Friday, March 15, 2013

ചില സ്വപ്‌നങ്ങൾ

ഓരോ മണ്‍തരിയുടെ മറവിലും
എന്നോ പാതിയിൽ നിലച്ച
ഗാനങ്ങളുണ്ട് !
നിഴലുകൾ ഇരുളിലലിയുമ്പോൾ
നിലാവുദിക്കുമ്പോൾ
നക്ഷത്രങ്ങൾ പൂക്കുമ്പോൾ
നൊടിയിൽ കണ്ണ്‍ തുറന്ന്
ആരാരും കാണാതെ
കൊഴിയും !
ചിലരതിനെ
സ്വപ്നമെന്നും വിളിക്കും !

സംശയങ്ങൾ

ചില നിശബ്ദതകളെന്താണ്
മനസ്സിനെ വല്ലാതെ വാചാലമാക്കുന്നത് ?
ചില നോവുകളെന്താണ്
ചുണ്ടിൽ ചിരി വിടർത്താൻ ശ്രമിക്കുന്നത് ?
ചില സ്വപ്നങ്ങൾക്കെന്താണ്
യാഥാർത്യത്തിന്റെ മുഖഛായ ?
ചില രാവുകൾക്കെന്താണ്
പകലിനെ വെല്ലാൻ പോരുന്ന പ്രകാശം ?
ചില മഴക്കാലങ്ങൾക്കെന്താണ്
ഉള്ളുരുക്കുന്ന ഓർമ്മച്ചൂട് ? 

Thursday, March 14, 2013

ഇതള്‍ കൊഴിഞ്ഞൊരു ...

നിലാവിലേയ്ക്കൊരിതള്‍ക്കൂടി വാടി വീഴുന്നു ,
സ്വപ്നങ്ങളില്‍ നിന്നുമൊരു ചിത്രം മായുന്നു !
ഈറന്‍ പകര്‍ന്ന കോടമഞ്ഞിനും ,
ചുംബിച്ചുണര്‍ത്തിയ കാട്ടുവള്ളികള്‍ക്കും
താങ്ങിപ്പിടിച്ച് ചേര്‍ത്തു വച്ച മണ്ണിന്‍ കൈക്കുമ്പിളിനും
വിടരാന്‍ പഠിപ്പിച്ച തായ്തണ്ടിനും
മുറിവേല്‍പ്പിക്കാതെ തഴുകിത്തലോടിയ തെന്നലിനും
കൂട്ടായ് വിരിഞ്ഞും
കൂടെ ചിരിച്ചും
രാവുണര്‍ത്തിയ പൂങ്കുലയ്ക്കും ഇനി വിട !
പൊട്ടിക്കാന്‍ വെമ്പിയിട്ടും
കുരുന്നുവിരലുകളില്‍ കനിവ് നിറച്ചു നീയന്നു
പോയിരുന്നില്ലേ ...
നിമിനേരമീ ഭൂമിയില്‍
കണ്ണുകള്‍ വിടര്‍ത്തി നില്‍ക്കാന്‍
നീ തന്ന മൌനാനുമതിക്കും നന്ദി !
തോരാതെ പെയ്യുന്ന നിശബ്ദതയ്ക്ക് നടുവിലൊരുനാള്‍
ഞാനിനിയും പൂക്കുമായിരിക്കും ...
ഭൂമിതന്‍ നേര്‍ത്തൊരീ വിള്ളലില്‍
അന്നോളം ഞാന്‍ വേനല്‍ കുടിച്ചും ,
വേരുകള്‍ക്കിടയില്‍ കിനാക്കൂടുകള്‍ തുന്നിയും
നീണ്ടൊരു നിദ്രയിലേയ്ക്കൂളിയിടട്ടെ....

Wednesday, March 13, 2013

ഒന്ന്

ഒരു മഴയില്‍ മരിക്കുന്ന വേനലും
ഒരു പൂവില്‍ തുടിക്കുന്ന പ്രണയവും
ഒരു നിമിഷത്തില്‍  മുറിയുന്ന മൌനവും
ഒരുറവയില്‍ ജനിക്കുന്ന പുഴയും ...
ഒരു ക്ഷണത്തില്‍ രണ്ടാകുന്ന ഹൃദയവും  !! 

അറിയാതെ പോകുന്ന ദൂരങ്ങള്‍

നടക്കാതെയും
പറക്കാതെയും
ദൂരങ്ങളെത്ര താണ്ടുന്നു നാം
കാലമാം രഥത്തില്‍
അദൃശ്യനാം സാരഥിയ്ക്കൊപ്പം !! 

Tuesday, March 12, 2013

പുലരി

മകരമഞ്ഞില്‍ പൊതിഞ്ഞൊരു
കുഞ്ഞുതുള്ളിയില്‍
പുലരി കണ്ണാടി നോക്കുന്നു ! 

Saturday, March 9, 2013

ഓര്‍മ്മച്ചൂട്

ഉള്ളിലെ നെരിപ്പോടില്‍
നീ നീറുകയാണ് ,
കാലത്തിന്‍റെ വേഗത്തിനു
നിന്നെ കെടുത്താനാവുന്നില്ല !
കണ്ണീരിന്‍ നനവിനും
നിന്നെ അണയ്ക്കുവാനാവുന്നില്ല !
നെഞ്ചിലെ
നീയാം കനലില്‍ പഴുക്കുന്ന
കവിതകളും നോവുന്നു ! 

മൌനം

നമ്മുടെ ഹൃദയങ്ങളുടെ 
ദൂരങ്ങള്‍ക്ക് നടുവില്‍ 
മൌനത്തിന്‍റെ നീരൊഴുക്ക് !
ആഴങ്ങളില്‍ ഇന്ന് 
മറവി പൂക്കുന്നു !