരു 
നോവിന്‍ ഡിസംബര്‍ !

Sunday, December 23, 2012

വിരസത

തിരകള്‍ ഉലച്ചുകഴുകിയ
തീരത്തെ വിരസതയാണ്
കണ്ണീരുപ്പു കലര്‍ന്ന
നെഞ്ചിന്നോരമെല്ലാം !

Saturday, December 22, 2012

മഴമേഘം

പ്രിയ സുസ്മിതേ മേഘമേ ,
പെയ്യ്തൊഴിഞ്ഞാലും  നീ എന്‍റെ
ഉരുകുന്ന ജീവനിലേയ്ക്ക് !
വരണ്ടും , കാത്തും ,തപിച്ചും
പരിഭവിക്കുമെന്‍ കവിതയുടെ
വേവുന്ന മാനസത്തിലേയ്ക്ക് !
പീലി നിവര്‍ത്തിയാടട്ടെ
മയൂരങ്ങള്‍ ,ചിന്തകള്‍ !



വനവീഥി

കടലുപോല്‍ നീണ്ടുപരന്ന
കരിംപച്ചയില്‍ ,
ചിരിച്ചുകൊണ്ട് ജനിക്കുകയും
ചിരിച്ചുകൊണ്ട് മരിക്കുകയും ചെയ്യുന്ന
കാട്ടുപൂവിന്‍ ,തേന്‍കുടത്തില്‍
കൂടുകൂട്ടുന്ന തെന്നല്‍ചിറകുകള്‍ !
ഇണചേര്‍ന്നും , പിരിഞ്ഞും
തമ്മില്‍ പുണര്‍ന്നുo , വേര്‍പെട്ടും കിടന്ന
കാട്ടുവഴികളില്‍ മരണക്കുതിപ്പുകളും  !
നിലാവ് കൊയ്യ്തു കൂട്ടിയ
ഗിരിമുകളില്‍ , ഏകാനായേതോ മൃഗം
മുരളുകയും , ഓരിയിടുകയും ചെയ്യുന്നു !
സ്ഫടികം പോല്‍ ചിതറുന്ന
വെള്ളച്ചാട്ടങ്ങളില്‍ സൂര്യനാളങ്ങള്‍
പ്രപഞ്ചം തീര്‍ക്കുന്നു !
ശലഭങ്ങളായിരം  കനവുപോലുറങ്ങുന്ന
ശിലാതല്‍പ്പത്തില്‍,
ഞാനുമല്‍പ്പനേരം മയങ്ങട്ടെ !!

Friday, December 21, 2012

മനസ്സിന്‍റെ നിസംഗത

എന്താണ് മനസ്സേ വിങ്ങുന്നത് ?
ഇന്നും നിലാവുദിച്ചീലയോ ?
ചുറ്റുപിണഞ്ഞു നിന്നെ ഞെരുക്കുകയാണോ
തമസ്സിന്‍ ഉഗ്രനാഗങ്ങള്‍ ?
കരിഞ്ഞുണങ്ങിയ നിന്‍റെ തോട്ടങ്ങളില്‍
കവിതയും മരിച്ചുകിടക്കുകയാണ് !
കുറുകിക്കിടക്കുന്ന പകലില്‍ന്നിന്നും
ഞാനൊരല്‍പ്പം
വെളിച്ചമരിച്ചെടുത്തു സൂക്ഷിക്കാം ,
അതില്‍ കണ്ണുകളെങ്കിലും തിളങ്ങട്ടെ !! 

വീണ്ടുമൊരു നോവുള്ള രാവ്


ഒരു തിരി വെട്ടത്തിലെന്‍ 
മനമുരുകി നീറുന്ന രാവിന്‍റെ 
നെഞ്ചിലുറങ്ങി !
നീയുമീ രാവിന്നറ്റത്ത് 
എന്‍റെയൊരു ശോകമാം 
വരിയില്‍ വീണുറങ്ങുന്നുണ്ടാവാം !
നിഴലുകള്‍ തിരശ്ശീലയ്ക്ക് പിന്നില്‍ 
ഏങ്ങുകയും ഞരങ്ങുകയും 
ചെയ്യുന്നു !
മൌനമൊരു കൈക്കുഞ്ഞിനെപ്പോല്‍ 
നിഷ്കളങ്കമായ് ഇരുളിന്‍ തൊട്ടിലിലാടുന്നു !
തനിച്ചല്ല ഞാന്‍ 
നിദ്രകെട്ട എത്രയെത്ര സ്വപ്‌നങ്ങള്‍ 
അദൃശ്യമായെന്നെ വലം വയ്ക്കുന്നുണ്ട്‌ ! 

Thursday, December 20, 2012

അനാഥന്‍റെ പ്രണയം

താതനില്ലാതെ ചെരിയിലൊരു
ചൊരക്കുഞ്ഞായ് പിറന്നതും
നാമമില്ലാതെ ദൂരമേറെ
വിലാപയാത്രപോല്‍ നടന്നതും
മാതൃവാത്സല്യം കൊതിച്ചും
പിതൃവാത്സല്യമാശിച്ചും
പിന്നെയീ ഇരുള്‍ മൂടിയ
ജീവിതത്തോടു ചേര്‍ന്നും
തനിയെ വീണൊരു പേരിന്‍റെ ബലത്തില്‍
ആറടി മണ്ണിന്‍റെ മേല്‍വിലാസത്തില്‍
കറയേതും പുരളാത്തൊരു ഹൃത്തിന്‍റെ ശോഭയില്‍
ഇന്ന്  യൌവ്വനം തൊട്ടപ്പൊഴാണല്ലൊ
പെണ്ണെ ,
ഊഴം കാത്തധികനേരമിവിടെ നിന്നപോല്‍ ,
തിടുക്കത്തിലെന്‍റെ വികാരങ്ങളില്‍
തീക്ഷ്ണമായ നിന്‍റെ
നേത്രങ്ങളുടെ വന്‍ചുഴി വീണതും ,
ഉരുകിയൊലിക്കുന്ന ലാവ പോലെ,
നിന്‍റെ ചുണ്ടുകളുടെ തീയില്‍
ഞാന്‍ വെന്തു തുടങ്ങിയതും !
എന്റെ തിരസ്കൃതമാം നെഞ്ചിടിപ്പിലെയ്ക്ക്
അലറിയാഞ്ഞടിക്കുന്ന
കൊടുങ്കാറ്റാണ് നിന്‍റെ സ്നേഹം ,
കനലുകള്‍ പടര്‍ത്തിയത് മൂര്‍ഛിക്കുന്നു !
ശിരസ്സില്‍ ,
നരകദാഹങ്ങളില്‍ ,
കോരി ചൊരിയുന്ന മഴയായും
കറുപ്പ് മൂടിയ കല്‍ത്തുറുങ്കിലെ
തിരിയുടെ പ്രകാശമായും
ഇനിയുമെന്നും വിളങ്ങുക നീ !
നിത്യദു:ഖത്തില്‍ നിന്നും
നീയെന്ന മഹായാനത്തിലേയ്ക്ക്
ഞാനൊരു സൂര്യനായ് ജ്വലിച്ചുയരട്ടെ !!

കിണര്‍

മണ്ണിന്‍റെ കനിവാണ്ട താഴ്ച്ചയില്‍
വിണ്ണിന്‍റെ തെളിവാര്‍ന്ന കണ്ണാടിപോല്‍
മര്‍ത്ത്യന്‍റെ ശമനമില്ലാത്ത ദാഹം
തിരകളെ താരാട്ടിയുറക്കുന്നു !! 

Wednesday, December 19, 2012

വിടവാങ്ങല്‍


എത്രയെത്ര ദിനരാത്രങ്ങള്‍
ഭാരമേന്തിയും മുടന്തിയും
പശിയാല്‍ തളര്‍ന്നുമീ
പൊടിപിടിച്ച തിണ്ണയില്‍
സ്വപ്നം കാണാതെ
ദൂരത്തു കണ്ണുംനട്ടുകിടന്നു ഞാന്‍ !
അനാഥനായും
ഏകനായും
കാലത്തോടൊപ്പമോടി തഴമ്പിച്ച
അഴലുകളിലിന്ന്
മരണം തീ കായുന്നു !
പ്രാണസഖിയില്ലാതെ,
പ്രണയമെന്തെന്നറിയാതെ
കാത്തിരിക്കാന്‍ കണ്ണുകളില്ലാതെ
ആരാലുമറിയാതെ
ആരാരുമറിയാതെ
മുതുകിലെന്നും കനവും ചുമന്നൊരു
ആയുസ്സിന്‍റെ അന്ത്യം !
പെരുമഴയിലൊരു കുടയായും
പൊരിവെയിലിലൊരു തണലായും
ഓലമേഞ്ഞതെങ്കിലും
ചോരുന്നതെങ്കിലും അഭയം തന്ന
ഉടമസ്ഥനില്ലാത്ത ഈ
പഴയ കടത്തിണ്ണയോടെ
യാത്ര പറയേണ്ടതുള്ളു !
കണ്ണീരില്ലാത്തൊരു വൃദ്ധന്‍റെ
വിടവാങ്ങല്‍ !!

നിന്‍റെ കണ്ണുകള്‍

അലയടിക്കുന്നൊരു സങ്കടക്കടലാണോ ?
കവിത വിളമ്പുന്ന സപര്യയാണോ ??
അതോ
തീ തുപ്പുന്ന യാന്ത്രികവേഗമോ ?
നക്ഷത്രങ്ങള്‍ പൂക്കുന്ന
ലോകാത്ഭുതാമോ അതോ
ഓര്‍മ്മക്കപ്പലുകളുടെ തുറമുഖമോ ??

Tuesday, December 18, 2012

നീയുറങ്ങുന്ന മണ്ണില്‍

പങ്കിട്ടെടുത്ത ചിരികള്‍ക്കും
കാലങ്ങളോളം നനഞ്ഞ ഓര്‍മ്മകള്‍ക്കും ഇനി വിട !
ഇളകിയ മണ്ണിന്നടിയില്‍
പറഞ്ഞു തീര്‍ക്കാത്ത രഹസ്യങ്ങളും
ചേര്‍ത്തുപിടിച്ച് ഇനി നിനക്കുറങ്ങാം !
ചിമ്മി കൊതിപ്പിച്ച ഇമകള്‍ പൂട്ടി ,
എന്നും പാതിവിടര്‍ന്നിരുന്ന ചുണ്ടുകള്‍ കൂമ്പി ,
നിത്യതയുടെ മൂടുപടത്തിനുള്ളില്‍  നീ വിശ്രമിക്കുക !
എങ്കിലും ,
വാകമരങ്ങളുടെ വേരുകളില്‍
നീയെനിക്കു സന്ദേശങ്ങളയയ്ക്കുക !
വേനല്‍ ചുവക്കുമ്പോള്‍
ഞാനവ സ്വീകരിക്കാം !
നറും ചന്ദനസുഗന്ധമുള്ള തിരികളില്‍
പ്രാര്‍ഥനകള്‍ ഞാനും പകരാം !
ഏറുന്ന ശോകം മനസ്സുഴുതുമറിക്കുമ്പോള്‍
പാദമുദ്ര പതിക്കാതെ,
കണ്ണീരാല്‍ നനയ്ക്കാതെ ,
ഞാന്‍ വരാം !
എത്രയോ തവണ ഞാന്‍ ആര്‍ദ്രമായ്‌ ചുംബിച്ച
നിന്‍റെ ഹൃദയമലിഞ്ഞിറങ്ങിയ ഇവിടെയ്ക്ക് ! 

Monday, December 17, 2012

കവിയും കവിതയും

കടലുകള്‍ താണ്ടുന്ന പക്ഷിയെപ്പോല്‍ 
നീണ്ടൊരു നിനവില്‍ ,
മുഴുകിയ മൌനത്തില്‍ ,
ഏകാന്തവേദനയിലേയ്ക്ക് 
പറന്നുയരുന്ന നിമിനേരത്തിലാണ് 
ആത്മാവ് കവിത ചുരത്തുന്നത് !
പിന്നൊരു മഴത്തുള്ളി പോലെ 
സ്പന്ദിക്കുന്ന ഹൃദയം പോലെ 
നിന്നിലേയ്ക്ക് പ്രവഹിക്കുന്നതും !
ഓരോ വരിയും 
തീരാത്ത വേദനയാണ് 
ഓരോ വാക്കും നെടുവീര്‍പ്പാണ് !
ഓരോ മനുഷ്യനും കവിയാണ്‌
ഓരോ വ്യസനവും കവിതയാണ് ! 
എന്നെ നിനക്ക് വായിക്കാം ,
വായിക്കപ്പെടാതെ 
എഴുതപ്പെടാതെ 
എത്രയോ കവിതകള്‍ 
ആത്മസംഘര്‍ഷങ്ങളില്‍ ആഴങ്ങളില്‍ 
പിടഞ്ഞും പൊള്ളിയും മരിക്കുന്നു !! 

Sunday, December 16, 2012

ദുരിതം

ഒരു പൂ കൊഴിയുന്ന ലാഘവത്തോടെ
എന്നില്‍ നിന്നും അടര്‍ന്ന പ്രണയമേ ,
നീയില്ലാത്ത വസന്തങ്ങള്‍
നിത്യദുരിതമീ പ്രാണന് !!

എനിക്ക് വേണ്ടത്


മുറിവേറ്റ മൃഗത്തിന്‍റെയും
മഴനനഞ്ഞ ശലഭത്തിന്‍റെയും
തുലാമഴയില്‍ തളിര്‍ക്കുന്ന ചില്ലകളുടെയും
നിശബ്ധതയിലെ പ്രകൃതിയുടെയും
ഭാഷയാണിനി പഠിക്കേണ്ടത് !
പ്രണയവും നോവും
ഓര്‍മ്മയും സ്വപ്നവും
എന്നെയെന്നേ മുഴുവനായ് മോന്തി !
എരിയുന്ന തീയായ്
വാക്കുകള്‍ ജീവനെ കത്തിക്കുമ്പോഴും
ജ്വാലയായ് പടരുന്ന
കവിതയാണെനിക്ക് വേണ്ടത് !
ചിന്തയിലെ വിസ്ഭോടനമായ്
ചിതറുന്ന ചോരയായ്
മുറിയുന്ന ചിരിയായ്
വരികളില്‍ ഒളിഞ്ഞ
ആഴമാണെനിക്ക് വേണ്ടത് ! 

Friday, December 14, 2012

ബാക്കിയാവാന്‍

ഓട്ടുവിളക്കിന്‍റെ ആളുന്ന കാഴ്ച്ചയില്‍
രാത്രിയെന്‍റെ മുന്‍പിലെ താളില്‍
നിന്നെ വരച്ചിടുന്നു !
എകാകിയാണിന്ന് ഞാന്‍ !
നക്ഷത്രമൊന്നുപോലും വിരിയാതെ
മുറ്റത്തെ പൂവൊന്നുപോലും പൂക്കാതെ ,
രാപ്പാടികള്‍ പാടാതെ ,
വാരിപ്പുണരുന്ന ഓര്‍മ്മച്ചൂടില്‍
ദഹിച്ചുതീരാതെ ,
നാളെയുടെ വെയില്‍ക്കണ്ണുകളിലെ
മിഴിനീരാവാന്‍ ,
ഈ രാത്രിയുടെ പടികളും
കടക്കുകയാണ് ഞാന്‍ ! 

പഴയ കുളം

നിശ്ചലമായ കുളപ്പടവിലെ ശൂന്യതയെ 
ഓര്‍മ്മകളുടെ ചെറുകല്ലുകള്‍ക്കൊണ്ട് 
നോവിക്കാന്‍ ,
കുഞ്ഞോളങ്ങളാല്‍ തരളിതമാക്കാന്‍ ,
ആഴങ്ങളുടെ മഹാമൌനത്തെ 
വാചാലമാക്കാന്‍,
ഞാനെത്തെമ്പോഴെല്ലാം ,
തെളിനീരിന്‍റെ വിശാലതയില്‍ 
ആരൊക്കെയോ പറഞ്ഞുപോയ 
കഥകളുടെ കണ്ണീര്‍പ്പാടുകളും 
കാണാറുണ്ടായിരുന്നു !
കിനാവുരുകിയ തീരാത്തേങ്ങലിന്‍റെ 
മാറ്റൊലി കാറ്റും 
പറഞ്ഞുകേള്‍പ്പിക്കാറുണ്ടായിരുന്നു !
ഏകാകിയുടെ സംഗീതം പഠിപ്പിച്ച 
പ്രകൃതിയുടെ അദ്ധ്യായങ്ങളില്‍ 
അലകളില്ലാത്ത ആ പഴയകുളവും ! 


Thursday, December 13, 2012

മകള്‍

ചിറകുകളുള്ള സംഗീതത്തിന്‍റെയും
മുള്ളുകളുള്ള ഈണത്തിന്‍റെയും
മകളായിപ്പിറക്കാന്‍ എന്‍റെ വരികള്‍
പുനര്‍ജ്ജന്മത്തിനായ് കാത്തിരിക്കുന്നു !

two feelings


To love and to be loved ,is the extreme happiness one can ever go through in a lifetime !!
To lose the loved one , and to live in memories is the worst feeling one can ever pass by !!

Tuesday, December 11, 2012

കാത്തുനില്‍ക്കുന്ന പൂക്കാലo

കവിത പൂക്കുന്ന നിഗൂഡനിശബ്ദതയില്‍
നിന്നെയൊരു കുഞ്ഞിനെപോലെ
ഞാന്‍ മടിയില്‍ക്കിടത്തുകയും
വിരലുകള്‍ നിന്റെ മുടിയിഴകളില്‍
വീണമീട്ടുകയും ചെയ്യുമ്പോള്‍ ,
നിലാവ് നമുക്കായ് പാടുകയും
പ്രപഞ്ചം നമുക്കായ്
നിശ്ചലമാവുകയും ചെയ്യും !
അവിടെയാണ്
നിനക്കായൊരു
പൂക്കാലം കാത്തുനില്‍ക്കുന്നത് !!


നമുക്ക് മഴയാവാം

ഇത്തിരിക്കവിതയെന്‍
നെഞ്ചില്‍ ബാക്കി വയ്ക്കാം !
നിന്നില്‍ നിന്നും
പ്രണയമൊരു രാത്രിമഴയായ്
എന്നിലേയ്ക്കൊഴുകും വരെ
പൂവായ് വിരിഞ്ഞു നില്‍ക്കാം !
തുള്ളി തോരുമ്പോള്‍
നിന്നോടൊപ്പം മണ്ണിന്‍ മാറിലൊഴുകി ,
അലിഞ്ഞില്ലാതാവാം !!



നൃത്തം

കവിതയൊന്നവളെഴുതി ,
കടലാസില്ലാതെ
മഷിയില്ലാതെ
നോവുന്ന  വാക്കുകളില്ലാതെ !
കണ്ണുകളില്‍ വികാരം നിറച്ചും ,
വിരല്‍തുമ്പുകളില്‍ കഥകള്‍ പകര്‍ത്തിയും
മേനി മുഴുവനാടിയുലച്ചും
നിറമുള്ളോരു കവിത !!

Monday, December 10, 2012

സിനിമാതാരം

അദൃശ്യമായ് മുന്നില്‍
ഇരുകരങ്ങളും നീട്ടി നില്‍ക്കുന്ന
കാലമാം മറവിയിലേക്ക്
പഴമയാം അവഗണനയിലേയ്ക്ക്
മാഞ്ഞുപോകുന്നതിന് മുന്‍പ്
നിമിനേരം തിളങ്ങിയാലും താരമേ ,
ഇത് നിന്‍റെ മാത്രം നിമിഷങ്ങളാണ് ! 

വിപ്ലവം

താരാട്ടിന്‍റെ  തുമ്പില്‍ നിന്നും
യുദ്ധത്തിന്‍റെയും കാഹളത്തിന്‍റെയും
മുഴക്കങ്ങളിലേയ്ക്ക്
നീ ഊര്‍ന്നുവീണതെന്നാണെന്‍റെ ഹൃദയമേ ?

പ്രണയത്തിന്‍റെയും ഗാനങ്ങളുടെയും
തോടു പൊട്ടിച്ച്
ചെഞ്ചോരയുടെയും മുദ്രാവാക്യങ്ങളുടെയും
ആദര്‍ശങ്ങളിലേയ്ക്ക് വഴുതിമാറിയതെന്നാണ് ?

ഏതു മൂല്യമാണ് നീ തേടുന്നത്?
ഏതു ലോകമാണ് നീ
പുതുതായ് പണിഞ്ഞുയര്‍ത്തുന്നത് ?
ആരെയാണ് നീ വെല്ലുവിളിക്കുന്നത്‌ ?

സുനാമിയും കൊടുങ്കാറ്റുമില്ലാത്ത
വരള്‍ച്ചയും ശൈത്യവുമില്ലാത്ത
പട്ടിണിയും കണ്ണീരുമില്ലാത്ത കാലത്ത്
നിന്‍റെ രക്തസാക്ഷ്യമണ്ഡപമുയര്‍ത്തുവാനോ
വിപ്ലവങ്ങളില്‍ നീയിന്നു പറ്റിചേര്‍ന്നത്‌ ?


Saturday, December 8, 2012

ഉണര്‍ത്തുപാട്ട്

ഉറവിടമറിയാത്തൊരു ഗാനമെന്നെ
ഉണര്‍ത്താറുണ്ടകലങ്ങളില്‍ നിന്നെന്നും !
പൂത്തു നില്‍ക്കുന്ന കടമ്പുകള്‍ക്കുമപ്പുറം
നിശ്ചലമായ തടാകക്കരയില്‍
ആരോ പാടുന്നതാവാം !
വിങ്ങുമോര്‍മ്മകള്‍ക്കൊണ്ട്
മുറിവേറ്റോരുയിരില്‍
പിറന്നതാവാം !
നക്ഷത്രമില്ലാത്ത
തണുത്ത രാവുകളില്‍ നീ
ഇനിയും പാടുക !
കാതോര്‍ത്തിരിക്കാം
ഞാനെന്നുമീ തീരത്ത്‌ !

ഞാന്‍

മിന്നലുകളുടെ കാടാണുള്ളില്‍ !
ചോദ്യങ്ങളുമുത്തരങ്ങളും
തമ്മില്‍ കലഹിക്കുന്നു !
പുരാതന ലിപികളില്‍
പ്രണയമുറങ്ങുന്നു !
ഇന്നലെകളിലേയ്ക്ക്
തിരിഞ്ഞു നോക്കിക്കൊണ്ടൊരു
പഴയ ഘടികാരം നടന്നു നീങ്ങുന്നു !
നോവൊരു
ചിരിയിലൊളിപ്പിച്ച്
ലോകത്തെ ഞാന്‍
തോല്‍പ്പിക്കുന്നനുദിനം !

തീവണ്ടിയാത്ര

ചൂളം വിളിച്ചൊരു  തീവണ്ടി
പായുന്നു ചീറി !
തുരുമ്പടിഞ്ഞ പാളങ്ങളും
പച്ച നിറഞ്ഞ തോട്ടങ്ങളും
മഞ്ഞയണിഞ്ഞ പാടങ്ങളും
വിജനത വരച്ചിട്ട
പേരറിയാത്ത ദേശങ്ങളും
നൊടികളില്‍
പിന്നിലാക്കിയൊരു യാത്ര !
നേരത്തോടു നേരo
വാനം തുള്ളിയായ് ചാറിയും
ജനലഴികളില്‍ തിളങ്ങിയും ,
ഇടയിലാദിത്യനൊളികണ്ണാല്‍
ദര്‍ശനം നല്‍കിയും ,
ദീര്‍ഘമായൊരു യാത്രതന്നിടവേളയില്‍
കാട്ടുതീപോല്‍പ്പടരുന്ന ചിന്തകളെ-
-യുലച്ചുകൊണ്ടൊരു വിറയാര്‍ന്ന
കൈ മുന്നിലേയ്ക്ക് നീളവേ ,
കനിവറ്റ വൃദ്ധനയനങ്ങള്‍ത്തന്‍
നിശബ്ദയാചനയില്‍
വരണ്ടെന്‍ ഹൃദയവും കവിതയും !
ആരോരുമില്ലേയാവോ
ഉപേക്ഷിക്കപ്പെട്ടുവോ മക്കളാല്‍ ?
ഉയര്‍ന്നീലൊരു ചോദ്യവും
തൊണ്ടയിലെ ഗദ്ഗതത്തിലെല്ലാം
തടഞ്ഞുനിന്നല്‍പ്പനേരം !
ധൃതിയില്‍ തോള്‍സഞ്ചിയിലെ
കാശുനീട്ടിവച്ചാ
കാലത്തിന്‍ തളര്‍ന്ന കൈക്കുള്ളില്‍ !
മിഴികള്‍ നിറഞ്ഞെങ്കിലും
ഒരുവാക്കുരിയാടാതെ
വെച്ചു വേച്ചു  ദൃഷ്ടിതന്നില്‍ നിന്നും
മറഞ്ഞൊരു നിഴലു മാത്രമായീ
മനസ്സിലയാള്‍ ബാക്കിയാകെ ,
ഇനിയെന്‍റെ സ്റ്റേഷനെത്തുവോളം
തലച്ചോറിലോടുന്നതൊരു
ദു:ഖചിത്രം മാത്രമാവും !
തുച്ഛമീ ജീവിതലീലകളെത്ര വിചിത്രം !

Friday, December 7, 2012

മോഹം

ഇലകള്‍ കൊഴിക്കാതൊരു
ദേവതാരു ,
വസന്തം കാത്തു നില്‍ക്കയാ-
-ണെന്‍റെ ആത്മാവില്‍ !
ദേശാടനപ്പക്ഷികളോരോന്നും
തേടിപ്പറക്കയാണ് പൂക്കാലം !
ഇലയനക്കങ്ങളില്ലാത്ത
ശിശിരമാണിന്നതിഥി !
അടര്‍ന്നു വീണു മണ്ണായ്
മാറും മുന്‍പേ
വേരിലലിയും മുന്‍പേ ,
പൂക്കാലത്തെ ഇല
നീട്ടിയൊന്നു തൊടാനൊരു
ദേവതാരുവിനു മോഹം !

പാലസ്തീന്‍ പോരാട്ടം

തെരുവ് വളഞ്ഞ് 
സൈനികര്‍ തോക്കുചൂണ്ടി 
ശിരസ്സ്‌ പിളര്‍ന്ന്
കുഞ്ഞുങ്ങള്‍ ചിതറിക്കിടന്നു 
ചങ്ക് തകര്‍ന്ന് 
അമ്മമാര്‍ അലറിക്കരഞ്ഞു 
മനസ്സ് നൊന്ത് 
നായകന്‍ പ്രാര്‍ഥിച്ചു 
കരങ്ങള്‍ വിരിച്ച് 
ദൈവം നിശ്ചലനായി 
ക്യാമറ തുറന്ന് 
പത്രക്കാര്‍ മോടികൂട്ടി 
വാര്‍ത്തകള്‍ കാത്ത് 
ലോകം തിടുക്കപ്പെട്ടു
നിസ്സഹായരെല്ലാം കേട്ട് 
വല്ലാതെ സഹതപിച്ചു 
എരിഞ്ഞ് തീര്‍ന്ന് 
നഗരം മൂകമായി 
ഏവരും ചേര്‍ന്ന് 
ഭക്തിയെ കൊല ചെയ്യ്തു !

മൌനത്തിന്റെ യാത്ര

മോചനം തേടിയുള്ള യാത്രയാണ്
മൌനത്തിന്നടരുകള്‍ !
കൂടെ, തേങ്ങലിന്‍
നരച്ച ഭാണ്ഡവും താങ്ങി
രക്തം വിയര്‍ക്കുന്നൊരു തൂലികയും !

താളം തെറ്റിയ വരികളില്‍ നിന്നും
ഉടുക്കു കൊട്ടുന്ന നെഞ്ചില്‍ നിന്നും
ചതിതീര്‍ത്ത കനല്‍ക്കാടുകളില്‍ നിന്നും
സാന്ത്വനം തേടുന്ന വിതുമ്പലുകളില്‍ നിന്നും
എന്നില്‍ നിന്നും
അജ്ഞതയുടെ ദിക്കുകളിലേയ്ക്ക് !

കരളു കാര്‍ന്നുതിന്നുന്ന
ദൈന്യo കടന്നു നീയും പോവുക
തീരത്ത്‌ ഞാനിനിയും കണ്‍പാര്‍ത്തു നില്‍ക്കാം
ഒരു അസ്തമയ കിരണത്തിനോടൊപ്പം
ഒരു തിരയ്ക്കൊപ്പം നീയും പോയ്മറയുമ്പോള്‍ !

തിരികെ നോക്കാതെ
മിഴികള്‍ നിറയ്ക്കാതെ
ആരവങ്ങളുടെ ആഴിയിലേയ്ക്ക്
ചൂളയുടെ പഴുപ്പിലേയ്ക്ക്
ഞാനും നടക്കാം !!

Wednesday, December 5, 2012

മദ്യപാനി

മദ്യചൂളയില്‍ ദിനവും തിളയ്ക്കുന്ന
അച്ഛനെന്നും കനല്‍ചൂടാണ് 
അടുക്കാന്‍ ഭയക്കുന്ന കൊപച്ചൂട് !
സന്ധ്യ കനക്കുമ്പോള്‍ 
ദീപം തെളിക്കുമ്പോള്‍ ,
കാത്തിരിക്കുന്ന മക്കള്‍ക്ക്‌ മുന്‍പില്‍ 
നാലുകാലുമായച്ഛന്‍ ,
ബോധക്ഷയത്തിന്‍റെ ഊന്നുവടിയുമായ് 
കയറിവരാറുണ്ട് !
ക്ഷീണം മുറ്റിയ 
അമ്മയുടെ കവിളിലെ 
അച്ഛന്റെ വിരല്‍പ്പാടുകള്‍ക്കും 
ഞങ്ങളുടെ കലങ്ങിയ കണ്ണുകള്‍ക്കും 
സന്ധ്യച്ചോപ്പാണ് !
ഇടറുന്ന ചുവടുകള്‍ കണ്ടു 
പിച്ചവച്ച കുഞ്ഞുപാദങ്ങള്‍ 
അച്ഛനില്‍ നിന്നും അകലുകയാണ് !
പിഴയ്ക്കുന്ന വാക്കുകള്‍ കേട്ട് 
അക്ഷരങ്ങള്‍ പഠിച്ച മനസ്സില്‍ 
അച്ഛനോട് ഭയമാണ് !
നാറുന്ന കള്ളിനോട്‌ വെറുപ്പും 
അമ്മയുടെ പതിഞ്ഞ സ്വരത്തിലെ 
നെടുവീര്‍പ്പിനോട് സഹതാപവും !
നെറുകയിലെന്നച്ഛനൊരുനാള്‍ 
ചുടുചുംബനം തരുമായിരിക്കും ,
അന്നച്ഛനീ
വിഷത്തിന്‍റെ മണവും
മാറുമായിരിക്കും !






അപകടമരണങ്ങള്‍

തെരുവിലിടയ്ക്കിടെയൊരു നിലവിളിയുടെ
പ്രകമ്പനത്തിലൂടെ മരണമാഹ്ലാദിക്കുന്നു !
വൃണങ്ങള്‍ പൊത്തി വിറകൊണ്ട വിരലുകള്‍
അവശമായ് മാടിവിളിക്കുന്ന
മരണത്തിനു പുച്ഛം !
ഇന്നലെയമ്മയുടെ മുന്‍പിലാ
കുഞ്ഞിന്നിളം ചങ്കിലൂടെ പാഞ്ഞുകയറിയ
യന്ത്രവേഗത്തിന്‍ കൊലച്ചിരിയില്‍ ,
എരിഞ്ഞ കണ്ണുകളില്‍ ,തകര്‍ന്ന നെഞ്ചില്‍ലോ
പൂണ്ടുവിളയുന്ന മരണം!
ഒരു പൂമൊട്ട് മാത്രം തനിച്ചാക്കി
പൂങ്കുല മുഴുവനായ് പിച്ചിചീന്തുന്ന
വിധിയുടെ കൈകളില്‍ മരണമട്ടഹസിക്കുന്നു !
ശലഭങ്ങള്‍ വന്നാലും
തുള്ളിമഞ്ഞു പൊതിഞ്ഞാലും
പോയ്‌ പോയതല്ലേ ജീവന്‍റെ പുഞ്ചിരി !
ഇനിയുമെത്ര നിലവിളികളാലെന്‍റെ
നിശബ്ദയാമങ്ങളെ ചോരയില്‍ കുളിപ്പിക്കും നീ ?

Tuesday, December 4, 2012

പ്രിയ ദു:ഖമേ

കാലത്തിന്‍ മണ്‍ഭിത്തിയിലൂടൊ-
-ലിച്ചിറങ്ങുന്ന മഴക്കാലസന്ധ്യയിലൊന്നില്‍
കാതിലൊരു ഭീകരമുഴക്കമായ് മാറിയ
പ്രിയ ദു:ഖമേ ,
ഹൃത്തില്‍ നീ വിതച്ച
നാരായമുള്ളില്‍ ചവുട്ടിയെന്‍
ഇന്നുകള്‍ക്ക് വല്ലാത്ത നോവ്‌ !
വിറയാര്‍ന്ന ചുണ്ടുകളാല്‍
പ്രിയ ദു:ഖമേ ,
നീയെന്‍റെ മനസ്സിലേയ്ക്കുറ്റു
നോക്കുന്നുവോ ?
എന്തു നുണയാണ്
എന്‍റെ  നെഞ്ചിന്‍ നീറ്റലിനോട്
നിനക്കിന്നോതാനുള്ളത് ?
ഏതു തമോഭൂവിലാണ്
സത്യം ശ്വാസംകിട്ടാതെ പിടഞ്ഞത് ?
നരകത്തിന്‍റെ നിഴലില്‍
ഇഴഞ്ഞുകയറുന്ന ഭ്രാന്തില്‍ ,
വ്യഥയില്‍ ,
അഗ്നിയിലെവിടെയോ
ഒരു ഘടികാരമുനയില്‍
തറച്ചിരിക്കുകയാവാം ചിരിത്തുണ്ടുകള്‍ !
വരിയില്‍ ,
വാക്കില്‍ ,
പാട്ടില്‍ ,
കടപുഴകിയൊഴുകുന്ന പ്രിയ ദു:ഖമേ,
നീ തേടിയലയുന്ന തീരമീ
ശീതമാം മരണമോ ??

ചോരച്ചുവപ്പ്

അന്നൊരു വേനലില്‍
പൂത്തു നിന്നൊരു പൂവരശ്ശിന്‍കൊമ്പിലെ
പുലരിമഞ്ഞിന്‍കണമായിരുന്നില്ലേ ഞാന്‍ !
നീയാം കൊടുംപ്രണയത്തിന്‍റെ 
ജ്വാലയിലുടഞ്ഞതും ,
തിളച്ചിറങ്ങിയ നിന്‍റെ ദാഹത്തില്‍ ,
ഇതളിന്‍റെ ചോരച്ചുവപ്പില്‍
വറ്റിയതും ഞാനായിരുന്നില്ലേ ??

Sunday, December 2, 2012

സൂക്ഷിച്ചത്

ശ്രമപ്പെട്ടു വായിച്ചെടുക്കുന്ന
ജീവിതപുസ്തകത്തില്‍ ,
പൂക്കാന്‍ കൊതിച്ചു നിന്ന
കിനാവുകളെ അറുത്തെടുത്ത്  ഞാന്‍
സൂക്ഷിച്ചിരുന്നു !
കരിഞ്ഞും പൊടിഞ്ഞും
കിനാവുകള്‍ നൊന്തുപിടയ്ക്കുന്നുണ്ട്
ഓര്‍മ്മത്താളുകളില്‍ ചിലതില്‍ !

Saturday, December 1, 2012

സ്വപ്‌നങ്ങള്‍

നക്ഷത്രങ്ങളില്‍ നിന്നും
വിദൂരവിസ്മൃതിയിലേയ്ക്ക്
തെളിഞ്ഞും തെളിയാതെയും
സ്വപ്നങ്ങളുടെ ഒളിത്താവളങ്ങളിലേയ്ക്ക്
ഇരുള്‍വഴികളുണ്ട് !
നിദ്ര പ്രകാശിക്കുമ്പോള്‍
പൂക്കുന്ന കാടുകള്‍ പോലെ
സ്വപ്‌നങ്ങള്‍ ... ശിശുക്കള്‍ !!

Friday, November 30, 2012

പുനര്‍ജനനം

എന്‍റെ വചനങ്ങളില്‍
നിന്‍റെ നാമം നിറയുകയും
എന്‍റെ ചിന്തകളില്‍
നീ പ്രകാശിക്കുകയും
കണ്ണുകള്‍ അടയ്ക്കും മുന്‍പേ
ദീപമായ് എന്നെ താരാട്ടുകയും
കണ്ണുകള്‍ തുറക്കും മുന്‍പേ
സ്വപ്നമായ് തലോടുകയും
പകലന്തിയോളം
കാരുണ്യമായ് നിറയുകയും ചെയ്യുന്ന
സത്യത്തിലാണ് ഞാന്‍
പുനര്‍ജ്ജനിച്ചത്‌ ! 

Thursday, November 29, 2012

ഉപേക്ഷിക്കപ്പെട്ടത്

ഏതു സാന്ധ്യലോകത്തിലാണിപ്പോള്‍
നീ മഴവില്ലു വിടര്‍ത്തിയിരിക്കുന്നത്  ?
ഏതു കണ്ണുകളിലാണ്
മഴയായ് നീ തിളങ്ങുന്നത് ?
അഗ്നിപീഡങ്ങളിലൊന്നില്‍ എരിയുകയാവാം 
ഉയിരു ചോരാതെ നീ !
കൊടുങ്കാറ്റിന്‍റെ സന്ദേശം പോലെ
പ്രഭാതങ്ങളില്‍ അറിയാതെ നീ
സിരകളില്‍ പടരുന്നു !!
പുകമറയില്‍ ഞാന്‍
ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു !!

ഒരുവേളയെന്‍റെ ബാല്യത്തിലേയ്ക്ക്

ഈ മൌനച്ചാര്‍ത്തില്‍
തെല്ലു നേരം ഞാന്‍ തനിച്ചിരിക്കട്ടെ ,
ജ്വലിക്കുന്ന ചിറകുകളുമായോര്‍മ്മകള്‍
കൌമാരം കടന്നെന്‍റെ
ബാല്യത്തിലേയ്ക്കെത്തട്ടെ !
അവിടെയിന്നും എന്നെക്കാത്തു
മരിക്കാത്ത താളുകളുണ്ടെങ്കില്‍
ഞാനീ നിശബ്ദതയില്‍നിന്നു-
മുണരാതിരിക്കട്ടെ ! 

ഒരു വരി

എഴുതണമെനിക്കിനിയുമൊരു  വരി ,
വേദനയോടെ എന്‍റെയീ ആത്മാവിനെ
ചുംബിക്കുന്ന ലോകത്തിനൊരു വരി !
കുന്നിറങ്ങി
കാടിറങ്ങി
വിണ്ണിന്‍റെയേതോ കോണില്‍ നിന്നും
അമരത്വമുള്ള വികാരമെന്നു ചൊല്ലിയെന്‍റെ
സ്വപ്നങ്ങളെ
കോരിച്ചൊരിയുന്ന മഴയിലേയ്ക്ക്‌
കൈപിടിച്ചു നടത്തിയ
സ്വാഭാവികതയ്ക്കൊരു വരി !
എണ്ണം പറഞ്ഞു ദൂരെയൊരു
കൊടുംശൈത്യത്തിന്‍ ചില്ലുകൂട്ടില്‍
മരിക്കാത്ത ഓര്‍മ്മകളുടെ
പട്ടുപൊതിഞ്ഞെന്‍റെ ദിനരാത്രങ്ങളെ
കാലത്തിനു കുരുതികൊടുത്ത
വിരഹത്തിനൊരു  വരി !
നീള്‍ക്കണ്ണുകളില്‍ പണ്ടാരോ തുടച്ച
കരിമഷിമുത്തുകള്‍
ഇന്നും തിളച്ചു ചാടുന്നുണ്ട്
വിധിയുടെയോ
കവിതയുടെയോ
നിശബ്ദയാമങ്ങളുടെ മാറില്‍ !
ഒരുവരിയെങ്കിലും എഴുതണമെനിക്ക് ,
എരിതീയിലും
കടലാഴത്തിലും
വാള്‍മുനയിലും
പെട്ടുപോയൊരീ
ഹൃദയം പകുത്തൊരു വരിയെങ്കിലും !!

Tuesday, November 27, 2012

രാത്രി

മൌനത്തിനും സംഗീതത്തിനുമിടയിലെ
ഇടവഴികളിലൊന്നില്‍
എന്നെയും കാത്തൊരു
ഏകാകിയുടെ നെടുവീര്‍പ്പുണ്ട് !
പകലിന്‍റെ കുഞ്ഞുങ്ങള്‍
മഴയെ തേടി ,
രാത്രിയുടെ മൂടിക്കുള്ളില്‍ മറയുമ്പോള്‍
നേര്‍ത്ത സംഗീതം
എന്‍റെ മൌനത്തെ
കണ്ണീരാല്‍ പൊതിയുകയും ,
എന്നെ കാത്തു വഴിവക്കില്‍ നിന്ന
നെടുവീര്‍പ്പിന്‍റെ കാലൊച്ചകള്‍
എന്നോടടുക്കുകയും ചെയ്യും !
നക്ഷത്രങ്ങളിലേയ്ക്കും
സ്വപ്നങ്ങളിലേയ്ക്കുമെന്‍റെ ഹൃദയം
പാഞ്ഞു കയറുകയും  ചെയ്യുന്നു !

ദീപം

എന്‍റെയീ കവിതയ്ക്കുള്ളില്‍
നോവായ്‌ തപിക്കാതെ ,
എന്‍റെയീ ഹൃദയത്തില്‍
കനവായ് ഒതുങ്ങാതെ ,
ദൂരെ ,പ്രണയാകാശങ്ങളില്‍നിന്നും
പൂവിതളില്‍ മഴവില്ല്
വിരിയുന്നത് പോലെ
ആത്മാവിലൊരു കടലായ് ,
അലയടിക്കുന്ന തിരയായ്‌ ,
വിസ്മൃതിയോളം നീളുന്ന കാലമായ് ,
അരികിലൊരു തലോടലായ് ,
കാതിലൊരു പാട്ടായ് ,
എന്‍റെ മണ്‍ചിരാതില്‍
ഒരുനാളും കെടാത്ത
ദീപമായ് തെളിയുക !!

Sunday, November 25, 2012

പകല്‍പ്പൂവ്

പൂത്തുലഞ്ഞ് ,
ചില്ലകള്‍ താഴ്ന്നു നില്‍ക്കുന്ന 
തണല്‍മരങ്ങള്‍ക്കിടയില്‍ 
കെട്ടുപിണഞ്ഞും 
വേര്‍പെട്ടും 
സ്മരണകളുടെ നീളന്‍വഴികള്‍ !
അഭയം തിരഞ്ഞു താണ്ടുന്ന 
വരണ്ട ഇരുള്‍പ്പാതകളിലൊന്നില്‍ ,
എന്നില്‍ നിന്നും നഷ്ടമായ 
സൂര്യനാളം കയ്യില്‍കാത്ത്,
മുറിവേല്‍ക്കാതെയും 
ചവുട്ടിയരയ്ക്കപ്പെടാതെയും 
ഒരു പകല്‍പ്പൂവുണ്ടാവാം  !

Wednesday, November 21, 2012

വിരഹം


നിന്നെയോര്‍ത്തിന്നു ഞാന്‍
ആകാശചുവട്ടിലിരുന്ന്
ഹൃദയം ചാലിച്ചൊരു
കവിത എഴുതി ,
എനിക്ക് മുന്‍പില്‍
ചിരവിരഹത്താല്‍ അസ്തമയം
ചോരപൊടിക്കുകയും ,
തീരങ്ങള്‍ വിതുമ്പിനില്‍ക്കുകയും ,
പക്ഷികള്‍ ,
ചിറകുകുഴഞ്ഞു വീഴുകയും ചെയ്യ്തു !

നീ മാത്രം

കവിതകളുടെ
കാരണവും
ഉദ്ഭവവും
ഉള്ളടക്കവും
ഒഴുക്കും
മഷിയും
അക്ഷരവും
നീയാണ് ~
നീ മാത്രം !

Tuesday, November 20, 2012

ഭ്രാന്ത്

ഇന്നൊരു വാക്കിന്‍റെ
ഇരുണ്ടയറയ്ക്കുള്ളില്‍ വച്ച് ,
എന്‍റെ ആത്മാവിനെയവര്‍
ബലാത്സംഗം ചെയ്യ്തു !
വിടര്‍ന്ന കണ്ണുകളില്‍
തീയായ് തുടിച്ചിരുന്ന ലോകമിന്നെന്‍റെ
നേരിനെ പൊള്ളിച്ചു ചാമ്പലാക്കി !
മനസ്സിന്‍റെ ശ്രീകോവിലില്‍
നിവേദ്യമാക്കിയൊരു
കവിതയുമവര്‍ പിച്ചിചീന്തി !
ഓര്‍മ്മകളൊരറ്റത്തുനിന്നും
കരിനാഗമായ് വിഷം തുപ്പുകയും,
നോവതിന്‍റെ കരിംതേറ്റ
നീട്ടുകയും ചെയ്യുന്നു !
ഇനിയുമെത്ര കാലം
ഇനിയുമെത്ര കാതം
ദുഃഖപൂര്‍ണ്ണമീ നെഞ്ചിന്നാഴങ്ങളില്‍
പഴുപ്പായ് , ദുര്‍ഗന്ധമായ്
അവരെറിഞ്ഞു പോയ എന്‍റെയീ
ഏകാന്തത ഞാന്‍ ചുമക്കണം ??
ചിരിയുടെ പാതിരാച്ചോര്‍ച്ചയില്‍ 
നരകകവാടങ്ങള്‍ തുറക്കപ്പെടുമ്പോള്‍ 
ഞാനീ ബോധത്തെ
തീയിലെറിയുകയാണ് !
തിരിച്ചറിയപ്പെടാത്ത ലോകങ്ങളില്‍
ഭ്രാന്തിയുടെ അടക്കാനാവാത്ത
ആനന്ദത്തോടെ എനിക്ക് നടക്കണം !
അവിടെയുമെന്നെ നഗ്നയാക്കിരസിക്കുന്ന
കണ്ണുകളുടെ അസ്ത്രങ്ങളുണ്ടാവാമെങ്കിലും
ഞാന്‍ ഭ്രാന്തിയല്ലേ
ലോകമെന്നെ തിരസ്കരിച്ചതല്ലേ ... !!

Monday, November 19, 2012

reincarnation

let me burn , burn and burn in pain. And one day when you rain into the ashes of my memories, i shall reincarnate in your soul with wild flowers and wavy breeze !

ഒരു പ്രേമഗാനം

ഒന്നുമോര്‍ക്കാതൊന്നുമറിയാതിന്നലെ
നീയുറങ്ങുമ്പോള്‍ ,
വന്നിരുന്നു ജീവനേ ഞാന്‍ ,
ശരവേഗത്തിലെന്‍റെ കരിങ്കല്‍ഹൃദയത്തിനുള്ളില്‍
താപസ്വിയായ്
അഗ്നിയായ്
താണ്ഡവമായ്
നോവായുരുക്കമായ് മാറിയ
നിന്‍റെ മിഴിപ്പൂക്കളെയൊന്നു കാണുവാന്‍ !
ഇരുളും സംഗീതവും
ലഹരിയായ് പൂവിടുന്ന ഏകാന്തതയായ്
എന്നില്‍ വിളക്കിച്ചേര്‍ത്ത നിന്‍റെ തീവ്രനോട്ടങ്ങളിലാണോമനേ
ഒരുനാളെന്‍റെ ചിന്തകള്‍ കടല്‍ നീന്തിക്കടന്നത് !
നേര്‍ത്തൊരു തലോടലിലെന്‍റെ പ്രണയം
വിയര്‍ത്തു നിന്നതും ,
സ്വപ്നമുരുകിയതും ,
വിരലുകളുടെ വീണാവര്‍ഷത്തില്‍
നനഞ്ഞുകിടന്ന നമ്മിലൂടെ
കാലമൊരു നിമിഷമായൊഴുകിയതും ,
ശിലാതുല്യനിദ്രയില്‍ നിന്നുമെന്‍റെ
മനമൊരു പൂക്കാലത്തിലേയ്ക്കുണര്‍ന്നതും ,
നീയെന്നിലേയ്ക്കലിഞ്ഞ നാള്‍മുതലാണ്‌ !
ജന്മങ്ങളോളം നീണ്ടൊരു
തിരസ്കൃതമായ നേരിന്‍റെ
തീര്‍ഥാടനത്തിനൊടുവിലെ
പറുദീസയും പുണ്യവും ശാന്തിയുമാണ് നീ !
അറിഞ്ഞിരുന്നുവോ സഖീയിന്നലെയൊരു
പാതിരാക്കാറ്റിന്‍റെ ശിരസ്സിലേറി
എന്‍റെ നിനവുകളുടെ
സ്വര്‍ണ്ണത്തേര് നിന്നിലേയ്ക്കെത്തിയത് ?
ഇനി നമുക്കുറങ്ങാം !
പരസ്പരമലിഞ്ഞൊരു വിദൂരത്തിലെ
മഴയായ് പെയ്യാം !!

Sunday, November 18, 2012

വിചിത്രമായ പ്രണയം !

ഒരുനാളും കണ്ടുമുട്ടാത്ത തീരങ്ങള്‍ക്കിടയില്‍
പ്രണയമൊരാഴക്കടലായിരുന്നു
ഒരുനാളും സംസാരിക്കാനാവാത്ത തീരങ്ങള്‍ക്കിടയില്‍
തിരകള്‍ പ്രണയഗീതങ്ങള്‍ രചിച്ചിരുന്നു
ഒരുനാളും സന്ദേശങ്ങള്‍ കൈമാറാതിരുന്ന തീരങ്ങള്‍ക്കിടയില്‍
കാലം മുത്തുകളും ചിപ്പികളും സമ്മാനിച്ചു
എന്‍റെ പ്രണയമേ നീയെത്ര വിചിത്രമാണ് !

കാത്തിരുന്ന കവിത

നിനവിന്‍റെ ശൂന്യമാം കാസയിലേയ്ക്ക്
പുകയുന്ന വാക്കുകള്‍ തന്നുനീയെങ്കിലും സ്നേഹിതാ ,
ശോഷിച്ച സൂചിമുനകളെന്‍റെ
വേദനയുടെ അക്കങ്ങളെ
തിടുക്കത്തില്‍ സന്ദര്‍ശിക്കുകയും
നിലാവുണരാത്ത അമാവാസികളില്‍
വിഫലം വിരിയുന്ന നിശാപുഷ്പങ്ങള്‍
പലവട്ടം അടര്‍ന്നുവീഴുകയും ചെയ്തെങ്കിലും ,
ഉറഞ്ഞടുങ്ങി എന്നില്‍ മുള്ളായ്‌ കുരുങ്ങിയ
തീക്ഷ്ണമാം വരികളിലൊന്നുപോലുമീ ഹൃത്തിന്‍റെ
തുറക്കപ്പെടാത്ത വാതിലുകള്‍ തകര്‍ത്ത് വന്നില്ലല്ലോ !
അനന്തമാം കണ്ണുകളുടെ താഴ്ച്ചയില്‍
ശോകനിര്‍ഭങ്ങളായ തണല്‍മരങ്ങളില്‍
കടല്‍പ്പക്ഷികള്‍ കൂട് ചമച്ചു  !
വൈകുന്നേരങ്ങളുടെ ചെങ്കുത്തായ
അഗാധതയില്‍ വീണ്ടുമൊരു
സൂര്യനാളം മനംനൊന്താത്മഹത്യ ചെയ്യ്തു !
അപ്പോഴും ഒരു കവിതയുടെ ജനനത്തിനായെന്‍റെ
പ്രതീക്ഷ നോവോടെ പ്രാര്‍ഥിക്കുന്നു !

Saturday, November 17, 2012

ദിനപ്പത്രങ്ങള്‍

നഗരത്തിന്‍റെ  തിരക്കിലാണ്ടുപോയൊരു
പിഞ്ചു കുഞ്ഞിന്‍റെ ചങ്ക് കീറുന്ന നിലവിളി ,
തിരികെ നോക്കാതെ പാഞ്ഞുപോയൊരു
തീവണ്ടിക്കടിയിലെ കാമുകന്‍ ,
നഖവും പല്ലുമിറങ്ങിമുറിഞ്ഞൊരു
വെണ്മാറിലെ കണ്ണീര്‍പ്പുഴ ,
പുകയിലെരിഞ്ഞു മടുത്തു നാടുവിട്ടൊരു
ഭാര്യയോടുള്ള ആസിഡ്പ്രതികാരം ,
ആര്‍ത്തിയോടെ മോന്തിയ പാനപാത്രത്തില്‍നിന്നും
വഴിയിലേയ്ക്കു പൊട്ടിവീണ തലച്ചോറ് ,
തുടപൊള്ളിച്ചാവേശത്തോടെ ആഘോഷിച്ച
രാതിയിലെരിഞ്ഞ സിഗെരെറ്റ്‌കുറ്റികള്‍ ,
കോടതിവരാന്തയിലെ നീളന്‍ക്യൂവില്‍
കാത്തുനില്‍ക്കുന്ന സ്വാതന്ത്ര്യം ,
പുഴയുടെ ഒഴുക്കിനോട്‌ യുദ്ധം ചെയ്യ്ത മകന്‍റെ
ചേതനയറ്റ മേനിയിലെ ഉപ്പ് ,
തെരുവോരങ്ങളില്‍ മരണപ്പോരാട്ടം നടത്തുന്ന
മൈക്കുസെറ്റിന്‍റെ  കൊലച്ചിരി ,
ചോരയും പകയും തേടിനടക്കുന്ന ദിനപ്പത്രങ്ങള്‍ !!

Friday, November 16, 2012

വിശ്രമം

യൌവനം വെട്ടയാടിക്കഴിയുന്ന നരയുടെ അമ്പുകള്‍
ലക്ഷ്യം തെറ്റാതെ വിഹരിക്കുന്നു !
വീടൊഴിഞ്ഞ ആളൊഴിഞ്ഞ ശാന്തതയുടെ
തീരങ്ങളിലേയ്ക്ക് അശാന്തിയുടെ
നീണ്ട വരകള്‍ , ചുളിവുകള്‍ !
ആരൊക്കെയോ എഴുതിയും വരച്ചും
ചുംബിച്ചും കൈമാറിയും
പിന്നെ വലിച്ചെറിഞ്ഞും
തിരസ്കരിക്കപ്പെട്ടുമനുഭവങ്ങള്‍
വേരൂന്നി വളരുന്നു !
ജനനവും മരണവും മുഹൂര്‍ത്തവും
കുറിച്ചെന്‍റെ ഘടികാരം
തളര്‍ന്നുതുടങ്ങിയിരിക്കുന്നു !
വിരഹത്തിന്‍ കലണ്ടറില്‍ നിന്നും
കനല്‍ച്ചിറകുള്ള പക്ഷികള്‍
മരണത്തിന്‍റെ കൂട്ടിലേയ്ക്ക്
ധൃതിയില്‍ പറക്കുന്നു !
വേര്‍പാടിന്‍റെ മുള്ളുകള്‍ തറഞ്ഞും
ഓര്‍മ്മയുടെ കരിയിലകള്‍ വീണും
ഗൃഹാതുരത്വത്തിന്‍റെ ചാറ്റല്‍മഴ ചാറിയുമെന്‍റെ
ആറടി മണ്ണെന്നെ കാത്തിരിക്കുന്നു !
വര്‍ണ്ണങ്ങള്‍ തോരണം തൂക്കിയ
കണ്ണുകള്‍ക്കിനി വിശ്രമം !

വഴികാട്ടി

പ്രണയമുഴുതുമറിച്ച സിരയിലൊഴുകുന്ന
ചുടുചോരയുടെ പ്രവാഹത്തില്‍
ഗര്‍ജ്ജിക്കുന്ന വാക്കുകള്‍ !
വേദനിച്ചലറിവിളിക്കുകയും
ഉച്ചത്തില്‍ പോരിനു വിളിക്കുകയും
ഭീഷിണി മുഴക്കുകയും ചെയ്യുന്നവ !

വിചാരങ്ങളുടെ ഗര്‍ഭാശയഭിത്തിമേല്‍
മരണത്തിന്‍റെ ,
മരവിപ്പിന്‍റെ ,
മറവിയുടെ ,
നഗ്നമായ ചിത്രങ്ങളാരോ
കൊത്തിവച്ചിരിക്കുന്നു !

ഉള്ളിന്‍റെയുള്ളില്‍ ഹാ ! ശവപ്പറമ്പുകളില്‍
ഒരു കവാടം മാത്രം തുറക്കപ്പെട്ടിരിക്കുന്നു !
പ്രേതബാധിതമായ ചങ്ങലയാല്‍ തളയ്ക്കപ്പെട്ടിരിക്കുന്ന
ഭ്രാന്തിയായ ഒരു കവിതയുടെ കവാടം !
സന്ദര്‍ശകരോ വസന്തമോ കടന്നുവരാത്തിടം !

അന്ത്യത്തിന്‍ ബലിപീഠത്തിലേയ്ക്ക്
സ്മരണകളുമായ് പോകുന്ന നിമിഷങ്ങള്‍
മായാത്ത നിഴലുകള്‍ വഴിനീളെ വിതറുന്നു !
പിന്നീട് നിഴലുകള്‍ക്ക് ജീവന്‍ വയ്ക്കുകയും
ബോധമണ്ഡലങ്ങളില്‍ നൊമ്പരമായ് പടരുകയും ചെയ്യുന്നു !

അന്ധനായ സഞ്ചാരീ ,
ഈ ഹൃദയം വര്‍ണ്ണാഭമോ മൃദുലമോ അല്ല !
നിന്‍റെ സ്വപ്നങ്ങളുടെ ഭാരമോ ,
സ്പര്‍ശനത്തിന്‍റെ മാധുര്യമോ
അതിനു താങ്ങാനാവില്ല !

ഇരുണ്ട കിളിവാതിലില്‍ നിന്നും
ചിറകടി കേള്‍ക്കാന്‍ നിനക്കാവുന്നില്ലേ ?
അവയെ നീ പിന്തുടരൂ
എന്‍റെ ഉയിരിന്‍റെ ചില്ലയില്‍ നിന്നും
എന്റെ മൌനത്തിന്‍റെ അന്ധാളിപ്പില്‍നിന്നും ദൂരെ മാറി
നിനക്കവ അനന്തതയുടെ ലോകം കാട്ടിത്തരും !!

Wednesday, November 14, 2012

യുദ്ധം

യുദ്ധം ചെയ്യുന്ന പടയാളിയുടെ
നെഞ്ചിടിപ്പാണെന്‍റെ ഇന്നുകള്‍ക്ക് !
പിഞ്ഞിയ ജീവിതഭാണ്ഡത്തില്‍
തീയും ക്രോധവും വാരിക്കൂട്ടി
ഞാനെന്‍റെ സ്വപ്നങ്ങളെ
വിരട്ടിയോടിക്കാന്‍ ശ്രമിക്കുകയാണ് ,
സംഭരിച്ചതെല്ലാം
ഒരുവശം ചേര്‍ന്ന്
ചോര്‍ന്നുപോകുന്നതറിയാതെ !!

Tuesday, November 13, 2012

ചുംബനം

ഹൃത്തിലൊരു തീകുണ്ഡമായ്
പിളര്‍ന്നു പുകഞ്ഞുപടര്‍ന്നൊരു
നെരിപ്പോടായ് നിന്‍റെ
ചുംബനങ്ങളെന്നെയുണര്‍ത്തിയപ്പോള്‍,
മേഘരൂപികള്‍ ,
ജ്വാലകള്‍ ,
ജനാലയ്ക്കപ്പുറമൊരു കോടമഞ്ഞിന്‍
രഥത്തിലേറി 
രാവിന്‍റെ തിരശ്ശീലയ്ക്കു
പിന്നിലേയ്ക്ക് മറഞ്ഞതും,
തണുവിന്‍ പുതപ്പില്‍  മഴയൊരു
ശ്രുതിയായുണര്‍ന്നതും ,
അഴലിന്‍ വേരുകളൊരു
വസന്തത്തിലേയ്ക്ക് നീണ്ടതും
നീ കണ്ടിരുന്നുവോ ?

Monday, November 12, 2012

രാപ്പാടി

എന്‍റെ ശരറാന്തല്‍തിരിമേല്‍
മരണം കാറ്റായ് കൂട്കൂട്ടുന്നു !
ആഞ്ഞു കത്തിയ നാളങ്ങള്‍
ഇരുളില്‍ മങ്ങുന്നു !
ഇന്നീ നിശയിലെന്‍റെ നിദ്രയില്‍
പടരാനൊരു കവിതയ്ക്കൊപ്പം
പകലിന്‍ നിഴലുകളൊളിച്ച
സ്വപ്നങ്ങളും.. പിന്നെ...
ദൂരെയേതോ ചില്ലയിലൊരു
രാപ്പാടിയും.... !!

പക്ഷി

പറഞ്ഞതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ
ഓര്‍മ്മത്തുരുത്തില്‍ നിഴല്‍പോലൊരു ചിത്രം വരച്ചിട്ട്
തീരങ്ങള്‍ കടന്നു പറന്നൊരു പക്ഷിയാണ് നീ !!

Sunday, November 11, 2012

തപസ്സ്

മനസ്സിലെ വസന്തത്തില്‍
കാട്ടുതീ പടര്‍ന്നുകയറിയെന്റെ
ഉള്ളാകെ കരിഞ്ഞുണങ്ങിയിരിക്കുന്നു !
ഇനിയൊരു പേമാരി
ആകാശച്ചെരുവുകളിറങ്ങി വന്നെന്നെ
നനയ്ക്കുവാനുമീ പൂവരശ്ശില്‍
ഹരിതാമൃതം നിറയുവാനും
വേരുകള്‍ തപസ്സിരിക്കുന്നു !

മരിച്ചവരുടെ സ്വപ്‌നങ്ങള്‍

നീര്‍വറ്റിയുണങ്ങിയ മണ്ണിന്നാഴങ്ങളില്‍
ജീവിതം കുടിച്ചു മരിച്ചവരുടെ
കിനാവുകളുറങ്ങുന്നു !
ചില മഴമേഘങ്ങളുടെ ആര്‍ത്തനാദങ്ങളില്‍
തലപൊക്കിനോക്കിയ സ്വപ്‌നങ്ങള്‍
പൂക്കളായ് വിരിയാറുണ്ട് !
ആ രാവില്‍ നക്ഷത്രങ്ങളിലൊന്ന്
കണ്ണീരു പോലെ തിളങ്ങാറുണ്ട് !
മരിച്ചവരുടെ സ്വപ്‌നങ്ങള്‍
തമ്മില്‍ പ്രണയിക്കുകയാവാം !

ഇന്നലെയും ഇന്നും

ഇന്നലെയീ ഹൃദയത്തില്‍
പലതായ് ചിതറിയ നീ
ഇന്നെന്നെ തട്ടിയുണര്‍ത്തിയ
മഴയിലും കുളിരായ് പെയ്യ്തിരുന്നു !

Wednesday, November 7, 2012

മഴപ്പക്ഷി

മുന്‍പെന്തെന്നറിയാത്ത
നീണ്ട വളവുകളില്‍,
പതിയിരിക്കുന്ന ഇരുട്ടിനും
ഭയപ്പെടുത്തുന്ന നിഗൂഡതയ്ക്കുമപ്പുറം
മഴ പൂക്കുന്ന കാടുകളോ
വെയില്‍ കൊഴിയുന്ന വിജനതയോ ആവാം !
വീണ മൊട്ടുകളും
വിരിഞ്ഞ മുള്ളുകളും ചവുട്ടി
പാതയിതില്‍ വന്നെത്തിയതുമൊരു
ഓര്‍മ്മയെ കുഴിച്ചുമൂടുവാനാണ് !
മടങ്ങുമ്പോള്‍
ഞാന്‍ തിരികെ നോക്കില്ല
അറിയാമെനിക്കെന്‍റെ പ്രിയമുള്ള
ഓര്‍മ്മകളൊരു  മഴപ്പക്ഷിയായ്
എന്നിലേയ്ക്ക് ചിറകടിച്ചെത്തുമെന്ന് !!

Tuesday, November 6, 2012

വേര്‍പാട്

വേര്‍പാടൊരു കടലാണ്
തിളയ്ക്കുന്ന കണ്ണീര്‍ക്കടല്‍ !
സ്വന്തമായ ഒരു കരയില്‍ നിന്നും
അന്യമായ മറുകരയിലേയ്ക്ക് ...
നമ്മില്‍ നിന്നും
എന്നിലേയ്ക്ക് ...
നിലയില്ലാത്ത ഓര്‍മ്മകളുടെ ഒഴുക്കില്‍
തീരം തേടി
ഏകമായൊരു യാത്രയും
കാലമെന്നിലാഴ്ത്തുന്ന വേദനയുമാണ് വിരഹം !

Sunday, November 4, 2012

പൂക്കാലമേ എനിക്കായ് കാത്തിരിക്കുക

വിരലുകള്‍ നീളുകയാണ് ,
ഒരു മൂടല്‍ മഞ്ഞിന്‍ പാളിക്കപ്പുറം
അകലേയ്ക്ക് നീങ്ങുന്ന എന്‍റെ
പ്രിയപ്പെട്ട പൂക്കാലത്തിലേയ്ക്ക് !
നിന്നിലേയ്ക്ക് നടക്കുവാന്‍
നിന്നില്‍ കൊഴിയുവാന്‍
നീറി നിന്നോരെന്നെ പറിച്ചു നടുകയാണ്‌ !
വേനല്‍ ചൂടില്‍
ചിന്തകള്‍  കത്തുമ്പോള്‍
ദൂരെ മാറി
ചാറ്റല്‍മഴയില്‍ എന്നെ നോക്കി
നീയും നെടുവീര്‍പ്പെടുകയാണെന്ന്
ആരോ എന്നോട് പറഞ്ഞിരുന്നു !
നിന്‍റെ  ശിരസ്സവര്‍ മുണ്ഡനം ചെയ്യും
മുന്‍പീ വനാന്തരങ്ങളില്‍ ഞാന്‍ വരും
വസന്തം തേടിയൊരു ദേശാടനപ്പക്ഷിയെപ്പോലെ !

ഉറ്റമിത്രം

ഇന്നലെ സ്വപ്നത്തിന്‍റെ നോവുള്ള സീല്‍ക്കാരത്തില്‍  
രാത്രിയില്‍ മൌനം ,
എന്നോട് പിണങ്ങി പടിയിറങ്ങി പോയിരുന്നു !
തലതല്ലിമരിച്ച മൌനം 
പുലരിയിലെന്‍റെ വാതില്‍പ്പടിയില്‍,
ചെതനയറ്റു കിടന്നു !
എന്‍റെ മൌനമേ,
നീയുമെന്നെ കയ്യൊഴിയാന്‍ മാത്രം .... ???

Friday, November 2, 2012

തിരിച്ചറിവ്

ദൂരമല്‍പ്പം കടന്നപ്പോഴാണ്,
കായല്‍ക്കരയില്‍
തമ്മില്‍ മത്സരിക്കുന്ന ഋതുക്കള്‍ ,
പീലിത്തുമ്പില്‍ തൂങ്ങിമരിച്ച
കണ്ണീരിന്‍റെ ചങ്കുതുളച്ചുള്ളില്‍
കയറിയത് .

കൈനീട്ടിയാ കാട്ടുശതാവരിപ്പൂവില്‍
ഒന്ന് തൊടാന്‍ തുനിഞ്ഞപ്പോഴായിരുന്നു
വിരലുകള്‍ തേടിയത്
കൂപ്പിയ കൈകളിലെരിഞ്ഞു തീര്‍ന്നവ
നിഷേധിക്കപ്പെട്ട ജീവിതസന്ധ്യയിലെവിടെയോ
അറുക്കപ്പെട്ടിരിക്കുന്നു !

ഉണങ്ങിവീണ സ്വപ്നങ്ങളില്‍ ചവുട്ടാതെ
ദൂരെ മാറി നടക്കാനായിരുന്നു
പാദങ്ങളെ നോക്കിയത്
മുള്ളുകള്‍ തറഞ്ഞവ ചോരപ്പുഴയൊഴുക്കിയിരുന്നുവല്ലോ ?
ഇന്ന് വ്യഥയുടെ മരചോട്ടിലാരെയോ
ധ്യാനിക്കാന്‍ പോയിരുന്നത്രേ .. !

അസ്ഥിയുടെ ആഴങ്ങളില്‍
അമ്മയുടെ കരങ്ങളുടെ ലാളന
കട്ടപിടിച്ചു കുറുകിയിരുന്നു !
പലതായ് വേര്‍പെട്ട്
പലതായ് നുറുങ്ങി,പട്ടുപൊതിയാതെ
മണ്‍കുടം നിറയ്ക്കാതെ ചിന്നിചിതറി..!

വാടി വീഴുന്ന ഹേമന്തത്തിനു ചോട്ടിലൂടെ
കാറ്റിന്‍റെ കുളിരുചൂടാതെ
ഒരു ജഡമൊഴുകിയകലുന്നു !
അതിനെന്‍റെ ആത്മാവിന്‍റെ മുഖമാണ് ...
അല്ല അതെന്റെ ആത്മാവാണ് !!
തീര്‍ത്തും അനാഥമായ എന്‍റെ ആത്മാവ് !!

Thursday, November 1, 2012

പ്രിയപ്പെട്ട ഇന്നലെ

പ്രിയപ്പെട്ട ഇന്നലെയ്ക്ക് ,
തുള്ളി മഞ്ഞിന്‍റെ ഈറനണിഞ്ഞ് 
വിടവാങ്ങലിന്‍റെ ഔപചാരികത കൂടാതെ
നീയൊരു തീരാനഷ്ടമായ്
ഭയപ്പെടുത്തുന്ന അന്ധകാരത്തിലേയ്ക്ക്
കാലൊച്ച കേള്‍പ്പിക്കാതെ നടന്നുവല്ലോ ?

നീയെനിക്കാരായിരുന്നു ?
നിന്നില്‍ ചവുട്ടി ,നിന്നിലുറങ്ങി ,
നിന്‍റെ മടിയില്‍ കിടന്നപ്പോഴും
ചുരന്നിറങ്ങിയ സ്നേഹം നക്കിത്തുടച്ചപ്പോഴും ,
എന്നും നീയെനിക്ക് മുന്‍പിലീ തണല്‍മരമായ്
കൊഴിയാതെ നില്‍ക്കുമെന്ന് കരുതിയത്‌ തെറ്റായോ ?

നീ സമ്മാനിച്ച വസന്തത്തില്‍ പൂത്തുലഞ്ഞ കാടുകളില്‍,
പാടിയുറക്കിയ കുയില്‍നാദങ്ങളില്‍
ഞാനൊരു സ്വപ്നം മാത്രമായിരുന്നുവോ ?
വൈകാതെ  നീയെനിക്കന്യയാകുമെന്നും
നിന്‍റെ ഉദരത്തില്‍ നിന്നും ഇന്നുകള്‍ പിറന്നെന്നെ
കളിയാക്കുമെന്നും അറിയാതെ പോയിരുന്നു !

കാലത്തിന്‍റെ അനേകായിരമറകളിലൊന്നില്‍,
തിരിച്ചറിയപ്പെടാത്ത ഭാവങ്ങളില്‍
മറക്കാന്‍ കൊതിക്കുന്ന മുഖങ്ങളില്‍
എന്നും ചിരിതൂവി നില്‍ക്കുന്ന നീയുമിനി !
എങ്കിലും എന്‍റെ പ്രിയപ്പെട്ട ഇന്നലെ ,
എണ്ണമറ്റ നഷ്ടങ്ങളില്‍ നീ സമ്മാനിച്ച ഒരു കുന്നുസ്വപ്നങ്ങളും !! 

Wednesday, October 31, 2012

രാവ് പുലരുന്നത്


അനാഥയാമത്തിലേതോ വഴിവക്കില്‍
നീറിമരിച്ച ഇന്നിന്‍റെ
പടിഞ്ഞാറേക്കരയിലൊരു
ദീപമണയാന്‍ തുടങ്ങുന്നു !


കാറ്റിലാടിയും
ഇരുളിനെ തിന്നും ..
കല്‍മണ്ഡപത്തിലൊരു തിരി
ഏകമായി നിലാവത്തെരിയുന്നു !

പിന്തുടരാനാവാത്ത സ്വപ്നങ്ങളുടെ
പാതകള്‍ നെടുനീളെ തെളിഞ്ഞതതിനക്കരെ
പുലരാന്‍ മടിച്ചൊരു
വെളിച്ചമെത്രവേഗമെത്തി നോക്കിത്തുടങ്ങി ! 

ഗര്‍ഭിണിയുടെ മരണം

മിടിക്കാന്‍ കൊതിച്ചൊരു
നാഡിയുടെ കൊടുംതണുപ്പില്‍
മണ്‍തരികളിരച്ചുകയറിയിരിക്കുന്നു !!
ഗര്‍ഭാശയഭിത്തികള്‍ പൊടിച്ചുവളര്‍ന്ന
കാട്ടുചെടിയുടെ വേരുകളിലൊരു കണ്ണീര്‍നനവും !!

കാത്തുവച്ചത്

വിസ്മൃതിയുടെ തീരത്തെവിടെയോ
നോവായ്‌ കൊഴിഞ്ഞെങ്കിലും ,
തിരയായലയുമ്പോഴെല്ലാം
നിന്‍റെ  കാല്‍പ്പാടുകള്‍  തേടുന്നോരി-
-ന്നലെയുടെ ഗന്ധമുള്ള 
മനസ്സിനെ ഞാന്‍  കാത്തുവച്ചിരിക്കുന്നു !!

Tuesday, October 23, 2012

അല്‍പ നേരം കൂടി ... !!

ഇവിടെയെനിക്കായ് ഇടവഴികളിലും നടവഴികളിലും
തുള്ളികളായ്‌  കാത്തു നിന്ന മഴയും
കുന്നോളം സ്നേഹമായ് എന്നെ കുതിര്‍ക്കുന്ന മനസ്സുകളും ....
വിട്ടു പോവാന്‍ മടിക്കാത്ത മണ്ണില്‍ കാലൂന്നി
അല്‍പ നേരം കൂടി ... !!

മഴപ്പക്ഷി

ഇനി ഞാനൊരു മഴപ്പക്ഷിയാവട്ടെ !
തോരാന്‍ മടിച്ച് പെയ്യ്തൊഴിയുന്ന
മഴമേഘക്കൂട്ടിന് താഴെ
എത്ര നനഞ്ഞിട്ടും കൊതിതീരാതെ,
തൂവലുകളൊതുക്കി
ആകാശവീഥിയില്‍ സ്വപ്നമായ് കുതിര്‍ന്ന്‌
ഒരു മഴപ്പാട്ടായ് ഇല്ലാതാവട്ടെ ...

Friday, October 19, 2012

ഓര്‍മ്മയായ്


സ്വപ്നത്തിന്‍റെ തളിര്‍പ്പിലേയ്ക്ക് ,
ആകാശത്തിന്‍റെ വിശാലതയില്‍ നിന്നും
അടര്‍ന്നുവീണ്,
കാലത്തിന്‍റെ വരള്‍ച്ചയില്‍ ഇല്ലാതായ
മഞ്ഞുതുള്ളിയുടെ വേദനയാണ് ഞാന്‍  !
പഴുത്തു വാടി മണ്ണിലീയില അലിയുംമുന്‍പേ
എന്നെ നീ വായിച്ചെടുക്കുക ...
ഒരു പുസ്തകത്താളില്‍
ഓര്‍മ്മയായ് സൂക്ഷിക്കുക... !!

Wednesday, October 17, 2012

മറക്കാനാവാതെ

ഇനിയൊരിക്കലും 
വിളിച്ചുണര്‍ത്തരുതെന്നു പറഞ്ഞു ഞാന്‍ 
നിന്നെ മറന്നെത്രയോ യാമങ്ങളുറങ്ങാന്‍ കിടന്നു... 
ഓര്‍മ്മത്തുള്ളികളായിറ്റു വീണെന്‍റെ 

ഇമകളില്‍ നീ 
ഉണര്‍വ്വായുമുയിരായും 
ജനിക്കുന്നു ... !!
ഞാനുമൊരു ജീര്‍ണ്ണിച്ച നഷ്ടത്തിന്‍റെ ചിറകില്‍ 

തളരാത്ത വേദനയും താങ്ങി 
വീണ്ടും നിനക്കുവേണ്ടി... !!

പൂവ്

പൂക്കളോരോന്നും വിരിയാന്‍ 
ഞാന്‍ കാത്തിരുന്നു ...
ഏറ്റവും നല്ലതിറുത്ത് 

നിനക്ക് നല്‍കുവാന്‍ .. !!
എന്‍റെ ഹൃദയം 

വേരോടെ പിഴുതു നിന്‍റെ 
സ്വപ്നങ്ങളുടെ മുറ്റത്തു നട്ടപ്പോഴാണ് 
ഏറ്റവും നിറമുള്ള പൂവ് ത

ന്നെ നിനക്ക് നല്കാനായെന്ന്
ഞാന്‍ തിരിച്ചറിഞ്ഞത് ... !!

അന്ന്

ചുവന്നു പൂത്ത വേനലില്‍
ആത്മാവ് ദഹിക്കുമ്പോള്‍
ഓര്‍മ്മകളിലൊരു പേമാരി
പെയ്യുമായിരിക്കും !
അതില്‍ നനഞ്ഞു കൊഴിയുന്ന
നിമിഷങ്ങളില്‍
ദൂരെയെവിടെയോ നീയെന്നെ
മറക്കുമായിരിക്കും !

ഇരുളിലൊരു തിരിനാളമാടി ഉലയുമ്പോള്‍
പുലരിക്കായ്‌ കാത്തൊരു
നക്ഷത്രമുദിക്കുമായിരിക്കും  !
നിന്നെയോര്‍ക്കാതെ
ഞാനുറങ്ങുന്ന ആ രാവില്‍,
ഞാനെന്നോ എഴുതിയ വരികളില്‍
നീ നിന്നെത്തന്നെ
ചികഞ്ഞെടുക്കുമായിരിക്കും !

വ്യത്യാസം

നിന്‍റെ മൌനമെന്നും 
കണ്ണീരാല്‍ നനഞ്ഞിരുന്നു !!
എന്‍റെ കണ്ണീരെന്നും 

കവിതയാല്‍ പൊതിഞ്ഞിരുന്നു !!

Tuesday, October 16, 2012

സുന്ദരമായ ഒരു സന്ധ്യ

ഒരു പകല്‍കൂടി രക്തസാക്ഷിയാകുന്ന നിറമാര്‍ന്ന സന്ധ്യയാണിത്.ചിന്തകള്‍ക്ക് കടിഞ്ഞാണിടാതെ ഹൃദയം സഞ്ചരിക്കുകയാണ്. പാദങ്ങള്‍ തളരാതെ , ദൂരങ്ങളറിയാതെ ,ഞാനുമീ മണല്‍ത്തരികളമര്‍ത്തി ചവുട്ടി നടക്കുകയാണ്.
സന്ധ്യയെ ഞാനേറെയിഷ്ടപ്പെടുന്നതിനു കാരണമുണ്ട്. മരണത്തിലേയ്ക്ക് നടക്കുന്ന പകല്‍ , പരാജിതയുടെ ഭാവമില്ലാതെയും ഉഷ്ണത്തിന്‍റെ ക്രോധമില്ലാതെയും , രാത്രിയുടെ ചരിഞ്ഞ താഴ്വാരത്തിലെ നേര്‍ത്ത മഞ്ഞിന്‍റെ മൂടുപടത്തിലേയ്ക്ക് മറയുന്ന വികാരമാണ്. ഭൂമിയെന്‍റെ കാലുകളെ ആലിംഗനം ചെയ്യുകയും തിരകളെന്നെ ഉമ്മവയ്ക്കുകയും ചെയ്യുമ്പോള്‍ എത്രയോ രാപ്പകലുകള്‍ ജനിക്കുകയും മരിക്കുകയും ചെയ്യ്ത മണല്‍പ്പരപ്പിലാണ് ഞാനെന്‍റെ വിചാരങ്ങളുടെ ഭാരവുമായ് പാദമുറപ്പിക്കുന്നത്.
കോര്‍ത്തു പിടിക്കാന്‍ നിന്‍റെ കൈകളും , ചൂടുപറ്റി നടക്കാന്‍ നീയുമില്ലാതെ , തനിയെ നടക്കാന്‍ ഞാന്‍ കൊതിച്ചിരുന്നില്ല. എങ്കിലുമിന്നിതെനിക്ക് ഏകാന്തതയുടെ സുഖമുള്ള അനുഭൂതിയാണ്. ഓര്‍മ്മകളും നഷ്ടങ്ങളും നിരന്തരം ശബ്ദമുഖരിതമാക്കുന്ന മനസ്സിനെ സ്വപ്നങ്ങളൂട്ടിയുറക്കാന്‍ ഞാന്‍  തിരികെ നടക്കുമ്പോള്‍, കിളികളും കൂടണയാനായി പറക്കുന്നുണ്ടായിരുന്നു.
അലസമായ് അഴിച്ചിട്ട മുടിയിഴകള്‍ പോലെ രാത്രിയും ,  ഇതിനിടയിലെ മുല്ലമൊട്ടുകള്‍ പോലെ സ്വപ്നങ്ങളുമെന്നെ എത്തിനോക്കിത്തുടങ്ങി.
സ്വപ്‌നങ്ങള്‍ രക്ഷപെടലുകളാണ്. യാഥാര്‍ത്യത്തില്‍ നിന്നും , അബോധത്തിലെ ലോകത്തേയ്ക്ക് സുഖമോ വേദനയോ തോന്നാതെ , ഓടിയൊളിക്കുന്ന മനസ്സിന് മാത്രമറിയാവുന്ന വഴി. ഇനി സ്വപ്നങ്ങളിലേയ്ക്കാണെന്‍റെ യാത്ര. 

അടുക്കള

പുലരുംമുന്‍പ് തെളിഞ്ഞ്
അന്തിയോളം പുകഞ്ഞുമെരിഞ്ഞും
അമ്മയുടെ തീരാത്ത പരിഭവങ്ങള്‍
നിശബ്ദമായി മുഴക്കിയും
പണ്ടൊരടുക്കളയുണ്ടായിരുന്നു !
അവളന്നരങ്ങിലെത്തിയതും
പുകയില്ലാതെ , പരിഭവമില്ലാതെ
ഇടയ്ക്കിടെ മാത്രം
കാലനക്കങ്ങള്‍ കേട്ട് വിശ്രമിക്കുന്നു !

നിലാവ്

താഴിട്ടുപൂട്ടിയൊരു വാതില്‍പ്പഴുതിലൂടെ ,
നിലാവൊരു ക്ഷീണിതന്‍റെ മുഖത്തോടെ ,
എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞെന്‍റെ
മെഴുകുതിരി വെളിച്ചത്തിന്‍റെ
കോണിപ്പടികളിറങ്ങി വരുന്നു !
അനുവാദം ചോദിക്കാതെയെന്‍റെ
സ്വപ്നങ്ങളുടെ ഇഴകള്‍ക്കിടയില്‍
നിശാപുഷ്പങ്ങളെ നടുന്നു !! 

Saturday, October 13, 2012

ഞാന്‍ അറിയുന്ന നീ


എനിക്കറിയാം 
ഇനിയുമെഴുതാനാവാത്ത 
വരികളിലൊക്കെ 
നിഴലായ്  
നീ ഒളിച്ചിരിക്കുന്നുവെന്ന് !
ഇനിയും വിരിയാത്ത 
മൊട്ടുകളിലെല്ലാം 
സൌരഭ്യമായ് 
നീ മറഞ്ഞിരിക്കുന്നുവെന്ന് !
ഇനിയും പെയ്യാത്ത 
മേഘങ്ങളിലെല്ലാം
തുള്ളികളായ് 
നീ എന്നെ കാണുന്നുവെന്ന് !
ഓരോ കവിതയിലും 
വായിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് 
നിന്നെ ഞാന്‍ !
ഒരോ പൂവിലും 
നീ നിറഞ്ഞിരിക്കുന്നു എന്ന് 
തോന്നുമ്പോഴെല്ലാം  
വസന്തത്തെ ഞാന്‍ പ്രണയിക്കുന്നു !
ഒരു മഴയത്ത് 
നീയെന്നില്‍ നിറയുന്നതിനായ് 
ഓരോ മഴവില്ലിനെയും 
ഞാന്‍ കാത്തിരിക്കും !!


ചുടലക്കാട്

മനസ്സൊരു ചുടലക്കാട് പോലെ ... 
യുദ്ധം തീരാതെ ഒടുങ്ങിയ ജീവന്‍റെ 
ഇനിയുമണയാത്ത ആവേശം 
കനലായും , 
പിന്നെ , തോല്‍വി സമ്മതിച്ച് ചാരമായും ,
പെരുമഴയില്‍ 

വീണ്ടും ചെറുതായ് തളിര്‍ത്തും... !!

നീ വായിക്കുന്നത്

ഒരു മൌനത്തിന്‍റെ ധാരാളിത്തത്തില്‍
ഞാനൊരു ജന്മം പറയാന്‍ കൊതിച്ചതെല്ലാം
മൂടി വച്ചിരുന്നു ..
ഒരു വേള, നീയെന്‍റെ ഹൃദയം പിളര്‍ന്നപ്പോള്‍
അക്ഷരങ്ങളായി ഒലിച്ചിറങ്ങിയതെല്ലാം
ഞാന്‍ എന്നോ പറയാന്‍ മറന്നതും
പറയാതെ ബാക്കി വച്ചതുമായിരുന്നു !!
വാക്കുകളോരോന്നായി ശ്രമപ്പെട്ടു നീ
വായിച്ചെടുത്തതെല്ലാമെന്‍റെ
പ്രാണന്‍റെ നോവുകളായിരുന്നു... !!
ചുണ്ടുകള്‍ വരണ്ടതും
നാവുണങ്ങിയതും
തൊണ്ടയില്‍ തടഞ്ഞതും
ഇന്നു നിനക്ക് വായിക്കാന്‍
കവിതയാകേണ്ടിയിരുന്നു ... !!

ഓട്ടം

കാലമെന്നെയും ചേര്‍ത്തുപിടിച്ചോടുന്നു ,
അജ്ഞാതരായി നാം 
പല ജന്മങ്ങളില്‍ ചിതറുവോളം,
എന്നെ കൈവിടാതോടുന്നീ 
മണ്ണിന്‍ തീച്ചൂളയില്‍.........

അനശ്വരം

അനശ്വരം 
നീ തന്നോരീ 
തീരാവ്യഥയെന്‍ 
നെഞ്ചിലും പ്രണയമേ ... !!

ഇന്നെന്‍റെ കണ്ണാടി

കാര്‍മേഘം മൂടിയ ആകാശത്ത്‌
നിറഞ്ഞ കണ്ണുകള്‍ പോലെ
രണ്ടു നക്ഷത്രങ്ങള്‍ !
വിണ്ണിലെനിക്കാരോ
ഒരു കണ്ണാടി പണിതു പോലും !

Thursday, October 11, 2012

ഏറ്റുവാങ്ങല്‍

കാലമൊരു തീവ്രവാദിയുടെ
കനല്‍ കണ്ണുകള്‍ പോലെ
നെഞ്ചിനകത്തെയ്ക്ക് തീ തുപ്പുന്നു !
അടര്‍ന്നു വീഴാന്‍
മടിച്ചുനിന്ന ആദ്യതുള്ളിയും
നിലത്തേയ്ക്ക് തള്ളിയിട്ട്
പ്രളയം പോലെ കണ്ണീര്‍പ്പുഴ !

കണ്മുന്‍പില്‍ അന്ന്
പൂത്ത് നിന്ന സത്യങ്ങളൊക്കെ ,
ഇന്നെന്‍റെ സ്വപ്നങ്ങളില്‍
കൊഴിഞ്ഞുകിടക്കുന്നു ... !!
ഓര്‍മ്മകള്‍ വേരാഴ്ത്തി
മുറിവേല്‍പ്പിക്കുന്ന ഈ രാവില്‍
ഞാന്‍ നിശബ്ദയായി
ഏറ്റുവാങ്ങുന്നീ പീഡകള്‍ !

കിനാവ്‌

നനഞ്ഞ വഴികളില്‍
മൂകമെത്ര ഇലകള്‍
കാറ്റിനോട് ചേര്‍ന്ന്
മണ്ണിലുറങ്ങുന്നു !
മനസ്സിലൊരു പാതിമുറിഞ്ഞ
കിനാവ്‌ നിശബ്ദമായതുപോലെ !! 

ഉറക്കത്തിലെയ്ക്കുള്ള വഴി

ആകാശം തൊടാന്‍ മത്സരിക്കുന്ന
ചിന്തകള്‍ക്കിടയിലെ ,
നീണ്ട മൌനങ്ങളില്‍നിന്നും
വാക്കുകളിറങ്ങി
പോയതെവിടേയ്ക്കാണ് ?
കണ്ണുതുറന്നു കിടന്നുറക്കിയ
സ്വപ്‌നങ്ങള്‍ ,
ബോധത്തിന്‍റെ താഴ്വരയിലെവിടെയോ
കളങ്കമില്ലാത്ത കുഞ്ഞുങ്ങളെപോലെ കളിക്കുന്നു !
ഉണര്‍വ്വിനും മയക്കത്തിനുമിടയില്‍
ഓര്‍മ്മകള്‍ ഊഞ്ഞാലാടുന്നുണ്ട് !
കണ്ണുകളുടെ നനവ്‌ രുചിച്ചിട്ടെ
ഇനിയവ പടിയിറങ്ങൂ !
ഞാനൊരു പാട്ടു കേള്‍ക്കട്ടെ
അമ്മയുടെ മടിയില്‍ തലചായ്ക്കട്ടെ
മെല്ലെ മെല്ലെ ഉറക്കത്തിലേയ്ക്ക് ... !!



Wednesday, October 10, 2012

ഡോര്‍മാന്‍

വിഭവങ്ങള്‍ സമൃദ്ധം 
എത്രയോ കൂട്ടങ്ങള്‍ 
മൊരിഞ്ഞും, കുറുകിയും 
വെന്തും  പാകമാകുന്നു !
നിറങ്ങളും സ്വാദും 
മണവും പരക്കുകയാണ് 
ഊണുമേശകള്‍ നിറയെ !
ആളുകള്‍ വരുന്നു 
വയറു നിറയ്ക്കുന്നു 
സന്തോഷത്തോടെ പോകുന്നു !
പടിക്കല്‍,
വാതില്‍ തുറന്നും ചാരിയും
ചിരി മായാതെ 
വിശപ്പടക്കാനാവാതെ ,
വെയിലിന്‍റെ വേവില്‍ 
കുടുംബം പോറ്റാന്‍ 
ഒരു ജന്മം !

സഞ്ചാരം


തിരികെ നടക്കാന്‍ എനിക്കാവുന്നില്ല ,
നടന്നു തീര്‍ത്ത വഴികളിലെ
നനവാര്‍ന്ന പച്ചപ്പിലേയ്ക്ക് !!
നീളന്‍ പാതകളില്‍
ഉടലറ്റുവീഴുന്ന
ഓര്‍മ്മകളെ പിന്നിലുപേക്ഷിച്ച്
ഇനിയും വ്യക്തമാകാത്ത തുടര്‍ച്ചകളിലെ,
അക്ഷരങ്ങള്‍ തേടിയാണെന്‍റെ സഞ്ചാരം !!

Tuesday, October 9, 2012

ഒരു നോട്ടം

ഒരു നോട്ടത്തില്‍
ഒരായിരം കവിതകളൊളിപ്പിച്ച
കണ്ണുകളില്‍ നിന്നും ഞാന്‍
പ്രണയത്തിന്‍റെ തീവ്രത വായിച്ചെടുത്തു !

Sunday, October 7, 2012

ജീവിതമാകുന്ന പുസ്തകം

തിരിച്ചറിയാനാവാത്ത ഭാഷകളില്‍
ജീവിതത്തിന്‍റെ താളുകളിലൊക്കെ
വിധി കുറിച്ചിട്ടിരിക്കുന്ന വരികള്‍ ,
ഓരോ ദിവസം ചെല്ലുമ്പോഴും
വ്യക്തമായി വരുന്നു !
ഒരു പുസ്തകം വായിച്ചു
തീര്‍ക്കുന്നത് പോലെ,
ഓരോ നിമിഷവും
അടുത്ത വരി തേടി ഞാന്‍ !
കണ്ണീരിന്‍റെ നനവില്‍
കുതിരാതെയെനിക്കിത്തിന്‍റെ
ഒടുവിലത്തെ വാക്കും
വായിക്കാനായിരുന്നെങ്കില്‍ !!

My ship

across the roaring waves,
i sail unto the rising sun,
when the birds search for their shelter,
i come along and sing my eternal songs,
with the millions of sands and winds
where it echoes 

in the dreams of the darkest nights ... !!

ആളൊഴിഞ്ഞ മുറി



മൂകമാമീ മുറിയുടെ ഒരറ്റത്ത്
പൊള്ളയായ മനസ്സിന്‍റെ തേങ്ങലടക്കാനാവാതെ ,
ശരിയുടേയും തെറ്റുകളുടെയും
ഇടയില്‍വീണു ചതഞ്ഞ  ജീവിതത്തെ
താങ്ങിപ്പിടിച്ചിരിക്കുമ്പോള്‍ ,
അതിഥികളില്ലാത്ത കസേരകള്‍
തെല്ലു പരിഭവത്തോടെയെന്നെ നോക്കി
നിരന്നു കിടക്കുന്നു !
പൊട്ടിച്ചിരികളും,
തകര്‍പ്പന്‍ സംസാരങ്ങളും,
ഉച്ചത്തില്‍ മുഴങ്ങാതെ,
അലസമായ ചുവരുകള്‍
കണ്ണുരുട്ടിയെന്നെ ഭയപ്പെടുത്തുന്നു !
ആര്‍ക്കോ വേണ്ടി
ആടുകയും പാടുകയും ചെയ്യുന്ന
ടെലിവിഷന്‍റെ വിരസതയ്ക്കു മുന്‍പില്‍,
പകച്ചു നില്‍ക്കുന്ന പ്ലാസ്റ്റിക്‌ പൂക്കള്‍
ശലഭങ്ങളെ കിനാവ്‌ കാണുകയാണോ ?
ഓരോ തവണയും,
പുതിയ പരസ്യവുമായി
സന്ദേശത്തിന്‍റെ ടോണ്‍ കേള്‍ക്കുമ്പോഴും,
അത് നീയായിരുന്നെങ്കിലെന്ന്
അറിയാതെ കൊതിക്കുകയാണ് !
ചാരിയ വാതിലിനു പുറത്ത്
ഞാനൊരു നീണ്ട മണികെട്ടിത്തൂക്കിയിട്ടുണ്ട് !
ഒരു നാളത് പലവട്ടം മുഴക്കി നീ
തിരികെ വന്നെന്നെ ആലിംഗനം ചെയ്യുമെന്നും
മനസ്സിനെ പറഞ്ഞു ഞാന്‍ വിശ്വസിപ്പിക്കുകയാണ് !
ഇന്നും ശീലകള്‍ മാറ്റാതെ
അടഞ്ഞുകിടക്കുന്ന ജനാലകളില്‍
മഞ്ഞും , വെയിലും
മാറി മാറി മുട്ടി വിളിക്കാറുണ്ടായിരിക്കാം,
ഇന്നലെ ഇളം നീല വിരിപ്പുകള്‍ മാറ്റി
പ്രകൃതിയിലേയ്ക്കു
കണ്ണുംനട്ടു നില്‍ക്കുമ്പോള്‍,
ഉള്ളംകാലില്‍ നിന്നും
എകാന്തതയെന്‍റെ എല്ലുകളിലേയ്ക്ക്
തുളഞ്ഞിറങ്ങിയെന്നെ നൊമ്പരപ്പെടുത്തിയതല്ലേ  !
സംഗീതം മാത്രം നിറഞ്ഞ  ലോകത്തെ
എന്‍റെ അജ്ഞാതനായ കൂട്ടുകാരാ,
എന്‍റെ സംഗീതം നീയായിരിക്കെ ,
നിന്‍റെയീരടികളില്ലാതെയെന്‍റെയീ ലോകം
എത്രയോ നിശബ്ദമാണ്..
ആളൊഴിഞ്ഞിരുള്‍ക്കുടിച്ചുറങ്ങുന്ന
കോണുകള്‍ക്കിടയില്‍
ഏങ്ങിക്കരയുന്നൊരു ഓര്‍മ്മമാത്രം
ഇടയ്ക്കിടെ കണ്ണുതിരുമ്മുന്നു  !